താനൊരു ഗ്രന്ഥാരാധാകനല്ലെന്നു് പണ്ഡിറ്റ് നെഹ്റു ഈയിടെ പറയുകയുണ്ടായി. ഏതോ പ്രാചീനസംസ്കൃതഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി ആരാധ്യവസ്തുവെന്ന നിലയിൽ സമർപ്പിക്കാൻ ചെന്ന ഒരാളെ കളിയാക്കിക്കൊണ്ടാണു് അദ്ദേഹം ഇങ്ങനെ പറഞ്ഞതു്. വായിക്കാനുള്ളതാണു് പുസ്തകം, പൂജിക്കാനുള്ളതല്ല എന്ന ധ്വനി ആ വാക്യത്തിലുണ്ടു്. പ്രാചീനഗ്രന്ഥങ്ങളോടുള്ള ഭാരതീയരുടെ മൂഢമനോഭാവത്തിന്റെ തലയ്ക്കുകൊടുത്ത ഒരടിയായിരുന്നു അതു്. വേദാദിഗ്രന്ഥങ്ങൾക്കു് ദിവ്യത്വം കല്പിച്ചു് അവയെ സർവപ്രമാണമാക്കിവെച്ചു് പൂജിക്കുന്ന സ്വഭാവം ഇന്ത്യയിൽ പണ്ടേ വേരുറച്ചിട്ടുള്ളതാണു്. അവയിൽ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങൾ ശരിക്കു് മനസ്സിലാക്കുകയോ പരിശോധിക്കുകയോ ചെയ്യുന്ന പതിവു് പഴയകാലത്തുണ്ടായിരുന്നില്ല. പൊതുജനങ്ങൾക്കു് അതിനുള്ള അധികാരവും കഴിവുമില്ലായിരുന്നു. പുരോഹിതന്മാർക്കായിരുന്നുവല്ലോ ഗ്രന്ഥങ്ങളുടെ കുത്തക. അവയിലെ ഉള്ളടക്കം മറ്റുള്ളവരെ ധരിപ്പിക്കാതെ നിധികാക്കുന്ന ഭൂതങ്ങളെപ്പോലെ അവർ സംരക്ഷിച്ചു് പോന്നു. തങ്ങളുടെമാത്രം സ്വത്തായ വിദ്യകൊണ്ടു് പുരോഹിതന്മാർ ജനസാമാന്യത്തെ ചൂഷണംചെയ്തുതുടങ്ങിയതു് ഈ വഴിക്കാണു്. ഗ്രന്ഥാരാധനം നടപ്പാക്കിയതും ഇവരാകുന്നു. ജനങ്ങളോടു് ജ്ഞാനതൃഷ്ണ ശമിക്കാൻ അധ്യയനത്തിനുപകരം ആരാധനം മതിയെന്നാണു് ഇവർ നിശ്ചയിച്ചതു്. ഇതുകൊണ്ടു് ഗുണം കിട്ടുമെന്നു് അജ്ഞരായ ജനങ്ങളും വിശ്വസിച്ചു. ബ്രാഹ്മണപൗരോഹിത്യം പ്രചരിപ്പിച്ച ഈവക അന്ധവിശ്വാസങ്ങളുടെയും മിഥ്യാചാരങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്ത്യയിൽ ഇന്നും നാം കാണുന്നുണ്ടു്. ദേവീമാഹാത്മ്യം കൈവശം വെച്ചിരുന്നാൽ ഭൂതപ്രേതബാധകൾ ഉണ്ടാവുകയില്ലെന്നു് വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ടല്ലോ നമ്മുടെ നാട്ടിൽ. നവരാത്രിക്കുമാത്രം ഗ്രന്ഥക്കെട്ടു് പുറത്തെടുത്തു് പൊടിതട്ടിക്കളഞ്ഞു് പൂജയ്ക്കുവയ്ക്കുന്ന സമ്പ്രദായം ഇന്നും തുടർന്നുവരുന്നു. അർത്ഥം മനസ്സിലായില്ലെങ്കിലും കർക്കടകമാസത്തിൽ ആധ്യാത്മരാമായണം വായിച്ചു് തീർക്കുന്നതു് പുണ്യമാണെന്നത്രേ കേരളീയവിശ്വാസം. ഭഗവദ്ഗീത, ഭാഗവതം, നാരായണീയം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പാരായണവും മതപരമായ ഒരു ചടങ്ങായിത്തീർന്നിട്ടുണ്ടു്.
