ജനിച്ചുവളരുന്ന കുട്ടിയെ സ്വന്തം മതം, ആചാരം, വിശ്വാസം മുതലായവ സ്വാധീനിക്കുന്നു. പ്രായമാകുമ്പോൾ, ഈ വിശ്വാസങ്ങളെയൊക്കെ പുനഃപരിശോധന ചെയ്യേണ്ടതാണു്. അങ്ങനെ ചെയ്യാത്തവർക്കു സാഹിത്യകാരന്മാരെന്ന നിലയ്ക്കു സ്ഥായിയായ സ്വാധീനം സമുദായത്തിൽ ചെലുത്താൻ കഴിയില്ല. ഒരു സാഹിത്യകാരനെന്ന നിലയ്ക്കു് അമാനുഷസിദ്ധികളുണ്ടായിരുന്നു കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനു്. എന്നാൽ അദ്ദേഹത്തിനു പ്രത്യേകമായ ഒരു വീക്ഷണമുണ്ടായിരുന്നില്ല. സ്വന്തം വീക്ഷണത്തെ പുനഃപരിശോധന ചെയ്തില്ല. അദ്ദേഹത്തിന്റെ വീക്ഷണം സങ്കുചിതവും യാഥാസ്ഥിതികവുമായിരുന്നു.
‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന ദർശനം പണ്ടേ മുതൽക്കു ഭാരതീയർക്കുള്ളതാണു്. ഇതു് എല്ലാവർക്കും സ്വീകാര്യമാണു്. ഇന്നതിന്റെ ഭാഷ സോഷ്യലിസം എന്നതാണു്. ഗീതയിലും, ക്രിസ്തുമതത്തിലും സോഷ്യലിസമുണ്ടെന്നു വാദിക്കുന്നതു വ്യർത്ഥമാണു് നമ്മുടെ ജീവിതത്തെ എങ്ങനെ രൂപപ്പെടുത്തണം, എന്തായിരിക്കണം അതിന്റെ സ്വഭാവം എന്നു നമുക്കു തിട്ടംവേണം.
സമഗ്രമായ വീക്ഷണം സാഹിത്യകാരന്മാർക്കുണ്ടാകണം. ശാസ്ത്രകാരന്മാരെ, എടുക്കാം: സമഗ്രവീക്ഷണമില്ലാത്തവർക്കുദാഹരണമായി. ഡാർവിൻ പരിണാമസിദ്ധാന്ത മവതരിപ്പിച്ചു. മാർക്സ് ജീവിതത്തിന്റെ അടിസ്ഥാനശക്തി സാമ്പത്തികകാര്യങ്ങളാണെന്നു വാദിച്ചു. രണ്ടും പ്രധാനപ്പെട്ട ദർശനങ്ങളാണു്. പക്ഷേ, രണ്ടും ഭാഗിക വീക്ഷണങ്ങളാണു്. ഫ്രോയ്ഡ് ജീവിതവീക്ഷണത്തിൽ വരുത്തിയ വിപ്ലവത്തിന്നും ഇതേ ന്യൂനതയുണ്ടു്. ജീവിതത്തിൽ എല്ലാത്തിന്റെയും അടിസ്ഥാനം ലൈംഗികപ്രേരണയാണെന്നു വരുത്താനുള്ള ശ്രമമായിത്തീർന്നു ഫ്രോയിഡിന്റേതു്.
ഇതു സ്പെഷ്യലിസ്റ്റുകളുടെ കാലമാണു്. പക്ഷേ, സ്വന്തം രംഗത്തു മാത്രമാണു സ്പെഷ്യലിസ്റ്റുകൾ സ്പെഷ്യലൈസ് ചെയ്യുന്നതു്. ബാക്കി ജീവിതാംഗങ്ങളുടെ കാര്യത്തിൽ അവർ അന്ധരാണു്. മനുഷ്യജീവിതം വളരെ സങ്കീർണ്ണമാണു്. എത്ര പഠിച്ചാലും എല്ലാം ബോദ്ധ്യമാവില്ല. എല്ലാറ്റിലും വിദഗ്ദ്ധരായിട്ടു് ആരുമില്ല. സാഹിത്യകാരൻ അങ്ങനെയായാൽ പോരാ; ജീവിതത്തെപ്പറ്റി സമഗ്രമായ ഒരു ബോധം എഴുത്തുകാരനുണ്ടാവണം.
ഇതു് ഏകലോകത്തിന്റെ കാലമാണു്. ദേശാഭിമാനത്തിന്നുപോലും ഇന്നു പരിമിതികളുണ്ടു്. ‘എന്റെ ആളുകൾ, നാടു്, രാജ്യം’ എന്നല്ല, ‘എന്റെ ലോകം’ എന്ന വീക്ഷണം എഴുത്തുകാരന്നു വേണം. ഇക്കാര്യത്തിൽ ടാഗോറാ ണു് ഏറ്റവും അനുകരണീയനായിട്ടുള്ളതു്.
പക്ഷേ, ഈ ശാസ്ത്രീയയുഗത്തിലും ചിലർ മതത്തിന്റെയും ജാതിയുടെയും ക്ഷുദ്രമായ സങ്കുചിതത്വത്തിന്റെയും മതിൽക്കെട്ടുകൾക്കുള്ളിൽ പരതന്ത്രരായിക്കിടക്കുകയാണു്.
എഴുത്തുകാരനു് സ്വന്തമായ, ശാസ്ത്രീയമായ ഒരു വീക്ഷണം വേണം. താൻ കാണുന്നപടിക്കേ ഒരാൾ എഴുതിക്കൂടൂ. അയാൾ ഗ്രാമഫോൺപ്ലെയിറ്റായാൽ പറ്റില്ല.
മനുഷ്യർക്കു് പൊതുവിൽ ഒരു ജീവിതദർശനം ഉണ്ടായാൽ നന്നു്. സാധാരണ മനുഷ്യർക്കു അങ്ങനെയൊന്നുണ്ടാവുക എളുപ്പമല്ല. എന്നാൽ തങ്ങളുടെ കൃതികളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കുന്ന സാഹിത്യകാരന്മാർക്കു സ്വന്തമായ ഒരു ദർശനമുണ്ടായേ പറ്റു.
1962 ഏപ്രിൽ 25-ാം തീയതി കോഴിക്കോട്ടു ചെറുകഥാകാരന്മാരുടെ ക്യാമ്പിൽ ചെയ്ത പ്രസംഗം.
(വിമർശനവും വീക്ഷണവും)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971