ഇങ്ങനെയൊരു ശബ്ദജാലം ഇപ്പോൾ പ്രചരിച്ചുതുടങ്ങിയിട്ടുണ്ടു്. ‘ഗാന്ധിസ’ത്തിൽ സോഷ്യലിസമുണ്ടത്രേ. ഗാന്ധിയാണത്രേ ശരിയായ സോഷ്യലിസ്റ്റ്! ഗാന്ധിസത്തിന്റെ വെളിച്ചപ്പാടന്മാർ പുതുതായി കണ്ടുപിടിച്ചിരിക്കുന്ന ഒരു വിദ്യയാണതു്. ഇതെന്താണെന്നു് പിടിച്ചുനിർത്തി ചോദിച്ചാൽ ഇക്കൂട്ടർ കുഴങ്ങും. ഏതായാലും ഒന്നു് തീർച്ചയായി, ഗാന്ധിസത്തിനു് തനിയെ നിൽക്കാൻ ശേഷിയില്ലെന്നു്. സോഷ്യലിസംകൊണ്ടു് പുതുവേഷമണിയിച്ചാലേ അതിനു് ഇന്നത്തെ വിപണിയിൽ വിലകിട്ടുകയുള്ളു. പദങ്ങൾകൊണ്ടുള്ള ‘കസർത്ത്’ നമ്മുടെ നാട്ടിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പണ്ടേ ഉള്ളതാണു്. പരസ്പരവിരുദ്ധങ്ങളായ പദങ്ങൾപോലും അർത്ഥവിചാരംകൂടാതെ കൂട്ടിച്ചേർക്കാം. യഥേഷ്ടം വ്യാഖ്യാനിക്കാം, എവിടെയും എങ്ങനെയും കൊള്ളിക്കാം. കാലത്തിന്റെ തള്ളലിൽ പൊറുതിമുട്ടുമ്പോൾ പഴമ വിടാതെ പറഞ്ഞുനിൽക്കാനുള്ള ഒരു കൗശലം! ഭാരതീയർക്കൊരു വേദാന്തപാരമ്പര്യമില്ലേ? അതിൽനിന്നു് മുളച്ചുണ്ടായ മാനസികവഞ്ചനയുടെ മറ്റൊരു രൂപമാണിതു്. ഇന്നു് ലോകഗതി സോഷ്യലിസത്തിലേക്കാണെന്നും അതു് തടഞ്ഞാൽ നിൽക്കില്ലെന്നും കണ്ടപ്പോൾ ഗാന്ധിസത്തിൽ സോഷ്യലിസം കണ്ടുപിടിച്ചു. അല്ല, മറ്റേതെങ്കിലും ‘ഇസ’മാണു് ഇന്നത്തെ ആവശ്യമെന്നു് വന്നാൽ അതിനുമുണ്ടാകും ഗാന്ധിസത്തിൽ സ്ഥാനം. അത്രയ്ക്കു് വിശാലമാണു് അതിന്റെ ഉദരം. സർവംഗ്രാഹിയായ ഹിന്ദുമതം പോലെതന്നെ. തെറിപ്പാട്ടുമുതൽ തത്ത്വമസിവരെയുള്ള സകല നൂലാമാലകളും ഉണ്ടല്ലോ അതിനകത്തു്. അത്രാപി തഥാ എന്നു് ചുരുക്കം. ഗാന്ധിജി പാവങ്ങളുടെ കാര്യം പറഞ്ഞിട്ടില്ലേ? അവരെ ഉയർത്തണമെന്നു്, അവർക്കുവേണ്ടതെല്ലാം കൊടുക്കണമെന്നു്, ഇതുതന്നെയല്ലേ സോഷ്യലിസം എന്നാണു് ചിലരുടെ ചോദ്യം. കൊള്ളാം, ഇക്കണക്കിനു് സോഷ്യലിസം ദർശിക്കാൻ തുടങ്ങിയാൽ ഏതിലാണു് അതില്ലാത്തതു്? ‘ലോകാസ്സമസ്താസ്സുഖിനോ ഭവന്തു’വിലില്ലേ ഒന്നാന്തരം സോഷ്യലിസം? ഉള്ളവൻ ഇല്ലാത്തവനു് കൊടുക്കണമെന്നുപദേശിച്ച യേശുക്രിസ്തു ഒരു യഥാർത്ഥ സോഷ്യലിസ്റ്റായിട്ടാണല്ലോ ഉദ്ഘോഷിക്കപ്പെടുന്നതു്.
