വിപ്ലവസാഹിത്യകാരന്മാരുടെ ആചാര്യനാണു മാക്സിം ഗോർക്കി. അദ്ദേഹത്തിന്റെ അതുല്യമായ തൂലികാവിലാസം റഷ്യൻസാഹിത്യത്തിൽ മാത്രമല്ല, വിശ്വസാഹിത്യത്തിൽതന്നെ പുതിയൊരു വഴിത്തിരിവുണ്ടാക്കി. തൊഴിലാളി സ്ഥിതിസമത്വസാഹിത്യത്തിന്റെ (പ്രോളിറ്റേറിയൻ സോഷ്യലിസ്റ്റ് ലിറ്ററേച്ചർ) പിതാവു് എന്നാണു് മൊളോട്ടോവ് അദ്ദേഹത്തെ വിളിച്ചിരുന്നതു്. കഷ്ടപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ നീറിപ്പുകയുന്ന ആത്മാവുമായി ഇത്രത്തോളം തന്മയിഭാവംപൂണ്ടിണങ്ങിച്ചേരാൻ മറ്റൊരു സാഹിത്യകാരനും കഴിവുണ്ടായിട്ടില്ല. ചവുട്ടിമെതിക്കപ്പെടുന്ന മനുഷ്യത്വത്തെ സാഹിത്യമാർഗ്ഗേണ നവജീവൻ നൽകി സമുദ്ധരിക്കാനുള്ള ശ്രമത്തിലാണു ഗോർക്കി തന്റെ ആയുഷ്കാലം മുഴുവൻ വിനിയോഗിച്ചതു്.
കലകളെപ്പറ്റി പൊതുവെയും സാഹിത്യത്തെപ്പറ്റി പ്രത്യേകമായും ഈ മനുഷ്യസ്നേഹി സുചിന്തിതങ്ങളായ പല നവീനാശയങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടു്. ഇക്കാലത്തു് ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാവുന്ന ഒരു വിഷയമായിത്തീർന്നിട്ടുണ്ടല്ലോ സാഹിത്യം. നിരൂപകർ മാത്രമല്ല, കവികളും കാഥികരും വായനക്കാരുമെല്ലാം സാഹിത്യം എങ്ങനെയിരിക്കണമെന്നും എങ്ങോട്ടു തിരിയണമെന്നും മറ്റും ആധികാരികമായ സ്വരത്തിൽത്തന്നെ പ്രഘോഷണംചെയ്തുതുടങ്ങിയിരിക്കുന്നു. പക്ഷേ, പറയുന്നതെന്തും വ്യക്തവും യുക്തവും ഒരു നൂതനവീക്ഷണഗതി ഉൾക്കൊള്ളുന്നതുമായിരിക്കണമെന്ന കാര്യത്തിൽ അധികമാരും ശ്രദ്ധിക്കാറില്ല. വിഷയവ്യതിചലനം, ചർവിത ചർവണം, പൂർവ്വാപരവിരോധം, സർവ്വോപരി അവ്യക്തത—ഇത്യാദി ദോഷങ്ങൾ നമ്മുടെ സാഹിത്യപ്രസംഗങ്ങളിലും ലേഖനങ്ങളിലും, ഒരുപക്ഷേ, നാം അറിയാതെതന്നെ കടന്നുകൂടുന്നുണ്ടു്. എന്നാൽ സഹൃദയാഗ്രേസരനായ ഗോർക്കിയുടെ സാഹിതീദർശനത്തിൽ ഈവക ദോഷങ്ങളൊന്നും കാണുകയില്ല. വിശ്വസാഹിത്യകൃതികൾ വായിച്ചും പഠിച്ചും സ്വതന്ത്രമായി ചിന്തിച്ചും സ്വാനുഭൂതിയെ മാനദണ്ഡമാക്കിയുമാണു് അദ്ദേഹം പ്രസ്തുത വിഷയത്തെപ്പറ്റി നിരൂപണം ചെയ്യുന്നതു്. അതുമിതും കൂട്ടിക്കലർത്തി കഷായരൂപത്തിൽ വ്യാമിശ്രായശയങ്ങൾ പുറപ്പെടുവിച്ചു വായനക്കാരിൽ മതിഭ്രമമുളവാക്കുന്ന ‘സൂത്ര’വിദ്യ അദ്ദേഹം ഒരിടത്തും പ്രയോഗിച്ചിട്ടില്ല. സ്പഷ്ടത, ആത്മാർത്ഥത, വ്യക്തിത്വം എന്നീ മൂന്നു ഗുണവും ഗോർക്കിയുടെ ചിന്താസരണിയെ പ്രത്യേകിച്ചും സുന്ദരമാക്കുന്നു.
എന്താണു സാഹിത്യം? എന്തിനുവേണ്ടിയുള്ളതാണു്? സാഹിത്യത്തിന്നു മറ്റൊന്നിനോടും ബന്ധമില്ലാതെ അതിന്നുവേണ്ടിത്തന്നെയുള്ള ഒരു സ്ഥിതിയുണ്ടോ? എന്നിങ്ങനെ സ്വയം ചോദിച്ചുകൊണ്ടു് ഗോർക്കി പറയുകയാണു്—സാഹിത്യത്തിന്നു മാത്രമല്ല ലോകത്തിലൊന്നിന്നുംതന്നെ ഇതരാനപേക്ഷമായി അതിന്നുമാത്രം വേണ്ടിയുള്ള സ്ഥിതിയില്ല. ഓരോന്നും വേറെ എന്തിനോടെങ്കിലും ഏതെങ്കിലും പ്രകാരത്തിൽ കൂടിച്ചേർന്നോ കൂടിക്കലർന്നോ സ്ഥിതിചെയ്യുന്നു. എല്ലാം സാപേക്ഷവും സോദ്ദേശ്യകവുമാണു്. സാഹിത്യത്തിന്റെ നിലയും ഇതുതന്നെ. വെറും വിനോദമോ വിശ്രാന്തിയോ (റിലാക്സേഷൻ) ആകരുതു് സാഹിത്യാസ്വാദനത്തിന്റെ ഫലം. അതൊരുതരം സഹനസാഹിത്യം (പാസ്സിവ് ലിറ്ററേച്ചർ) ആയിട്ടു ഗണിക്കാം. അതു മനുഷ്യനെ നിഷ്ക്രിയനാക്കുമെന്നും തന്മൂലം വർജ്ജ്യമാണെന്നും ഗോർക്കി വാദിക്കുന്നു.

ഭാരതീയമതപ്രകാരമുള്ള വിഗളിതവേദ്യാന്തരമായ ആനന്ദത്തെയോ ആത്യന്തികമായ ചിന്താവിശ്രാന്തിയെയോ ഉത്തമ സാഹിത്യധർമ്മമായി അദ്ദേഹം പരിഗണിക്കുന്നില്ല. മനുഷ്യജീവിതത്തെ ഉൽക്കർഷപ്പെടുത്താനും അനീതിയോടും അധർമ്മത്തോടും അടരാടാനും പ്രചോദനം നൽകുന്ന ക്രിയാത്മകമായ സാഹിത്യം (ആക്ടീവ് ലിറ്ററേച്ചർ)—അതാണു് അദ്ദേഹത്തിനഭിമതം. പ്രോമിത്തിയസ്, ഹാംലറ്റ്, ഡാൺ ക്വിക്സോട്ട്, ഫാസ്റ്റ് എന്നിവയും ബെൽസാക്ക്, ഡിക്കൻസ്, ടോൾസ്റ്റോയി, ചെക്കോവ് മുതലായവരുടെ കൃതികളും വായിക്കുമ്പോൾ നമ്മിലുണ്ടാകുന്ന ഭാവോദ്ദീപനം കേവല വിശ്രാന്തിയിലേക്കാണോ അതോ കർമ്മരംഗത്തേക്കാണോ നമ്മെ തിരിച്ചുവിടുന്നതെന്നു ഗോർക്കി ചോദിക്കുന്നു. ഉത്തമസാഹിത്യലഹരി സഹൃദയനെ കർമ്മോദ്യുക്തനാക്കുമെന്നതിൽ അദ്ദേഹത്തിനു സംശയമില്ല. താൻ വിദേശസാഹിത്യത്തോടു കുറെയേറെ കടപ്പെട്ടിട്ടുണ്ടെന്നും വിശേഷിച്ചു ഫ്രഞ്ചുസാഹിത്യമാണു് തനിക്കു കൂടുതൽ ആവേശവും പ്രബുദ്ധതയും നൽകിയിട്ടുള്ളതെന്നും അദ്ദേഹം സമ്മതിക്കുന്നു. ഫ്രഞ്ചുസാഹിത്യം പഠിച്ചു് എഴുതാൻ ശീലിച്ചതിനുശേഷമാണു് ഗോർക്കി റഷ്യൻ സാഹിത്യത്തിലേക്കു പ്രവേശിച്ചതു്.

