സമുദായം എന്ന വാക്കു് നമുക്കു് നിത്യപരിചയമുള്ളതാണല്ലോ. ഇതു കേൾക്കുമ്പോൾ ആദ്യമായി ഓർമവരുന്നതു് ജാതി, മതം, വർഗം ഇവയുടെ അടിസ്ഥാനത്തിലുള്ള സമുദായത്തെപ്പറ്റിയാകാം. ഒരു രാജ്യത്തിൽ വസിക്കുന്നവരെ ഒന്നാകെ കുറിക്കാനും ഈ വാക്കു് ഉപയോഗിക്കാറുണ്ടു്. ഈ വേർതിരിവെല്ലാം പരിമിതമായ ഒരർത്ഥത്തിലുള്ളതാണു്. അതു് മനുഷ്യന്റെ സങ്കുചിതവും വിഭാഗീയവുമായ മനോഭാവത്തെയാണു് കാണിക്കുന്നതു്. മനുഷ്യൻ ഇത്രനാളും ജീവിച്ചതും ഇപ്പോൾ ജീവിക്കുന്നതും ഈ സങ്കുചിതവലയങ്ങൾക്കുള്ളിൽത്തന്നെയാണു്. ഇങ്ങനെ വിഭിന്നമായ അടിസ്ഥാനത്തിൽ വേർതിരിഞ്ഞുനിൽക്കുന്ന സാമുദായികജീവിതം അതീതകാലങ്ങളിൽ മനുഷ്യസംസ്കാരപുരോഗതിക്കു് കുറെയൊക്കെ സഹായിച്ചിട്ടുണ്ടെന്നു് ചിലർ വാദിച്ചേക്കാം. പക്ഷേ, ഇന്നു് ഗുണത്തേക്കാൾ അധികം ദോഷം ചെയ്യുന്ന ഒന്നായിട്ടാണു് ഇതു് അനുഭവപ്പെടുന്നതു്. ഇത്തരം വിഭക്തജീവിതം ഭാവിയിൽ ആപല്ക്കരമാകുമെന്ന നിലയും ഇപ്പോൾ വന്നുചേർന്നിട്ടുണ്ടു്. ലോകമൊട്ടാകെ ഒന്നായി വ്യാപിച്ചുകിടക്കുന്ന മാനവജീവിതത്തെ വേലികെട്ടിത്തിരിക്കുന്ന ഘടകങ്ങളാണല്ലോ ജാതി, മതം, വർഗം, രാഷ്ട്രം മുതലായവ. ഈ വേലികളെല്ലാം പൊളിച്ചുകളയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവയുടെ ഉന്മൂലനാശം ക്ഷിപ്രസാദ്ധ്യമല്ലായിരിക്കാം. അതുകൊണ്ടുതന്നെ വിശ്വവ്യാപകമായ ഒരു സംഘടിതയത്നം ഇന്നു് ആവശ്യമായിരിക്കുന്നു. ഒരു കുടുംബത്തിൽ പലതരത്തിലുള്ള വസ്ത്രം ധരിക്കുന്നവരും വ്യത്യസ്തമായ ആഹാരം കഴിക്കുന്നവരും ഉണ്ടാകാം. എന്നാൽ ഈവക വ്യത്യാസങ്ങൾ അവരുടെ കുടുംബൈക്യത്തെ സാധാരണ ബാധിക്കാറില്ലല്ലോ. ബാധിക്കുന്നുവെങ്കിൽ അതെത്ര ബാലിശമായിരിക്കും! ഇതുപോലെ ജാതിമതരാഷ്ട്രാദി ഭേദബുദ്ധി മാനവസമുദായമെന്ന വിശാലമായ ഐക്യത്തെ ബാധിക്കാതിരിക്കത്തക്കവണ്ണം നാം അതിനെ അപ്രധാനീകരിച്ചു് ശീലിക്കണം. ഭിന്നോപാധികമായ മനോഭാവം നമ്മുടെ ജീവിതത്തിലെ പല രംഗങ്ങളിലും വികാരോഷ്മളതയോടെ മുന്നോട്ടുതന്നെ തള്ളിക്കയറാറുണ്ടു്. അത്തരം സന്ദർഭങ്ങളിലെല്ലാം തദ്വിപരീതമായ വികാരസമ്മർദ്ദം വളർത്തി അതിനെ പിന്നോട്ടു് പിടിച്ചു് തള്ളുവാൻ നാം പരിശീലിക്കണം. പ്രയാസമേറിയ ഒരു മാനസികയത്നമാണിതു്. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയിൽ അധിഷ്ഠിതമായ ഒരു മാനവസമുദായത്തിന്റെ സൃഷ്ടിക്കു് ഒന്നാമതു് വേണ്ടതിതാണു്. ഇതെങ്ങനെ സാധിക്കും?
മാനവസമുദായമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടതു് പ്രാഥമിക വിദ്യാലയങ്ങളിൽനിന്നാണു്. ഇതിലേക്കു് നമ്മുടെ വിദ്യാഭ്യാസചിന്താഗതിയിൽ സമൂലമായ ഒരു പരിവർത്തനം വരുത്തേണ്ടതുണ്ടു്. മുതിർന്ന തലമുറയുടെ മനോഭാവത്തിനു് കേവലം ഉപദേശംകൊണ്ടു് മാറ്റം വരുത്തുക സാദ്ധ്യമല്ല. ജാതിമതാദികളുടെ കരുവിൽ വാർത്തെടുക്കപ്പെട്ടതാണു് ആ മനോഭാവം. അതുകൊണ്ടു് ഭാവിതലമുറയിലേ ആശയ്ക്കു് വഴിയുള്ളു. ഇതിനു് കളമൊരുക്കുന്ന പ്രധാനരംഗമാണു് വിദ്യാലയം. പ്രൈമറിസ്കൂൾ മുതൽ സർവകലാശാലവരെ പ്രസ്തുത ലക്ഷ്യത്തെ പുരസ്കരിച്ചുള്ള പഠനസമ്പ്രദായം നടപ്പിലാക്കണം. സമുദായം ഒന്നേയുള്ളു. അതു് മനുഷ്യസമുദായമാണെന്നും ലോകമാകുന്ന കുടുംബത്തിലെ അംഗങ്ങളാണു് തങ്ങളെന്നും ഉള്ള ഭാവന കുട്ടികളിൽ ബാല്യംമുതലേ വളർന്നുവരത്തക്കവണ്ണമുള്ള അന്തരീക്ഷം വിദ്യാലയങ്ങളിൽ സംജാതമാകണം. പ്രസ്തുത ഭാവനയ്ക്കു് വിപരീതമായ വിചാരഗതിയും വിശ്വാസങ്ങളും പാഠ്യപുസ്തകങ്ങളിൽനിന്നു് ഒഴിവാക്കണം. മഹാകവി രവീന്ദ്രനാഥടാഗൂറാ ണു് ഇക്കാര്യത്തിൽ നമ്മുടെ മാർഗദർശി. അദ്ദേഹം അനുകരണീയനായ ഒരു വിദ്യാഭ്യാസവിദഗ്ദ്ധൻകൂടിയായിരുന്നു. ആ ദീർഘദർശി സ്ഥാപിച്ച ‘വിശ്വഭാരതി’യിൽ ഏകലോകാദർശാധിഷ്ഠിതമായ സാർവദേശീയത്വത്തിനാണു് സർവോപരി പ്രാധാന്യം കല്പിച്ചിരിക്കുന്നതു്. ‘യത്ര വിശ്വം ഭവത്യേകനീഡം’ (പക്ഷിക്കൂടുപോലെ ഇവിടെ ലോകം ഒരു കുടുംബമായി ഭവിക്കുന്നു) എന്നു് ആ കലാശാലയുടെ കവാടത്തിൽ അദ്ദേഹം