തപസ്വികളുടെയും തത്ത്വജ്ഞാനികളുടെയും നാടാണു് ഭാരതം. പുരാതനകാലത്തു് എത്രയോ ഋഷീശ്വരന്മാർ ഹിമാലയപരിസരങ്ങളിൽ തപസ്സ്വാധ്യായനിരതന്മാരായി അധിവാസമുറപ്പിച്ചിരുന്നു. ഭാരതത്തിലെ പ്രാചീനജ്ഞാനവിജ്ഞാനങ്ങൾക്കെല്ലാം ഉറവിടം അവരുടെ വാസഭൂമികളായിരുന്നു. വേദങ്ങളും ഉപനിഷത്തുകളും മറ്റും അവരുടെ തത്ത്വചിന്തയിൽനിന്നു പുറപ്പെട്ടവയാണല്ലോ.
‘ഭാരതവർഷത്തിലെപ്പൂർവരാമൃഷീന്ദ്രന്മാർ
പാരിനുള്ളടിക്കല്ലു പാർത്തുകണ്ടറിഞ്ഞവർ’
എന്നു മഹാകവി വള്ളത്തോൾ അവരെപ്പറ്റി പാടിയിട്ടുണ്ടു്. സംയമധനന്മാരായ ഈ മഹർഷിമാരുടെ ജീവിതലക്ഷ്യം സ്വന്തം ക്ഷേമം മാത്രമായിരുന്നില്ല. സഹജീവികളുടെ ഭൗതികവും ആധ്യാത്മികവുമായ ശ്രേയസ്സിനും ലോകക്ഷേമത്തിനും വേണ്ടിയാണു് അവർ ആയുഷ്കാലം ചെലവഴിച്ചതു്. ‘ലോകാസ്സമസ്താസ്സുഖിനോ ഭവന്തു’ എന്നായിരുന്നു അവരുടെ നിത്യപ്രാർത്ഥന. ഇന്ത്യയിലെ ആത്മീയജീവിതത്തിനു് അസ്തിവാരമുറപ്പിച്ചതു് അവരുടെ തപശ്ചര്യയും തത്ത്വചിന്തയുമാണു്. അത്യുൽകൃഷ്ടമായ ഒരാധ്യാത്മികപാരമ്പര്യം ഇന്ത്യക്കാർക്കു് അവരിൽനിന്നു ലഭിച്ചു. കഷ്ടകാലത്താൽ ആ പാരമ്പര്യം ഏറെക്കാലം നിലനിന്നില്ല. ആഭ്യന്തരകലഹങ്ങളാലും വിദേശാക്രമണങ്ങളാലും അതിനു ക്ഷയം നേരിട്ടുവെന്നു മാത്രമല്ല അവശിഷ്ടം പല പ്രകാരത്തിൽ പ്രദുഷ്ടമാകുകയും ചെയ്തു.
പൂർവികരായ മഹർഷിമാരുടെ ജീവിതാദർശത്തെ വിസ്മരിച്ചു് അവരെ അന്ധമായി അനുകരിപ്പാൻ അനന്തരതലമുറകൾ ഒരുമ്പെട്ടു. ജീവിതത്തോടു് ഒരുത്തരവാദിത്തവുമില്ലാതെ മാനുഷികബന്ധങ്ങളെല്ലാം ഉപേക്ഷിച്ചു ‘ഭിക്ഷാം ദേഹി’കളായി നടക്കുന്നതാണു് സന്യാസമെന്ന ഒരു മിഥ്യാബോധം നാടാകെ പരന്നു. തൽഫലമായി സന്ന്യാസവേഷധാരികളായ അലസജീവികളുടെ സംഖ്യ എമ്പാടും വർദ്ധിച്ചു. പ്രാപഞ്ചിക ജീവിതത്തെ തുച്ഛീകരിച്ചു കാണിക്കുന്ന ഇവരുടെ ‘മായാവാദം’ സാമാന്യജനങ്ങളിലേക്കു സംക്രമിച്ചു. ഗുണത്തെക്കാളധികം ദോഷമാണു് ചെയ്തതു്. അതു് ഒരു മയക്കുമരുന്നായിത്തീർന്നു ജനസഞ്ചയത്തിന്റെ ഭൗതികജീവിത താല്പര്യത്തെയും കർമ്മശക്തിയെയും കെടുത്തിക്കളഞ്ഞു. ഇതിനും പുറമെ ഹിന്ദുമതവിശ്വാസങ്ങളും ആചാരങ്ങളും ബഹുധാ ദുഷിക്കാനുമിടയായി. വൈദികകാലത്തു പ്രബലമാകാതിരുന്ന ജാതിവ്യവസ്ഥ ക്രമേണ കൊടുമ്പിരിക്കൊണ്ടു് ആറേഴുകോടി അധഃകൃതരെ സൃഷ്ടിച്ചു. മതസത്യത്തെക്കാളധികം അന്ധമായ മതാചാരങ്ങൾക്കാണു പ്രാധാന്യമെന്ന നില വന്നു.
