യുദ്ധകാലം മതാധികാരികളുടെ ഒരു കൊയ്ത്തുകാലമാണു്. നിലയും വിലയും കെട്ടു് നശിച്ചുതുടങ്ങിയ മതത്തിന്റെ മാനം രക്ഷിക്കാനും മാഹാത്മ്യം ഘോഷിക്കാനും ഇതുപോലെ പറ്റിയ ഒരവസരം അവർക്കു് മറ്റൊരു കാലത്തും ലഭിക്കുന്നതല്ല. യുദ്ധകാലത്തു് കച്ചവടക്കാർ സാമാനവിൽപനയിൽ അമിതമായ ലാഭം എടുത്തു് പണക്കാരനാകുന്നതുപോലെയാണു് ഇക്കൂട്ടരുടെയും പ്രവൃത്തി. ഇവർ വിൽക്കുന്നതു് അന്ധവിശ്വാസച്ചരക്കുകളാണെന്നു് മാത്രമേ വ്യത്യാസമുള്ളു. യുദ്ധം മൂലം ഭയവിഹ്വലമാകുന്ന ജനസഞ്ചയത്തെ വഞ്ചിക്കുന്നതിനു് എളുപ്പം കൂടുമല്ലോ. ഭയത്തിൽനിന്നാണു് മതത്തിന്റെ ഉല്പത്തി. ഭയംകൊണ്ടുതന്നെയാണു് അതു് വളർച്ച പ്രാപിച്ചതും. യുദ്ധംകൊണ്ടും ജീവിതഭയം വർദ്ധിക്കുന്നു. തൽഫലമായി മനുഷ്യന്റെ ചിന്താശക്തി ക്ഷയിക്കുന്നു. ഏതെങ്കിലും ഒരു അഭയസ്ഥാനം നേടുക എന്ന നിലയിലാകും അപ്പോൾ അവന്റെ മനസ്സു്. ഈ തക്കം നോക്കിച്ചെല്ലുന്ന പുരോഹിതനും കള്ളപ്രമാണങ്ങൾ ചൊല്ലി കാര്യം നേടാൻ ഒരു പ്രയാസവും ഉണ്ടാകുന്നതല്ല. മതം മനംമയക്കുന്ന കറുപ്പാണെന്നുള്ള അഭിപ്രായം അക്ഷരംപ്രതി പരമാർത്ഥമാണു്. പക്ഷേ, ജീവിതം എത്രത്തോളം സുരക്ഷിതമാകുന്നുവോ അത്രത്തോളം ഈ കറുപ്പു് വില്പന സാദ്ധ്യമല്ലാതാകും. നൂതനമായ ഒരു സാമ്പത്തികഘടനകൊണ്ടു് റഷ്യയിലെ ജീവിതം താരതമ്യേന കൂടുതൽ സുരക്ഷിതമായിത്തീർന്നപ്പോൾ മതാധികാരികൾക്കു് അവിടംവിട്ടു് ഓടേണ്ടിവന്നു. ചുരുക്കത്തിൽ സമാധാനവും സംതൃപ്തിയും ഉള്ളിടത്തു് മതത്തിനു് തലപൊക്കാൻ വയ്യാതാകും. ഈ തത്ത്വം മനസ്സിലാക്കിയിട്ടുള്ള മതാധികാരികൾ ലോകമൊട്ടുക്കു് ഇങ്ങനെയൊരു സുശോഭനാവസ്ഥ വന്നുചേരാൻ ആശിക്കുമെന്നോ അതിലേക്കുവേണ്ടി പ്രയത്നിക്കുമെന്നോ വിചാരിക്കുവാൻ നിവൃത്തിയില്ല. മനുഷ്യവർഗ്ഗത്തെ ഭയപ്പെടുത്തി അന്ധവിശ്വാസത്തിൽ ബന്ധിക്കുക എന്നുള്ളതു് ഒരു ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിട്ടുള്ളവർ അവരുടെ സ്ഥാപനങ്ങളുടെ നിലനിൽപിനു് ഉപകരിക്കുന്ന ജീവിതഭീതിയെ ഉച്ചാടനംചെയ്യാൻ ഉള്ളഴിഞ്ഞു് ശ്രമിക്കുമോ? ഒരിക്കലുമില്ലെന്നു് ഇതുവരെയുള്ള മതചരിത്രംതന്നെ വിളിച്ചുപറയുന്നുണ്ടു്. ഇപ്പോൾ നടക്കുന്നതും