ചാർവാകസിദ്ധാന്തം, ബാർഹസ്പത്യം, ലോകായതം എന്നീ പേരുകളിലാണു് പ്രാചീനഭാരത്തിലെ നാസ്തികഭൗതികവാദം അറിയപ്പെട്ടിരുന്നതു്. ദേവീപ്രസാദ്ചതോപാദ്ധ്യായ എഴുതിയ ‘ലോകായതം’ എന്ന നവീനഗ്രന്ഥത്തിൽ ഈ സിദ്ധാന്തം വൈദികകാലത്തിനു മുമ്പുതന്നെ ഇൻഡ്യയിൽ പ്രചരിച്ചിരുന്നുവെന്നു് തെളിവുസഹിതം സമർത്ഥിച്ചിരിക്കുന്നു. ലോകേഷു—ജനങ്ങളിൽ, ആയതം—വ്യാപ്തം എന്നു് ലോകായതത്തിനർത്ഥം പറയാം. ഈ പേരിൽനിന്നു തന്നെ ഭൗതികവാദത്തിനു അക്കാലത്തു് പ്രചുരപ്രചാരമുണ്ടായിരുന്നുവെന്നു ഊഹിക്കാമല്ലോ. അനന്തരകാലത്തു് ആര്യബ്രാഹ്മണരുടെ വേദോപനിഷത്തുക്കൾക്കു് പ്രാമാണ്യം സിദ്ധിച്ചതോടെ പ്രസ്തുത സിദ്ധാന്തത്തിനു് പ്രചാരം കുറഞ്ഞു മാത്രമല്ല, സനാതനമതക്കാരുടെ ദൃഷ്ടിയിൽ ചാർവാകർ നിഷിദ്ധരും അവഹേളനാർഹരുമായി. തങ്ങളുടെ മതം വിശ്വസിക്കാത്തവരെയൊക്കെ അസുരന്മാരും രാക്ഷസന്മാരുമാക്കി ചിത്രീകരിക്കുന്ന പതിവു് ആര്യബ്രാഹ്മണരുടെയിടയിൽ പണ്ടേ ഉണ്ടായിരുന്നു. ചാർവാകരേയും ഇക്കൂട്ടത്തിൽപ്പെടുത്താൻ അവർ മടിച്ചിരുന്നില്ല. എങ്കിലും അന്നത്തെ ഭൗതികവാദം ബുദ്ധിമാന്മാരും സ്വതന്ത്രചിന്തകരുമായ പല ബ്രാഹ്മണരെയും ആകർഷിച്ചിരുന്നുവെന്നതിനു് രാമായണത്തിലും ഭാരതത്തിലും തെളിവുകൾ കാണാം. രണ്ടിലേയും കഥാഗതിയിൽ ചില ചാർവാകബ്രാഹ്മണർ തലപൊക്കുന്നുണ്ടു്. അവരെ തോല്പിച്ചോടിക്കാനും നശിപ്പിക്കാനും വൈദികബ്രാഹ്മണൻ പല കുതന്ത്രങ്ങളും പ്രയോഗിച്ചിരുന്നു.
