ഭാരതീയസാഹിത്യത്തിന്റെ അസ്തിവാരമുറപ്പിച്ചവരാണല്ലോ വ്യാസനും വാല്മീകി യും. തപസ്സ്വധ്യായനിരതന്മാരായ ഈ മഹർഷിമാർ ഇന്നും വിശ്വമഹാകവികളായി ആരാധിക്കപ്പെടുന്നു. ഇവരെ ഉപജീവിച്ചും എന്നാൽ സ്വകീയമായ ഒരു പദ്ധതി വെട്ടിത്തുറന്നും വിശ്വമഹാകവിപദത്തിലെത്തി, കാളിദാസനും. ഈ മൂന്നുപേരുടെയും അനശ്വരമായ വാഗ്വിലാസമാണു് ഇന്ത്യയിലെ പ്രാദേശിക സാഹിത്യങ്ങൾക്കു് ജീവനും ശക്തിയും പ്രദാനംചെയ്തിട്ടുള്ളതു്. ഈ മഹാത്മാക്കളുടെ സാഹിതീവിദ്യാപാരമ്പര്യത്തിൽനിന്നു കാലോചിതമായി അഭ്യുത്ഥാനംചെയ്ത അഭിനവ ജ്യോതിസ്സാകുന്നു രവീന്ദ്രനാഥടാഗോർ. വ്യാസവാല്മീകിമാരെപ്പോലെ ടാഗോറും ക്രാന്തദർശിയായിരുന്നു. അദ്ദേഹത്തിന്റെ ക്രാന്തദർശനം സർവ്വവിധ ജീവിതപരിമിതികളെയും രാജ്യസീമകളെയും അതിക്രമിച്ചു വിശ്വമശേഷം വ്യാപിച്ചു. തത്ഫലമായി ആ കവീശ്വരന്റെ വചസ്സമ്പത്തു സാഹിത്യാന്തരങ്ങൾക്കെല്ലാം ഉൾക്കൊള്ളാവുന്ന ജീവനൗഷധമായിത്തീർന്നു. അതു് ആസ്വദിക്കാത്ത സാഹിത്യകാരന്മാർ ആധുനികഭാരതത്തിലുണ്ടോ എന്നറിഞ്ഞുകൂടാ. ഹിമാലയത്തെപ്പോലെ സമുന്നതശീർഷമാണു് ടാഗോർസാഹിത്യമെന്നു പറയാം. അതിന്റെ ശിരസ്സിലെത്തുക അത്ര എളുപ്പമല്ല. അവിടെനിന്നു ബഹുമുഖങ്ങളായി പുറപ്പെട്ടിട്ടുള്ള സാരസ്വതസരിത്തുകളുടെ സമതടങ്ങളിൽ അവയുടെ കുളിർമയേറ്റു വിഹരിക്കാനേ സാധാരണക്കാർക്കു സാധിക്കു. ആ കവീശ്വരന്റെ കലാസപര്യ ലൗകികപരിധിയെ അതിക്രമിച്ചു് ആദ്ധ്യാത്മിക മണ്ഡലത്തിലേയ്ക്കു കടന്നു് അവിടത്തെ അഭൗമമായ സൗന്ദര്യവിശേഷം ദർശിച്ചു് അതിൽ നിലയുറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ വിശ്വപ്രേമം അലയടിക്കുന്ന ലൗകിക മണ്ഡലവും അദ്ദേഹത്തിന്റെ സാഹിത്യത്തിൽ ചിത്രീകൃതമായിട്ടുണ്ടു്. സ്നേഹമാകുന്ന കുളിർപ്പൂനിലാവിൽ സർവ്വവും ഏകമായിക്കാണുന്ന വിശ്വവീക്ഷണത്തിന്റെ ഫലമാണതു്. ജാതി, മതം, സമുദായം, രാഷ്ട്രം എന്നീ സങ്കുചിതവൃത്തങ്ങളെല്ലാം അവിടെ നിശ്ശേഷം മാഞ്ഞു പോകുന്നു. ‘വസുധൈവകുടുംബകം’ എന്ന പ്രാചീന ഭാരതീയാദർശത്തെത്തന്നെ ഈ മഹാകവിയും ഉയർത്തിക്കാണിക്കുന്നു. വിശ്വഭാരതിയുടെ ഗോപുരദ്വാരത്തിൽ എഴുതിവെച്ചിരിക്കുന്ന ‘യത്രവിശ്വം ഭവത്യേകനീഡം’ എന്ന വാക്യം ഇതിനുദാഹരണമാണു്. ഈ സമുന്നതാദർശത്തിനുവേണ്ടിയാണു് ഇന്നത്തെ ലോകം ദാഹിച്ചു കൊണ്ടിരിക്കുന്നതു്. നമ്മുടെ പ്രാദേശികസാഹിത്യങ്ങളിലെ ഇടുങ്ങിയ ഭിത്തികൾ തകർന്നു് ആസേതുഹിമാചലം സാംസ്കാരികമായ ഒരു സംയോജനം സാധ്യമാകാൻ ടാഗോർസാഹിത്യസമ്പർക്കം അത്യന്താപേക്ഷിതമാണെന്നു് ഇനി പ്രത്യേകം പറയേണ്ടതില്ല.
ഇതരഭാഷകൾക്കെന്നപോലെതന്നെ മലയാളഭാഷയ്ക്കും ടാഗോർസാഹിത്യത്തിന്റെ ചൂടും വെളിച്ചവും ലഭിക്കാൻ ഭാഗ്യമുണ്ടായിട്ടുണ്ടു്. ഇതിലേയ്ക്കു പ്രത്യേകിച്ചും സഹായിച്ചതു് ഇംഗ്ലീഷ് ഭാഷയാകുന്നു. ബംഗാളി പഠിച്ചു് അതിൽനിന്നു നേരിട്ടു തർജ്ജമചെയ്യാൻ മലയാളത്തിൽ ആദ്യകാലത്തു് ഒന്നോ രണ്ടോ പേർക്കേ കഴിഞ്ഞിട്ടുള്ളു. ഈയിടെ പുറപ്പെട്ട ജി. ശങ്കരക്കുറുപ്പി ന്റെ ഗീതാഞ്ജലി ഒഴിച്ചാൽ ബംഗാളിയിൽനിന്നു നേരിട്ടുള്ള തർജ്ജമ ഇപ്പോഴും ദുർല്ലഭമത്രെ. ആംഗലഭാഷാഭിജ്ഞരായ ചില സഹൃദയർ വംഗകൃതികളുടെ ഇംഗ്ലീഷ് പരിഭാഷകളും ഇംഗ്ലീഷിൽതന്നെയുള്ള ചില മൂലകൃതികളും തർജ്ജമചെയ്തതുവഴിക്കാണു് തത്സാഹിത്യസമ്പർക്കം ആദ്യമായി മലയാളത്തിനു ലഭിച്ചതു്. തർജ്ജമയുടെ തർജ്ജമയാകുമ്പോൾ മൂലകൃതിയുടെ സ്വാരസ്യം വളരെയധികം നഷ്ടപ്പെടും. ഗീതാഞ്ജലി ഇംഗ്ലീഷിലേയ്ക്കു താൻതന്നെ തർജ്ജമചെയ്തിട്ടും അതിന്റെ സ്വാരസ്യം പകുതിയും ചോർന്നുപോയി എന്നു ടാഗോർ പറഞ്ഞിട്ടുണ്ടു്. ആ നിലയ്ക്കു തർജ്ജമയുടെ തർജ്ജമ എങ്ങനെയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. എന്നാലും ടാഗോർകൃതികളുടെ പരിഭാഷകൾമൂലം