പത്തൊമ്പതാം നൂറ്റാണ്ടുവരെ മേല്ക്കാണിച്ച ദുരവസ്ഥ നീണ്ടുനിന്നു. ഇതിനു് ഒരു പരിഹാരം വരുത്താനുള്ള പരിശ്രമം ആദ്യമായി നടന്നതു് ബംഗാളിലാണു്. ഇന്ത്യയുടെ നവോത്ഥാനം അവിടെനിന്നാണു് ആരംഭിച്ചതെന്നു പറയാം. മതപരമായും സാംസ്കാരികമായും ബാധിച്ച ഇരുട്ടുനീക്കി ഒരു പ്രബുദ്ധഭാരതം കെട്ടിപ്പടുക്കാൻ പ്രാപ്തരായ പല മഹാത്മാക്കളും അക്കാലത്തു് അവിടെ ആവിർഭവിച്ചു. അവരിൽ ജീവിതമഹത്വം കൊണ്ടു വിശ്വപ്രശസ്തി നേടിയവരാണു് ശ്രീരാമകൃഷ്ണപരമഹംസനും തച്ഛിഷ്യനായ സ്വാമി വിവേകാനന്ദനും. ഈ ഗുരുശിഷ്യന്മാരുടെ ചരിത്രവും ശിഷ്യൻ സ്ഥാപിച്ച രാമകൃഷ്ണമിഷന്റെ മഹനീയാദർശങ്ങളും പ്രവർത്തനങ്ങളും സംക്ഷിപ്തമായിട്ടെങ്കിലും വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതാണു്. ശ്രീരാമകൃഷ്ണപരമഹംസൻ ആധ്യാത്മികമണ്ഡലത്തിലെ ഒരപൂർവ്വജ്യോതിസ്സായിരുന്നു. ഭക്തന്മാർ അദ്ദേഹത്തെ ഒരവതാരപുരുഷനായിട്ടാണു് ആരാധിക്കുന്നതു്. ബംഗാളിൽ കമൽപുക്കർ എന്നറിയപ്പെടുന്ന ഒരു ഗ്രാമമാണു് അദ്ദേഹത്തിന്റെ ജന്മദേശം. 1836-ൽ അവിടത്തെ ഒരു ദരിദ്രബ്രാഹ്മണകുടുംബത്തിൽ അദ്ദേഹം ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാൻ സൗകര്യമില്ലാത്ത ഒരു പരിതഃസ്ഥിതിയിലാണു ബാല്യകാലം കഴിഞ്ഞതു്. അക്കാലത്തു് റാണി രാസമണി എന്നു പേരുള്ള ധനികയായ ഒരു ശൂദ്രസ്ത്രീ കല്ക്കത്തയിൽനിന്നു നാലു മൈൽ അകലെ ഗംഗാതീരത്തിൽ ദക്ഷിണേശ്വരം എന്ന സ്ഥലത്തു വലിയൊരു കാളിക്ഷേത്രം സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥ താണ ജാതിയിൽപ്പെട്ടവളായതുകൊണ്ടു് ആഢ്യബ്രാഹ്മണർക്കു് അവിടത്തെ ശാന്തിജോലി നോക്കാൻ മടിയായിരുന്നു. രാമകൃഷ്ണൻ അതൊന്നും ഗൗനിക്കാതെ ഇരുപതാമത്തെ വയസ്സിൽ ആ ക്ഷേത്രത്തിലെ ശാന്തിക്കാരനായി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പരിവർത്തനഘട്ടമായിരുന്നു അതു്. ബാല്യത്തിൽതന്നെ സ്തോഭവിവശമാകാറുള്ള അദ്ദേഹത്തിന്റെ ഹൃദയം ദിവസംപ്രതി കാളിഭക്ത്യുന്മത്തമായിത്തീർന്നു. ധ്യാനസ്തോത്ര പൂജാവിധികളുടെ നിരന്തരവും ഏകാഗ്രവുമായ അനുഷ്ഠാനകൊണ്ടു് ജഗദംബികയുടെ സാക്ഷാൽകാരം ദേവിവിഗ്രഹത്തിലൂടെ അദ്ദേഹത്തിനു അനുഭവപ്പെട്ടതായിത്തോന്നി. സകലതും ദേവീമയമായി അദ്ദേഹം ദർശിച്ചു.
ഇങ്ങനെ രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അമ്മയുടെ ആഗ്രഹമനുസരിച്ചു രാമകൃഷ്ണൻ സ്വഗൃഹത്തിൽ തിരിച്ചെത്തി. ഒരു വിവാഹബന്ധത്തിലേർപ്പെട്ടു. അന്നു് അഞ്ചു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ശാരദാമണി എന്ന കൊച്ചു പെൺകുട്ടിയെയായിരുന്നു അമ്മ സ്വപുത്രനു് വധുവായി തെരഞ്ഞെടുത്തു്. അക്കാലത്തു് ശൈശവവിവാഹം സർവസാധാരണമായിരുന്നു. വിവാഹച്ചടങ്ങു കഴിഞ്ഞു വധു അന്നത്തെ പതിവനുസരിച്ചു സ്വമാതൃഗൃഹത്തിലേക്കു തിരിച്ചുപോയി. രാമകൃഷ്ണൻ വീണ്ടും ദക്ഷിണേശ്വരത്തിലെ ശാന്തിജോലിയിൽ വ്യാപൃതനായി. പിന്നീടു് എട്ടൊമ്പതു കൊല്ലം കഴിഞ്ഞാണു് അദ്ദേഹം സ്വപത്നിയെ കാണുന്നതു്. അപ്പോഴേക്കും ഗൃഹസ്ഥജീവിതത്തെപ്പറ്റി ചിന്തിക്കാൻപോലും വയ്യാത്തവിധം ഭക്തിയുടെയും വിരക്തിയുടെയും മാർഗ്ഗത്തിൽ അദ്ദേഹം ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു. ഈ വസ്തുത മനസ്സിലാക്കിയ ശാരദാമണി ദാമ്പത്യജീവിതം കാംക്ഷിക്കാതെ തപശ്ചര്യയോടെ ഭർത്താവിനെ പരിചരിച്ചു മുക്തിനേടാൻ തീർച്ചയാക്കി. ആ നിലയിലാണു് ഈ മഹതീരത്നം രാമകൃഷ്ണന്റെ അന്തേവാസിനിയായതു്. ക്രമേണ അവരും ഭർത്താവിനെപ്പോലെ ആത്മീയജീവിതത്തിന്റെ പരമപദത്തിലെത്തി ‘ശാരദാദേവി’ എന്ന പേരിൽ സർവജനസമാരാധ്യയായിത്തീർന്നു.