എഴുതിവച്ചിട്ടുണ്ടു്. ജാതിമതരാഷ്ട്രഭേദങ്ങൾക്കു് വ്യക്തിപരമായ വസ്ത്രധാരണത്തിനുള്ള സ്ഥാനമേ അവിടെ കല്പിക്കുന്നുള്ളു. അവയൊന്നും മനുഷ്യസാഹോദര്യത്തിനു് ക്ഷതികരമായിത്തീരുന്നില്ല. ‘വസുധൈവകുടുംബകം’ എന്ന പ്രാചീന ഭാരതീയാദർശത്തെ സാക്ഷാത്കരിക്കത്തക്കവിധം വിദ്യാർത്ഥികൾ വിശ്വപൗരന്മാരായി വളരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്പം. സ്വദേശസ്നേഹംപോലും സാർവ്വദേശീയത്വത്തിനനുഗുണമായി അതിനു് കീഴേ നില്ക്കാവൂ എന്നും അദ്ദേഹം അഭിപ്രായപ്പട്ടിരുന്നു. മഹാത്മാഗാന്ധി യുടെ വീക്ഷണഗതിയും മറ്റൊന്നായിരുന്നില്ല. വള്ളത്തോൾ പാടിയതുപോലെ ‘ലോകമേ തറവാടു്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതേ ആശയം തന്നെയാണു് ഇന്നു് അന്താരാഷ്ട്രീയരംഗത്തിലും മാറ്റൊലിക്കൊള്ളുന്നതു്. ലോകത്തിലെ പല പ്രമുഖചിന്തകരും ഏതദഭിപ്രായം ഉദ്ഘോഷിക്കുന്നവരാണു്. സാധാരണനിലയിൽ ഒരു സദ്ഗുണമായി കരുതപ്പെടുന്ന സ്വദേശസ്നേഹം ഒരളവുകഴിഞ്ഞാൽ മതഭ്രാന്തുപോലെ കൊടുമ്പിരിക്കൊണ്ടു് രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിനു് പ്രേരിപ്പിക്കുമെന്നു് അവർ ചൂണ്ടിക്കാട്ടുന്നു. ഇതു് ശരിയാണെന്നു് ചരിത്രം തെളിയിക്കുന്നുമുണ്ടു്. ഇപ്രകാരം സ്വദേശസ്നേഹംപോലും അത്യുൽക്കടമാകുമ്പോൾ ലോകക്ഷേമധ്വംസിയായിത്തീരുന്ന സ്ഥിതിക്കു് ജാതിമതവർഗാടിസ്ഥാനത്തിലുണ്ടാകുന്ന സീമയറ്റ സാമുദായികാവേശം എത്രമാത്രം വിനാശകാരിയാകുമെന്നു് പറയേണ്ടതില്ലല്ലോ.