മലയാളസാഹിത്യത്തിനു് അഭൂതപൂർവ്വമായ പുരോഗതിയും ഉണർവും ഉണ്ടായിട്ടുണ്ടെന്നു കഴിഞ്ഞ അമ്പതോ, അറുപതോ കൊല്ലത്തെ ചരിത്രം പരിശോധിച്ചാലറിയാം. കവിത, നാടകം, ചെറുകഥ, നോവൽ, പ്രബന്ധം, നിരൂപണം എന്നിങ്ങനെ വിവിധ വകുപ്പുകളായി തിരിയുന്നുണ്ടല്ലോ വിസ്തൃതമായ ടാഗോർസാഹിത്യം. ഈ വകുപ്പുകളിൽനിന്നെല്ലാം കുറെ കൃതികൾ മലയാളത്തിലേയ്ക്കു സംക്രമിച്ചിട്ടുണ്ടു്. ഭാവഗീതങ്ങളും ചെറുകഥകളും തർജ്ജമചെയ്തു് ആദികാലത്തു പ്രസിദ്ധിനേടിയ വിദഗ്ദ്ധന്മാരാണു് വി. ഉണ്ണിക്കൃഷ്ണൻനായരും പുത്തേഴത്തു് രാമൻമേനവനും. ഈ ലേഖകൻ വിദ്യാർത്ഥിജീവിതകാലത്തു അവരുടെ പരിഭാഷകൾ വായിച്ചാണു് ആദ്യമായി ടാഗോർസാഹിത്യസുധ ആസ്വദിച്ചതെന്നു കൃതജ്ഞതാപുരസ്സരം സ്മരിക്കുന്നു. അന്നേ വളർന്നുവന്ന ആ സാഹിതീകൗതുകം ഏതന്മാർഗ്ഗത്തിൽ ഉപരിപരിശീലനം നേടാനും ചിലതൊക്കെ പരിഭാഷപ്പെടുത്തിനോക്കാനും എനിക്കു പ്രേരണനൽകി. ടാഗോറിന്റെ സന്ന്യാസി എന്ന നാടികയും അന്യാപദേശരീതിയിലുള്ള ഏതാനും പദ്യങ്ങളും ഏതാണ്ടു മൂന്നു ദശാബ്ദത്തിനുമുമ്പു് ഈ ലേഖകൻ തർജ്ജമചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. മുപ്പത്തിനാലുകൊല്ലംമുമ്പു കേരളത്തിൽ സ്ഥാപിതമായ സാഹിത്യപരിഷത്തിന്റെ പ്രഥമ സമ്മേളനത്തിൽ ഞാൻ വായിച്ച പ്രബന്ധം ടാഗോർസാഹിത്യത്തെപ്പറ്റിയായിരുന്നു. മലയാളത്തിൽ ഒരുതരം ‘ടാഗോർഭ്രമം’ കടന്നുകൂടിയ കാലഘട്ടമായിരുന്നു അതു്. ആ മഹാകവിയുടെ പ്രതീകാത്മകമായ കവനരീതിയെയും കഥാകഥന സമ്പ്രദായത്തെയും അന്നത്തെ പല യുവസാഹിത്യകാരന്മാരും അനുകരിക്കാൻ ശ്രമിച്ചു. എന്നാൽ അതിൽ വിജയംനേടാൻ അധികംപേർക്കും കഴിഞ്ഞില്ല. അപക്വഹൃദയന്മാരായ പല കവികളും കവിതാരചനയിൽ ഔചിത്യവിചാരമില്ലാതെ കണ്ടമാനം പ്രതീകങ്ങൾ ഉപയോഗിച്ചു കാടുകയറി. ടാഗോറിന്റെ ഗദ്യശൈലിയുടെ പുറകെ പോയവർ ഗദ്യകവിത എന്ന പേരിൽ ധാരാളം എഴുതിക്കൂട്ടി. അവയെല്ലാം ചിത്തഭ്രമണകാരണമായ ഒരുതരം ശബ്ദജാലംതന്നെയായിരുന്നു. അന്ധമായ ഇത്തരം അനുകരണത്തെപ്പറ്റി പൂർവ്വോക്ത പ്രബന്ധത്തിൽ പരാമർശിച്ചിട്ടുള്ളതു് ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:
