‘ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാ’മെന്നു ഭാഷാഭൂഷണ കർത്താവു പറയുന്നു. മനുഷ്യൻ പ്രായേണ അതിശയോക്തിപ്രിയനാണു്. സംസാരിക്കുന്നതിലും എഴുതുന്നതിലും അതിശയോക്തി കലർത്തുന്നതിനുള്ള ഒരു വാസന അവനു് ജന്മസിദ്ധമായിട്ടുണ്ടു്. അതുപോലെതന്നെ വസ്തുക്കളേയും, സംഭവങ്ങളേയും മറ്റും സാദൃശ്യപ്പെടുത്തി പറയുന്നതിലും മനുഷ്യൻ പ്രകൃത്യാ കുതുകിയായി കാണപ്പെടുന്നു. ഈദൃശവാസനകളുടെ വികാസമാണു് ഭാഷയിൽ അലങ്കാരപ്രയോഗങ്ങൾ കടന്നുകൂടാൻ ഇടയാക്കിയിട്ടുള്ളതു്. മനുഷ്യന്റെ പ്രാകൃതദശയിൽപ്പോലും അതിശയോക്തിയും, ഉപമയുംകൊണ്ടു ഭാഷ അലംകൃതമായിരുന്നു. ഇതിന്റെ ഒരു പരിഷ്ക്കരിച്ച സമ്പ്രദായമാണു് നാം സാഹിത്യത്തിൽ കാണുന്നതു്.
കണ്ടതും കേട്ടതും കുറെ കടത്തിപ്പറയുന്നതിൽ മനുഷ്യനു സ്വതവേതന്നെ ഒരു വാസനയുണ്ടെന്നു മാത്രമല്ല, അതിനു പ്രേരകമായി ഒരു ഉദ്ദേശ്യംകൂടി മുന്നിട്ടുനില്ക്കുന്നതായും കാണാം. ഒരു സംഗതി വിവരിക്കുമ്പോൾ അതു ശ്രോതാവിന്റെ ഹൃദയത്തിൽ ദൃഢമായി പതിയത്തക്കവിധം തദ്വിവരണത്തിനു സ്ഫുടതയും, പുഷ്ടിയും, ആസ്വാദ്യതയും ഉണ്ടാക്കണമെന്നു വക്താവിനു് ആഗ്രഹമുണ്ടാകും. ഇതിനുവേണ്ടിയത്രെ അയാൾ അതിശയോക്തിയെ സഹായമായി അവലംബിക്കുന്നതു്. താത്വികന്മാരുടെ ദൃഷ്ട്യാ അതിശയോക്തി ഒരുതരം അസത്യവാദമായിത്തീർന്നേക്കാമെങ്കിലും, മേല്പറഞ്ഞ ഉദ്ദേശശുദ്ധിയുള്ളതുകൊണ്ടു് അതിനു് സാഹിത്യത്തിൽ സത്യത്തിന്റെ സ്ഥാനംതന്നെ കൊടുക്കേണ്ടിയിരിക്കുന്നു. നമ്മുടെ അനുഭവങ്ങളും അറിവുകളും വാഗ്രൂപം കൈക്കൊള്ളുമ്പോൾ അവയുടെ വാസ്തവരൂപത്തെ അല്പമായിട്ടെങ്കിലും അതിക്രമിച്ചുപോകുന്നതു സർവ്വസാധാരണമാണു്. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ നാടു മുഴുവൻ സമുദ്രമായിപ്പോകുന്നതും, ചില മുറിവുകൾ പറ്റിയവൻ ചോരപ്പുഴയിൽ നീന്തുന്നതും, വിരഹച്ചൂടുകൊണ്ടു് ഹൃദയം വേവുന്നതും, കോപാഗ്നി കത്തിക്കാളുന്നതും മറ്റും അതിശയോക്തിയുടെ അവസരോചിതമായ വിളയാട്ടംമൂലമാണല്ലോ. ശാസ്ത്രത്തിൽ മാത്രമേ ഇതിനു പ്രവേശനമില്ലാതുള്ളൂ. സാഹിത്യസംബന്ധമായ സകല വാമൊഴിയും വരമൊഴിയും ഇതിന്റെ പൊടിയിട്ടു തേച്ചുമിനുക്കിയിട്ടുള്ളവയത്രെ.
