images/Priest_blessing_soldiers.jpg
Blessing of soldiers, a painting by Horace Vernet (1789–1863).
പുരോഹിതൻ, പോലീസ്, പട്ടാളം
കുറ്റിപ്പുഴ കൃഷ്ണപിള്ള

സമുദായം, രാഷ്ട്രം എന്നീ രൂപങ്ങളിൽ സംഘടിക്കുവാൻ ചെയ്ത യത്നത്തിന്റെ ഫലമായി അവരെ മൂന്നു ദുർബലതകൾ ബാധിച്ചു. അവയാണു് പുരോഹിതനും പോലീസും പട്ടാളവും. അഷ്ടാംഗഹൃദയകാരന്റെ വാതപിത്തകഫങ്ങളെപ്പോലെ ഇവയും ജനസമുദായഗാത്രത്തിൽ വ്യാപിച്ചിരിക്കുന്ന ത്രിദോഷങ്ങളാകുന്നു. എതദ്ദോഷങ്ങളുടെ ഉത്കടമായ പ്രവർത്തനമാണു് സമുദായങ്ങൾക്കും രാജ്യങ്ങൾക്കും അസ്വാസ്ഥ്യവും അധഃപതനവും ഉണ്ടാക്കിത്തീർക്കുന്നതു്. ഇതുവരെ നടന്നിട്ടുള്ള കലഹങ്ങളുടെയും യുദ്ധങ്ങളുടെയും ചരിത്രം ഈ തത്ത്വത്തെ വിശദീകരിക്കുന്നുണ്ടു്. പുരോഹിതനും പോലീസും പട്ടാളവും മനുഷ്യരുടെ ആദിമദശയിൽ ഉണ്ടായിരുന്നവയല്ല. ജനസമുദായത്തിന്റെ സംഘടനാപ്രയാണത്തിൽ അവ അനിവാര്യദോഷങ്ങളായി വന്നുചേർന്നവ മാത്രമാണു്. ആദ്യം പുരോഹിതൻ, പിന്നെ പോലീസ്, പിറകെ പട്ടാളം എന്ന മുറയ്ക്കു് ഈ അവശതകൾ മനുഷ്യസമുദായത്തെ ഗ്രസിച്ചു കളഞ്ഞു. ജീവിതമത്സരത്തെ വേണ്ടവിധം നിയന്ത്രിച്ചു് രാജ്യത്തിൽ ഒരു സുസ്ഥിതി പരിപാലിക്കുക എന്നുള്ളതാണു് ഇവയെക്കൊണ്ടു് സാമാന്യമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രയോജനം. പ്രസ്തുതോദ്ദേശം ഇതുവരെയും ശരിയായി നിർവഹിക്കപ്പെട്ടിട്ടില്ലെന്നു് അനുഭവം നമ്മെ പഠിപ്പിക്കുന്നു. പോലീസിന്റെ മിതമായ ആവശ്യം ഒരുപക്ഷേ, എന്നും അപരിത്യാജ്യമായിത്തന്നെയിരുന്നേക്കാം. എങ്കിലും ഈ മൂന്നിനെയും രാജ്യസമുദായഗാത്രങ്ങളിൽ കുത്തിവെക്കുന്ന ഒരുതരം വിഷദ്രവ്യങ്ങളായിട്ടുതന്നെ കണക്കാക്കേണ്ടതാണു്. രോഗത്തിന്റെ താല്ക്കാലികനിരോധനത്തിനു് ഉപകരിച്ചേക്കാമെങ്കിലും അവ അന്തർഭാഗത്തു് അത്യുഗ്രങ്ങളായ ദോഷങ്ങളെ ഉല്പാദിപ്പിക്കുന്നു. ഈ ദോഷങ്ങളുടെ പ്രവർത്തനം അനുഭവപ്പെട്ടുതുടങ്ങിയതിന്റെ ഫലമായിട്ടാണു് നവീനലോകം പുരോഹിതന്റെ പിടിയിൽനിന്നു് വിടുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതു്. പോലീസിനും പട്ടാളത്തിനും ഇതേ ഭാവിതന്നെയാണു് മുന്നിൽ നിൽക്കുന്നതെന്നു് സൂക്ഷിച്ചാലറിയാം. സുപ്രസിദ്ധമായ അരാജകത്വസിദ്ധാന്തം (Anarchism) മനുഷ്യസമുദായത്തിനു് ഈ ദോഷങ്ങളിൽനിന്നും പൂർണമായ മോചനം നേടാമെന്നു വാദിക്കുന്നുണ്ടു്.

