സ്വതേ ക്ഷിപ്രവിശ്വാസിയാണു് മനുഷ്യൻ. എന്തും എളുപ്പം വിശ്വസിക്കാനുള്ള ഒരു പ്രവണത ഭൂരിപക്ഷം ജനങ്ങളിലും വേരൂന്നിക്കിടക്കുന്നുണ്ടു്. ഇതൊരു മാറാത്ത മാനസികരോഗമാണെന്നുവരെ പറയേണ്ടിയിരിക്കുന്നു. ജീവിതപുരോഗതിയെ തടഞ്ഞുനിർത്തുന്ന ഈ പ്രാകൃതവാസനയിൽനിന്നു് അഭ്യസ്തവിദ്യർക്കുപോലും മോചനം ലഭിക്കുന്നില്ല. യുക്തിപൂർവം ചിന്തിക്കാനുള്ള വൈമുഖ്യമാണു് ഇതിന്റെ പ്രധാനകാരണം. ‘കഠിനവും കാമ്പുറ്റതുമായ ചിന്തയിൽ സ്വമനസാ ഏർപ്പെടുന്ന മനുഷ്യരെ ചുരുക്കമായിട്ടേ നാം കാണുന്നുള്ളു. ചിന്തിച്ചുനോക്കേണ്ടിവരുക എന്നതിൽക്കവിഞ്ഞു് ചിലരെ അസുഖപ്പെടുത്തുന്ന മറ്റൊന്നില്ല’ (Rarely do we find men who willingly engage in hard, robust thinking. Nothing pains some people more than having to think) എന്നു് ഈയിടെ വധിക്കപ്പെട്ട നീഗ്രോനേതാവു് മാർട്ടിൻ ലൂതർ കിങ് ഒരു പള്ളിപ്രസംഗത്തിൽ പറയുകയുണ്ടായി. അദ്ദേഹം ഒരു മതവിശ്വാസിയായിരുന്നെങ്കിലും ബുദ്ധിമാനായ ചിന്തകനായിരുന്നു. അല്പപക്ഷം ചിന്തിക്കുക ഭൂരിപക്ഷം അതിന്റെ പിന്നാലെ പോകുക ഇതാണല്ലോ ലോകഗതി. വിശേഷിച്ചും മത കാര്യങ്ങളിൽ. പത്തിരുപതു് നൂറ്റാണ്ടു് മുമ്പേ ജീവിച്ചിരുന്ന മനുഷ്യർ അജ്ഞതമൂലം എന്തെല്ലാം അന്ധമായി വിശ്വസിച്ചിരുന്നു! അന്നത്തെ മതസ്ഥാപകരും ആചാര്യന്മാരും പ്രപഞ്ചവിജ്ഞാനത്തിൽ കേവലം ശിശുക്കളായിരുന്നില്ലേ? സർവ്വോൽകൃഷ്ടമായ ആത്മജ്ഞാനം അവർക്കുണ്ടായിരുന്നു എന്നതാകാം ഇതിനു് ചിലരുടെ പ്രത്യുത്തരം. പക്ഷേ, ആത്മാവുണ്ടായിട്ടു് വേണ്ടേ അതിനെപ്പറ്റി ജ്ഞാനമുണ്ടാകാൻ? മരണാനന്തരം അവശേഷിക്കുന്നതായി വിശ്വസിക്കപ്പെടുന്ന ശരീരനിരപേക്ഷമായൊരു ആത്മാവു് മാനവമനസ്സിന്റെ സങ്കല്പസൃഷ്ടിമാത്രമാണെന്നു് ജീവശാസ്ത്രം ഇപ്പോൾ കൂടുതൽ കൂടുതൽ തെളിയിച്ചുകൊണ്ടിരിക്കയാണല്ലോ. അപ്പോൾ പിന്നെ വെറും വിശ്വാസമല്ലാതെ ആത്മജ്ഞാനത്തിനെന്തടിസ്ഥാനം? പണ്ടത്തെ ദിവ്യന്മാരും ഇന്നത്തെ സാധാരണനേക്കാളേറെ അജ്ഞരും അന്ധവിശ്വാസികളുമായിരുന്നുവെന്നതാണു് ചരിത്രസത്യം. അവരുടെ തിരുവചനങ്ങൾതന്നെ ഈ വസ്തുതയ്ക്കു് തെളിവാണു്. അവയിൽ ഇന്നും കൊള്ളാവുന്ന പലതും കണ്ടേക്കാം. പക്ഷേ, കൊള്ളരുതാത്തവയാണു് ഏറിയകൂറും. എന്നിട്ടും അവയൊക്കെ വിവേചനം കൂടാതെ അപ്പടി കണ്ണടച്ചുവിശ്വസിച്ചു് മനസ്സിനെ ഒരു ചവറ്റുകൊട്ടയാക്കിക്കൊണ്ടു് നടക്കാൻ ഇന്നു് പഠിപ്പുള്ളവർപോലും നിർലജ്ജം മുതിരുന്നതാണത്ഭുതം. അഞ്ചാംവയസ്സിൽ തുന്നിച്ച ഉടുപ്പു് അമ്പതാംവയസ്സിലും ഇട്ടുനോക്കാൻ പാടുപെട്ടാൽ എന്തുചെയ്യും!
