images/Man_Fishing_Art_Project.jpg
Man Fishing, a painting by Robert Seldon Duncanson (1821–1872).
മാർക്സിന്റെ ദ്വന്ദ്വവൈരുദ്ധ്യവാദം (Dialectics)
കുറ്റിപ്പുഴ കൃഷ്ണപിള്ള
images/Karl_Marx_001.jpg
കാറൽമാർക്സ്

മനുഷ്യജീവിതത്തെ ഭരിക്കുന്ന ഘടകങ്ങൾ പലതുണ്ടെങ്കിലും അവയിൽ മർമപ്രധാനമായതു് സാമ്പത്തിക ഘടകമാണെന്നുള്ള സത്യം ആദ്യമായി ദർശിക്കുകയും അതിന്മേൽ പ്രായോഗികമായ ഒരു തത്ത്വസംഹിത കെട്ടിപ്പടുത്തു മനുഷ്യരാശിയുടെ സർവതോമുഖമായ അഭിവൃദ്ധിക്കു വഴിതുറക്കുകയും ചെയ്ത മഹാത്മാവാണു കാറൽമാർക്സ്.

തത്ത്വശാസ്ത്രം അദ്ദേഹത്തിന്റെ കാലംവരെ ഒരെത്തും പിടിയുമില്ലാതെ എങ്ങോട്ടും പോകാമെന്ന മട്ടിൽ ഇരുട്ടിൽ തപ്പിത്തടഞ്ഞു നടക്കുകയായിരുന്നു. മനുഷ്യർക്കു പ്രയോജനപ്പെടുത്താവുന്ന സുവ്യക്തമായ ഒരു ലക്ഷ്യബോധം അതിനുണ്ടായിരുന്നില്ല. ക്രിസ്തുവർഷാരംഭത്തിനു മുമ്പുതന്നെ തത്ത്വചിന്ത രണ്ടു കൈവഴിയായി പിരിഞ്ഞിരുന്നു. ഒന്നു്, ആശയവാദം (Idealism) രണ്ടു് ഭൗതികവാദം (Materalism). ആദ്യത്തേതു് പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠമായ യാഥർത്ഥ്യത്തെ (Objective reality) നിഷേധിക്കയും രണ്ടാമത്തേതു് അതിനെ സ്ഥാപിക്കയും ചെയ്യുന്നു. രണ്ടിനും തമ്മിലുള്ള മൗലികമായ വ്യത്യാസം മാത്രമാണു് ഇവിടെ ചൂണ്ടിക്കാണിച്ചതു്. പ്ലാറ്റോ വിന്റെ കാലം മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ചിന്താലോകത്തിൽ ആധിപത്യം ചെലുത്തിപ്പോന്നതു് അപ്രായോഗികമായ ആശയവാദത്തിന്റെ ബഹുവിധ വിചാരധാരകളായിരുന്നു. പ്ലാറ്റോവിനുമുമ്പുതന്നെ യവനദേശത്തു ഡെമോക്രിറ്റസ് എന്നൊരു വിശ്രുതതത്ത്വജ്ഞാനി ഭൗതികവാദത്തിന്റെ യൗക്തികതയും പ്രാധാന്യവും തെളിയിച്ചിരുന്നുവെങ്കിലും അതിനു സാർവത്രികമായ സ്വാഗതം ലഭിച്ചില്ല. ലോകത്തിൽ ആദ്യമായി അണുസിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ എന്ന നിലയ്ക്കും ഡെമോക്രിറ്റസ് സ്മർത്തവ്യനാണു്. ഇക്കാലത്തോടടുത്തു് ഇൻഡ്യയിലും വൈശേഷികദാർശനികനായ കണാദൻ ഒരുതരം അണുസിദ്ധാന്തം അവതരിപ്പിച്ചുവെങ്കിലും അതു് ഇത്രത്തോളം ശാസ്ത്രീയമായിരുന്നില്ല. പ്രപഞ്ചം സ്ഥൂലദൃഷ്ടിക്കു് അദൃശ്യങ്ങളായ അണുക്കളെക്കൊണ്ടു സംഘടിതമാണെന്നും അവയെല്ലാം സദാപി ദ്രുതചലനത്തിലേർപ്പെട്ടിരിക്കയാണെന്നും ഡെമൊക്രിറ്റസ് വെളിപ്പെടുത്തി എന്നാൽ ആതൻസ് നഗരത്തിലെ പണ്ഡിതന്മാരിൽ അധികം പേർക്കും ഇതു സ്വീകാര്യമായി തോന്നിയില്ല. സോക്രട്ടീസും പ്ലാറ്റോവും ഇതിനെ എതിർക്കുകയാണു ചെയ്തതു്. ഡെമോക്രിറ്റസിന്റെ ഗ്രന്ഥങ്ങൾ ചുട്ടെരിക്കണമെന്നുകൂടി പ്ലാറ്റോ പറയുകയുണ്ടായി. അരിസ്റ്റോട്ടൽ ഡെമോക്രിറ്റസിനെ ബഹുമാനിച്ചിരുന്നുവെങ്കിലും അണുകവാദം അബദ്ധമാണെന്നുതന്നെ അദ്ദേഹവും തിരുമാനിച്ചു. പിന്നീടു് എപ്പിക്യുറസ് തുടങ്ങിയ ഭൗതികവാദികൾ അണുസിദ്ധാന്തം ഉദ്ധരിക്കാൻ ശ്രമിച്ചെങ്കിലും അതു് അത്ര ഫലിച്ചില്ല. ഇങ്ങനെ അനർഘമായ ഈ വിജ്ഞാനപേടകം ആയിരത്തഞ്ഞൂറുവർഷത്തോളം ആശയവാദത്തിന്റെ ആധിപത്യം മൂലം ആർക്കും വേണ്ടാതെ വിസ്മൃതകോടിയിൽ കിടന്നു. പതിനാറാം ശതാബ്ദത്തിൽ മാത്രമേ വീണ്ടും അതു തുറന്നുനോക്കാൻ ശാസ്ത്രജ്ഞന്മാർ മുതിർന്നുള്ളു. ചുരുക്കത്തിൽ രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുമ്പു് ഇന്നത്തെ അണുയുഗത്തിന്റെ നാന്ദികുറിച്ച ഭൗതികവാദിയാണു ഡെമോക്രിറ്റസ്. ദീർഘകാലം ആശയവാദികളുടെ അവഗണനയ്ക്കു പാത്രീഭൂതനായിത്തീർന്ന ദീർഘദർശിയായ ഈ തത്ത്വചിന്തകനെയും എപ്പിക്യുറസിനെയുംപറ്റി ഒരു പ്രബന്ധമെഴുതി സമർപ്പിച്ചിട്ടാണു കാറൽ മാർക്സ് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയതെന്ന വസ്തുത ഇവിടെ എടുത്തു പറയേണ്ടതുണ്ടു്.