ഇതുവരെ നടന്നിട്ടുള്ളതും ആയ ഭയങ്കര യുദ്ധങ്ങളുടെയും കലാപങ്ങളുടെയും പിന്നിൽ നോക്കിയാൽ മതസ്ഥാപനങ്ങൾ അവയ്ക്കു് പ്രേരകങ്ങളായി പ്രവർത്തിച്ചിട്ടുണ്ടെന്നു് കാണാം. ഇന്നത്തെ യുദ്ധം തന്നെ ഉദാഹരണമായിട്ടെടുത്തു് നോക്കുക! ഈ മഹാവിപത്തിനെ കാലേ കൂട്ടി കണ്ടു് അതു് വന്നുചേരാതിരിക്കാൻവേണ്ടി ഉറ്റുശ്രമിച്ചതു് ഒരൊറ്റ രാജ്യം മാത്രമാണു്—മതത്തെ ആട്ടിപ്പായിച്ച റഷ്യ. ലോകസമാധാനത്തിനുവേണ്ടി റഷ്യ എത്രത്തോളം ആത്മാർത്ഥമായി ശ്രമിച്ചുവെന്നു് കാണിക്കുന്ന അനേകം രേഖാമൂലമായ തെളിവുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടു്. യുദ്ധാരംഭംവരെ മോസ്കോവിൽ താമസിച്ച ഒരു അമേരിക്കൻ സ്ഥാനപതി ഈയിടെ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥത്തിൽ ഈ സംഗതികൾ നിഷ്പക്ഷമായി തുറന്നു് പറഞ്ഞിരിക്കുന്നു. മതാധിപന്മാരുടെ സ്വാധീനശക്തിക്കു് അടിമപ്പെട്ടു് കിടക്കുന്ന ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ എത്രത്തോളം കുറ്റകരമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ആ ഗ്രന്ഥകാരൻ വിശദമാക്കിയിട്ടുണ്ടു്. ലണ്ടനിലെ ആർച്ച് ബിഷപ്പും റോമിലെ പോപ്പും സ്വന്തം നാട്ടുകാർക്കു് നേട്ടമുണ്ടാക്കുന്ന ആക്രമണങ്ങളെ സാധൂകരിക്കാൻ പാടുപെടുന്നതു് നാം പലപ്പോഴും കണ്ടിട്ടുണ്ടല്ലോ. ഞാനും നീയും ഒന്നു് എന്നു് ചെന്നായ ആട്ടിൻകുട്ടിയോടു് പറയുന്ന മട്ടിൽ ആക്രമിക്കപ്പെട്ട രാജ്യങ്ങൾക്കു് ഈ മതാധിപന്മാർ നൽകുന്ന സമാധാന സന്ദേശങ്ങൾ മതസ്ഥാപനങ്ങളുടെ ക്രൂരജടിലമായ അപഹരണസ്വഭാവം വെളിപ്പെടുത്തുവാനേ ഉപകരിക്കുകയുള്ളു. രാഷ്ട്രീയവിപ്ലവങ്ങളുടെ ആഘാതമേറ്റു് അടിയിളകിത്തുടങ്ങിയിട്ടുള്ള സ്ഥാപിതതാല്പര്യങ്ങളിൽ (Vested interest) ഉൾപ്പെട്ടതാണല്ലൊ സംഘടിതമതം. അതു് നിലനിൽക്കണമെങ്കിൽ സാമ്രാജ്യങ്ങളും യുദ്ധങ്ങളും അത്യാവശ്യമാണെന്നു് ചരിത്രസംഭവങ്ങൾ തെളിയിക്കുന്നു. സാമ്രാജ്യങ്ങൾ ഉടഞ്ഞുതകർന്നു് യുദ്ധകാരണങ്ങൾ ഇല്ലാതായി ലോകം മുഴുവൻ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ഇവ കളിയാടുമ്പോൾ മതപരമായ അപഹരണവും താനേ നശിച്ചുപോകുന്നതാണു്.
