വാല്മീകിരാമായണം അയോദ്ധ്യാകാണ്ഡത്തിൽ നൂറ്റിയെട്ടാം സർഗം ചിന്താർഹവും രസകരവുമായ ഒന്നാണു്. ജാബാലിയുടെ നാസ്തികമതനിരൂപണം എന്നാണു് മൂലത്തിൽ ആ സർഗത്തിന്റെ പേരു്. പക്ഷേ, പ്രതിപാദ്യവിഷത്തിനു് ഈ പേരു വേണ്ടത്ര യോജിച്ചതാണെന്നു തോന്നുന്നില്ല. നാസ്തികമതത്തെപ്പറ്റി പൊതുവായ ഒരു നിരൂപണമല്ല ഇതിലുള്ളതു്. ജാബാലി ഒരു നാസ്തികന്റെ നിലയിൽ രാമനോടു തൽക്കാല കർത്തവ്യത്തെപ്പറ്റി ഒരുവാദം നടത്തുന്നുവെന്നേയുള്ളു. രാമനെ നാട്ടിലേക്കു തിരിച്ചു കൊണ്ടുവരാൻ പുറപ്പെട്ട ഭരതന്റെ കൂടെ ഏതാനും ബ്രാഹ്മണപണ്ഡിതന്മാരും ഉണ്ടായിരുന്നു. അവരിൽ ഒരാളാണു് ജാബാലി. രാമൻ തിരിച്ചുവന്നു് രാജ്യഭാരമേൽക്കണമെന്നു് ഭരതനും അനുയായികളും താണുവീണു കേണപേക്ഷിച്ചിട്ടും ആ സത്യവ്രതൻ വഴിപ്പെട്ടില്ല. പിതാവു് കൈകേയിയോടു ചെയ്തുപോയ പ്രതിജ്ഞ പാലിക്കണമെന്ന ദൃഢവ്രതമായിരുന്നു രാമന്റേതു്. ഈ നിലപാടു് എത്രത്തോളം ന്യായയുക്തവും ധർമാനുസൃതവുമാണെന്ന കാര്യം ചിന്തനീയമാണെന്നു ചിലർക്കെങ്കിലും തോന്നിയിരിക്കണം. രാമൻ എന്തായാലും സ്വനിശ്ചയത്തിൽനിന്നു് ഇളകുന്നില്ലെന്നു കണ്ടപ്പോൾ സ്വതന്ത്രചിന്തകനായ ജാബാലി മുന്നോട്ടു വന്നു് തത്ത്വപരമായ ഒരു ന്യായവാദം നടത്തിനോക്കി. രാമനും മറ്റു ശ്രോതാക്കൾക്കും അതൊരു നാസ്തികവാദമായിട്ടാണു തോന്നിയതു്.
‘ധർമം വിട്ടീവിധം ചൊന്നാൻ ജാബാലി ബ്രാഹ്മണോത്തമൻ’ എന്നു കവി പറയുന്നു. എന്താണീ ധർമം? അക്കാലത്തെ പുരോഹിതാനുശാസനമായ വൈദികധർമംതന്നെ. വാല്മീകി വസിഷ്ഠപ്രഭൃതികളും രഘുവംശ രാജാക്കന്മാരും മറ്റും വൈദിക ധർമത്തിൽ ഉറച്ചുനിൽക്കുന്നവരുമാണല്ലോ. അനേകധാ പ്രദുഷ്ടമായ പ്രസ്തുതധർമത്തെ ചോദ്യംചെയ്ത ബുദ്ധൻ, കപിലൻ തുടങ്ങിയ ചിന്തകർ അക്കാലത്തു നാസ്തികന്മാരായിട്ടാണു ഗണിക്കപ്പെട്ടിരുന്നതു്. അപ്പോൾ ജാബാലിയും‘ധർമം’ വിട്ടു സംസാരിച്ചതുമൂലം നാസ്തികനായിപ്പോയതിൽ അത്ഭുതപ്പെടാനില്ല.
പിതൃപുത്രാദിബന്ധങ്ങളിലുള്ള വൈകാരികാംശത്തെ തീരെ തള്ളിക്കളഞ്ഞു് അവയെ താത്ത്വികദൃഷ്ടിയോടെ കേവലം ബുദ്ധിപരമായി വിശകലനം ചെയ്തുകൊണ്ടാണു് ജാബാലി തന്റെ വാദമാരംഭിക്കുന്നതു്.
1 ആരാർക്കു ബന്ധു?വാർക്കെന്തോ-
ന്നെന്തൊന്നാലുണ്ടു ലഭ്യമായ്
താനേ വന്നു പിറക്കുന്നു
താനേ ചാകുന്നു ദേഹികൾ
2 അതിനാലിങ്ങമ്മയച്ഛ-
നെന്നെവൻ രാമ, സക്തനാം
അവനേതാണ്ടൊരുന്മത്ത-
നില്ലൊരാൾക്കുമൊരാളുമേ
3 ഗ്രാമാന്തരം പോകുമൊരാ-
ളെങ്ങാനും ചെന്നു പാർക്കയും
പിറ്റേന്നാപ്പാർപ്പിടം വിട്ടു
പോകയും ചെയ്യുകയില്ലയോ?
4 ഇവ്വണ്ണം തന്നെ മനുജർ-
ക്കച്ഛനമ്മ ഗൃഹം ധനം
കാകുൽസ്ഥ, പാർപ്പിടം മാത്രം
സക്തരാകില്ലിതിൽ ബുധർ’
വള്ളത്തോളി ന്റെ ഈ പരിഭാഷ സുവ്യക്തമാകയാൽ ഇവിടെ അർത്ഥവിവരണം ആവശ്യമില്ലല്ലോ. നിർവികാരനായ ഒരു ശുഷ്കവേദാന്തിയുടെ മട്ടിലാണു് ജാബാലിയുടെ ഈ ചോദ്യോത്തരങ്ങൾ. രാമൻ അച്ഛന്റെ വാക്കിനു് അത്ര വലിയ വിലയൊന്നും കല്പിക്കേണ്ടതില്ലെന്നും രാജ്യം ത്യജിച്ചു വനവാസിയായതു ബുദ്ധിപൂർവ്വകമല്ലെന്നുമത്രേ ഇതിലെ സൂചന. തത്ത്വമാലോചിച്ചു നോക്കിയാൽ:
നിനക്കാരദ്ദശരഥ-
നാരദ്ദേഹത്തിനും ഭവാൻ
ആ നൃപൻ വേറെ നീ വേറെ’
എന്നു വീണ്ടും ഉദ്ബോധിപ്പിച്ചുകൊണ്ടു് ജാബാലി രാമനോടു് അയോദ്ധ്യയിലേക്കു തിരിച്ചുവന്നു നാടുവാഴാൻ നിർബന്ധിക്കുന്നു.
‘പ്രാണിക്കച്ഛൻ വെറും വിത്ത്
മാതാവിലൃതുവേളയിൽ
ചേർന്ന ശുക്ലാസ്രമാണല്ലോ
ജന്മഹേതു നരന്നിഹ’
എന്നിങ്ങനെ ഈ ബ്രാഹ്മണൻ യാതൊരു സങ്കോചവും കൂടാതെ ജന്മഹേതുവിനെപ്പറ്റി ഒരു ശാസ്ത്രീയവിശദീകരണവും നിൽക്കുന്നുണ്ടു്. പിതൃപുത്രബന്ധത്തെ തത്ത്വദൃഷ്ട്യാ വീക്ഷിക്കാൻ രാമനെ അതു സഹായിക്കുമെന്നു് അദ്ദേഹം വിചാരിച്ചിരിക്കാം. പിതൃക്കൾക്കുവേണ്ടി ചാത്തമിടുന്ന സമ്പ്രദായത്തെ ഒരന്ധാചാരമെന്ന നിലയിൽ ജാബാലി അപലപിക്കുന്നതും പ്രത്യേകം ശ്രദ്ധേയമാണു്.
‘നോക്കു ചോറ്റിന്റെ ചെലവു്! ചത്താളൂണുകഴിക്കുമോ?’ എന്ന ചോദ്യം രസകരമായിട്ടുണ്ടു്.
‘ഒരാളിങ്ങുണ്ടതന്യന്റെ
ദേഹത്തിൽച്ചെല്ലുമെങ്കിലോ
പോയവന്നൂട്ടിയാൽച്ചാത്തം
വഴിച്ചോറായിടേണ്ടയോ?
