ഹിന്ദുമതത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളായി എന്തെല്ലാമുണ്ടോ അവയെല്ലാംതന്നെ ബ്രാഹ്മണപ്രാമാണ്യത്തിന്റെ പരസ്യപ്പലകകളാകുന്നു. ജാതിവ്യവസ്ഥയാകുന്ന വിഷവൃക്ഷം മുളച്ചു പൊന്തി രാജ്യമാസകലം പടർന്നു പന്തലിച്ചതു് ഈ ബ്രാഹ്മണ-പ്രാമാണ്യത്തിൽനിന്നാണു്. ഹിന്ദുക്കളുടെ മതപരവും മാനസികവുമായ അടിമത്തത്തിനും കാരണം മറ്റൊന്നല്ല. ലോകോത്തരഗുണോത്തരമെന്നു പ്രശംസിക്കപ്പെടുന്ന മഹാഭാരതം തന്നെ ഒന്നു പരിശോധിച്ചുനോക്കാം. എത്രയെത്ര മുത്തശ്ശിക്കഥകളാണു് ബ്രാഹ്മണമേധാവിത്വം സ്ഥാപിക്കാൻ അതിൽ കവി തുന്നിച്ചേർത്തിരിക്കുന്നതു്. ആദിപർവത്തിൽത്തന്നെ ഒരു ഗരുഡചരിതമുണ്ടു്. സർവശക്തനായ ഗരുഡൻ അമ്മയുടെ ദാസ്യം തീർക്കാൻ അമൃതാപഹരണത്തിനു യാത്ര പുറപ്പെടുകയാണു്. വഴിക്കു് വിശക്കുമ്പോൾ ആഹാരത്തിനു വഴിയെന്തെന്നു് അവൻ അമ്മയോടു ചോദിക്കുന്നു.
‘സമുദ്രകുക്ഷാവേകാന്തേ
നിഷാദാലയമുത്തമം
നിഷാദാനാം സഹസ്രാണി
താൻ ഭുക്താമൃതമാനയാ’
സമുദ്രത്തിനടിയിൽ ഒരിടത്തു് അനേകായിരം നിഷാദന്മാർ (ചാണ്ഡാലവർഗം—മുക്കുവർ എന്നും ചിലർ അർത്ഥം പറയുന്നു.) താമസിക്കുന്നുണ്ടു് അവരെ തിന്നു വിശപ്പടക്കി അമൃതം കൊണ്ടുവരു എന്നു് അമ്മയുടെ മറുപടി! ഈ വിഡ്ഢിത്തം ഇവിടെ അവസാനിക്കുന്നില്ല. തുടർന്നു് അമ്മ പറയുകയാണു് ബ്രാഹ്മണരെ തൊട്ടുപോകരുതെന്നു്. ബ്രാഹ്മണൻ തീയ്യാണു് അവനെ തിന്നാൽ ദഹിക്കില്ല, തിന്നവൻ ദഹിച്ചുപോകും!
‘അഗ്നിമർക്കോ വിഷം ശസ്ത്രം
വിപ്രോ ഭവതി കോപിതഃ
ഗുരുർഹി സർവഭൂതാനാം
ബ്രാഹ്മണ പരികീർത്തിതഃ’
ബ്രാഹ്മണനു കോപമുണ്ടായാൽ അവൻ അഗ്നിയും സൂര്യനും വിഷവും ആയുധവും ആയിത്തീരും. സർവജീവജാലങ്ങളുടെയും ഗുരു ബ്രാഹ്മണനാണു്. ചുരുക്കത്തിൽ താണജാതിക്കാരെ എന്തു വേണമെങ്കിലും ചെയ്യാം. ബ്രാഹ്മണരെ മാത്രം ഉപദ്രവിക്കരുതെന്നാണു് അമ്മയുടെ ഉപദേശം.
