ഈശ്വരനിൽ വിശ്വസിക്കാത്തവരെയാണല്ലോ നാസ്തികന്മാർ എന്നു വിളിച്ചുവരുന്നതു്. ഇവരുടെ സംഖ്യ ലോകത്തിൽ കൂടിവരുന്നോ കുറഞ്ഞു വരുന്നോ എന്ന പ്രശ്നം പലപ്പോഴും തർക്കവിഷയമായി കണ്ടിട്ടുണ്ടു്. കഴിഞ്ഞ ലോകമഹായുദ്ധത്തിനുശേഷം മനുഷ്യരുടെയിടയിൽ ഈശ്വരവിശ്വാസം വർദ്ധിച്ചുവരുകയാണെന്നു് ഒരു കൂട്ടർ വാദിക്കുന്നു. മതം ഒരു ഉപജീവനമാർഗമായി സ്വീകരിച്ചിട്ടുള്ള പുരോഹിതന്മാരും തദനുയായികളുമാണു് ഈ വാദത്തിനു പ്രാബല്യംകൊടുക്കുവാൻ പണിപ്പെടുന്നതു്. മനുഷ്യന്റെ സ്വതന്ത്രചിന്തയിൽ മതവും ഈശ്വരനും തേഞ്ഞുമാഞ്ഞുപോയാൽ ഇവരുടെ ഉപജീവനമാർഗം മുടങ്ങിപ്പോകുമെന്നുള്ളതു തീർച്ചയാണു്. അതുകൊണ്ടു് ഇക്കൂട്ടർ ഇത്തരം അഭിപ്രായങ്ങൾ പ്രചരിപ്പിക്കുവാൻ പണവും സമയവും ചെലവഴിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഈശ്വരവിശ്വാസം വർദ്ധിച്ചുവരുന്നു എന്നു് ഇവർ പറഞ്ഞുപരത്തുന്നതല്ലാതെ അതിലേക്കുള്ള ന്യായങ്ങളോ തെളിവുകളോ ഒന്നും തന്നെ ഇക്കൂട്ടർ എടുത്തു കാണിക്കുന്നില്ല. ചില സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചുനോക്കിയാൽ ഏതദഭിപ്രായം ഏറ്റവും അടിസ്ഥാനരഹിതവും ന്യായവിരുദ്ധവുമാണെന്നു മനസ്സിലാകും.
അറിവും വിചാരസ്വാതന്ത്ര്യവും വർദ്ധിച്ചുവരുന്തോറും ഈശ്വരവിശ്വാസം കുറയുകയും തത്ഫലമായി നാസ്തികന്മാർ കൂടിവരുകയും ചെയ്യുന്നു എന്നുള്ളതു് മനുഷ്യചരിത്രത്തിൽ ഒരു സാർവ്വത്രികനിയമമായിത്തന്നെ തെളിഞ്ഞിട്ടുള്ള ഒരു പരമാർത്ഥമാകുന്നു.
വിവിധ രാജ്യങ്ങളിലെ ജനസമുദായ ചരിത്രം പരിശോധിക്കുമ്പോഴും ഈ സംഗതി സത്യമാണെന്നു കാണാം. പ്രസ്തുത നിയമമനുസരിച്ചു നോക്കുമ്പോൾ പ്രാചീനകാലത്തെ അപേക്ഷിച്ചു അറിവും സ്വാതന്ത്രവും കൂടുതലുള്ള ആധുനികകാലത്താണല്ലോ നാസ്തികന്മാർ അധികം ഉണ്ടാകേണ്ടതു്. സത്യസ്ഥിതിയും അങ്ങനെതന്നെയാണെന്നു പല പരീക്ഷണങ്ങൾ കൊണ്ടും തെളിഞ്ഞിട്ടുണ്ടു്.