മയക്കു പുസ്തകമിതു
ലാഭാർത്ഥം പ്രാജ്ഞരാൽ കൃതം’
ഇതിലെ അന്ത്യഭാഗം മനുഷ്യരെ വഴിപിഴപ്പിക്കുന്ന പൗരോഹിത്യത്തിന്റെയും മതമേഖലയിലെ മറ്റു നിക്ഷിപ്തതാല്പര്യങ്ങളുടെയും തലയ്ക്കടിക്കുന്ന ഒന്നാണു്. മതത്തിലെ ഈ മയക്കുപുസ്തകങ്ങൾ പാരായണം ചെയ്തു ബുദ്ധികെട്ടിട്ടാണല്ലോ മനുഷ്യർ അന്ധതയിലാണ്ടു പുരോഹിതവർഗ്ഗത്തിന്റെ ചൂഷണത്തിനിരയായിപ്പോകുന്നതു്. ജാബാലി ഇത്ര രസികനും ഉല്പതിഷ്ണുവുമാണെന്നു് ഈ ഭാഗം വായിക്കുമ്പോഴെ തെളിയുന്നുള്ളു. അവസാനമായി അദ്ദേഹം പറകയാണു്. പ്രത്യക്ഷം സ്വീകരിച്ചാലും പരോക്ഷം പിന്നിലാക്കി നീ എന്നും.
‘ആസർവലോകാദ്യതമാം
ബുദ്ധി മുന്നിർത്തിയിട്ടു നീ
രാജ്യത്തെയേറ്റു വാങ്ങിക്ക
ഭരതന്റെയപേക്ഷയാൽ’
എന്നും അജ്ഞേയമായ പരോക്ഷകാര്യങ്ങളെപ്പറ്റി വിചാരിച്ചു ജീവിതം പാഴാക്കാതെ സുവിജ്ഞാതമായ പ്രത്യക്ഷകാര്യങ്ങളിൽ ശ്രദ്ധിക്കാനാണു് ഇവിടെ ജാബാലി ഉപദേശിക്കുന്നതു്. ഇതു് ഏറ്റവും അർത്ഥവത്തായിട്ടുണ്ടു്. അന്നത്തെപ്പോലെ തന്നെ ഇന്നും ഭാരതീയർക്കു് ആവശ്യമായ വിലപ്പെട്ട ഒരു ഉപദേശമാണിതു്. പ്രത്യക്ഷത്തെ അപ്രധാനീകരിച്ചു പരോക്ഷത്തിന്റെ അതായതു് ആത്മാവു്, പരലോകം തുടങ്ങിയ നിഴലുകളുടെ പിന്നാലെ പോയതു കൊണ്ടല്ലേ വേർതിരിച്ചു നിർത്തി ആദ്യത്തേതു നിസ്സാരവും രണ്ടാമത്തേതു സസാരവുമാണെന്നു പരിഗണിക്കുന്ന ഒരു പാരമ്പര്യമുണ്ടല്ലോ ഭാരതീയർക്കു്. ഈ വ്യത്യസ്തപരിഗണനം വെറും അബദ്ധപ്പഞ്ചാംഗമാണെന്ന ബോധം ഇപ്പോഴെങ്കിലും അവരിൽ തെളിഞ്ഞു തുടങ്ങിയിട്ടുണ്ടു്. ‘ഈ ലോകത്തിലും ഈ ജീവിതത്തിലുമാണു് എനിക്കു താല്പര്യം. മറ്റേതെങ്കിലും ലോകത്തിലോ അനന്തരജീവിതത്തിലോ അല്ല’ എന്നു നമ്മുടെ രാഷ്ട്രശില്പിയായ നെഹ്റു ആമ്രേഡനം ചെയ്തിരുന്നതു വെറുതെയല്ല. ജനങ്ങളുടെ ജീവിതാവലോകനത്തിൽ ഇത്തരമൊരു പരിവർത്തനം വരണമെന്നു വിചാരിച്ചാണു്.
