റിപ്വാൻ വിങ്കിൾമാരുടെ കാലം കഴിഞ്ഞുപോയി എന്നാണു വിചാരിച്ചിരുന്നതു്. എന്നാൽ കഴിഞ്ഞ ലക്കം ‘വിവേകോദയ’ത്തിൽ ശ്രീ കുട്ടികൃഷ്ണമാരാരു ടെ ‘അഹങ്കാരം’ കണ്ടപ്പോൾ ഈ വർഗം ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നു മനസ്സിലായി. സാഹിത്യം വിട്ടു് വേദാന്തത്തിലേക്കു തിരിഞ്ഞു് ലോകം നന്നാക്കാൻ പുറപ്പെട്ടിരിക്കുന്ന മാരാർ, ഭഗവത്ഗീതയിൽക്കൂടി ഈശ്വരവിചാരം നടത്തിയിരിക്കുയാണു് ആ ലേഖനത്തിൽ. അതിലാർക്കും പരാതിയില്ല. ഗീതയിലെ ശ്ലോകങ്ങൾ ഉരുക്കഴിച്ചിട്ടോ ശബരിമലക്കെട്ടു ചുമന്നിട്ടോ അവസാനക്കൈയായി സത്യസായിബാബയുടെ ഭസ്മം പൂശിയിട്ടോ എന്തു ചെയ്തിട്ടെങ്കിലും അദ്ദേഹം ഈ വയസ്സുകാലത്തു് ഈശ്വരനെ കണ്ടുപിടിച്ചോട്ടെ. കണ്ടുകിട്ടുമെങ്കിൽ ഈ ലേഖകനും അതിൽ കൂട്ടുകൂടുമായിരുന്നു. പക്ഷേ, ഈശ്വരനെ അന്വേഷിച്ചുപോകുന്ന പോക്കിൽ വഴിക്കുകണ്ട യുക്തിവാദികളെ മനഃപൂർവം ആക്ഷേപിക്കാനും രാഷ്ട്രീയത്തിലേക്കു ചാടിവീണു് ഇക്കാലത്തു് സുബോധമുള്ളവരാരും പറയാത്ത ചില അഭിപ്രായങ്ങൾ പൊക്കിപ്പിടിക്കാനും തുടങ്ങുന്നതു കാണുമ്പോൾ ഈ പോക്കു നന്നല്ല എന്നു പറയേണ്ടിയിരിക്കുന്നു. പരിപക്വമാനസർക്കുണ്ടാകേണ്ട സഹിഷ്ണുതയും വിവേകവും ഔചിത്യബോധവും മറ്റും ദൈവത്തെ തേടിപ്പോകുന്നവർക്കു് ആവശ്യമില്ലെന്നു് വല്ല മതഗ്രന്ഥത്തിലും പറഞ്ഞിട്ടുണ്ടോ എന്തോ.
മാരാരുടെ യുക്തിവാദഭർത്സനം നോക്കുക: യുക്തിവാദികളെന്നു സ്വയം വിശ്വസിക്കുന്ന അവർ അഹങ്കാരവശാൽ ആജീവനാന്തം അയുക്തികളെത്തന്നെ ആശ്രയിച്ചു കഴിയുവാൻ വിധിക്കപ്പെട്ടവരാണു്. തുടക്കത്തിൽ ഉദാഹരിച്ചതുപോലെ ലോകത്തിൽ വല്ലതുമൊന്നു നടക്കുവാൻ ഒരു ചേതനന്റെ ആദ്ധ്യക്ഷ്യം വേണമെന്നു് സർവത്ര പ്രത്യക്ഷമായിരിക്കെ ലോകനടത്തിപ്പിനും അതു കൂടാതെ കഴിയില്ലെന്ന സരളയുക്തിപോലും അവരിലേശില്ല. ഏശാതെ കഴിയാനുള്ള സഹജകവചമാണു് അവർക്കു് യുക്തിവാദം സ്വന്തം ചേതനയെ ജഡത്തിനു് അടിയറ വച്ചിരിക്കുന്ന—പ്രകൃതി ഗുണങ്ങളിൽ നിന്നാണു് ജീവനുണ്ടായതു് എന്നു കണ്ടുപിടിച്ച—അവരെ കരുണാനിധിയായ സർവേശ്വരൻ കാത്തരുളട്ടെ എന്നുവച്ചടങ്ങാമായിരുന്നു. പക്ഷേ, അവരെക്കൊണ്ടു നാട്ടിൽ പെരുകുന്ന മഹാവിപത്തു കാണുമ്പോൾ മിണ്ടാതിരിക്കാനും തോന്നുന്നില്ല.