മേൽ സൂചിപ്പിച്ചതുപോലെ ആശയവാദത്തിന്റെ തിരത്തള്ളലിൽ ഏറെക്കാലം ലുപ്തപ്രചാരമായിക്കിടന്ന ഭൗതികവാദത്തിനു പതിനെട്ടാം നൂറ്റാണ്ടിൽ ഒരു പുനരുജ്ജീവനം ലഭിച്ചു. പക്ഷേ, ക്രമേണ അതു് കേവലം യാന്ത്രികവും തന്മൂലം നിർജ്ജീവവും ആയ ഒരു ചട്ടക്കൂടിൽ പെട്ടുപോയി എന്നു പറയേണ്ടിയിരിക്കുന്നു. സയൻസിന്റെ ത്വരിതപുരോഗതിക്കൊപ്പം നിൽക്കാനോ അതിനോടു് ആശയപരമായി അനുരഞ്ജനപ്പെടാനോ അന്നത്തെ ഭൗതികവാദത്തിനു കഴിഞ്ഞില്ല. പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടർന്നുപോന്ന ഈ നിർജീവാവസ്ഥ നിശ്ശേഷം പരിഹരിച്ചു ഭൗതികവാദത്തെ സയൻസിന്റെ നൂതനതത്ത്വങ്ങൾക്കു യോജിക്കത്തക്കവിധം സജീവവും ശാസ്ത്രീയവുമാക്കിയതു് കാറൽ മാർക്സാകുന്നു. അദ്ദേഹത്തിന്റെ വിശ്വവിശ്രുതി നേടിയ വൈരുദ്ധ്യവാദാധിഷ്ഠിതമായ ഭൗതികവാദം തത്ത്വശാസ്ത്രത്തിലെ ഏറ്റവും വിലപിടിച്ച സമ്പത്തായിത്തന്നെ കണക്കാക്കാം. പഴയ ഭൗതികവാദത്തിൽ മാർക്സ് വരുത്തിയ ഈ പരിവർത്തനത്തിനു അധിഷ്ഠാനം അദ്ദേഹം പുതുതായി അവതരിപ്പിച്ച വൈരുദ്ധ്യവാദം (Dialectics) ആകയാൽ അതിനെപ്പറ്റി ഇവിടെ സവിസ്തരം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഡയലെഗോ (Dialego) എന്ന യവനപദത്തിൽനിന്നാണു് ഡയലക്റ്റിക്സ്റ്റ് എന്ന വാക്കിന്റെ ആഗമം വാദപ്രതിവാദമെന്നേ ഇതിനു് ആദ്യകാലത്തു് അർത്ഥമുണ്ടായിരുന്നുള്ളു. പക്ഷപ്രതിപക്ഷങ്ങളിലുള്ള യുക്തിവൈരുദ്ധ്യം തെളിയിച്ചു് അതിനു് പരിഹാരമുണ്ടാകുവിധം ഒരു തൃതീയപക്ഷം സ്ഥാപിക്കുക ഇങ്ങനെയൊരു വിവാദസമ്പ്രദായം സോക്രട്ടീസി ന്റെയും പ്ലാറ്റോ വിന്റെയും കാലത്തു് ഗ്രീസിൽ നടപ്പുണ്ടായിരുന്നു. ഇതത്രെ ഡയലക്റ്റിക്സിന്റെ പ്രഥമരൂപം. പൂർവപക്ഷം കാണിച്ചു് സമാധാനം പറഞ്ഞു സിദ്ധാന്തം സ്ഥാപിക്കുന്ന പ്രാചീനഭാരതീയരുടെ ഉപപാദനരീതിക്കും ഇതിനോടൊരു സാദൃശ്യമുണ്ടു്. Thesis, Antithesis, synthesis എന്നു മൂന്നെണ്ണമാണല്ലൊ ഡയലക്റ്റിക്സിന്റെ ഘടകങ്ങൾ. ഇവയ്ക്കു സമാനമായ മലയാളപദങ്ങൾ കണ്ടുപിടിക്കാൻ വിഷമമത്രെ. പക്ഷം, പ്രതിപക്ഷം, സംയോജനം എന്നോ മറ്റോ പറയാം. നമ്മുടെ ചിന്തലോകത്തിലുള്ള പരസ്പര വൈപരീത്യങ്ങളെയും അവയുടെ സംഘട്ടനങ്ങളെയും വെളിപ്പെടുത്തുകയാണു് സത്യം തെളിയിക്കാനുള്ള മുഖ്യമാർഗമെന്നു പല പ്രാചീനതത്ത്വജ്ഞാനികളും വിശ്വസിച്ചിരുന്നു. എന്നാൽ കേവലം ഒരു വിവാദസമ്പ്രദായമായി സ്വീകരിച്ചുപോന്ന ഈ നിരൂപണപദ്ധതിയെ പ്രപഞ്ചതത്ത്വാന്വേഷണത്തിനാധാരമാക്കിക്കൊണ്ടുവന്നു് അതിന്റെ വിപ്ലവസ്വഭാവം ആദ്യമായി വെളിപ്പെടുത്തിയതു് ഹെഗൽ എന്ന ജർമൻ തത്ത്വചിന്തകനാണു്.