ഭാരതം ശാന്തിപർവത്തിലെ ചാർവാകവധം ചാർവാകവരദാനാദികഥനം എന്നീ രണ്ടുപാഖ്യാനങ്ങൾ മേൽപ്പറഞ്ഞതിനുദാഹരണമാണു്. സ്വതേ ശാന്തശീലനും ധർമിഷ്ഠനുമായ യുധിഷ്ഠിരൻ കുരുക്ഷേത്രയുദ്ധം കഴിഞ്ഞപ്പോൾ താൻമൂലം സംഭവിച്ച പിതാമഹഗുരുഭ്രാത്യവധാദിദ്രോഹകൃത്യങ്ങളോർത്തു് അത്യന്തം സന്തപ്തനും വിരക്തനുമായിത്തീരുന്നു ഓർക്കുന്തോറും തെളിഞ്ഞു വന്ന അപരാധബോധത്താലും നീറിനീറിപ്പിടിച്ച പശ്ചാത്താപത്താലും അദ്ദേഹം ദയനീയമാംവിധം അസ്വസ്ഥചിത്തനായി. മുറപ്രകാരം രാജസ്ഥാനമേറ്റെടുക്കാൻ പോലും ആ നീതിനിഷ്ഠൻ മടികാണിച്ചു. ഇത്തരം ദുർഘടഘട്ടങ്ങളിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ടു് ഒരു പോം വഴി കാണിച്ചുകൊടുക്കുന്ന മഹാമുനി വേദാവ്യാസൻ ശ്രീകൃഷ്ണ പ്രഭൃതികളുമൊരുമിച്ചുചെന്നു ധർമപുത്രരെ സമാശ്വസിപ്പിക്കുകയും സമയോചിതമായ ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യുന്നു. വൈവശ്യവും വൈരാഗ്യവും തീർത്തു പാണ്ഡവജ്യേഷ്ഠനെ കർത്തവ്യോന്മുഖനാക്കുക എന്നതായിരുന്നു ഉപദേഷ്ടാക്കളുടെ മുഖ്യോദ്ദേശ്യം അതു നിഷ്പ്രയാസം സഫലമായി. മനഃക്ലൈബ്യമെല്ലാം തീർന്നു ധർമപുത്രർ ഭരണാധികാരമേൽക്കാൻ രാജധാനിയിലേക്കു പുറപ്പെട്ടു. വമ്പിച്ചൊരു ഘോഷയാത്രയോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ ഹസ്തിനപുരപ്രവേശനം. അസംഖ്യം വിപ്രന്മാരെയും ദേവകളെയും പൂജിച്ചനുഗ്രഹം വാങ്ങുക എന്ന കർമം ആദ്യം നടന്നു. ബന്ധുമിത്രാദികളാൽ അനുഗതനായി രാജകീയാഡംബരങ്ങളോടെ ധർമ്മപുത്രർ തേരിൽ കേറി.
‘പിന്നെ വെള്ളപ്പുതുത്തേരു
കമ്പിളിത്തോലണിഞ്ഞതായ്
പതിനാറു ശുഭംചേരും
വെള്ളക്കാള വഹിപ്പതായ്
പുണ്യമന്ത്രാർച്ചിതമതിൽ-
ക്കേറി വന്ദികൾ വാഴ്ത്തുവോൻ’
എന്നാണു് കവിയുടെ വർണനം തേർ തെളിക്കാൻ ഭീമൻ, വെൺകൊറ്റക്കുട പിടിക്കാൻ അർജ്ജുനൻ, വെഞ്ചാമരം വീശാൻ നകുലസഹദേവന്മാരും ആഹ്ലാദഭരിതമായ ജനക്കുട്ടത്തിന്റെ ജയജയഘോഷം നാലുപാടും മാറ്റൊലികൊണ്ടു ഇങ്ങനെ പുരപ്രവേശം തിരുതകൃതിയാക്കി ധർമപുത്രൻ രാജഗൃഹദ്വാരത്തിൽ എത്തി.
‘പിന്നെ വിണ്ണും തിങ്ങുമാറായ്
പുണ്യാഹധ്വനി ഭാരത!
സുഹൃൽ പ്രീതിദമുണ്ടായി
പുണ്യം ശ്രുതിസുഖാവഹം’
എന്നു് കവിവർണനം തുടരുന്നു. പൂർണകുംഭവുമേന്തി വേദോച്ചാരണത്തോടെ ബ്രാഹ്മണർ ചുറ്റും കൂടി രാജാവിനെ ആശീർവദിച്ചു. ഈ കോലാഹലമൊക്കെ കഴിഞ്ഞു് അല്പനേരത്തേയ്ക്കൊരു നിശ്ശബ്ദത വ്യാപിച്ചപ്പോൾ പെട്ടെന്നു വിപ്രസമൂഹത്തിൽ നിന്നു് ഒരു ചാർവാകബ്രാഹ്മണൻ മുന്നോട്ടു വന്നു് ഉറക്കെ വിളിച്ചു പറയുകയാണു്.