മിണ്ടാതിരിക്കാതെ ഈ സോല്ലുണ്ഠനത്തിനു് പുറപ്പെട്ട മാരാരോട് ഒന്നുചോദിക്കട്ടെ—ലോകനടത്തിപ്പിനു അദ്ധ്യക്ഷനായിട്ടു് ഒരീശ്വരൻ വേണമെന്നാണല്ലോ പറയുന്നതു്. അപ്പോൾ യുക്തിവാദികളെക്കൊണ്ടുള്ള ഈ മഹാവിപത്തു് നാട്ടിൽ പരക്കുന്നതും ഈ ഈശ്വരന്റെ അദ്ധ്യക്ഷതയിലാകണമല്ലോ. മാരാരുടെതന്നെ വാദമനുസരിച്ചു് യുക്തിവാദി ഇതിനൊരു നിമിത്തം മാത്രമല്ലേ? അങ്ങനെ വരുമ്പോൾ മഹാവിപത്തിനുത്തരവാദിയായ അദ്ധ്യക്ഷനെ—ഈശ്വരനെ—വേണം ആക്ഷേപിക്കാൻ. കുട്ടികൾപോലും മനസ്സിലാകുന്ന ഈ ‘സരളയുക്തി’ മാരാരുടെ വിശ്വാസബദ്ധമായ ബുദ്ധിക്കകത്തു കടക്കാതിരുന്നതിൽ അത്ഭുതപ്പെടാനില്ല. മേലുദ്ധരിച്ച ഖണ്ഡികയും തുടർന്നുള്ള ഭാഗങ്ങളും വായിച്ചുനോക്കുന്നവർക്കു് അയുക്തിക്കു മാത്രമല്ല അഹങ്കാരമൂഢതയ്ക്കും വേറെ ഉദാഹരണം അന്വേഷിക്കേണ്ടതില്ല.
പ്രകൃതിഗുണങ്ങളിൽനിന്നാണു് ജീവനുണ്ടായതെന്നു കണ്ടുപിടിച്ചതു് മാരാർക്കു് അസഹ്യമായിരിക്കുന്നു. പിന്നെ, എന്താണു് യുക്തിവാദികൾ കണ്ടുപിടിക്കേണ്ടതു്? ജീവൻ ഭഗവാന്റെ കാരുണ്യംകൊണ്ടു് ആകാശത്തുനിന്നു പൊട്ടിവീണു് ഭൂഗർഭത്തിലേക്കു കടന്നതാണെന്നോ! ജീവോൽപത്തി പ്രകൃതിയിൽത്തന്നെ സംഭവിച്ചതാണെന്നു കണ്ടുപിടിച്ചതു് ആധുനിക ശാസ്ത്രജ്ഞരാണു്. സയൻസിന്റെ പരീക്ഷണശാലയിലാണു് അവർ ആ സത്യം കണ്ടെത്തിയതു്. വളരെയധികം നിരീക്ഷണപരീക്ഷണങ്ങൾ അതിനു വേണ്ടിവന്നു. അല്ലാതെ വെറുതെയങ്ങു പറഞ്ഞുണ്ടാക്കിയതല്ല. പ്രപഞ്ചവിജ്ഞാനം ശൈശവദശയിലിരുന്ന കാലത്തുണ്ടായ ഉപനിഷത്തുക്കളും ഭഗവദ്ഗീതയും അറിവിന്റെ അങ്ങേയറ്റത്തെ പ്രമാണങ്ങളാണെന്നു് അന്ധമായി വിശ്വസിച്ചു് അവയിൽ കാണുന്നതൊക്കെ വിവേചനം കൂടാതെ അപ്പാടെ വിഴുങ്ങി അസംബന്ധം പുലമ്പുന്ന സ്വഭാവമല്ല ഈ ശാസ്ത്രജ്ഞന്മാർക്കുള്ളതു്. കഴിഞ്ഞപത്തിരുപതു കൊല്ലമായി ജീവിശാസ്ത്രത്തിനുണ്ടായിട്ടുള്ള വിസ്മയാവഹമായ വികാസത്തിന്റെ എ. ബി. സി.