ഭാരതീയരുടെ ഗ്രന്ഥസംബന്ധിയായ ഈ ദാസഭാവം പല വിധത്തിലുള്ള ദോഷങ്ങൾ ഉളവാക്കിയിട്ടുണ്ടെന്നു് പറയേണ്ടിയിരിക്കുന്നു. മാനസികമായ അടിമത്തമാണു് ഏറ്റവും വലിയ ദോഷം. മതഗ്രന്ഥങ്ങളെ സംബന്ധിച്ചു് ഇതു് പ്രത്യേകിച്ചു് പ്രകടമായിരിക്കുന്നു. വേദവിരുദ്ധമായതെന്തും തെറ്റു് എന്നൊരു വിശ്വാസം ഭാരതത്തിൽ പണ്ടേ ഉള്ളതാണല്ലോ. ന്യായവാദകോവിദനായ ശങ്കരാചാര്യർ പോലും ഈ വിശ്വാസത്തിനു് അധീനനായിരുന്നു. ഒരു സിദ്ധാന്തം തെറ്റോ ശരിയോ എന്നു് അദ്ദേഹം സ്ഥാപിക്കുന്നതു് അതിൽ ശ്രുതിവിരോധമുണ്ടോ എന്നു് നോക്കിയിട്ടാണു്. രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കുമുമ്പുണ്ടായ ഒരു ഗ്രന്ഥത്തിൽ പറഞ്ഞതിനോടു് പൊരുത്തപ്പെടുന്നില്ല എന്ന ഏകകാരണത്താൽ ഒരാശയം തെറ്റാണെന്നു് വാദിക്കുന്നതു് സാമാന്യബുദ്ധിക്കുപോലും ചേർന്നതാണോ? അതെന്തൊരു യുക്തിവാദമാണു്? ശാങ്കരവാദങ്ങളിൽ ഈ നിലപാടു് ധാരാളം കാണാം. ഒരു ഗ്രന്ഥത്തിൽ കാണുന്നതൊക്കെ ശരി. അതിലില്ലാത്തതും അതിനെതിരായതുമൊക്കെ തെറ്റു് എന്നു് വിശ്വസിക്കുക മാനസികമായ അടിമത്തത്തിന്റെ ഒന്നാമത്തെ ലക്ഷണമാകുന്നു. ഇത്തരം ഗ്രന്ഥാരാധനം സ്വതന്ത്രചിന്തയ്ക്കും വിജ്ഞാനവികാസത്തിനും വിഘാതമാകും. അതു് ഗവേഷണ ബുദ്ധിയെ അടിച്ചമർത്തും; ഗ്രന്ഥവിവേചനത്തിനു് നമ്മെ അശക്തരാക്കും. മധ്യകാല യൂറോപ്പിലെ പ്രസിദ്ധ ചിന്തകനായിരുന്ന റോജർ ബേക്കൺ അരിസ്റ്റോട്ടലിന്റെ ഗ്രന്ഥങ്ങൾ ചുട്ടുകളയണമെന്നു് ഉദ്ഘോഷിക്കുകയുണ്ടായി. അന്നത്തെ ജനങ്ങൾ ആ ഗ്രന്ഥങ്ങളുടെ ദാസന്മാരെന്ന നിലയിൽ അവയെ സർവപ്രമാണമാക്കി ആരാധിക്കുന്നതു് കണ്ടിട്ടാണു് ബേക്കൺ അങ്ങനെ പ്രതിഷേധിച്ചതു്. ഇന്നത്തെ പ്രശ്നങ്ങൾക്കു് ഗീതാതത്ത്വങ്ങൾകൊണ്ടു് പരിഹാരം കാണാമെന്നു് വാദിക്കുന്ന സ്തംഭിതമതികളുടെ നിലയും ഏതാണ്ടു് ഇതുതന്നെയാണു്. അവരുടെ ബുദ്ധിസ്തംഭനത്തിനു് കാരണം ഗ്രന്ഥാരാധനമാണു്.
