images/After-birth_visit.jpg
Maternity visit, a painting by August Allebé (1838–1927).
ഒരു അഭിമുഖസംഭാഷണം
കുറ്റിപ്പുഴ കൃഷ്ണപിള്ള
ചോദ്യം:
ജീവിതത്തെയും സാഹിത്യാദികലകളെയും സാംസ്കാരിക പ്രവർത്തനങ്ങളെയും സംബന്ധിച്ചു് അങ്ങേയ്ക്കുള്ള അഭിപ്രായങ്ങളും ആശയങ്ങളും കേരളീയജനതയ്ക്കും വളരെ വിലപിടിച്ചതാണു്. അവയുടെ ഒരു രത്നച്ചുരുക്കം ‘തിലക’ത്തിൽക്കൂടി പ്രകാശിപ്പിക്കണമെന്നാണു് ഞങ്ങളുടെ ആഗ്രഹം ഈമാതിരിയുള്ള അഭിമുഖസംഭാഷണങ്ങളെക്കുറിച്ചു് എന്താണങ്ങയുടെ അഭിപ്രായം?
ഉത്തരം:
ഇമ്മാതിരി അഭിമുഖസംഭാഷണങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായമാണല്ലോ ആദ്യം ചോദിച്ചിരിക്കുന്നതു്. എനിക്കു ഇതിൽ പ്രത്യേകിച്ചൊരു അഭിപ്രായവും ഇല്ല. കൊള്ളാം എന്നേ പറയാനുള്ളു. വിജ്ഞാനമണ്ഡലത്തിലും പ്രവൃത്തിരംഗത്തും പ്രശസ്തിയും നേതൃത്വവും നേടിയ പ്രമുഖ വ്യക്തികളുമായിട്ടാണു് സംഭാഷണം നടത്തുന്നതെങ്കിൽ അതുകൊണ്ടു് പ്രയോജനമുണ്ടാകാം.
ചോദ്യം:
അങ്ങൊരു ഭൗതികവാദിയാണെന്നു് ഞങ്ങൾക്കറിയാം. ഹൈസ്കൂൾവിദ്യാഭ്യാസം കഴിഞ്ഞു് അദ്വൈതാശ്രമത്തിലെ അദ്ധ്യാപകനായി ജീവിതരംഗത്തേക്കിറങ്ങിയ അങ്ങു് വേദാന്തവിജ്ഞാനങ്ങളിൽ വിഹരിച്ചിരുന്നില്ലേ? പൗരസ്ത്യരും പാശ്ചാത്യരുമായ ദാർശനികന്മാരിൽ ആരെല്ലാമാണു് അങ്ങയുടെ പഠനത്തിനും ആദരത്തിനും പാത്രമായിരുന്നതു്? എങ്ങനെയാണു് അങ്ങു് ഒരു കേവലഭൗതികവാദിയായി മാറ്റിയതു്?
ഉത്തരം:
‘ഞാൻ ഒരു ഭൗതികവാദിയാണെന്നു് നിങ്ങൾ പറയുന്നതു് എന്തർത്ഥത്തിലാണെന്നു് അങ്ങോട്ടു ചോദിക്കേണ്ടിയിരിക്കുന്നു. ഭൗതികം, ആത്മീയം എന്ന പണ്ടത്തെ വേർതിരിപ്പിനു് ഇന്നു നിൽക്കക്കള്ളിയില്ല. രക്ഷാശിക്ഷകൾ നടത്തി പ്രപഞ്ചത്തെ ഭരിക്കുന്ന ഒരീശ്വരനിലും മരണാനന്തരം നിലനിൽക്കുന്ന ആത്മാവിലും ഏതെങ്കിലും മതത്തിലും വിശ്വസിക്കാത്തവരാണു് ഭൗതികവാദികളെങ്കിൽ ഞാനും അക്കൂട്ടത്തിൽപ്പെടും. സത്യം, സ്നേഹം, സൗന്ദര്യം, സന്മാർഗം ഇത്യാദി മൂല്യങ്ങൾ വകവയ്ക്കാത്തവരാണു് ഭൗതികവാദികളെന്നും ഇവയെല്ലാം ആത്മീയവാദികളുടെ കുത്തകയാണെന്നും പലരും ഘോഷിക്കാറുണ്ടു്. അതൊരു മിഥ്യാബോധമാണു്. നൈതികം, ധാർമികം എന്നുമറ്റും പറയപ്പെടുന്ന മാനുഷികമൂല്യങ്ങൾ അങ്ങേയറ്റം ആദരിക്കുന്നവരാണു് ഭൗതികവാദികൾ. അദ്വൈതിവേദാന്തത്തിൽ ഒരു കാലത്തു് ഞാനും വിഹരിച്ചിരുന്നു. ഇപ്പോഴും ബുദ്ധിപരമായ വ്യായാമത്തിനു് ഞാൻ അതു് ഉപയോഗപ്പെടുത്തുന്നുണ്ടു്. പാശ്ചാത്യപൗരസ്ത്യദാർശനികന്മാരിൽ പ്രാമാണികരായ മിക്കപേരും എന്റെ പഠനത്തിനു പാത്രമായിട്ടുണ്ടെന്നും പറയാം. ചിലരോടു കൂടുതൽ ആദരവും തോന്നിയിട്ടുണ്ടു്. ‘കേവലഭൗതികവാദി’ എന്നതിലെ കേവലശബ്ദംകൊണ്ടു് നിങ്ങൾ എന്താണു് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാകുന്നില്ല. പഠിച്ചും ചിന്തിച്ചും അനുഭവത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ചും നോക്കിയപ്പോൾ താരതമ്യേന ഭൗതികവാദമാണു് സ്വീകാര്യമെന്നു തോന്നി.