മനസ്സിനെ ബാധിക്കുന്ന ഒരുതരം വാതരോഗമാണു് ഈ ക്ഷിപ്രവിശ്വാസശീലം. സയൻസ് പഠിച്ചവരുടെ ബുദ്ധിയെയും അതു് തളർത്തിക്കളയുന്നു. പക്ഷവാതം പിടിച്ചു് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു് മരവിക്കുന്നതുപോലെ ബുദ്ധിക്കും സംഭവിച്ചാൽ പിന്നെ രക്ഷയില്ല. ചിന്താലോകത്തിൽ പലരും മന്തന്മാരും മുടന്തന്മാരുമായിത്തീരുന്നതിങ്ങനെയാണു്. ബുദ്ധിയുടെ ഒരുവശം മതകാര്യങ്ങളിൽ തളർന്നും മറുവശം ശാസ്ത്രപഠനത്തിൽ ഉണർന്നും ഇരുന്നാൽ ഭാഗികമായി ആ ഉണർവുകൊണ്ടു് പ്രയോജനമുണ്ടാകയില്ല. ഇന്ത്യയിൽ ഒന്നാംകിടശാസ്ത്രജ്ഞന്മാർ ചുരുക്കമായിപ്പോകുന്നതിനുള്ള കാരണം ഇതാണെന്നു് ഈയിടെ ഒരു പണ്ഡിതൻ ഒരു പത്രലേഖനത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. മുഖസ്തുതിയും കൈക്കൂലിയുംകൊണ്ടു് ദൈവത്തെ തൃപ്തിപ്പെടുത്തി ഭക്തി പ്രകടനം നടത്തുന്ന എത്രയോ സയൻസ് പ്രൊഫസർമാരില്ലേ നമ്മുടെ നാട്ടിൽ? അന്ധവിശ്വാസങ്ങളുടെ വിഴുപ്പുഭാണ്ഡം ചുമന്നുകൊണ്ടാണു് ഇക്കൂട്ടർ ശാസ്ത്രപരിഷത്തിലും ഗവേഷണശാലയിലും ഹാജരാകുന്നതു്. ഇവരുടെ ബുദ്ധി എങ്ങനെ സ്വതന്ത്രമായി പ്രവർത്തിക്കും?