-യെങ്കിലും അറിയാവുന്നവർക്കു് ഈ കണ്ടുപിടത്തത്തിൽ അസഹ്യത തോന്നുകയില്ല. ‘ഓർഗനിസം’ എന്നൊരു വാക്കു് ജീവശാസ്ത്രത്തെ പരാമർശിച്ചുകൊണ്ടു് മാരാര് ഒന്നുരണ്ടു വാക്യത്തിൽ തിരുകിവച്ചിരിക്കുന്നതു കണ്ടപ്പോൾ ബുദ്ധിമാന്മാർ കാലുവയ്ക്കാൻ മടിക്കുന്നിടത്തു വേറെ ചിലർ—പേരു പറയുന്നില്ല—ഓടിക്കയറുന്നുവെന്ന അർത്ഥത്തിലുള്ള ഇംഗ്ലിഷിലെ ഒരു പഴഞ്ചൊല്ലു് ഓർമിച്ചു് പോയതു് ക്ഷമിക്കണം. ഇക്കഴിഞ്ഞ ‘ജനയുഗം’ വാരികയിൽ (മാർച്ച് 12) ശ്രീ കെ വേണു ‘സാഹിത്യകാരന്റെ പ്രേതവിചാരം’ എന്നൊരു പ്രൗഢലേഖനം എഴുതിയിട്ടുണ്ടു്. മാരാരുടെ ശ്രവണമനനനിദിധാസനങ്ങൾക്കു വിഷയമാകേണ്ട ഒന്നാണു് അതെന്നുകൂടി ഈയവസരത്തിൽ പറഞ്ഞുകൊള്ളട്ടെ. സ്വയംകർത്തൃകമായ പ്രകൃതിയുടെ സ്വഭാവേനയുള്ള പരിണാമഗതിയിൽ നടക്കുന്ന ജീവോൽപത്തിക്കു ഹേതുഭൂതമായ രാസയോഗപ്രക്രിയയെപ്പറ്റി ആ ലേഖനം മാരാർക്കും ബോധ്യമാകുംവിധം വിശദമായി പ്രതിപാദിക്കുന്നുണ്ടു്. ഇനിയും തൃപ്തിയായില്ലെങ്കിൽ ചില ഉപനിഷദ്വാക്യങ്ങൾതന്നെ ഉദ്ധരിച്ചു കാണിക്കാം.
‘അസദേവേമഗ്ര ആസീത്
തത്സദാസീത് തത്സഭമവത്.’
-ഛാന്ദോഗ്യോപനിഷത്, 3–13–1
(ഇതു് ആദ്യം അസത്തുതന്നെയായിരുന്നു. പിന്നെ അതു് സത്തായി സത്തു് അതിൽനിന്നുണ്ടായി.)
‘അസദ്വാ ഇദമഗ്ര ആസീത്
തതോ വൈ സദജായത’
-തൈത്തിരീയോപനീഷത്, 2–7
(ഇതു് ആദ്യം അസത്തായിരുന്നു അതിൽനിന്നു് സത്തുണ്ടായി) ഇവിടെ അസത്തു് എന്നാൽ പ്രകൃതി അഥവാ ജഗത്തു് എന്നർത്ഥം. ബ്രഹ്മസൂത്രഭാഷ്യത്തിൽ പൂർവപക്ഷവുമായി എറ്റുമുട്ടുമ്പോൾ ശങ്കരാചാര്യരെ പ്പോലും വിഷമിപ്പിച്ച വാക്യങ്ങളാണിവ. യുക്തിവാദികൾ ‘സ്വന്തം ചേതനയെ ജഡത്തിനു അടിയറവച്ചിരിക്കുന്നുവത്രെ’. എന്താണാവോ ഇതിനർത്ഥം? പ്രകൃതിയിൽനിന്നുതന്നെയാണു് ജീവോല്പത്തിയെന്നു പറഞ്ഞാൽ ചേതനയെ ജഡത്തിനു് അടിയറവയ്ക്കലാകുമോ? ശാസ്ത്ര സത്യത്തെപ്പോലും ദുർവ്യാഖ്യാനംചെയ്തു് പ്രതിപക്ഷ ദൂഷണത്തിനു വഴിതുറക്കുന്ന ദുശ്ശീലം വേദാന്തവ്യാപരത്തിനാവശ്യമായിരിക്കാം. എന്തായാലും ഇത്തരം ജല്പനങ്ങൾക്കു് മറുപടി പറയേണ്ടതില്ല. രണ്ടാം ബാല്യത്തിന്റെ ഡിംഭത്വവിലാസം കണ്ടു രസിക്കാൻ കഴിവുള്ളവരാണു് യുക്തിവാദികൾ.
