മതവും സന്മാർഗബോധവും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെന്നു സാധാരണജനങ്ങൾ വിശ്വസിച്ചുവരുന്നു. തന്മൂലം മതമാണു് മനുഷ്യരെ സന്മാർഗികളാക്കി തീർക്കുന്നതെന്നൊരു മിഥ്യബോധവും അടിയുറച്ചിട്ടുണ്ടു്. മതത്തിന്റെ ആവശ്യവും മഹിമയും പൊന്തിച്ചു കാണിക്കുവാൻ കൊണ്ടുവരുന്ന ഒരു പ്രധാന വാദവും ഇതുതന്നെയാണു്. മതവിശ്വാസം നശിച്ചാൽ മനുഷ്യരെല്ലാം ദുർമാർഗികളായിപ്പോകുമത്രേ. ഇത്തരം ബാലിശങ്ങളായ വാദങ്ങൾ പുറപ്പെടുവിക്കുന്നവർ സന്മാർഗം അഥവാ സദ്വൃത്തി (Morality) എന്നു പറഞ്ഞാൽ എന്താണെന്നോ അതിന്റെ തോതു് (Standard) എന്താണെന്നോ വിശദീകരിച്ചു നിർണയിക്കാറേയില്ല. അതിലേക്കു ഉദ്യമിച്ചാൽ അവരുടെ വാദം പൊളിഞ്ഞുപോകുമെന്നു കണ്ടിട്ടായിരിക്കാം. അവർ മൗനം ദീക്ഷിക്കുന്നതു്, ഏതായാലും ഈ സന്മാർഗവാദികൾ അടിസ്ഥാനമായി രണ്ടു സംഗതികൾ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഒന്നു്, മനുഷ്യവർഗത്തിന്റെ ആരംഭം മുതൽക്കേ മതവും നിലനിന്നുപോരുന്നു എന്നു്. രണ്ടാമത്തേതു് ഈ മതത്തിൽ നിന്നാണു് സന്മാർഗബോധത്തിന്റെ ഉല്പത്തിയെന്നു്. ഈ രണ്ടും മഹാബദ്ധങ്ങളാണെന്നു നിഷ്പ്രയാസം തെളിയിക്കാം.
നരവംശശാസ്ത്രം (Anthropology), സമുദായതന്ത്രം (Sociology) മുതലായ ശാസ്ത്രശാഖകൾ മനുഷ്യവർഗത്തിന്റെ പാരിണാമികമായ വളർച്ചയെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നുണ്ടു്. ഇവയിലെ സിദ്ധാന്തങ്ങളും തെളിവുകളും പരിശോധിച്ചാൽ യാതൊരു മതബോധവും കൂടാതെ ജീവിച്ച ഒരു കാലഘട്ടം മനുഷ്യർ കടന്നുപോന്നിട്ടുണ്ടെന്നു കാണാവുന്നതാണു്. പ്രത്യേകിച്ചൊരു മതവും ഇല്ലാത്ത അനേകം വർഗക്കാർ ദ്വീപാന്തരങ്ങളിലെ ആദിമനിവാസികളുടെ ഇടയിൽ ഇപ്പോഴും കാണപ്പെടുന്നുണ്ടെന്നു് ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു. ബ്രിട്ടിഷുകാർ കൈവശപ്പെടുത്തിയ മഡഗാസ്കർ ദ്വീപിൽ ഇത്തരം വർഗങ്ങൾ ഉണ്ടെന്നു് ഈയിടെ ഒരു പത്രലേഖകൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാൽ മതമില്ലാതെ കിരാതജീവിതം നയിക്കുന്ന വർഗങ്ങളുടെയിടയിൽ ചില സന്മാർഗവ്യവസ്ഥകൾ നിലവിലുണ്ടെന്ന സംഗതിയും പ്രത്യേകം തെളിഞ്ഞിട്ടുണ്ടു്. ചുരുക്കത്തിൽ മതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ സന്മാർഗവ്യവസ്ഥകൾ മനുഷ്യസമുദായത്തിന്റെ ആരംഭദശയിൽ നടപ്പായിരുന്നു എന്നു് ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നു. മനുഷ്യന്റെ സംസ്കാരികമായ വളർച്ചയിൽ ഇടക്കാലത്തു രൂപമെടുത്ത ഒന്നാണു് മതം അതുകൊണ്ടു് മതവും സന്മാർഗബോധവും തമ്മിൽ ഇപ്പോൾ കാണുന്ന ബന്ധവും ഇടക്കാലത്തുണ്ടായതാണെന്നു തെളിയുന്നു. ഇങ്ങനെ കാലാന്തരത്തിൽ വന്നുചേർന്ന ബന്ധം ചൂഷണനിരൂപണന്മാരായ പുരോഹിതന്മാരുടെ ചെപ്പടിവിദ്യകൊണ്ടു് ഒന്നിന്റെ സന്താനമാണു മറ്റേതെന്നു തോന്നത്തക്കവിധം ദൃഢമായിപ്പോയെന്നേ ഉള്ളു. കേവലം മനുഷ്യനിർമിതങ്ങളായ സാന്മാർഗികവ്യവസ്ഥകൾ സ്വർഗസ്ഥനായ ദൈവത്തിന്റെ അരുളപ്പാടുകളായി ഇക്കൂട്ടർ വെളിപ്പെടുത്തി. വാസ്തവം ഇതാണെങ്കിൽ സന്മാർഗബോധത്തിന്റെ ഉല്പത്തിയെങ്ങനെയെന്ന പ്രശ്നത്തിനു് ഉത്തരം പറയേണ്ടിയിരിക്കുന്നു.
മനുഷ്യൻ ഒരു സാമൂഹ്യജീവി (Social animal) ആണെന്നുള്ള സംഗതിയിൽ ആർക്കും തർക്കമില്ലല്ലോ. സമുദായവാസന (Social instinct) എല്ലാ മനുഷ്യരിലും വിലിനമായിക്കിടക്കുന്ന ഒന്നാണു് മനുഷ്യന്റെ മൃഗീയദശയിൽ അവ്യക്തമായി കിടന്നിരുന്ന ഈ വാസന കാലാന്തരത്തിൽ വ്യക്തമായി വികസിച്ചു് അവനെ ഒരു സാമൂഹ്യജീവിയാക്കിത്തീർക്കുകയാണു് ചെയ്തതു്. സർവ ദോഷങ്ങളും നീങ്ങിയ ഒരു ഉത്തമസമുദായസംഘടന ഇപ്പോഴും മനുഷ്യനു സാദ്ധ്യമായിട്ടില്ല. എന്നാലും ആ ലക്ഷ്യത്തിലേക്കാണു് പരിഷ്കൃത മനുഷ്യരുടെ പുരോഗമനമെന്നു് നിസ്സംശയം പറയാം. സ്വരക്ഷ സ്വസുഖം എന്നിവയ്ക്കുവേണ്ടിത്തന്നെയാണു് മനുഷ്യർ സംഘടിച്ചതു്. ഒറ്റതിരിഞ്ഞു് മത്സ്യന്യായം അനുസരിച്ചു് ശക്തൻ അശക്തനെ വേട്ടയാടി ജീവിച്ചാൽ ജീവിതം അസാദ്ധ്യമെന്നു മനുഷ്യനെ അനുഭവം