പുരോഹിതനും പോലീസും പട്ടാളവും മനുഷ്യർക്കു് ആവശ്യമായി വന്നതു് എങ്ങനെയെന്നു് ചിന്തിക്കുന്നതു് രസാവഹമായിരിക്കും. മനുഷ്യപ്രകൃതിയെപ്പറ്റിയുള്ള തെറ്റായ ധാരണകൊണ്ടും അതിനെ നിയന്ത്രണം ചെയ്യുവാൻ സ്വീകരിച്ച ആപൽക്കരമായ മാർഗത്തിൽനിന്നും ആണു് മേൽപറഞ്ഞവയുടെ ആവശ്യംനേരിട്ടതു്. ഇതു് അധികം അപരിത്യാജ്യമായിത്തീർന്നതു് പൗരസ്ത്യ ദേശങ്ങളെ അപേക്ഷിച്ചു് പാശ്ചാത്യദേശങ്ങളിലായിരുന്നു. മനുഷ്യന്റെ സ്വഭാവം പ്രകൃത്യാ ദോഷഭൂയിഷ്ഠമാണെന്നൊരു ബോധം മദ്ധ്യകാലങ്ങളിൽ യൂറോപ്പിൽ അടിയുറച്ചിരുന്നു. ‘യൗവനം മുതൽ മനുഷ്യഹൃദയത്തിലെ ഭാവന ദുഷ്ടമായിത്തീരുന്നു’ എന്ന ബൈബിൾവാക്യംതന്നെ ഈ ബോധത്തിനു് അടിസ്ഥാനമായിട്ടുണ്ടു്. മനുഷ്യപ്രകൃതിയിൽ തിന്മയല്ലാതെ മറ്റൊന്നും അന്നു് അവർ കണ്ടിരുന്നില്ല. ഈ നീചപ്രകൃതിയെ നിരോധിക്കുന്നതിനു് ജനതാമദ്ധ്യത്തിൽ ദൈവഭീതിയെ പ്രബലപ്പെടുത്തേണ്ട ആവശ്യം നേരിട്ടു. ഇതിലേക്കു് പ്രത്യേകം വേഷം കെട്ടി പുറപ്പെട്ടവരാണു് പുരോഹിതന്മാർ. ഉൽക്കർഷസോപാനമെന്നു് ആദ്യം തെറ്റിദ്ധരിച്ചു നടത്തിയ ഈ പുരോഹിതാംഗീകരണം നരിവാലുപിടുത്തംപോലെ ഒടുവിൽ അപകടത്തിലാണു് കലാശിച്ചതെന്നു് ചരിത്രസംഭവങ്ങൾകൊണ്ടു് തെളിയുന്നുണ്ടല്ലോ. പുരോഹിതന്മാർ അന്ധമായ ജനതതിയെ നയിച്ചതു് കൃത്രിമവും കപടവുമായ മാർഗത്തിലൂടെയായിരുന്നു. ഹൃദയകവാടങ്ങൾ തുറന്നു് അകത്തു് വെളിച്ചം തെളിക്കുന്നതിനുപകരം അവർ അവയെ ബന്ധിച്ചു് മുദ്രവെക്കുകയാണു് ചെയ്തതു്. ഭയപ്പെടുത്തി ഭരിക്കുന്ന സമ്പ്രദായം ആദ്യമായി നടപ്പിൽ വരുത്തിയതു് ഇക്കൂട്ടരത്രേ. ഈ ഭയപ്പെടുത്തൽ ദൈവത്തിന്റെ പേരിലായിരുന്നതുകൊണ്ടു് അതിനു് സർവത്ര ശക്തി വർദ്ധിച്ചു. വമ്പിച്ച സാമ്രാജ്യങ്ങൾകൂടി ഇവരുടെ ഭീഷണികൾക്കു് അടിമപ്പെട്ടു. യൂറോപ്പുമുഴുവൻ ഒരുകാലത്തു് മതത്തിനുവേണ്ടി