‘ദൈവവിശ്വാസവും അനശ്വരത്വവും’ (Belief in God and Immortality) എന്ന പേരിൽ പ്രൊഫസർ ലീബാ എഴുതിയിട്ടുള്ള ഒരു പുസ്തകത്തിൽ ഇതിനെ സംബന്ധിച്ചു ശാസ്ത്രീയമായ ഒരന്വേഷണം നടത്തിയിട്ടുള്ളതായി കാണുന്നു. അമേരിക്കയിലെ ആയിരം കോളേജുവിദ്യാർത്ഥികളെ ഈ പ്രൊഫസർ പരിശോധിച്ചതിൽ അറുപതു ശതമാനം മാത്രമെ ദൈവവിശ്വാസമുള്ളവരായി കാണപ്പെട്ടുള്ളു. അവരിൽത്തന്നെ പ്രായംകൂടിയവരുടെ വിശ്വാസം താരതമ്യേന ശിഥിലവുമായിരുന്നു. ചരിത്രവും സയൻസും പഠിപ്പിക്കുന്ന ആയിരം പ്രൊഫസർമാർ കൂടി ഇപ്രകാരം പരിശോധിക്കപ്പെടുകണ്ടായി. അവരിൽ നാല്പത്തഞ്ചു ശതമാനം മാത്രമായിരുന്നു ദൈവവിശ്വാസികൾ. അതായതു് ആയിരത്തിൽ അഞ്ഞൂറ്റിയൻപതും നാസ്തികന്മാരെന്നു ചുരുക്കം. അറിവും ചിന്താസ്വാതന്ത്ര്യവും വിദ്യാർത്ഥികളെ അപേക്ഷിച്ചു് പ്രൊഫസറന്മാരിൽ കൂടിക്കാണുന്ന മുറയ്ക്കു അവരുടെ നാസ്തികത്വവും വർദ്ധിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നവരിൽ എൺപതുശതമാനവും ജീവശാസ്ത്രജ്ഞന്മാരിൽ എൺപത്തഞ്ചു ശതമാനവും നാസ്തികന്മാരാണെന്നു വെളിപ്പെടുകയുണ്ടായി. വിശ്വാസികളെന്നു മൊഴികൊടുത്ത പ്രൊഫസർമാരുടെ യഥാർത്ഥ മനഃസ്ഥിതിയെപ്പറ്റിയും സംശയിക്കേണ്ടതുണ്ടു്. അവരിൽ പലരും മതാധികാരികൾ നടത്തുന്ന കോളജുകളിൽ ജോലിനോക്കുന്നവരായിരിക്കും. തന്മൂലം വേണ്ടിടത്തോളം അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കുവാൻ ഇവർക്കു സാദ്ധ്യമല്ലെന്നും വരാവുന്നതാണു്. മതസ്ഥാപനങ്ങളുടെ വകയായിട്ടുള്ള വിദ്യാലയങ്ങളിൽനിന്നും ശമ്പളം വാങ്ങുന്നവർ മതവിരോധികളായി പ്രത്യക്ഷപ്പെട്ടാൽ അവരുടെ ഉദ്യോഗം വെള്ളത്തിലാകും. ഏതാദൃശവിഷയങ്ങളിൽ സ്വാഭിപ്രായം മറച്ചുവയ്ക്കുവാൻ പരിതഃസ്ഥിതികളാൽ എത്രയെത്ര പണ്ഡിതന്മാർ പ്രേരിതരാകുന്നുണ്ടു്.
ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി ഈ രാജ്യങ്ങളിലെ സ്ഥിതിയും ഇതുപോലെതന്നെ രസാവഹമാണു്. പള്ളികളിൽനിന്നും പുറപ്പെടുന്ന അഭ്യർത്ഥനകളെ അവിടങ്ങളിൽ ഭൂരിപക്ഷവും അഗണ്യകോടിയിൽ തള്ളുകയാണു് ചെയ്യുന്നതു്. ഈ രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരിൽ അധികംപേരും ഈശ്വരനിൽ വിശ്വസിക്കാത്തവരാകുന്നു. ശാസ്ത്രജ്ഞന്മാർ മാത്രമല്ല. അനേകം സാഹിത്യകാരന്മാർ കൂടി ഈശ്വരനെ സംബന്ധിച്ചു സംശയാത്മാക്കളാണു്. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ സാഹിത്യം പരിശോധിച്ചാൽ ഇസ്സംഗതി വെളിവാകും സ്വിൻബേൺ, മെറിഡിത്ത്, വാട്സൺ, ഹാർഡി, മാസ്ഫീൽഡ്, ഗാത്സ് വർത്തി ഇങ്ങനെ എത്രയോ പേരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണു്. കുറെക്കൂടി പുറകോട്ടു നോക്കുമ്പോഴും ഈശ്വരനിൽ വിശ്വാസം ഉറയ്ക്കാത്ത എത്രയോ കവികളെ നമുക്കു കാണാൻ കഴിയും. ബയറൺ, ഷെല്ലി, കീറ്റ്സ് തുടങ്ങിയ സുപ്രസിദ്ധന്മാരുടെ കവിതകളിലും ഈ സംശയാത്മകത്വം പ്രസ്പഷ്ടമായിട്ടില്ലേ?