പഠിപ്പിച്ചു. ഇപ്രകാരം മനുഷ്യർ സ്വരക്ഷയ്ക്കുവേണ്ടി സമുദായമായി സംഘടിച്ച ഘട്ടത്തിൽ വ്യക്തിയും സമുദായവും തമ്മിൽ ഒരു പുതിയ ബന്ധം നിലവിൽ വന്നു. ഈ രണ്ടിന്റെയും ശ്രേയസ്സ് പരസ്പരം ആശ്രയിച്ചിരിക്കുന്നു എന്ന സംഗതിയും അനുഭവംകൊണ്ടു പ്രത്യക്ഷമായി. ഇങ്ങനെ വ്യക്തിയും സമുദായവും തമ്മിൽ ശ്രേയസ്കരമായ ബന്ധം പരിപാലിക്കേണ്ട ആവശ്യം നേരിട്ടു. ഈ ആവശ്യത്തിൽനിന്നാണു് ആദ്യമായി ചില സന്മാർഗവ്യവസ്ഥകൾ ഉത്ഭവിച്ചതു്. ആവശ്യം സൃഷ്ടിയുടെ മാതാവെന്നുള്ള വാക്യം ഇക്കാര്യത്തിലും അർത്ഥവത്താകുന്നു. വ്യക്തിയും സമുദായവും തമ്മിലുള്ള അംഗംഗിഭാവത്തെ പരിപാലിക്കുന്നതിനു ചില നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കേണ്ടിവന്നു. മനുഷ്യന്റെ ലൈംഗികജീവിതത്തിലുള്ള (Sex life) നിയന്ത്രണം, പരസ്പരസ്നേഹവിശ്വാസങ്ങൾ, സത്യഭാഷണം, ധർമാചരണം മുതലായവയെല്ലാം ഇപ്രകാരം ക്രമേണ നടപ്പായവയാണു്. ബുഷ്നർ (Buchner)എന്ന ജർമൻ ഭിഷഗ്വരൻ ജീവിതത്തിന്റെ ഭൗതികത്വത്തെ മാത്രം അടിസ്ഥാനമാക്കി സന്മാർഗവ്യവസ്ഥകൾ ക്രോഡീകരിച്ചു് ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ടു്. അതിൽ അദ്ദേഹം അംഗീകരിച്ചിരിക്കുന്നതു് സന്മാർഗത്തിന്റെ അടിസ്ഥാനം സാമൂഹ്യതയാണു് (Morality depends on sociality) എന്നുള്ള തത്ത്വമത്രേ. ഹേക്കൽ (Haeckel)എന്ന സുപ്രസിദ്ധനായ ഭൗതികവാദിയും ഇതേ തത്ത്വത്തിന്മേൽത്തന്നെ പ്രസ്തുത വിഷയം നിരൂപണം ചെയ്തിട്ടുണ്ടു്. സാമൂഹ്യജീവിതവിരോധികളായ (Anti social) മനോഭാവങ്ങളെ അമർച്ച ചെയ്തു് ഓരോ വ്യക്തിയിലുമുള്ള അഹംബുദ്ധിയെയും (Egoism) സമസ്തലോകസുഖാദർശനത്തെയും തമ്മിൽ കൂട്ടിയിണക്കുകയെന്നതാണു് എല്ലാത്തരം സന്മാർഗവ്യവസ്ഥകളുടെയും പരമലക്ഷ്യമെന്നു് അദ്ദേഹം വാദിക്കുന്നു. ഈ പരമലക്ഷ്യം തന്നെയാണു് ആധുനിക റഷ്യയിലെ നവീകൃതജീവിതത്തിൽ നാം കാണുന്നതും.
