‘അങ്ങു് ഗാന്ധിജി യുടെ ശിഷ്യനാണോ?’ എന്നു് എത്രയോ കൊല്ലംമുമ്പു് ഒരാൾ ലണ്ടനിൽവച്ചു് നെഹ്റു വിനോടു ചോദിക്കുകയുണ്ടായി ‘മതകാര്യങ്ങളിൽ അല്ല’ എന്നു മാത്രമായിരുന്നു നെഹ്റുവിന്റെ മറുപടി. ഇന്നു് നെഹ്റുവിന്റെ ചരമവാർത്ത കേട്ടപ്പോൾ അതിർത്തിഗാന്ധിയായ ഗഫാർഖാൻ പറഞ്ഞ ഒരു വാക്യവും ഇവിടെ ശ്രദ്ധേയമാണു്. ‘ഏതെങ്കിലും ഒരു മതത്തിന്റെ അനുയായി ആയിരുന്നില്ല നെഹ്റു’ എന്നാണു് ആ ചിരകാല സുഹൃത്തു നിശ്ശങ്കം പ്രസ്താവിച്ചതു്. ഇക്കാര്യം ഗഫാർഖാനെപ്പോലെ തുറന്നുപറയാൻ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. എങ്കിലും ഇപ്പോൾ പരേതന്റെ മരണപത്രം ഈ സംഗതി ആർക്കും സംശയം തോന്നാത്തവിധം സുവ്യക്തമാക്കിയിരിക്കുന്നു. ‘മരണാനന്തരം എനിക്കുവേണ്ടി മതപരമായ കർമ്മങ്ങളൊന്നും ചെയ്യരുതെന്നു് ഉള്ളഴിഞ്ഞു പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവയിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ചടങ്ങെന്ന നിലയിൽപ്പോലും അവയ്ക്കു വഴങ്ങുന്നതു് കാപട്യമാണെന്നും സ്വയം വഞ്ചിക്കാനും മറ്റുള്ള വരെ വഞ്ചിക്കാനും ഉള്ള ശ്രമമാണെന്നും ഞാൻ കരുതുന്നു. നെഹ്റുവിന്റെ നിർമതത്വത്തെ വിളംബരം ചെയ്യുന്നുണ്ടു് ഈ അന്ത്യശാസനം. ഇൻഡ്യൻ ജനതയുടെ മതാന്ധതയോടുള്ള ഒരു വെല്ലുവിളിയുമാണിതു്. ഈ ശാസ്ത്രയുഗത്തിലെ അനുസന്ധാനാർഹമായ ഒരു ഉപനിഷസൂക്തിയല്ലേ ഇതിലെ അവസാനത്തെ വാക്യം? സഹസ്രാബ്ദങ്ങളായി മതത്തിന്റെ പേരിൽ നടന്നുവരുന്ന വഞ്ചനയും ചൂഷണവും ആചാരങ്ങളുടെ അർത്ഥമില്ലായ്മയും അതിൽ എത്ര മധുരമായി ധ്വനിക്കുന്നു! തന്റെ ചിതാഭസ്മം ഗംഗാനദിയിലൊഴുക്കുന്നതിലും മതപരമായ പ്രാധാന്യമൊന്നും ഇല്ലെന്നു് നെഹ്റു എടുത്തു പറഞ്ഞിട്ടുണ്ടു്. അങ്ങനെ പറഞ്ഞിരുന്നില്ലെങ്കിൽ അതിന്മേൽ പിടിച്ചു് അദ്ദേഹം ഒട്ടൊക്കെ മതവിശ്വാസിയായിരുന്നുവെന്നു് സ്ഥാപിക്കാൻ ആളുകൾ ഒരുമ്പെടുമായിരുന്നു. ദീർഘദൃഷ്ടിയായ നെഹ്റു അതും കണ്ടു. തന്റെ ശവശരീരം കൊണ്ടു് മതവിശ്വാസികൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്നു ഭയന്നിട്ടാവാം അദ്ദേഹം ഇങ്ങനെ നിർദ്ദേശങ്ങൾ വെട്ടിത്തുറന്നെഴുതിവച്ചതു്. എന്നിട്ടും, വേദപാരായണം, ഹവനം, രാംധുൻ തുടങ്ങിയ ചടങ്ങുകളിൽനിന്നു് അദ്ദേഹത്തിന്റെ ജഡത്തിനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. മതമാർഗത്തിൽ ആവശ്യമില്ലാത്ത പാരമ്പര്യച്ചുമടുപോലും ദൂരത്തെറിയാൻ മനുഷ്യർക്കു മടിയാണു് അവിടെ അവർ നേതാവിന്റെ ആജ്ഞകളെക്കൂടി ധിക്കരിക്കും.