ചോരക്കടലിൽ മുങ്ങിപ്പോയതു് ഇക്കാരണത്താലാണു്. അഞ്ഞൂറു വർഷക്കാലം അത്ലാന്തികതീരംമുതൽ പെസഫിക് തീരംവരെ രക്തപ്രവാഹമുണ്ടായി; അതാണു് മുഹമ്മദുമതം എന്നു് സ്വാമി വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞിട്ടുണ്ടു്. മുഹമ്മദുമതം മാത്രമല്ല, ഇതുവരെ ഉണ്ടായിട്ടുള്ള സർവമതങ്ങളും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പാവങ്ങളുടെ ചോര കുടിച്ചു് വളർന്നിട്ടുള്ളവയാണു്. ഇങ്ങനെ നോക്കിയാൽ ലോകത്തെ ദ്രോഹിച്ചിട്ടുള്ളവരിൽ മുന്നിട്ടുനിൽക്കുന്നവർ പുരോഹിതന്മാരാണെന്നു് കാണാം. അല്പപക്ഷക്കാരുടെ സുഖത്തിനായി ഭൂരിപക്ഷം കഷ്ടപ്പെടണമെന്ന അതിനീചമായ ദുഃസ്ഥിതിക്കു് ആദ്യമായി വിത്തുപാകിയതും മറ്റാരുമായിരുന്നില്ല. ചുരുക്കത്തിൽ പുരോഹിതർ പോലീസിനെക്കാളും പട്ടാളത്തിനെക്കാളും ഭയങ്കരനാകുന്നു. അവന്റെ കൈയിലിരിക്കുന്ന മതമെന്ന മയക്കുവിദ്യ മനുഷ്യന്റെ സർവനാഡികളെയും സ്തംഭിപ്പിക്കുന്ന ഒന്നത്രെ.

പാശ്ചാത്യദേശങ്ങൾ സയൻസിന്റെ വെളിച്ചംതട്ടി ഈ മയക്കുവിദ്യയിൽനിന്നു് ഉണർന്നതോടുകൂടി പുരോഹിതപ്രാമാണ്യത്തിനു് ശൈഥില്യം സംഭവിച്ചു. ഈശ്വരനും മനുഷ്യനും മദ്ധ്യേ പുരോഹിതൻ എന്നൊരു ത്രിശങ്കു നിൽക്കുന്നതു് അനാവശ്യവും ആപൽക്കരവുമാണെന്നു് തദ്ദേശീയർ അനുഭവിച്ചറിഞ്ഞുകഴിഞ്ഞു. തൽഫലമായി പുരോഹിതമതാന്ധതയെ മർദ്ദിക്കുവാനുള്ള ശ്രമങ്ങൾ നാലുപാടും പ്രത്യക്ഷപ്പെട്ടു. ഈ ശ്രമത്തിന്റെ പ്രധാനരംഗമാണു് ഇന്നത്തെ റഷ്യ. പ്രസ്തുതരാജ്യം പുരോഹിതച്ചങ്ങല പൊട്ടിച്ചെറിഞ്ഞതുകൊണ്ടുതന്നെയാണു് ഇന്നു് ഇത്രവേഗത്തിൽ മുന്നോട്ടുപോകുന്നതു്. ജീവിതശക്തി നിർബാധമായി വികസിക്കണമെങ്കിൽ അതു മതരക്ഷകന്മാരുടെ മർക്കടമുഷ്ടിയിൽനിന്നു് മുക്തമാകണമെന്ന തത്ത്വം അവിടെനിന്നും ലോകം പഠിച്ചുതുടങ്ങിയിരിക്കുന്നു.