ഏതാണു് സന്മാർഗം? അതിന്റെ തോതെന്തു്? ഇത്യാദി ചോദ്യങ്ങൾക്കു മേൽപ്പറഞ്ഞ തത്ത്വത്തെ ആസ്പദമാക്കിയും യുക്തിയെ അവലംബിച്ചും വേണം ഉത്തരം പറവാൻ അല്ലാതെ മതഗ്രന്ഥങ്ങളോ പ്രവാചകന്മാരുടെ വാക്യങ്ങളോ പ്രസ്തുത പ്രശ്നങ്ങൾക്കു പ്രമാണങ്ങളാകുന്നതല്ല. വ്യക്തിയുടെ വളർച്ചയ്ക്കും വികാസത്തിനും സുഖത്തിനും ഉപകരിക്കത്തക്കവിധം സുസംഘടിതമാകുന്ന സമുദായത്തിന്റെ ശ്രേയസ്സിനു് ഉപകരിക്കുന്ന നടപടികളെയെല്ലാം സന്മാർഗവ്യവസ്ഥാവലയത്തിൽ ഉൾപ്പെടുത്താവുന്നതാണു്. സാമൂഹ്യജീവിതത്തിനു ഹാനികരങ്ങളായിട്ടുള്ളവയെല്ലാം വ്യക്തികളെയും ബാധിക്കുന്നവയാണെന്നുള്ള സംഗതി നാം പലപ്പോഴും വിസ്മരിക്കാറുണ്ടു്. അതുകൊണ്ടു് സാമൂഹ്യജീവിതവിരോധി (Anti social) കളായിട്ടുള്ള പല പ്രവൃത്തികളും നാം ചെയ്തുപോകുന്നു. വാസ്തവത്തിൽ അത്തരം പ്രവൃത്തികളെയാണു് ഒന്നാമതായി അസാന്മാർഗ്ഗികകോടിയിൽ ഉൾപ്പെടുത്തേണ്ടതു്. ഇത്തരം ദുർവൃത്തിയിൽ ഏർപ്പെടുന്ന പലരും മതദൃഷ്ട്യാ സവൃത്തന്മാരായി എണ്ണപ്പെടുന്നുണ്ടെന്നുള്ളതിനു നമ്മുടെ രാജ്യത്തു് അനേകം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണു്. സന്മാർഗത്തെ മതത്തിൽനിന്നും നീക്കിനിർത്തി നമ്മുടെ സാമാന്യപ്രജ്ഞ (common sense) യിൽകൂടി അതിനെപ്പറ്റി വിചാരണ ചെയ്തുനോക്കുമ്പോൾ നാം സന്മാർഗമായി ഗണിച്ചിട്ടുള്ള പലതും വാസ്തവത്തിൽ ദുർമാർഗമാണെന്നു മനസ്സിലാകും. ഉദാഹരണമായി മുതലാളിഭരണം നടപ്പുള്ള രാജ്യങ്ങളിലെ ലാഭക്കച്ചവടം തന്നെ നോക്കുക. എല്ലാ മനുഷ്യർക്കും ആവശ്യമുള്ള ആഹാരസാധനം എത്രയിരട്ടി വിലയ്ക്കു വിറ്റുലാഭമുണ്ടാക്കിയാലും അതൊരു അസന്മാർഗികകർമ്മമായി ഇവിടെ ഗണിക്കപ്പെടുന്നില്ല! പണവും കാര്യശേഷിയും കൗശലവുമുള്ള ഒരാൾക്കു് ഒരു രാജ്യത്തെ നെല്പാടങ്ങൾ മുഴുവൻ തീറെഴുതിപ്പിടിക്കുവാൻ കഴിയും. അതിനു നമ്മുടെ നിയമം അനുവദിക്കുന്നു! സാമൂഹ്യജീവിതവിധ്വംസികളാണു് ഇത്തരം പ്രവൃത്തികളെന്നു് ഈ യുദ്ധകാലത്തു നല്ലപോലെവെളിപ്പെട്ടിട്ടും അവയെല്ലാം സന്മാർഗ്ഗകോടിയിൽത്തന്നെ അംഗീകൃതങ്ങളായിരിക്കുന്നു! നമ്മുടെ ഇത്തരം സന്മാർഗം റഷ്യയിൽ ദുർമാർഗത്തിന്റെ മകുടോദാഹരണമായി ഗണിച്ചു കുറ്റകരമാക്കിയിരിക്കുന്നതു നോക്കുക! ഇവിടെ പാലിൽ വെള്ളം ചേർത്തു പട്ടണങ്ങളിൽ വിറ്റാൽ അതു് അത്ര ഗൗരവമേറിയ കുറ്റമല്ല. കണ്ടുപിടിച്ചാൽത്തന്നെ ഒരു നിസ്സാരസംഖ്യ പിഴ കൊടുക്കേണ്ടതേയുള്ളു. റഷ്യയിൽ ഒരുപക്ഷേ, അതിനു വധശിക്ഷയായിരിക്കും ലഭിക്കുക. കാരണം അനേകലക്ഷം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന എന്നതാണു്. ലാഭക്കച്ചവടം ദൈവം അനുവദിച്ചിട്ടുണ്ടെന്നു ന്യായം പറയുന്ന മതക്കാരുടെ നേതൃത്വം നശിച്ചതിന്റെ ഫലമായി ആ രാജ്യത്തിലെ സന്മാർഗത്തോതിൽ ഇങ്ങനെ പല മാറ്റങ്ങളും വന്നിട്ടുണ്ടു്. നാം ഇപ്പോഴും ജീർണവും ജടിലവുമായ ഒരു സന്മാർഗത്തോതും കൊണ്ടാണു നടക്കുന്നതു്. ആയിരമായിരം കൊല്ലങ്ങൾക്കു മുമ്പു് ബഹുജനമർദ്ദനത്തിനായി പുരോഹിതൻ നിർമിച്ച ഒരു കപടവേദാന്തമാണതു്. അതനുസരിച്ചുള്ള കൃത്രിമജീവിതം കൊണ്ടു് മനുഷ്യസമുദായത്തിനു് അധഃപതനമല്ലാതെ ഉയർച്ചയുണ്ടായിട്ടില്ല. ലൈംഗികജീവിതത്തിലെ കൃത്രിമനിരോധനങ്ങൾക്കാകുന്നു ഇവിടത്തെ സന്മാർഗ്ഗവ്യവസ്ഥയിൽ പ്രാധാന്യം. മതഗ്രന്ഥങ്ങളുടെ ദുർവ്യാഖ്യാനങ്ങളെയും അന്ധവിശ്വാസങ്ങളെയും അവലംബിച്ചുണ്ടായ ഈ കൃത്രിമനിരോധനങ്ങൾ അവ സൃഷ്ടിച്ചുവിട്ട പുരോഹിതന്മാരുൾപ്പെടെയുള്ള ജനങ്ങളെ ആത്മവഞ്ചകന്മാരാക്കുന്നതിനു മാത്രമെ ഉപകരിച്ചിട്ടുള്ളു. തീരശ്ശീലയ്ക്കുള്ളിൽ തലപൊക്കുന്ന മതാധികാരികളുടെ കാമാന്ധത കുപ്രസിദ്ധമായിത്തീർന്നിട്ടുള്ളതുകൊണ്ടു് ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ല. സ്ത്രീ പുരുഷബന്ധത്തെ ജീവശാസ്ത്രപര (Biological) മായി വീക്ഷണം ചെയ്തു ശാരീരികവും മാനസികവുമായ ആരോഗ്യത്തെ അടിസ്ഥാനമാക്കി തത്സംബന്ധമായ ഒരു സന്മാർഗവ്യവസ്ഥ ഏർപ്പെടുത്തുവാൻ റഷ്യക്കാർക്കു മാത്രമേ സാധിച്ചിട്ടുള്ളൂ. തൽഫലമായി അവർ സന്മാർഗ്ഗത്തിൽ ഒരുപടി ഉയരുകയാണു ചെയ്തിട്ടുള്ളതു്. മതം നശിച്ചതിന്റെ ഫലമായി അവിടെ ദാമ്പത്യബന്ധം