ബെൽസാക്കിനോടാണെന്നു തോന്നുന്നു, അദ്ദേഹത്തിനധികം ബഹുമാനം. ടോൾസ്റ്റോയി സമാദരണീയനാണെങ്കിലും പ്രതിപാദനരീതിയിൽ ചിലയിടത്തു് അദ്ദേഹത്തിനു വഴിതെറ്റിയിട്ടുണ്ടെന്നു ഗോർക്കി തുറന്നുപറയുന്നുണ്ടു്. ഉദാഹരണത്തിനു് അക്കാലത്തെ പാവപ്പെട്ട കൃഷിക്കാരന്റെ ജീവിതത്തെ ടോൾസ്റ്റോയി അതേനിലയിൽ ആദർശവത്കരിച്ചെഴുതിയിട്ടുള്ളതു് അത്ര ശരിയല്ല. മാടമ്പിമാരുടെ അടിമകളായി നട്ടെല്ലു പൊട്ടുംപടി പണിയെടുത്തു പട്ടിണിയിൽ കഴിഞ്ഞുകൂടുന്ന കൃഷിക്കാരുടെ ലാളിത്യവും അകൃത്രിമതയും മറ്റും പൊക്കിക്കാണിച്ചുകൊണ്ടു് ആ നികൃഷ്ടജീവിതത്തെ ആദർശവത്കരിച്ചാൽ അതെന്തൊരു വിരോധാഭാസമാകും? അവരിൽ അതൃപ്തിയും അസ്വസ്ഥതയും വളർത്തേണ്ടതിനുപകരം അത്തരം സാഹിത്യം അവരുടെ സ്വാതന്ത്ര്യാഭിലാഷത്തെയും സമരമനോഭാവത്തെയും തല്ലിക്കെടുത്താനേ ഉപകരിക്കു. ചെക്കോവി നു ഈ രീതി തീരെ ഇഷ്ടമായിരുന്നില്ല.
സോഷ്യലിസ്റ്റ് റിയലിസത്തിന്റെ അവതാരകനും പ്രചാരകനുമായിട്ടാണല്ലോ ഗോർക്കി പൊതുവിൽ അറിയപ്പെടുന്നതു്. എന്നാൽ അദ്ദേഹം സാഹിത്യത്തിൽ റൊമാന്റിസിസം തീരെ വേണ്ടാ എന്നു പറയുന്നില്ല: മാത്രമല്ല, കുറെയൊക്കെ സ്വീകാര്യമാണെന്നു സമ്മതിക്കുന്നുമുണ്ടു്. ജീവിതത്തിന്റെ യഥാർത്ഥമായ ചിത്രീകരണമെന്നോ മറ്റൊ റിയലിസത്തെ എളുപ്പം നിർവചിക്കാം.