‘വിശ്വാസം നിന്നെ രക്ഷിക്കും. അജ്ഞാനികൾക്കു് ബുദ്ധിഭേദം ജനിപ്പിക്കരുതു്’ എന്നും മറ്റും മതാചാര്യന്മാർ പണ്ടേ പറഞ്ഞുറപ്പിച്ചുവച്ചിരിക്കയാണു്. ജനതതി മതമൂഢതയിൽനിന്നു് ഉണരാതിരിക്കാൻവേണ്ടി അവർ പുറപ്പെടുവിച്ചിട്ടുള്ള അനർത്ഥകാരികളായ ജീർണവാക്യങ്ങളാണിവ. മതവിശ്വാസം രക്ഷയല്ല, മനുഷ്യജീവിതത്തിനൊരു ശിക്ഷയാണു്. പോരാ അതൊരു ശാപവും ഭാരവുമാണു്. ഒരു ചൂഷണോപകരണംകൂടിയാണു്. അതിന്റെ ബീഭത്സരൂപങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യപുരോഗതിക്കു് വിലങ്ങുതടികളായിത്തീർന്നു് ഇന്നും ഭീകരതാണ്ഡവം നടത്തുന്നുണ്ടു്. ഏതൊരു വിശ്വാസവും സ്വതന്ത്രമായ യുക്തിവിചാരംകൊണ്ടു് നവീനവിജ്ഞാനത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചുനോക്കിയിട്ടുവേണം സ്വീകരിക്കാനെന്ന പ്രാഥമികപാഠംപോലും നാം മറന്നുപോകുന്നു. ആദ്യംതന്നെ വിശ്വാസം അകത്തു് കടന്നു് കുടിപ്പാർപ്പുതുടങ്ങുകയാണു്. പിന്നെ ആ വിശ്വാസത്തെ എങ്ങനെയെങ്കിലും സാധൂകരിക്കാനുള്ള മുട്ടുയുക്തി കണ്ടുപിടിക്കലായി. പണ്ഡിതമൂഢന്മാരിൽ സാധാരണ കണ്ടുവരുന്ന ചിന്താപരമായ തകിടം മറിച്ചിലാണിതു്. ‘ഗംഭീരാശയരായ വളരെ പണ്ഡിതന്മാരെ ഞാൻ കണ്ടിട്ടുണ്ടു്. അവർ ഗംഭീരമൂഢന്മാരുമായിരുന്നു’ (I have seen many profound scholars who were also profound simpletons) എന്നു് ബർക്കൻഹെഡ്പ്രഭു ഒരിക്കൽ പറയുകയുണ്ടായി. ഏതു് രാജ്യത്തും കാണാം ഇമ്മാതിരി വൈരുദ്ധ്യം.
വിശ്വാസത്തിന്റെ ബീഭത്സരൂപങ്ങൾ നമ്മുടെ നാട്ടിൽ ഈ ശാസ്ത്രയുഗത്തിലും വർദ്ധിച്ചുവരികയാണു്. അടുത്തകാലത്തു് ആളുകളുടെ കണ്ണുമൂടിയ ഒരു വിചിത്രസംഭവമാണെല്ലോ തൃശൂരിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ ആലിൻകൊമ്പത്തു് ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ടതു്. എന്തൊരു ജനപ്രവാഹമായിരുന്നു അങ്ങോട്ടു്! ഡോക്ടർമാരും മന്ത്രിമാരും വക്കീലന്മാരും മറ്റും ദർശനത്തിനു് തിരക്കു് കൂട്ടിയപ്പോൾ പിന്നെ മറ്റുള്ളവരുടെ കഥ പറയാനുണ്ടോ? ഭ്രമിതമതികളായ പല യോഗ്യന്മാരും ഇതിലെന്തോ ഉണ്ടെന്നു് സമർത്ഥിക്കാനും ശ്രമിച്ചു. വിലപ്പെട്ട ചില പത്രങ്ങൾ ഈ ഭ്രാന്തൻവാർത്തയ്ക്കു് പ്രാധാന്യംകൊടുത്തു് സ്ഥലം പാഴാക്കിയതാണു് പരിതാപകരം. വാസ്തവത്തിൽ അതൊരു ജനദ്രോഹമായിരുന്നു. ഒടുവിലെന്തുണ്ടായി? ക്ഷേത്രത്തിലേക്കു് കുറെ പണം