images/Hegel.jpg
ഹെഗൽ

പത്തൊൻപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഹെഗൽ (Hegel) ഈ വിചാരസരണിയിൽക്കൂടി അന്നത്തെ തത്ത്വജ്ഞാനമേഖലയിൽ ഒരു വലിയ മാറ്റം വരുത്തി. പരമവും സനാതനവുമായ സത്യത്തെ ലക്ഷ്യമാക്കിയുള്ള യുക്തിവിചാരമാണല്ലോ സാമാന്യമായി തത്ത്വശാസ്ത്രശാഖകളിൽ കാണപ്പെടുന്നതു്. എന്നാൽ ഹെഗലിന്റെ വൈരുദ്ധ്യവാദം അങ്ങനൊയൊരു നിത്യസത്യമില്ലെന്നു തെളിയിച്ചു. പ്രകൃതി, ജീവിതം, ചിന്താശക്തി എന്നിവ സമസ്തവും അനവരതചലനവും പരിണാമവും ഉൾക്കൊള്ളുന്ന അനാദ്യന്തമായൊരു മഹാപ്രവാഹമാണു്. മനുഷ്യന്റെ ചിന്തയ്ക്കും കർമശക്തിക്കും ആത്യന്തികത്വം (Finality) നൽകി, നിരന്തരമായ ജീവിതവികാസത്തിനും വിജ്ഞാനധാരയ്ക്കും പൂർണ്ണവിരാമം ഇടുന്നതു് യുക്തിവിരുദ്ധവും പ്രകൃതിവിരുദ്ധവും ആകുന്നു. മനുഷ്യർ കണ്ടെത്തുന്ന സത്യം സദാപി സാപേക്ഷമായിരിക്കും. സർവനിരപേക്ഷമായ ബോധം ഒന്നിനെപ്പറ്റിയും ഉണ്ടാവുന്നതല്ല. ഭൗതികമായ സകലത്തിൽനിന്നും വിട്ടു്, ഒന്നിനോടും ബന്ധപ്പെടാത്ത ഒരു കേവലസത്തയോ കേവലസത്യമോ (Absolute truth) ഉണ്ടാകാൻ വഴിയില്ലെന്നു് ശാസ്ത്രം അസന്ദിഗ്ദ്ധമായി തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ആകാശകുസുമം അന്വേഷിച്ചു പോയ തത്ത്വജ്ഞാനികൾ കെട്ടിപ്പടുത്ത ആശയവാദം മനുഷ്യജീവിതവുമായി ബന്ധപ്പെടാത്ത ഒരു ഭാവനാലോകം മാത്രമായിത്തീർന്നു. ഹെഗലിന്റെ വൈരുധ്യവാദം ഇത്തരം തത്ത്വഭാവനയുടെ അന്തശൂന്യത വെളിപ്പെടുത്തി. ഇതനുസരിച്ചു അദ്ദേഹം ഒരു ഭൗതികവാദിയാകേണ്ടതായിരുന്നു. മാർക്സ് പോലും ഹെഗലിനെ കുറെക്കാലം ഒരാചാര്യനായി ആദരിച്ചിരുന്നു. എന്നാലന്തൊരു വൈപരിത്യമാണെന്നു നോക്കുക! തന്റെ സിദ്ധാന്തകുടം രൂപപ്പെടുത്തിയപ്പോൾ ഹെഗലും ഒരാശയവാദിയായിത്തീർന്നു. പ്രപഞ്ചത്തിന്റെ ആദികാരണമായിട്ടൊരു തത്ത്വത്തെ—ആശയത്തെ—വേദാന്തഭാഷയിൽ പറഞ്ഞാൽ ചിത്തിനെ—അദ്ദേഹം സങ്കല്പിച്ചു. അതിനാണു് സത്തയുള്ളതെന്നും പ്രപഞ്ചം അതിന്റെ പരിണാമഭേദം മാത്രമാണെന്നും അദ്ദേഹം വിശ്വസിച്ചു. ചുരുക്കത്തിൽ ആത്മനിഷ്ഠമായ സത്യത്തിനു് (Subjective truth) ഹെഗൽ പ്രാധാന്യം കൊടുത്തു. വസ്തുനിഷ്ഠമായ സത്യത്തെ (Objective truth) വിഗണിക്കയും ചെയ്തു. ഇങ്ങനെ തന്റെ വൈരുദ്ധ്യവാദവുമായി പൊരുത്തപ്പെടാത്ത ഒരു സിദ്ധാന്തത്തിലാണു് ഹെഗൽ അവസാനമായി എത്തിച്ചേർന്നതു്. അതുകൊണ്ടു മാർക്സിനു് ഈ പൂർവാചാര്യനുമായി തെറ്റിപ്പിരിയേണ്ടിവന്നു.

