ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രവർത്തനത്തെപ്പറ്റിയോ അതിന്റെ സാങ്കേതികവശങ്ങളെപ്പറ്റിയോ അല്ല ഇവിടെ ചിന്തിക്കുന്നതു്. ഗ്രന്ഥങ്ങളുടെ തിരഞ്ഞെടുപ്പിനെപ്പറ്റിയാണു്. അതാണല്ലോ ഏറ്റവും പ്രധാനമായ കാര്യം. ഗ്രന്ഥങ്ങൾ സുഹൃത്തുക്കളെപ്പോലെയാകുന്നു. അതുകൊണ്ടു് അവ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകിച്ചും സൂക്ഷിക്കേണ്ടതുണ്ടു്. പക്ഷേ, ഗ്രന്ഥശേഖരണവിഷയത്തിൽ വേണ്ടത്ര വിവേചനബുദ്ധി ഇന്നു് കാണുന്നില്ല.
നമ്മുടെ നാട്ടിൻപുറത്തുള്ള ഗ്രന്ഥശാലകളിൽ ചിലതു് ഞാൻ പരിശോധിച്ചിട്ടുണ്ടു്. നന്മതിന്മ നോക്കാതെ പുതിയ പുസ്തകങ്ങൾമാത്രം സംഭരിക്കുന്നതിലാണു് തൽപ്രവർത്തകർ ശ്രദ്ധിച്ചുകാണുന്നതു്. ചുരുക്കത്തിൽ പ്രാചീനഗ്രന്ഥങ്ങളോടു് സാർവ്വത്രികമായ ഒരനാദരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇതു് നന്നല്ല. ഇക്കാര്യത്തിൽ സുപ്രസിദ്ധമായ കാളിദാസവചനം തന്നെയാണു് പ്രമാണമാകേണ്ടതു്:
‘പുരാണമിത്യേവ ന സാധു സർവം
ന ചാപി കാവ്യം നവമിത്യവദ്യം
സന്തഃ പരീക്ഷ്യാന്യതരദ് ഭജന്തേ
മൂഢഃ പരപ്രത്യയനേയബുദ്ധിഃ’
പഴയതാണെന്നു് കരുതി എല്ലാ കൃതികളും നല്ലതാകണമെന്നില്ല, അതുപോലെ ഒരു കാവ്യം പുത്തനാണെന്നതുകൊണ്ടു് ചീത്തയാകണമെന്നില്ല എന്നാണു് അദ്ദേഹം പറയുന്നതു്. ഇന്നു് ഈ അഭിപ്രായം ഒന്നു് മറിച്ചിട്ടാൽ മതി. പഴയതൊക്കെ ചീത്തയും പുതിയതൊക്കെ നല്ലതും എന്ന മനോഭാവത്തെ നാം മാറ്റേണ്ടിയിരിക്കുന്നു. പിന്നെ എന്താണു് വേണ്ടതു്? ‘സന്തഃ പരീക്ഷ്യ—’ പണ്ഡിതന്മാർ പരീക്ഷിച്ചുനോക്കി നല്ലതുമാത്രം സ്വീകരിക്കണം. പ്രസ്തുതപദ്യത്തിലെ മൂന്നാമത്തെ വരി എന്നും എവിടെയും മാനദണ്ഡമാക്കാവുന്ന ഒന്നാണു്.
ഭാരതീയസാഹിത്യത്തിന്റെ വിജയക്കൊടികളാകുന്നു ഭാരതവും രാമായണവും. ഇരുപത്തിനാലായിരം പദ്യങ്ങളുള്ള മധുരമനോഹരമായ രാമായണകാവ്യം വള്ളത്തോൾ ലളിതമായ മലയാളത്തിൽ പരിഭാഷപ്പെടുത്തി നമുക്കു് തന്നിട്ടില്ലേ? അതുപോലെ ലക്ഷത്തിൽപ്പരം ശ്ലോകങ്ങളുള്ള മഹാഭാരതം കുഞ്ഞിക്കുട്ടൻതമ്പുരാനും കൈരളിക്കു് കാഴ്ചവെച്ചിട്ടുണ്ടല്ലോ. ഈ മഹാഗ്രന്ഥങ്ങളുടെ ഓരോ പ്രതി നമ്മുടെ എത്ര ഗ്രന്ഥശാലകളിലുണ്ടു്? ഭാസൻ, കാളിദാസൻ എന്നുവേണ്ട ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യർ തുടങ്ങിയ പ്രാചീന മലയാളകവികൾക്കുപോലും സ്ഥാനം ലഭിക്കാത്ത ഗ്രന്ഥശാലകൾ നമ്മുടെ നാട്ടിലുണ്ടെന്നു് വന്നാൽ അതു് കഷ്ടാൽ കഷ്ടതരമല്ലേ? ഒരു ഗ്രാമീണവായനശാലയിൽ ചെന്നു് ‘ശാകുന്തളമുണ്ടോ?’ എന്നു് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. ചുരുക്കത്തിൽ ഗ്രന്ഥശാലകളിലെ പുസ്തകലിസ്റ്റ് ഒന്നു് പുനഃപരിശോധന ചെയ്യണമെന്നാണു് എന്റെ അഭിപ്രായം. മഹാർഹങ്ങളായ പ്രാചീനഗ്രന്ഥങ്ങൾകൊണ്ടു് ഗ്രന്ഥശാലാസൗധത്തിന്റെ അടിത്തറ കെട്ടിയിട്ടുവേണം പുത്തൻകൃതികൾകൊണ്ടു് അലങ്കരിക്കുക. ഇന്നു് നവീനകൃതികൾ ധാരാളം പുറത്തുവരുന്നുണ്ടു്. പക്ഷേ, അവയിൽ ഉൾക്കട്ടിയുള്ളവ ചുരുങ്ങും. മലയാളത്തിൽ കാലത്തു് കാപ്പിക്കുള്ള വകയാണു് ഇന്നധികവും ഉണ്ടായിക്കൊണ്ടിരിക്കുന്നതു്. നമുക്കു് കാപ്പിയും പലഹാരവും മതിയോ? ഒരു നേരമെങ്കിലും ഊണു് വേണ്ടേ? ശരീരത്തിനെന്നപോലെ പോഷകാംശമുള്ള ആഹാരം മനസ്സിനും ആവശ്യമാണു്. ഗ്രന്ഥങ്ങൾ മനസ്സിന്റെ ആഹാരമത്രേ. ഭക്ഷ്യപദാർത്ഥങ്ങളെ സാത്വികം, രാജസം, താമസം എന്നു് പ്രാചീനാചാര്യന്മാർ മൂന്നായി വിഭജിച്ചിട്ടുണ്ടു്. ഗ്രന്ഥങ്ങൾക്കും ഈ വിഭജനം യോജിക്കും. താമസം എന്ന വകുപ്പിൽപ്പെടുന്ന പുസ്തകങ്ങളാണു് ഇന്നധികവും വിറ്റഴിയുന്നതു്. ഈവക പുസ്തകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം സൂക്ഷിക്കണം. കള്ളനാണയങ്ങൾ കൈയിൽപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കാറില്ലേ? അത്രയുംതന്നെ ശ്രദ്ധ ഗ്രന്ഥങ്ങളുടെ കാര്യത്തിലും വേണ്ടിയിരിക്കുന്നു. ഗ്രന്ഥക്കമ്പോളത്തിലും ധാരാളം കള്ളനാണയങ്ങൾ ഇന്നു് പ്രചരിക്കുന്നുണ്ടു്. ഓരോ ഗ്രന്ഥശാലയിലും പണ്ഡിതന്മാരുടെ ഒരുപദേശകസമിതിയുണ്ടാകുന്നതുകൊള്ളാം. അവരുടെ ഉപദേശത്തോടുകൂടിവേണം ഗ്രന്ഥങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ. യഥേഷ്ടം ഗ്രന്ഥങ്ങൾ വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്നു് വായനശാലകൾക്കുണ്ടു്. അതു് നല്ലതുതന്നെ. എന്നാൽ, ഈ സ്വാതന്ത്ര്യത്തെ വിനിയോഗിക്കുന്നതു് വിവേകത്തോടുകൂടിയായിരിക്കണം.