ശിഥിലമായിപ്പോയെന്നും റഷ്യക്കാരെല്ലാം ഇപ്പോൾ അഴിച്ചുവിട്ടകാളകളെപ്പോലെ കാമാന്ധരായി കണ്ടമാനം ജീവിക്കുകയാണെന്നും മറ്റും മറ്റു ശത്രുക്കളും പറഞ്ഞുപരത്തിയിരുന്നു. ഇത്തരം വമ്പിച്ച കള്ളങ്ങളെല്ലാം ഈ യുദ്ധം കൊണ്ടുപൊളിഞ്ഞുപോയിരിക്കുന്നു. ശരിയായി സന്മാർഗം റഷ്യയിലെപ്പോലെ മറ്റൊരു രാജ്യത്തും ഇല്ലെന്നുള്ള സത്യാവസ്ഥ ഇപ്പോൾ വെളിവായി. സാന്മാർഗികജീവിതത്തിന്റെ ഒന്നാമത്തെ ലക്ഷണം ശാരീരികവും മാനസികവുമായ ആരോഗ്യവും ശക്തിയുമാകുന്നു. മലവെള്ളംപോലെ തള്ളിക്കേറിവന്ന ജർമ്മൻ സേനാപ്രവാഹത്തെ തടഞ്ഞുനിർത്തുവാനും പിന്തിരിക്കുവാനും ഈ ഒരു രാജ്യത്തിനു മാത്രമേ കഴിഞ്ഞുള്ളു എന്ന സംഗതി തന്നെ റഷ്യക്കാരുടെ ധാതുബലത്തിനു് ഒരു ഒന്നാംതരം ഉദാഹരണമല്ലേ? മതപരമായ സന്മാർഗം കൃത്രിമമായി പരിപാലിച്ചുകൊണ്ടിരുന്ന ഫ്രാൻസ് രാജ്യം രണ്ടാഴ്ചകൊണ്ടു് ഹിറ്റ്ലറുടെ മുമ്പിൽ കുമ്പിടേണ്ടിവന്നതു സാന്മാർഗികമായ അധഃപതനത്തിന്റെ ഫലമാകുന്നു.
മതത്തിന്റെ ആക്രമണം മനുഷ്യന്റെ സന്മാർഗബോധത്തെ കളങ്കപ്പെടുത്തുകയും കലുഷമാക്കുകയുമാണു് ചെയ്തിട്ടുള്ളതു്. പ്രാർത്ഥന, പ്രായശ്ചിത്തം, വഴിപാടു് തുടങ്ങിയ അന്ധങ്ങളായ നടപടികൾ സന്മാർഗവ്യതിചലനത്തിനു മനുഷ്യരെ പ്രകാരാന്തരേണ പ്രേരിപ്പിക്കുന്നുണ്ടെന്നു മനഃശാസ്ത്രദൃഷ്ട്യാ നോക്കിയാൽ മനസ്സിലാകും. ഒരു കൊല്ലത്തെ ദുർവൃത്തികളെല്ലാം ഒറ്റ ഉപവാസംകൊണ്ടോ വ്രതംകൊണ്ടോ പ്രാർത്ഥനകൊണ്ടോ കുമ്പസാരം കൊണ്ടോ തേഞ്ഞുമാഞ്ഞുപോകുമെന്നു് അന്ധമായി വിശ്വസിക്കുന്ന ഒരു മനുഷ്യൻ എങ്ങനെ സദ്വൃത്തിനിരതനാകും? പുരോഹിതനു പണം കൊടുത്തു പാപം കഴുകിക്കളയുന്ന ഇന്ദ്രജാലം നിലനിൽക്കുന്ന കാലത്തോളം എങ്ങനെ സന്മാർഗബോധം തെളിയും? ചുരുക്കത്തിൽ മതംകൊണ്ടു സന്മാർഗം പ്രകാശമാനമാകുകയല്ല ഇരുളടയുകയാണു ചെയ്യുന്നതു്. അതുകൊണ്ടു് രണ്ടുംതമ്മിൽ വേർതിരിച്ചു കാണിക്കേണ്ടതാവശ്യമായി വന്നിരിക്കുന്നു.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971