മേൽക്കാണിച്ചപ്രകാരം ദൈവഭീതികൊണ്ടു് മനുഷ്യപ്രവൃത്തിയെ ഭരിക്കുവാൻ സാധിക്കുന്നതല്ലെന്നു് കണ്ടപ്പോൾ പ്രാബല്യത്തിൽ വരുത്തിയ മറ്റൊരു ഉപായമാണു് നിയമഭീതി. ഇന്നു് ഭരണയന്ത്രം തിരിക്കുന്നതു് ഏതാനും നിയമ കർത്താക്കന്മാരാണു്. ഇവർ പല പേരുകളാൽ അറിയപ്പെടുന്നുവെന്നുമാത്രമേ വ്യത്യാസമുള്ളു. പണ്ടത്തെ പുരോഹിതന്മാരുടെ പ്രാമാണ്യം മുഴുവനും ഇപ്പോൾ ഇവരിലാണു് സമർപ്പിതമായിരിക്കുന്നതു്. ഇവർ ആവശ്യാനുസരണം സൃഷ്ടിച്ചുവിടുന്ന നിയമങ്ങളുടെ പരിപാലനത്തിനുള്ള ആയുധങ്ങളാണു് പോലീസും പട്ടാളവും. രണ്ടാമത്തേതു് അന്യരാജ്യങ്ങളുടെ ആക്രമണത്തിനുകൂടി ഉപയോഗപ്പെടുത്തുന്നുണ്ടെന്നുള്ള വിശേഷം മാത്രം. ഇവ രണ്ടും പുറകിലില്ലെങ്കിൽ നിയമത്തെ ജനങ്ങൾ ഗണ്യമാക്കുകയില്ല. ഇപ്പോഴത്തെ നിയമങ്ങളിൽ മിക്കതും മനുഷ്യസ്വഭാവത്തെ മലീമസമാക്കുന്നവയും അടിമത്തത്തെ പുലർത്തുന്നവയും ആകുന്നു. അവ ജനങ്ങളുടെ അഭിപ്രായമറിഞ്ഞോ അവരുടെ ക്ഷേമത്തെ ലക്ഷ്യമാക്കിയോ നിർമിക്കപ്പെട്ടിട്ടുള്ളവയല്ല. അങ്ങനെയാണെങ്കിൽ അവയുടെ പരിപാലനത്തിനു് ബലപ്രയോഗം ആവശ്യമായിവരുന്നതല്ല. ഉദാഹരണമായി മഹാത്മാഗാന്ധി യുടെ സഹനസമരപ്രസ്ഥാനംതന്നെ എടുക്കാം. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സത്യഗ്രഹഭടന്മാർക്കു് പല നിയമങ്ങളും അനുസരിക്കാനുണ്ടു്. അവയിൽ പലതും അതിതീവ്രങ്ങളുമാണു്. എന്നിട്ടും ഭടന്മാർ സ്വന്തമനസ്സാലെ നിയമങ്ങൾക്കു് ബഹുകണിശമായി വഴിപ്പെടുന്നു. ഇവരെ ഇങ്ങനെ നിയന്ത്രിക്കുന്നതിനു് ഗാന്ധിക്കു് പോലീസും പട്ടാളവും വേണ്ടിവന്നില്ല. കാരണം, അദ്ദേഹത്തിന്റെ നിയമശാസനങ്ങൾ അനുസരിക്കേണ്ടവരുടെ അഭ്യുദയത്തിനുവേണ്ടിയും അവരുടെ സമ്മതമറിഞ്ഞും ഏർപ്പെടുത്തപ്പെട്ടവയാണെന്നുള്ളതുതന്നെ. ഇപ്പോൾ സാധാരണയായി ജനങ്ങൾ നിയമത്തിനു് വഴിപ്പെടുന്നതു് ഭയംകൊണ്ടുമാത്രമാണു്. ഭയം ഏതു കാര്യത്തിലും ഏതവസ്ഥയിലും ദോഷകരമാകുന്നു. ഏതെങ്കിലും രൂപത്തിൽ ഭയം പ്രവർത്തിക്കുന്നകാലത്തോളം മനുഷ്യനു് ശക്തിയും ശുദ്ധിയും ഉണ്ടാകുന്നതല്ല. ജനഹൃദയത്തിലെ സാത്വികാംശം വികസിക്കുന്നതിനു് ഭയം എപ്പോഴും പ്രതിബന്ധകമായി ഭവിക്കുന്നു. എന്നു മാത്രമല്ല അതു മനുഷ്യന്റെ മൃഗീയമായ പ്രകൃതിയെ പ്രവൃത്ത്യുൻമുഖമാക്കുന്നതിനു് സഹായിക്കുകയും ചെയ്യും. അനിഷ്ടഫലപ്രദങ്ങളായ കൃത്രിമനിയമങ്ങൾകൊണ്ടു് ബന്ധിക്കപ്പെടുന്ന മനുഷ്യസ്വഭാവം അവസരം ലഭിക്കുമ്പോഴെല്ലാം കലുഷമായി ക്ഷോഭിച്ചു് വിപ്ലവ പ്രവണമായിത്തീരുന്നതാണു്. നിയമം പ്രബലതരമായി പ്രവർത്തിച്ചിട്ടും ലോകത്തിൽ കലഹങ്ങൾ കൂടിക്കൂടിവരുന്നതു് ഇക്കാരണംകൊണ്ടത്രേ.