പുതുമഴയ്ക്കു് ഈയാൻപാറ്റകൾ എന്നതുപോലെ ഇപ്പോൾ മലയാളത്തിൽ ഒരുതരം കുറ്റാന്വേഷണകഥകൾ പെരുകിവരുന്നുണ്ടു്. ഇത്തരം ദുഷ്കൃതികൾ മനസ്സിന്റെ കറുപ്പും കഞ്ചാവുമാണെന്നു് പറയാം. ഇവയുടെ ലഹരി വർദ്ധിക്കുന്നതു് ആപല്ക്കരമാണെന്നുതന്നെ പറയാം. ഒരു ഗ്രന്ഥശാലയിൽ ഒരു കൊല്ലം പുസ്തകങ്ങൾക്കായി നീക്കിവെച്ച ഇരുനൂറ്റിയൻപതുരൂപയിൽ ഇരുനൂറുരൂപയും ഈ ‘കറുപ്പും കഞ്ചാവും’ വാങ്ങാനാണു് ചിലവഴിച്ചതു്! വായന വെറും വിനോദത്തിനുവേണ്ടിയായാലും അല്പമെങ്കിലും പ്രയോജനമുള്ള പുസ്തകങ്ങൾ വായിക്കരുതോ? കുറ്റാന്വേഷണകഥകൾ സർവത്ര പരിവർജ്യം എന്നു് ഞാൻ പറയുന്നില്ല. അക്കൂട്ടത്തിലും ചിലതു് കൊള്ളാവുന്നവയാകാം. എന്നാൽ, ഇന്നു് പുറത്തുവരുന്നവയിൽ അധികവും കഥാപരമായും ഭാഷാപരമായും നോക്കിയാൽ, നിഷിദ്ധങ്ങളാണെന്നു് പറയേണ്ടതു്. ലാഭക്കച്ചവടത്തിനുള്ള കള്ളച്ചരക്കുകളാണവ.
തൃശൂരിൽ സ്തുത്യർഹമാംവിധം നടത്തപ്പെടുന്ന ഒരു സർക്കുലേറ്റിംഗ് ലൈബ്രറിയുണ്ടു്. ഗ്രാമീണവായനശാലകൾക്കു് ഗ്രന്ഥവിതരണം ചെയ്യുകയെന്നതാണു് അതിന്റെ പ്രവർത്തനം. ഏതുതരം പുസ്തകങ്ങളാണു് ഇന്നു് വായനക്കാർ കൂടുതൽ ആവശ്യപ്പെടുന്നതെന്നു് ഞാൻ അതിന്റെ സെക്രട്ടറിയോടു് ഒരിക്കൽ ചോദിക്കുകയുണ്ടായി. കുറ്റാന്വേഷണകഥകൾ എന്നായിരുന്നു മറുപടി. അത്തരം പുസ്തകങ്ങൾ കൊടുത്തില്ലെങ്കിൽ വായനശാലയിൽ അംഗങ്ങളായിച്ചേരാൻ ആളുകൾ കുറവാകുമത്രേ. വായനക്കാരുടെ അഭിരുചി ദുഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണു് ഇതിൽ കാണുന്നതു്. അധഃപതിക്കുന്ന അഭിരുചിയെ സംസ്കരിച്ചു് ഉയർത്തിക്കൊണ്ടുവരികയെന്നതാവണം ഒരു ഉത്തമഗ്രന്ഥാലയത്തിന്റെ പ്രവൃത്തി. ദുഷിച്ച ആഹാരത്തിനു് ആവശ്യക്കാരുണ്ടാവുമ്പോൾ അതുതന്നെ വിതരണം ചെയ്യുകയാണെങ്കിൽ ആരോഗ്യം നശിക്കില്ലേ? ഗ്രന്ഥങ്ങളുടെ കാര്യത്തിലും ഇതുതന്നെയാകും അനുഭവം. ചർച്ചാസമിതികളും കവിതാപാരായണസമ്മേളനങ്ങളും മറ്റും സംഘടിപ്പിച്ചു് ഗ്രന്ഥശാലാംഗങ്ങളുടെ സഹൃദയത്തെ വികസിപ്പിച്ചെങ്കിൽ മാത്രമേ ഈ ദുഃസ്ഥിതി പരിഹരിക്കപ്പെടുകയുള്ളു. പ്രവർത്തകരുടെ ശ്രദ്ധ സവിശേഷം പതിയേണ്ട ഒരു കാര്യമാണിതു്. ചുരുക്കത്തിൽ ഉൽകൃഷ്ടഗ്രന്ഥങ്ങളിലേക്കു് വായനക്കാരെ തിരിച്ചുവിടുന്നതിനുതകുന്ന അന്തരീക്ഷവും സാഹചര്യങ്ങളും പ്രചോദനവും ഒരു ഗ്രന്ഥശാലയിൽ ഉണ്ടായിരിക്കണം.