വൈരുദ്ധ്യവാദത്തിനു് അഖിലലോകവ്യാപ്തിയുണ്ടായതു് മാർക്സിന്റെ നാമധേയത്തിലാണല്ലോ. അദ്ദേഹവും സഹചാരിയായിരുന്ന ഏംഗൽസും കൂടി ഈ വാദമെന്നു പുതുക്കിപ്പണിതു. ഇന്നത്തെ സയൻസിന്റെ മുമ്പിലും പ്രശോഭിക്കത്തക്കവിധം അവർ അതു് ശാസ്ത്രീയമാക്കി. ഹെഗലിന്റേതിൽനിന്നു മൗലികമായി വ്യത്യാസപ്പെട്ടതെന്നു മാത്രമല്ല നേരെ വിപരീതം കൂടിയാണു് തന്റെ വൈരുദ്ധ്യവാദമെന്നു് മാർക്സ് പറഞ്ഞിട്ടുണ്ടു് (My dialectical method is fundamentally not only different from the Hegelian, but is its direct opposite). ഹെഗൽ പറയുന്നതുപോലെ മനസ്സിന്റെ പ്രതിഫലനമല്ല പദാർത്ഥം (Matter) നേരെമറിച്ചു് പദാർത്ഥത്തിന്റെ ഏറ്റവും മഹത്തായൊരു വികസനഫലം മാത്രമാണു് മനസ്സു് (Matter is not a product of the mind but mind itself is merely the highest product of the matter) എന്നു് മാർക്സ് സ്ഥാപിച്ചു. ഹെഗലിന്റെ വൈരുദ്ധ്യവാദം ആശയത്തിന്റെ സ്വയം വികസനത്തിൽ (Self development) സ്ഥിതിചെയ്യുന്നു മാർക്സിന്റേതു പദാർത്ഥത്തിന്റെ സ്വയം വികസനത്തിലും—വസ്തുനിഷ്ഠമായ സത്യമാണു് മാർക്സിന്റെ പ്രമാണം. പദാർത്ഥം അഥവാ പ്രകൃതി മിഥ്യയല്ല സത്യമാണെന്നും അദ്ദേഹം വാദിച്ചു. ഹെഗലിനെ മാർക്സിന്റെ ആചാര്യനായി ചില പണ്ഡിതന്മാർ പരിഗണിക്കുന്നുണ്ടു്. രണ്ടുപേർക്കും തമ്മിലുള്ള മൗലികമായ ഈ വ്യത്യാസം ഇക്കൂട്ടർ സാധാരണ ഗൗനിക്കാറില്ല.