‘ടാഗോർകവിതയെന്നു പറയുന്നതു വെറും വാഗർത്ഥങ്ങളുടെ ഒരു യോജനമല്ല. ചിന്താഭാസുരമായ ഭാവനാലോകത്തിലിരുന്നു കവി അദൃശ്യമായ പരാശക്തിയുടെ പാദപത്മങ്ങളിൽ സമർപ്പിക്കുന്ന ആത്മാരാധനയുടെ വാഗ്രൂപമാകുന്നു അതു്. മനസ്സിന്റെ രാജസതാമസ വൃത്തികൾ പ്രബലപ്പെട്ടിരിക്കുമ്പോൾ ആ പരിശുദ്ധ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതു നൈരാശ്യത്തോടെ പിന്തിരിയാൻവേണ്ടി മാത്രമായിരിക്കും. ഒരർത്ഥവിചാരവുംകൂടാതെ പ്രകൃതിപൂജയും പുഞ്ചിരിപ്പൂനിലാവും മഴക്കാറും മഴവില്ലും മിന്നലും മിന്നാമിനുങ്ങുമൊക്കെ കൂട്ടിയിണക്കിയാൽ ടാഗോർകവിതയാകുമെന്നു കരുതി ആ മട്ടുപിടച്ച സൂത്രപ്പണിചെയ്യുന്ന സമ്പ്രദായം മലയാളത്തിൽ അടിയുറച്ചു വരുന്നതു കണ്ടു പലരും നെറ്റി ചുളിക്കുന്നുണ്ടു്. എത്ര നല്ല കാര്യത്തിനായാലും നിരങ്കുശമായ അതിരറ്റ അനുകരണം പരിഹാസ്യമായി കലാശിക്കും.’
ടാഗോറിന്റെ കാവ്യശൈലി മലയാളത്തിൽ നടപ്പാക്കാൻ അന്നുണ്ടായ ശ്രമം എത്ര ഉത്കടമായിരുന്നുവെന്നു് ഇതിൽനിന്നു തെളിയുന്നുണ്ടല്ലോ. അന്തർമുഖനായ ആ കവീശ്വരന്റെ മിസ്റ്റിസിസവും സിംബോളിസവും എളുപ്പത്തിൽ കൈകാര്യംചെയ്യാവുന്നവയാണെന്നു പലരും തെറ്റിദ്ധരിച്ചു. അവയുടെ അന്തസ്സത്ത സാക്ഷാത്കരിക്കത്തക്കവിധം തങ്ങളുടെ കവിഹൃദയം സാത്വികവും സംശുദ്ധവും തന്മയീഭാവയോഗ്യവുമാകണമെന്ന തത്വം അവർ മനസ്സിലാക്കിയില്ല. തന്മൂലം അനുകർത്താക്കളുടെ സമുന്നദ്ധത അധിക്ഷിപ്തമാകയും മിസ്റ്റിക് കവി എന്ന പേരിനു വിലയില്ലാതാവുകയും ചെയ്തു. ഇന്നു് ഈ അനുകരണവ്യഗ്രത കുറെ മന്ദീഭവിച്ചിട്ടുണ്ടു്.