ഇനി ശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റി ചിന്തിക്കാം. സാഹിത്യകൃതികൾ മാത്രം മതിയോ നമുക്കു്? വിനോദത്തോടൊപ്പം വിജ്ഞാനവും ഒരു ഗ്രന്ഥാലയത്തിൽനിന്നു് പുറപ്പെടണം. ശാസ്ത്രത്തിന്റെ യുഗമാണിതു്. ശാസ്ത്രജ്ഞാനം കെണ്ടേ ഇന്നത്തെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്നതും തീർച്ചപ്പെട്ടിരിക്കുന്നു. ഈ നിലയിൽ സാമാന്യമായ ശാസ്ത്രബോധവും ശാസ്ത്രീയമായ വീക്ഷണവും ആധുനികജീവിതത്തിനു് അത്യന്താപേക്ഷിതമാണു്. ഇന്നലെ ശാസ്ത്രസമ്മേളനത്തിലെ അദ്ധ്യക്ഷൻ കെ. ഭാസ്കരൻ നായർ ചെയ്ത പ്രസംഗം കേട്ടു് ഞാൻ അമ്പരന്നുപോയി. പാശ്ചാത്യവിജ്ഞാനത്തെ അപലപിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോക്കു്. അദ്ദേഹത്തിന്റെ വാദരീതി പിന്തുടർന്നാൽ അതു് ചെന്നവസാനിക്കുന്നതു് ഹിമാലയൻ ഗുഹകളിലായിരിക്കും. ഇന്നു് സയൻസ് സംഹാരവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതുകൊണ്ടു് അതു് നിഷിദ്ധമെന്നു് വരുമോ? സയൻസ് സൃഷ്ടികർത്താവുമാണു് എന്ന കഥ അദ്ദേഹം വിസ്മരിച്ചിരിക്കുന്നു. ഭക്ഷണം പാകംചെയ്യുന്ന അഗ്നി ചിലപ്പോൾ ഭവനം ദഹിപ്പിക്കുന്നുണ്ടെന്നുകരുതി അതു് സർവ്വത്ര വർജ്യമെന്നു് ആരെങ്കിലും പറയുമോ? പ്രൊഫസർ ഐൻസ്റ്റെയിന്റെ സുപ്രസിദ്ധമായ സൂത്രവാക്യം (E = mc2) ഒരുതരം ഭാഷയെന്നതിൽക്കവിഞ്ഞെന്താണു് എന്നു് അദ്ധ്യക്ഷൻ ചോദിക്കുകയുണ്ടായി. ഒരു നീഗ്രോവിന്റെ ഭാഷയ്ക്കും ഇതുപോലെ പ്രാധാന്യമില്ലെന്നു് എങ്ങനെ പറയാം എന്നാണു് അദ്ദേഹത്തിന്റെ സംശയം. ഈ ഭാഷാവാദം കേട്ടപ്പോൾ നമ്മുടെ മായാവാദത്തെയാണു് ഞാൻ ഓർമ്മിച്ചതു്. പക്ഷേ, ഹിരോഷിമയിലെ ജനസമൂഹത്തിന്റെ തലയിൽ വന്നുവീണതു് വെറും ഭാഷായായിരുന്നില്ല. മേല്പറഞ്ഞ സൂത്രവാക്യത്തിലെ ആശയം സംഹാരരൂപം പൂണ്ടതായിരുന്നു. വസ്തുനിഷ്ഠമായ ഒരു സത്യം അതിനകത്തുണ്ടു്. ആ സത്യത്തെ നമ്മുടെ കാമധേനുവാക്കിത്തീർക്കുകയുമാവാം. ഈ നിലയിൽ പ്രൊഫസർ ഐൻസ്റ്റൈയിൻ ഭൂമിയെ സ്വർഗമാക്കാനുള്ള കവാടം തുറന്ന മഹർഷിയാണെന്നു് ഞാൻ പറയും. വിശ്വാമിത്രവസിഷ്ഠാദികളെപ്പോലെതന്നെ അദ്ദേഹവും നമുക്കാരാധ്യനാണു്. പാശ്ചാത്യവിജ്ഞാനത്തിന്റെ കൊടുമുടിയിലെത്തിയ അദ്ദേഹം മാനവസംസ്കാരത്തിന്റെയും മഹോന്നതപദവിയെ അലങ്കരിച്ചിരുന്നു. ശാസ്ത്രജ്ഞനായ അദ്ധ്യക്ഷൻ ഭയപ്പെടുന്നതുപോലെ സയൻസിന്റെ തീനാമ്പുകൾ ഭാരതീയസംസ്കാരത്തെ കരിച്ചുകളയുമെന്നു് ഞാൻ വിചാരിക്കുന്നില്ല; എന്നുമാത്രമല്ല നമ്മുടെ സംസ്കാരത്തിലെ കരിനിഴലുകൾ നീങ്ങിപ്പോകണമെങ്കിൽ സയൻസിന്റെ വെളിച്ചം വീശുകതന്നെ വേണമെന്നും എനിക്കഭിപ്രായമുണ്ടു്. മതത്തിനും തത്ത്വശാസ്ത്രത്തിനും ഭാരതീയരെ അന്ധവിശ്വാസഗർത്തത്തിൽനിന്നുദ്ധരിക്കാൻ കഴിഞ്ഞിട്ടില്ല. നമ്മുടെ ഇതുവരെയുള്ള ചരിത്രം, സാമാന്യമായിപ്പറഞ്ഞാൽ പട്ടിണിയുടെയും രോഗത്തിന്റെയും അജ്ഞതയുടെയും ചരിത്രമാണു്. ഈ ദുരവസ്ഥയെ പരിഹരിക്കാനും സയൻസിന്റെ കരാവലംബം കൂടിയേ കഴിയൂ. ഇതൊക്കെ നേരെയായിട്ടുവേണ്ടേ ആധ്യാത്മികകാര്യങ്ങൾ പ്രസംഗിക്കാൻ? പട്ടിണിപ്രേതങ്ങളുടെ മുമ്പിൽനിന്നു് മനുഷ്യൻ അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു് ഉപദേശിച്ചാൽ കല്ലേറുകൊള്ളേണ്ടിവരും. ഇങ്ങനെ ഏതു് പ്രകാരത്തിൽ നോക്കിയാലും ശാസ്ത്രവിജ്ഞാനത്തെ അപലപിക്കുകയല്ല, ആരാധിക്കുകയാണു് നാം വേണ്ടതെന്നു് മനസ്സിലാകും.
ഈ നിലയ്ക്കു് ശാസ്ത്രഗ്രന്ഥങ്ങൾക്കും ഗ്രന്ഥശാലകളിൽ സുപ്രധാനമായ സ്ഥാനമുണ്ടു്. എല്ലാവരും സാങ്കേതികാർത്ഥത്തിൽ ശാസ്ത്രജ്ഞരായിക്കൊള്ളണമെന്നല്ല ഇവിടെ വിവക്ഷിക്കുന്നതു്. നമുക്കറിയേണ്ട വിഷയങ്ങളെപ്പറ്റി ശാസ്ത്രീയമായി ലളിതമായ ഭാഷയിൽ പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥങ്ങൾ വായിച്ചു് പഠിക്കണം. തദ്വാരാ ഒരു ശാസ്ത്രീയമനോഭാവം നമുക്കുണ്ടാകണം. അതിനുപകരിക്കുന്ന ലളിതങ്ങളായ ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിൽ അധികമില്ലെങ്കിലും ഉള്ളവ വാങ്ങി ശേഖരിക്കുകയും അവ വായിക്കുന്നതിനു് ഗ്രന്ഥശാലാംഗങ്ങളെ പ്രേരിപ്പിക്കുകയും വേണമെന്നേ ഇവിടെ പറയുന്നുള്ളു. പാശ്ചാത്യസംസ്കാരം, പൗരസ്ത്യസംസ്കാരം എന്നിങ്ങനെ വേലികെട്ടിത്തിരിച്ചു് നമ്മുടെ സംസ്കാരത്തിന്റെ മഹിമയെ പാടിപ്പുകഴ്ത്താനുള്ള കാലം കഴിഞ്ഞു് പോയി. ലോകം മുഴുവൻ ഒരു കുടുംബമായിത്തീർന്നിരിക്കുന്ന ഇക്കാലത്തു് ഒരു സംസ്കാരമേ പരിഗണനീയമായിട്ടുള്ളു—അതായതു് മാനവസംസ്കാരം. അതു് വികസിച്ചുവരുന്നതു് ശാസ്ത്രബോധത്തിലൂടെയാണു്. മനുഷ്യരുടെയിടയിൽ വർഗവിവേചനം അർത്ഥമില്ലാത്ത അന്ധാചാരമാണെന്നു് ശാസ്ത്രാചാര്യൻ പഠിപ്പിച്ചപ്പോഴേ ലോകം ശ്രദ്ധിച്ചുതുടങ്ങിയുള്ളു. എല്ലാം ഒന്നാണെന്നു് മതോപദേഷ്ടാവു് നൂറ്റാണ്ടുകൾ ഉരുവിട്ടിട്ടും ഫലമുണ്ടായില്ല.
