മനുഷ്യന്റെ മുത്തച്ഛൻ മർക്കടമാണെന്നു പറഞ്ഞാൽ വിശ്വസിക്കാത്തവർ ഇന്നും ധാരാളമുണ്ടു്. വാനരശബ്ദത്തിൽത്തന്നെ (വാ-നര) നരവാനരബന്ധം പ്രതീതമാകുന്നുണ്ടെങ്കിലും അവർ അതു സമ്മതിക്കാറില്ല. കുലാലൻ മണ്ണുകൊണ്ടു ഘടാദിരൂപങ്ങൾ തീർത്തു തള്ളുന്നതുപോലെ ഒരീശ്വരൻ ഈ ജീവജാലങ്ങളെയെല്ലാം അന്യോന്യബന്ധമില്ലാതെ സൃഷ്ടിച്ചു വിടുന്നു എന്നു് ഇക്കൂട്ടർ വിശ്വസിക്കുന്നു. സർവത്തിനും ഒരു സൃഷ്ടികർത്താവിനെ സങ്കല്പിക്കുന്ന ഇത്തരക്കാരോടു് മനുഷ്യനും കുരങ്ങും മാത്രമല്ല പട്ടി, കുതിര തുടങ്ങിയ മറ്റു പല ജന്തുക്കളും ഒരു കാലത്തു് ഒരേ കുടുംബത്തിൽപ്പെട്ടിരുന്നു എന്നു പറഞ്ഞാലോ? അവർ ഒന്നുകൂടെ അന്ധാളിച്ചേക്കും. എങ്കിലും സത്യം അതാണെന്നു ശാസ്ത്രം തെളിയിക്കുന്നു. ഈ ശാസ്ത്രസത്യപ്രകാശത്തെ ആദ്യമായി ലോകസമക്ഷം പരീക്ഷണനിരീക്ഷണങ്ങൾ വഴിയായി പ്രത്യക്ഷപ്പെടുത്തിയ വിശ്രുതവിജ്ഞാനിയാണു് ഡാർവിൻ. അദ്ദേഹം സ്ഥാപിച്ചതാണു് പരിണാമസിദ്ധാന്തം (Theory of Evolution). അതു സൃഷ്ടിവാദത്തെ അടിയോടെ ഇളക്കി മറിച്ചു. തന്മൂലം വിജ്ഞാനലോകത്തിൽ വലിയ ഒരു വിപ്ലവം തന്നെ ഉണ്ടായി. ഇപ്പോൾ പരിണാമസിദ്ധാന്തത്തിലെ മൗലികതത്ത്വങ്ങൾ ജീവിതപ്രമാണങ്ങളായി പണ്ഡിതലോകം നിസ്സംശയം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. ജീവൻ പരിണാമ സ്വഭാവിയാണെന്നുള്ള സത്യമാണു് പ്രസ്തുത സിദ്ധാന്തത്തിനാധാരമായി നിൽക്കുന്നതു്. അതു് ആർക്കും നിഷേധിക്കുവാൻ പാടില്ലാത്തവിധം തെളിവുകളെക്കൊണ്ടു സ്ഥാപിതമായിവരികയാണു്. എന്നിട്ടും ഇതിൽ വിശ്വസിക്കാത്തവരും അന്ധമായി എതിർവാദം പുറപ്പെടുവിക്കുന്നവരും ഉണ്ടെന്നു കാണുന്നതു് അത്ഭുതമല്ലെ?
എന്താണു് ഈ അവിശ്വാസ്യതയ്ക്കു കാരണം? അറിവിന്റെ കുറവു മാത്രമാണെന്നു പറഞ്ഞുകൂടാ. എന്തെന്നാൽ അറിവുള്ളവർക്കും ഇത്തരം അഭിപ്രായങ്ങൾ അസുഖപ്രദങ്ങളാകാറുണ്ടു്. അവയെല്ലാം തെറ്റാണെന്നു തെളിയിക്കാനും അവർ പാടുപെടുന്നു! മനുഷ്യവർഗത്തെ ഇത്രനാളും ഭരിച്ചതു്. വിശ്വാസമാണു്. അറിവിനേക്കാൾ പഴക്കമുണ്ടു് വിശ്വാസത്തിനു്. അനേകതലമുറക്കാലം പരമ്പരയാ പടർന്നുപിടിച്ചു വേരുറച്ച വിശ്വാസം അത്യന്തം അന്ധമായാൽത്തന്നെയും അതിനെ പരിപാലിച്ചു കൊണ്ടുപോകുന്നതിനുള്ള ഒരുവാസന മനുഷ്യനിൽ കാണുന്നുണ്ടു്. മനുഷ്യമനസ്സിന്റെ ഒരു പ്രത്യേക സ്വഭാവമാണിതു്. യാഥാസ്ഥിതികത്വത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണു്. ചിരകാലപോഷിതമായ വിശ്വാസത്തെ നവീനവിജ്ഞാനം കൊണ്ടു് ഇളക്കുവാൻ നോക്കുന്നതു പാർത്തിണങ്ങി പഴകിയ ഒരു തറവാട്ടിൽനിന്നും മാറിത്താമസിക്കുവാൻ പറയുന്നതുപോലെയത്രെ. അതു മനസ്സിൽ അനിഷ്ടമായ ഒരു അസ്വസ്ഥതയുണ്ടാക്കുന്നു. പഠിച്ചവർപോലും പഴമയിൽനിന്നു് വിട്ടു നിൽക്കുവാൻ മടിക്കുന്നതു് ഇതുകൊണ്ടാണു്. മനുഷ്യൻ ഈശ്വരന്റെ ഒരു പ്രത്യേകസൃഷ്ടിയാണെന്നു് അടുത്തകാലംവരെ സർവ്വരും വിശ്വസിച്ചിരുന്നു. സൃഷ്ടിവാദികളുടെ സിദ്ധാന്തങ്ങളെ ചോദ്യംചെയ്വാനും ആരും ധൈര്യപ്പെട്ടില്ല. ഇങ്ങനെ ലോകം വിശ്വാസത്താൽ ഭരിക്കപ്പെട്ടു് അന്ധഗജന്യായേന മതബോധവും സദാചാരനിയമങ്ങളും വളർന്നു വേരുറച്ചു. ഈ നിലയിൽ എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞുപോയി. ആ സ്ഥിതിക്കു് ഇത്തരം വിശ്വാസപ്രമാണങ്ങളെയെല്ലാം