ടാഗോർസാഹിത്യത്തിൽനിന്നു് ഉൾക്കൊണ്ട പ്രചോദനവും ആ മഹാകവിയുടെ അദമ്യമായ ദേശാഭിമാനവും വിശ്വപ്രേമവും സ്വന്തം കാവ്യാധ്വാവിൽ പ്രതിധ്വനിപ്പിച്ചു വിജയം നേടിയിട്ടുള്ള കവികളും കേരളത്തിലുണ്ടു്. അവരിൽ അഗ്രേസരനാണു് മഹാ കവി വള്ളത്തോൾ. ‘മലയാളിടാഗോർ’ എന്ന മഹനീയാഭിധാനത്തിനു് അദ്ദേഹം അർഹനായി എന്നതുതന്നെ ഇതിനൊരു തെളിവാകുന്നു. ബ്രീട്ടീഷ് ഭരണവും ഇംഗ്ലീഷ് വിദ്യാഭ്യാസവും ഭാരതീയരുടെ ഉറങ്ങിക്കിടന്നിരുന്ന ദേശീയചൈതന്യത്തെ ഉണർത്തിവിട്ടതിനു കാരണമായല്ലോ. ആ പ്രബുദ്ധതയെ പ്രവൃത്തിപഥത്തിലേയ്ക്കു് ആനയിക്കാനും ‘ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി’ എന്ന ആശയത്തെ ഊഷ്മളമാക്കി പ്രചരിപ്പിക്കാനും ടാഗോർഗാനങ്ങളുടെ മന്ത്രമധുരധ്വനി ഒട്ടേറെ ഉപകരിച്ചിട്ടുണ്ടു്. അതിന്റെ മാറ്റൊലിയാണു് വള്ളത്തോളിന്റെ സുപ്രസിദ്ധങ്ങളായ ദേശീയഗാനങ്ങളിലും നാം കേൾക്കുന്നതു്. ടാഗോർ ശൈലിയെ അനുസ്മരിപ്പിക്കുന്ന നവ്യമായ ഒരു രൂപവും ഭാവവും വള്ളത്തോളിന്റെ പല ഗാനങ്ങളിലും കാണാം.
‘നിന്മഹിമാവൊന്നുതാനല്ലോ നിശ്ശേഷ-
ബ്രഹ്മാണ്ഡഭാണ്ഡങ്ങൾക്കേകാലംബം
…
ശ്രീമത്താം നേർവഴികാട്ടും പ്രദീപമേ,
ഹാ, മർത്ത്യജാതിതൻ ദുർമ്മോഹങ്ങൾ.
മാറാലകൊണ്ടു മറയ്ക്കാംപോലെന്നെന്നും
മാറാതെ നില്പതാം നിൻവെളിച്ചം!
അറ്റമില്ലാത്ത നിൻപ്രേമമോ, നിന്നുടെ
കറ്റക്കിടാങ്ങളെ താലോലിപ്പൂ.’
ഇത്യാദി വരികളിൽ ടാഗോറും വള്ളത്തോളും തമ്മിലുള്ള സാദൃശ്യവും സാമീപ്യവും എത്ര സ്പഷ്ടമായിരിക്കുന്നു. പ്രബുദ്ധഭാരതത്തിനു് ഉജ്ജീവനം നൽകത്തക്കവിധം കാളിയമർദ്ദനം എന്ന പുരാണകഥയെ വള്ളത്തോൾ കർമ്മഭൂമിയുടെ പിഞ്ചുകാൽ എന്ന പേരിൽ നവീകരിച്ചിരിക്കുന്നതു നോക്കുക:
‘ധ്വസ്തഭുവനമാം ദൗഷ്ട്യമേ, നിൻതല-
യെത്ര പരത്തിയുയർത്തിയാലും
ഇക്കർമ്മഭൂമിതൻപിഞ്ചുകാൽ പോരുമേ
ചിക്കെന്നതൊക്കെച്ചവുട്ടിത്താഴ്ത്താൻ’
എന്നു് അവസാനിക്കുന്ന ആ കവിതയിലും വള്ളത്തോൾ ടാഗോറിന്റെ അടുത്താണു് നിൽക്കുന്നതു്. ഗംഗാനദീവർണ്ണനംവഴി മാതൃഭൂമിയുടെ മഹത്ത്വം വ്യംഗ്യഭംഗ്യാ വിളംബരംചെയ്യുന്ന ‘വിജയിപ്പൂതാക’ എന്ന കവിതയിലും ടാഗോർമുദ്ര പതിഞ്ഞിട്ടുണ്ടു്.