images/Charles_Darwin.jpg
ഡാർവിൻ

മാർക്സിന്റെ സാമ്പത്തികശാസ്ത്രത്തിനും അധിഷ്ഠാനം ഈ വൈരുദ്ധ്യവാദമാകയാൽ ഇതു കുറെക്കൂടി വിശദീകരണം അർഹിക്കുന്നുണ്ടു്. ചരാചരാത്മകമായ സമസ്തപ്രപഞ്ചവും—മനുഷ്യന്റെ ജീവിതം അവന്റെ സാമൂഹ്യഘടന, ചന്താശക്തി, ആശയസഞ്ചയം എന്നിവയെല്ലാം എല്ലായ്പ്പോഴും ചലിച്ചും മാറിക്കൊണ്ടുമിരിക്കുന്നു. വിശ്വമെന്നു പറയുന്നതു് ഒരു പ്രക്രിയ, അതായതു് പദാർത്ഥം, ചരിത്രപ്രക്രിയാനുസാരം വികസിച്ചു കൊണ്ടിരിക്കുകയെന്നതാകുന്നു. (Universe is process—matter developing in an historical process) എന്ന ഏംഗത്സിന്റെ വാക്യം ഇവിടെ ശ്രദ്ധേയമത്രെ. സകലതും സാർവത്രികമായ ചലനനിയമങ്ങൾക്കധീനം. എല്ലാം ആഗമാപായികൾ—വന്നും പോയുമിരിക്കുന്നവ—സ്ഥിരമായ സ്ഥിതി ഒന്നിനുമില്ല. സ്ഥിതിയും ഗതിയും ഏകത്ര പ്രത്യക്ഷപ്പെടുന്നു. അതിവേഗത്തിലുള്ള ഒരു നദീപ്രവാഹം നോക്കു. ഒരു ജലകണം ഒരു സ്ഥാനത്തു് ഒരു നിമിഷം പോലും നിൽക്കുന്നുണ്ടോ? വന്നുചേരുന്ന ക്ഷണംതന്നെ അതവിടെനിന്നു പോകുന്നു. സ്ഥാനഭ്രംശം മാത്രമല്ല ആ ജലകണത്തിന്റെ രൂപഘടനയിലും മാറ്റം വരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരു വസ്തു ഒരേസമയത്തു് തൽപ്രകാരകമെന്നും അല്ലെന്നും പറയേണ്ടിവരും. വൈരുദ്ധ്യവാദത്തിലെ പ്രാഥമികതത്ത്വമാണിതു്. ഡാർവിന്റെ പരിണാമവാദം, ജീവശ്ശാസ്ത്രത്തിലെ അണുപുടവികാസം (Development of cells), ഊർജതന്ത്രത്തിലെ ശക്തിയുടെ രൂപാന്തരപ്രാപ്തി (Transformation of Energy) സയൻസിന്റെ ഈ മൂന്നു കണ്ടുപിടുത്തവും വൈരുദ്ധ്യതത്ത്വാധിഷ്ഠിതമായ പ്രപഞ്ചസ്വഭാവത്തെ ഉദാഹരിക്കുന്നുണ്ടു്. വെളിച്ചം, ചൂടു്, വിദ്യുച്ഛക്തി മുതലായവ വിശ്വഗർഭത്തിൽ വ്യാപരിക്കുന്ന ചലനപരിണാമാത്മകമായ ഒരേ ശക്തിയുടെ ഭിന്നങ്ങളായ അഭിവ്യക്തരൂപങ്ങളാകുന്നു. ചലന നിയമമനുസരിച്ചു് ഒന്നു മറ്റൊന്നായി മാറികൊണ്ടിരിക്കും.

പദാർത്ഥവികാസം (Development of matter) എങ്ങനെ എന്തുകൊണ്ടു് സംഭവിക്കുന്നുവെന്നാണു് ഇനി അറിയേണ്ടതു്. വസ്തുക്കളിലും സംഭവങ്ങളിലും നമ്മുടെ ചിന്തയിൽപ്പോലും വൈപരീത്യങ്ങൾ (Contradictions) അന്തർഭവിച്ചിരിക്കുന്നു. സകല ചലനപരിണാമങ്ങൾക്കും പ്രേരണ നൽകുന്നതു് ഈ വിപരീത ശക്തികളുടെ ഇതരേതരപ്രവർത്തനം (interaction) ആകുന്നു. വിപരീതങ്ങളുടെ സംഘട്ടനമാണു് വികാസം (Development is the struggle of opposites) എന്നു് ലെനിൻ പറഞ്ഞിട്ടുള്ളതും ഈ തത്ത്വത്തെ ആസ്പദമാക്കിയാണു്. പദാർത്ഥവികസനത്തിൽ പ്രവർത്തിക്കുന്ന ചലനനിയമങ്ങളെ മൂന്നായിട്ടു തരം തിരിക്കാം.

ഒന്നു്: പരിമാണഭേദത്തിൽ നിന്നു് ഗുണഭേദത്തിലേക്കുള്ള സംക്രമണം (The law of transition of quantity into quality), രണ്ടു്: വിപരീതങ്ങളുടെ അന്യോന്യാന്തർവേശം (The law of interpenetration), മൂന്നു്: നിഷേധനിഷേധം (The law of negation of negation).

വൈരുദ്ധ്യവാദത്തിലെ മർമ്മസ്ഥാനീയങ്ങളായ നിയമങ്ങളാണിവ, പദാർത്ഥത്തിന്റെ പരിണാമത്തിൽ (അളവിനു) വരുന്ന മാറ്റം ഗുണത്തിലും മാറ്റമുണ്ടാക്കുന്നുവെന്നതിനു് രസതന്ത്രശാലകളിൽ നടക്കുന്ന സാധാരണ പരീക്ഷണങ്ങൾതന്നെ തെളിവാണു്. ജലാദിദ്രവ്യങ്ങളുടെ ഘനദ്രവബാഷ്പാവസ്ഥകളിലുള്ള മാറ്റം നോക്കുക. സാമ്പത്തികലോകത്തും ഇതിനു ദൃഷ്ടാന്തങ്ങളുണ്ടു്. അനേകം ചെറുമുതലാളിമാരിൽ വ്യാപിച്ചുകിടക്കുന്ന മുതലുടമ ഏതാനും പേരിൽ കേന്ദ്രീകരിക്കുമ്പോഴാണല്ലോ വമ്പിച്ച കുത്തകമുതലാളിത്തം രൂപം കൊള്ളുന്നതു്. ഈ പരിണാമഭേദമനുസരിച്ചു് മുതലാളിത്തത്തിന്റെ സ്വഭാവത്തിലും മാറ്റം വരുന്നുണ്ടു്. അതായതു് ചെറുമുതലാളിത്തത്തിൽ വന്നുചേരുന്നു. മുതലുടമയുടെ ഈ കേന്ദ്രീകരണം അതിന്റെ പരകോടിയിലെത്തുമ്പോഴാണു് അതിൽത്തന്നെ മുളച്ചു പൊന്തുന്ന വിരുദ്ധതാല്പര്യ സംഘട്ടനത്തിൽ അതു പൊട്ടിത്തെറിച്ചു് അടുത്തപടിയായ പൊതുവുടമയിലേക്കു് അഥവാ സോഷ്യലിസത്തിലേക്കു സംക്രമിക്കുന്നതു്. വർദ്ധമാനദീനതയുടെ സിദ്ധാന്തം (Theory of increasing misery) എന്ന തലക്കെട്ടിൽ മാർക്സ് മേൽക്കാണിച്ച സാമ്പത്തികവൈരുദ്ധ്യം (Economic contradiction) വിശദീകരിക്കുന്നുണ്ടു്.