വേരോടേ അറുത്തുമാറ്റുന്ന പരിണാമവാദത്തോടു് ആളുകൾ മല്ലിടുന്നതിൽ എന്താണത്ഭുതം? തത്ത്വജ്ഞാനികളെന്നും പഠിക്കാതെയും തദധിഷ്ഠാനങ്ങളായ തെളിവുകൾ പരിശോധിക്കാതെയും പ്രതിവാദകോലാഹലം കൂട്ടിയിട്ടുണ്ടു്. അതിനാൽ പ്രസ്തുത ശാസ്ത്രമാർഗത്തിൽ കാണുന്ന, ആർക്കും ഒരുവിധത്തിലും നിഷേധിക്കാൻ സാധിക്കാത്ത, ചില പ്രധാന തെളിവുകൾ ഇവിടെ പ്രസ്താവിക്കുന്നതു് സംഗതമായിരിക്കുമെന്നു വിചാരിക്കുന്നു. അതിനു മുമ്പായി പരിണാമവാദം എന്താണെന്നു സംക്ഷിപ്തമായിട്ടെങ്കിലും കാണിക്കേണ്ടതു് ആവശ്യമാണു്.
പരിണാമപദത്തിനു് ഒന്നു മറ്റൊന്നായി മാറുക എന്നൊരർത്ഥം സാധാരണ കല്പിക്കാറുണ്ടു്. എന്നാൽ ഇത്രയും കൊണ്ടു് അതിന്റെ മൂലപദത്തിൽ അന്തർഭൂതമായിരിക്കുന്ന അർത്ഥം മുഴുവൻ ലഭിക്കുമോ എന്നു് സംശയമാണു്. ജീവൻ പരിണാമിയാണെന്നു പറയുമ്പോൾ ഒരു ജീവി പെട്ടെന്നു മറ്റൊരു ജീവിയായി മാറിപ്പോകുന്നു എന്നു ധരിക്കുന്നതു് അബദ്ധമാകുന്നു. അങ്ങനെ പെട്ടെന്നൊരു മാറ്റം ഒരു ജീവിയിലും കാണുന്നതല്ല. ജീവൻ അതിന്റെ ലഘുരൂപങ്ങളിൽനിന്നും സങ്കീർണരൂപങ്ങളായി വികസിക്കുന്നു എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ടു്. പരിണാമപഥത്തിൽക്കൂടിയുള്ള ഒരേ ജീവപ്രവാഹമാണു് വിവിധ ജീവജാലങ്ങളായി അഭിവ്യക്തിയെ പ്രാപിച്ചിരിക്കുന്നതു്.
അതിസൂക്ഷ്മമായി അത്യന്തമന്ദഗതിയിൽ പല കാരണങ്ങളാലും വന്നു ചേരുന്ന ചില മാറ്റങ്ങൾക്കു വിധേയമായി ഒരു ജീവിവർഗ്ഗം അനേകലക്ഷം കൊല്ലങ്ങൾക്കൊണ്ടു മറ്റൊരു ജീവിവർഗമായി പരിണമിക്കുമെന്നുള്ളതാണു് ഡാർവിൻ സ്ഥാപിച്ച സിദ്ധാന്തത്തിന്റെ സാരാംശം. ഇതു പ്രകാരം ഇപ്പോൾ കാണുന്ന ജീവിവർഗങ്ങളെല്ലാം ഏതാനും മൂലവർഗങ്ങളിൽനിന്നും പരിണമിച്ചവയാണെന്നു് അദ്ദേഹം തെളിയിക്കുന്നു. ഈ പരിണാമത്തിനു പ്രേരകമായി പ്രവർത്തിക്കുന്ന രണ്ടു പ്രധാന പ്രകൃതിനിയമങ്ങളുണ്ടു്. അവ ഭിന്നീകരണം (Variation) പ്രകൃതിനിർദ്ധാരണം അഥവാ സ്വാഭാവികമായ തെരഞ്ഞെടുപ്പു് (Natural selection) എന്ന പേരുകളാൽ അറിയപ്പെടുന്നു. ഭിന്നീകരണം എന്ന വാക്കു് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്ന ഒന്നത്രെ. ബാഹ്യാഭ്യന്തരങ്ങളായ ബഹുവിധ കാരണങ്ങളാൽ ജീവികൾ സ്വയം സ്വീകരിക്കുന്ന ഭേദങ്ങൾ അല്ലെങ്കിൽ വ്യത്യാസങ്ങൾ എന്നു് ഇതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാം. ജീവിജാലവലയത്തിനുള്ളിൽ ഇങ്ങനെ ഒന്നു നടക്കുന്നുണ്ടോ എന്നു് സംശയിക്കുന്നവർ നമ്മുടെ ചുറ്റുപാടും ഒന്നു നോക്കിയാൽ മതി. പ്രകൃതിയിൽ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന ജീവിതമത്സരം (Struggle for existence) ഒന്നാമത്തെ തെളിവായി അവർ കണ്ടെത്തുന്നതാണു്. ഈ ജീവിതമത്സരത്തെപ്പറ്റിയുണ്ടായ ബോധമാണു് ഡാർവിനെ പരിണാമസിദ്ധാന്തത്തിലേക്കു വഴിതെളിച്ചതു്. ജീവിതത്തിന്റെ നിലനില്പിനായി സർവജീവികളും അറിഞ്ഞോ അറിയാതെയോ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്നു. ജീവിതം ഒരു യുദ്ധരംഗമാണെന്നു പറയുന്നതു് ഒരു അലങ്കാരഭാഷ മാത്രമല്ല, അതൊരു വാസ്തവം കൂടിയാകുന്നു. ജീവിക്കുകയെന്നതു് പ്രകൃതിശക്തികളോടും ഇതര ജീവരാശികളോടും മല്ലിടുകതന്നെയാണെന്നു കുട്ടികൾക്കുപോലും സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതാണു്. ഈ മത്സരത്തിനുള്ള ഒന്നാമത്തെ ഹേതു ജീവികളിൽ കാണുന്ന ക്രമാതീതമായ ബീജശക്തി അഥവാ ഉല്പാദനശക്തിയത്രെ. തന്നിമിത്തം ഓരോ ജീവിവർഗത്തിലും സന്താനവർദ്ധന അപരിമിതമായിത്തീരുന്നു. അതേ സമയം ജീവിതസൗകര്യങ്ങൾ പരിമിതവുമാണു്. ഇങ്ങനെ ജീവികളുടെ സംഖ്യ അപരിമിതവും ജീവിതസൗകര്യങ്ങൾ പരിമിതവുമായിരിക്കുമ്പോൾ പരസ്പരം മത്സരം ഉണ്ടാകാതെ നിവൃത്തിയില്ല. ഈ മത്സരത്തിൽ ശേഷിയുള്ളതു ശേഷിക്കുകയും ഇല്ലാത്തവ നശിക്കുകയും ചെയ്യുന്നുണ്ടു്. ശേഷിയുള്ളതിന്റെ ശേഷിപ്പു് (Survival of the fittest) എന്നു് ഡാർവിൻ പറയുന്ന ന്യായം ഇങ്ങനെ സാർവത്രികമായി കാണുന്ന ഒന്നാണു്. സന്താനവർദ്ധനയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജീവിയാണു് ആന അതിന്റെ സന്തത്യുല്പാദനകാലം തൊണ്ണുറു വർഷത്തോളം നീണ്ടുനിൽക്കും ഈ കാലംകൊണ്ടു് ഒരു കൊമ്പനും പിടിയും ആറു് ആനക്കുട്ടികളെ മാത്രമെ ജനിപ്പിക്കുകയുള്ളു. ഇക്കണക്കിനു് ഈ സന്തതിപരമ്പര നശിക്കാതെ നീണ്ടുപോകയാണെങ്കിൽ അഞ്ഞൂറുകൊല്ലം കൊണ്ടു് ഒരുകോടി അൻപതുലക്ഷം ആനകളുണ്ടാകുമെന്നു് കണക്കാപ്പെട്ടിരിക്കുന്നു. ഈ സ്ഥിതിക്കു് മറ്റു ജീവികളുടെ വർദ്ധന ഏകദേശം ഊഹിക്കാമല്ലോ ദുർബലസന്താനങ്ങൾ ജീവിതസമ്മർദ്ദത്താൽ ഹനിക്കപ്പെടുന്നതുകൊണ്ടാണു് ഈ പെരുംപെരുപ്പം തടയപ്പെടുന്നതു്. ഒന്നു ചീഞ്ഞാൽ മറ്റതിനു് വളം എന്ന സാധാരണ ചൊല്ലിലും ഈ രഹസ്യം ഒളിഞ്ഞുകിടപ്പുണ്ടു്. മത്സരം ജീവിതത്തിന്റെ ഏതു ഘട്ടത്തിലും കാണാവുന്നതാണു്. ഗർഭപാത്രത്തിൽപോലും ഇതു നടക്കുന്നു. ജീവികളിൽ സാമാന്യമായി ഒരു ഭക്ഷ്യഭക്ഷകഭാവം കാണുന്നുണ്ടല്ലോ അതും മത്സരോദ്ദീപകമാണു്. ഭക്ഷ്യർ ഭക്ഷകരിൽനിന്നു രക്ഷപ്പെടുവാൻ നോക്കുന്നു. ധനവാൻ ദരിദ്രനെയും ബുദ്ധിമാൻ മൂഢനെയും കീഴടക്കുന്നു. ഇതെല്ലാം ജീവിതമത്സര ചിത്രങ്ങൾതന്നെ. ഇതിനും പുറമെ സർവജീവികളും ഒന്നുപോലെ പ്രകൃതിശക്തികളുടെ പ്രാതികൂല്യങ്ങളിൽനിന്നു രക്ഷപ്പെടാനുള്ള ഒരു സമരവും നടത്തുന്നുണ്ടു്. ഇപ്രകാരം പ്രാണിജാലം പ്രകൃത്യാ മത്സരോന്മുഖമായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ അവ ശക്തങ്ങളെന്നും അശക്തങ്ങളെന്നും രണ്ടായിത്തിരിയുന്നതു നാം കണ്ടുവല്ലോ. ശക്തങ്ങളായവ ശേഷിച്ചു മുന്നോട്ടു വരുന്നു. അല്ലാത്തവ പിന്നോക്കം തള്ളപ്പെട്ടു നശിക്കുന്നു. മുന്നോട്ടു വരുന്നവ ദേശകാലങ്ങൾക്കനുഗുണമായി ജീവിതം ക്രമപ്പെടുത്തുന്നതിനു തക്കവണ്ണം ശാരീരികമായും മാനസികമായും ഒരു മാറ്റം കൈക്കൊണ്ടവയായിരിക്കും. മാറ്റം ഉണ്ടാകുകയും മാറി തിരിയുന്നതിൽനിന്നും പ്രകൃതിതന്നെ കൊള്ളാവുന്നവയെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു എന്നുള്ളതാണു് ഇതിന്റെ ചുരുക്കം. കൃഷിക്കാർ കിഴങ്ങുവർഗങ്ങളിലും മറ്റും ഈ രീതിയിൽ കൃത്രിമമായി ഒരു തെരഞ്ഞെടുപ്പു നടത്തുന്നതു് നാം കണ്ടിരിക്കുമല്ലോ. തൽഫലമായി വളരെ പ്രാവശ്യം പുതിയ രീതിയിൽ കൃഷിചെയ്തുകഴിയുമ്പോൾ ആദിവർഗത്തിൽനിന്നും ഭിന്നമായ കിഴങ്ങുവർഗ്ഗം ഉണ്ടായിത്തീരുന്നതും സാധാരണയാണു്. ഈ മാറ്റത്തിനു ഭൂപ്രകൃതിയുടെയും ശീതോഷ്ണസ്ഥിതിയുടെയും വ്യത്യാസങ്ങൾ സഹായിക്കുന്നുണ്ടു്. അതുപോലെ ജീവവർഗഭേദത്തിനും പരിതഃസ്ഥിതി വ്യത്യാസങ്ങൾ പ്രേരകമായി പ്രവർത്തിക്കുന്നു.