പ്രകൃതിസൗന്ദര്യാരാധനമാണല്ലോ ടാഗോർകവിതയുടെ ജീവൻ. അതും കുറെയൊക്കെ വള്ളത്തോൾകവിതയിൽ പ്രതിഫലിച്ചിരിക്കുന്നു. വള്ളത്തോൾ പ്രകൃതിഗായകൻ എന്ന പേരിൽ പ്രശസ്തി നേടിയിട്ടുള്ളതും ഇവിടെ സ്മരണീയമാണു്. സൗന്ദര്യ പൂജയിലൂടെ ടാഗോർ ആവിഷ്കരിച്ചിട്ടുള്ള ആധ്യാത്മികമണ്ഡലത്തിൽ അങ്ങേയറ്റത്തോളം ചെന്നെത്താൻ വള്ളത്തോളിനു കഴിഞ്ഞിട്ടില്ലെങ്കിലും ആ സരണിയിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നുള്ളതിനു്
‘ഇപ്പടി നൂറുനൂറായിരം ഹർമ്മ്യങ്ങ-
ളെപ്പൊഴും പുത്തനായ്വെച്ചു പോറ്റി
ഒപ്പമതുകളിലൊക്കെ വിളയാടു-
മപ്പരാശക്തിക്കു കൂപ്പുക നാം.’
എന്ന പ്രഭാതഗാനഭാഗങ്ങൾ ഉദാഹരണമാണു്.
ഈയവസരത്തിൽ സ്മർത്തവ്യനായ മറ്റൊരു മഹാകവി കേരളത്തിലെ സ്നേഹഗായകനായ കുമാരനാശാനാ കുന്നു. ആധ്യാത്മികഭാവനയിലും തത്ത്വചിന്തയിലും ടാഗോറിന്റെ സമീപവർത്തിയാണു് അദ്ദേഹവും. ശ്രീനാരായണഗുരു വിന്റെ അന്തേവാസിയും തത്ത്വചിന്താപാരംഗതനുമായിരുന്ന കുമാരനാശാൻ മഹർഷിസദൃശനായ രവീന്ദ്രകവിയോടു് അളവറ്റ ഭക്തി പ്രകടിപ്പിച്ചിട്ടുണ്ടു്. മുപ്പത്തേഴു വർഷങ്ങൾക്കുമുമ്പു ടാഗോർ കേരളം സന്ദർശിച്ചപ്പോൾ രണ്ടു സ്ഥലത്തുവെച്ചു സംസ്കൃതത്തിലും മലയാളത്തിലും സ്വാഗതഗാനങ്ങൾ പാടി അദ്ദേഹത്തെ സൽക്കരിച്ചതു് ആശാനാണു്. സംസ്കൃതത്തിലെ സ്വാഗതപഞ്ചകം ഒന്നാംതരം ഒരു ഖണ്ഡകവിതയായിട്ടുണ്ടു് സസ്യശ്യാമള കോമളവും സഹ്യാദ്രിസമുദ്രസമാവൃതവുമായ കേരളത്തിന്റെ പ്രകൃതിസൗന്ദര്യം കവി അതിൽ ചേതസ്സമാകർഷകമായി ചിത്രീകരിച്ചിരിക്കുന്നു. തലസ്ഥാന നഗരിയിൽവെച്ചു പാടിയ മലയാളഗാനത്തിൽ ‘അവ്യയനാകുമീശന്റെ ആരാമത്തിൽ കളകൂജനംചെയുന്ന ദിവ്യകോകിലമേ’ എന്നാണു കുമാരകവി ടാഗോറിനെ സംബോധനം ചെയ്യുന്നതു്. ഇപ്രകാരം കേരളീയ കവികൾക്കു രവീന്ദ്രനാഥ ടാഗോർ ബഹുധാ സമാരാധ്യനായിത്തീർന്നിട്ടുണ്ടു്.