‘ഈ വിപ്രരൊക്കെച്ചൊൽവൂ ആ
വാക്കിതെന്റെമുഖാന്തരം
ജ്ഞാതിഘ്നൻ നീ നൃപതി! നീ
നിന്ദ്യനായ്ത്തിരുമെന്നുതാൻ
കൗന്തേയ! ജ്ഞാതിനിധന-
മിതു ചെയ്തവനെന്തിനോ?
ഗുരുക്കളെക്കൊല്ലിച്ചു, ചാക
നല്ലു ജീവിക്കയല്ലിഹ.’
എന്തൊരു നാടകീയമായ രംഗം? എത്ര ധീരമായ അഭിപ്രായപ്രകടനം? ജ്ഞാതികളെയും ഗുരുക്കളെയും കൊല്ലിച്ച കൊലയാളിയാണു് ധർമപുത്രരെന്നും അയാൾക്കിനി ജീവിതത്തേക്കാൾ നല്ലതു മരണമാണെന്നും ചാർവാകൻ മുഖത്തു നോക്കി തുറന്നടിക്കുന്നു. പാവം ധർമപുത്രർക്കു മറുപടിയില്ല. സത്യമല്ലേ പറഞ്ഞതു്? പണ്ടേ തന്റെ അബോധമനസ്സിലാണ്ടുകിടന്നിരുന്ന അപരാധബോധം ആളിക്കത്തുന്നതായി അനുഭവപ്പെട്ടു് രാജാവു വീണ്ടും വിവശനായി. ആശീർവാദം മുഴക്കിയിരുന്ന ബ്രാഹ്മണരോ? കൂട്ടത്തിലൊരുവൻ ആ മംഗളമുഹൂർത്തത്തിൽ ഇങ്ങനെ അപ്രതീക്ഷിതമായി തങ്ങളുടെ മുഖത്തു കരിതേക്കുമെന്നു് അവർ വിചാരിച്ചില്ല. പ്രതിഷേധം അയാളുടേതു മാത്രമായിരുന്നെങ്കിൽ സഹിക്കാമായിരുന്നു. എന്നാൽ ബ്രാഹ്മണസമൂഹത്തിന്റെ പ്രതിനിധിയായിട്ടാണു് ആ ശഠബുദ്ധി സംസാരിച്ചതു് ഇനി എന്തുചെയ്യും? എങ്ങനെ ഈ നാണക്കേടിനെ നേരിടും? രാജ്യം ഭരിക്കാൻ പോകുന്ന ധർമപുത്രരെ ഇങ്ങനെ തങ്ങളുടെ കൂട്ടത്തിൽ നിന്നുകൊണ്ടു പരസ്യമായി അവഹേളിച്ചതിനു എന്തു പ്രതിവിധി? രാജാവും ബ്രഹ്മണരുമെല്ലാം ‘നാണിച്ചുദ്വേഗമാണ്ടൊന്നും മിണ്ടാതായി നിന്നു’ എന്നു കവി പറയുന്നു. പക്ഷേ, വീർപ്പുമുട്ടിച്ച ഈ മൗനം അധികനേരം നീണ്ടുനിന്നില്ല. പ്രത്യുൽപന്നമതികളായ ഭൂദേവന്മാർ നല്ലൊരു സമാധാനം കണ്ടുപിടിച്ചു. ഈ ‘തോന്ന്യാസം’ കാണിച്ചവൻ ബ്രാഹ്മണനല്ല ബ്രാഹ്മണവേഷത്തിൽ വന്നിരിക്കുന്ന ഒരു ചാർവാകരാക്ഷസനാണു്. മാത്രമല്ല, ഇവൻ ദുര്യോധനപ്രിയനും അയാൾക്കു് ഹിതം ചെയ്യാൻ വന്നവനുമാണു്. ഇങ്ങനൊയൊരു കഥ അവർ കെട്ടിച്ചമച്ചു പറഞ്ഞു കേൾപ്പിച്ചപ്പോൾ ധർമ്മപുത്രർക്കു് ഒട്ടൊരാശ്വാസമായി. ബ്രഹ്മജ്ഞരുടെ വാക്കു വിശ്വസിക്കാതിരിക്കാനൊക്കുമോ? ഇത്രമാത്രം കൊണ്ടും കാര്യം കലാശിച്ചില്ല. ‘ക്രുദ്ധരും ക്ഷുധരുമായ ബ്രാഹ്മണരെല്ലാം ചേർന്നു ചാർവാകന്റെ കഥകഴിച്ചു. രാക്ഷസൻ വധ്യനാണല്ലോ.’