ഭാരതത്തിന്റെ പാരമ്പര്യവും പരിതഃസ്ഥിതിയും പര്യാലോചിക്കുമ്പോൾ, നെഹ്റുവിന്റെ നിർമതത്വം ആലോചനാമൃതമായ ഒരു വൈരുദ്ധ്യമാകുന്നു. മതത്തിൽക്കൂടെ ഉറങ്ങുകയും ഉണരുകയും ചെയ്തുകൊണ്ടിരുന്ന ഇൻഡ്യയിൽ എതിരായൊന്നു മിണ്ടുമ്പോഴേക്കും മതവികാരങ്ങളിൽ വ്രണം കണ്ടുപിടിക്കാനും മുറവിളിക്കൂട്ടാനും കച്ചകെട്ടി നിൽക്കുന്ന വിവിധ മതസ്ഥരുടെ ആവാസഭൂമിയിൽ രാഷ്ട്രപിതാവിനെപ്പോലും തോക്കിനിരയാക്കിയ മതഭ്രാന്തിന്റെ ഉറവിടമായ ഈ ആർഷഭാരതത്തിൽ യാതൊരു മതത്തിലും വിശ്വാസമില്ലാതിരുന്ന ഒരാൾ എല്ലാവരുടെയും കണ്ണിലുണ്ണിയായി. യാഥാസ്ഥിതികത്വത്തെ ചവിട്ടിമെതിച്ചു കൊണ്ടു് ജനാധിപത്യമുറപ്രകാരം തന്നെ ദീർഘകാലം ഭരണസാരഥ്യം വഹിച്ചുവെന്നതു് ഈ നൂറ്റാണ്ടിലെ ഒരത്ഭുതപ്രതിഭാസമല്ലേ? ഭാരതീയരുടെ സർവവിധ മതവിശ്വാസങ്ങൾക്കും മിഥ്യാബോധങ്ങൾക്കും അന്ധാചാരങ്ങൾക്കും വിപരീതമായി നെഹ്റു എന്ന യാഥാർത്ഥ്യം ഹിമാലയശൃംഗംപോലെ നമ്മുടെ മുമ്പിൽ ഉയർന്നുനിൽക്കുകയാണു്. കണ്ണുതുറന്നു് അതിന്റെ നേരെ നോക്കി പഠിക്കേണ്ടതു പഠിക്കുവാൻ നമ്മളിലെത്രപേർ തയ്യാറാവുന്നുണ്ടു്? മനുഷ്യൻ നന്നാകുന്നതിനു് മതം അത്യാവശ്യമാണെന്ന മുരട്ടുവാദത്തിനൊരു പ്രത്യുത്തരമാണല്ലോ നെഹ്റുവിന്റെ നിർമതത്വം. വാസ്തവത്തിൽ അദ്ദേഹം നിർമതൻ മാത്രമല്ല നിരീശ്വരനുമായിരുന്നു. ഒരെത്തും പിടിയുമില്ലാത്ത ദൈവത്തിന്റേയോ ആത്മാവിന്റെയോ കാര്യമാലോചിച്ചു് അദ്ദേഹം സമയം പാഴാക്കിയില്ല. ദേവദർശനത്തിനായി ഒരു ദേവാലയത്തിലും അദ്ദേഹം പോയില്ല. ഒരു രാമനാമവും ഉച്ചരിച്ചില്ല എങ്കിലും ഈ നവയുഗത്തിലെ ഏറ്റവും നല്ല മനുഷ്യനാകാൻ അദ്ദേഹത്തിനു കഴിഞ്ഞു. മാനുഷികമായ നന്മയുടെ അന്യാദൃശ്യവും വിശ്വവ്യാപകവുമായ വികാസമാണു്. ധന്യധന്യമായ ആ ജീവിതത്തിൽ നാം കണ്ടതു് ശുദ്ധിയും ശക്തിയും ശാന്തിയും സ്നേഹവും അതിൽ നിറഞ്ഞുതുളുമ്പിയിരുന്നു. ഏതൊരു മനുഷ്യനേയും ആകർഷിക്കത്തക്കവിധം ഒരു സുന്ദരകലാശില്പമായി അദ്ദേഹം ജീവിച്ചു. യുക്ത്യധിഷ്ഠിതമായ സ്വതന്ത്രചിന്തയും വിശാലമായ ശാസ്ത്രീയവീക്ഷണവും ആ വിജ്ഞാനകേന്ദ്രത്തെ മനുഷ്യവർഗത്തിന്റെ ഒരു മഹാവിദ്യാലയമാക്കി.