അടുത്തതായി പറയേണ്ടതു ചെറുകഥകളെപ്പറ്റിയാണു്. ടാഗോർസാഹിത്യം കേരളത്തിൽ കൂടുതൽ പ്രചരിച്ചതു ചെറുകഥകൾവഴിക്കാണെന്നു തോന്നുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ ആസ്വദിക്കപ്പെടുന്നതു ടാഗോറിന്റെ ചെറുകഥകളാണെന്നുള്ളതിൽ തർക്കമില്ല. അവ കഴിഞ്ഞാൽപ്പിന്നെ നോവലുകളും നാടകങ്ങളും. മഹാകവിയുടെ സാഹിതീവൈഭവം അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുന്നതു ചെറുകഥകളിലാണെന്നത്രേ ഈ ലേഖകന്റെ അഭിപ്രായം. ഗീതാഞ്ജലിക്കു് ഒന്നിലധികം തർജ്ജമ മലയാളത്തിലുണ്ടെങ്കിലും അതിന്റെ പ്രചാരം താരതമ്യേന കുറവാണു്. കാവ്യദൃഷ്ട്യാ നോക്കുമ്പോൾ സഹൃദയലോകത്തിൽ അതു എത്രത്തോളം ആസ്വദിക്കപ്പെടുന്നുണ്ടെന്ന കാര്യം ചിന്തനീയമത്രേ. ആത്മീയാനന്ദത്തിനു പ്രത്യേകം പ്രയോജനപ്പെട്ടേയ്ക്കാമെങ്കിലും അതിലെ ഗാനങ്ങളുടെ അടിത്തട്ടിലേയ്ക്കു ചെല്ലുമ്പോൾ അനുഭവപ്പെടുന്ന ആശയപരമായ ഏകരൂപതയും അവ്യക്തതയും കാവ്യലോലുപരായ അനുവാചകർക്കു മടുപ്പുണ്ടാക്കിയേയ്ക്കാം. നോബൽപ്രൈസ് നേടി പാശ്ചാത്യരെ അത്ഭുതസ്തിമിതരാക്കി ഗീതാഞ്ജലി എന്നതു വാസ്തവംതന്നെ. എന്നാൽ അതിലെ ആധ്യാത്മിക പരിമളം വേദാന്തത്തിന്റെ കളിത്തൊട്ടിലിൽ വളർന്നുവരുന്ന ഭാരതീയർക്കു് പ്രത്യേകിച്ചൊരു പുതുമയും നിർവൃതിയും പ്രദാനംചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. ഗീതാഞ്ജലിയുടെ പ്രചാരക്കുറവിനൊരു കാരണം ഇതാകാം. നേരെമറിച്ചു ചെറുകഥകളുടെ നില അതല്ല. രസനീയതയെസ്സംബന്ധിച്ചിടത്തോളം അവ എത്രയോ മെച്ചപ്പെട്ടവയാണു്. സഹൃദയഹൃദയാകർഷണത്തിൽ അവയ്ക്കു് അന്യാദൃശമായ ശക്തിയുണ്ടു്. ആപാദചൂഡം അവ രസനിഷ്യന്ദികളായി അനുഭവപ്പെടുകയും ചെയുന്നു. മലയാളത്തിലെ ചെറുകഥാസാഹിത്യത്തെ പരിഷ്കരിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും ടാഗോർകഥകൾ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ടു്. കഥാസംവിധാനം, ജീവിത നിരീക്ഷണം, പാത്രനിർമ്മാണം, സംഭാഷണശൈലി മുതലായവയിൽ എഴുത്തുകാർക്കു മാർഗ്ഗദർശനം നൽകാൻ അവ ഏറെക്കുറെ ഉപകരിച്ചിരിക്കുന്നു. പാത്രങ്ങളുടെയും സംഭവങ്ങളുടെയും വൈരള ്യം, അവയുടെ സ്വാഭാവികത്വം, അതിമൃദുലങ്ങളായ വികാരങ്ങളുടെ അവസരോചിതമായ ഉത്തേജനം, സാത്വികമായ പ്രേമത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനം, പരിതഃസ്ഥിതികളുടെ സ്തോഭജനകമായ ചിത്രീകരണം എന്നിങ്ങനെ ടാഗോർകഥകൾക്കുള്ള പ്രത്യേകതകൾ മലയാളത്തിലെ ചെറുകഥാരംഗത്തു് ഇപ്പോൾ ധാരാളം പ്രതിഫലിക്കുന്നുണ്ടു്.