ചോദ്യം:
ഭാരതീയദർശനത്തിൽ ഭൗതികവാദം പൊടിച്ചു തഴച്ചു വളർന്നിരുന്നുവോ? ആധുനികഭൗതികവാദത്തിനും അവരുടെ ആ പ്രാചീന വീക്ഷണത്തിനും തമ്മിൽ എന്താണന്തരം?
ഉത്തരം:
കപിലൻ, ചാർവാകൻ, ബുദ്ധൻ, കണാദൻ ഇവരുടെ സിദ്ധാന്തങ്ങളിൽക്കൂടി ഭൗതികവാദം ഭാരതത്തിൽ തഴച്ചുവളർന്നിരുന്നു. പക്ഷേ, കാലാന്തരത്തിൽ വൈദികമതം ഭരണാധികാരികളുടെ പിൻബലത്തോടെ അതിനെ ഇടിച്ചു താഴ്ത്തിക്കളഞ്ഞു. ആധുനികഭൗതികവാദം കുറെക്കൂടി പ്രായോഗികവും യുക്തിയുക്തവും ശാസ്ത്രീയ (Scientific) വുമാണു്. ജനസമുദായത്തിന്റെ പരിവർത്തനമാണു് അതിന്റെ ലക്ഷ്യം. ജീവിതത്തിന്റെ വൈരുദ്ധ്യാത്മകസ്വഭാവം പ്രാചീന ഭൗതികവാദം പരിഗണിച്ചിരുന്നില്ല. യൗക്തിമാർഗത്തിലുള്ള ചിന്ത മാത്രമായിരുന്നു അതു്. പ്രയോഗികതയുമായി അതിനു് ബന്ധമുണ്ടായിരുന്നില്ല. പ്രസ്തുതബന്ധം പ്രഥമമായി അവതരിപ്പിച്ച ആചാര്യനാണു് ‘കാറൽ മാർക്സ് ’.
ചോദ്യം:
ഭൗതികവാദത്തെ മനുഷ്യന്റെ ആർത്ഥികവും ധാർമികവുമായ ദുർഘടപ്രമേയങ്ങൾ പരിഹരിക്കാനുള്ള മുഖ്യോപായമായി അംഗീകരിക്കാമോ? അതുകൊണ്ടുമാത്രം ‘നല്ല ഒരു നാളെ’ ലോകചരിത്രചക്രവാളത്തിൽ പ്രകാശം പരത്തുമോ?
ഉത്തരം:
എന്താണിത്ര സംശയം? മനുഷ്യന്റെ ആർത്ഥികവും ധാർമികവുമായ പ്രമേയങ്ങൾ പരിഹരിക്കാൻ വേണ്ടിത്തന്നെയാണു് ആധുനികഭൗതികവാദം അംഗീകൃതമായിരിക്കുന്നതു് അതുകൊണ്ടേ നല്ല നാളെ ഉദയം ചെയ്കയുള്ളു.
ചോദ്യം:
‘ശാസ്ത്രീയമനോഭാവം (scientific attitude) ജീവിതത്തിലും കലയിലുമൊക്കെ വേണമെന്നു പ്രസ്താവിക്കാറുണ്ടല്ലോ പലരും. എന്താണു് ആ ‘മനോഭാവം’ കൊണ്ടു വിവക്ഷിക്കുന്നതെന്നു വിശദമാക്കാമോ?