ആധുനിക റഷ്യയിലെ സ്ഥിതി ഇവിടെ വിവരിക്കേണ്ട ആവശ്യമില്ലല്ലോ. അവിടെ നാസ്തികത്വം സർവത്ര വ്യാപിച്ചിട്ടുണ്ടെന്നുള്ള പരാതിയാണല്ലോ മതവിശ്വാസികളുടെ മുറവിളികളിൽ മുന്നിട്ടുനിൽക്കുന്നതു്. ജർമ്മനിയിൽ ‘നാസിസം’ പ്രബലപ്പെടുന്നതിനു മുമ്പു നടത്തിയ സ്വതന്ത്രമായ ഒരു തെരഞ്ഞെടുപ്പിൽ നാസ്തികന്മാരുടെ സംഖ്യ ലക്ഷക്കണക്കിനു് വെളിപ്പെടുകയുണ്ടായി. ഫ്രാൻസിൽ മൂന്നു കോടിയോളം ജനങ്ങൾ സാധാരണ പള്ളിയിൽ പോകാത്തവരാണു്. അവരിൽ അധികംപേരും നാസ്തികന്മാരാകുന്നു.
ഏതാനും കൊല്ലങ്ങൾക്കുമുമ്പു് ചെക്കോസ്ലോവാക്കിയയിൽ നടത്തിയ ഒരു കണക്കെടുപ്പു് (സെൻസസ്) പ്രകാരം ഏഴരലക്ഷം ജനങ്ങൾ നാസ്തികന്മാരായി കാണപ്പെട്ടു. മെക്സിക്കോ, ബ്രസീൽ, അർജന്റീന തുടങ്ങിയ മറ്റു പലേ രാജ്യങ്ങളിലും ഇതുപോലെ നാസ്തികത്വം അഭിവൃദ്ധിപ്പെട്ടുവരുന്നതായി തെളിഞ്ഞിട്ടുണ്ടു്. ചൈനയിൽ നിരീശ്വര പ്രസ്ഥാനം ‘കമ്യൂണി’സത്തിന്റെ അകമ്പടിയായി തഴച്ചുവരികയാണു്. പണ്ടു് ദേവാലയങ്ങളായിരുന്ന പല കെട്ടിടങ്ങൾ അവിടെ ഇപ്പോൾ വിശ്രമമന്ദിരങ്ങളും വിദ്യാലയങ്ങളുമായി രൂപാന്തരപ്പെട്ടിട്ടുണ്ടെന്നു് ജവാഹർലാൽ തന്റെ ചീനയാത്രകഴിഞ്ഞു മടങ്ങിവന്നപ്പോൾ പറയുകയുണ്ടായി. സ്പെയിനിൽ അടുത്ത കാലത്തുണ്ടായ ആഭ്യന്തരയുദ്ധം മതക്കാരും നിർമതരും തമ്മിൽ നടന്ന ഒരു സംഘട്ടനമായിരുന്നല്ലോ പരമാർത്ഥസ്ഥിതി ഇപ്രാകാരമായിരിക്കുമ്പോൾ മതാധികാരികൾ കള്ളക്കണക്കുകളുണ്ടാക്കി സത്യം മറയ്ക്കാൻ ശ്രമിക്കുന്നതു് നോക്കുക! 1933-ൽ പ്രസിദ്ധപ്പെടുത്തിയ അവരുടെ ഒരു വാർഷിക റിപ്പോർട്ടിൽ ലോകത്തിലെ ക്രിസ്ത്യാനികളുടെ ഒരു കണക്കു കാണിച്ചിട്ടുള്ളതിൽ ഇംഗ്ലണ്ട്, ഫ്രാൻസ്, അമേരിക്ക എന്നനീ മൂന്നു രാജ്യങ്ങളിലുള്ള സർവജനങ്ങളെയും ക്രിസ്തുമതവിശ്വാസികളായിട്ടാണു് അവർ എണ്ണിയിരിക്കുന്നതു്. ഇത്തരത്തിലുള്ള കള്ളക്കണക്കുകൾകൊണ്ടും മറ്റനേക തരത്തിലുള്ള പ്രചരണോപായങ്ങൾകൊണ്ടും നാസ്തികത്വത്തിന്റെ തള്ളിക്കയറ്റം തടയാമെന്നു വിചാരിക്കുന്നതു വെറും വ്യാമോഹമാകുന്നു. അറിവിന്റെ വെളിച്ചത്തെയും സ്വാതന്ത്ര്യത്തിന്റെ കാറ്റടിയെയും തടുക്കുവാൻ ഇക്കൂട്ടർക്കു