നാടകങ്ങൾ, നോവലുകൾ, ഉപന്യാസങ്ങൾ, നിരൂപണങ്ങൾ എന്നീ വകുപ്പുകളിൽ കുറെ പരിഭാഷകൾ കൈരളിക്കു ലഭിച്ചിട്ടുണ്ടെങ്കിലും അവയുടെ സംഖ്യ ഒട്ടും തൃപ്തികരമല്ല. വിശേഷിച്ചു് ഉപന്യാസങ്ങളും നിരൂപണങ്ങളും വളരെ കുറച്ചുമാത്രമേ മലയാളത്തിലേയ്ക്കു പകർന്നിട്ടുള്ളു. ടാഗോർ മാതൃഭാഷയിൽ എഴുതിയിട്ടുള്ള ആത്മകഥയും കൈരളീകണ്ഠാഭരണമാക്കേണ്ടതുണ്ടു്.[1]
‘കലയായിരുന്നു എന്റെ ജീവനും ആനന്ദവും. അതിൽനിന്നാണു് തിന്മയോടു പൊരുതാനുള്ള ഏറ്റവും നല്ല ശക്തി എനിക്കു ലഭിച്ചതു്’ (Art was my life and derived from it my best strength to fight agaist evil) എന്നു റോമയിൻ റോളണ്ട് പറഞ്ഞിട്ടുണ്ടു്. ടാഗോറിനെ സംബന്ധിച്ചും ഈ വാക്യങ്ങൾ അന്വർത്ഥമാണു്. അസത്യത്തോടും അധർമ്മത്തോടും പോരാടുന്നതിനു് കലാമാർഗ്ഗമാണു് അദ്ദേഹവും അവലംബിച്ചതു്. ടാഗോർസാഹിത്യത്തിലെ ആധ്യാത്മികമായ ആനന്ദത്തെക്കാൾ ഇന്നു നമ്മുടെ ശ്രദ്ധയെ കൂടുതലായി ആകർഷിക്കേണ്ടതു് തിന്മയോടു പോരാടാൻ അതിൽ സംഭൃതമായിരിക്കുന്ന ശക്തിയാണു്. ഇന്ത്യയിലെ എല്ലാ പ്രാദേശിക സാഹിത്യങ്ങളിലും ഈ ശക്തിയുടെ പ്രസരം അധികമധികം പ്രത്യക്ഷപ്പെട്ടെങ്കിൽമാത്രമേ ഭാരതീയരുടെ ഭാവിശ്രേയസ്സു സർവ്വതോഭദ്രമാകയുള്ളു. ബംഗാളി, മറാട്ടി, തമിഴൻ, മലയാളി എന്നീ വിവിധ നാമങ്ങളിൽ നാനാമുഖമായി ചിതറിക്കിടക്കുന്ന ഭാരതീയജീവിതത്തെ ഏകമനസ്സാക്കി ഐക്യവേദിയിൽ പ്രതിഷ്ഠിക്കാനുള്ള കാഹളധ്വനി ഈ ദേശീയകവിയുടെ കൃതികളിൽ സർവ്വത്ര മുഴങ്ങുന്നുണ്ടു്. ഇന്ത്യയുടെ ഹൃദയത്തുടിപ്പായ ആ നാദവിശേഷം നമ്മെ പ്രബുദ്ധരും പ്രഹൃഷ്ടാശയരുമാക്കിത്തീർക്കട്ടെ!
(സാഹിതീകൗതുകം—1961.)
[1] ഈ കുറവുകൾ സാഹിത്യ അക്കാദമി പരിഭാഷകൾ ഇപ്പോൾ പരിഹരിച്ചിട്ടുണ്ടു്.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971