ഉത്തരം:
‘ബുദ്ധി ഹൃദയത്തിന്റെ സ്വതേയുള്ള ചില ചായ്വുകൾക്കും വികാരാവേശം തുടങ്ങിയ മർദ്ദനങ്ങൾക്കും വിധേയമാകാതെയും യാതൊരു മുൻവിധിയും കൂടാതെയും കഴിയുന്നിടത്തോളം വസ്തുനിഷ്ഠമായും യുക്തി യുക്തമായും ചിന്തിക്കയും നോക്കിക്കാണുകയും ചെയ്യുന്ന സ്വഭാവ’മെന്നു് ശാസ്ത്രീയമനോഭാവ (scientific attiude) ത്തിനു് ഒരു ഏകദേനിർവചനം നൽകാം ശാസ്ത്രജ്ഞൻ പരീക്ഷണശാലയിൽ അവലംബിക്കുന്ന നിലതന്നെ.
ചോദ്യം:
ഐൻസ്റ്റൈനെ പ്പോലുള്ള മഹാഭൗതികശാസ്ത്രജ്ഞന്മാർ പോലും പ്രത്യക്ഷപ്രപഞ്ചത്തെക്കവിഞ്ഞുനിൽക്കുന്ന വിശ്വപ്രചോദകമായ ഒരു ശക്തിയെക്കുറിച്ചു് (He എന്ന സർവനാമം പോലും അദ്ദേഹം അതിനെ നിർദ്ദേശിക്കുന്ന അവസരത്തിൽ പ്രയോഗിച്ചിട്ടുണ്ടു്) പ്രസ്താവിക്കുന്നുണ്ടല്ലോ. പ്രകൃതിക്കപ്പുറത്തേക്കുള്ള ഈ സാദരാത്ഭുതവീക്ഷണം ‘ശാസ്ത്രീയദർശന’ത്തിനു് എത്രത്തോളം അനുരൂപമാണു്! തനി ഭൗതികവാദത്തിനു് എത്രത്തോളം അനുരോധമാണു്?
ഉത്തരം:
ഇതിലെ ചോദ്യങ്ങൾക്കു് ഒരു പ്രബന്ധം കൊണ്ടേ ഉത്തരം പറയാൻ കഴിയു. അതിനു സൗകര്യവുമില്ല. എങ്കിലും കുറച്ചൊന്നു പറയാം. ഭൗതികവാദം പ്രത്യക്ഷപ്രപഞ്ചത്തിനപ്പുറത്തു് നോക്കരുതെന്നോ, അവിടെ ഒന്നുമില്ലെന്നോ പറയുന്നില്ല. നോക്കിയാലുണ്ടാകാവുന്ന അത്ഭുതമോ അമ്പരപ്പോ കൊണ്ടു് അന്ധവിശ്വാസത്തിനു പ്രതിഷ്ഠ നൽകരുതെന്നേ നിർബന്ധിക്കുന്നുള്ളു. ‘സാരാത്ഭുതവീക്ഷണം’ ശാസ്ത്രീയദർശനത്തിനും ഭൗതികവാദത്തിനും ഒട്ടും ബാധകമല്ല. പക്ഷേ, വീക്ഷണത്തിൽ അറിഞ്ഞുകൂടാത്തതു് അറിഞ്ഞുകൂടാത്തതായിത്തന്നെ കണക്കാക്കണം. അതിനുമേൽ ഭാവനയുടെ ചായം പുരട്ടിയാൽ അതു കവിതയാകും. ശാസ്ത്രതത്ത്വമാകയില്ല. ഐൻസ്റ്റൈനിലെ കലാകാരനാണു് ശാസ്ത്രജ്ഞനല്ല വിശ്വപ്രചോദകമായശക്തിയെക്കുറിച്ചു് ഹി (He) എന്നു് വിശേഷിച്ചു പ്രസ്താവിക്കുന്നതു്. വസ്തുപ്രതിപാദനത്തിൽ പുരുഷധർമരോപം സാധാരണമാണല്ലോ ഹിമവാനെ കാളിദാസൻ മഹാനുഭാവനാക്കിയതുകൊണ്ടു് അതൊരു ശാസ്ത്രസത്യമായി നാം അംഗീകരിക്കുമോ? സയൻസിന്റെ മണ്ഡലത്തിൽ ശക്തി എന്നു പറഞ്ഞാലെന്താണു്? വിശ്വത്തിനു ബോധപൂർവ്വം പ്രചോദനം നൽകുന്ന ശക്തിയെന്നാണെങ്കിൽ അതിനാധാരം വിശ്വാസമോ ഭാവനയോ മാത്രമായിരിക്കും. ‘I cannot conceive of a God who, rewards and punishes his creatures, or has a will of the type of which we are conscious in ourselves. An individual who should survive his physical death is also beyond my comprehension.’എന്നു വിളിച്ചു പറഞ്ഞിട്ടുള്ള ഐൻസ്റ്റൈനെ ഒരു ഈശ്വരവിശ്വാസിയാക്കിത്തീർക്കാൻ ചിലർ പാടുപെടുന്നുണ്ടു്. അവർ അദ്ദേഹത്തിന്റെ ലേഖനത്തിലോ പ്രസംഗങ്ങളിലോ അങ്ങിങ്ങായി കണ്ടെത്തുന്ന അലങ്കാരവാക്കുകളാണു് ഈ ‘ഹി’യും ‘ഹു’വും മറ്റും. ജീവിതത്തിന്റെ നിഗൂഢത (Mystery) യിൽ അത്ഭുതം കൂറാറുണ്ടു്, ഈ മഹാശാസ്ത്രജ്ഞൻ. അതിന്മേൽ പിടിച്ചു കൊണ്ടു് ആർക്കുവേണമെങ്കിലും അദ്ദേഹത്തെ യഥേഷ്ടം ചിത്രീകരിക്കാം. എന്തൊക്കെയായാലും നിഗൂഢത നിഗൂഢതയായിരിക്കുമെന്നല്ലാതെ അതു് ഒരു പ്രത്യേകവിശ്വാസത്തിനോ സിദ്ധാന്തത്തിനോ വഴിതെളിക്കയില്ല.
ചോദ്യം:
മനുഷ്യഹൃദയത്തെ സഹോദരഭാവേന അടുപ്പിക്കാനും ഇണക്കാനും കോർക്കാനും അങ്ങനെ സാമുദായികജീവിതത്തിനു ബലിഷ്ഠമായ തറക്കല്ലിടാനും ഒരുങ്ങിയ മതം ആ ലക്ഷ്യം അല്പമെങ്കിലും നേടിയിട്ടുണ്ടോ? എന്തുകൊണ്ടാണു് മതം വിജയിക്കാതിരുന്നതു്? സർവമതങ്ങളുടെയും സാരാംശങ്ങളെക്കൊണ്ടു് മനുഷ്യസമുദായത്തിന്റെ ഇതളുകളെ വിടർത്താനും പ്രകാശത്തിൽ നിർത്താനും ഉതകുന്ന ആരോഗ്യദായകമായ ഒരന്തരീക്ഷത്തെ നിർമിക്കുവാൻ കഴിയുമോ?
ഉത്തരം:
‘മതം മനുഷ്യന്റെ അജ്ഞതയിൽനിന്നും ഭയത്തിൽനിന്നും ഉണ്ടായ ഒന്നാണു്. ഈ രണ്ടിനെയും ആശ്രയിച്ചാണു് അതു മനുഷ്യഹൃദയത്തെ ഭരിച്ചുകൊണ്ടിരിക്കുന്നതും. സർവ്വജനസാഹോദര്യത്തിനു മതം ഉപകരിച്ചിട്ടില്ല, ചരിത്രം അതിനു സാക്ഷിയാണു്. വിശേഷിച്ചു് സംഘടിതമതം സർവത്ര ദോഷമേ ചെയ്തിട്ടുള്ളു. പുരോഹിതവർഗത്തിനും പ്രാചീന ഭരണകർത്താക്കൾക്കും അതൊരു ചൂഷണോപകരണമായിത്തീർന്നു. മതവിശ്വാസം സാന്മാർഗികത്വം വളർത്തുന്നുവെന്നു പറയാറുണ്ടു്. ഇതൊരു വലിയ അബദ്ധമാണു്. സംഘടിതമതം ഒരു സമൂഹഭ്രാന്തണെന്നു് ഒരു ചിന്തകൻ പറഞ്ഞിട്ടുള്ളതാണു് കൂടുതൽ ശരി. സർവമതസാരം എന്നൊന്നില്ല. സത്യസ്നേഹാദി വിശിഷ്ടഗുണങ്ങൾ സർവമതങ്ങളുടെയും സാരാംശമാണെന്നുണ്ടെങ്കിൽ അതും തെറ്റാണു്. ആചാരം, അനുഷ്ഠാനം, ആരാധന, ഈശ്വരവിശ്വാസം ഇവയുടെ ആകത്തുകയാണു് മതം. ഇവ ഓരോ മതത്തിലും ഭിന്നമത്രെ! ഈ ഭിന്നത നീക്കിനോക്കിയാൽ പിന്നെ മതത്തിലൊന്നും കാണുകയില്ല. അപ്പോൾ സർവമതസാരമെന്നതു് ഒരാകാശകുസുമമല്ലേ? അതു തേടിപ്പിടിച്ചു നടപ്പാക്കാൻ നോക്കിയവർക്കാക്കെ പരാജയമേ ഉണ്ടായിട്ടുള്ളു.