രാമകൃഷ്ണനും വിദ്യാഭ്യാസം ഒട്ടുംതന്നെ ലഭിച്ചിരുന്നില്ല. എങ്കിലും ഉള്ളിൽ എപ്പോഴും കത്തിക്കാളിക്കൊണ്ടിരുന്ന ഭക്തി ദീപം അദ്ദേഹത്തെ ഒരു ജ്ഞാനിയും സിദ്ധനുമാക്കിത്തീർത്തു. എല്ലാ മതങ്ങളും സാരാംശത്തിൽ ഒന്നാണെന്നുള്ള ബോധം തെളിഞ്ഞുവന്നു. ജാതിമതവർഗവ്യത്യാസങ്ങളെല്ലാം അസ്തമിച്ചു. കാമിനികാഞ്ചനവിരക്തി പരിപൂർണതയിലെത്തി. ‘പണ്ഡിതാസ്സമർദശിനഃ’ എന്ന ഗീതാവാക്യമനുസരിച്ചുള്ള സമദർശിത്വം തികച്ചും സാദ്ധ്യമായി. ഇതിനു സഹായകമായി പുറമെനിന്നു് ഉപദേശം ലഭിക്കത്തക്ക സാഹചര്യവും അവിടെ വന്നുചേർന്നു. ദേശാടനത്തിനിടയിൽ ക്ഷേത്രപരിസരങ്ങളിൽ വന്നു താമസിക്കാറുണ്ടായിരുന്ന പല സിദ്ധന്മാരുമായി രാമകൃഷ്ണൻ സമ്പർക്കം പുലർത്തി. അവരിൽ ഇതരമതസ്ഥരും ഉണ്ടായിരുന്നു. അന്യമത സിദ്ധാന്തങ്ങൾ അവരിൽനിന്നു ഗ്രഹിക്കുവാനും തത്തന്മതസ്ഥാപകരിലൂടെ പ്രത്യക്ഷപ്പെട്ട ഈശ്വരചൈതന്യം അതതു രൂപത്തിലും ഭാവത്തിലും സാക്ഷാൽകരിക്കാനും അദ്ദേഹത്തിനു കഴിവുണ്ടായി. ഹിന്ദുമതത്തിലെ അദ്ദേഹത്തിന്റെ പ്രഥമഗുരു ഭൈരവി ബ്രാഹ്മണി എന്നറിയപ്പെട്ടിരുന്ന ഒരു യോഗിനിയാണു്. അവർ ഒരു കൊല്ലത്തോളം ദക്ഷിണേശ്വരക്ഷേത്രത്തിൽ താമസിച്ചു രാമകൃഷ്ണനു ഭക്തിയോഗത്തിൽ ഉപരി പരിശീലനം നൽകി. അനന്തരം കുറെക്കാലം ‘ടോടാപുരി’ എന്ന ഒരു യോഗിയിൽനിന്നു് അദ്ദേഹം ജ്ഞാനയോഗവും രാജയോഗവും അഭ്യസിച്ചു.