അതിശയോക്തിപ്രിയന്മാരിൽ അഗ്രേസരന്മാർ കവികളാകുന്നു. ഇതു് ഒരു അലങ്കാരമായി കളിയാടുന്നതു് അവരുടെ വ്യാപാരത്തിലാണു്. എല്ലാ അലങ്കാരങ്ങളിലും അതിശയോക്തിയുടെ സ്പർശം ഉള്ളതുകൊണ്ടു് അതിനു സർവ്വപ്രാധാന്യം കല്പിക്കേണ്ടിയിരിക്കുന്നു. കേവലമായ ഒരു വാസ്തവം ഒരിക്കലും ചമല്ക്കാരകാരിയാകുന്നതല്ല. അതിശയോക്തിയിൽക്കൂടി ഒളിഞ്ഞും തെളിഞ്ഞും വികസിക്കുമ്പോൾ മാത്രമേ അതിൽ കവിതാധർമ്മം പ്രകാശിക്കുകയുള്ളൂ. ഇതുകൊണ്ടത്രേ ഈ പ്രയോഗവിശേഷം കവികൾക്കു് അപരിത്യാജ്യമായ ഒന്നായിത്തീർന്നിരിക്കുന്നതു്. അതിശയോക്തി ബീജഭൂതമായി വരുന്ന അനേകം അലങ്കാരങ്ങൾ ഉണ്ടു്. അവയിൽ പലതുകൊണ്ടും പ്രാധാന്യം അർഹിക്കുന്നതും, അധികം പ്രചാരത്തിലിരിക്കുന്നതുമായ രൂപകാതിശയോക്തിയെപ്പറ്റിയാണു് ഇവിടെ പ്രത്യേകം ചിന്തിക്കാനുള്ളതു്.
രൂപകാതിശയോക്തിയെ ഒരു അർത്ഥാലങ്കാരമായിട്ടും അല്ലാതെയും ആലങ്കാരികന്മാർ പരിഗണനം ചെയ്തിട്ടുണ്ടു്.
‘രൂപകാതിശയോക്തിസ്സ്യാ-
ന്നിഗീര്യാധ്യവസാനതഃ
പശ്യ നീലോൽപലദ്വന്ദ്വാന്നി
സ്സരന്തി ശിതാശ്ശരാഃ’
എന്നു് ‘കുവലയാനന്ദ’ത്തിലെ അലങ്കാരവിചാരണയിൽ ഇതിനു ലക്ഷ്യലക്ഷണം ചെയ്തിരിക്കുന്നു. ‘ഭാഷാഭൂഷണ’ത്തിൽ കാണുന്ന,
‘നിഗീരാധ്യവസാനം താൻ
രൂപകാതിശയോക്തിയാം;
സരോജയുഗളം കാൺക
ശരങ്ങൾ ചൊരിയുന്നിതാ’
എന്ന ഭാഗം മേലെഴുതിയതിന്റെ ഒരു ശരി തർജ്ജമയാണല്ലോ.