അയോദ്ധ്യാകാണ്ഡത്തിലെ അടുത്ത സർഗ്ഗംകൂടി നോക്കുക. അതിലാണു് രാമന്റെ നാസ്തികമതനിരാകരണം. ജാബാലിയുടെ യുക്തിവാദത്തിനു യുക്തികൊണ്ടല്ല രാമൻ മറുപടി പറയുന്നതു്. അതു് അത്ര എളുപ്പവുമല്ല. പരമ്പരസിദ്ധമായ മതവിശ്വാസത്തെയാണു് അദ്ദേഹം മുഖ്യമായി ആശ്രയിക്കുന്നതു്.
ജാബാലി പറഞ്ഞതെല്ലാം സത്യധർമ്മസദാചാരങ്ങക്കു വിരുദ്ധമാണെന്നു മൊത്തത്തിൽ ആക്ഷേപിക്കുക മാത്രമേ രാമൻ ചെയ്യുന്നുള്ളു. എന്താണു സത്യം ഏതാണു ധർമ്മം, ഏതു വിധമാണു സദാചാരം എന്നീ പ്രശ്നങ്ങളെപ്പറ്റി യുക്തിവിചാരം ചെയ്യാൻ അദ്ദേഹം ഒരുമ്പെടുന്നില്ല.
‘സത്യംതാനീശ്വരൻ ലോകേ’
‘ഇല്ല സത്യാൽപരം പദം’
‘ലോകം സത്യത്തിൽ നില്പതാം’
എന്നും മറ്റുമുള്ള സത്യമാഹാത്മ്യഘോഷണമേ രാമന്റെ മറുപടിയിൽ മുഴങ്ങിക്കേൾക്കുന്നുള്ളു. പ്രതിയോഗിയുടെ വാദമുഖങ്ങൾക്കു യുക്തിപൂർവം സമാധാനം പറയാൻ വയ്യാതാകുമ്പോൾ വാദിക്കു കോപംവരുക സാധാരണമാണല്ലോ. ഇവിടെ രാമനും ക്രുദ്ധനാകുന്നുണ്ടു്.
‘ഇബ്ബുദ്ധിയും പൂണ്ടു നടക്കുവോനെ-
ദ്ധർമം വിടും നാസ്തികനാം ഭവാനെ
അബൗദ്ധനും ചോരനുമൊപ്പമാണി-
ങ്ങവ്വണ്ണമേ നാസ്തികനെന്നുമോർക്ക’
ഇങ്ങനെ ജാബാലിയെ ഭർത്സിക്കുകയാണു് ഒടുവിൽ രാമൻ ചെയ്യുന്നതു്. ഇവിടെ ബൗദ്ധനെയും ചോരനെയും നാസ്തികനെയും ഒരേ നിലയിൽ നിഷിദ്ധരാക്കിയിരിക്കുന്നതു നോക്കുക! വൈദികമതസ്ഥർക്കു് ബുദ്ധമതത്തോടും അന്നത്തെ അവൈദികചിന്താപദ്ധതിയോടും എന്തുമാത്രം വെറുപ്പുണ്ടായിരുന്നുവെന്നു് ഇതുകൊണ്ടു മനസ്സിലാക്കാം. ഇതിലെ ബൗദ്ധപരാമർശം ചരിത്രപണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം. ബുദ്ധന്റെ കാലത്തിനു ശേഷമായിരിക്കണം രാമായണനിർമാണം എന്നനുമാനിക്കാൻ ഇതൊരു തെളിവാണു്. അതങ്ങനെ നിൽക്കട്ടെ. പ്രകൃതം തുടരാം.
രാമന്റെ അധിക്ഷേപത്തിനും അപ്രീതിക്കും പാത്രമായി എന്നു കണ്ടപ്പോൾ ജാബാലി തന്റെ അടവൊന്നു മാറ്റുന്നതാണു് ഇനി കാണേണ്ടതു്. തന്ത്രശാലിയും ബുദ്ധിപ്രധാനനും ആയ ഒരു ബ്രാഹ്മണന്റെ സാർമർത്ഥ്യമെല്ലാം അവിടെ പ്രത്യക്ഷപ്പെടുന്നുണ്ടു്. താൻ വാസ്തവത്തിൽ നാസ്തികനല്ലെന്നും രാമന്റെ പ്രത്യാഗമനത്തിനുവേണ്ടി സദുദ്ദേശ്യത്തോടെ ഇങ്ങനെയൊന്നു വാദിച്ചുനോക്കിയതാണെന്നും ജാബാലി പറയുന്നു. അതിന്റെ അനുബന്ധമായി താൻ തരംപോലെ നാസ്തികനും ആസ്തികനുമാകുമെന്ന കാര്യവും അയാൾ തുറന്നു സമ്മതിക്കുന്നു.