ഇതിനിടയിൽ ബ്രഹ്മസമാജത്തിന്റെ നേതാവായ കേശവചന്ദ്രസേനനുമായി രാമകൃഷ്ണൻ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. പ്രസിദ്ധ വാഗ്മിയും പണ്ഡിതാഗ്രേസരനുമായിരുന്നു കേശവചന്ദ്രസേനൻ. പ്രഥമദർശനത്തിൽത്തന്നെ രണ്ടുപേർക്കും പരസ്പരം ആദരവും സ്നേഹവും തോന്നി. ആ ബന്ധം ദീർഘകാലം നീണ്ടുനിന്നു. അതുവരെ മിക്കവാറും അജ്ഞാതനായികഴിഞ്ഞിരുന്ന ശാന്തിക്കാരന്റെ ദിവ്യത്വം ആദ്യമായി കണ്ടറിഞ്ഞതു് കേശവചന്ദ്രസേനനാണെന്നു പറയാം. അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും രാമകൃഷ്ണൻ ഒരു ദിവ്യാത്മാവെന്ന നിലയിൽ പ്രകീർത്തിതനായി. അതിനെത്തുടർന്നു ലോകരുടെ ശ്രദ്ധ ദക്ഷിണേശ്വരം ക്ഷേത്രത്തിലേക്കു തിരിഞ്ഞു. ദിനംപ്രതി രാമകൃഷ്ണദർശനത്തിനായി നാനാജാതിമതസ്ഥരായ നിരവധി ജനങ്ങൾ വന്നുതുടങ്ങി. ഈ കാളീഭക്തൻ പരമഹംസപദത്തിലെത്തിയ ജീവന്മുകതനാണെന്നുംം അദ്ദേഹത്തിന്റെ ആത്മീയ സിദ്ധികൾ അനന്യദൃഷ്ടങ്ങളാണെന്നും ഏവർക്കും ബോദ്ധ്യമായി. ഗൃഹസ്ഥരും ബ്രഹ്മചാരികളുമായ അനേകം പേർ അദ്ദേഹത്തിന്റെ വചോമാധുരിയിലും ഭക്തിപ്രകർഷത്തിലും ലയിച്ചു ശിഷ്യന്മാരായിത്തീർന്നു. അവരിൽ പ്രഥമഗണനീയനാണു് പിന്നീടു് ലോകപ്രശക്തിനേടിയ സ്വാമി വിവേകാനന്ദൻ. എത്രദുർഗ്രഹമായ വേദാന്തതത്ത്വവും നമുക്കു നിത്യപരിചിതങ്ങളായ ദൃഷ്ടാന്തങ്ങളിലൂടെ അത്യന്ത ലളിതമാക്കി വിശദീകരിക്കാൻ ശ്രീ രാമകൃഷ്ണപരമഹംസനു് അന്യാദൃശ്യമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ‘വായ്മൊഴികൾ’ സുപ്രസിദ്ധങ്ങളാണു്. അവയെല്ലാം പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ടു്. തന്റെ ശിഷ്യപ്രധാനനായ വിവേകാനന്ദനെയും തത്സഹചരന്മാരെയും ലോകസേവനത്തിനായി സന്നദ്ധരാക്കുക എന്നതായിരുന്നു പരമഹംസരുടെ മുഖ്യോദ്ദേശ്യം. അതു് അദ്ദേഹം തൃപ്തികരമായി നിർവഹിച്ചു. ഏതാനും ദിവസം രോഗബാധിതനായി കിടന്നതിനു ശേഷം 1886-ൽ അദ്ദേഹം സമാധിയടഞ്ഞു.
ഇനി നമുക്കു് വിവേകാനന്ദ ചരിത്രത്തിലേക്കു് കണ്ണോടിക്കാം. 1863-ൽ ആണു് വിവേകാനന്ദന്റെ ജനനം. നരേന്ദ്രൻ എന്നായിരുന്നു ആദ്യത്തെ പേരു്. ആത്മീയ പ്രവണതയും തത്ത്വചിന്താശീലവും വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ഈ യുവാവിൽ മുന്നിട്ടുനിന്നിരുന്നു. ബി. എ. ക്ലാസ്സിൽ പഠിക്കുന്ന കാലത്താണു് നരേന്ദ്രൻ ആദ്യമായി പരമഹംസനെ കാണുന്നതു്. എന്തുകൊണ്ടോ അളവറ്റതും അടക്കാൻ വയ്യാത്തതുമായ ഒരാനന്ദം ആ വിദ്യാർത്ഥിയെ കണ്ട മാത്രയിൽ പരമഹംസർക്കനുഭവപ്പെട്ടു. തന്റെ ഭാവി ശിഷ്യനെ അദ്ദേഹം ആ യുവാവിൽ ദർശിച്ചിരിക്കാം. അതുവരെ ഒന്നിലും വിശ്വസിക്കാതെ മത വിഷയങ്ങളെപ്പറ്റി തർക്കിച്ചും ചോദ്യംചെയ്തും ശീലിച്ച ഒരു യുക്തിവാദിയായിരുന്നു നരേന്ദ്രൻ. പരമഹംസനുമായി തുടർന്നുണ്ടായ സമ്പർക്കം ആ മനോഭാവത്തിനു് ഒരു മാറ്റംവരുത്തി. പല കൂടിക്കാഴ്ചകളുടെയും ഫലമായി ഒടുവിൽ നരേന്ദ്രൻ സന്ന്യാസം സ്വീകരിച്ചു് രാമകൃഷ്ണശിഷ്യനായിത്തീർന്നു. ക്രമേണ സന്ന്യാസിശിഷ്യന്മാരുടെ സംഖ്യ വർദ്ധിച്ചു. അവരുടെ നേതൃത്വം ഗുരുവിന്റെ നിർദ്ദേശപ്രകാരം നരേന്ദ്രനാണു് ഏറ്റെടുത്തു്. ഈ യുവസന്ന്യാസിയിൽ മഹത്തായ ആത്മീയശക്തി സംഭൃതമായിട്ടുണ്ടെന്നും അതിന്റെ വികാസം തന്റെ ഉപദേശങ്ങളെ ലോകത്തിൽ പ്രചരിപ്പിക്കാൻ ഉപകരിക്കുമെന്നും പരമഹംസൻ നേരത്തെ കണ്ടറിഞ്ഞിരുന്നു. ഇത്രത്തോളം കർമശക്തിയും ജ്ഞാനശക്തിയും മറ്റാർക്കുമില്ലെന്നും അദ്ദേഹം മനസ്സിലാക്കി. ‘ഈ കുട്ടികളെ നോക്കിക്കൊള്ളുക’ എന്നു മറ്റു ശിഷ്യന്മാരെ ചൂണ്ടിക്കൊണ്ടു് അദ്ദേഹം ഒരിക്കൽ നരേന്ദ്രനോടു പറയുകയുണ്ടായി.