‘രൂപകാതിശയോക്തി
ശ്ചേദ്രൂപ്യം രൂപകമധ്യഗം’
എന്നത്രേ ‘ചന്ദ്രാലോക’ത്തിലെ പാഠം. ഉപമാനോപമേയങ്ങൾക്കു് അഭേദത്വം കല്പിച്ചു്, ഉപമേയത്തെ കാണിക്കാതെ അതിന്റെ സ്ഥാനത്തു് ഉപമാനത്തേത്തന്നെ പ്രയോഗിക്കുന്നതിനാണു്, നിഗീര്യാധ്യവസാനം എന്നു പേർ പറയുന്നതു്. വിഷയത്തെ (ഉപമേയത്തെ) വിഷയിയിൽ (ഉപമാനത്തിൽ) നിഗരണം (ഉള്ളടക്കം) ചെയ്യുകയെന്നതാണു് ഇതിലെ പ്രധാന സംഗതി. വിഷയത്തെ പ്രത്യേകം പ്രതിപാദിക്കാതെ വിഷയിവാചകശബ്ദംകൊണ്ടു നിർദ്ദേശിക്കുമ്പോളാണല്ലോ വിഷയനിഗരണം വരുന്നതു്. പ്രകൃതോദാഹരണത്തിൽ ഉപമേയങ്ങളായ ലോചനകടാക്ഷശബ്ദങ്ങളെ പ്രതിപാദിക്കാതെ തൽസ്ഥാനത്തു് ഉപമാനങ്ങളായ സരോജശരശബ്ദങ്ങൾ മാത്രം പ്രയോഗിച്ചിരിക്കുന്നു. ഇതുപോലെതന്നെ,
‘കാറിൻചോട്ടിൽ കലേശപ്പൊളിനിര കരിമീനങ്ങൾ’ എന്നു തുടങ്ങുന്ന പദ്യത്തിലും കാറു്, കലേശപ്പൊളി മുതലായ ഉപമാനശബ്ദങ്ങളെക്കൊണ്ടു് അവയുടെ ഉപമേയങ്ങളായ തലമുടി, നെറ്റി മുതലായ ശബ്ദങ്ങളെ നിഗീർണ്ണങ്ങളാക്കിയിരിക്കുന്നു.
രൂപകാതിശയോക്തിയെന്ന ഈ അലങ്കാരംതന്നയാണു് ശബ്ദാർത്ഥസ്വരൂപ നിരൂപണത്തിൽ പ്രയോഗഭേദമനുസരിച്ചു് ‘സാധ്യവസായലക്ഷണ’യെന്ന പേരിൽ അറിയപ്പെടുന്നതു്. സാദൃശ്യം പ്രമാണിച്ചു ലക്ഷണയ്ക്കു ഗൗണിയെന്നൊരു പിരിവുണ്ടു്. ഈ ഗൗണാർത്ഥ വ്യാപാരത്തിന്റെ ഒരു വകഭേദമാകുന്നു സാധ്യവസായലക്ഷണ. ഇവിടെയും ഉപമേയത്തെ അധ്യവസാനം ചെയ്യുന്നതിലാണു് പ്രയോഗവൈചിത്ര്യം സ്ഥിതിചെയ്യുന്നതെന്നു പേരുകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ടല്ലോ. ഇങ്ങനെ അധ്യവസാനം ചെയ്യുന്നതിൽ വിഷയത്തിനു വിഷയിയുടെ രൂപം സിദ്ധിക്കുന്നതുകൊണ്ടു് രൂപകാതിശയോക്തി എന്ന പേർ ഇതിനു അന്വർത്ഥമായിരിക്കുന്നു. എന്നുമാത്രമല്ല, അവർണ്യവർണ്യങ്ങൾക്കു് അഭേദം കല്പിക്കുന്ന വിഷയത്തിൽ രൂപകാതിശയോക്തിയും, രൂപകാലങ്കാരവും അത്യന്ത സാമ്യമുള്ളവയുമാണല്ലോ. ആദ്യത്തേതിൽ ഉപമേയാനുപാദനം എന്നൊരു വ്യത്യാസം മാത്രമേ കാണുന്നുള്ളൂ. വർണ്ണ്യവസ്തുവിനു് അവയവവിഭാഗം കൽപിച്ചു് രൂപണം ചെയ്യുമ്പോൾ ഏതാനും അവയവങ്ങളിൽ കവികൾ അധ്യവസാനം ചെയ്യാറുണ്ടു്.
‘താവൽകസ്തൂരിച്ചാറാക്കിയ വാർതിങ്കൾ-
ത്തൂവെള്ളിക്കിണ്ണവും ദൂരെ മാറ്റി.’
ഇവിടെ ചന്ദ്രന്റെ കളങ്കത്തിന്റെ സ്ഥാനത്തു് കസ്തുരിച്ചാറുകൊണ്ടുവന്നു വിഷയനിഗരണം ചെയ്തിരിക്കുന്നു. ഇതുപോലെ രൂപണം അർത്ഥസിദ്ധമായി വരുന്നിടത്തു മാത്രമുള്ള അധ്യവസാനത്തിലാണു് ആലങ്കാരികന്മാർ ഏകദേശവിവർത്തിരൂപകം എന്നു പേർ കൽപിച്ചിട്ടുള്ളതു്. ഇങ്ങനെ പരിശോധിച്ചുനോക്കുമ്പോൾ അലങ്കാരങ്ങളിൽ പലതിലും ഇത്തരം ലാക്ഷണികപ്രയോഗത്തിന്റെ വ്യാപ്തിയുണ്ടെന്നു വെളിവാകും.

ആധുനിക പദ്യസാഹിത്യത്തിന്റെ നവീനവൈചിത്ര്യം മിക്കവാറും ഈ രൂപകാതിശയോക്തിയിൽനിന്നാണു് ഉണ്ടായിട്ടുള്ളതു്. പ്രസ്തുതാലങ്കാരത്തിന്റെ വിഭിന്നരീതിയിലുള്ള വിനിവേശനം ഇന്നത്തെ കവനസരണിക്കു പ്രത്യേകമൊരു ചന്തവും, ചമല്ക്കാരവും വരുത്തിയിട്ടുണ്ടെന്നുവേണം പറയുവാൻ. എന്നാൽ ഇതിന്റെ നിരങ്കുശവും, ക്രമാതീതവുമായ പ്രയോഗം നമ്മുടെ നവീനപ്രസ്ഥാനത്തെ കുറെയധികം അലങ്കോലപ്പെടുത്തുന്നുണ്ടെന്നും സമ്മതിക്കാതെ നിവൃത്തിയില്ല. കവികളിൽ ‘ടാഗോർഭ്രമം’ മൂത്തു തുടങ്ങിയപ്പോളാണു് ഈ ദോഷം ഉല്ക്കടമായി തെളിഞ്ഞതു്. ടാഗോറി ന്റെ കവിതാരീതിയുടെ മുഖ്യലക്ഷണം മേൽവിവരിച്ചമാതിരിയിലുള്ള ലാക്ഷണികപ്രയോഗംതന്നെയാകുന്നു.
ഇംഗ്ലീഷിൽ ‘സിംബോളിസം’ (Symbolism) എന്നു പറയുന്നതു് ഇതിന്റെ ഒരു വികസിതരൂപം മാത്രമാണു്. ടാഗോർക്കവിതയിൽ കാണുന്നപോലെ അതിസൂക്ഷ്മങ്ങളായ ആദ്ധ്യാത്മികരഹസ്യങ്ങളെ ഭംഗ്യന്തരേണ വർണ്ണിച്ചു പ്രകാശനം ചെയ്തെങ്കിൽ മാത്രമേ അവ രസാത്മകവും, ഉദ്ബോധകവും ആയിത്തീരുകയുള്ളു. ഇതിലേക്കുവേണ്ടിയത്രേ, അദ്ദേഹം കവനനിർമ്മാണത്തിൽ ‘സിംബോളിസം’ സ്വീകരിച്ചിട്ടുള്ളതു് അപരിമേയമായ പരമാത്മചൈതന്യത്തെ പ്രാപഞ്ചികഭാവങ്ങളിലും, വസ്തുക്കളിലും അധ്യവസായം ചെയ്തുകൊണ്ടുള്ള ചിന്തയാണു് അദ്ദേഹത്തിന്റേതു്. കവിത്വം പരിപക്വമാകാത്ത നമ്മുടെ യുവകവികൾ ധൃതഗതിയിൽ ആ വഴിക്കു തിരിക്കുന്നതു് അപലപനീയമായിത്തീരുമെന്നു പറയേണ്ടിയിരിക്കുന്നു.