എന്നാൽ, റൊമാന്റിസിസം വ്യക്തമായൊരു നിർവചനത്തിനു വഴങ്ങിക്കൊടുക്കാത്ത ഒന്നാണു്. വിഭിന്നാഭിപ്രായങ്ങളാണു് അതിനെപ്പറ്റി പലർക്കുമുള്ളതെന്നും ഗോർക്കി ചൂണ്ടിക്കാണിക്കുന്നു. ഏതായാലും സാഹിത്യത്തിൽ ഈ രണ്ടും പരസ്പരബന്ധമില്ലാതെ വേർതിരിഞ്ഞു നിൽക്കുന്നില്ല. ആദ്യത്തേതിൽ രണ്ടാമത്തേതിന്റെയും രണ്ടാമത്തേതിൽ ആദ്യത്തേതിന്റെയും അംശം ധാരാളം കാണാം. വിശ്രുത സാഹിത്യകാരന്മാരുടെ കൃതികളിൽ രണ്ടും വേർതിരിക്കാൻ വയ്യാത്തവണ്ണം കൂടിക്കലർന്നു കിടക്കയാണെന്നത്രേ ഗോർക്കിയുടെ അഭിപ്രായം. ബെൽസാക്ക് റിയലിസ്റ്റാണെങ്കിലും റൊമാന്റിക് വകുപ്പിൽപ്പെടുത്താവുന്ന നോവലുകളും എഴുതിയിട്ടുണ്ടു്. ടർജിനീവിലും റൊമാന്റിക് പ്രവണത കാണാം. ജീവിതത്തിന്റെ യഥാർത്ഥമായ ചിത്രീകരണം റൊമാന്റിക് ഭാവനകൊണ്ടു് അനുപ്രാണിതമായാലേ തികച്ചും രസവത്താകയുള്ളൂ.
പക്ഷേ, റൊമാന്റിസിസത്തെ ഒരു വകഭേദംകൂടാതെ മൊത്തത്തിലല്ല ഗോർക്കി സ്വാഗതം ചെയ്യുന്നതു്. നിഷ്ക്രിയം (Passive), ക്രിയാത്മകം (Active) എന്നു് ഇവിടെയും അദ്ദേഹം ഒരു വിഭജനം നടത്തുന്നു. ക്രിയാത്മകമായ റൊമാന്റിസിസമാണു ഗോർക്കിക്കാവശ്യം. അതു സാഹിത്യത്തിൽനിന്നു ബഹിഷ്കരിച്ചുകൂടാ എന്നു് അദ്ദേഹം നിഷ്കർഷിക്കുന്നുണ്ടു്.
റിയലിസ്റ്റ് സാഹിത്യകാരന്മാർ ജീവിതയാഥാർത്ഥ്യങ്ങളെ നഗ്നവും ശുഷ്കവുമായ രീതിയിൽ പ്രതിപാദിക്കുന്നവരാണെന്നും പ്രതിപാദ്യത്തിൽ മാത്രമേ അവരുടെ ദൃഷ്ടി പതിയുന്നുള്ളുവെന്നും തന്മൂലം കാവ്യപരമായ രസനീയതയിൽ അവർ പരാജയമടയുന്നുവെന്നും മറ്റും ചില നിരൂപകന്മാർ കുറ്റപ്പെടുത്താറുണ്ടല്ലോ. ഗോർക്കിയെ സംബന്ധിച്ചിടത്തോളം ഈ ദോഷാരോപണത്തിനു് ഒരടിസ്ഥാനവുമില്ല. പ്രതിപാദന രീതിയുടെ കാര്യത്തിൽ അദ്ദേഹം ഭാരതീയരുടെ ധ്വനിസിദ്ധാന്തത്തോടു് ഒട്ടടുത്തു തന്നെ നിൽക്കുന്നുണ്ടു്. ‘ഗ്രന്ഥകാരന്റെ അഭിപ്രായങ്ങൾ എത്രത്തോളം നിഗൂഢമായിരിക്കുന്നുവോ, അത്രത്തോളം കലയ്ക്കു നല്ലതാണു്’ (The more the views of the author remain hidden the better for art) എന്നു് അദ്ദേഹം പറയുന്നതു നോക്കുക.

