മഹാത്മാഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനു് ആതിഥ്യം നൽകി സുപ്രസിദ്ധനായിത്തീർന്ന മുറിയൽ ലസ്റ്റർ അവരുടെ ലോകപര്യടനത്തിനിടയിൽ ഒരിക്കൽ കേരളത്തിലും സഞ്ചരിക്കുകയുണ്ടായി. അന്നു് ആ മഹതിചെയ്ത ഒരു പ്രസംഗം ഇതെഴുതുന്ന ആൾക്കും കേൾക്കാനിടവന്നു. അതിൽ അവർ പറഞ്ഞ ഒരു കാര്യം ഒരിക്കലും മായാത്തവിധം മനസ്സിൽ പതിഞ്ഞു. താൻ മൂന്നു് പ്രാവശ്യം ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചെന്നും ഈ സഞ്ചാരങ്ങൾക്കിടയിൽ ഒരു സംഗതി ഏറ്റവും കൂടുതലായി തനിക്കനുഭവപ്പെട്ടുവെന്നും ആണു് അവർ പറഞ്ഞതു്. എന്താണിതു് ? ഏതു് രാജ്യത്തു് ചെന്നാലും സത്യാവസ്ഥ എന്തെന്നു് അറിയാൻ വയ്യായ്ക: തത്ത്വജ്ഞാനിയുടെ സത്യമല്ല, അവർ അന്വേഷിച്ചതു്. ഓരോ രാജ്യത്തിലെയും രാഷ്ട്രീയവും സാമൂഹ്യവുമായ സ്ഥിതിഗതികൾ—അവയുടെ സത്യാവസ്ഥ—അതെങ്ങനെ അറിയാനാണു്? ഗവണ്മെന്റ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾപോലും ഇന്നു് ഒരു രാജ്യത്തും വിശ്വസിക്ക വയ്യാതായിരിക്കുന്നു! പ്രചാരണം അത്രമാത്രം കൊടുമ്പിരിക്കൊണ്ടു് മതിഭ്രാമകവും കലുഷവുമായി ലോകമാസകലം പടർന്നുപിടിച്ചിരിക്കയാണു്. അതിന്റെ കരിനിഴൽ ബാധിക്കാത്ത ഒരിടവും ഇന്നു് ഭൂലോകത്തിലില്ല. വമ്പിച്ച രാഷ്ട്രങ്ങൾ ലക്ഷക്കണക്കിനല്ല, കോടിക്കണക്കിനാണു് പ്രചാരണത്തിനുവേണ്ടി പണം ചെലവുചെയ്യുന്നതു്.
പ്രചാരണം പണ്ടും ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ഇന്നത്തെപ്പോലെ അതൊരു കലാരൂപം പൂണ്ടു് ജനസമുദായത്തെ വിഭ്രമിപ്പിച്ചിരുന്നില്ല. ഇന്നു് കാണുന്നവിധം പ്രചാരണം മനോമോഹനമായ ഒരു കലയാക്കിത്തീർത്തതു് കമ്യൂണിസ്റ്റ് പാർട്ടിയും സോവിയറ്റ് റഷ്യയുമാണെന്നു് പറയാം. കമ്യൂണിസ്റ്റുകാരുടെ ഒന്നാമത്തെ ആയുധമാണതു്. വഴിയെ പോകുന്നവരെ കൈയും മെയ്യും കാട്ടി വശീകരിക്കുന്ന വാരനാരികളുടെ രൂപവും ഭാവവും അവർ ഈ കലാ വിദ്യയിൽ അടക്കംചെയ്തിട്ടുണ്ടു്. തന്മൂലം പ്രചാരണത്തിനു് ഒരു നല്ല വശമുണ്ടെങ്കിൽത്തന്നെ അതു് ദുഷ്ടവും ഭ്രഷ്ടവുമായിപ്പോയി. ഈ ദുഷിച്ച സമ്പ്രദായം തല്ക്കാലകാര്യസിദ്ധിക്കായി ഇപ്പോൾ അമേരിക്ക തുടങ്ങിയ മറുതലകളും സ്വീകരിച്ചിരിക്കയാണല്ലോ. സത്യപ്രകാശം പുറത്തു് കടക്കാതിരിക്കാനുള്ള വഴികൾ കണ്ടുപിടിക്കുന്നതിലാണു് ഇന്നു് ഇരുകൂട്ടരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു്. എന്തൊരു ദുരവസ്ഥയാണിതെന്നു് നോക്കുക! ചേരിത്തലവന്മാരായ അമേരിക്കയും റഷ്യയും പ്രചാരണത്തിനായി ചെലവിടുന്ന സംഖ്യയുടെ വലിപ്പം ആലോചിച്ചാൽ നാം അമ്പരന്നു് പോകും. ഇതിന്റെയൊക്കെ ഫലമോ, ഇരുകൂട്ടർ പറയുന്നതും ഇന്നു് ആളുകൾ വിശ്വസിക്കാതായിരിക്കുന്നു!