ഏതെങ്കിലും ഒരു വിഷയം ഉള്ളിൽ വച്ചുകൊണ്ടു് അതിനോടു യാതൊരു സംബന്ധവുമില്ലാതെ അപ്രകൃതമായി എന്തെങ്കിലും കുറെ വർണ്ണിച്ചുപറയുന്ന പതിവു് ഇപ്പോൾ കവിതാലോകത്തിൽ സാധാരണമായിരിക്കുന്നു. ഇതുകൊണ്ടു വായനക്കാർക്കു സമയം നഷ്ടപ്പെടുന്നതല്ലാതെ, ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഇത്തരം കവിത പ്രകൃതോപയോഗിയായ ഒരു ആശയവും ഇല്ലാത്തതോ, ഉള്ളതുതന്നെ തീരെ സ്പഷ്ടമാകാത്തതോ ആയിരിക്കും. അപ്രസിദ്ധങ്ങളും അനനുരൂപങ്ങളും ആയ ഉപമാനങ്ങളിൽ വിഷയനിഗരണം ചെയ്യുന്നതുകൊണ്ടു വരുന്ന ഒരു ദോഷമാണിതു്. പ്രസിദ്ധങ്ങളായ ഉപമാനങ്ങൾ മാത്രമേ അധ്യവസാനത്തിൽ പ്രയോഗിക്കാവൂ എന്നു് പ്രത്യേകം വ്യവസ്ഥയുണ്ടു്. കവിക്കും, വായനക്കാർക്കും മനസ്സിലാകാത്ത ഭാഷയിൽ കവിത ചമയ്ക്കുന്നവർ ഈ തത്വത്തെ ലേശവും ആദരിക്കുന്നില്ല.

ഫ്രഞ്ച് സാഹിത്യചക്രവർത്തിയായ വിക്ടർ യൂഗോ പറയുന്നതു് രൂപകാതിശയോക്തി ഒരു കടങ്കഥയാണെത്രേ. സ്വതവേതന്നെ അതിന്റെ അർത്ഥം കണ്ടുപിടിക്കുവാൻ ഒരു ക്ലേശം വന്നുകൂടുന്നുണ്ടു്. ആ സ്ഥിതിക്കു പിന്നെയും ആശയം ദുർഗ്രഹമാക്കിത്തീർക്കത്തക്കവണ്ണം സൂത്രപ്പണികൾ ചെയ്യുന്നതു് അക്ഷന്തവ്യമായ ഒരു അപരാധമായിരിക്കും. പ്രതിപാദ്യവിഷയം, സന്ദർഭം, സാദൃശ്യം മുതലായവയ്ക്കു് അനുഗുണമായും, അർത്ഥസ്ഫൂർത്തിവരുന്നവിധത്തിലും ആയിരിക്കണം ഉപമേയങ്ങൾക്കു് ഉപമാനരൂപം കൊടുക്കുവാൻ. അധ്യവസാനം ചമല്ക്കാരജനകമാകുന്നതു് അപ്പോൾ മാത്രമാണു്. രൂപകാതിശയോക്തിക്കു് ഒരു ഉത്തമോദാഹരണമായ ഈ ശ്ലോകം നോക്കുക:
‘ശ്യാമപ്പൂമെത്ത ചഞ്ചൽക്കുളിർവിശറി മണീ-
കീർണ്ണമാം നീലമേലാ-
പ്പോമൽത്തങ്കഗ്ഗുളോപ്പീവക വിഭവശതം
ചേർന്ന കേളീഗൃഹം മേ
പ്രേമത്താലേ സ്വയം തന്നരുളിയ പരമോ-
ദാരശീലന്റെ മുമ്പിൽ
കാമത്താൽ കൊച്ചുകൈക്കുമ്പിളിത ഹ! ഹ!