ഇവയെക്കാൾ പ്രധാനവും ആഭ്യന്തരവുമായ മറ്റു ചില കാരണങ്ങളുണ്ടു്. അവ ഗർഭോല്പാദനത്തിൽ നടക്കുന്ന അത്ഭുതാവഹങ്ങളായ ചില മാറ്റങ്ങളാകുന്നു. ജീവികളുടെ ശേഷിയും ശേഷിക്കുറവും മുഖ്യമായി ഈ മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നതു്. ഇവ എങ്ങനെ സംഭവിക്കുന്നു എന്നതു ശാസ്ത്രജ്ഞന്മാർക്കുപോലും വിവരിക്കുവാൻ പ്രയാസമത്രെ. സൂക്ഷ്മവും ശക്തിമത്തും ആയ ഈ ഭേദസംഭവം രണ്ടു പ്രകാരത്തിൽ വന്നുചേരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു് ഒന്നാമത്തേതു് സ്ത്രീപുരുഷാംശങ്ങളായ അണ്ഡബീജങ്ങളുടെ (Ovum and Sperm) സംയോജനത്തിൽ ഉല്പാദകാണുക്കൾക്കു (Genes) ഉണ്ടാകുന്ന സ്ഥാനഭേദം. രണ്ടു കൂട്ടം ചീട്ടു് ഒന്നിച്ചുകൂട്ടി കശക്കുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള സ്ഥാനഭേദമാണു് ഇതിലും നടക്കുന്നതു്. അതിനു യാതൊരു വ്യവസ്ഥയും ഇല്ല. തന്മൂലം പിതൃമാതൃ ഗുണദോഷങ്ങൾ കൂടിയും കുറഞ്ഞും ചിലപ്പോൾ ഗുണം മാത്രമായും അല്ലെങ്കിൽ ദോഷം മാത്രമായും പലപ്രകാരത്തിൽ സന്തത്യുല്പദാനം സംഭവിക്കാം. രണ്ടാമത്തെ മാറ്റം ബീജബിന്ദുവിനുതന്നെ നേരിടുന്ന ഒരുതരം പരിണാമമാകുന്നു. ഈ മാറ്റത്തിനു ‘മ്യുട്ടേഷൻ’ (Mutation of germplasm) എന്നാണു പേർ പറയുന്നതു്. ഇതു ചിലപ്പോൾ യാദൃച്ഛികമായിട്ടു സംഭവിക്കാവുന്നതും തൽഫലമായി ചുരുങ്ങിയ കാലയളവിൽതന്നെ ഒരു വർഗം മറ്റൊരു വ്യത്യസ്ത വർഗ്ഗമായി പരിണമിക്കാവുന്നതും ആണെന്നു പറയുന്നു. ഇതുവരെ പറഞ്ഞ കാരണങ്ങളാൽ ജീവികളിൽ ഭിന്നീകരണം (Variation) സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതു് അനിഷേദ്ധ്യമായ ഒരു സത്യസ്ഥിതിയാണെന്നു മനസ്സിലാക്കാം. ഈ സംഗതി ഓർമിച്ചുകൊണ്ടു് ഇതുവരെ ഭൂജാതം ചെയ്തിട്ടുള്ള ജീവരാശികളുടെ ചരിത്രം ശാസ്ത്രീയമായി പരിശോധിക്കുമ്പോൾ പരിണാമതത്ത്വം ഏറ്റവും ശരിയാണെന്നു വെളിപ്പെടും. അതിലേക്കുള്ള തെളിവുകളാണു് ഇനി പറയുന്നതു്.
പരിണാമവാദത്തിലെ പ്രഥമദൃഷ്ടാന്തങ്ങളാണു് മേൽക്കാണിച്ചവ. ഓരോ ഭൗമദശയിലും (Geological Age) അടിക്കടിയായി കട്ടിപിടിച്ചു ചേർന്ന പാറകൾ ഇപ്പോൾ പിളർന്നുനോക്കുമ്പോൾ അവയ്ക്കിടയിൽ അതതു കാലത്തു ജീവിച്ചിരുന്ന ജന്തുക്കളുടെ മൃതാവശിഷ്ടങ്ങൾ കാണപ്പെടുന്നു. ഈ മൃതാവശിഷ്ടങ്ങൾ പരിശോധിച്ചു ജീവികളുടെ പരിണാമക്രമം ശാസ്ത്രജ്ഞന്മാർ വിശദമാക്കിയിട്ടുണ്ടു്. ഇതുവരെ ഉണ്ടായിട്ടുള്ള ജീവികളെ പരിണാക്രമമനുസരിച്ചു ജലജീവികൾ, ജലസ്ഥലജീവികൾ, സ്ഥലജീവികൾ എന്നു സാമാന്യേന മൂന്നായി ഭാഗിക്കാം ആദ്യം ജലജീവികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടു ജലത്തിലും കരയിലും ജീവിക്കാവുന്ന ജന്തുക്കൾ ആദ്യവർഗത്തിൽ നിന്നും പരിണമിച്ചു. അനന്തരം അവയിൽ നിന്നു കരജീവികൾ ഉണ്ടായി. ഇതുകൂടാതെ ശരീരഘടനാദിഭേദം പ്രമാണിച്ചു് ഇഴജന്തുക്കൾ (Reptiles), സസ്തനജന്തുക്കൾ (Mammals) ഇത്യാദി നാമവിഭാഗങ്ങളും ശാസ്ത്രജ്ഞന്മാർ ചെയ്തിട്ടുണ്ടു്. ഏതാദൃശവിഭജനമനുസരിച്ചു നോക്കുമ്പോൾ ജീവിവർഗങ്ങൾക്കു തമ്മിൽ ശരിയായ ഒരു പിൻതുടർച്ചാക്രമം (An order of descent) ലോകത്തിലെവിടെയും കാണപ്പെടുന്നു. ഉദാഹരണത്തിനു സസ്തനജീവികളുടെ കഥയാലോചിക്കാം. ശാസ്ത്രപ്രകാരം സസ്തനജീവികൾ ഇഴജന്തുക്കളിൽനിന്നും പരിണമിച്ചവയാണെന്നു തെളിഞ്ഞിട്ടുണ്ടു്. ആ മുറയ്ക്കു ഇഴജന്തുക്കൾ മാത്രം ഉണ്ടായിരുന്ന കാലത്തിലെ മൃതാവശിഷ്ടങ്ങളുടെ കൂട്ടത്തിൽ സസ്തനജീവികളുടെ അംശങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല. അവയുടെ കൂട്ടത്തിൽ മനുഷ്യൻ, കുതിര തുടങ്ങിയ ജീവികളുടെ ഏതെങ്കിലും അവയവാംശം കണ്ടെത്തുന്നതായാൽ പരിണാമസിദ്ധാന്തം പാടെ പൊളിഞ്ഞുപോകുന്നതാണു്. എന്നാൽ ഇതുവരെ ഒരിടത്തും അങ്ങനെ കാലക്രമവിരുദ്ധമായ ഒന്നുംതന്നെ ഭൂഗർഭശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടില്ലെന്നുള്ളതു് പ്രത്യേകം ഓർമിക്കേണ്ടതാകുന്നു. എല്ലാം ഈശ്വരസൃഷ്ടിയാണെങ്കിൽ ഈ പിൻതുടർച്ചാക്രമം പരിപാലിക്കേണ്ട ആവശ്യമെന്തു്? സർവശക്തനായ ഈശ്വരനു സർവജീവികളെയും ഒരേ മുഹൂർത്തത്തിൽ സൃഷ്ടിച്ചുകൂടേ? ജീവിചരിത്രത്തിലെ പ്രധാനപ്പെട്ട ഏടുകളാണു് മൃതാവശിഷ്ടങ്ങൾ. അവയിൽക്കൂടി മിക്ക വർഗങ്ങളുടെയും ക്രമാനുഗതങ്ങളായ പൂർവരൂപങ്ങൾ തേടിപ്പിടിക്കുവാൻ കഴിയുന്നു. ഇവയ്ക്കു തമ്മിലുള്ള പൂർവാപരബന്ധവും ഏതന്മാർഗേണ സ്പഷ്ടമാകുന്നുണ്ടു്. ഉദാഹരണത്തിനു കുതിരയെ നോക്കിയാൽ മതി. അതിന്റെ ഇതുവരെയുള്ള പരിണാമചരിത്രം ഇടയ്ക്കു് ഒരു ഭാഗവും വിട്ടുപോകാതെ ശാസ്ത്രജ്ഞന്മാർക്കു ലഭിച്ചിരിക്കുന്നു. എട്ടു ലക്ഷം തലമുറകൾകൊണ്ടാണു് കുതിര ഇപ്പോഴത്തെ രൂപത്തിലായതെന്നത്രെ അവരുടെ അഭിപ്രായം. ഓരോ കാലഘട്ടത്തിലും കുതിരയ്ക്കുണ്ടായിട്ടുള്ള പൂർവരൂപങ്ങൾ ഇപ്പോഴത്തേതിൽനിന്നു എത്രയോ വ്യത്യാസപ്പെട്ടതായിരുന്നു! ഇതുപോലെ വേറെയും ധാരാളം ഉദാഹരണങ്ങൾ ഉണ്ടു്. പരിണാമകാലഘട്ടങ്ങൾ നിർണയിക്കുന്നതിനും മേൽകാണിച്ച തെളിവുകൾ ഉപകരിക്കുന്നവയാണു്.