സമാധാനസംരക്ഷണത്തിനും നീതിന്യായപരിപാലനത്തിനുമായി സൂക്ഷിക്കപ്പെടുന്ന പോലീസും പട്ടാളവും വിപരീതഫലത്തെയാണു് അധികമായി പ്രദാനം ചെയ്യുന്നതെന്നു് പ്രാപ്തകാലസംഭവങ്ങൾതന്നെ വിളിച്ചുപറയുന്നുണ്ടു്. കുറ്റക്കാരെ നിയന്ത്രിക്കുന്നതിനും കൊള്ളയും കവർച്ചയും ഇല്ലായ്മചെയ്യുന്നതിനുമാണല്ലോ പോലീസ്. ഒരു രാജ്യത്തു് ആ വകുപ്പു് വേണ്ടതിലധികം വിശാലമായിട്ടുണ്ടെങ്കിൽ അതിൽനിന്നു് അനുമാനിക്കേണ്ടതു് ആ രാജ്യത്തിലെ ജനങ്ങൾ ക്രിമിനൽപ്പുള്ളികൾക്കുതുല്യം അധഃപതിച്ചിട്ടുണ്ടെന്നാണു്. പട്ടാളത്തിന്റെ സ്ഥിതി ഇതിൽനിന്നു് ഒട്ടും വ്യത്യസ്തമല്ലെന്നു് മാത്രമല്ല, ഇതിനെക്കാൾ അപമാനകരവും ആപൽക്കരവും കൂടിയാകുന്നു. പട്ടാളം ചുരുക്കുവാൻ നോക്കാതെ അതിനെ പെരുക്കുവാനും പരിഷ്കരിക്കുവാനും പുറപ്പെടുന്നതു് രാജ്യത്തിന്റെ അഥവാ പൗരാവലിയുടെ മുഖത്തു് കരിതേക്കുകതന്നെയാകുന്നു. പട്ടാളം പെരുകുമ്പോഴാണു് യുദ്ധങ്ങൾ ഉണ്ടാകുന്നതു്. യുദ്ധം നടക്കുന്നതു് ജനങ്ങളുടെ ആവശ്യത്തിനല്ല. അതു ഭരണയന്ത്രം തിരിക്കുന്ന ഏതാനും ദുഷ്ടാത്മാക്കളുടെ ദുരഭിമാനംകൊണ്ടും ദുർമോഹംകൊണ്ടും വരുത്തിക്കൂട്ടുന്ന ഒരു ഭയങ്കരസംഭവമാകുന്നു. യുദ്ധം വേണമെന്നു് ഒരു രാജ്യത്തിലെ പ്രജകളും പറയുകയില്ല. പല തന്ത്രങ്ങളും പ്രയോഗിച്ചു് അവരുടെ ആനുകൂല്യം കൃത്രിമമായി സമ്പാദിക്കുകയാണു് ഭരണാധികാരികൾ ചെയ്യുന്നതു്. പട്ടാളം പ്രജകൾക്കുവേണ്ടിയുള്ളതല്ല, അവരെ ഭരിക്കുന്നവരുടെ അഭിമാനവും അധികാരവും പുലർത്തുവാനുള്ളതാണു്. നാലഞ്ചു് നേതാക്കന്മാർകൂടി ആലോചിച്ചു നിശ്ചയിച്ചാലുടൻ അതിനു് കീഴടങ്ങി നാലഞ്ചു് ലക്ഷം ജനങ്ങൾ പടക്കളത്തിൽ പോയി വെടിയേറ്റു് മരിച്ചുകൊള്ളണമെന്ന ഏർപ്പാടാണു് യുദ്ധത്തിൽ അടങ്ങിയിരിക്കുന്നതു്. ഇതു് അധർമ്മത്തിന്റെ പരകോടിയെ കാണിക്കുന്ന ഒരു പൈശാചിക സമ്പ്രദായമല്ലേ? ഇതിൽനിന്നും മോചനം നേടാൻ പരിഷ്കൃതനായ മനുഷ്യനു് ഇനിയും സാധിച്ചിട്ടില്ല. യുദ്ധം നിർത്തുവാനുള്ള ഇപ്പോഴത്തെ മുറവിളി സാമാന്യജനതയിൽനിന്നാണു് പുറപ്പെട്ടിട്ടുള്ളതു്. അതിലേക്കുള്ള നവീന സംരംഭങ്ങൾ പട്ടാളത്തിന്റെ ദുർഭരമായ ഭാരത്തെയും നിഷ്പ്രയോജനതയെയും അതുകൊണ്ടുതന്നെ ആപത്തിനെയും നല്ലപോലെ വെളിവാക്കുന്നുണ്ടു്.