മലർത്തുന്ന ഞാനെത്ര ഭോഷൻ!’
—വള്ളത്തോൾ
ഈ ലോകത്തെ കമനീയമായ ഒരു കേളീഗൃഹമാക്കി വർണ്ണിക്കുന്ന കവി അതിലുള്ള ഉപകരണങ്ങളെ അധ്യവസാനംകൊണ്ടു് എത്ര ഭംഗിയായി നമ്മുടെ ഹൃദയത്തിൽ പ്രതിഫലിപ്പിക്കുന്നു! മെത്ത, വിശറി, മേലാപ്പു്, ഗുളോപ്പു് എന്നീ ഉപമാനപദങ്ങളിൽ നിഗീർണ്ണങ്ങളായിരിക്കുന്ന വർണ്ണ്യവസ്തുക്കൾ ഏതെല്ലാമെന്നു് അവയ്ക്കു ചെയ്തിട്ടുള്ള വിശേഷണങ്ങളുടെ സാമ്യംകൊണ്ടും വായിക്കുന്ന മാത്രയിൽത്തന്നെ നമുക്കു ഗ്രഹിക്കുവാൻ കഴിയുന്നു. കവിതയ്ക്കു് ആസ്വാദ്യത കൂടുവാൻ രൂപകാതിശയോക്തിയെ പല രൂപത്തിലും കവികൾ പ്രയോഗിക്കാറുണ്ടു് വേണ്ടിടത്തു വേണ്ടവിധം പ്രയോഗിക്കുകയാണെങ്കിൽ ഇതു സാധാരണ രൂപണത്തേക്കാൾ മനോഹാരിയാകുകയും ചെയ്യാം!
‘നൽച്ചെന്തലപ്പാവുള്ളത്തല പൊക്കിനി-
ന്നുച്ചത്തിൽ കൂകിനാർ കുക്കുടങ്ങൾ.’
—പ്രഭാതഗീതം
എന്നതിൽ ചെന്തലപ്പാവെന്നു മാത്രം പറയാതെ, കോഴിയുടെ തലപ്പൂവാകുന്ന തലപ്പാവെന്നു രൂപണം ചെയ്തിരുന്നെങ്കിൽ അതിനിത്രയും സ്വാരസ്യം കിട്ടുമോ എന്നു സംശയമാണു്. ഇതുപോലെ,
‘ആരിതെറിഞ്ഞുകൊടുത്തു യശോദതൻ
മാറിലെത്തുമണിമാല്യമതാ’
എന്നതിലെ ശ്രീകൃഷ്ണനു പകരമായിട്ടുള്ള തൂമണിമാല്യവും,
‘ചീർത്തപടങ്ങൾ കുനിച്ചിതാ കുങ്കുമം
ചാർത്തിച്ചു കാളിയൻ കാളിന്ദിയെ’
എന്നതിലെ ചോരചൊരിഞ്ഞതിന്റെ സ്ഥാനത്തുള്ള കുങ്കുമം ചാർത്തലും പൂർവ്വോക്തരീത്യാ ചമൽകൃതമായിട്ടുള്ളവയത്രെ. അധ്യവസിത പ്രയോഗങ്ങളിൽ അർത്ഥപ്രതീതിക്കു സഹായിക്കുന്നതു് പ്രധാനമായി സന്ദർഭവും വിശേഷണങ്ങളുടെ സാദൃശ്യവും ആകുന്നു. നോക്കുക:
‘നിലവിട്ടു കവിക്രിയാശയാലെൻ
തലയൊട്ടുക്കു പുകഞ്ഞുകൊണ്ടിരുന്നു
ഫലമെന്തെതിനുള്ളിൽ വെച്ചു് വാഴ-
ക്കുലയാഹന്ത പഴുത്തതില്ല തെല്ലും.’
