ജാതി ഒന്നേയുള്ളു; അതു് മനുഷ്യജാതിയാണു് എന്നു് ശ്രീനാരായണഗുരു വിളംബരംചെയ്തിട്ടു് കാലം കുറെയായി. സാമൂഹിക ജീവിതവീക്ഷണത്തിന്റെ ഏറ്റവും വിശാലമായ ചക്രവാളമാണതു്. മനുഷ്യവർഗം എന്നാണു് അതിൽ എത്തിച്ചേരുക? ജാതിഭേദം ഇന്നും മാഞ്ഞുപോയിട്ടില്ല. എങ്കിലും അതിന്റെ കാഠിന്യം കുറഞ്ഞിട്ടുണ്ടെന്നും കുറഞ്ഞുവരുന്നുണ്ടെന്നും സമ്മതിക്കാം. അതു് തീരെ നശിച്ചു് മനുഷ്യജാതി എന്നൊന്നു് മാത്രമായിത്തീരുമോ? ജാതിവ്യവസ്ഥ നിലനിർത്തുന്നതിൽ സാമ്പത്തികമായ ഉച്ചനീചത്വത്തിനും വലിയൊരു പങ്കുണ്ടു്. സാമ്പത്തികസമ്മർദ്ദം നീക്കംചെയ്യുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ അതിനു് ഒട്ടൊക്കെ നില്ക്കക്കള്ളിയില്ലാതാകും. ഇൻഡ്യയിലെ ജാതിവ്യത്യാസം മറ്റെങ്ങും കാണാത്ത ഒന്നാണു്. ഇതരരാജ്യങ്ങളിൽ വർഗഭേദമാണുള്ളതു്. ജാതി വർഗഭേദങ്ങൾ ഇല്ലാതായാൽ അതുവഴി മതഭേദവും നശിച്ചേക്കാം. നശിച്ചില്ലെങ്കിലും, മനുഷ്യസമുദായത്തെ വേലികെട്ടിത്തിരിക്കുന്ന അതിന്റെ സ്വഭാവം ദുർബലമാകുമെന്നതിനു് സംശയമില്ല. ജാതി, വർഗം, മതം ഈ മൂന്നും മനുഷ്യന്റെ സാമൂഹികജീവിതത്തിനും കുടുംബജീവിതത്തിനും വിലങ്ങുതടിയാകാത്ത ഒരവസ്ഥ വന്നുചേരണം. അതായതു് അവയെ അടിസ്ഥാനമാക്കി പരമ്പരയാ നിലനിന്നു പോരുന്ന ഭേദഭാവന തീരെ അവഗണിക്കപ്പെടണം. അപ്പോൾ അതു് നശിച്ച കൂട്ടത്തിലാകും. ഒരു കുടുംബത്തിലെ അംഗങ്ങൾ ഭിന്നരീതിയിൽ വസ്ത്രധാരണം ചെയ്യുന്നില്ലേ? ഉടുപ്പിലുള്ള ആ വ്യത്യാസം അവരുടെ കുടുംബജീവിതത്തിനു് പ്രതിബന്ധമാകുന്നില്ലല്ലൊ. അതുപോലെ അഗണ്യമാകണം ജാതിമതവർഗവ്യത്യാസവും. സിലോൺ, ബർമ, മലയ മുതലായ രാജ്യങ്ങളിൽ ഒരു കുടുംബത്തിൽത്തന്നെ ഭിന്നമതസ്ഥരുണ്ടെന്നു് പറയപ്പെടുന്നു. മതവിശ്വാസം തീരെ വിട്ടുകളയാൻ വയ്യെങ്കിൽ വസ്ത്രധാരണംപോലെ അതു് വ്യക്തിപരമാക്കിയാൽ അതിന്റെ ശല്യം മിക്കവാറും തീരും. എന്നാൽ, ജാതിയും വർഗവും അങ്ങനെ വ്യക്തിപരമാക്കാവുന്നവയല്ല. രണ്ടും സമൂഹനിഷ്ഠമാണു്, വ്യക്തിനിഷ്ഠമല്ല. അതുകൊണ്ടു് അത്തരം