പരിണാമസമ്പ്രദായം വിശദമാക്കുന്നതിനു നമുക്കു് അതിനെ ഒരു മഹാവൃക്ഷമായി സങ്കല്പിക്കാം. ജീവവൃക്ഷത്തിന്റെ ശാഖോപശാഖകളാണു് വിവിധരൂപത്തിലുള്ള ജീവിവർഗങ്ങൾ. ഒരു വൃക്ഷത്തിന്റെ ശാഖോപശാഖകൾക്കു തമ്മിൽ അടുപ്പവും അകൽച്ചയും ഉണ്ടായിരിക്കുമല്ലോ. അതേസമയം തന്നെ ഇവയെല്ലാം ഒരു തായ്ത്തടിയോടു ബന്ധിച്ചും ഇരിക്കുന്നതാണു്. ജീവിവർഗങ്ങൾ തമ്മിലുള്ള പിരിവും ബന്ധവും ഇതുപോലെയത്രെ. താരതമ്യേനയുള്ള ഈ അകൽച്ചയും അടുപ്പവും അടിസ്ഥാനമാക്കിയും ശരീരഘടനാദിസാദൃശ്യങ്ങളെ പ്രമാണീകരിച്ചുമാണു് ശാസ്ത്രകാരന്മാർ ജീവികളെ മുഴുവൻ ഇതിനു മുമ്പു പറഞ്ഞവിധം ചില വർഗങ്ങളായും വകുപ്പുകളായും തരം തിരിച്ചിട്ടുള്ളതു്. ഈ ഓരോ വർഗത്തിനും വകുപ്പിനും പൊതുവെ ചില സാദൃശ്യങ്ങൾ കാണാവുന്നതാണു്. ഉദാഹരണത്തിനു മനുഷ്യന്റെ ഭുജവും കുതിരയുടെ മുൻകാലും കടവാതലിന്റെ ചിറകും നോക്കുക! സ്ഥലദർശനത്തിൽ അവ എത്ര ഭിന്നകങ്ങളായിരിക്കുന്നു! എങ്കിലും പൊതുവായ ഒരു അവയവത്തിന്റെ കാലാന്തരത്തിലുള്ള പരിണാമഭേദങ്ങളാണു് അവയെന്നു് അസ്ഥികൂടം പരിശോധിച്ചാൽ കാണാം. അവയുടെ അസ്ഥികൂടങ്ങൾ ശാരീരികശാസ്ത്രപ്രകാരം (Anatonmy) ഒരേ പ്ലാനിൽ ആണു് നിർമിക്കപ്പെട്ടിരിക്കുന്നതു്. ഈമാതിരി സാദൃശ്യം എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിനു പരിണാമവാദം കൊണ്ടു മാത്രമേ ശരിയായ സമാധാനം പറവാൻ കഴിയൂ. സൃഷ്ടി വാദം ഇവിടെയും മൂകമായിത്തീരുന്നു.
പരിണാമസിദ്ധാന്തപ്രകാരം ജീവികളിൽ കാണുന്ന സജാതിയവിജാതിയഭാവം അവയുടെ രക്തം പരിശോധിക്കുമ്പോഴും ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. കുതിര, കഴുത, മുയൽ, കോഴി ഇവയുടെ രക്തം ഓരോന്നിലും മാറിമാറി കുത്തിവയ്ക്കുമ്പോൾ ഉണ്ടാകുന്ന രാസയോഗസംബന്ധമായ വ്യത്യാസത്തിൽ (Chemical change) നിന്നും ആദ്യത്തെ രണ്ടെണ്ണത്തിനും തമ്മിലുള്ള സജാതിയത്വവും അവയ്ക്കുതന്നെ മറ്റു രണ്ടെണ്ണത്തിനോടുള്ള വിജാതീയത്വവും മനസ്സിലാക്കാം. ശാരീരികസാദൃശ്യം ഉള്ളിടത്തെല്ലാം രക്തസാദൃശ്യവും കാണുന്നുണ്ടു്. ഈ രീതിയിൽ മനുഷ്യരക്തത്തിനു വാനരരക്തത്തോടു കൂടുതൽ അടുപ്പമുണ്ടെന്നു വെളിപ്പെടുന്നതാണു്.
ജന്തുവർഗങ്ങളുടെ പൂർവരൂപങ്ങളിൽ ഉണ്ടായിരുന്ന ചില അവയവങ്ങൾ ആധുനികരൂപങ്ങളിലേക്കു പകർന്നപ്പോൾ നിരുപയോഗങ്ങളായി തേഞ്ഞു തേഞ്ഞു് അവശേഷിച്ചിട്ടുണ്ടു്. ഇങ്ങനെയുള്ള അടയാളങ്ങൾ പല ജീവികളിലും കാണാവുന്നതാണു് ഈ അവയവചിഹ്നങ്ങളെക്കൊണ്ടു് പൂർവരൂപങ്ങൾ ഏതെല്ലാം ദശകളിൽക്കൂടി കടന്നുപോന്നു എന്നു മനസ്സിലാക്കാം. പാമ്പുകളിൽ കാലിന്റെ സ്ഥാനത്തു തദവയവം തേഞ്ഞുമാഞ്ഞുകാണുന്നുണ്ടു്. പാമ്പു പല്ലിവർഗത്തിൽനിന്നും പരിണമിച്ചതാണെന്നുള്ളതിനു ഇതും ഒരു തെളിവായിരിക്കുന്നു. തിമിംഗലം, കുതിര, ചില ചിത്രശലഭങ്ങൾ മുതലായ പല ജീവികളിലും ഇത്തരം ചിഹ്നങ്ങൾ പരിണാമഗതിയെ സൂചിപ്പിക്കുന്നു.