പിതൃപുത്രബന്ധത്തെപ്പോലും അതിശയിക്കുന്ന ഒന്നായിരുന്നു ആ ഗുരുശിഷ്യബന്ധം. അതിനെപ്പറ്റി പല കഥകളുമുണ്ടു്. അവയൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. ‘എന്തും ശുദ്ധീകരിക്കാൻ ശക്തിയുള്ള മഹാഗ്നിയാണു് നരേന്ദ്രൻ’ എന്നു് പരമഹംസൻ പലപ്പോഴും പറഞ്ഞിരുന്നു. ആ അഗ്നിയുടെ തേജസ്സ് ഇന്ത്യയുടെ ക്ഷയിച്ചുപോയ ആത്മവീര്യത്തെ പുനരുജ്ജീവിപ്പിക്കുമെന്നും ലോകമൊട്ടാകെ വ്യാപിച്ചു വെളിച്ചം വീശുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ആ വിശ്വാസം പ്രതീക്ഷയിൽ കവിഞ്ഞു ഫലിക്കുകയും ചെയ്തു. ഗുരുവിന്റെ സമാധിക്കുശേഷം അദ്ദേഹത്തിന്റെ സന്ദേശം ഇന്ത്യയിൽ മാത്രമല്ല ദേശാന്തരങ്ങളിലും പ്രതിധ്വനിക്കത്തക്കവിധം പ്രചരിപ്പിക്കുവാനാണു് ഈ ശിഷ്യാഗ്രഗണ്യൻ ആദ്യമായി ഉദ്യമിച്ചതു്. അതിനുവേണ്ടി സ്വയം പരിശീലനം നേടാൻ ഇന്ത്യ മുഴുവൻ കാൽനടയായി സഞ്ചരിക്കണമെന്നു് അദ്ദേഹം തീർച്ചയാക്കി. നരേന്ദ്രനാമത്തിൽതന്നെ പരിവ്രാജകവേഷധാരിയായി ഹിമാലയം മുതൽ കന്യാകുമാരിവരെ നടത്തിയ ക്ലേശപൂർണമായ ആ പര്യടനം ഒരുവിധത്തിൽ ഒരു തപശ്ചര്യതന്നെയായിരുന്നു. അന്നാണു് അദ്ദേഹം കേരളത്തിലും വന്നതു്. ഇവിടത്തെ പ്രാകൃതമായ അയിത്താചാരം കണ്ടു് കേരളം ഒരു ഭ്രാന്താലയമാണെന്നു് അദ്ദേഹം ആക്ഷേപിച്ചതു് ഇന്നും കേരളീയരുടെ സ്മൃതിപഥത്തിൽനിന്നു മാഞ്ഞുപോയിട്ടില്ല. സ്വാമി വിവേകാനന്ദൻ എന്ന പേരു് ഇന്ത്യയിൽപ്പോലും സുവിദിതമായിട്ടില്ലാത്ത കാലമായിരുന്നു അതു്. എങ്കിലും ചെന്നിടത്തെല്ലാം പലരും ഈ പരിവ്രാജകന്റെ ഗംഭീരാകൃതിയും ചൈതന്യം കളിയാടുന്ന മുഖവും കണ്ടു ഭക്തിനമ്രതയോടെ അദ്ദേഹത്തെ സൽക്കരിക്കുവാൻ സന്നദ്ധരായി. തൃശ്ശൂരും എറണാകുളത്തും തിരുവനന്തപുരത്തും ചില ഗൃഹങ്ങളിൽ അദ്ദേഹം അതിഥിയായി താമസിച്ചിട്ടുണ്ടു്. പല പണ്ഡിതന്മാരും അന്നു് അദ്ദേഹത്തെ സന്ദർശിച്ചു സംഭാഷണം നടത്തുകയുണ്ടായി. മഹാജ്ഞാനിയും കലാനിധിയുമായിരുന്ന ചട്ടമ്പിസ്വാമി കളുമായി എറണാകുളത്തുവെച്ചു നടന്ന സംഭാഷണം ഇക്കൂട്ടത്തിൽ സ്മരണീയമാണു്. യഥാർത്ഥ പണ്ഡിതനായി ഒരാളെമാത്രമേ താൻ കേരളത്തിൽ കണ്ടുള്ളു എന്നു് ആ സംഭാഷണത്തിനുശേഷം വിവേകാന്ദൻ പറഞ്ഞുവത്രെ. രണ്ടുപേരുടെയും ജീവചരിത്രത്തിൽ ഈ സംഗതി രേഖപ്പെടുത്തിക്കാണുന്നുണ്ടു്. വിവേകാനന്ദസ്വാമിയുടെ കന്യാകുമാരിസന്ദർശനവും പ്രസിദ്ധമാണു്. അവിടെ സമുദ്രമദ്ധ്യത്തിലുള്ള പാറമേലിരുന്നു് അദ്ദേഹം ധ്യാനിച്ചതും ഇൻഡ്യയിലെ ദാരിദ്ര്യഗ്രസ്തരായ ജനലക്ഷങ്ങളെ ഓർത്തു കണ്ണീർവാർത്തതും മറ്റും കേരളീയർ എന്നും ഓർമിക്കുന്ന ചരിത്രവസ്തുതയാണു്.