ചോദ്യം:
മതനിയമാധിഷ്ഠിതമല്ലാത്ത ഒന്നായി ഭാരതപ്രജാതന്ത്രരാഷ്ട്രം വർത്തിക്കുന്നതിനെക്കുറിച്ചു അങ്ങയുടെ അഭിപ്രായം എന്താണു്? നമ്മുടെ ഡമോക്രസി മതനിയമാധിഷ്ഠിതമല്ലാത്തതിന്റെ പേരിൽ ചിലർക്കുള്ള അസംതൃപ്തി രാഷ്ട്രത്തിനു് അനാരോഗ്യകരമല്ലേ വാസ്തവത്തിൽ?
ഉത്തരം:
ഇന്ത്യ ഒരു സെക്യുലർ സ്റ്റേറ്റായിരിക്കുന്നതു നല്ലതുതന്നെ. മതവിരുദ്ധരാഷ്ട്രമാകാൻ സാധ്യമാണെങ്കിൽ അത്രയും നന്നു്. പകിട കളിക്കുന്നതു കുറ്റമാണല്ലോ മതമാകുന്ന മയക്കുമരുന്നുകൊണ്ടു് മനുഷ്യമനസ്സിനെ വശീകരിച്ചു ധനാപഹരണം നടത്തുകയും മുഖസ്തുതിയും കൈക്കൂലിയും സ്തോത്രവും വഴിപാടുമാക്കി പവീത്രികരിക്കയും കലഹമാത്സര്യങ്ങൾക്കു് വഴികൊടുക്കയും ചെയ്യുന്ന ദുരാചാരം പകിടകളിയേക്കാൾ വലിയ കുറ്റമല്ലേ? അതെന്തുകൊണ്ടു നിരോധിച്ചുകൂടാ?
ചോദ്യം:
ഷാ യെ പുരോഗതിയുടെ മുമ്പിലെ യന്ത്രമായും ഗാന്ധിജി യെ പുറകിലെ യന്ത്രമായും അങ്ങൊരിക്കൽ കല്പിക്കുയുണ്ടായി. എന്താണിതിനു കാരണം? ഗാന്ധിജി പിറകിൽനിന്നു ഉന്തുന്നുവെന്നോ പിറകിലേക്കു വലിക്കുന്നുവെന്നോ അങ്ങയുടെ വിവക്ഷ?
ഉത്തരം:
സാമൂഹികജീവിതത്തിന്റെ സമൂലമായ പരിവർത്തനത്തിനു് ഷായെപ്പോലെ ആശയമാർഗ്ഗത്തിൽ ഗാന്ധിജി മുന്നോട്ടു വന്നില്ല. എങ്കിലും പുരോഗതിക്കുവേണ്ടി അദ്ദേഹം നിലകൊണ്ടിരുന്നു. ഈ വ്യത്യാസം കാണിക്കാനാണു് ജീവിതശകടത്തിന്റെ പുറകിൽനിന്നുകൊണ്ടു മുന്നോട്ടു തള്ളുന്ന നേതാവെന്നു ഞാൻ ഗാന്ധിജിയെപ്പറ്റി പണ്ടു പറഞ്ഞതു്. അല്ലാതെ അദ്ദേഹം ജീവിതത്തെ പിന്നോട്ടു പിടിച്ചു വലിക്കുന്നുവെന്നു സൂചിപ്പിച്ചിട്ടില്ല.
ചോദ്യം:
ഗാന്ധിജിയുടെ കൃതികൾ മലയാളത്തിലേക്കു് അങ്ങാണു് സാഹിത്യഅക്കാദമിയുടെ നിർദേശമനുസരിച്ചു വിവർത്തനം ചെയ്തുവരുന്നതെന്നു ഞങ്ങൾ അറിയുന്നു. ആ പ്രവൃത്തി എത്രത്തോളമായി? നമ്മുടെ ജീവിത ദർശനത്തിനും രാഷ്ട്രീയപുനരുജ്ജിവനത്തിനും ഗാന്ധിജിയുടെ ഗണനീയ സംഭാവന എന്തെന്നു വിവരിക്കാമോ?