ഒരു മതത്തിലും വിശ്വസിക്കാതിരുന്നതുകൊണ്ടാണു് നെഹ്റു എല്ലാ മതക്കാർക്കും സമ്മതനും സുഹൃത്തുമായതു്. അസൂയാർഹമായ ഈ പദവിയിലെത്താൻ മഹാത്മാഗാന്ധിക്കുപോലും കഴിഞ്ഞോ എന്നു സംശയമാണു്. എന്തെന്നാൽ ഇതരമതസ്ഥരുടെ ദൃഷ്ടിയിൽ ഗാന്ധി തികച്ചും മതാതീതനായിരുന്നില്ല. വിശേഷിച്ചു് മുസ്ലീം സമുദായത്തിലെ നല്ലൊരു ഭാഗം അദ്ദേഹത്തെ ഹൈന്ദവരുടെ പ്രതിനിധിയായിട്ടാണല്ലോ പരിഗണിച്ചതു്. ഗാന്ധിയെ ചിലപ്പോൾ പരുഷമായി എതിർക്കുകയും ആക്ഷേപിക്കയും ചെയ്തിരുന്ന ജിന്നാസാഹിബ് നെഹ്റുവിന്റെ നേരെ ശാന്തനും സഹിഷ്ണുവുമായിരുന്നു. മഹാത്മാവു് ഹിന്ദുമതപ്പൊരുളിന്റെ വ്യാഖ്യാനം വഴി സർവ്വമതസാഹോദര്യം, പ്രത്യേകിച്ചു് ഹിന്ദു-മുസ്ലീം മൈത്രി, പുലർത്താൻ പണിപ്പെട്ടു. അതു ദയനീയമായി പരാജയമടഞ്ഞു ഉത്തരേന്ത്യ മുഴുവൻ മതത്തിന്റെ പേരിൽ ഒഴുകിയ ചോരപ്പുഴയിലാണ്ടുപോയി. മതങ്ങളുള്ള കാലത്തോളം മതഭേദങ്ങളും മാത്സര്യങ്ങളും നിലനിൽക്കുമെന്ന ചരിത്രസത്യം വീണ്ടും വെളിപ്പെട്ടു. നെഹ്റുവാകട്ടെ, മതനിരപേക്ഷമായ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണു കാര്യങ്ങൾ നോക്കിക്കണ്ടതു്. ഗാന്ധിയെപ്പോലെ അദ്ദേഹം പരിഷ്കരിച്ച ഹിന്ദുവായിരുന്നില്ല. കേവലം മനുഷ്യനായിരുന്നു. സർവമതസാഹോദര്യമല്ല സർവമാനവസാഹോദര്യമായിരുന്നു. നെഹ്റുവിന്റെ ലക്ഷ്യം ഇന്നല്ലെങ്കിൽ നാളെ മനുഷ്യൻ ആ ലക്ഷ്യത്തിലെത്താതിരിക്കില്ല.
നെഹ്റുവിനു് ഏതെങ്കിലും മതത്തിൽ വിശ്വാസമുണ്ടായിരുന്നെങ്കിൽ അതു മനുഷ്യമതത്തിൽ അതായതു് മാനുഷികസിദ്ധികളെ ലക്ഷീകരിച്ചുള്ള മതത്തിൽ ആയിരുന്നു. അദ്ദേഹം എന്തിനെയെങ്കിലും ആരാധിച്ചിരുന്നുവെങ്കിൽ അതു മനുഷ്യശക്തിയെ അഥവാ മനുഷ്യപ്രയത്നത്തെ ആയിരുന്നു. അണക്കെട്ടുകളും വ്യവസായകേന്ദ്രങ്ങളും മറ്റുമാണു് അദ്ദേഹത്തിന്റെ പുണ്യസ്ഥലങ്ങൾ. മനുഷ്യനിലുള്ള ദൃഢവിശ്വാസം ഒരുവനു നഷ്ടപ്പെടുത്താവുന്നതല്ല. ദൈവത്തെ നിഷേധിച്ചാലും തരക്കേടില്ല. എന്നാൽ, മനുഷ്യനെ നിഷേധിച്ചാൽ എന്തൊരാശയാണു് പിന്നെ നമുക്കുള്ളതു്? (One may not lose faith in man God we may deny, but what hope is there for us if we deny man?) എന്നു് അദ്ദേഹം ചോദിക്കുന്നു. മനുഷ്യൻ അവന്റെ ശക്തിയിൽ ബോധവാനായി അതിനെ വികസിപ്പിക്കുകയും സാക്ഷാൽക്കരികയും