പ്രാചീനഭാരതീയരുടെ രാഷ്ട്രമീമാംസയെപ്പറ്റിയുള്ള പ്രമാണഗ്രന്ഥങ്ങളിലൊന്നാണു് മഹാഭാരതത്തിലെ ശാന്തിപർവം. കൗടില്യ ന്റെ അർത്ഥശാസ്ത്രം, ശുക്രനീതി, മനുസ്മൃതി എന്നീ ഗ്രന്ഥങ്ങളും ഏതദ്വിഷയത്തിൽ പ്രാമാണ്യമർഹിക്കുന്നുണ്ടു്. രാജവാഴ്ചയെ ആദർശവത്കരിച്ചുകൊണ്ടാണിവയിലെല്ലാം രാഷ്ട്രതന്ത്രം നിരൂപിതമായിരിക്കുന്നതു്. കുരുക്ഷേത്രയുദ്ധാനന്തരം രാജ്യഭരണഭാരം ഏൽക്കേണ്ടിവന്ന ധർമപുത്രൻ ശരശയനസ്ഥനായ ഭീഷ്മാചാര്യരെ സമീപിച്ചു. ഭരണതന്ത്രവിഷയകമായി നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്കു ഭീഷ്മർ കൊടുക്കുന്ന മറുപടി അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ സിദ്ധാന്തങ്ങളുടെ ഒരു വ്യഖ്യാനമാണു്. വർണ്ണശ്രമധർമ്മം, ബ്രാഹ്മണപ്രാമാണ്യം, ദണ്ഡനീതി രാജധർമം, രാഷ്ട്രഗുപ്തി കോശസഞ്ചയം, ശത്രുതസംഹാരമാർഗം ഇത്യാദി ബഹുവിധവിഷയങ്ങൾ ഭീഷ്മോപദേശത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ടു്. ഒരേ ആശയത്തിന്റെ ദുസ്സഹമായ ആവർത്തനംമൂലം വൃഥാസ്ഥൂലമായിട്ടുള്ള ഭാഗങ്ങളും ശാന്തിപർവത്തിൽ കാണാം. രാജാവിനെപ്പോലും പൗരോഹിത്യത്തിനു് അടിമയാക്കിക്കൊണ്ടു് ബ്രാഹ്മണമതം കെട്ടിയുറപ്പിക്കുക എന്നതാണു് ഈ ചർച്ചയിലാദ്യന്തം പ്രതിഫലിക്കുന്ന അടിസ്ഥാനപരമായ കാഴ്ചപ്പാടു്.
എല്ലാ കാര്യങ്ങളിലും രാജാവു് ബ്രാഹ്മണപുരോഹിതൻ പറയുന്നതു പോലെ പ്രവർത്തിക്കണം. രാജവാഴ്ച നിലനിർത്തുന്നതിനു് പുരോഹിതന്റെ ആനുകൂല്യം കൂടിയേ കഴിയൂ. രണ്ടുപേരും തമ്മിലിടഞ്ഞാൽ രണ്ടുപേർക്കും രക്ഷയുണ്ടാവില്ല.
‘ഇവരെന്നും ചേർന്നുനിന്നാ-
ലന്യോന്യം താങ്ങലായ്വരും’
എന്നു് ഭീഷ്മർ സന്ദർഭോചിതമായി അനേകത്ര ഉപദേശിക്കുന്നുണ്ടു്. ചുരുക്കത്തിൽ,
‘ഗോബ്രാഹ്മണേഭ്യഃ ശുഭമസ്തു നിത്യം’
എന്നതാകണം രാജാവിന്റെ മുദ്രാവാക്യം. രാജധർമ്മം പലതാണെങ്കിലും വർണാശ്രമധർമപരിപാലത്തിനും ബ്രാഹ്മണപൂജയ്ക്കും ആണു് സർവോപരി പ്രാധാന്യം.
‘രാഷ്ട്രയോഗക്ഷേമമിങ്ങു
രാജാവിന്റെയധീനമാം
രാജയോഗക്ഷേമമിങ്ങു
പുരോഹിതനധീനമാം’ (ശാന്തിപർവം)
എന്ന ഉപദേശം നോക്കുക.
ഇതുപ്രകാരം ആത്യന്തികമായി സർവക്ഷേമത്തിനും ആസ്പദം പുരോഹിതപ്രീതിയാണെന്നുവരുന്നുണ്ടല്ലോ. വിപ്രവിരോധം ചെയ്യുന്നവരെ നാടുകടത്തുകയോ നശിപ്പിക്കുകയോ ചെയ്യണമെന്നും ഭീഷ്മർ ഉപദേശിക്കുന്നുണ്ടു്.