പല ജീവികളുടെയും ഭ്രൂണങ്ങൾക്കു് (Embryos) തമ്മിൽ തിരിച്ചറിവാൻ പാടില്ലാത്തവിധമുള്ള അത്ഭുതാവഹമായ സാദൃശ്യം കാണുന്നുണ്ടു്. വളർച്ചയിൽ ഭിന്നരൂപങ്ങളായിത്തീരുന്ന ഇത്തരം ജീവികൾക്കു് മൗലികമായ ഒരു കുടുംബബന്ധമുണ്ടെന്നു് ഈ ഭ്രൂണസാദൃശ്യം തെളിയിക്കുന്നു. ഒരു മനുഷ്യനെ പന്നിയിൽ നിന്നും ഒരു കോഴിയെ കുരങ്ങിൽനിന്നും ഒരു ആനയെ പാമ്പിൽനിന്നും തിരിച്ചറിയുവാൻ രണ്ടു വയസ്സുള്ള ഒരു കുട്ടിക്കുപോലും കഴിയുന്നതാണല്ലോ. എന്നാൽ ഈ ഭിന്നജീവികളുടെ ഭ്രൂണങ്ങൾ തമ്മിൽ തിരിച്ചറിവാൻ പഠിപ്പും പ്രായപൂർത്തിയും ഉള്ളവർക്കും സാദ്ധ്യമല്ല. ഭ്രൂണവിജ്ഞാനിയായ ശാസ്ത്രജ്ഞൻ പോലും ഇവയെ തരംതിരിക്കുവാൻ പ്രയാസപ്പെടുന്നു. ഇവ സമാനരൂപങ്ങളാണെന്നു മാത്രമല്ല ഇവയിൽ ചില പൂർവജീവിതമുദ്രകളും പതിഞ്ഞുകാണുന്നുണ്ടു് മനുഷ്യനും മറ്റു പല ജീവികൾക്കും ഭ്രൂണദശയിൽ ഹൃദയസ്ഥാനത്തു മത്സ്യസാദൃശ്യം സ്പഷ്ടമായിട്ടുണ്ടു്. ഈ ജീവികളെല്ലാം എത്രയോ ലക്ഷം കൊല്ലങ്ങൾക്കുമുമ്പു് മത്സ്യമാർഗത്തിൽക്കൂടെ കടന്നുപോന്നിട്ടുണ്ടെന്ന സംഗതിയാണു് ഈ മത്സ്യമുദ്രപഠിപ്പിക്കുന്നതു്. അതുപോലെതന്നെ വാനരത്വദ്യോതകമായ വാലു് മനുഷ്യഭ്രൂണത്തിൽ കാണുന്നു. വളർച്ചയിൽ അതു് അപ്രത്യക്ഷമാകുകയാണു ചെയ്യുന്നതു്. ജീവികളുടെ പൂർവജീവിതാനുബന്ധം ഇങ്ങനെ ഭ്രൂണപരിശോധനകൊണ്ടു യുക്തിയുക്തമായി തെളിയിക്കാം. ഏതാദൃശവൈചിത്ര്യങ്ങൾ സൃഷ്ടിവാദദൃഷ്ട്യാ കേവലം നിരർത്ഥകങ്ങളായിത്തീരുന്നു. എന്നാൽ പരിണാമതത്ത്വപ്രകാശത്തിൽ അവ ഏറ്റവും അർത്ഥവത്തും ആകുന്നുണ്ടു്.
മേൽ കാണിച്ചവ കൂടാതെ വേറെ പല തെളിവുകളും പരിണാമസിദ്ധാന്തസാധകങ്ങളായി ഉണ്ടെങ്കിലും അവയൊന്നും ഇവിടെ വിസ്തരിക്കുന്നില്ല. ഈ പരിണാമചക്രത്തിൽ മനുഷ്യൻ ഉൾപ്പെടുന്നുണ്ടോ എന്ന സംഗതിയാണു് കൂടുതൽ വിവാദവിഷയമായിത്തീർന്നിട്ടുള്ളതു്. സൃഷ്ടിസോപാനത്തിന്റെ അത്യുന്നതപടിയിൽ മനുഷ്യൻ നിൽക്കുന്നതുകൊണ്ടു് അവനിൽ ഒരു പൃഥക്ഭാവം ഇല്ലേ എന്നാണു സംശയം. ഇതും അടിസ്ഥാനമില്ലാത്തതത്രെ. മനുഷ്യനും കുരങ്ങും ഒരേ ജീവവൃക്ഷത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടു ശാഖകളാണെന്നും ഈ ശാഖകൾ കുറെ താഴോട്ടു ചെല്ലുമ്പോൾ ഒന്നായിത്തീരുന്നു എന്നു അതു പിന്നെയും താഴോട്ടു ചെന്നു് തായ്മരത്തോടു ചേരുന്നു എന്നും ഇപ്പോൾ വ്യക്തമായിട്ടുണ്ടു്. മർക്കടം മനുഷ്യന്റെ മുത്തച്ഛനാണെന്നു പറയുമ്പോൾ ഇങ്ങനെയൊരു ശാഖാബന്ധമാണു് അതിൽ സൂചിതമാക്കുന്നതു്. ശരീരഘടനയിൽ മാത്രമല്ല ഇന്ദ്രിയവ്യാപരം, ബുദ്ധിശക്തി മുതലായ സകല സംഗതികളിലും സുസ്പഷ്ടവും സുദൃഢവുമായ നരവാനരബന്ധം ദൃശ്യമായിരിക്കുന്നു. വാലുള്ള കുരങ്ങനും മനുഷ്യനും മദ്ധ്യേ നിൽക്കുന്നവയാണു് വാലില്ലാക്കുരങ്ങന്മാർ ആ വർഗത്തിൽപ്പെട്ട തള്ളമാർ കുട്ടികളോടു കാണിക്കുന്ന വാത്സല്യാദിമനോഭാവങ്ങൾ മനുഷ്യമാതൃമാർ കുട്ടികളോടു കാണിക്കുന്ന വാത്സല്യാദിമനോഭാവങ്ങൾ മനുഷ്യമാതൃഹൃദയത്തിന്റെ അസംസ്കൃതരീതിയിലുള്ള ഒരു പ്രതിഫലനം മാത്രമാകുന്നു. മർത്യശിശുക്കളുടെ ചേഷ്ടകൾ സൂക്ഷിച്ചുനോക്കിയാൽ അവയിൽ പലതും വാനരവാസനാസൂചകങ്ങളാണെന്നു കാണാം. മനുഷ്യന്റെ മസ്തിഷ്കം മർക്കടത്തിന്റേതിൽനിന്നും വ്യത്യസ്തമാണെന്നൊരു എതിർവാദം സാധാരണ പുറപ്പെടാറുണ്ടു്. ഇതും വാസ്തവവിരുദ്ധമാകുന്നു. മർത്ത്യമസ്തിഷകവും തൽകോശവും താരതമ്യേന വലുതാണെന്നല്ലാതെ മറ്റു പ്രകാരത്തിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. ആലോചനപൂർവമായ ബുദ്ധിവ്യാപാരം കുരങ്ങനിലും ഉള്ളതാണു്. അതു് തെളിഞ്ഞിട്ടില്ലെന്നേയുള്ളു. പല പരീക്ഷണങ്ങളും തത്സംബന്ധമായി ശാസ്ത്രജ്ഞന്മാർ നടത്തിയിട്ടുണ്ടു്. ഒരു പ്രൊഫസർ ‘ചിമ്പാൻസി’ കുരങ്ങന്റെ ബുദ്ധിചാതുര്യം പരീക്ഷിക്കുകയുണ്ടായി. ഒരു പഴം അകലെ ഇട്ടുകൊണ്ടു രണ്ടു കമ്പുകൾ അതിന്റെ കൈയിൽ കൊടുത്തു. ഒരു കമ്പുകൊണ്ടു പഴം തൊടാൻ സാദ്ധ്യമല്ലെന്നു കണ്ടപ്പോൾ അവൻ അതു മറ്റേ കമ്പിന്റെ അറ്റത്തുണ്ടായിരുന്ന ഒരു തുളയിൽ ഘടിപ്പിച്ചു പഴം തോണ്ടിയെടുത്തു. മനുഷ്യനിൽ തെളിഞ്ഞിരിക്കുന്ന ആലോചനയുടെ അസ്പഷ്ടരൂപമാണു് ഈമാതിരി പ്രവൃത്തികളിൽ പ്രതിഫലിക്കുന്നതു്. ഇങ്ങനെ നാനാപ്രകാരേണ പരിശോധിച്ചുനോക്കുമ്പോഴും നരവാനരബന്ധം പ്രസ്പഷ്ടമാകുന്നുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ അതു് ഒരു തറവാട്ടിലെ തായ്വഴി ബന്ധംതന്നെയാകുന്നു.
വിസ്മയനീയമായ വൈവിധ്യവും വൈചിത്ര്യവും പ്രദർശിപ്പിക്കുന്ന ഈ പരിണാമഗതിയിൽ ദൈവികമായ ഒരു ശക്തി പ്രവർത്തിക്കുന്നുണ്ടോ? ഉണ്ടെന്നു് ഇതുവരെ തെളിഞ്ഞിട്ടില്ല. നേരെമറിച്ചു് അങ്ങനെയൊരു ദിവ്യശക്തി ഇല്ലെന്നു വിചാരിക്കാനുള്ള ന്യായങ്ങളും തെളിവുകളുമാണു് ശാസ്ത്രമാർഗത്തിൽ വരുന്നതു്. എന്തെന്നാൽ ആകപ്പാടെ അവ്യവസ്ഥിതിമായ ഒരു ഗതി വിശേഷമാണിതെന്നു പറയാം. അതിനെ നിയന്ത്രിക്കുന്ന അനുല്ലംഘ്യങ്ങളായ നിയമങ്ങൾ ഉണ്ടെന്നു പറവാൻ നിവൃത്തിയില്ല. ജീവന്റെ സ്വാഭാവികമായ ഒരു മഹാപ്രവാഹം! അതിൽക്കൂടെ ഒഴുകിവരുന്ന ജീവജാലങ്ങൾ ഒരു നദിയിൽ കൂടെ വരുന്ന സംഖ്യാതീതങ്ങളായ മണൽത്തരികൾക്കും പാറക്കഷണങ്ങൾക്കും തുല്യം. ചില കല്ലുകളുടെ ആകൃതി കണ്ടാൽ അതു് മനുഷ്യഹസ്തത്താലോ മറ്റോ കൃത്രിമമായി പണി ചെയ്താണെന്നു തോന്നിപ്പോകും. എന്നാൽ വാസ്തവമെന്താണു്? ഉല്പത്തിസ്ഥാനം മുതൽ ഒഴുക്കിൽപ്പെട്ടു് തട്ടിയും തടഞ്ഞും മറ്റു പല കാരണങ്ങളെക്കൊണ്ടും ആ കല്ലുകൾ യാദൃച്ഛികസംഭവംപോലെ ഇങ്ങനെ കമനീയരൂപങ്ങളായിത്തീർന്നതു മാത്രമാണു്. മുന്നോട്ടുള്ള പ്രവാഹത്തിൽ ഇനി അവയ്ക്കു് ഏതെല്ലാം വിധത്തിൽ രൂപവ്യത്യാസം വരുമെന്നു് ആർക്കും അറിഞ്ഞുകൂടാ. പരിണാമപ്രവാഹവും ഏതാണ്ടിതുപോലെതന്നെയെന്നു വിചാരിക്കാനേ തൽക്കാലം വഴികാണുന്നുള്ളു. അതിനൊരു ഉദ്ദേശമുണ്ടെന്നും മഹത്തായ ഒരു ശക്തി അതിനെ നയിക്കുന്നുണ്ടെന്നും മറ്റും പറയുന്നവർക്കു് അവരുടെ വെറും വിശ്വാസം മാത്രമാണു് അടിസ്ഥാനമായിട്ടുള്ളതു്. ശാസ്ത്രതത്ത്വങ്ങളെ അവഗണിച്ചു വിശ്വാസത്തെമാത്രം മുറുകെ പിടിക്കുന്നവർക്കു് അതുകൊണ്ടു സുഖം തോന്നുന്നുണ്ടെങ്കിൽ അവർ അങ്ങനെ ചെയ്തുകൊള്ളട്ടെ.
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971