‘അവസ്ഥ പാർത്താസ്തികനായ് ചമഞ്ഞിടും
ഭവിക്കുമേ നാസ്തികനായി വീണ്ടും’
ഇതൊരു ബുദ്ധിക്കസർത്താണു്. ഇങ്ങനെ തകിടം മറിയുന്നതിനു് ആത്മാർത്ഥത വേണമെന്നില്ലല്ലോ. അവസ്ഥ പാർത്തു് എന്നതിനു് സമീക്ഷ്യകാലം എന്നാണു മൂലം. അതായതു് കാലം നോക്കി ഏതുതരം തത്ത്വചിന്തയുടെയും കോലംകെട്ടിനോക്കുമെന്നു സാരം. പ്രാചീനഭാരതത്തിലെ തത്ത്വജ്ഞാനമണ്ഡലത്തിൽ വിഭിന്നചിന്താഗതികൾ നിലവിലുണ്ടായിരുന്നു. അന്നത്തെ ബ്രാഹ്മണപണ്ഡിതന്മാർ ആ ചിന്താഗതികളിലേക്കു് അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കാൻ മടി കാണിച്ചിരുന്നില്ല. മാത്രമല്ല അന്യോന്യവിരുദ്ധങ്ങളായ ആശയങ്ങളെപ്പോലും അല്പാല്പം ഭേദപ്പെടുത്തി അവർ കൂട്ടിച്ചേർക്കയും ചെയ്തിരുന്നു.
ഭഗവദ്ഗീത നോക്കിയാൽ കാണാം ഇതിനു ധാരാളം ഉദാഹരണങ്ങൾ. ഒരു വശത്തുകൂടി തിരസ്കൃതമായ ബുദ്ധമതത്തിലെ ചില തത്ത്വങ്ങൾ മറുവശത്തുകൂടി കടന്നു് ഹിന്ദുമതഗ്രന്ഥങ്ങളിൽ സ്ഥലം പിടിച്ചതും ഈ രീതിയിലാകാം. ഇതിനും പുറമേ അന്നന്നു ഭരിച്ചിരുന്ന രാജാക്കന്മാരുടെ മതവിശ്വാസവും ആശയപരമായ ഈ മാറ്റത്തിനും സങ്കലനത്തിനും പ്രേരകമായിരുന്നിട്ടുണ്ടു്. അതുകൊണ്ടു് ജാബാലിയെപ്പോലെ കാലം നോക്കി വിഭിന്ന സിദ്ധാന്തങ്ങൾ പ്രയോഗിക്കുന്ന സമ്പ്രദായം അന്നു സാധാരണമായിരുന്നിരിക്കാം.
എന്തിനാണു് വാല്മീകി ജാബാലിയെക്കൊണ്ടു് ഇങ്ങനെയൊരു നാസ്തികവേഷം കെട്ടിച്ചതു്?
ഉത്തമവിശ്വാസമില്ലാതെ തരംപോലെ ചിന്താഗതി മാറ്റുന്ന പണ്ഡിതന്മാരെ കളിയാക്കാനും ബുദ്ധചാർവാകമതങ്ങളെ മനഃപൂർവം അധിക്ഷേപിക്കാനും അല്ലേ? അങ്ങനെ വിചാരിക്കാനാണു് അധികം ന്യായം. അഥവാ ഈ കവീശ്വരനിൽ വിലീനമായിരുന്ന സ്വതന്ത്രചിന്താശീലവും യുക്തിവാദമനോഭാവവും ഒരു കഥാപത്രത്തിൽക്കൂടി പൊട്ടിപ്പുറപ്പെട്ടുവെന്നു് വിചാരിക്കരുതോ. പിന്നീടു് വൈദികധർമ്മവിരോധം ഭയന്നു് കവിപ്രതിഭ കൗശലത്തിൽ പഴയസ്ഥാനത്തേക്കു പിൻവലിഞ്ഞുവെന്നും വരാമല്ലോ.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971