ഈ ദേശാടനം കഴിഞ്ഞു് 1893 മെയ് മാസത്തിൽ സ്വാമി ബോംബെയിൽനിന്നു് അമേരിക്കയിലേക്കു കപ്പൽ കയറി. അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ വിദേശയാത്ര. ചിക്കാഗോനഗരത്തിൽ നടക്കുന്ന സർവമതസമ്മേളനത്തിൽ ഹിന്ദുമതത്തെപ്പറ്റി പ്രസംഗിക്കാനായിരുന്നു അദ്ദേഹംം പോയതു്. ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നതിനാൽ കപ്പലിറങ്ങിയപ്പോൾ സ്വാമിയെ സ്വീകരിപ്പാൻ അവിടെ ആരുമുണ്ടായിരുന്നില്ല. ഏതോ ഒരിന്ത്യൻ സന്ന്യാസി വന്നിരിക്കുന്നുവെന്നേ അമേരിക്കക്കാർക്കു തോന്നിയുള്ളു. അദ്ദേഹത്തിന്റെ കാഷായവസ്ത്രവും തലക്കെട്ടും മറ്റും അവർക്കൊരു പുതുമയായിരുന്നു. സ്വാമി തെരുവിലൂടെ നടന്നപ്പോൾ വെള്ളക്കാരായ കുട്ടികൾ കൂക്കിവിളിക്കുകയും മുതിർന്നവർ പുച്ഛഭാവത്തിൽ നോക്കുകയുമുണ്ടായി. ഇതിനെപ്പറ്റി വള്ളത്തോൾ ‘കൃഷ്ണപ്പരുന്തിനോടു്’ എന്ന തലക്കെട്ടിൽ രസകരമായ ഒരു കവിതയെഴുതിയിട്ടുണ്ടു്. അതിലെ കൃഷ്ണപ്പരുന്തു് സ്വാമി വിവേകാനന്ദനാണു്.
‘കാവിവസ്ത്രത്താൽ സമാച്ഛാദിതശരീരനായ്
കേവലം ഭസ്മാലിപ്തഗ്രീവനാകിയ ഭവാൻ’
എന്ന വരി പരുന്തിനും സ്വാമിക്കും യോജിക്കുമല്ലോ. വെള്ളക്കാരുടെ പുച്ഛഭാവത്തിനു കവി വ്യംഗ്യഭംഗ്യാ നല്ല മറുപടി കൊടുത്തിട്ടുണ്ടു്.
ഒരു ഭിക്ഷുവിനു് അമേരിക്കയിലെ ആ മഹാസമ്മേളനത്തിൽ സ്ഥാനം ലഭിക്കുന്നതെങ്ങനെ? അതിനും കുറെ വിഷമിക്കേണ്ടിവന്നു. ഒടുവിൽ ചിലരുടെ ശുപാർശമൂലം അഞ്ചുമിനിട്ടുനേരം സംസാരിക്കാൻ സ്വാമിക്കു് അനുവാദം ലഭിച്ചു. വിചിത്രവേഷനായ അദ്ദേഹം പ്രസംഗവേദിയിൽ എഴുന്നേറ്റു നിന്നപ്പോൾത്തന്നെ ‘ആ ധീരശാന്തമുഖകാന്തി’യിൽ സദസ്യരാകമാനം ആകൃഷ്ടരായി. ‘അമേരിക്കയിലെ സഹോദരിമാരേ, സഹോദരന്മാരെ’ എന്ന സ്വമിയുടെ സംബോധന അവരെ പുളകംകൊള്ളിച്ചു. സാഹോദര്യംകൊണ്ടു മധുരീകൃതമായ ഇമ്മാതിരി ഒരു സംബോധന അതിനുമുമ്പു് അവിടെയാരും കേട്ടിട്ടില്ല. അമേരിക്കക്കാരുടെ ഹൃദയം കവർന്ന ആ വാക്കുകൾ കേട്ടപ്പോഴുണ്ടായ ഹസ്തതാഡനം ഏറെനേരം നീണ്ടുനിന്നു. അതോടുകൂടി സ്വാമിക്കു പ്രസംഗസമയം നീട്ടിക്കിട്ടി. തുടർന്നു നടന്ന ഗംഭീരപ്രസംഗം സദസ്യരെ വിസ്മയഭരിതരാക്കി. ആലോചനാമൃതമായ ഈയൊരു പ്രസംഗംകൊണ്ടു തന്നെ സ്വാമി വിവേകാനന്ദൻ വിശ്വവിശ്രുതനായി. പത്രങ്ങളിലെല്ലാം അതിനു പ്രമുഖസ്ഥാനം ലഭിച്ചു. പിന്നീടു സമ്മേളനം അവസാനിക്കുന്നതുവരെ എല്ലാ ദിവസങ്ങളിലും സ്വാമിയുടെ പ്രസംഗം കേൾക്കാൻ ആളുകൾ കൂട്ടംകൂടിയിരുന്നു. അമേരിക്കക്കാരിൽ പലരും അദ്ദേഹത്തിന്റെ സ്നേഹിതന്മാരും ആരാധകന്മാരുമായിത്തീർന്നു. തുടർന്നു രണ്ടു കൊല്ലത്തോളം അദ്ദേഹം അമേരിക്കയിൽ താമസിച്ചു് സാർവജനീനമായ വേദാന്തമതം പ്രചരിപ്പിച്ചു. രാമകൃഷ്ണസന്ദേശത്തിന്റെ അധിഷ്ഠാനത്തിൽ പൊതുവായ ഒരു മാനവസംസ്കാരവും അദ്ധ്യാത്മചിന്താപദ്ധതിയും വളർത്തിക്കൊണ്ടു വരണമെന്നായിരുന്നു സ്വാമിയുടെ ആഗ്രഹം. അതിനുപറ്റിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പലനഗരങ്ങളിലും അദ്ദേഹം വേദാന്തസമിതികൾ സ്ഥാപിച്ചു. സ്വാമിയുടെ പ്രഭാഷണങ്ങൾ കേട്ടു പ്രബുദ്ധരായ ചിലർ വേദാന്തമതം സ്വീകരിച്ചു് അദ്ദേഹത്തിന്റെ ശിഷ്യന്മാരായി പാശ്ചാത്യരെ യോഗവിദ്യ പഠിപ്പിക്കാൻ ‘രാജയോഗം’ എന്ന ഗ്രന്ഥം അദ്ദേഹമെഴുതിയതു് അക്കാലത്താണു്. ഇതു കൂടാതെ ഭക്തിജ്ഞാനകർമയോഗങ്ങളെപ്പറ്റിയും അദ്ദേഹം പ്രത്യേകം പ്രഭാഷണങ്ങൾ നടത്തി. അവരെ ഉൽബുദ്ധരാക്കിയ ഈ പ്രഭാഷണങ്ങളെല്ലാം പുസ്തകരൂപത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ടു്.