ഒരു നദീപ്രവാഹത്തിലെ ചുഴിയും മലർച്ചയും നോക്കിയാൽ മതി രണ്ടാമത്തെ നിയമം മനസ്സിലാക്കാൻ ഓരോ ചുഴിയിലും വിപരീതാന്തശ്ശക്തികളുടെ പരസ്പരാപമർദവും ഉൾവലിവും നടക്കുന്നു. അതൊരു സ്ഫോടനാവസ്ഥയിലെത്തുമ്പോൾ മലർച്ചയായിത്തീരുന്നു. വീണ്ടും എതിർ വലിവുകളുണ്ടായിട്ടു അതിൽനിന്നു് ചുഴി രൂപപ്പെടുന്നു. രണ്ടാമത്തെ ചുഴി ആദ്യത്തേതുപോലെയിരിക്കുന്നുവെന്നു തോന്നാമെങ്കിലും വാസ്തവത്തിൽ അതുവ്യത്യസ്തമാണു്. ഇപ്രകാരം ചുഴിയും മലർച്ചയും ഇടകലർന്നു തുടർച്ചയോടും ഇടർച്ചയോടും കൂടി പ്രവാഹം പുരോഗമിക്കുന്നതുപോലെയാകുന്നു പ്രപഞ്ചഗതിയും. ഇരുഭാഗത്തും സംഭൃതമാകുന്ന ശക്തികളുടെ കർഷണവികർഷണങ്ങളോടുകൂടിയ വടം വലിയിലും ഈ നിയമം പ്രവർത്തിക്കുന്നതുകാണാം.

images/Friedrich_Engels.jpg
ഏംഗൽസ്

മൂന്നാമത്തേതായ നിഷേധനിഷേധനിയമം എളുപ്പം ഗ്രഹിക്കാവുന്ന ഒന്നത്രെ. സസ്യലോകം, ജന്തുലോകം, ഭ്രഗർഭശാസ്ത്രം, ഗണിതം, ചരിത്രം ഇവയിൽ നിന്നെല്ലാം ഇതിനുദാഹരണങ്ങൾ മാർക്സിന്റെ വ്യാഖ്യാതാവായ ഏംഗൽസ് എടുത്തുകാണിച്ചിട്ടുണ്ടു്. മണ്ണിൽ വീഴുന്ന ഒരു വിത്തിന്റെ പരിണാമം പരിശോധിക്കാം തണുപ്പു്, ചൂട് മുതലായവയുടെ പ്രവർത്തനത്തിൽ വിത്തു മുളച്ചുവരുന്നു. അതോടെ ആ വിത്തിന്റെ തത്പ്രകാരകത്വം നശിക്കുന്നു. അതായതു വിത്തെന്ന നിലയിലുള്ള അതിന്റെ ജീവിതം അവസാനിക്കുന്നു. വൈരുദ്ധ്യവാദത്തിലെ ഭാഷയിൽ പറഞ്ഞാൽ ബീജം നിഷേധിക്കപ്പെടുന്നു (The seed is negated) എന്ന സമരം തൽസ്ഥാനത്തു് ചെടിയോ ലതയോ മറ്റോ ആണല്ലോ പൊന്തിവരുന്നതു്. ബീജത്തിന്റെ നിഷേധമാണു ചെടി. അതു വളർന്നു വീണ്ടും വിത്തുകൾ ഉല്പാദിപ്പിക്കുന്നതോടെ നശിച്ചുപോകുന്നു. അപ്പോൾ രണ്ടാമത്തെ വിത്തു് ചെടിയുടെ, അതായതു നിഷേധത്തിന്റെ നിഷേധമായി. രണ്ടു വിത്തും ഒരിനമാണെങ്കിലും രണ്ടിനും തമ്മിൽ വ്യത്യാസമുണ്ടു്. ഗുണത്തിൽ രണ്ടാമത്തേതു മുന്നിട്ടുനിന്നേക്കാം. ഗുണപരമായ ഈ വ്യത്യാസം അല്പായുസ്സായതിനാൽ നാം കാണുന്നില്ലെന്നെയുള്ളു. ബീജത്തിനുള്ളിൽ ചിലപ്പോൾ സംഭവിക്കുന്ന യാദൃച്ഛികപരിണാമം (Mutation) കൊണ്ടു് വർഗവ്യത്യാസംതന്നെ പെട്ടെന്നു വന്നുചേരുമെന്നും ജീവശാസ്ത്രകാരന്മാർ പറയുന്നു. രണ്ടു നിഷേധങ്ങളുടെ ഫലമായി പരിണാമപുരോഗതിയിൽ ഒരു നവീനസൃഷ്ടി നടക്കുന്നു എന്നു സാമാന്യമായി പറയാം. ഗണിതശാസ്ത്രത്തിൽ -a എന്നതു് a-യുടെ നിഷേധമാണല്ലോ. അതിനെ അതേ നിഷേധംകൊണ്ടു ഗുണിക്കുമ്പോൾ കിട്ടുന്ന ഫലം ഘടകങ്ങളേക്കാൾ എത്രയോ ഉയർന്നിരിക്കുന്നതും ഒരുദാഹരണമായിട്ടെടുക്കാം. ഇതുപോലെ ഒരു ബീജത്തിനും പൂർവനിഷേധങ്ങളുടെ ഫലമായി ഗുണത്തിലുയർച്ചവരാം. ഇപ്രകാരം അധസ്തലങ്ങളിൽനിന്നു് ഉപരിതലങ്ങളിലേക്കു—ലഘുരൂപങ്ങളിൽനിന്നു സങ്കീർണരൂപങ്ങളിലേക്കു്—വികസിക്കുക എന്നതാണു് പ്രകൃതിയുടെ സാമാന്യഭാവമെന്നിരുന്നാലും അതിനു വ്യത്യസ്തമായി ചിലപ്പോൾ താൽക്കാലികമായ അധഃപതനങ്ങളും പശ്ചാദ്ഗതിയും ഉണ്ടാകുമെന്നു വൈരുദ്ധ്യവാദികൾ സമ്മതിക്കുന്നുണ്ടു്. അധഃപതനത്തിനു ഹേതുഭൂതങ്ങളായ പിന്തിരിപ്പൻ ശക്തികളെ എതിർക്കുകയും പുരോഗതിയെ ത്വരിപ്പിക്കുകയും ചെയ്യുക എന്നതു് ബോധവാനായ മനുഷ്യന്റെ ചുമതലയാകുന്നു.