മാനവസമുദായമെന്ന മഹത്തായ ആദർശം മുന്നിൽ കണ്ടുകൊണ്ടുവേണം വിദ്യാഭ്യാസമാർഗത്തിൽ വിദ്യാർത്ഥികൾ പുരോഗമിക്കേണ്ടതെന്നു് പറഞ്ഞു കഴിഞ്ഞു. ഇതിനു് മറ്റു് ഏതിനേക്കാളും അധികം സഹായിക്കുന്നതു് ചരിത്രപഠനമാണു്. ഇത്രനാളും കുട്ടികൾ പഠിച്ചിരുന്നതു് മനുഷ്യന്റെ ചരിത്രമല്ല. രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും ചരിത്രമാണു്. യുദ്ധങ്ങളും സാമ്രാജ്യമത്സരങ്ങളും മറ്റുമാണു് അതിലെ പ്രധാന പ്രതിപാദ്യം. പ്രതിപാദനരീതിയോ മാത്സര്യവിദ്വേഷാദിദുർഭാവങ്ങൾ വിദ്യാർത്ഥിഹൃദയങ്ങളിൽ അങ്കുരിക്കുന്ന മട്ടിലും. ബാലമനസ്സിൽ സമരാവേശം കുത്തിവയ്ക്കാനാണു് ഇത്തരം ചരിത്രപഠനങ്ങൾ കൂടുതൽ ഉപകരിക്കുന്നതു്. മനുഷ്യരാശിയുടെ ഏകീകരണത്തിനു് ഇതു് വിഘാതമായിത്തീരുമെന്നു് പറയേണ്ടതില്ലല്ലോ. ഇക്കാരണത്താൽ ചരിത്രനിർമ്മാണത്തിൽ കാലോചിതമായ മാറ്റം വരുത്തുവാൻ ചിന്തകന്മാർ ശ്രമിക്കുന്നുണ്ടു്. ആദികാലംമുലതല്ക്കേ ലോകത്തിന്റെ നാനാഭാഗങ്ങളിലും മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവുമായ ജീവിതം വികസിച്ചുവന്നതെങ്ങനെയെന്നു് സമഗ്രമായി പ്രതിപാദിക്കുന്ന വിശ്വചരിത്രമാണു് വിദ്യാർത്ഥികൾ മുഖ്യമായി പഠിക്കേണ്ടതു്. എച്ച്. ജി. വെൽസ് തുടങ്ങിയ പണ്ഡിതന്മാർ എത്രയോ മുമ്പുതന്നെ ഏതദഭിപ്രായം പുറപ്പെടുവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ലോകചരിത്രസംഗ്രഹം ഈ ഉദ്ദേശ്യത്തെ മുൻനിറുത്തി രചിച്ചതാണല്ലോ. ജവഹർലാലിന്റെ വിശ്വചരിത്രാവലോകം (Glimpsesof World History) ഏതന്മാർഗത്തിലുള്ള ഒരു വിശിഷ്ടഗ്രന്ഥമാണു്. ഇതുപോലെ വേറെയും പല ചരിത്രഗ്രന്ഥങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടു്. രാജ്യങ്ങളുടെ പ്രത്യേകചരിത്രത്തിനെക്കാൾ പതിന്മടങ്ങു് പ്രാധാന്യം ഏതാദൃശകൃതികൾക്കു് നല്കേണ്ടതാണു്. ഇന്നു് ഏകലോകദർശത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അനേകം അന്താരാഷ്ട്രസംഘടനകളുണ്ടു്. ഇവയുടെ പ്രവർത്തനചരിത്രവും വിദ്യാർത്ഥികളുടെ പാഠപദ്ധതിയിലുൾപ്പെടുത്തേണ്ടതാണു്. ജാതി ഒന്നേയുള്ളു; അതു് മനുഷ്യജാതിയാണു് എന്ന സമുൽകൃഷ്ടസന്ദേശം പ്രചരിപ്പിച്ച ശ്രീനാരായണഗുരു വിനെപ്പോലുള്ള ആചാര്യന്മാരുടെ ജീവചരിത്രവും തത്ത്വചിന്തയും ഇതുപോലെ പഠനാർഹമാകുന്നു.