‘നാട്ടിൽ നിൽക്കൊല്ല വിപ്രർക്കു
വിരോധം ചെയ്തിടുന്നവൻ’
എന്നാണു് ആചാര്യവചനം ഇതുകൊണ്ടും ഉപദേഷ്ടാവു തൃപ്തിപ്പെടുന്നില്ല. രാജാവു പിടിച്ചടക്കുന്ന രാജ്യംപോലും ബ്രാഹ്മണർക്കു ദാനം ചെയ്യണമത്രേ!
‘വല്ല ഭൂമിയേയും വെന്നാൽ
നിവേദിക്കുക വിപ്രനായ്’
ഇതുകേട്ടൽ ബ്രാഹ്മണപൂജനത്തിനു മാത്രമായിട്ടാണു് രാജാവിന്റെ സർവ നേട്ടങ്ങളും സമർപ്പിക്കേണ്ടതെന്നു തോന്നിപ്പോകും. ഭക്ഷണകാര്യത്തിലും ബ്രാഹ്മണർക്കാണു മുൻഗണനയെന്നു പറയേണ്ടതില്ലല്ലോ.
‘വിപ്രന്മാരുടെ ശേഷിപ്പു
തിൻക മറ്റു ജനങ്ങളും.’
ഇതരജനസമൂഹങ്ങളുടെ ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തുന്ന ഇത്തരം വാക്യങ്ങൾ മഹാഭാരതത്തിലെ കൊള്ളരുതാത്ത കറുത്ത രേഖകളാകുന്നു. ഇന്നും ഇന്ത്യയിലെ ക്ഷേത്രങ്ങളിലും മറ്റു ഏതാദൃശാദുരാചാരങ്ങൾ അവശേഷിച്ചു കാണുന്നുണ്ടല്ലോ. മതത്തിന്റെ മയക്കുമരുന്നു പ്രയോഗിച്ചു ജനസഞ്ചയത്തിൽ എത്ര നികൃഷ്ടമായ അടിമത്തവും കുത്തിവയ്ക്കുവാൻ കഴിയുമെന്നതിനു് ഭാരതരാമായണാദിഗ്രന്ഥങ്ങൾതന്നെ ദൃഷ്ടാന്തങ്ങളായിരിക്കുന്നു. ജനതതിയെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിനും ഉപകരിക്കുന്ന ഒന്നാണു് ഇന്ത്യയിലെ ചാതുർവർണ്യവ്യവസ്ഥ. ഈ വ്യവസ്ഥ തകർന്നു പോയാൽ ബ്രാഹ്മണ പ്രാമാണ്യത്തിനു് നാശം നേരിടും. അതുകൊണ്ടു്:
‘ചാതുർവർണ്യത്തിന്റെ ധർമം
രക്ഷിക്കേണം മഹീശ്വരൻ’
എന്നു ഭീഷ്മർ എടുത്തു പറയുന്നു. മിശ്രവിവാഹം മൂലം വർണസങ്കരം സംഭവിച്ചാൽ ലോകം മുടിഞ്ഞുപോകുമെന്നുവരെ ഭഗവദ്ഗീതയിലും പറഞ്ഞുവച്ചിട്ടുണ്ടു്. ഇന്നു ഇന്ത്യയുടെ ഏക രക്ഷാമാർഗം ഈ വർണസങ്കരമാണെന്നു കണ്ണുള്ളവർക്കു കാണാൻ കഴിയും. ശതാബ്ദങ്ങളായി വേരുറച്ചു പോയിട്ടുള്ള ജാതീയവും മതപരവുമായ അന്ധതയിൽനിന്നും അനൈക്യത്തിൽനിന്നും കരകയറി ഇന്ത്യൻ ജനത ഒന്നായിത്തീരണമെങ്കിൽ ഈയൊരു വഴിയേ ഉള്ളു. അല്ലെങ്കിൽ എല്ലാത്തരം കുന്നും കുഴിയും തട്ടി നിരപ്പാക്കുന്ന ഒരു രാഷ്ട്രീയവിപ്ലവം തന്നെ ഇവിടെ സംഭവിക്കണം. മേൽക്കാണിച്ച പ്രകാരം ജാതിമതാധിഷ്ഠിതമായ പ്രത്യേകാവകാശങ്ങളുടെ സംരക്ഷണം രാജധർമത്തിലുൾപ്പെടുത്തുന്നതോടൊപ്പം രാജ്യതന്ത്രത്തെപ്പറ്റി പൊതുവെ ശ്രദ്ധേയമായ പല ഉപദേശങ്ങളും ഭീഷ്മർ നൽകുന്നുണ്ടു്.