ലോകപുരോഗതിക്കു് ഒന്നാമത്തെ സാക്ഷി ചരിത്രമാണല്ലോ സാമൂഹികവും സാമ്പത്തികവുമായ ഏതെല്ലാം വ്യവസ്ഥിതികളിൽക്കൂടി മനുഷ്യൻ കടന്നുപോന്നു! പ്രാകൃതകമ്യുണിസം, ഫ്യുഡലിസം, ക്യാപ്പിറ്റലിസം ഇങ്ങനെ ഓരോ സാമ്പത്തികദശയും അതിന്നടുത്തതിനാൽ തിരസ്കൃതമായി വരികയാണു്. തത്ത്വശാസ്ത്രരംഗത്തിലും ഇതിനു സമാനമായ നിഷേധം കാണാം. ഒരുതരം പ്രാകൃതഭൗതികവാദം (primitivie natural materialism) ആയിരുന്നു ആദിമദശയിൽ പ്രചരിച്ചിരുന്നതു്. അനന്തരം ആത്മതത്ത്വവും ഏകദൈവിശ്വാസവും ഉൾക്കൊണ്ട ആശയവാദത്തിൽ ആദ്യത്തേതു് തിരസ്കൃതമായി ആശയവാദത്തിന്റെ വളർച്ച ഏറെക്കാലം നീണ്ടുനിന്നു. ഇപ്പോൾ പുതിയ ഭൗതികവാദത്താൽ ആശയവാദം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കയാണു്. മാർക്സ് സംഭാവനചെയ്ത വൈരുദ്ധ്യവാദാധിഷ്ഠതമായ ഈ നവീനഭൗതികതത്ത്വസംഹിത ആദ്യത്തേതിൽനിന്നു് എത്രയെത്ര വ്യത്യസ്തവും പരിഷ്കൃതവും വികസിതവുമാണെന്നു് ഇനി പ്രത്യേകിച്ചു പറയേണ്ടതില്ല.

നവീനഭൗതികവാദികൾ പ്രപഞ്ചത്തെ വെറും ഒരു യന്ത്രമായിട്ടല്ല ഗണിക്കുന്നതെന്നു് മുമ്പു സൂചിപ്പിച്ചിട്ടുണ്ടു്. വളർന്നു വരുന്ന ജീവത്തായ ഒരു രൂപസംവിധാനം (A living organism) എന്ന നിലയാണു് അതിനുള്ളതു്. എന്നാൽ, ഈ വളർച്ചയ്ക്കും വികാസത്തിനും പ്രകൃത്യതീതമായ ഒരു ദിവ്യശക്തിയുടെ സാന്നിദ്ധ്യം ആവശ്യമില്ല. സ്വയംവികാസം എന്നു പറഞ്ഞപ്പോൾത്തന്നെ ഏതദാശയം സിദ്ധമായി. മനസ്സു്, ശക്തി, ചൈതന്യം ഇവയ്ക്കൊന്നിനുംതന്നെ പദാർത്ഥവ്യതിരിക്തമായ അസ്തിത്വമില്ല. കണ്ണാടിയുടെ പ്രതിഫലനശക്തിയെന്നതുപോലെ അവയെല്ലാം പദാർത്ഥത്തിന്റെ ഏറ്റവും ഉത്കൃഷ്ടമായ പ്രകാശം മാത്രമാണെന്നു് ഇവിടെ സ്മരിക്കേണ്ടതുണ്ടു്. ജീവിതം, അണുപ്രാണികൾ തുടങ്ങിയ ലഘുരൂപങ്ങളിൽ ആരംഭിച്ചു ബഹുവിധം സങ്കീർണരൂപങ്ങളിൽക്കൂടി താരതമ്യേന ഏറ്റവും മഹത്തായ മർത്ത്യപദത്തിലെത്തിയപ്പോൾ അവിടെ ബോധമണ്ഡലം കൂടുതൽ പ്രകാശമാനമായി. അത്രമാത്രം.