‘ഭൂതാനാമഗ്രദൂർവിപ്രോ വർണ്ണശ്രേഷ്ഠഃ പിതഃ ഗുരുഃ ജീവജാലത്തിൽ ഉൽകൃഷ്ടനാണു് ബ്രാഹ്മണൻ. അദ്ദേഹം വർണശ്രേഷ്ഠനും രക്ഷിതാവും ഉപദേഷ്ടാവുമാകുന്നു’—എന്നിങ്ങനെ ഈ സ്തുതി ആവർത്തിക്കപ്പെടുന്നുണ്ടു്. ഇത്രയൊക്കെ അമ്മ താക്കീതുചെയ്തിട്ടും ഗരുഡനു് ഒരമളിപറ്റി. നിഷാദന്മാരെ കൂട്ടത്തോടെ വിഴുങ്ങിയപ്പോൾ അതിലൊരു ബ്രാഹ്മണനും പെട്ടുപോയി അയാൾ അവിടെ എങ്ങനെ വന്നുപെട്ടുവെന്നോ? മൂപ്പർ ഒരു നിഷാദിയെ ഭാര്യയാക്കിവച്ചുകൊണ്ടു് അവിടെ താമസമുറപ്പിച്ചിരിക്കയായിരുന്നു. ഇതുകൊണ്ടൊന്നും ബ്രാഹ്മണത്വം നഷ്ടപ്പെടുന്നുമില്ല. മിശ്രവിവാഹം മറ്റുള്ളവർക്കേ നിഷേധിക്കപ്പെട്ടിട്ടുള്ളുവെന്നു തോന്നുന്നു. ഏതായാലും ബ്രാഹ്മണൻ അകത്തു കടന്നപ്പോൾ ഗരുഡന്റെ ഗളതലം ചുട്ടുതുടങ്ങി അങ്ങനെ ആപത്തു മനസ്സിലായപ്പോൾ അറിയാതെ പറ്റിയ തെറ്റാണേ പുറത്തു പോകണേ എന്നു അവൻ ബ്രാഹ്മണനോടപേക്ഷിച്ചു അയാൾ വിടുമോ?
‘ഉണ്ടൊരു ഭാര്യ നിഷാദിയവളെയും
കൊണ്ടുപോകേണമെനിക്കെന്നറിക നീ’
എന്നു് മറുപടി വല്ലവിധത്തിലും ഈ തീക്കനലൊന്നു പുറത്തു കടന്നാൽ മതിയെന്നു വിചാരിച്ചു ഗരുഡൻ അതിനും സമ്മതിച്ചു. മിസ്സിസ് ബ്രാഹ്മണനായതിനാൽ അങ്ങനെ നിഷാദിയും രക്ഷപ്പെട്ടു. ബ്രാഹ്മണനു് കാമസമ്പൂരണത്തിനായി ഏതു ജാതി സ്ത്രീയേയും പരിഗ്രഹിക്കാം. അച്ഛൻ ബ്രാഹ്മണനായാൽ മതി അമ്മ എത്ര താണവളാകട്ടെ പുത്രൻ യോഗ്യനാകും. മാത്രമല്ല, അച്ഛന്റെ ദിവ്യത്വംകൊണ്ടു് അമ്മയുടെ ജാതീയമായ കുറവും തീരും. ഭാരതത്തിലെ വ്യാസോൽപത്തിയുടെ കഥ ഇതിനു തെളിവാണല്ലോ. മുക്കുവത്തിയായ കാളിപ്പെണ്ണിനു് പരാശരസമ്പർക്കംമൂലം മത്സ്യഗന്ധം നീങ്ങി സത്യവതിപദവി ലഭിച്ചു കന്യാപ്രസവം കൊണ്ടുള്ള ഭ്രഷ്ടുപോലും നീങ്ങികിട്ടി. പുത്രനായ വ്യാസൻ ദിവ്യനുമായി പോരേ? ഇതിൽപ്പരമെന്തുവേണം? ഈ വ്യാസഭഗവൻ മഹാഭാരതമെഴുതിയപ്പോൾ അതിലുടനീളം ബ്രാഹ്മണമാഹാത്മ്യം പ്രതിദ്ധ്വനിച്ചതിലത്ഭുതപ്പെടാനില്ല.