ഇന്നത്തെ അറിവു് നാളത്തെ അറിവുകേടായിത്തോന്നത്തക്കവിധം നമ്മുടെ വിജ്ഞാനമണ്ഡലം വികസിച്ചുകൊണ്ടിരിക്കയാണു്. കാലം ചെല്ലുന്തോറും ആശയപരമായി ഏതു് ഗ്രന്ഥവും തിരുത്തിയെഴുതേണ്ടിവന്നേക്കാം. അങ്ങനെയല്ലാത്ത നിത്യസത്യമായ ഒരു ഗ്രന്ഥവും ലോകത്തിലുണ്ടായിട്ടില്ല. ‘പുരാണമിത്യേവ ന സാധു സർവം’ എന്ന കളിദാസവചനം നോക്കൂ. പഴക്കം ചെന്ന കൃതികളെല്ലാം കൊള്ളാവുന്നവയാകണമെന്നില്ലല്ലോ. മാത്രമല്ല, പഴക്കംകൊണ്ടുതന്നെ ഒരു ഗ്രന്ഥം ഇന്നു് പ്രയോജനാപേക്ഷയാ പിൻതള്ളപ്പെടേണ്ടിവരും. വേദംതന്നെ ഉദാഹരണമായിട്ടെടുക്കാം. വൈദികകാലത്തെ ആര്യന്മാർ സാമൂഹ്യതയിലും സംസ്കാരത്തിലും ആദ്ധ്യാത്മികജീവിതത്തിൽപ്പോലും നമ്മെക്കാൾ എത്രയോ താണനിലയിലായിരുന്നു. താരതമ്യേന എത്ര സങ്കുചിതമായിരുന്നു അന്നത്തെ അവരുടെ അറിവു്. ആ പ്രാകൃതജീവിതത്തിൽനിന്നു് ഇന്നു് നാം എത്ര മുന്നോട്ടു് പോന്നിരിക്കുന്നു. ആയിരമായിരം കൊല്ലത്തെ സാംസ്കാരികവും വൈജ്ഞാനികവുമായ പാരമ്പര്യം അവരെക്കാൾ കൂടുതൽ ഇന്നു് നമുക്കുണ്ടു്. അന്നത്തെ ആര്യന്മാർ പാടിക്കൂട്ടിയ പാട്ടുകളുടെ ഒരു സമാഹാരമാണല്ലോ വേദം. ആ നിലയ്ക്കു് ഇന്നെന്തിനു് ഈ ഗാനങ്ങൾക്കു് ഇത്ര ദിവ്യത്വം കൽപിക്കുന്നു? അതുകൊണ്ടെന്തു് പ്രയോജനം? ഏതു് ഗ്രന്ഥവും നമ്മുടെ വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ പരിശോധിച്ചു് തള്ളേണ്ടതു് തള്ളാനും കൊള്ളേണ്ടതു് കൊള്ളാനും തയ്യാറാകണം. ഗീതപോലും ഉപദേശിക്കുന്നതു് അതാണു്. കൃഷ്ണൻ അർജ്ജുനനു് സകലതും ഉപദേശിച്ചതിനുശേഷം.
‘വിമൃശൈതദശേഷേണ
യഥേച്ഛസി തഥാ കുരു’
എല്ലാം വിമർശിച്ചു് നിനക്കു് അഭിമതമായതുചെയ്യുക—എന്നു് പറയുന്നുണ്ടു്. ഗീതോപദേശം മനസ്സിനൊരു ചങ്ങലയാകരുതു്. അതിലും നിരൂപണബുദ്ധി വേണം എന്നു് ചുരുക്കം. ഗ്രന്ഥാരാധനം ഉപേക്ഷിച്ചു് സ്വതന്ത്രചിന്താശീലം പാലിക്കാനുള്ള ഒരാഹ്വാനംകൂടിയാണതു്.
(മാനസോല്ലാസം 1961)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971