നുണപറയുക മാത്രമല്ല, പറയുന്ന നുണ ഇങ്ങനെ ചായം പുരട്ടി സംഘടിതരൂപത്തിൽ ലോകമൊട്ടാകെ പ്രചരിപ്പിക്കുന്നതിനു് കോടികോടിയായി ധനം ദുർവ്യയംചെയ്യുകയെന്നതു് ഈ നവയുഗത്തിന്റെ ഒരു പ്രധാന ലക്ഷണമായിത്തീർന്നിട്ടുണ്ടു്. തുടർച്ചയായ പുരോഗമനം ഇതിൽ മാത്രമാണു്—അതീതകാലങ്ങളിലൊരിക്കലും പൊതുവഞ്ചനയ്ക്കു് ഇതുപോലെ വിശ്വവ്യാപകമായ പ്രതിഷ്ഠ ലഭിച്ചിട്ടില്ല. പ്രചാരണം ഒന്നു് വിശകലനംചെയ്തു് നോക്കുന്നതു് രസകരമായിരിക്കും. അതിനകത്തു് പല വിദ്യകളും കാണാം. വെറും നുണ പറഞ്ഞു് പരത്തുക, നേരും നുണയും കലർത്തുക, നേരു് പറയാതെ മിണ്ടാതിരിക്കുക, നേരിനു് നേർമവരുത്തി നുണ ഊതി വീർപ്പിക്കുക ഇങ്ങനെ പലതും. അമേരിക്കയുടെയും റഷ്യയുടെയും ഔദ്യോഗികമായ പ്രസ്താവനകൾ, പ്രസംഗങ്ങൾ, മറ്റു് പ്രസിദ്ധീകരണങ്ങൾ ഇവയെല്ലാംതന്നെ മേല്പറഞ്ഞ കൗശലങ്ങൾക്കു് ഉദാഹരണങ്ങളാണു്. അതുമാത്രമോ? ഈ രാജ്യങ്ങളുടെ സ്വാധീനവലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഗ്രന്ഥകാരന്മാരും ഇത്തരം പ്രചാരണത്തിന്റെ ദല്ലാളന്മാരായിപ്പോകുന്നു. അവരുടെ എഴുത്തും പ്രസംഗവും ഇന്നു് വിശ്വാസയോഗ്യങ്ങളായി കരുതാൻ വിഷമം. ലോകപ്രസിദ്ധന്മാരായ ചില ഗ്രന്ഥകാരന്മാർപോലും രാഷ്ട്രീയരംഗത്തിലെ ചേരിതിരിവിൽപ്പെട്ടു് പ്രചാരണത്തിനു് അടിമകളായി തങ്ങളുടെ സൽകീർത്തിക്കു് ഹാനിവരുത്തിയിട്ടുണ്ടു്. പ്രചാരണത്തിന്റെ സമ്മർദ്ദംമൂലം സാഹിത്യാദികലകളും അധഃപതിച്ചിരിക്കുന്നുവെന്നു് പറയാതെ നിവൃത്തിയില്ല. കലയിൽ ഒരുതരം പ്രചാരണം ഉണ്ടു്. അതു് സ്വീകാര്യംതന്നെ. എന്നാൽ, അതു് വ്യംഗ്യഭംഗിയിൽ വന്നുചേരുന്നതാണു്. അതു് വാച്യമായിപ്പോയാൽ കലാഭംഗി നശിക്കും. ഇന്നത്തെ സാഹിത്യകൃതികളിൽ കാണുന്ന പ്രചാരണം മിക്കവാറും വാച്യംതന്നെയാണു്. അത്തരം പുസ്തകങ്ങൾ ഒരു തവണ വായിച്ചുതീർക്കാനുള്ള ക്ഷമപോലും നമുക്കുണ്ടാകുന്നില്ല. രാഷ്ട്രീയമായ പ്രചാരണത്തിനു് സർവപ്രാധാന്യം ലഭിച്ചതിനുശേഷം റഷ്യ, അമേരിക്ക മുതലായ രാജ്യങ്ങളിൽനിന്നു് പുറപ്പെട്ടിട്ടുള്ള സാഹിത്യകൃതികൾ പരിശോധിച്ചാൽ അവയിൽ മുക്കാൽ പങ്കും ഉത്തമസാഹിത്യകോടിയിൽ ഉൾപ്പെടുന്നവയല്ലെന്നു് കാണാം.
ഇപ്രകാരം നാനാപ്രകാരേണ പ്രചാരണംകൊണ്ടു് സത്യം മറയ്ക്കാൻ തുടങ്ങിയാൽ ഇതു് എവിടെച്ചെന്നവസാനിക്കും? ‘അന്യതമേവ വ്യവഹാരജയ ഹേതുഃ’ എന്നു് വിഷ്ണുപുരാണത്തിൽ കലിയുഗസ്വഭാവത്തെപ്പറ്റി പറഞ്ഞിട്ടിട്ടുണ്ടു്. ഈ പ്രമാണമാണെന്നു് തോന്നുന്നു ഇന്നത്തെ രാഷ്ട്രങ്ങളുടെ രാജ്യതന്ത്രത്തിനു് അവലംബം. എന്നാൽ, നുണ പറഞ്ഞു് പറഞ്ഞു് അങ്ങേയറ്റത്തെത്തിയാൽ അതു് ജയത്തിൽ കലാശിക്കുമോ? ‘ഒരൊറ്റ നുണ മുടന്തനാണു്. അതു് തനിച്ചു് നിൽക്കയില്ല’ (A lie is a cripple, it cannot stand alone) എന്നൊരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടു്. ഒരു മുടന്തൻ നുണയെ താങ്ങിനിർത്താൻ അതിന്റെകൂടെ പല നുണകളും പറയേണ്ടിവരും. അങ്ങനെ താങ്ങുകൊടുത്തുകൊടുത്തു് ഒടുവിൽ എല്ലാംകൂടി തട്ടിത്തകർന്നു് താഴെ വീഴത്തക്ക നിലയിലെത്തിയാലോ?
‘സത്യമേവ ജയതി നാനൃതം’ എന്ന ആർഷവചനം അപ്പോൾ അർത്ഥവത്തായേക്കും.
(ചിന്താതരംഗം 1953)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971