ചെയ്യണം. ആ ശക്തി അവന്റേതു മാത്രവും അവനിൽത്തന്നെ ഉള്ളതുമാണു് അതു സാങ്കല്പികമായ മറ്റൊരു ശക്തിയേയും ശരണം പ്രാപിച്ചു സ്വയം ദുർബലമാകേണ്ടതില്ല. ഇഹലോകജീവിതത്തിന്റെ പുരോഗതിയും ഉൽക്കർഷവുമാകണം നമ്മുടെ പരമലക്ഷ്യം. അതിനു പ്രതിബന്ധമായി നിൽക്കുന സകല ചങ്ങലക്കെട്ടുകളും പൊട്ടിച്ചു കളയണം. ഇതാണു് നെഹ്റുവിന്റെ മനുഷ്യമതസിദ്ധാന്തം. പരലോകത്തിലോ പുനർജന്മത്തിലോ അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ‘ഈ ലോകത്തിലും ഈ ജീവിതത്തിലുമാണു് എനിക്കു താല്പര്യം, മറ്റേതെങ്കിലും ലോകത്തിലോ അനന്തരജീവിതത്തിലോ അല്ല’ (I am interested in this world, in this life, not in some other world or a future life) എന്നു് ഈ ചിന്തകൻ പലതവണ പറഞ്ഞിട്ടുണ്ടു്. ആത്മാവിനെപ്പറ്റിയുള്ള അഭ്യൂഹങ്ങളെ പരാമർശിച്ചുകൊണ്ടു് അദ്ദേഹം പറയുന്നു. ‘എന്നാൽ ഞാൻ ഇതിലൊന്നിലും വിശ്വസിക്കുന്നില്ല’ (But I do not believe in any of these) എന്നു്. മറ്റൊരു നേതാവാണു് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ അയാൾ ഒരു പാഷണ്ഡനായി നേതൃസ്ഥാനത്തുനിന്നു പുറംതള്ളപ്പെടുമായിരുന്നു. രാഷ്ട്രത്തിന്റെ മതേതരസ്വഭാവംപോലും ഇഷ്ടപ്പെടാത്ത എത്രപേർ ഇന്നും ഇന്ത്യയിലുണ്ടു്! നെഹ്റുവിനെപ്പോലെ സർവപ്രകാരേണയും ജാതിമതാതീതനായി വിശ്വപൗരത്വം പാലിക്കാൻ സാധാരണക്കാർക്കു സാദ്ധ്യമല്ലായിരിക്കാം. എങ്കിലും അദ്ദേഹത്തിന്റെ കാലടിപ്പാടുകൾ പിന്തുടരാൻ ഏവർക്കും ശ്രമിക്കാവുന്നതാണു്. കറതീർന്ന ചരിത്രബോധത്തിന്റെയും യുക്തിയുക്തമായ സ്വതന്ത്രചിന്തയുടെയും ഫലമായിട്ടാണു് നെഹ്റു നിർമമ്മതത്വത്തിലെത്തിയതു്. അതു കൃത്രിമമല്ല സ്വാഭാവികമായി വളർന്നുവന്നതത്രെ.
‘ഇന്നത്തെ ഇന്ത്യയിലെ ഒന്നാമത്തെ യുക്തിവാദിയാണു് ജവാഹർലാൽ. അകലുഷമായ യുക്തിവിചാരത്താൽ അത്യന്തം പ്രസന്നമാണു് അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും. അതുമിതും കൂട്ടിക്കലർത്തി കഷായരൂപത്തിൽ കാര്യങ്ങൾ കലക്കിമറിക്കാൻ അദ്ദേഹം ഒരിടത്തും തുനിയുന്നില്ല. മറ്റു പല നേതാക്കന്മാരിലും കാണുന്നതുപോലെ വികാരവും വിശ്വാസവും വിചാരഗതിയിൽ കടന്നുകൂടി അദ്ദേഹത്തിന്റെ പ്രതിഭാപ്രസരത്തിനു മൂടലുണ്ടാക്കുന്നില്ലെന്നുള്ളതു് എത്രയെത്ര ആശ്വാസകരം!’