ഇനി മാരാരുടെ രാഷ്ട്രീയത്തിലേക്കു് ഒന്നു കടന്നുനോക്കാം. ഇതിലും ബഹുവിചിത്രമാണു് അതു് ‘ഒരാദ്ധ്യാത്മികപ്രബന്ധത്തിൽ ഇത്രയധികം രാഷ്ട്രീയം വേണോ എന്നു ഇതിനിടയിൽ വല്ലവർക്കും തോന്നിയിട്ടുണ്ടാകാം’—കുറെയേറെ എഴുതി കൂട്ടിയതിനുശേഷം അദ്ദേഹത്തിനു് ഇങ്ങനെയൊരു ശങ്ക. വല്ലവർക്കും മാത്രമല്ല അല്പം ഔചിത്യബോധമുള്ളവർക്കെല്ലാം ഉണ്ടാകുന്നതാണീ തോന്നൽ. ഇതിനുള്ള സമാധാനവും നേരമ്പോക്കായിട്ടുണ്ടു്. ആദ്ധ്യാത്മികതയ്ക്കു മാത്രം ഒരു പരിമിതിയില്ല. ഏതു വിഷയത്തിലും കടന്നുചെല്ലാമത്രെ. അടങ്ങിയിരിക്കാതെ തിളച്ചുപൊന്തുന്ന ആദ്ധ്യാത്മികത തൊട്ടുതളിച്ചു് അതിനെ പരിശുദ്ധമാക്കിക്കാണിക്കുന്ന സമ്പ്രദായം പണ്ടേ ഉള്ളതുമാണല്ലോ. ആർഷഭാരതത്തിൽ വേദാന്തചിന്തയിൽ മാരാർ ‘സോഹം’ വരെ എത്തിയിട്ടുണ്ടു്. ഈ ‘സോഹം’ പാടി നടക്കുന്ന ഒരുകൂട്ടം ദിഗംബരനരജീവികൾ കഴിഞ്ഞ നവംബറിൽ പതിനായിരക്കണക്കിനു ഡൽഹിയിൽ വന്നിറങ്ങി. ജനനേന്ദ്രിയ പ്രദർശനം നടത്തിയതും ത്രിശൂലം തീപ്പന്തം മുതലായ സാമഗ്രികൾകൊണ്ടു ഗോമാതൃപൂജ നിർവഹിച്ചതും ആദ്ധ്യാത്മികമായിട്ടാണു്. നാടു നശിച്ചാലെന്തു് ? ആ നാശം വെറും ഭൗതികമല്ലേ? ‘ആത്മീയം’ ഒന്നുണർന്നു കിട്ടുമല്ലോ. പക്ഷേ, ഒരു കാര്യം ഓർത്താൽ കൊള്ളാം. രാഷ്ട്രീയത്തിൽ മതം കുത്തിച്ചെലുത്തി സർവത്ര ‘രാംധും’ മുഴക്കിയതിന്റെ ഫലമായിട്ടുകൂടിയാണു് മാതൃഭൂമി വെട്ടിമുറിക്കപ്പെട്ടതു്. ‘ഈശ്വര അള്ള തേരെ നാം’ എന്നു പാടിപ്പാടി സ്വരം മൂത്തപ്പോൾ ഈശ്വരൻ ഇപ്പുറത്തേക്കും അള്ള അപ്പുറത്തേക്കും സലാം പറഞ്ഞു പിരിഞ്ഞുപോയി.
ഇൻഡ്യയുടെ മതേതരത്വം പോലും ദുസ്സഹമായിത്തീർന്നിരിക്കുന്നു മാരാർക്കു്! പിന്നെ എന്തുവേണം? ഈ രാജ്യം ഹൈന്ദവരാഷ്ട്രമാകണോ? അഖണ്ഡഹിന്ദുസ്ഥാൻ കക്ഷിയുടെ ലക്ഷ്യം അതാണല്ലോ മഹാത്മാവിന്റെ കാലശേഷം ഭാരതരാഷ്ട്രം നേരെ ചെന്നുവീണതു് നാസ്തിക്യത്തിന്റെ കൈപ്പിടിയിലാണെന്നും തന്മൂലം സനാതനകർമം നശിച്ചിരിക്കുന്നുവെന്നും മറ്റും മാരാരു് വിലപിക്കുന്നു എന്നുവെച്ചാൽ നെഹ്റു വിനു ഭരണാധികാരം ലഭിച്ചതു് ആപത്തായി എന്നു ധ്വനി! നിങ്ങൾ അത്ഭുതപ്പെടേണ്ട. മാനസികമായി കാളവണ്ടിയുഗത്തിൽ ജീവിക്കുന്ന സനാതനികളിൽനിന്നു ഇതും ഇതിലധികവും കേൾക്കേണ്ടിവരും. ഇവിടെ നാസ്തിക്യം എന്നുവച്ചാലെന്താണെന്നു് മാരാർ നിർവചിക്കുന്നില്ല. എന്തായാലും ആസ്തിക്യത്തിന്റെ കുപ്പായമണിഞ്ഞ രാജ്യങ്ങളെക്കാൾ നാസ്തിക്യം നടമാടുന്ന രാജ്യങ്ങളിലാണു് മനുഷ്യർ മനുഷ്യരായി ജീവിക്കുന്നതു്. മതമാകുന്ന മയക്കുമരുന്നിന്റെ കച്ചവടം നിരോധിച്ചിരിക്കുന്ന ആ രാജ്യങ്ങളിൽ പാവങ്ങൾ എന്നൊരു വർഗത്തെ സ്ഥിരമായി നിലനിർത്താനുളള ഏർപ്പാടുകളൊന്നുമില്ല. അവിടെ മനുഷ്യത്വം ചവുട്ടിമെതിക്കപ്പെടുന്നില്ല. കരിഞ്ചന്ത, പൂഴ്ത്തിവയ്പു്, മായംചേർക്കൽ മുതലായ ഘോരകൃത്യങ്ങൾ നടത്തുന്നവരെയാണു് അവിടെ വെടിവച്ചു കൊല്ലുന്നതു്. നേരെമറിച്ചു് ആസ്തിക്യം മുറ്റിത്തഴച്ചു വളരുന്ന മുതലാളിത്തരാജ്യങ്ങളിലോ? ലിങ്കൺ, ഗാന്ധി തുടങ്ങിയ മഹാത്മാക്കളുടെ കഥ കഴിക്കുന്നു. ജനാധിപത്യം പേരിനും ധനാധിപത്യം കാര്യത്തിനും എന്ന മഹാവഞ്ചന നടക്കുന്നതു വേറെങ്ങുമല്ല. അതുകൊണ്ടു നമ്മുടെ നാട്ടിൽ കുറെ നാസ്തിക്യം പരക്കുന്നതുമൂലം ദോഷമൊന്നും വരാനില്ല. പണ്ടും ഇതിവിടെ ധാരാളം പ്രചരിച്ചിരുന്നു. ചാർവാക സിദ്ധാന്തം സ്ഥാപിച്ച ബൃഹസ്പതി യെയും പ്രധാനത്തിനു് (പ്രകൃതിക്കു്) സർവപ്രാധാന്യം നൽകിയ സാംഖ്യാകാരനായ കപിലനെ യും ഭൗതികജീവിതത്തിനാവശ്യമായ പഞ്ചശീലമുപദേശിച്ച ബുദ്ധനെ യും ഊട്ടിവളർത്തിയ നാടാണല്ലോ ഇതു്. ഒരു വശത്തു കൂടെ ‘അഹം ബ്രഹ്മാസ്മി’ മന്ത്രം ചൊല്ലുകയും മറുവശത്തുക്കുടെ ചാതുർവർണ്യം വഴി ജനചൂഷണം നടത്തുകയും ചെയ്തിരുന്ന ബ്രാഹ്മണപൗരോഹിത്യത്തിന്റെ തനിനിറം വെളിപ്പെടുത്തിയതു് യുക്തിവാദികളായ ഈ മഹർഷിമാരാണു്. ഏതായാലും നെഹ്റു വിന്റെ കാലം കഴിഞ്ഞല്ലോ. മാരാർക്കു ഇനി സന്തോഷിക്കാം. പോരെങ്കിൽ ആസ്തിക്യം ആര്യാവർത്തത്തിൽ വീണ്ടും തലപൊക്കിയിരിക്കുന്നു. ഗാന്ധി വധമാകുന്ന യജ്ഞം നടത്തിയ മതത്തിന്റെ സനാതനബീജം ഇപ്പോൾ പൊട്ടിമുളച്ചു തളിരിട്ടുതുടങ്ങിയിട്ടുണ്ടു്. അതിനു വെള്ളമൊഴിക്കുന്ന രാഷ്ട്രീയപാർട്ടികളും ശക്തിപ്പെട്ടുവരുന്നുണ്ടല്ലോ ഇതിൽ കൂടുതലെന്തുവേണം? മാരാരുടെ സനാതനധർമം ഇനി വിജയിക്കും. എന്താണീ ധർമമെന്നു് അദ്ദേഹമൊന്നു വിവരിച്ചു തന്നാൽ കൊള്ളാമായിരുന്നു. പരബ്രഹ്മത്തെപ്പോലെ നിർവികാരമായി നിത്യമായി, നിലകൊള്ളുന്ന ഒരു ധർമമുണ്ടോ? ‘ദേശകാലോചിതം കർമം’ ‘ധർമമിത്യഭിധിയതേ’ എന്നു കേട്ടിട്ടുണ്ടു് ഈ ധർമം കേവലമോ നിത്യമോ അല്ല സാപേക്ഷമാണെന്നാണു് സാമാന്യബുദ്ധിയുള്ളവർ മനസ്സിലാക്കിയിട്ടുള്ളതു്. അടിമക്കച്ചവടം ഒരുകാലത്തു ധർമമായിരുന്നു. ഇന്നു് കടുത്ത അധർമവും. ഗോവധം അധർമമായി കരുതിയിരുന്ന ഗാന്ധി പ്രത്യേക സാഹചര്യത്തിൽ ഒരു പശുക്കിടാവിനെ കൊന്നുകളയാൻ സമ്മതിച്ചു. അതു് ധാർമികദൃഷ്ട്യാ സാധൂകരിക്കയും ചെയ്തു. അപ്പോൾ ധർമം സനാതനമാകുന്നതെങ്ങനെ? മാരാർ വിശ്വസിക്കുന്ന സനാതനധർമം തൊലിപൊളിച്ചു നോക്കിയാൽ അതിനകത്തു് ഒളിച്ചിരിക്കുന്നതു് ബ്രാഹ്മണപൗരോഹിത്യത്തിന്റെ ചാതുർവർണ്യധർമമാണെന്നു കാണാം. പക്ഷേ, അങ്ങനെ കാണണമെങ്കിൽ ഒന്നാമതു ബ്രാഹ്മണദാസ്യം നീങ്ങി കണ്ണുതെളിയണം ഭഗവദ്ഗീതയിലും മറ്റും ധർമപദത്തിനു വർണധർമമെന്നാണർത്ഥം. ക്ഷത്രിയനു യുദ്ധംചെയ്യലും ആളെക്കൊല്ലലും ധർമം! ശൂദ്രനു് ത്രൈവർണികരുടെ വിശേഷിച്ചു് ബ്രാഹ്മണരുടെ ദാസ്യം—ഇതൊക്കെ ജാതി മാറി ചെയ്തുപോയാൽ ആപത്തു്.
