മനുഷ്യരായി ജീവിക്കുക എന്നു് പറഞ്ഞാൽ പരമോന്നതമായ ഒരാദർശത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുക എന്നാണു് വിവക്ഷിതം. ഇന്നു് നമ്മൾ ജീവിക്കുന്നതു് മനുഷ്യരായിട്ടല്ല; ഓരോ പ്രത്യേകജാതിക്കാരും, മതക്കാരും, വർഗക്കാരും, പോരാ, രാജ്യക്കാരും മറ്റുമായിട്ടാണു്. ഇരുട്ടടഞ്ഞ ഈ അറകളുടെ ഉള്ളിൽനിന്നു് പുറത്തുകടന്നു് ലോകമാകുന്ന കുടുംബത്തിലെ അംഗങ്ങളായി ജീവിക്കാൻ വേണ്ട ഹൃദയവിശാലതയോ ബുദ്ധിസംസ്കരണമോ നമുക്കു് ഇനിയും ഉണ്ടായിട്ടില്ല. ഇന്നു് രാഷ്ട്രങ്ങൾപോലും ആപൽക്കാരിയായ കാലവിരോധമായിത്തീർന്നിരിക്കുന്നു (Nations have become a dangerous anachronism) എന്നു് ബർട്രാൻഡ് റസ്സൽ പറയുന്നു. ഇതെത്രയും അർത്ഥവത്താണു്. സർവസംഹാരകമായ രണ്ടു് ലോകമഹായുദ്ധങ്ങളുണ്ടായതു് എന്തിനുവേണ്ടിയാണു്? രാജ്യാതിർത്തികളുടെ വികസനത്തിനുവേണ്ടിയല്ലേ? ബഹിരാകാശത്തുനിന്നു് കീഴോട്ടു് നോക്കിയാൽ O വട്ടത്തിൽ കാണുന്ന ഭൂമിയിൽ മനുഷ്യരെ വേർതിരിച്ചുനിർത്തുന്ന ഏതെല്ലാം തരത്തിലുള്ള മതിൽക്കെട്ടുകളാണു് പൊന്തിവന്നിരിക്കുന്നതെന്നാലോചിക്കുക! ഇവയെല്ലാം തട്ടിനിരത്തി ‘വസുധൈവകുടുംബകം’ എന്ന വിശാലാദർശത്തിൽ ജീവിക്കുവാൻ ബുദ്ധിമാനായ മനുഷ്യനു് സാധ്യമല്ലെന്നോ? നവീന ശാസ്ത്രവിജ്ഞാനം ഈ ലോകത്തെ ഒന്നാക്കിക്കാണിച്ചു് അനുഭവപ്പെടുത്തിത്തന്നിട്ടും അന്ധമാനസരായ മനുഷ്യർ അതിനെ പലതാക്കി പങ്കുവെച്ചു് പരസ്പരം കലഹിച്ചു് നശിക്കുന്നു! എന്തൊരു വൈരുദ്ധ്യമാണിതു്! എല്ലാം ഒന്നാണെന്നു് മതഗ്രന്ഥങ്ങൾ നൂറ്റാണ്ടുകളായി ഉദ്ഘോഷിക്കുന്നുണ്ടു്. പക്ഷേ, പ്രായോഗികജീവിതത്തെ ഭരിക്കുന്നതു് ഇത്തരം ഉപദേശമൊന്നുമല്ല. ജാതി, മതം, വർഗം, സംസ്ഥാനം, രാഷ്ട്രം ഇത്യാദി മൂഢസങ്കല്പങ്ങളാണു് ജീവിതത്തിന്റെ കടിഞ്ഞാൺ പിടിക്കുന്നതു്. ഇവയെല്ലാംതന്നെ മനുഷ്യത്വത്തെ വെട്ടിമുറിക്കുന്ന മാരകായുധങ്ങളാകുന്നു. ഇവയുടെ നിശ്ശേഷനാശംകൊണ്ടേ മനുഷ്യരാശിക്കു് മോക്ഷം കിട്ടുകയുള്ളു. ഈ മൂഢ സങ്കല്പങ്ങൾ മനുഷ്യത്വത്തെ മൂടിക്കളയുന്ന ഒരു കൊടുങ്കാടായി വളർന്നുവന്നിരിക്കയാണു്. ഇവയെല്ലാം തീയിട്ടു് ചുട്ടുകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലോകംമുഴുവൻ പടർന്നുപിടിക്കുന്ന ഒരു സോഷ്യലിസ്റ്റ് വിപ്ലവാഗ്നികൊണ്ടേ ഇതു് സാധിതപ്രായമാകയുള്ളു. എല്ലാം ഒന്നാണെന്നു് ഏട്ടിലെഴുതിവെച്ചതുകൊണ്ടു് പ്രയോജനമില്ല. അങ്ങനെ ഒന്നായിക്കാണാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകണം. ഒരു യഥാർത്ഥസോഷ്യലിസ്റ്റ് സംവിധാനത്തിലല്ലാതെ ഈ സാഹചര്യങ്ങൾ നിലവിൽ വരുന്നതല്ലെന്നു് ചരിത്രം പരിശോധിച്ചാലറിയാം. ഭിന്നഭിന്ന രാഷ്ട്രങ്ങൾ സ്വയം വഴങ്ങിക്കൊടുത്തു് ഒരു ഏകലോകഗവണ്മെന്റിന്റെ കീഴിൽ സംഘടിക്കുക എന്നതു് ഇന്നത്തെ ഏറ്റവും വലിയ ആവശ്യമാകുന്നു. മേൽപ്പറഞ്ഞ വിപ്ലവംകൊണ്ടേ ഇതിനും വഴി തെളിഞ്ഞുകിട്ടുകയുള്ളു. ഇങ്ങനെ ഭരണസംബന്ധമായ ഒരു ലോകസംഘടന നടപ്പിലായാൽ അതിന്റെ നിയന്ത്രണംമൂലം രാഷ്ട്രങ്ങളുടെ സമരമനോഭാവം മന്ദീഭവിച്ചു് കാലാന്തരത്തിൽ സുസ്ഥിരമായ വിശ്വശാന്തിതന്നെ ഉണ്ടായേക്കാം. ഇപ്രകാരം രാഷ്ട്രീയാതിർത്തികളുടെ പ്രാധാന്യം കുറയുമ്പോൾ രാഷ്ട്രങ്ങൾക്കുള്ളിലുള്ള ഇതര ഭേദഭാവനകളുടെ തീവ്രതയും ഒട്ടൊക്കെ മന്ദീഭവിക്കും. പക്ഷേ, ഈ പരാമർശത്തിലെത്താൻ ഇനിയും എത്രകാലം വേണ്ടിവരും?
ഇതര രാജ്യങ്ങളെ അപേക്ഷിച്ചു് ഇന്നു് ഇന്ത്യയിലെ സ്ഥിതി തുലോം ദുഃഖകരമായിരിക്കുന്നു. നെഹ്റു വിന്റെ കാലത്തിനുശേഷം ഈ രാജ്യത്തെ അധഃപതനത്തിന്റെ പാതാളത്തിലേക്കു് തള്ളിയിടാൻ സകല പിന്തിരിപ്പൻശക്തികളും ഒത്തൊരുമിച്ചു് പ്രവർത്തിക്കുകയാണു്. ജാതീയവും മതപരവുമായ ഭേദഭാവനകൾ, പ്രാദേശികവും ഭാഷാപരവുമായ വിഭാഗീയചിന്തകൾ എന്നിവയുടെയെല്ലാം ദുർഭൂതങ്ങൾ ഉണർന്നെഴുന്നേറ്റു് നാലുപാടും നടമാടിത്തുടങ്ങിയിരിക്കുന്നു. ഭാരതത്തെ ഏകമായി കാണാൻപോലും സാധ്യമല്ലാത്തവിധം അതിനെ ഛിന്നഭിന്നമാക്കാനുള്ള ഗൂഢശ്രമങ്ങളാണു് ഇപ്പോൾ നടക്കുന്നതു്. അഖണ്ഡഹിന്ദുസ്ഥാൻ അഥവാ ഹിന്ദുരാഷ്ട്രം എന്ന വിനാശകാരിയായ ബീഭത്സാശയവും ഇപ്പോൾ പ്രചരിച്ചുതുടങ്ങിയിരിക്കുന്നു. ഹിന്ദുമതധർമത്തിന്റെയും ആത്മീയമൂല്യങ്ങളുടെയും പേരിൽ ക്ഷിപ്രവിശ്വാസികളായ ജനങ്ങളുടെ മതവികാരങ്ങളെ ചൂഷണംചെയ്തു് ജീവിക്കുന്ന ഒരുതരം ആനന്ദന്മാരും ബാബാമാരും യോഗിനീയോഗിമാരും ഈയിടെ ധാരാളം