ധർമമെന്നാലെന്തു്? എങ്ങനെയും വ്യാഖ്യാനിക്കാവുന്ന പല നിർവചനങ്ങളും ധർമവിചാരണയിൽ വരുന്നുണ്ടെങ്കിലും ഒന്നും സുവ്യക്തമോ സുനിശ്ചിതമോ ആണെന്നു പറകവയ്യാ.
‘ധർമമെന്നാൽജ്ജീവികൾക്കു
രക്ഷണം പരയാംദയ’
എന്നു് ഒരിടത്തു പറയുന്നു. ഏതിനാൽ രാജ്യം നിലനിർത്തപ്പെടുന്നുവോ അതു ധർമമെന്നു് മറ്റൊരിടത്തു്.
‘അഹിംസയൊന്നതാണത്രെ
ധർമമെന്നാണു നിശ്ചയം’
എന്നു കൂട്ടത്തിൽ പറയുന്നുണ്ടു്. പക്ഷേ, അതേ ശ്വാസത്തിൽ തന്നെ,
‘പിതാമഹ പിതൃഭ്രാതൃ-
ഗുരുസംബന്ധിമിത്രരെ
തെറ്റുചെയ്താൽ കൊൽക പോരി-
ലെന്നതും നല്ല ധർമമാം’
എന്നും ഭീഷ്മാചാര്യൻ സമ്മതിക്കുന്നു. ഭാരതയുദ്ധം സാധൂകരിക്കണമെങ്കിൽ ഇങ്ങനെയൊരു പ്രമാണം ആവശ്യമാണല്ലോ. തെറ്റുചെയ്താൽ എന്നു് മൊത്തത്തിൽ പറയുന്നതല്ലാതെ എന്തൊക്കെ തെറ്റാകാമെന്നു വിവരിച്ചു കാണുന്നില്ല. പരരാഷ്ട്രപീഡനത്തിനു രാജാവു ചെയ്യുന്നതെന്തും ധാർമികമായ പ്രവൃത്തിയാകും.
‘മനുഷ്യരെക്കാൽക മാർഗം
ദുഷിപ്പിക്കുകയങ്ങനെ
വീടു ചുട്ടിടു കവിയാൽ,
പരരാഷ്ട്രം മുടിക്കണം.’
എന്നാണുപദേശം. കൂടാതെ ചാരരെക്കൊണ്ടും കാടരെക്കൊണ്ടും ശത്രുരാജ്യപീഡനം നടത്തുകയെന്നതും രാജാവിന്റെ കർത്തവ്യമാണു്. സർവരേയും ഒന്നുപോലെ വിശ്വസിക്കുന്നതു് രാജാവിനാപത്തായിത്തീരും. വിശ്വാസത്തോടൊപ്പം വിശങ്കയും ആവശ്യമാകുന്നു.
ഗുണാഗുണങ്ങളെ പരീക്ഷിച്ചുനോക്കിയിട്ടുവേണം അമാത്യരെ നിശ്ചയിക്കാൻ. വിനീതബുദ്ധി, വിശ്വസ്തത, ശുഭപ്രകൃതി, തേജസ്സു്, ധൈര്യം, ക്ഷമ, ശുചിത്വം ഇത്യാദി ഗുണങ്ങളാണു് മന്ത്രിമാർക്കു വേണ്ടതു്. അവർ കുലീനരും സാത്വികരും ഇംഗിതജ്ഞരും ദേശകാലവിധാനജ്ഞരും ആയിരിക്കണം. അകുലീനൻ, അസ്ഥിര സങ്കല്പൻ, ഹീനതേജസ്സു് ഇത്തരക്കാരെ മറ്റെന്തു ഗുണങ്ങളുണ്ടായാലും മന്ത്രിമാരാക്കിക്കൂടാ. മന്ത്രം കേൾക്കാൻ അർഹതയുള്ളവരെയും രാജാവു് ബുദ്ധിപൂർവം തെരഞ്ഞെടുക്കേണ്ടതുണ്ടു്. മന്ത്രഭേദനം—ഭരണരഹസ്യം പുറത്താക്കൽ—രാജ്യനാശത്തിനു കാരണമാകുമല്ലോ. അവിദ്വാൻ, അശുചി, സ്തബ്ധൻ, ശത്രുസേവി, വികത്ഥനൻ, അസുഹൃൽ, ക്രോധനൻ, അസത്യവാൻ ഇങ്ങനെയുള്ളവരുമായി രാജ്യകാര്യ വിചാരം ചെയ്യരുതു്. അവർ മന്ത്രശ്രവണത്തിനു അർഹരല്ല.