images/VLenin.jpg
ലെനിൻ

മാർക്സിന്റെ ഡയലക്റ്റിക്സ് എന്നു പറഞ്ഞാലെന്താണെന്നു് ഇത്രയും കൊണ്ടു വിശദമായി എന്നു വിശ്വസിക്കുന്നു. ഏംഗൽസിന്റെ ഒറ്റവാക്യത്തിൽ അതിനു് ഇങ്ങനൊയൊരു നിർവചനം കൊടുക്കാം. പ്രകൃതി, മനുഷ്യസമുദായം, ചിന്താലോകം ഇവയുടെ ചലനവികാസങ്ങളെ സംബന്ധിക്കുന്ന സാമാന്യനിയങ്ങളുടെ സയൻസാണു് ഡയലക്റ്റിക്സ്. (Dialectics is nothing more than the science of the general laws of motions and development of nature, human society and thought.) പോരാ: അതു് വിപ്ലവത്തിന്റെ ഫിലോസഫിയുമാണെന്നു പറഞ്ഞാലേ പൂർണമാകു. സാധാരണ തത്ത്വശാസ്ത്രസിദ്ധാന്തങ്ങളെപ്പോലെ ഗ്രന്ഥങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വെറുമൊരു സിദ്ധാന്തമല്ലെന്നുള്ളതാണു് ഇതിനുള്ള പ്രത്യേകവൈശിഷ്ട്യം തന്റെ സാമ്പത്തികശാസ്ത്രത്തിനെ സമന്വയിപ്പിച്ചു് മാർക്സ് അതൊരു കാര്യപരിപാടിയുമാക്കിത്തീർത്തു. അതുകൊണ്ടാണു് ഇന്നു് അതു ജീവിക്കുന്നതും ജനസമൂഹത്തെ, വിശേഷിച്ചു തൊഴിലാളിവർഗത്തെ, ജാഗ്രത്താക്കി ശാസ്ത്രീയസോഷ്യലിസത്തിന്റെ മാർഗത്തിലേക്കു് നയിച്ചുകൊണ്ടിരിക്കുന്നതും. തത്ത്വജ്ഞാനികൾ ഈ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമേ ചെയ്തിട്ടുള്ളു. നമ്മുടെ കർത്തവ്യം അതിനൊരു പരിവർത്തനം വരുത്തുകയെന്നതാണു് (Philosophers have only interpreted the world in various ways; the point is to change it) എന്നു് ഉദ്ഘോഷിച്ച കാറൽ മാർക്സ് ആ പരിവർത്തനത്തിനുള്ള പദ്ധതി ഒരു നൂറ്റാണ്ടിനുമുമ്പേ വെട്ടിത്തുറന്നു കാണിച്ചു. അത്ഭുതാവഹമല്ലേ ഈ പ്രതിഭാപ്രഭാവന്റെ ദീർഘദർശിത്വം? എല്ലാം കൂടി പരിഗണിച്ചു പറഞ്ഞാൽ മാർക്സിന്റെ ദാർശനികചിന്തയ്ക്കുള്ള പ്രത്യേകമഹിമ അനന്യസാധാരണമായ അതിന്റെ പ്രയോഗക്ഷമതയാകുന്നു. അതുകൊണ്ടാണു് ഇന്നു് സർവ്വത്രകാണുംവിധം അതു സമൂഹജീവിതത്തിനു നിയാമകവും ഉജ്ജീവകവുമായിത്തീർന്നതു്. സർവ്വപ്രധാനമായ ഈ വസ്തുത മനസ്സിൽ വച്ചുകൊണ്ടു് ലെനിൻ ബുർഷ്വാ ഫിലോസഫിയുടെ കൊള്ളരുതായ്മയെ രൂക്ഷമായി ആക്ഷേപിച്ചിട്ടുണ്ടു്. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വേർപാടാണു് ബൂർഷ്വാതത്ത്വശാസ്ത്രത്തിന്റെ ഏറ്റവും വെറുപ്പുണ്ടാക്കുന്ന സ്വഭാവം (Divorcement of theory from practice is the most disgusting feature of Bourgeois philosophy) എന്ന ആ വാക്യവും ഇവിടെ സ്മരണീയമാകുന്നു.

യുക്തിവിഹാരം 1968.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Marxinte Dwanthavairudhyavadam (ml: മാർക്സിന്റെ ദ്വന്ദ്വവൈരുദ്ധ്യവാദം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Marxinte Dwanthavairudhyavadam, കുറ്റിപ്പുഴ കൃഷ്ണപിള്ള, മാർക്സിന്റെ ദ്വന്ദ്വവൈരുദ്ധ്യവാദം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 25, 2024.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Man Fishing, a painting by Robert Seldon Duncanson (1821–1872). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.