ഉത്തരം:
ഗാന്ധിജിയുടെ കൃതികളെല്ലാം ഞാൻ പരിഭാഷപ്പെടുത്തുന്നില്ല. ‘All men are Brothers’ എന്നൊരു ഗ്രന്ഥം കേന്ദ്ര സാഹിത്യ അക്കാദമിയുടെ നിർദേശപ്രകാരം ഞാൻ വിവർത്തനം ചെയ്തുകഴിഞ്ഞിട്ടുണ്ടു്. ഗാന്ധിജിയുടെ ജീവചരിത്രത്തിന്റെയും പ്രധാന ലേഖനങ്ങളുടെയും ഒരു സംക്ഷേപം മാത്രമാണതു്. പ്രതിഫലമുദ്ദേശിച്ചു ഈ ജോലി ഏറ്റുവെന്നേയുള്ളു. ജാതി മതരാജ്യവ്യത്യാസങ്ങൾക്കതീതമായി സർവ്വജനസാഹോദര്യം വളർത്തിയതും ഭാരതീയരിൽ സ്വാതന്ത്രബോധം സമുജ്ജ്വലിപ്പിച്ചു് അവരെ അഹിംസമാർഗ്ഗത്തിൽ വിദേശഗവണ്മെന്റിനെതിരായി അണിനിരത്തിയതും അധഃകൃതവർഗോദ്ധാരണത്തിനു ശ്രമിച്ചതും സ്ത്രീകളുടെ അടിമത്തച്ചങ്ങല പൊട്ടിച്ചതും മറ്റുമാണു് ഗാന്ധിജിയുടെ ഗണനീയസംഭാവനകളെന്നു തോന്നുന്നു. ജീവിതദർശനത്തിൽ മുമ്പില്ലാതിരുന്ന ഒരു പുതിയ വെളിച്ചം അദ്ദേഹം കണ്ടുപിടിച്ചുവെന്നു ഞാൻ വിചാരിക്കുന്നില്ല.
ചോദ്യം:
കമ്യൂണിസം അങ്ങയുടെ ആദരവും ശ്രദ്ധയും വളരെയധികം സമാർജ്ജിച്ചിട്ടുള്ള ഒരു ദർശനമാണെന്നു ഞങ്ങൾ ധരിച്ചിട്ടുണ്ടു്. ആ സിദ്ധാന്തത്തെ ശാസ്ത്രീയമനോഭാവത്തോടെ അങ്ങു് അപഗ്രഥിച്ചു ഗ്രഹിച്ചിട്ടുണ്ടാവണം. കമ്യൂണിസത്തിന്റെ ആരോഗ്യകരവും അനാരോഗ്യകരവുമായ ഭാവങ്ങളെ കുറിച്ചു സംഗ്രഹിച്ചു് ഒന്നു പറയാമോ?
ഉത്തരം:
മനുഷ്യനെ മനുഷ്യൻ ചൂഷണം ചെയ്യുന്ന നികൃഷ്ടസമ്പ്രദായം ഇല്ലാതാക്കി എല്ലാ മനുഷ്യർക്കും മനുഷ്യരായി ജീവിക്കാൻ തക്കവണ്ണം സാമൂഹികജീവിതവും സാമ്പത്തികവ്യവസ്ഥിതിയും ഉടച്ചുവാർക്കുന്നുവെന്നതാണു് കമ്യൂണിസംകൊണ്ടുള്ള പ്രധാന ഗുണം. എന്നാൽ ഏതു സിദ്ധാന്തവും പ്രയോഗപഥത്തിലെത്തുമ്പോൾ ദോഷകരമായ ചില പരിണാമങ്ങളുണ്ടാകുക സാധാരണമാണു് അക്കൂട്ടത്തിൽ കമ്യൂണിസവും ശുദ്ധമായ മാർക്സിസത്തിൽനിന്നു് വ്യതിചലിച്ചു കുറെ ദുഷിച്ചുപോയിട്ടുണ്ടു്. സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിനും ഹാനികരമായ അതിന്റെ നില അനാരോഗ്യകരംതന്നെയാണു്.
ചോദ്യം:
മനുഷ്യനെ ധീരനും ശക്തനും നിർഭയനും ആക്കേണ്ട ശാസ്ത്രീയസത്യപ്രകാശം ഇന്നവനെ അധീരനും അശക്തനും ഭയപരിഭ്രാന്തനും ആക്കിത്തീർത്തിട്ടുണ്ടോ? എന്താണിതിനു കാരണം? മനുഷ്യൻ പുറത്തേക്കു വളർന്നിടത്തോളം അകത്തേക്കു വളർന്നിട്ടല്ലെന്നതായിരിക്കുമോ ഹേതു! അങ്ങയുടെ അഭിപ്രായം വിവരിച്ചു കേട്ടാൽകൊള്ളാമെന്നുണ്ടു്.