സാധിക്കുമോ? അതു സാധിക്കാത്ത കാലത്തോളം മനുഷ്യവർഗം വിശ്വാസാന്ധകാരത്തിൽനിന്നു കൂടുതൽ മോചനം നേടിക്കൊണ്ടുതന്നെയായിരിക്കും. പ്രസിദ്ധ യുക്തിവാദിയായിരുന്ന ഹേക്കലിന്റെ (Haeckel) പുസ്തകത്തിനു് (Riddle of Universe) സിദ്ധിച്ച പ്രചുര പ്രചാരം തന്നെ ആധുനികജനതയുടെ മനോഭാവത്തിനു ഒരൊന്നാംതരം ഉദാഹരണമാകുന്നു. പ്രസ്തുത ഗ്രന്ഥത്തിനു എതിരായി നിരൂപണം ചെയ്തുകൊണ്ടു് മതാധികാരികൾ അനേകം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. അവരുടെ സർവശക്തികളും പ്രയോഗിച്ചുനോക്കിയിട്ടും അവയിലൊന്നും തന്നെ അൻപതിനായിരം കോപ്പിയിലധികം ചെലവായില്ല. എന്നാൽ, അതേസമയം ഈവക സഹായങ്ങളൊന്നും കൂടാതെ മതത്തിന്റെ മസ്തകം പിളർക്കുന്ന ആ ഗ്രന്ഥത്തിന്റെ അഞ്ചുലക്ഷം പ്രതികൾ വിറ്റഴിഞ്ഞുപോയി. നവലോകത്തിന്റെ ചിന്താഗതി നാസ്തികത്വത്തിലേക്കു തിരിയുന്നു എന്നുള്ളതിനു ഇതിൽപ്പരം എന്തൊരു തെളിവാണു വേണ്ടതു്?
ഏതാനും വർഷങ്ങൾക്കു മുൻപു് യാർക്ക് ഷയറിലെ അദ്ധ്യാപകന്മാരുടെ ഒരു കോൺഫറൻസ് കൂടുകയുണ്ടായി അദ്ധ്യക്ഷൻ ഒരു ബിഷപ്പായിരുന്നു ( Bishop of Ripon). ‘ഇപ്പോഴത്തെ പള്ളിക്കൂടങ്ങളിലെ വിദ്യാർത്ഥികളുടെ മതപരമായ അഭിപ്രായങ്ങൾ കേൾക്കാനിടവന്നാൽ അവരുടെ മുത്തശ്ശിമാർ ഞെട്ടിത്തെറിച്ചുപോകും.’ എന്നാണു് അദ്ദേഹം ആ കോൺഫറൻസിൽ പ്രസ്താവിച്ചതു് ഇങ്ങനെ സത്യാവസ്ഥ വിളിച്ചുപറയുന്ന ബിഷപ്പന്മാരും ധാരാളമുണ്ടു്. അന്നത്തെ പ്രാസംഗികന്മാരിൽ ഒരാളായിരുന്ന സർ പെഴ്സി ജാക്സൺ ബിഷപ്പിന്റെ ഈ സന്താപത്തിനു മറുപടിയായി: ‘ഇപ്പോഴത്തെ കുട്ടികൾ ഇതുവരെ ഈ രാജ്യത്തുണ്ടായിരുന്ന കുട്ടികളേക്കാൾ എല്ലാം കൊണ്ടും നല്ല കൂട്ടത്തിലാണു്’ എന്നു പ്രസ്താവിക്കുകയും ചെയ്തു. അതായതു് മതത്തിന്റെ കെട്ടുപാടിൽനിന്നു വിട്ടുമാറുന്നതോടുകൂടി കുട്ടികൾ കൂടുതൽ നന്നായിത്തീരുമെന്നത്രെ അദ്ദേഹം സൂചിപ്പിച്ചതു്. പരിഷ്കാരാഭിവൃദ്ധിക്കനുസരിച്ചു് ഈശ്വരവിശ്വാസം കുറഞ്ഞുവരുന്നു എന്നതിലേക്കു് ഇതുപോലെ അനേകം കണക്കുകകളും തെളിവുകളും ഹാജരാക്കാവുന്നതാണു്.
1941.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971