‘ആത്മവൽ സതതം പശ്യേദപി കീടപിപീലകം’ എന്നു് വിധിച്ച അഷ്ടാംഗ ഹൃദയകാരൻ സോഷ്യലിസത്തിന്റെ മറുകര കണ്ടയാളല്ലേ? എന്തിനു് സാക്ഷാലുപനിഷത്തിൽത്തന്നെയുണ്ടല്ലോ! ‘മാ ഗൃധഃ കസ്യ സ്വിദ്ധനം’ എന്ന ഈശാവാസ്യം ഒന്നു് വ്യാഖ്യാനിച്ചുനോക്കൂ—അതിലും കിടക്കുന്നില്ലേ നെടുനീളെ ഈ പുത്തൻ സിദ്ധാന്തം! ഈശ്വരോ രക്ഷതു എന്നല്ലാതെ എന്തുപറയാനാണു്. ഈ വാദരീതിയവലംബിച്ചാൽ പ്രൊഫസർ ഐയിൻസ്റ്റയിന്റെ ചതുർമാനസിദ്ധാന്തം പള്ളിക്കുടത്തിലെ കണക്കുപുസ്തകത്തിലുണ്ടെന്നു് സമർത്ഥിക്കാം. നീളം, വീതി, ഘനം എന്ന മൂന്നളവുകളും ദേശകാല നൈരന്ത്യം (Space time continum) എന്നൊരു ‘പൊല്ലാപ്പും’ കൂടിയതാണല്ലോ ചതുർമാനസസിദ്ധാന്തം. അതിലാദ്യത്തെ മൂന്നെണ്ണംകൊണ്ടല്ലേ കുട്ടികൾ കണക്കുചെയ്യുന്നതു്. അപ്പോൾ ചതുർമാനസിദ്ധാന്തം അവരുടെ കണക്കുപുസ്തകത്തിലുണ്ടെന്നു് വാദിച്ചാലെന്താ തരക്കേടു്? ഏതായാലും ഇത്തരം ‘ഹിമാലയൻ’ വിഡ്ഢിത്തങ്ങൾ വിളമ്പാനുള്ള ധൈര്യം ഉണ്ടെങ്കിലേ ഗാന്ധിസത്തിൽ സോഷ്യലിസം കാണാൻ കഴിയൂ.
ബർനാഡ്ഷാ പറഞ്ഞിട്ടുണ്ടു്, നമ്മൾ രാഷ്ട്രീയമീമാംസയുടെ A, B, C അറിയാതെ അതിന്റെ X, Y, Z വിചാരണചെയ്യാൻ വെമ്പുന്നുവെന്നു് (We discuss the X, Y, Z of politics without knowing our political A, B, C) ശരിയാണു്. ‘ഇസ’ങ്ങൾ പ്രയോഗിച്ചു് ഇന്നു് വാദങ്ങൾ നടത്തുന്നവരിൽ പലരും അവയുടെ ഹരിശ്രീപോലും മനസ്സിലാക്കാത്തവരത്രെ. എല്ലാവരും എടുത്തു് തലയിൽ വയ്ക്കുന്നതുകൊണ്ടു് ആകൃതി പൊയ്പോയ ഒരു ഹാറ്റുപോലായിട്ടുണ്ടു് സോഷ്യലിസം എന്നു് ജോഡ് ഒരിടത്തു് പ്രസ്താവിച്ചിട്ടുള്ളതും ഇപ്പോൾ ഓർക്കുന്നു. ഒന്നുരണ്ടു് പ്രമാണഗ്രന്ഥങ്ങളെങ്കിലും വായിച്ചുനോക്കാതെ ഈ വിഷയത്തെപ്പറ്റി കണ്ടമാനം എഴുതുന്നവരും പ്രസംഗിക്കുന്നവരും ഇന്നെത്രയുണ്ടു്! ഈ മുറിക്കുന്തക്കാർ തട്ടിവിടുന്ന