സംഭവപർവത്തിൽ ഒരു ദീർഘതമോദന്തമുണ്ടു്. അതും ബഹുവിചിത്രമാണു്. എഴുത്തച്ഛന്റെ കിളിപ്പാട്ടിൽനിന്നെടുക്കാം. എളുപ്പമുണ്ടല്ലോ. പ്രശസ്ത തപോധനനായ അംഗിരസ്സിന്റെ പുത്രൻ ഉചത്ഥ്യൻ എന്നൊരു മഹാമുനി. അദ്ദേഹത്തിനു മനോഹരിയായ മമത എന്നൊരു പത്നി. ഉചത്ഥ്യന്റെ അനുജനാണു് ദേവാചാര്യനായ ബൃഹസ്പതി. അനുജൻ ജ്യേഷ്ഠപത്നിയിൽ മന്മഥവിവശനായിത്തീർന്നു. നിർബന്ധം സഹിക്കവയ്യാതായപ്പോൾ മമത കുറെ ഉപദേശിച്ചു നോക്കി. ജാരവൃത്തിമൂലം നരകത്തിൽ വീഴേണ്ടിവരും. മാത്രമല്ല, താൻ ഗർഭിണിയാണു്. ജ്യേഷ്ഠന്റെ ബീജമാണു ധരിച്ചിരിക്കുന്നതു്, അതിന്റെ കൂടെ അനുജബീജവും ധരിക്കാൻ താനാളല്ല (‘നിന്നുടെ ബീജമതു നിഷ്ഫലമാകയില്ല, പിന്നെ ഞാനതുകൂടെ ധരിപ്പാനാളല്ലെടോ’) എന്നു വരെ അവൾ തുറന്നുപറഞ്ഞു. എന്നിട്ടും ആ കാമകൂറ്റൻ അടങ്ങിയില്ല. ‘എന്നാലുമെനിക്കൊന്നു പുണർന്നേ മതിയാവൂ’ എന്നു വാശിപിടിച്ചു് നാണംകെട്ട ‘ആചാര്യപാദർ’ ജ്യേഷ്ഠഭാര്യയുടെ അടുത്തുചെന്നു. അപ്പോൾ ഗർഭപാത്രത്തിൽനിന്നു് ഒരു ശബ്ദം. താൻ നേരത്തെ ഇതിലകപ്പെട്ടിരിക്കുകയാണെന്നും ഇനി ഇവിടെ ആർക്കും സ്ഥലമില്ലെന്നും ഗർഭസ്ഥനായ അർഭകൻ വിളിച്ചുപറയുന്നു അതു കേട്ടു്.
‘അത്ഭുതംപൂണ്ട ഗുരു നിർഭർത്സിച്ചുരചെയ്താൻ
സത്ഭാവമിത്ര പാരമിപ്പോഴേ മുഴുത്തു നീ-
യുത്ഭവിച്ചിടുന്നാകിലെന്തെല്ലാം വരുമെടോ
ദീർഘവീക്ഷണം നിനക്കേറെയുണ്ടതിനാലേ
ദീർഘമാം തമസ്സിനെ പ്രാപിക്കെന്നതുനേരം
ശപിച്ചു ദേവാചാര്യൻ ജനിച്ചു കുമാരനും
തപിച്ചു കണ്ണില്ലാഞ്ഞിട്ടെന്നതു നിമിത്തമായ്’
കാമാന്ധതയുടെ ദുർഗ്ഗന്ധം നിറഞ്ഞ ചെളിക്കുണ്ടിൽ വീണു് മനുഷ്യത്വം മുഴുവൻ നശിച്ചു് മൃഗപ്രായനായാലും ബ്രാഹ്മണൻ ശപിച്ചാൽ ഫലിക്കും എന്നല്ലേ ഇവിടെ കാണിച്ചിരിക്കുന്നതു്. പാവം ആ കുട്ടി എന്തു പിഴച്ചു? ഒരു തെറ്റും ചെയ്യാത്ത മുനിപുത്രൻ കുതിരച്ചമ്മട്ടികൊണ്ടടിച്ചു് പുറംപൊളിച്ചു വിടേണ്ട ഒരു ഇരുകാലിമാടിന്റെ ശാപംമൂലം