ഭേദബുദ്ധി നീങ്ങണമെങ്കിൽ സമൂഹം തകരുകതന്നെ വേണം. ഇതിനു് ഏറ്റവും പ്രായോഗികമായ മാർഗമാണു് മിശ്രവിവാഹം. ദീർഘദർശിയായ സഹോദരൻ അയ്യപ്പൻ വെറുതെയല്ല എത്രയോ മുമ്പുതന്നെ ഈ പ്രസ്ഥാനത്തിന്റെ വിപ്ലവദ്ധ്വനി മുഴക്കിയതു്. മിശ്രവിവാഹത്തിലുണ്ടാകുന്ന സന്തതികളുടെ സംഖ്യ വർദ്ധിക്കുന്തോറും ജാത്യടിസ്ഥാനത്തിലുള്ള സമുദായം ക്ഷയിച്ചുവരും. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ എല്ലാവർക്കും ജീവിതസൗകര്യം ലഭിക്കും. സംഖ്യാബലവും ധനശക്തിയും ആണു് ഏതു് സമൂഹത്തെയും നിലനിർത്തുന്നതു്. ഇന്നു് മിശ്ര വിവാഹത്തിലേർപ്പെടുന്നവർക്കു് പല പ്രയാസങ്ങളും അനുഭവപ്പെടുന്നുണ്ടു്. അതിന്റെ മുഖ്യകാരണം അവർ അല്പപക്ഷക്കാരാണെന്നുള്ളതാണു്. തന്മൂലം സാമൂഹ്യാചാരങ്ങളുടെ സമ്മർദ്ദം സഹിക്കാനും അതിനെ എതിർത്തു് നിൽക്കാനും അവർക്കു് ശക്തിപോരാതെ വരുന്നു. സാമ്പത്തികസ്ഥിതി ഭദ്രമല്ലെങ്കിൽ എത്ര പ്രേമബദ്ധമായ ദാമ്പത്യവും തകർന്നുപോയേക്കും. ‘മാംസനിബദ്ധമല്ല രാഗം’ എന്നും മറ്റുമുള്ള വേദാന്തം പ്രായോഗികതലത്തിൽ വിലപ്പോകയില്ല. രണ്ടുമൂന്നു് ദിവസം പട്ടിണികിടക്കേണ്ടി വന്നാൽ ഏതു് ദിവ്യപ്രേമവും പമ്പ കടക്കും.
മിശ്രവിവാഹസംഘം ഈവക കാര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടതുണ്ടു്. ഒന്നാമതു് സംഘത്തിന്റെ ധനശക്തി വർദ്ധിപ്പിക്കണം. മിശ്രവിവാഹം കൊണ്ടു് ബുദ്ധിമുട്ടു് നേരിടുന്നവരെ സഹായിക്കുവാൻ ഫണ്ടുണ്ടെങ്കിലേ പറ്റൂ. ധനശക്തി ഇല്ലാത്ത ഒരു പ്രസ്ഥാനവും ഇക്കാലത്തു് മുന്നോട്ടു് പോകയില്ല. മനുഷ്യജാതിയെന്ന മഹത്തായ ആദർശത്തെപ്പറ്റി ജനങ്ങളുടെയിടയിൽ ബോധം വളർന്നുവരത്തക്കവിധം തത്സംബന്ധമായ പ്രചാരണം പ്രബലവും സാർവത്രികവുമാക്കണം. കേരളത്തിനു് അകത്തും പുറത്തും വിവിധ കേന്ദ്രങ്ങളിൽ സംഘത്തിന്റെ ശാഖകൾ സ്ഥാപിച്ചു് പ്രവർത്തനം സംഘടിപ്പിച്ചാലേ ഇതു് സുഖകരമാകൂ. ഇമ്മാതിരി പ്രചാരണത്തിന്റെ മുന്നോടിയായിവേണ്ടതു് ജനഹൃദയങ്ങളിൽ സ്വതന്ത്രചിന്താശീലവും ശാസ്ത്രീയബോധവും അങ്കുരിപ്പിക്കുക എന്നതാണു്. അതിനു് തക്ക പാഠപുസ്തകങ്ങളുണ്ടാവുകയും അവ ഗവണ്മെന്റ് അംഗീകരിച്ചു് പ്രാഥമികവിദ്യാലയം മുതൽ നടപ്പാക്കുകയും വേണം. മനുഷ്യജാതിയെപ്പറ്റി കേവലം ബുദ്ധിപരമായ ബോധം തെളിഞ്ഞാൽപോര. ആ ബോധം മനുഷ്യന്റെ വൈകാരികമായ അനുഭൂതിമണ്ഡലത്തിൽ വേരൂന്നണം. എന്നാലേ അതു് ഫലവത്താകുകയുള്ളു. അതിലേക്കു് ബാലഹൃദയങ്ങളിലാണു് ഈ നവീനബോധത്തിന്റെ വിത്തു് ആദ്യം വിതയ്ക്കേണ്ടതു്. ഇന്നു് ഗവണ്മെന്റ് വൈകാരികസംയോജനത്തിന്റെ പേരിൽ എത്രയോ പണം വെറുതേ ചെലവുചെയ്യുന്നുണ്ടു്. അതു് ഇത്തരം കാര്യങ്ങൾക്കായി വിനിയോഗിച്ചാൽ ഭാവിയിലെങ്കിലും പ്രയോജനമുണ്ടാകും. ജാതിമതഭേദം കൊടുമ്പിരിക്കൊള്ളുന്ന കാലത്തോളം എത്ര ശ്രമിച്ചാലും വൈകാരികസംയോജനം സാധ്യമാകയില്ലെന്നു് ആർക്കുമറിയാം. ഇപ്പോഴത്തെ സംരംഭങ്ങൾ കതിരിന്മേൽ വളംവയ്ക്കുന്നതിനു് തുല്യമാണു്. മനുഷ്യജാതിയുടെ സൃഷ്ടിയിലാകണം ഗവണ്മെന്റിന്റെ നോട്ടം. അതിനു് ആദ്യം കൈവെക്കേണ്ടതു് വിദ്യാഭ്യാസപദ്ധതിയിന്മേലാണു്. അതോടൊപ്പം മിശ്രവിവാഹപ്രസ്ഥാനത്തിനു് സർവവിധമായ പ്രോത്സാഹനവും നൽകുകയും വേണം. ഇപ്പോൾ ഹരിജനങ്ങൾക്കു് ഇക്കാര്യത്തിൽ എന്തോ ധനസഹായം ഏർപ്പെടുത്തിയിട്ടുണ്ടെന്നറിയുന്നു. അതുകൊണ്ടുമാത്രം ഈ പ്രസ്ഥാനം വളരുകയില്ല. ജനങ്ങൾ പൊതുവേ അതിലേക്കു് ആകൃഷ്ടരാകത്തക്കവണ്ണം ധനപരമായും മറ്റുവിധത്തിലും ഉള്ള പ്രതിബന്ധങ്ങളെല്ലാം നീക്കം ചെയ്യണം. ഒന്നു് തീർച്ച. ശ്രീനാരായണഗുരു വിന്റെ ഈ ആദർശം രാജ്യവ്യാപകമായി സാക്ഷാൽകരിക്കപ്പെടുന്ന കാലത്തേ ഭാരതത്തിനു് രക്ഷകിട്ടു. ഏകലോകസംവിധാനത്തിലും അതു് കൂടിയേ കഴിയൂ. പക്ഷേ, ഈ അണുയുഗത്തിലും അന്ധാചാരങ്ങളുടെ ഇരുമുടിക്കെട്ടും ചുമന്നു് നടക്കുന്ന നേതാക്കന്മാരുള്ള നമ്മുടെ നാടു് ആ സുശോഭനാവസ്ഥയ്ക്കുവേണ്ടി ഇനിയും എത്രകാലം കാത്തിരിക്കണം?
(യുക്തിവിഹാരം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971