വിഡ്ഢിത്തങ്ങൾ അനുകമ്പയോടെ സഹിക്കാം. എന്നാൽ, സകലതും പഠിച്ച ചില പണ്ഡിതന്മാരുണ്ടു്. അവരുടെ തലച്ചോറിന്റെ വ്യാപാരമാണു് വിസ്മയനീയമായിരിക്കുന്നതും. ഇവരുടെ ബുദ്ധിപരമായ സത്യസന്ധത (Intellectual honesty) ചിന്തനീയമെന്നു് മാത്രമേ പറയേണ്ടു. നമ്മുടെ രാഷ്ട്രപതി ആചാര്യപാദർ (കൃപാലാനി) ഈയിടെ കേരളത്തിൽ എഴുന്നള്ളി ധർമസംസ്ഥാപനാർത്ഥം വേണ്ട പണവും പണ്ടങ്ങളും ശേഖരിച്ചു് തിരിച്ചുപോയല്ലോ. അദ്ദേഹത്തിനു് ഇപ്പോൾ സോഷ്യലിസം എന്ന വാക്കുതന്നെ കർണശൂലമായിത്തീർന്നിരിക്കയാണു്, ഇത്രനാളും കമ്മ്യൂണിസത്തോടെയായിരുന്നു ബഹുവിരോധം. സോഷ്യലിസ്റ്റ് പാർട്ടി ഒന്നാകെ കോൺഗ്രസ്സിന്റെ പിടിവിട്ടു് ശുദ്ധവായു ശ്വസിച്ചുതുടങ്ങിയപ്പോൾ അതും അദ്ദേഹത്തിനു് കയ്പായി. ഒന്നുരണ്ടു് സ്ഥലത്തു് സോഷ്യലിസത്തിനു് ജയ്വിളിച്ചതുകൊണ്ടു് രാഷ്ട്രപതി രുഷ്ടനായിപോൽ. പക്ഷേ, അതേസമയം ആ വാക്കു് തീരെ വിട്ടുകളവാനും ആചാര്യർക്കു് ധൈര്യമില്ല. അതുകൊണ്ടു് ഒരു പൗരസ്ത്യസോഷ്യലിസം ഇവിടത്തെ മണ്ണിൽ മുളപ്പിച്ചു. അതുതന്നെയാണു് നമ്മുടെ കീശയിൽ കിടക്കുന്ന ഗാന്ധിസം എന്നു് പറഞ്ഞൊരു ചെപ്പടിവിദ്യ അദ്ദേഹം പ്രദർശിപ്പിച്ചു! എന്നാൽ, ഈ വിദ്യകൊണ്ടു് സാമാന്യജനങ്ങൾ വഞ്ചിക്കപ്പെടുമെന്നു് വിചാരിക്കേണ്ട. അനുഭവം—അതു് അവരെ പഠിപ്പിച്ചുകഴിഞ്ഞു. അവർക്കു് വേണ്ടതെന്താണെന്നു് ഇനിയാരും ഉപദേശിക്കേണ്ടതില്ല. അതു് ഏതു് മണ്ണിൽ മുളച്ചതായാലും അവരതു് സ്വീകരിക്കുകതന്നെ ചെയ്യും. മണ്ണു് തരംതിരിച്ചു് എന്റേതെന്നും നിന്റേതെന്നും പറഞ്ഞിരുന്ന കാലം പമ്പകടന്നു. ഏകലോകത്തിന്റെ മുമ്പിൽനിന്നു് വേണം ഇന്നു് പ്രസംഗിക്കുവാൻ. സോഷ്യലിസത്തിലേക്കുള്ള ഇന്നത്തെ ജനകീയമഹാപ്രവാഹത്തിന്റെ നേരെ ഗാന്ധിസംകൊണ്ടു് മണൽച്ചിറ കെട്ടാൻ പുറപ്പെടുന്നവർ രാഷ്ട്രപതികളായാലും പരിഹാസ്യരായി പുറംതള്ളപ്പെടും.
ഇനി ഈ ഗാന്ധിയൻ സോഷ്യലിസത്തിന്റെ ഉള്ളിൽ കടന്നൊന്നു് പരിശോധിച്ചുനോക്കാം. വാസ്തവത്തിൽ പരസ്പരവൈരുദ്ധ്യമുള്ള ഒരു പ്രയോഗമാണിതു് (A contradiction in terms). ഗാന്ധിസവും സോഷ്യലിസവും വിശകലനം ചെയ്തുനോക്കുമ്പോഴേ ഈ വൈപരീത്യം വെളിപ്പെടുകയുള്ളു. ചിന്താഗതി, ആശയസഞ്ചയം, ആദർശം, കർമപാടി എന്നിവയിൽ എല്ലാംതന്നെ ധ്രുവങ്ങൾപോലെ അകന്നാണു് രണ്ടിന്റെയും നില. ഗാന്ധിസത്തിലെ ചിന്താഗതി ആദ്ധ്യാത്മികമാണു് (Metaphysical). വൈരുദ്ധ്യവാദരീതി (Dialectical) യാണു് സോഷ്യലിസത്തിലേതു്. ഈ രണ്ടു് വിചാരക്രമങ്ങൾക്കും തമ്മിൽ ഒരു ബന്ധവിമില്ലെന്നു് മാത്രമല്ല പരസ്പരവിരോധമുണ്ടുതാനും. നിത്യതയിലും നിശ്ചലതയിലും ചെന്നവസാനിക്കുന്ന അശാസ്ത്രീയമായ ഒരുതരം സത്യത്തിലും ദൈവത്തിലും ഗാന്ധിസം അധിഷ്ഠിതമായിരിക്കുന്നു. കേവലസത്യവും (Absolute truth) ‘ഡിൿറ്റേറ്റർ ദൈവ’വും നമ്മുടെ ബുദ്ധിവ്യാപാരത്തിനു് പൂർണ്ണവിരാമമിടുന്നവയത്രേ. എന്നു് പറഞ്ഞാൽ ഇവയെപ്പറ്റിയുള്ള സങ്കുചിതാശയം മനുഷ്യന്റെ ചിന്താഗതിയെ തടഞ്ഞുനിർത്തുന്നുവെന്നു് ചുരുക്കം. ഈ രണ്ടുംകൊണ്ടുണ്ടാക്കിയിട്ടുള്ള ഒരു ചട്ടക്കൂടാണു് ഗാന്ധിസം. അതിനുള്ളിൽ കുടുങ്ങിപ്പോകുന്ന മനുഷ്യബുദ്ധി സിദ്ധാന്തബദ്ധമായി നിശ്ചലാവസ്ഥയിൽ വിശ്രമിച്ചുപോകുന്നു. ബുദ്ധിപരമായ ആത്യന്തികത്വം (Intellectual Finality) എന്നതു് ഗാന്ധിസത്തെ പ്രകൃതിവിരുദ്ധവും അശാസ്ത്രീയവുമാക്കിത്തീർത്തിട്ടുള്ള ഒരു വലിയ ദോഷമാണു്. ഇതിനു് നേരെ വിപരീതമത്രെ വൈരുദ്ധ്യവാദപരമായ വിചാരക്രമം. ‘A system of natural and historical knowledge which is all embracing and final for all time is in contradiction with fundamental laws of dialectical thinking’ (പ്രകൃതിയെയും ചരിത്രത്തെയും സംബന്ധിക്കുന്ന വിജ്ഞാനവ്യവസ്ഥ സർവാശ്ലേഷിയും സർവകാലത്തേക്കും ആത്യന്തികവും ആകുന്നതു് വൈരുദ്ധ്യവാദത്തിന്റെ മൗലികതത്ത്വങ്ങൾക്കു് വിരുദ്ധമാകുന്നു) എന്നു് എംഗൽസ് പറയുന്നതു് നോക്കുക. പ്രകൃതിയുടെയും മനുഷ്യചരിത്രത്തിന്റെയും ശശ്വച്ചലനം, വിരുദ്ധശക്തിസംഘട്ടനം, രൂപഗുണപരിണാമം, വികാസം മുതലായ തത്ത്വങ്ങളിൽ അധിഷ്ഠിതവും തികച്ചും ശാസ്ത്രീയവും ആണു് വൈരുദ്ധ്യവാദം. ആധുനികശാസ്ത്രവിജ്ഞാനം പ്രസ്തുതവാദത്തിന്റെ സാധുത്വം കൂടുതൽ കൂടുതൽ വെളിപ്പെടുത്തിക്കൊണ്ടുവരികയാണു് ചെയ്യുന്നതു്.
അടുത്തതായി സോഷ്യലിസത്തിലെ മൗലികഘടകങ്ങളെടുത്തുനോക്കാം.
- ഉല്പാദനോപകരണങ്ങളുടെ പൊതുവുടമ. (Socialisation of means of production).
- സാമ്പത്തികവർഗബോധം (Class consciousness).
- സംഘടിതബലം പ്രയോഗിച്ചുള്ള വിപ്ലവം.
- തൊഴിലാളിവർഗത്തിന്റെ ആധിപത്യം.
ഈ നാലു് കാര്യങ്ങൾക്കും എതിരാണു് ഗാന്ധിസം. ആദ്യത്തേതിനുപകരം മുതലാളരുടെ ‘ട്രസ്റ്റിഷിപ്പ്’ ആണു് ഗാന്ധിജി കണ്ടുപിടിച്ചിരിക്കുന്നതു്. ഇതു് സർവത്ര വർജ്യമായിത്തീർന്നിരിക്കുന്ന ക്യാപിറ്റലിസത്തിന്റെ ഒരു ശുദ്ധീകൃതരൂപം (Sublimated form) മാത്രമാണു്. രണ്ടാമത്തേതു് ഒരു ദോഷമായിട്ടുപോലും ഗാന്ധിജി കണക്കാക്കുന്നു. വർഗബോധം എന്നതു് വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണു്. മുതലാളിവർഗത്തിന്റെ നേരെ സദാപി അക്രമം പ്രയോഗിക്കുന്ന സമ്പ്രദായമാണിതെന്നും മറ്റും യാതൊരു ബോധവുമില്ലാതെ പലരും ഇതിനെ വ്യാഖ്യാനിക്കാറുണ്ടു്. എന്നാലെന്താണിതിന്റെ വാസ്തവതത്ത്വം? മനുഷ്യന്റെ സാമ്പത്തികജീവിതത്തിൽ ആദ്യകാലംമുതൽക്കേ കണ്ടുവരുന്ന രണ്ടു് വിഭിന്ന താൽപര്യങ്ങളുടെ സ്വാഭാവികസംഘട്ടനത്തെപ്പറ്റി ഒരു ശാസ്ത്രീയ ബോധമുണ്ടാക്കിക്കൊടുക്കുക—ആ ബോധത്തിന്മേൽ തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുക—എന്നതു് മാത്രമാണു് ഇതിന്റെ ചുരുക്കം. ഉള്ളവരും ഇല്ലാത്തവരും തമ്മിൽ പ്രകൃതിയിൽ കാണുന്ന ഈ സാമ്പത്തികതാല്പര്യസംഘട്ടനം ഇല്ലാത്തതാണെന്നു് കണ്ണടച്ചു് പറഞ്ഞു് ശാന്തിമന്ത്രം ഉപയോഗിക്കുന്നതുകൊണ്ടു് അതു് മാഞ്ഞുപോകുമോ? ചെന്നായ്ക്കളെയും ആട്ടിൻപറ്റങ്ങളേയും അഹിംസാമന്ത്രംകൊണ്ടു് മാനസാന്തരപ്പെടുത്താനാണു് ഗാന്ധിജി പണിപ്പെടുന്നതു്.
മൂന്നാമത്തേതിലുള്ള ഗാന്ധിജി യുടെ വിപരീതനില പ്രസിദ്ധമാണല്ലോ. ബലപ്രയോഗം ഒന്നിലും അദ്ദേഹം സ്വീകരിച്ചിട്ടില്ല. അഹിംസാത്മകമായ വിപ്ലവമാണത്രെ ഗാന്ധിസത്തിലുള്ളതു്. ഇത്തരം അസംബന്ധപ്രലപനങ്ങളുടെ ഉടമസ്ഥരായ ഗാന്ധിശിഷ്യന്മാർ ഭരണാധികാരം കൈയിൽ കിട്ടിയമാത്രയിൽ ലാത്തിയും തോക്കും നിഷ്കരുണം പ്രയോഗിച്ച കഥതന്നെ മതി ഈ അഹിംസാവാദത്തിലെ ‘പൊങ്ങച്ചവും’ വഞ്ചനയും പ്രകൃതിവിരുദ്ധതയും തെളിയിക്കാൻ.