യുദ്ധത്തെ സംബന്ധിച്ചു് മതാധികാരികൾ പുറപ്പെടുവിക്കുന്ന ചില വാദങ്ങൾ ബഹുവിചിത്രമത്രെ. മതവിശ്വാസവും ഈശ്വരഭക്തിയും കുറഞ്ഞതു കൊണ്ടാണുപോൽ ഈമാതിരി ഭയങ്കര യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്നതു്! മതത്തിനു് പ്രാബല്യം ഉണ്ടായിരുന്ന പഴയ കാലങ്ങളിലാണു് യുദ്ധങ്ങൾ കൂടുതലായി നടന്നതെന്ന ചരിത്രസത്യം ഇക്കൂട്ടർ ഓർമിക്കുന്നില്ല. ഇന്നു് യുദ്ധം ഉണ്ടെങ്കിലും അതു് നിന്ദ്യവും വർജ്യവും ആയ ഒരു കർമമാണെന്നു് ഹിറ്റ്ലർ പോലും സമ്മതിക്കുന്നുണ്ടു്. വീരപുരുഷന്മാരുടെ ഉൽകൃഷ്ടധർമമായി യുദ്ധത്തെ കൊണ്ടാടുകയായിരുന്നു പണ്ടത്തെ പതിവു്. രാജാക്കന്മാരുടെ യോഗ്യത അളന്നുനോക്കുന്നതു് അയൽരാജ്യങ്ങളെ പടവെട്ടിപ്പിടിക്കുന്നതിലത്രെ. ഈ അപരിഷ്കൃതാശയത്തിനു് ഇന്നു് എന്തൊരു മാറ്റം വന്നിരിക്കുന്നു എന്നു് നോക്കുക! സർവരാജ്യസഭ (League of Nations) സ്ഥാപിതമായതു് ലോകസമാധാനം സർവോപരി കാമ്യം എന്ന നൂതനാശയത്തിന്റെ പ്രേരണകൊണ്ടല്ലേ? അതു് പ്രഥമയത്നത്തിൽ ഫലിച്ചില്ലെങ്കിലും ആ ആശയം ഇന്നു് സർവരാജ്യങ്ങളുടെ ഹൃദയത്തിലും ഉത്തേജിതമായി പ്രവർത്തിക്കുന്നതുകൊണ്ടു് ഭാവിയിൽ അതു് ഫലിക്കുമെന്നു് വിശ്വസിക്കാവുന്നതാണു്. ഈമാതിരിയൊരു നവീനവീക്ഷണം യുദ്ധസങ്കുലമായ ലോകചരിത്രത്തിൽ ഇതിനുമുമ്പു് ഉണ്ടായിരുന്നോ? മതവിശ്വാസം ശിഥിലമായി വരുന്തോറും മനുഷ്യൻ കൂടുതൽ സംസ്കൃതമാനസനായി മുന്നോട്ടു് പോകുകയാണു് എന്നുള്ളതിനു് ഇതൊരു ഒന്നാംതരം തെളിവാകുന്നു. ഇന്നത്തെ യുദ്ധത്തിൽ പണ്ടില്ലാതിരുന്ന എന്തെല്ലാം ലോകമര്യാദകൾ ഇരുകക്ഷികളും ആദരിക്കുന്നു എന്നു് നോക്കുക! ഇന്നു് കാണുന്നവിധം പണ്ടു് തടവുകാരായി പിടിക്കപ്പെടുന്നവർക്കു് ശുശ്രൂഷ ലഭിച്ചിരുന്നോ?