ജാത്യാന്ധനായത്രെ! അങ്ങനെ ദീർഘതമസ്സെന്ന പേരും നടപ്പായിപോൽ! എന്തസംബന്ധം പുലമ്പിയിട്ടും, ബ്രാഹ്മണമാഹാത്മ്യം ഘോഷിച്ചുകൊള്ളണമെന്നൊരു വ്രതം അക്കാലത്തെ കവികൾക്കുണ്ടായിരുന്നുവെന്നു തോന്നും ഇത്തരം കൊള്ളരുതാത്ത കള്ളക്കഥകൾ വായിച്ചാൽ. ബ്രാഹ്മണനു് മറ്റേതു ജാതിയിലും സന്തത്യുല്പാദനം നടത്താനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നാണു് ഭാരതം തെളിയിക്കുന്നതു്. മാത്രമല്ല, രാജാക്കന്മാർപോലും ഇക്കാര്യത്തിനു ബ്രാഹ്മണനെ ക്ഷണിച്ചുവരുത്തുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നുവത്രെ.
‘സന്തതിയുണ്ടാക്കേണം നിന്തുരുവടി മമ
പന്തൊക്കും മുലയാളാമെന്നുടെ പത്നി തന്നിൽ’
എന്നൊരു രാജാവു് ലജ്ജയില്ലാതെ നമ്മുടെ ദീർഘതമസ്സിനെ ക്ഷണിക്കുന്നതു നോക്കുക. ഈ ക്ഷണം ലഭിക്കുമ്പോഴേക്കും അദ്ദേഹം സ്വന്തം പത്നിയിൽ അനേകം സന്താനങ്ങളെ ജനിപ്പിച്ചു പടുകിഴവനായിത്തീർന്നിരിക്കുന്നു. എന്നാലെന്തു്? വാർദ്ധക്യം ബ്രാഹ്മണ്യത്തിനു ബാധകമല്ലല്ലോ. ഇനിയും കേൾക്കുക:
ഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമായ സാക്ഷാൽ പാണ്ഡുതന്നെ. ‘ധരിക്ക നീയും ഗർഭം ബ്രാഹ്മണബീജത്തിനാൽ’ എന്നു് കുന്തിക്കു ലൈസൻസ് കൊടുക്കുന്നു.
ക്ഷണിക്കപ്പെട്ടില്ലെങ്കിൽ അത്യാവശ്യത്തിനു കടന്നാക്രമണം തന്നെ നടത്താനുള്ള സ്വാത്രന്ത്ര്യവും ബ്രാഹ്മണനുണ്ടു്. ഒരു വൃദ്ധദ്വിജൻ ശ്വേതകേതു എന്നൊരു മുനിപുത്രൻ അമ്മയുടെ കൈയ്ക്കു കടന്നുപിടിക്കുന്ന രംഗമാണു് ഇനി കാണേണ്ടതു്.
‘മാതരം വിമുഞ്ച മേ മാതരം വിമുഞ്ച മേ’ (അമ്മയെ വിടൂ, അമ്മയെ വിടൂ,) എന്നു് സംസ്കൃതത്തിൽത്തന്നെ മുനിപുത്രൻ മുറവിളി കൂട്ടുന്നു. അന്നു് പോലീസില്ലായിരുന്നുവെന്നു് തോന്നുന്നു. പുത്രകോപം കണ്ടിട്ടും പിൻവാങ്ങാതെ ഭൂസുരൻ പറയുകയാണു്.
‘പുത്രനുണ്ടായാൽ പിന്നെ
നിന്നുടെ മാതാവിനെ
എത്രയും വൈകാതെ
ഞാനയച്ചീടുവൻതാനും.’