ഇനി മാസികാപത്രങ്ങളെസ്സംബന്ധിച്ചുകൂടി ഒരു വാക്കു്. രാഷ്ട്രീയപ്പാർട്ടികളും അവയുടെ ജിഹ്വകളായ പത്രമാസികകളും പരസ്പരസ്പർദ്ധികളായിരിക്കുന്ന ഒരു കാലമാണിതു്. ഏതുതരം പത്രങ്ങളും മാസികകളുമാണു് ഗ്രന്ഥശാലകളിൽ വരുത്തേണ്ടതെന്നു് പ്രവർത്തകർ സന്ദേഹിക്കുന്നു. ഇതിൽ സംശയിക്കാനില്ല. നിവൃത്തിയുള്ളിടത്തോളം എല്ലാ കക്ഷികളുടെയും പ്രസിദ്ധീകരണങ്ങൾ വരുത്തി വായിക്കണം. സത്യാവസ്ഥ കണ്ടുപിടിക്കാൻ കണക്കിലേറെ കഷ്ടപ്പെടേണ്ട ഒരു കാലഘട്ടത്തിലാണു് നാം ജീവിക്കുന്നതു്. ലോകത്തുള്ള സകല ഗവൺമെന്റുകളും നുണപറയാൻതന്നെ പ്രത്യേക ഡിപ്പാർട്ട്മെന്റ് ഉണ്ടാക്കിയിട്ടുണ്ടു്. പ്രസിദ്ധീകരണവകുപ്പെന്നാണു് ഇതിനു് പേരു്. എല്ലാക്കാര്യങ്ങളും—സ്ഥിതിവിവരക്കണക്കുകൾപോലും—വെള്ളയടിച്ചു് കാണിക്കാനുള്ള വേലയാണു് ഈ വകുപ്പിനകത്തു് നടക്കുന്നതു്. ആ സ്ഥിതിക്കു് രാഷ്ട്രീയപ്പാർട്ടികളുടെ കഥ പറയേണ്ടതുണ്ടോ? അതുകൊണ്ടു് അനുവാചകർതന്നെ എല്ലാ പക്ഷവും മനസ്സിലാക്കി ശരിയും തെറ്റും കണ്ടുപിടിക്കാൻ സ്വയം ഒരു യത്നം നടത്തേണ്ടിയിരിക്കുന്നു. ഗ്രന്ഥശാലകളിലെ ചർച്ചാസമിതികൾ ഇക്കാര്യത്തിൽ പ്രത്യേകിച്ചും ഉപകരിക്കും. ഗ്രന്ഥങ്ങൾ വഴിയായും പത്രമാസികകൾ വഴിയായും കിട്ടുന്ന അറിവിനെ സ്വന്തം ബുദ്ധിയുപയോഗിച്ചു് നിരൂപണം ചെയ്തു് സ്വതന്ത്രമായ ഒരു നിഗമനത്തിലെത്തിച്ചേരാനുള്ള ഒരു പരിശീലനം ഗ്രന്ഥശാലാരംഗങ്ങളിൽ നിർവഹിക്കാവുന്നതാണു്.
‘സ്വന്തമാം പ്രജ്ഞയില്ലാത്തോ-
നന്തമെന്ന്യേ പഠിക്കിലും
ശാസ്ത്രാർത്ഥമറിയാ, കൈലു
കറിസ്വാദു കണക്കിനേ’
എന്ന മഹാഭാരതവാക്യം ഈ ഘട്ടത്തിൽ സ്മരണീയമത്രേ. ആയിരക്കണക്കിനു് പുസ്തകങ്ങൾ വായിച്ചാലും അവയിലെ അറിവു് സ്വന്തം ചിന്തയിൽ പാകപ്പെട്ടില്ലെങ്കിൽ അതു് നിഷ്പ്രയോജനമാകും.
[1] ഒരു പ്രസംഗത്തിൽ നിന്നു്.
(മാനസോല്ലാസം 1957)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971