മാനവസമുദായസൃഷ്ടിക്കുതകുന്ന ഒരു തത്ത്വസംഹിത പ്രാചീനകാലത്തുതന്നെ ഉദയം ചെയ്തിട്ടുണ്ടെന്നു് വിജ്ഞാനചരിത്രം പരിശോധിച്ചാൽ കാണാം. ഓരോ കാലഘട്ടത്തിലും അതിനു് പരിപോഷം നൽകിയിട്ടുള്ള ചിന്തകന്മാരും ഉണ്ടായിട്ടുണ്ടു്. ഇവരിൽ പ്രാചീനതകൊണ്ടു് പ്രഥമഗണനീയൻ യവനദാർശനികനായ ‘പൈത്തഗോറസ്സാ’ണു്. ഒരു ഗണിതവിദഗ്ദ്ധനെന്ന നിലയിൽ അദ്ദേഹത്തിന്റെ നാമധേയം വിദ്യാർത്ഥികൾക്കു് സുപരിചിതമാണല്ലോ. വിശ്വപൗരത്വപരിശീലനത്തിനായി അദ്ദേഹം ഒരു സഹോദരസംഘം (Pythagorian Brotherhood) സ്ഥാപിച്ചിരുന്നു. ക്രിസ്തുവിനുമുമ്പുള്ള കാലത്തെ സ്മരണീയനായ മറ്റൊരു ദാർശനികൻ പ്ലേറ്റോ വാണു്. അദ്ദേഹവും രാജ്യാതിർത്തികൾക്കും ഉപരിയായി മനുഷ്യത്വത്തെ ഏറ്റവും കൂടുതൽ മാനിച്ചിരുന്നു. നൂറ്റാണ്ടുകൾക്കുശേഷം കൺഡർസെറ്റ്, കാന്റ്, ഹെഗൽ, വാൾട്ടയർ, ഗിബ്ബൺ എന്നീ വിശ്രുത ചിന്തകരും മാനവസമുദായസൃഷ്ടിയെ ലക്ഷീകരിച്ചുള്ള ആശയങ്ങൾ ലോകത്തിനു് സംഭാവനചെയ്തിട്ടുണ്ടു്. ഇങ്ങനെ നോക്കിയാൽ പഴയകാലം മുതൽ ഇന്നുവരെ നമ്മുടെ വിജ്ഞാനമണ്ഡലത്തിൽ പ്രസ്തുതാശയത്തിനു് ക്രമാനുഗതമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു് കാണാം. ഇപ്പോൾ രാഷ്ട്രീയമേഖലയിലും ഇതു് പ്രായോഗികമാക്കാനുള്ള ശ്രമം നടക്കുകയാണു്. കഴിഞ്ഞ ലോക മഹായുദ്ധകാലത്തു് ഒരു വിമാനത്തിൽ ലോകം ചുറ്റിസ്സഞ്ചരിച്ച അമേരിക്കൻ രാജ്യതന്ത്രജ്ഞനായ വെൻഡൽ വിൽകി തന്റെ യാത്രയ്ക്കുശേഷം ഏക ലോകം (One World) എന്നൊരു പുസ്തകം എഴുതുകയുണ്ടായി. പ്രസിദ്ധീകരിച്ചു് അധികനാൾ കഴിയുന്നതിനുമുമ്പുതന്നെ അതു് ലക്ഷക്കണക്കിനു് വിറ്റഴിഞ്ഞു. രാഷ്ട്രങ്ങളെല്ലാം ഒരു സംഘടിതാധികാരത്തിൽ ഒന്നിച്ചുചേരണമെന്നും അതിനുപറ്റിയ ഒരു നവ്യവ്യവസ്ഥിതി സർവ്വത്ര നടപ്പാക്കണമെന്നും ഉള്ള ആശയമാണു് പ്രകൃതകൃതിയിലും പ്രതിഫലിക്കുന്നതു്. ഇന്നത്തെ സംയുക്തരാഷ്ട്ര സംഘടന ഏകലോകഭാവനയുടെ ഒരു പ്രതീകമാണെന്നു് പറയാം. ചുരുക്കത്തിൽ വിഭാഗീയചിന്തകൊണ്ടു് ചിന്നിച്ചിതറി പരസ്പരം മത്സരിക്കാത്ത അവിഭക്തമായ ഒരു പുതിയ മനുഷ്യസമുദായത്തെ വാർത്തെടുക്കുകയെന്നതാകണം ഇന്നത്തെ തലമുറയുടെ സർവോൽകൃഷ്ടമായ ലക്ഷ്യം. നമ്മുടെ വിചാരവും വാക്കും പ്രവൃത്തിയും അതിലേക്കു് വഴിതെളിക്കാൻ സഹായിക്കുമാറാകട്ടെ.
(മനനമണ്ഡലം 1965)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971