അത്രേ വേണ്ടൂ! അത്യാവശ്യമൊന്നു നിർവഹിച്ചുകഴിഞ്ഞാൽ പിന്നെ അമ്മയെ വിട്ടുകൊടുക്കാമത്രെ. ഏതായാലും ബഹുസരസൻതന്നെ ഈ ഭൂസുരൻ. അയാൾ ഒന്നും ഒളിച്ചുവയ്ക്കുന്നില്ലല്ലോ—ഒടുവിൽ കേസ് രാജിയാക്കുന്നതു് അപമാനിതനായ പുത്രന്റെ പിതാവുതന്നെയാണു്.
‘കോപിക്കവേണ്ട പുരാതനമാം ധർമമിദം
താപസദ്വിജദേവാദികൾക്കുമനുമതം’
എന്നു് യാതൊരു ശങ്കയും കൂടാതെ ആ മഹാമുനി വിധി കല്പിച്ചു. സ്വന്തം ഭാര്യയെ തൽക്കാലാവശ്യത്തിനു വിട്ടുകൊടുക്കുന്നതാണു് അയാൾക്കു ധർമം. ബ്രാഹ്മണനല്ലേ വന്നു പിടികൂടിയിരിക്കുന്നതു്. പിന്നെന്തുചെയ്യും!
‘ദ്വിപദാംകുലശ്രേഷ്ഠൻ ബ്രാഹ്മണൻ’ എന്നാണു് പ്രമാണം.
‘ബ്രാഹ്മണനൊന്നുകൊണ്ടുമവമന്തവ്യനല്ല
മറയവർക്കെല്ലാ ലോകവും
ജയിക്കാമവർ വലുതല്ലോ.’
‘ആർക്കാനും കൊടുക്കേണ-
മെങ്കിലന്തണർക്കത്രേ’
ഇത്യാദി എത്രയോ വചനാന്തരങ്ങളും ദ്വിജകുലമഹിമ വിളംബരം ചെയ്യുന്നുണ്ടു്.
‘വിപ്രന്മാരെയും പശുക്കളെയും പാലിക്കണം
മൽപ്രിയമതിൽപരം മറ്റൊന്നില്ല’
എന്നു് കൃഷ്ണൻ ധർമപുത്രരെ ഉപദേശിക്കുന്നു.
‘മറയവരിലൊരുവനടിമലർ കഴുകിയൂട്ടിയാൽ
മാനിച്ചൊരു പണം ദക്ഷിണയ്ക്കില്ലപോൽ.’
ഒരു ബ്രാഹ്മണനെയെങ്കിലും കാലുകഴുകിയൂട്ടി ദക്ഷിണ കൊടുക്കാൻ പണമില്ലാത്തതിനാൽ ഭാരതകഥാനായകനായ ധർമപുത്രൻ അവസാനഘട്ടത്തിൽ ഇപ്രകാരം വിലപിക്കുന്നു. ഇങ്ങനെ നോക്കിയാൽ മഹാഭാരത്തിലെ കഥ മുഴുവനും ശാഖോപശാഖം ബ്രാഹ്മണപ്രാമാണ്യമാകുന്ന ഒരേ ചരടിൽ കോർത്തിണക്കിയിരിക്കയാണെന്നു കാണാം. കഥാകഥനം വഴി വാച്യമായും വ്യംഗ്യമായും ബ്രാഹ്മണന്റെ വിഷയലമ്പടത്വം പോലും സാധൂകരിക്കപ്പെടുന്നു. മനുഷ്യത്വത്തെ അവഹേളിക്കുന്ന ഇത്തരം കഥകളടങ്ങിയ കൃതികൾ നിത്യപാരായണയോഗ്യങ്ങളായ മത ഗ്രന്ഥങ്ങളായി മാനിക്കപ്പെടുന്ന കാലത്തോളം നികൃഷ്ടമായ ബ്രാഹ്മണദാസ്യത്തിൽനിന്നും തജ്ജന്യമായ ജാതിചിന്തയിൽനിന്നും ഇന്ത്യയ്ക്കു മോചനം ലഭിക്കുകയില്ല.
യുക്തിവിഹാരം 1968.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971