ഉത്തരം:
ശാസ്ത്രീയസത്യം ഒരാളെയും അധീരനും അശക്തനും ആക്കേണ്ടതില്ല. ഭക്ഷണം പാകംചെയ്യാൻ ഉപകരിക്കുന്ന തീയ് പുരയ്ക്കു പിടിക്കുമ്പോഴേ ആപൽക്കരമാകുന്നുള്ളു. അണുശക്തികൊണ്ടു ജീവിതം നന്നാക്കുകയോ നശിപ്പിക്കുകയോ ചെയ്യാം. രണ്ടാമത്തതിലേക്കു അതു നീങ്ങുന്നതു കണ്ടു ജനങ്ങൾ ഭയപ്പെടുന്നു. ഈ നീക്കം തടയാനുളള ശ്രമങ്ങളും നടക്കുന്നുണ്ടല്ലോ. ഏതായാലും പുരാതനകാലത്തേക്കാൾ കൂടുതൽ ഇന്നു മനുഷ്യൻ അധീരനും അശക്തനും ഭയപരിഭ്രാന്തനും ആയിട്ടുണ്ടെന്നു വിചാരിക്കുന്നതു വെറും ഭ്രമമാണു്. മാത്രമല്ല അവൻ പൂർവാധികം ധീരനും ശക്തനും നിർഭയനും ആയിട്ടുണ്ടെന്നുവേണം പറയാൻ. അതിനു ധാരാളം തെളിവുകളുണ്ടു്. ‘മനുഷ്യൻ പുറത്തേക്കു വളർന്നിട്ടുള്ളിടത്തോളം അകത്തേക്കു വളർന്നിട്ടില്ല’ എന്നു നിങ്ങൾ പറയുന്നതു പരമാർത്ഥമാണു്. അതു് എന്നും അങ്ങനേ ആയിരിക്കു. അകത്തെ വളർച്ച അത്ര എളുപ്പമല്ലല്ലോ! പുറത്തേതു് ദ്രുതഗതിയിലാണുതാനും എന്നാൽ ഇക്കാര്യത്തിലും മൊത്തത്തിൽ നോക്കുമ്പോൾ മനുഷ്യൻ പണ്ടത്തേക്കാൾ എത്രയോ പുരോഗമിച്ചിട്ടുണ്ടെന്നു നിഷ്പക്ഷമായ ചരിത്രപരിശോധനകൊണ്ടു തെളിയും. ഏകലോകദർശനം തുടങ്ങിയ ഉന്നതാശയങ്ങൾ മാനവമനഃസംസ്കാരത്തിന്റെ ലക്ഷ്യങ്ങളല്ലേ?
ചോദ്യം:
പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പ്രമുഖനേതാക്കളിലൊരാളായിരുന്ന അങ്ങു്. ആ മാർഗം മലയാളസാഹിത്യത്തിന്റെ ഉദ്ഗതി എത്രത്തോളം എങ്ങനെ സഹായമായിത്തീർന്നിട്ടുണ്ടു്? എന്തുകൊണ്ടാണു് ആ സംഘടന അല്പായുസ്സായിപ്പോയതു്? കേരളസാഹിത്യസമിതിയുടെ പ്രസിഡണ്ടെന്ന നിലയിൽ ആ സ്ഥാപനത്തിന്റെ ലഷ്യത്തെയും പ്രവൃത്തിപദ്ധതിയെയുംകുറിച്ചു ചിലതു പറയാനില്ലേ?
ഉത്തരം:
ജനസാമാന്യത്തിന്റെ സാഹിത്യാഭിരുചിക്കു പരിപോഷണം നൽകാനും പഴയ സാഹിത്യപ്രസ്ഥാനങ്ങളിലെ മാമൂൽസമ്പ്രദായങ്ങൾക്കു് മാറ്റം വരുത്താനും പുതിയ ചിന്താഗതിയും പ്രതിപാദനരീതിയും അവതരിപ്പിക്കാനും പുരോഗമനസാഹിത്യസംഘടന കുറേയേറെ ഉപകരിച്ചിട്ടുണ്ടു്. ക്രമേണ അതു് ഒരു പ്രത്യേക രാഷ്ട്രീയപാർട്ടിയുടെ പ്രചരണോപാധിയായിത്തീർന്നപ്പോൾ സ്വതന്ത്രസാഹിത്യകാരന്മാർക്കു് അതിൽ നിൽക്കാൻ നിവൃത്തിയില്ലാതായി. അങ്ങനെ ആ സംഘടന തകർന്നു പോകയാണു ചെയ്തതു്. കേരള സാഹിത്യസമിതിയുടെ ലക്ഷ്യം, പ്രവൃത്തി, പദ്ധതി മുതലായവ അറിഞ്ഞുകൂടെങ്കിൽ അതിന്റെ നിയമാവലി വായിച്ചുനോക്കുക. എനിക്കു് സ്വന്തമായിട്ടൊന്നും പറയാനില്ല.