‘സ്വധർമ്മേ നിധാനം ശ്രേയഃ
പരധർമ്മോ ഭയാവഹഃ’
ഇത്യാദി വാക്യങ്ങളിലെല്ലാം അതു ജാതിയുടെ ധർമം എന്നാണു് വിവക്ഷിതം. ഇതാണു് മായം ചേർക്കാത്ത ശുദ്ധമായ സനാതധർമ്മം. പക്ഷേ, തർക്കം വരുമ്പോൾ തരം പോലെ പറഞ്ഞുനിൽക്കാൻ വേണ്ടി ഏതു വ്യാഖ്യാനവും ഈ വാക്കിനു കൊടുക്കയും ചെയ്യാം. സംസ്കൃതഭാഷ അതിനു പറ്റിയതുമാണല്ലോ. ഈ വ്യാഖ്യാനക്കസർത്തു് മാരാര് നന്നായിട്ടു് അഭ്യസിച്ചിട്ടുണ്ടെന്നു ലേഖനം തെളിയിക്കുന്നു. മുറജപത്തിനു ചെന്ന നമ്പൂരി ചീട്ടുകളിച്ചതിനെപ്പറ്റി രാജാവു ചോദ്യം ചെയ്തപ്പോൾ അയാൾ ഇസ്പേഡ് ആസ്സെടുത്തു കാണിച്ചു് ‘ഏകോ ദേവഃ സർവഭൂതേഷു ഗുഢഃ’ എന്നു തുടങ്ങുന്ന ഉപനിഷന്മന്ത്രത്തിന്റെ അർത്ഥവിചാരമാണു് താൻ അതിലൂടെ നടത്തിയതെന്നു വാദിച്ചതായി കേട്ടിട്ടുണ്ടു്. ഇത്തരം ശബ്ദജാലം വേദാന്തത്തിൽ ധാരാളം കാണാം. ഈ വകയൊന്നും ഈ ശാസ്ത്രയുഗത്തിൽ വിലപ്പോവുകയില്ല.
ഒരു സംഗതി മാരാരെ ഓർമ്മപ്പെടുത്തേണ്ടുതുമുണ്ടു്. ദേശകാലപരിച്ഛിന്നമായ ഈ ലോകവും ജീവിതവുമാണു് യുക്തിവാദികളുടെ ചർച്ചാവിഷയം. അവിടെ കേവലമായ സത്യമോ (Absolute truth) കേവലമായ ധർമമോ ഉണ്ടാകാൻ വഴിയില്ല. സാപേക്ഷതാസിദ്ധാന്തം (Theory of Relativity) പഠിപ്പിക്കുന്നതും ഈ തത്ത്വമാണു്. അപ്പോൾ മാരാരുടെ സനാതധർമം തികച്ചും അശാസ്ത്രീയവും യുക്തിവിരുദ്ധവുമാകുന്നു. പിന്നെ ദേശകാലനിമിത്താതീതമായി ബ്രഹ്മാണ്ഡത്തിനുമപ്പുറത്തു എന്തോ ഒന്നുണ്ടെങ്കിൽ അതു് അവിടെ ഇരുന്നുകൊള്ളട്ടെ അതിനെ ഭൂലോകത്തിലേക്കു് ഇറക്കിക്കൊണ്ടു് വന്നു് ഈശ്വരനും അദ്ധ്യക്ഷനും മേൽനോട്ടക്കാരനും മറ്റുമാക്കുമ്പോഴാണു കുഴപ്പം നേരിടുന്നതു്. സകലത്തിനും മേൽനോട്ടം വഹിക്കുന്ന ഈശ്വരനു് ഭൂകമ്പം, ജലപ്രളയം, കൊടുങ്കാറ്റു് തുടങ്ങിയ പ്രകൃതിവിക്ഷോഭങ്ങൾക്കും കോളറ, മസൂരി മുതലായ മഹാരോഗങ്ങൾക്കും ഉത്തരവാദിത്തമേൽക്കേണ്ടിവരില്ലേ? അത്രയ്ക്കു ക്രൂരനും ഭയങ്കരനുമാകുന്ന ഈശ്വരൻ എങ്ങനെ കരുണാനിധിയാകും? ഈ ലോകത്തിൽ കുന്നുകൂടിക്കിടക്കുന്ന തിന്മയ്ക്കും ദുഃഖത്തിനും ഉത്തരവാദി ആരു്? ഈശ്വരനെ പ്രതിഷ്ഠിച്ചുകൊണ്ടു് യുക്തിയെ അവലംബിച്ചു് ഇതിനൊക്കെ ഉത്തരം പറയാൻ കഴിയുമോ? ഇനി മാരാരുടെ ‘സോഹം’ എന്തെന്നു നോക്കാം. അതിലെ സത്യം സ്വാനുഭൂത്യൈകമാനമെന്നാണല്ലോ വേദാന്തികൾ പറയുന്നതു്. പ്രത്യക്ഷാദി പ്രമാണങ്ങൾക്കൊന്നും അതു വിഷയമല്ല. ഈ ബ്രഹ്മാനുഭൂതി വ്യക്തിനിഷ്ഠമായ ഒരു വെളിപാടുമാത്രമാണു് ഇതു് എല്ലാ സാധകന്മാരിലും ഒന്നുപോലെയല്ല ഉണ്ടാകുന്നതെന്നതിനു ഭിന്നഭിന്നങ്ങളായ വൈദാന്തികസിദ്ധാന്തങ്ങളും ഉപനിഷത്തുക്കളും തെളിവു തരുന്നുണ്ടു്. അങ്ങനെ വ്യത്യസ്തവും വ്യക്തിനിഷ്ഠവുമായ അനുഭൂതിക്കു് വസ്തുനിഷ്ഠവുമായ സത്ത (objective reality) കല്പിക്കുന്നതെങ്ങനെ? അതിനു വല്ല യുക്തിയുമുണ്ടോ? യുക്തിവേണ്ട ഗീതയിൽ കണ്ടാൽ മതി എന്നു് മാരാർ പറയുമായിരിക്കാം. ഭഗവാന്റെ വചനമാണെന്നു വന്നാൽപ്പിന്നെ മനുഷ്യന്റെ യുക്തിക്കുസ്ഥാനമില്ലെന്നാകാം അദ്ദേഹത്തിന്റെ അഭിപ്രായം യജ്ഞാത് ഭവതി പർജ്ജന്യഃ—യജ്ഞത്തിൽ നിന്നാണു് മഴയുണ്ടാകുന്നതു് എന്നു് ഭഗവാൻ പറയുന്നുണ്ടല്ലോ മാരാർ ഇതു വിശ്വസിക്കുന്നുണ്ടോ ഉണ്ടെങ്കിൽ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കു പോലും ചിരിക്കാൻ വക കിട്ടും.
യുക്തിവാദികളെക്കൊണ്ടുള്ള മഹാവിപത്തു നീക്കാൻ ഇനി പുറപ്പെടുമ്പോൾ മാരാർ ഒന്നു ചെയ്താൽ ഉപകാരമാകും. ഈശ്വരൻ, ആത്മാവു്, സനാതനധർമം തുടങ്ങിയ അനേകാർത്ഥങ്ങളായ പദങ്ങൾക്കു് ഓരോ നിർവചനം നൽകിയാൽ നന്നു്. വിവാദത്തിനു് ആദ്യമായി വേണ്ടതു് അതാണു്. സത്യം, ജ്ഞാനം ഇതൊക്കെയാണു് ഈശ്വരൻ എന്നു മാരാർ സൂചിപ്പിച്ചിട്ടുണ്ടു്. അങ്ങനെയാണെങ്കിൽ യുക്തിവാദികൾക്കു് എതിർപ്പില്ല എന്തെന്നാൽ സത്യത്തെയും ജ്ഞാനത്തെയും ഏറ്റവും കൂടുതൽ മാനിക്കുന്നവരാണവർ. പക്ഷേ, ഒരു കുഴപ്പം—ഈ സത്യജ്ഞാനസ്വരൂപൻ വാദത്തിനുവേണ്ടി മാത്രം ഒരുക്കിവച്ചിരിക്കുന്ന ഒന്നാംതരം ഈശ്വരനാണു്. മാരാരുടെ ലേഖനത്തിലെ മേൽനോട്ടക്കാരനും രണ്ടാം തരത്തിൽപ്പെട്ടതാകുന്നു. അതിൽ പലയിനമുണ്ടു്—കൈക്കൂലിയും മുഖസ്തുതിയും കൊണ്ടു പ്രസാദിക്കുന്ന ഈശ്വരൻ ദുഷ്ടശിക്ഷണവും ശിഷ്ടപാലനവും സൃഷ്ടിസ്ഥിതിസംഹാരങ്ങളും നടത്തുന്ന ഈശ്വരൻ സ്വർഗത്തിലിരുന്നു് പുണ്യപാപങ്ങൾ വീതിക്കുകയും ഭൂമിയിൽ യുദ്ധമുണ്ടാകുമ്പോൾ ഇരുപക്ഷക്കാരുടെയും പ്രാർത്ഥന കേട്ടു് അമ്പരക്കുകയും ചെയ്യുന്ന ഈശ്വരൻ രമാദേവിമാരുടെയും സത്യസായിബാബമാരുടെയും ഒട്ടേറെ മായാനന്ദന്മാരുടെയും വേഷത്തിൽ അവതരിക്കുന്ന ഈശ്വരൻ—ഇങ്ങനെ എത്രയെത്ര! ഈ അന്ധവിശ്വാസസന്തതികളെയാണു് യുക്തിവാദികൾ നഖശിഖാന്തം എതിർക്കുന്നതു്. സത്യവും ജ്ഞാനവും മാത്രമാകുമ്പോൾ ഈശ്വരൻ ഈശ്വരനല്ലാതാകും. അപ്പോൾ ആപത്തും കുറയും ജഗൽക്കാരണം ബ്രഹ്മമാണെന്നു് അദ്വൈതികൾ വാദിക്കുന്നു. ഈ വാദത്തിനും നിൽക്കക്കള്ളിയില്ല. ബ്രഹ്മമാണു കാരണമെങ്കിൽ ആ കാരണത്തിനും ഒരു കാരണം വേണ്ടേ? അങ്ങനെ ഈ കാര്യകാരണശൃംഖല നീണ്ടു പോയാൽ താർക്കികന്മാരുടെ അനവസ്ഥ എന്ന ദോഷത്തിൽ ചെന്നു ചാടും. അതു പരിഹരിക്കാൻ ബ്രഹ്മത്തെ ആദികാരണമാക്കുകയാണെങ്കിൽ എന്തുകൊണ്ടു പ്രകൃതിയെത്തന്നെ അങ്ങനെ ആക്കിക്കൂടാ? പദാർത്ഥ (Matter) ത്തെ ശക്തി (Energy) യായും ശക്തിയെ പദാർത്ഥമായും രൂപാന്തരപ്പെടുത്തുന്ന പ്രകൃതിതന്നെ ജീവോല്പത്തിക്കു കാരണമായിരിക്കെ വേറൊരു ആദികാരണം തേടിപ്പോകുന്നതെന്തിനു്?
‘സ്വഭാമീശ്വരം കാലം
യദൃച്ഛാം നിയതീം തഥാ
പരിണാമം ച മന്യന്തെ
പ്രകൃതിം പൃഥുദർശിനഃ’
എന്നു് ഭിഷഗാചാര്യനായ സുശ്രുതൻ പറയുന്നു. ‘കാലഃ പചത ഭൂതാനി’ (കാലം ജീവികളെ സൃഷ്ടിക്കുന്നു) എന്നു് ഭാരതത്തിലും കാണുന്നു. അപ്പോൾ ഈശ്വരനും കാലവുമെല്ലാം പ്രകൃതിതന്നെ അതു സ്വഭാവേന പ്രവർത്തിക്കുന്നു. ‘സ്വഭാവസ്തു പ്രവർത്തതേ’ എന്നു് ഗീതയും പിന്താങ്ങുന്നുണ്ടു്. ഈ സ്വയം പ്രവർത്തനത്തിനു പ്രകൃതിബാഹ്യമായ ഒരു ശക്തിയുടെ ആവശ്യമില്ല. ചേതനയും മറ്റെല്ല ശക്തിവിശേഷങ്ങളും അതിൽത്തന്നെയുണ്ടു്.
കൊട്ടക്കണക്കിനു് ഗീതാപദ്യങ്ങളുദ്ധരിച്ചു് വൃഥാ സ്ഥൂലമാക്കിയിട്ടുള്ള മാരാരുടെ പ്രബന്ധത്തിനു് ഒരു മറുപടി എഴുതണമെന്നു വിചാരിച്ചിരുന്നില്ല. ചില സുഹൃത്തുക്കളുടെ നിർബന്ധംകൊണ്ടു ഇത്രയും കുറിച്ചുവെന്നേ ഉള്ളു. യുക്തിവിചാരം അയോഗ്യതയും ആപത്തുമാണു് എന്നു കരുതുന്നവരോടു് എന്തു പറയാനാണു്?
യുക്തിവിഹാരം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971