‘ഒരു കാര്യത്തിൽ മാത്രമേ ഗോർക്കിക്കു നിർബ്ബന്ധമുള്ളൂ—അതായതു് പ്രതിപാദ്യം മുഖ്യമായി മനുഷ്യൻ തന്നെയാകണം; അവനിൽ വിലീനമായിരിക്കുന്ന അളവറ്റ കർമ്മശക്തിയും കഴിവുകളും, പ്രകൃതിശക്തികളോടും സാമൂഹ്യവിരുദ്ധശക്തികളോടും മല്ലിട്ടു് അവൻ നേടുന്ന മഹത്തായ നേട്ടങ്ങൾ, ശാസ്ത്രമാർഗ്ഗത്തിൽ അവനുണ്ടായിട്ടുള്ള വിസ്മയാവഹമായ പുരോഗതി—ഈവക വിഷയങ്ങൾ വർണ്ണശബളിമയോടെ സാഹിത്യത്തിൽ പ്രതിഫലിക്കണം. മനുഷ്യൻ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം, ലോകത്തിലെ എല്ലാ അത്ഭുതങ്ങളുടെയും സ്രഷ്ടാവു്’ (The greatest miracle in the world, the creator of all miracles in the world) എന്നു വിസ്മയഭരിതനായി ഈ സാഹിത്യനായകൻ വിളംബരം ചെയ്യുന്നു. What a piece of work is man!’ എന്നു ഷേക്സിപിയറും ഇതുപോലെ മാനവമഹത്വത്തിൽ അത്ഭുതം കൂറുന്നുണ്ടല്ലോ. ‘മനുഷ്യനിലുള്ള ദൃഢവിശ്വാസം ഒരുവനു നഷ്ടപ്പെടുത്താവുന്നതല്ല. ദൈവത്തെ നിഷേധിച്ചാലും വേണ്ടില്ല, മനുഷ്യനെ നിഷേധിച്ചാൽ എന്തൊരാശയാണു പിന്നെ നമുക്കുള്ളതു്?’ (One may not lose faith in man God we may deny, but what hope is there for us if we deny man?) എന്ന നെഹ്രു വിന്റെ ചോദ്യവും ഇവിടെ സ്മർത്തവ്യമാണു്. ഗോർക്കിയുടെ ചിന്തതന്നെയാണു് ഇതിലും പ്രതിഫലിക്കുന്നതു്. സാഹിത്യം, ഏതു രൂപത്തിലും, മനുഷ്യന്റെ ഇതിഹാസമാകണം; അവന്റെ അധ്വാനശക്തിയേയും ബുദ്ധിവൈഭവത്തേയും ഉയർത്തിക്കാണിക്കണം; അവനിൽ ഇല്ലാത്തതും അവനെ കീഴ്പ്പെടുത്തുന്നുവെന്നു് അന്ധമായി സങ്കല്പിക്കപ്പെടുന്നതുമായ പുറമേയുള്ള ഒരു ശക്തിയുടെ കളിത്തൊട്ടിലാകരുതു്. ഭൂകമ്പം, വെള്ളപ്പൊക്കം, പകർച്ചവ്യാധി, കൊടുങ്കാറ്റു്, ഇടിവെട്ടു് തുടങ്ങിയ പ്രകൃതിവിക്ഷോഭങ്ങളുടെ നടുക്കുനിന്നുകൊണ്ടു് അവയോടെല്ലാം പടവെട്ടി ജയിച്ചു മുന്നേറുന്ന മനുഷ്യൻതന്നെയല്ലേ സാഹിത്യത്തിലെ വീരസാഹസികനായ നായകൻ (Hero)? ദൈവത്തെ സൃഷ്ടിച്ചുവിട്ടതും അവനത്രേ. യവനസാഹിത്യത്തിൽ മനുഷ്യൻ ദേവന്മാർക്കുപരിയായി വ്യാപരിക്കുന്നു. അതു കൊണ്ടു സർവ്വശക്തനായ മനുഷ്യന്റെ കഥയാണു നമുക്കു വേണ്ടതെന്നത്രേ ഗോർക്കിയുടെ യുക്തിയുക്തമായ നിഗമനം.
പഴഞ്ചൊല്ലുകളിലെ സാഹിത്യമൂല്യം, കവികളുടെ പദദാരിദ്ര്യം, കലാകാരന്റെ യോഗ്യതകൾ, സാഹിത്യഗ്രന്ഥങ്ങളുടെ വശീകരണശക്തി എന്നിങ്ങനെ മറ്റു പല ആനുഷംഗികവിഷയങ്ങളെപ്പറ്റിയും ഗോർക്കി ചർച്ച ചെയ്യുന്നുണ്ടു്. വിസ്തരഭയത്താൽ അതിലേക്കു കടക്കുന്നില്ല.
(ദീപാവലി)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971