നാലാമത്തേതായ തൊഴിലാളിവർഗത്തിന്റെ ആധിപത്യവും ഗാന്ധിസം അംഗീകരിച്ചിട്ടില്ല. അധികാരം കൈമാറണമെന്നില്ല. അധികാരികൾ നന്നായാൽ മതി എന്നതാണു് രാമരാജ്യസ്ഥാപനത്തിന്റെ അടിസ്ഥാനം. അതായതു്, കോഴിക്കുഞ്ഞുങ്ങളുടെ കാര്യം അവർക്കു് വിട്ടുകൊടുക്കേണ്ട; അതു് പഴയമട്ടിൽ കുറുക്കന്റെ കൈയിൽത്തന്നെയിരിക്കട്ടെ; അവന്റെ സ്വഭാവത്തിനൊരു മാറ്റം വരുത്തിയാൽ മതി. അതു് ഹിംസകൂടാതെ വെറും രാമനാമംകൊണ്ടു് സാധിക്കുകയും ചെയ്യാം! ഈമാതിരി ബാലിശാഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഗാന്ധിസവും ശാസ്ത്രീയ സോഷ്യലിസവും തമ്മിലുണ്ടോ വല്ല സാദൃശ്യവും! ഒന്നിൽ ചിത്തഭ്രമണകാരണമായ ജീർണിച്ചൊരു ‘ഫിലോസഫി’ മറ്റേതിൽ പരീക്ഷണനിരീക്ഷണങ്ങൾകൊണ്ടും യുക്തിവിചാരംകൊണ്ടും അസ്തശങ്കമായി സമർത്ഥിച്ചിട്ടുള്ള സാമ്പത്തികശാസ്ത്രം. രണ്ടിനും തമ്മിൽ എന്തന്തരം! ഗാന്ധിസം ഉപദേശംകൊണ്ടു് വ്യക്തിയെ നന്നാക്കാൻ നോക്കുന്നു; സോഷ്യലിസം പ്രായോഗികമായ ഒരു കർമപരിപാടികൊണ്ടു് സാമൂഹ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഇന്നത്തെ പ്രശ്നങ്ങളെല്ലാംതന്നെ സാമൂഹ്യമാണു്—വ്യക്തിപരമല്ല. പാവങ്ങൾക്കുവേണ്ടി പണക്കാരെക്കൊണ്ടു് അനാഥശാലകളും ധർമാശുപത്രികളും പണിയിക്കുവാനാണു് ‘ഗാന്ധിസ’ത്തിന്റെ പുറപ്പാടു്. അങ്ങനെ പാവങ്ങളെന്നൊരു വർഗത്തെ നിലനിർത്തിക്കൊണ്ടു് പോകുകയെന്നതാകാം അതിന്റെ ഫലം. നേരെമറിച്ചു് പാവങ്ങൾ എന്നൊരു വർഗംതന്നെ ഇല്ലാതാകുകയെന്നതാണു് സോഷ്യലിസത്തിന്റെ ലക്ഷ്യം. വർണാശ്രമ ധർമ്മബോധത്തിൽ വളർന്നുവന്നിട്ടുള്ള ‘ഗാന്ധിസം’ വർഗരഹിതമായ സമുദായം (Classless Society) എന്ന മഹനീയാദർശത്തെ സ്വപ്നം കാണുകകൂടി ചെയ്യുന്നില്ല. ഇപ്രകാരം യാതൊരു വിധത്തിലും അടുപ്പമില്ലാതെ നാനാപ്രകാരേണ വിപരീതനില കൈക്കൊണ്ടിരിക്കുന്ന ഗാന്ധിസവും സോഷ്യലിസവും തമ്മിൽ കൂട്ടിക്കെട്ടുവാൻ ഉദ്യമിക്കുന്നവർ ഒന്നുകിൽ ഒരു ബോധവുമില്ലാത്തവർ, അല്ലെങ്കിൽ മനഃപൂർവം മനസ്സാക്ഷിയെ വഞ്ചിക്കുന്നവർ എന്നല്ലാതെ എന്താ പറയുക?
(വിമർശരശ്മി 1947)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971