‘വെന്തുവീണിതവൻ ബ്രഹ്മ-
വാദിതേജസ്സിനാലുടൻ’
എന്നാണു് കവി പറയുന്നതെങ്കിലും ബ്രാഹ്മണതേജസിലല്ല സാധാരണ വഹ്നിയിലാണു് ആ നിസ്സഹായനെ അവർ ചുട്ടെരിച്ചതെന്നു അന്ധവിശ്വാസികളല്ലത്തവരൊക്കെ മനസ്സിലാക്കും. ബ്രൂണോവിനെ ചുട്ടുകരിച്ച ‘ഇൻക്വിസിഷൻ’ സമ്പ്രദായത്തിന്റെ പൗരസ്ത്യപ്പതിപ്പാണിതു്. സതിയെന്ന ക്രൂരാചാരത്തെപ്പോലും സാനാതനധർമ്മത്തിലുൾപ്പെടുത്തി അനേകായിരം വിധവകളെ വിറകുകൊള്ളികളാക്കി ജീവനോടെ ദഹിപ്പിച്ച ആർഷഭാരതത്തിൽ ഇത്തരം സംഭവങ്ങൾ നടന്നുവെന്നതു് ഒട്ടും ആശ്ചര്യകരമല്ല. പഴയകാലത്തു് ഇൻഡ്യയിൽ ചാർവാകവിദ്വേഷം അത്രമാത്രം കത്തിക്കാളിയിരുന്നു. ചാർവാകസിദ്ധാന്തത്തെ മനഃപൂർവ്വം വളച്ചൊടിച്ചും അന്യഥാ വ്യാഖ്യാനിച്ചും അതിനെപ്പറ്റി ജനങ്ങളുടെയിടയിൽ വെറുപ്പുളാവാക്കാൻ പണ്ടത്തെ മതപണ്ഡിതന്മാർ എത്രയോ ശ്രമം നടത്തിയിട്ടുണ്ടു്.
മേൽപ്പറഞ്ഞ കെട്ടുകഥ കേട്ടിട്ടും ധർമപുത്രർക്കു വേണ്ടത്ര വിശ്വാസം വന്നില്ലെങ്കിലോ എന്നു കരുതി ശ്രീകൃഷ്ണൻ തന്നെ മുന്നോട്ടു വന്നു് ഈ ‘ചാർവാകരാക്ഷസ’നെപ്പറ്റി ഒരു പുരാണകഥകൂടി പറയുന്നു. അതാണു് ചാർവാകവരദാനാദികഥനം. അയാൾ പണ്ടു ബദരിയിൽചെന്നു് ബ്രഹ്മാവിനെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്തി വരം വാങ്ങിയെന്നും അനന്തരം വാനോരെ ദ്രോഹിക്കാൻ പുറപ്പെട്ടുവെന്നും മറ്റും. ഇത്തരം മുത്തശ്ശിക്കഥകൾ വിസ്തരിച്ചു ഇവിടെ സ്ഥലം മെനക്കെടുത്തേണ്ടതില്ലല്ലോ.
യുക്തിവിഹാരം 1968.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971