അമേരിക്കയിലെ പ്രവർത്തനം കഴിഞ്ഞു് 1895-ൽ സ്വാമി ഇംഗ്ലണ്ടിലേക്കു പോയി. അവിടെയും വേദാന്തമതപ്രബോധനത്തിലേർപ്പെട്ടു കുറെനാൾ താമസിച്ചു. സിസ്റ്റർ നിവേദിത എന്ന പേരിൽ പിന്നീടു പ്രസിദ്ധയായിത്തീർന്ന മാർഗരറ്റ് നോബിൽ എന്ന ആംഗ്ലേയവനിത സ്വാമിയുടെ ശിഷ്യയായതു് അന്നാണു്. അവർ ആയുശ്ശേഷം മുഴുവൻ ഇന്ത്യയ്ക്കുവേണ്ടി ചെലവഴിച്ചു. വളരെ ക്ലേശവും ത്യാഗവും സഹിച്ചു് കൽക്കത്തയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരനുഷ്ഠിച്ച മഹനീയസേവനം അനുസ്മരണീയമാകുന്നു.
ഇംഗ്ലണ്ടിലെ പ്രവർത്തനത്തിനിടയിൽ ജർമനി, സ്വിറ്റ്സർലാൻഡ് മുതലായ പല രാജ്യങ്ങളും സ്വാമി സന്ദർശിക്കുകയുണ്ടായി. ചുരുക്കത്തിൽ അദ്ദേഹത്തിന്റെ പാശ്ചാത്യപര്യടനം ഒരു ദ്വിഗ്വിജയം തന്നെയായിരുന്നു. അമേരിക്കയിലും ഇംഗ്ലണ്ടിലും അദ്ദേഹം ഭാരതീയസംസ്കാരത്തിന്റെയും വേദാന്തസിദ്ധാന്തത്തിന്റെയും വിജയക്കൊടി നാട്ടി. ഇങ്ങനെ നാലുകൊല്ലം നീണ്ടു നിന്ന വിദേശവാസത്തിനുശേഷം 1897-ലാണു് സ്വാമി മാതൃരാജ്യത്തിലേക്കു മടങ്ങിയതു്.
വിജയശ്രീലാളിതനായ ഈ വേദാന്തകേസരിയുടെ തിരിച്ചുവരവു് ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന സംഭവമാണെന്നു പറയാം. എത്ര അഭിമാനത്തോടും ആഹ്ലാദത്തോടും കൂടിയാണു നാട്ടുകാർ അദ്ദേഹത്തെ സ്വീകരിച്ചതു് !കൊളംബോ തുറമുഖം മുതൽ അൾമോറാവരെ വഴിനീളെ രാജോചിതമായ സ്വീകരണങ്ങൾകൊണ്ടു ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിച്ചു. രാജാക്കന്മാർപോലും അദ്ദേഹത്തിന്റെ പാദശുശ്രൂഷയ്ക്കു അവസരവും കാത്തുനിന്നു. അദൃഷ്ടപൂർവമായ ഒരു ജൈത്രയാത്രയായിരുന്നു അതു്. നാട്ടിൽ തിരിച്ചെത്തിയിട്ടും സ്വാമിക്കു് ഒരു വിശ്രമവുമുണ്ടായില്ല. ഭാരതത്തിന്റെ ഉന്നമനത്തിനായി എത്രയോ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നു് അദ്ദേഹത്തിനറിയാമായിരുന്നു. നാല്പതുവയസ്സു തികയുന്നതിനുമുമ്പു് താൻ ഇഹലോകവാസം വെടിയുമെന്നു് സ്വാമി പലപ്പോഴും പറഞ്ഞിട്ടുണ്ടു്. ഇനി കുറച്ചു സമയം മാത്രമേ ലോകസേവനത്തിനു ശേഷിച്ചിട്ടുള്ളു. അതുകൊണ്ടു മാതൃഭൂമിയുടെ സർവതോമുഖമായ സമുദ്ധാരണത്തിനുവേണ്ടിത്തന്നെ അദ്ദേഹം അനന്തരകാലം മുഴുവൻ പ്രവർത്തിച്ചു.