പിരിഞ്ഞുകിട്ടി. ക്രമേണ പൊതുജനങ്ങളുടെ മതിഭ്രമം നീങ്ങി. ആലിൻകൊമ്പത്തു് ശ്രീകൃഷ്ണനുപകരം കുറെ ഇലകൾ മാത്രം ശേഷിച്ചു. ഇപ്പോൾ ജനക്കൂട്ടത്തിന്റെ പൊടിപോലും അവിടെ കാണുന്നില്ല. വിശ്വാസികളുടെ കൂട്ടഭ്രാന്തു് കേന്ദ്രീകരിച്ചിരിക്കുന്ന മറ്റൊരിടമാണു് മുടിക്കിരീടമണിഞ്ഞു് അവതാരമൂർത്തിയുടെ വേഷംകെട്ടിയിരിക്കുന്ന ഒരു ‘ഭഗവാന്റെ’ മഹനീയസന്നിധി. ആകാശത്തുനിന്നു് ഭസ്മം ഇറക്കുമതിചെയ്തു് ഈ ഭഗവാൻ ഭക്തജനങ്ങളെ വശീകരിക്കുന്നു. ‘ദാസദാസോഹം’ പാടി ദണ്ഡനമസ്കാരം ചെയ്യാൻ അവിടെയും ഓടിക്കൂടുന്നുണ്ടു് പ്രൊഫസർമാരും ഡോക്ടർമാരും ജഡ്ജിമാരും മറ്റും. വിശ്വാസാന്ധ്യം മൂർച്ഛിച്ചാൽ മാനംകെട്ട ഏതുപ്രവൃത്തിക്കും ആളുകൾ തയ്യാറാകും. ആത്മീയത്തട്ടിപ്പുകാരെ ജയിലിലടയ്ക്കാൻ നാട്ടിൽ നിയമമില്ലാത്തതാണു് മഹാകഷ്ടം. തല്ക്കാലവിനോദത്തിനായി കാശുവെച്ചു് പകിട കളിക്കുന്നവരെ പോലീസുകാർ പിടികൂടും; അതേസമയം ആദ്ധ്യാത്മികതയുടെ പേരിൽ ജനക്കൂട്ടത്തെ ചൂഷണംചെയ്തു് ലക്ഷക്കണക്കിനു് സമ്പാദിക്കുന്നവരെ ദിവ്യന്മാരായി വിലസാൻ സർക്കാർ അനുവദിക്കുകയുംചെയ്യുന്നു! ഇക്കണ്ടതൊന്നും പോരാഞ്ഞിട്ടെന്നപോലെ ഇപ്പോളിതാ ഒരു ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ മറ്റൊരു പ്രതിഭാസം പൊന്തിവന്നിരിക്കുന്നു—മലർന്നുകിടന്നു് ഊരുപ്രദേശത്തിലൊരു ഭാഗം അനാവൃതമാക്കിക്കൊണ്ടു് അപാരതയിലേക്കു് തുറിച്ചുനോക്കി ‘പരബ്രഹ്മം കണ്ടുരുളുന്ന’ ഒരു തപസ്വിനി! ഫോട്ടോസഹിതം വിസ്തരിച്ചൊരു ലേഖനവും. ദർശനമാത്രയിൽ പുളകിതഗാത്രനായി സാഷ്ടാംഗം നമസ്കരിച്ചു് കൃതാർത്ഥത നേടിയ ഒരു ഭക്തനാണു് ലേഖകൻ. ഏഴെട്ടു് കൊല്ലമായി ഭക്ഷണമോ മലമൂത്രവിസർജനമോ കൂടാതെയാണത്രെ ഈ അത്ഭുത ജീവി പ്രാണധാരണംചെയ്യുന്നതു്! ദിവ്യത്വത്തിനു് ഇതിൽക്കൂടുതൽ തെളിവെന്തു് വേണം?
പഴച്ചക്ക മുറിക്കുമ്പോൾ ഈച്ചകൾ കൂട്ടംകൂടുന്നതുപ്പോലെ ഇനി അങ്ങോട്ടാകും ജനസമൂഹത്തിന്റെ തള്ളിക്കയറ്റം. ഈവക ഞരമ്പുരോഗപ്രകടനങ്ങൾക്കു് പത്രസ്ഥലം മുടക്കുന്നതിനുമുമ്പായി ഉത്തരവാദപ്പെട്ട പത്രാധിപന്മാർ അവയെപ്പറ്റി ശാസ്ത്രീയമായി അന്വേഷണം നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ‘മുക്കാലും മൂഢരാണിജ്ജഗതി ബുധജനം ദുർല്ലഭം’ എന്നു് വെറുതെയല്ല കവി പാടിയതു്.
(യുക്തിവിഹാരം 1968)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971