യുദ്ധം ചൂണ്ടിക്കാണിച്ചുകൊണ്ടു് സയൻസിന്റെ തലയ്ക്കടിക്കാനും അതുവഴി മതമാഹാത്മ്യം പരത്തുവാനും ചിലർ ഉത്സാഹിക്കാറുണ്ടു്. ഇപ്പോഴത്തെ യുദ്ധസമ്പ്രദായം അതിക്രൂരമായിപ്പോയതുകൊണ്ടു് സയൻസിനെ പഴിക്കുന്നവർ. മനുഷ്യർ തീ കണ്ടുപിടിച്ചതും അബദ്ധമായി എന്നു് വാദിച്ചേക്കാം. ഭക്ഷണം പാകംചെയ്യുന്ന അഗ്നി ചിലപ്പോൾ ഭവനം ദഹിപ്പിക്കാനും ഇടയാകുന്നുണ്ടല്ലൊ. സയൻസ് കൊണ്ടു് യുദ്ധം ക്രൂരമായെങ്കിൽ ആ ക്രൂരത തടയുന്നതിനുള്ള മാർഗങ്ങളും സയൻസുതന്നെ കണ്ടുപിടിക്കുന്നുണ്ടെന്ന സംഗതി ഇവർ വിസ്മരിക്കുന്നു. യുദ്ധംമൂലമുണ്ടാകുന്ന ക്രൂരതയുടെ ഒരു ആകത്തുക കണക്കാക്കിനോക്കിയാൽ അതു് ഇന്നത്തെക്കാൾ ഒട്ടും കുറവല്ലായിരുന്നു പണ്ടും എന്നു് കാണാവുന്നതാണു്. എന്നു് മാത്രമല്ല പണ്ടത്തെപ്പോലെ പൈശാചികമായ രീതിയിൽ യുദ്ധക്കളത്തിൽപ്പോലും ഇന്നത്തെ മനുഷ്യൻ പെരുമാറുന്നുണ്ടെന്നു് തോന്നുന്നില്ല. ആഹാരം കൊടുക്കുവാൻ വിഷമമെന്നുകരുതി ലക്ഷക്കണക്കിനു് തടവുകാരുടെ തല വെട്ടിക്കളയുന്നതും മുറിവേറ്റു് അർദ്ധപ്രാണരായി വീഴുന്നവർ അവിടെത്തന്നെ കിടന്നു് നായ്ക്കൾക്കും നരികൾക്കും ഇരയാകുന്നതും മറ്റും ഇന്നത്തെ ദാരുണചിത്രങ്ങളാണോ? ഹിറ്റ്ലറുടെ ക്രൂരകർമങ്ങൾ ചിലതു് വ്യത്യസ്തങ്ങളായിട്ടു് മാത്രമേ ഗണിക്കാൻ പാടുള്ളു. ആധുനികയുദ്ധത്തിന്റെ സാമാന്യനിയമങ്ങൾക്കു് അവ ബാധകങ്ങളല്ല. മനുഷ്യവർഗത്തിന്റെ ‘ആത്മീയത’യെല്ലാം നശിച്ചു് മൃഗീയത പെരുകിപ്പെരുകി വരുന്നു എന്നും മറ്റും ആണു് ഇന്നത്തെ മതാധികാരികളുടെ പ്രസംഗം. മനുഷ്യചരിത്രം മനസ്സിലാക്കാതെയോ അഥവാ മനഃപൂർവം മറച്ചുവെച്ചോ മതത്തിന്റെ ജീർണോദ്ധാരണം നിർവഹിക്കാൻവേണ്ടി പുലമ്പുന്ന വിഡ്ഢിത്തങ്ങൾ എന്നു് മാത്രമേ ഇതിനു് അർത്ഥം കല്പിക്കേണ്ടതുള്ളു.
(വിചാരവിപ്ലവം 1943)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971