ഏതാണ്ടിരുപത്തഞ്ചു കൊല്ലംമുമ്പു് ഈ ലേഖകൻ എഴുതിയ ഒരു ലേഖനത്തിന്റെ ഒരു ഭാഗമാണു മേലുദ്ധരിച്ചതു്. ഈ അഭിപ്രായം ഇന്നു കുറെക്കൂടി ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. മനുഷ്യന്റെ വൈകാരികപ്രവണതകൾ അവന്റെ യുക്തിവിചാരത്തെയും വാദഗതിയെയും ഏതെങ്കിലും ഒരു വശത്തേക്കു പിടിച്ചുവലിച്ചു വഴിതെറ്റിക്കുക സാധാരണമാണല്ലോ. ഈ മാനസികദൗർബല്യത്തെ നെഹ്റുവിനെപ്പോലെ ശരിയായി അപഗ്രഥിച്ചു പഠിച്ചിട്ടുള്ളവർ ചുരുക്കമാകുന്നു. പലപ്പോഴും വികാരഭരിതനാകാറുണ്ടെങ്കിലും, വസ്തുനിഷ്ഠമായ നിരൂപണത്തിൽ ഈ ദൗർബല്യം തന്നെ ബാധിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യുക്തിക്കു വഴങ്ങിക്കൊടുക്കാത്ത ഒരു പ്രത്യേകമനോഭാവത്തോടു വാദിച്ചിട്ടു കാര്യമില്ല (There is no arguing with a mood) എന്നു് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. നമ്മിലുള്ള ചിന്താവൈകല്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഈ യുക്തിവാദി ഒരു വിദഗ്ദ്ധൻ തന്നെയായിരുന്നു. ‘ന്യായവാദത്തെ തകിടം മറിക്കാൻ വികാരങ്ങൾക്കു പ്രത്യേകമായൊരു രീതിയുണ്ടു്’ (Emotions have a way of upsetting logic). ‘നമ്മൾ ന്യായവാദത്തെയും അന്യോന്യസമന്വയത്തെയും പറ്റി പ്രസംഗിക്കുന്നു. പക്ഷേ, നമ്മുടെ മൗലികപ്രേരണകൾ വൈകാരികമായി തുടരുകയാണു് (We talk of logic and consistency but our basic urges continue to be emotional). നെഹ്റുവിന്റെ ഏതാദൃശോക്തികൾ സൂത്രവാക്യങ്ങൾ പോലെ പഠനീയങ്ങളാണു്. ഇന്നു ലോകത്തെ ബാധിച്ചിട്ടുള്ള പ്രധാന രോഗം ഒരുതരം വിഭക്ത വ്യക്തിത്വം (Split personality) ആണെന്നത്രെ അദ്ദേഹത്തിന്റെ അഭിപ്രായം. സമാധാനത്തിന്റെ അടിസ്ഥാനത്തിലും അതേസമയം യുദ്ധത്തിന്റെ അടിസ്ഥാനത്തിലും രാഷ്ട്രങ്ങൾ ചിന്തിക്കുന്നതിലുള്ള വൈരുദ്ധ്യമാണു് അദ്ദേഹം ഇതിൽ കാണുന്നതു്. ബുദ്ധിപരമായ സത്യസന്ധതയും ചിന്താസ്വാതന്ത്ര്യവും പാലിക്കുന്നതിൽ നെഹ്റു പ്രദർശിപ്പിച്ചിട്ടുള്ള തീവ്രനിഷ്ഠ മറ്റു ചിന്തകന്മാർക്കൊരു മാതൃകയാണു്. യുക്തിവിരുദ്ധമായ അഭിപ്രായം ഏതുന്നതസ്ഥാനത്തു നിന്നു പുറപ്പെട്ടാലും അദ്ദേഹം അതു സഹിച്ചിരുന്നില്ല. ബീഹാർ ഭൂകമ്പത്തെപ്പറ്റി ഗാന്ധിജി പുറപ്പെടുവിച്ച അഭിപ്രായത്തിനു് നെഹ്റു കൊടുത്ത മറുപടി ഇതിന്നൊരുദാഹരണമാകുന്നു. ഇങ്ങനെ നമ്മുടെ ചിന്താമണ്ഡലത്തിൽ അടിക്കടി അടിഞ്ഞു കൂടാറുളള മാറാലമാലകൾ തുടച്ചുമാറ്റുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നിട്ടുണ്ടു്. ചുരുക്കത്തിൽ ഗംഗായമുനകളുടെ സംഗമം പോലെ ശാസ്ത്രബുദ്ധിയും കലാഹൃദയവും അതിമനോഹരമായി അദ്ദേഹത്തിൽ സമ്മേളിച്ചിരുന്നു. അനന്യദൃഷ്ടമായ ആ ബുദ്ധിയും ആ ഹൃദയവും ഭാവിഭാരതത്തിനു മാർഗദർശകമാകട്ടെ.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971