രംഗത്തിറങ്ങിയിട്ടുണ്ടു്. സ്ഥാപിതതാൽപര്യങ്ങൾക്കുവേണ്ടി ഇക്കൂട്ടരെ കരുക്കളാക്കി ഉപയോഗിച്ചു് മതസംഘടനകളുണ്ടാക്കി വർഗ്ഗീയവിദ്വേഷം വളർത്താൻ ചില രാഷ്ട്രീയകക്ഷികളും ഇപ്പോൾ മുന്നിട്ടുവന്നിരിക്കയാണു്. ദേശീയൈക്യത്തിനു് അത്യന്താപേക്ഷിതമായ മതസഹിഷ്ണുതയുടേയും സമുദായസൗഹാർദ്ദത്തിന്റെയും കണ്ഠകുഠാരങ്ങളായ പല പ്രസ്ഥാനങ്ങളും ഇന്നു് ബഹുവിധപ്രക്ഷോഭണങ്ങൾക്കു് സന്നാഹം കൂട്ടുന്നു. ഇവയിൽനിന്നു് പുറപ്പെടുന്ന വർഗീയവിഷജ്വാലകൾ കലാശാലകളിലെ പരിശുദ്ധാന്തരീക്ഷത്തെപ്പോലും മലിനമാക്കുന്നുവെന്നതാണു് കഷ്ടാൽ കഷ്ടതരമായിട്ടുള്ളതു്. മതം കേവലം വ്യക്തിപരമായ ഒരു കാര്യമാണെങ്കിൽ—അതായതു് ഒരുവന്റെ സങ്കല്പത്തിലുള്ള ഈശ്വരനും അയാളും തമ്മിലുള്ള ഒരു രഹസ്യബന്ധമാണെങ്കിൽ—അതിൽ ആർക്കും പരാതിയുണ്ടാകയില്ല. പക്ഷേ, മതത്തെ കേന്ദ്രീകരിച്ചു് സംഘടനയുണ്ടാകുമ്പോൾ അതു് സമൂഹക്ഷേമത്തിനു് ആപത്തായിത്തീരും. സംഘടിതമതത്തിന്റെ വെടിയുണ്ടയാണല്ലോ മഹാത്മാഗാന്ധിയുടെ മാറിടം പിളർന്നതു്. ഈ ഭയങ്കരസത്യം മറന്നുകൊണ്ടു് ഭാവിപൗരന്മാരായ കലാശാലാവിദ്യാർത്ഥികളെപ്പോലും ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതാനുയായികളാക്കി വേർതിരിച്ചു് അവരുടെ ഇളംമനസ്സിൽ പരമതവിദ്വേഷം കുത്തിവെയ്ക്കാൻ ശ്രമിക്കുന്നവർ ശിക്ഷാർഹമായ മഹാപരാധമാണു് ചെയ്യുന്നതെന്നു് പറയേണ്ടിയിരിക്കുന്നു. ഇതിൽപ്പരമൊരു രാജ്യദ്രോഹം അഥവാ മനുഷ്യദ്രോഹം വേറെയില്ലെന്നു് കണ്ണുള്ളവർക്കു് കാണാം. സ്വതന്ത്രചിന്തകരും യുക്തിവാദികളുമായ വിദ്യാർത്ഥികളെങ്കിലും സംഘടിച്ചു് ഈ മഹാവിപത്തു് തടയാൻ നോക്കണം. ഭാരതീയർക്കു് ഭാരതീയരായി ജീവിക്കണമെങ്കിൽ അവർ ഒന്നാമതായി ചെയ്യേണ്ടതു് ജാതിയുടെയും മതത്തിന്റെയും പ്രാദേശികമനോഭാവത്തിന്റെയും ജീർണിച്ച കുപ്പായങ്ങൾ ഊരിക്കളഞ്ഞു് എല്ലാക്കാര്യങ്ങളിലും ഒരു ശാസ്ത്രീയവീക്ഷണം കൈക്കൊള്ളുക എന്നതാണു്. അവർക്കു് മനുഷ്യരായി ജീവിക്കാനുള്ള മാർഗവും അതു് മാത്രമാകുന്നു. അവിടെ നിന്നുകൊണ്ടേ ഏകലോകാദർശത്തിലേക്കു് എത്തിനോക്കാനെങ്കിലും കഴിയുകയുള്ളു.
(യുക്തിവിഹാരം 1969)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971