ചോദ്യം:
സാഹിത്യകാരനു് ഒരു ജീവിതദർശനം വേണമെന്നു് ഈയിടെ അങ്ങു പ്രസ്താവിക്കുകയുണ്ടായല്ലോ (പലരും പ്രസ്താവിച്ചിട്ടുണ്ടു്). ഓരോ വ്യക്തിക്കും സമുദായത്തിനും രാഷ്ട്രത്തിനും വേണ്ടതല്ലേ ഒരു ജീവിതദർശനം? സാഹിത്യകാരനു മാത്രം മതിയോ? അഥവാ സാഹിത്യകാരനെന്താണു് ഈ കാര്യത്തിൽ സവിശേഷത?
ഉത്തരം:
ജീവിതദർശനം സാഹിത്യകാരനു മാത്രമല്ല എല്ലാവർക്കും വേണ്ടതാണു്. അല്ലെന്നു് ആരു പറഞ്ഞു? സാഹിത്യകാരന്റെ ജീവിതദർശനത്തെപ്പറ്റി അന്നു ഞാൻ പ്രസംഗിച്ചതു് പത്രങ്ങളിൽ വന്നിട്ടുണ്ടു്. ഒടുവിലത്തെ ചോദ്യത്തിനുള്ള മറുപടി അതിൽ കാണും.
ചോദ്യം:
സ്വാതന്ത്ര്യലബ്ധിക്കുശേഷം സാഹിത്യകാരന്മാർക്കും മറ്റു കലാകാരന്മാർക്കും സാഹിത്യാദികലകൾക്കും രാഷ്ട്രദൃഷ്ടിയിൽ ഇന്നലത്തേതിനെക്കാൾ ഉയർന്ന നിലയുണ്ടായിട്ടുണ്ടോ? സാഹിത്യ അക്കാദമി സംഗീതനാടക അക്കാദമി മുതലായ സ്ഥാപനങ്ങൾ ഈ മനോഭാവ വ്യതിയാനത്തിന്റെ സന്തതികളല്ലേ? ഈ സന്തതികൾ നമ്മുടെ നാട്ടിൽ വേണ്ട പോലെയാണോ വളർന്നുവരുന്നതു്? വേണ്ടവരുടെ രക്ഷണത്തിൽ?
ഉത്തരം:
കലാകാരന്മാർക്കു് രാഷ്ട്രദൃഷ്ടിയിൽ താരതമ്യേന ഉയർന്ന നില ഉണ്ടായിട്ടുണ്ടു്. അക്കാദമി മുതലായ സാംസ്കാരിക സ്ഥാപനങ്ങൾ ഇന്നു സർക്കാർ വകുപ്പുകളായിട്ടിരിക്കുകയാണു്. അങ്ങനെ ഇരിക്കുന്നിടത്തോളം കാലം അവ വേണ്ടതുപോലെ വളരുകയില്ല.
ചോദ്യം:
ആധുനികകേരളം ഒരു ഓട്ടോഗ്രാഫ് പുസ്തകം മുമ്പിൽ മലർത്തിവച്ചു് സന്ദേശത്തിനും കൈയൊപ്പിനും കാത്തുനിന്നാൽ അങ്ങു് എന്തു വാക്യമായിരിക്കും എഴുതിക്കൊടുക്കുക?
ഉത്തരം:
തുരുതുരെ പെറ്റുകൂട്ടുന്ന ദുശ്ശീലം ഇനിയെങ്കിലും നിർത്തണമെന്നു് എഴുതിക്കൊടുക്കും. ആധുനികകേരളത്തിനു് അടിയന്തിരമായി വേണ്ട സന്ദേശം അതാണു്.

വിമർശനവും വീക്ഷണവും—തിലകം.

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Oru Abhimughasambhashanam (ml: ഒരു അഭിമുഖസംഭാഷണം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Interview, Kuttipuzha Krishnapilla, Oru Abhimughasambhashanam, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഒരു അഭിമുഖസംഭാഷണം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2025.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Maternity visit, a painting by August Allebé (1838–1927). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.