‘മന്ത്രിമന്ത്രം മൂലമല്ലോ.
രാജാവിൻ രാഷ്ട്രവർദ്ധന
സ്വച്ഛിദ്രം മറ്റവൻ കാണൊ-
ല്ലരിച്ഛിദ്രത്തിലെത്തണം
ആമയംഗംപോലെ മുടി
സ്വച്ഛിദ്രം കാത്തുകൊള്ളണം
നാടിന്നു മന്ത്രഗൂഢന്മാർ
ബുദ്ധിയേറുന്ന മന്ത്രികൾ
മന്ത്രദേഹൻ നരപതി-
യംഗങ്ങളിഹ മറ്റുപേർ
ചാരൻ മൂലം മന്ത്രസാരം
രാജ്യമെന്നാണു ചൊൽവതും’
എന്നിങ്ങനെ ഒടുവിൽ ഭീഷ്മർ എല്ലാം സംക്ഷേപിച്ചു പറയുന്നു.
പല മട്ടിൽ കരം വാങ്ങാം. പക്ഷേ, ഒന്നും പ്രജകൾക്കു ദുസ്സഹമാകുരുതു്. ശില്പികൾ, വർത്തകർ, കർഷകർ മുതലായവരിൽനിന്നു കരം പിരിക്കാം.
‘ഏറെക്കറന്നാൽ വൻനാടും
വേല ചെയ്യുകയില്ലെടോ’
എന്നും മറ്റും ഭീഷ്മർ ഇടയ്ക്കിടയ്ക്കു താക്കീതു നൽകുകയും ചെയ്യുന്നുണ്ടു്. വണ്ടു് പൂക്കളിൽനിന്നു തേൻ ശേഖരിക്കുന്നതുപോലെ വേണം രാജാവു് ധനം സഞ്ചയിക്കാൻ. പുരോഹിതനെപ്പോലെ പണക്കാരനും രാമപൂജയ്ക്കർഹനാണു്. ധനികരെ പാനവസ്ത്രാശനങ്ങളിൽ പൂജിക്കണമെന്നാണു് ആചാര്യൻ ഉപദേശിക്കുന്നതു്. കോശപോഷണത്തിനു ഇതു് ഒരു പ്രധാനോപായമത്രെ.
‘രാജ്യത്തിൻ വലുതാമംഗം
പണക്കാരാണു ഭാരത
തലവൻ സർവജീവിക്കും
പണക്കാരനസംശയം
ഈ തത്ത്വം മുതലാളിത്തരാജ്യങ്ങളിൽ ഇന്നും അന്യൂനം പാലിക്കപ്പെടുന്നുണ്ടല്ലോ. ജനാധിപത്യം പേരിലും ധനാധിപത്യം പ്രവൃത്തിയിലും—ഇതാണല്ലോ ഇൻഡ്യയിലും കാണപ്പെടുന്നതു്. ഭരണാധികാരി പണക്കാരുടെ ചരടുവലിയിൽ കുടുങ്ങിപ്പോകുക എന്നതു് ഭാരതത്തിലെ പഴയ പാരമ്പര്യമാണെന്നു് ഉദ്ധൃതപദ്യം തെളിയിക്കുന്നു.
സ്വർഗം, നരകം തുടങ്ങിയ മതപരമായ അന്ധസങ്കല്പങ്ങളുടെ പശ്ചാത്തലത്തിലും ആദ്ധ്യാത്മികതയുടെ പരിവേഷമണിഞ്ഞുമാണു് ഭീഷ്മോപദേശം മുഴുവൻ നടക്കുന്നതു്. അതിന്റെ പ്രധാന ലക്ഷ്യം ബ്രഹ്മക്ഷത്രശക്തികളുടെ അന്യോന്യാശ്രയത്വത്തിലുള്ള സുപ്രതിഷ്ഠയാകുന്നു. ഇതു സുകരമാക്കുന്നതിനാവശ്യമായ എല്ലാ തന്ത്രങ്ങളെയും ആചാര്യൻ ധർമപദവിയിലേക്കുയർത്തിക്കാണിക്കുന്നു. ചരിത്രവിദ്യാർത്ഥികളുടെ ഗവേഷണത്തിനു വിഷയമാകേണ്ട ഒരു ഭാഗമാണു് മഹാഭാരതത്തിലെ ശാന്തിപർവം.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971