ഒരു പരിഷ്കൃതഗവൺമെന്റിന്റെ യോഗ്യതയെയും പ്രതാപത്തെയും അല്ല, പോലീസും പട്ടാളവും സൂചിപ്പിക്കുന്നതു്. നേരെമറിച്ചു് ഗവൺമെന്റിന്റെ ഭീരുത്വത്തെയും അശക്തിയെയും ജനാവലിയുടെ സ്വതന്ത്രാഭിവൃദ്ധിക്കുള്ള വിഘാതത്തെയുമാണു് അവ തുറന്നുകാണിക്കുന്നതു്. ആദർശരൂപത്തിൽ നോക്കുമ്പോൾ ഒരു രാജ്യത്തിന്റെ യഥാർത്ഥമായ പരിഷ്കൃതാവസ്ഥയിൽ പോലീസിന്റെയും പട്ടാളത്തിന്റെയും ആവശ്യം ഉണ്ടായിരിക്കുവാൻ പാടില്ല. അഥവാ ഉണ്ടായാൽത്തന്നെ അതു് തുലോം ലഘുവായിരിക്കുകയും ചെയ്യും. ഭീമമായ ഒരു പട്ടാളത്തെ തീറ്റിപ്പോറ്റാതെ രാജ്യഭരണം ഭംഗിയായി നടത്താമെന്നുള്ളതിനു് ചൈനയിലെ പ്രാചീനസ്ഥിതി ഒരു ഉത്തമദൃഷ്ടാന്തമാണു്. പാശ്ചാത്യരുമായുള്ള സമ്പർക്കത്തിനുമുമ്പു് അവിടത്തെ ഭരണം എത്രയോ ശാന്തമായിരുന്നു. നാല്പത്തിനാലുകോടി ജനങ്ങൾ അധിവസിക്കുന്ന ഒരു മഹാരാജ്യമാണു് ചൈന. അവിടെ പ്രാചീനകാലത്തുണ്ടായിരുന്ന പട്ടാളക്കാരുടെ സംഖ്യ ഒരു ലക്ഷം മാത്രമാണു്. പാശ്ചാത്യരാജ്യങ്ങളിലെ ആധുനികസ്ഥിതിയുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ ഈ സംഖ്യ എത്രയും നിസ്സാരമാണെന്നു് കാണാം. പട്ടാളം കുറഞ്ഞിരുന്ന അക്കാലത്തു് അവിടെ ഇന്നത്തെപ്പോലെ അന്തഃഛിദ്രങ്ങളും യുദ്ധങ്ങളും ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, പുരോഹിതനും പോലീസും അന്നു് അവർക്കു് ആവശ്യമില്ലായിരുന്നു എന്നു് കേൾക്കുമ്പോൾ നമുക്കു് അത്ഭുതം തോന്നിയേക്കാം. ചൈനയെപ്പറ്റി അവിടത്തെ ഒരു പ്രസിദ്ധ പണ്ഡിതൻ എഴുതിയിട്ടുള്ള ഒരു നവീനഗ്രന്ഥത്തിൽ ഈ സംഗതികൾ തെളിവുസഹിതം വിവരിച്ചിട്ടുണ്ടു്. ചൈനക്കാരുടെ ആചാര്യനായ കൺഫ്യൂഷ്യസി ന്റെ സിദ്ധാന്തങ്ങളായിരുന്നു അന്നത്തെ ശാന്തമായ ഭരണത്തിനു് അടിസ്ഥാനമായി പ്രവർത്തിച്ചിരുന്നതു്. ചൈനയിലെ ബാലന്മാർ പാഠാലയത്തിൽ ആദ്യമായി പഠിക്കുന്നതു് മനുഷ്യസ്വഭാവം നന്മയുടെ ഇരിപ്പിടമാണെന്ന തത്ത്വമത്രേ. കൺഫ്യൂഷ്യസിന്റെ ഈ ഉപദേശം നന്നായിട്ടു് ജീവിക്കുവാനുള്ള ഒരു ആന്തരപ്രേരണയായി ജനഹൃദയത്തിൽ പ്രവർത്തിച്ചിരുന്നു. മതസംബന്ധമായ യാതൊരു കൺകെട്ടു് വിദ്യകളും ഇത്തരം അദ്ധ്യയനത്തിൽ ഉണ്ടായിരുന്നില്ല. തൽഫലമായി വന്നുചേർന്നതാണു് അന്നത്തെ ശാന്തത. അതു് ജനങ്ങളുടെ ഉള്ളിൽനിന്നു് പുറപ്പെട്ടതാണു്. അല്ലാതെ ഭരണാധികാരികൾ പുറമേനിന്നു് ബലം പ്രയോഗിച്ചു് കൃത്രിമമായി കെട്ടിനിർത്തിയതല്ല! അതിന്റെ അടിസ്ഥാനം ഭീഷണിയും ശാസനയും അല്ലായിരുന്നു.

മനുഷ്യൻ നന്നാകുന്നതിനു് ഒരു പ്രേരണയും നിയന്ത്രണവും അത്യാവശ്യം തന്നെ. അതിൽ ആർക്കും തർക്കമില്ല. എന്നാൽ, അതു് പ്രകൃതിക്കനുകൂലമായി അവന്റെ ഹൃദയാന്തർഭാഗത്തു് പ്രവർത്തിക്കത്തക്കതായിരിക്കണം. ഇതിലേക്കു് അറിവിന്റെയും സ്നേഹത്തിന്റെയും ശക്തികളെ ഹൃദയത്തിൽ ഉൽബുദ്ധമാക്കുകയാണു് വേണ്ടതു്. ജനതതിയെ വിദ്യാഭ്യാസംകൊണ്ടു് ഉണർത്തിക്കുകയും സ്നേഹംകൊണ്ടു് വശീകരിക്കുകയും ചെയ്യുന്ന ഒരു ഗവൺമെന്റിനു് പോലീസും പട്ടാളവും അജഗളസ്തനങ്ങളായിത്തീരും. അഥവാ അങ്ങനെ ആക്കിത്തീർക്കുകയെന്നതാണു് ഒരു പരിഷ്കൃതഗവൺമെന്റിന്റെ ധർമം. തൽക്കാലം ഇതു് ഒരു അപ്രാപ്യമായ ആദർശംമാത്രമായിരിക്കാം. എങ്കിലും അതിനെ മുൻനിർത്തിയുള്ള പുരോഗമനം അപരിത്യാജ്യമാകുന്നു. ദൈവത്തിന്റെയും നിയമത്തിന്റെയും പേരിൽ ഭയമാകുന്ന വിഷം കുത്തിവെയ്ക്കുന്ന ഇന്നത്തെ കുത്സിതമായ നയം നശിച്ചു് രാജ്യമണ്ഡലം അചിരേണ ശുദ്ധമായിത്തീരുമെന്നു് നമുക്കു് ആശിക്കാം.

(വിചാരവിപ്ലവം 1936)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Purohithan, Police, Pattalam (ml: പുരോഹിതൻ, പോലീസ്, പട്ടാളം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Purohithan, Police, Pattalam, കുറ്റിപ്പുഴ കൃഷ്ണപിള്ള, പുരോഹിതൻ, പോലീസ്, പട്ടാളം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 22, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Blessing of soldiers, a painting by Horace Vernet (1789–1863). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.