ഏതു പ്രവർത്തനത്തിനും ഒരു സംഘടന ആവശ്യമാണല്ലോ. തന്റെ സഹപ്രവർത്തകരായ സന്ന്യാസിമാരെ സംഘടിപ്പിച്ചു് ‘രാമകൃഷ്ണമിഷൻ’ എന്ന പേരിൽ അപ്പോൾ ഒരു പ്രവർത്തനരംഗം സംവിധാനം ചെയ്തു. ഈ സ്ഥാപനത്തിന്റെ ഭാവി പ്രവർത്തനത്തിനു വേണ്ട എല്ലാ ഏർപ്പാടുകളും ചെയ്തതിനുശേഷമാണു് സ്വാമി സമാധിയടഞ്ഞതു്. 1902 ജുലൈമാസം രണ്ടാംതീയതിയായിരുന്നു സ്വാമിയുടെ മഹാസമാധി. അന്നും പതിവുപോലെ വൈകുന്നേരം കുറെദൂരം നടന്നു തിരിച്ചെത്തി അദ്ദേഹം ധ്യാനത്തിനായി മുറിയിൽ പ്രവേശിച്ചു. നിശ്ചിതസമയം കഴിഞ്ഞിട്ടും മുറി തുറന്നു കാണായ്കയാൽ ശിഷ്യന്മാർ ചെന്നു നോക്കിയപ്പോഴാണു് അദ്ദേഹം അന്ത്യസമാധിയിൽ വിലയം പൂണ്ടതായിക്കണ്ടതു്. അങ്ങനെ ആ മർത്ത്യതേജസ്സും ലോകദൃഷ്ടിയിൽനിന്നു തിരോധാനം ചെയ്തു.
‘ലോകക്ഷേമത്തിനായി കർമം ചെയ്തുകൊണ്ടു് ജീവിക്കുക’ എന്ന ഉപനിഷത്സന്ദേശം ശ്രീരാമകൃഷ്ണപരമഹംസനും വിവേകാനന്ദസ്വാമിയും ജീവിതപ്രമാണമാക്കിയിരിക്കുന്നു. അവരുടെ ലോകസംഗ്രഹാഭിലാഷം പ്രവൃത്തിരൂപത്തിലായതാണു് രാമകൃഷ്ണമിഷൻ. ഇത്രയും കാലംകൊണ്ടു് അതൊരു മഹാസ്ഥാപനമായി വളർന്നു മാനവസമുദായത്തിന്റെ അഭയസ്ഥാനമായിത്തീർന്നിരിക്കുന്നു. കൽക്കത്തയ്ക്കടുത്തുള്ള ബേലൂർ എന്ന സ്ഥലത്താണു് അതിന്റെ തലസ്ഥാനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അതിന്റെ ശാഖകൾ സ്ഥാപിതമായിട്ടുണ്ടു്. നമ്മുടെ കേരളവും രാമകൃഷ്ണമിഷന്റെ ഒരു പ്രധാന പ്രവർത്തനരംഗമാകുന്നു. ഇവിടെ പല സ്ഥലത്തും രാമകൃഷ്ണാശ്രമങ്ങളും അവയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാലയങ്ങൾ; ആതുരശാലകൾ മുതലായ സ്ഥാപനങ്ങളുമുണ്ടു്. ഉൽകൃഷ്ടവിദ്യാഭ്യാസം സിദ്ധിച്ച സന്ന്യാസിമാരാണു് എല്ലാ സ്ഥലത്തും നിസ്വാർത്ഥസേവനമനുഷ്ഠിക്കുന്നതു്. ബംഗാളികളെ ഒഴിച്ചാൽ ഈ സന്ന്യാസിമാരിൽ വലിയൊരു ഭാഗം കേരളീയരാണെന്നുള്ളതിൽ നമുക്കഭിമാനം കൊള്ളാം.
സഹജീവികളോടുള്ള കടമ വിസ്മരിച്ചു വ്യക്തിപരമായ മോക്ഷം മാത്രം ലക്ഷ്യമാക്കി ജീവിതരംഗത്തുനിന്നു പലായനം ചെയ്യുന്ന സ്വാർത്ഥബുദ്ധി രാമകൃഷ്ണമിഷനിലെ സന്ന്യാസിമാർക്കില്ല. അവർ യഥാർത്ഥ കർമയോഗികളാകുന്നു. അതാണു് അവരെ സംബന്ധിച്ച ഏറ്റവും പ്രശംസനീയമായ വസ്തുത. മനുഷ്യവർഗത്തിന്റെ ലൗകികവും ആത്മീയവുമായ പുരോഗതിയും ക്ഷേമവുമാണു് അവരുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ദുരിതാശ്വാസപ്രവർത്തനം, വേദാന്തമതപ്രബോധനം എന്നിങ്ങനെ നാനാമുഖമായിത്തിരിയുന്നു അവരുടെ സേവനരംഗം. ഇന്ത്യയിലെ ഇതര സന്ന്യാസിമഠങ്ങളെപ്പോലെ രാമകൃഷ്ണമിഷൻ വെറുമൊരു മതസ്ഥാപനമല്ലെന്നു് ഇത്രയും കൊണ്ടു് വെളിവായല്ലോ. അജ്ഞാനം, ദാരിദ്ര്യം, രോഗം മുതലായ മനുഷ്യബാധകളെ നീക്കം ചെയ്യുന്ന സാമൂഹികസേവനത്തിനുള്ള ഒരു വിശിഷ്ട സ്ഥാപനമാണതു്.
മാനസോല്ലാസം.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971