—കാറ്റിൽ പറന്ന കവിത
ഇതിൽ കവി ആലോചിച്ചിരുന്ന കവിതാവിഷയത്തെയാണു വാഴക്കുലയാക്കിയിട്ടുള്ളതെന്നു സന്ദർഭംകൊണ്ടു സ്പഷ്ടമാകുന്നു. ഹുമയുൺ ചക്രവർത്തി അതിസുന്ദരിയായ ഒരു യുവതിയെ മാളികമുകളിൽ കണ്ടിട്ടു്,
‘വിണ്ടലർത്തോപ്പിലെ
പൊൻപനിനീർപ്പുവെ-
ന്നുന്മുഖനായരുൾചെയ്യു’
ന്നതു വായിക്കുമ്പോൾ, പൊൻപനിനീർപ്പുവു് ഏതാണെന്നു് അന്വേഷിക്കേണ്ട ഭാരം വായനക്കാർക്കുണ്ടാകുന്നില്ല. അധ്യവസാനം വർണ്ണ്യ വസ്തുവിനു സർവ്വാതിശായിയ ഒരുല്ക്കർഷം വരുത്തുമെന്നും, തദ്വാരാ അനുഭവൈകവേദ്യമായ ഒരു രാമണീയകവിശേഷം സംജാതമാകുമെന്നും ഉള്ളതിനു മേലുദ്ധരിച്ച വരികൾ ഒന്നാംതരം ഉദാഹരണമാണു്. പ്രകൃതത്തിൽ ഒരൊറ്റ പനിനീർപ്പുകൊണ്ടു് ആ തരുണീമണിയുടെ അവ്യാജമനോഹരമായ സൗന്ദര്യസമൃദ്ധി തികച്ചും വെളിപ്പെടുത്തുവാൻ കവിക്കു സാധിച്ചു. ഇനി സാദൃശ്യംകൊണ്ടു പെട്ടെന്നു് അർത്ഥപ്രതീതിയുണ്ടാകുന്നതെങ്ങനെയെന്നു നോക്കുക!
‘വാല്മീകിശബ്ദത്തിൽ താമരമൊട്ടായി
വൈദേഹറാണിതൻ പാണിയുഗ്മം’
—കിളിക്കൊഞ്ചൽ
ഇതിലെ താമരമൊട്ടു തൊഴുകൈയിന്റെ ഉപമാനമാണെന്നു രണ്ടിനുമുള്ള സാദൃശ്യം വെളിവാക്കുന്നു.
ശൃംഗാരത്തിന്റെ നഗ്നത മറയ്ക്കുവാനും, അശ്ലീലാർത്ഥത്തെ ആവരണം ചെയ്യുവാനും രൂപകാതിശയോക്തിപ്രയോഗം കവികൾ സ്വീകരിക്കാറുണ്ടു്.
‘കാറൊന്നൊഴിഞ്ഞലർ പൊഴിച്ചിതു കുന്നുലഞ്ഞു
പാരം വിയർത്തു മുഴുതിങ്കൾ പിറാവുകൂവി
താരമ്പനീയരിയ ചെപ്പടി കാട്ടിയൊട്ടു
നേരം പുലർന്നളവിലാമ്പലുലഞ്ഞുകൂമ്പി.’
ഇവിടെ ഉപമാനശബ്ദങ്ങളെക്കൊണ്ടുതന്നെ മദനകേളി വർണ്ണിച്ചിരിക്കുന്നതുമൂലം അതിൽ അന്തർഭവിച്ചിരിക്കുന്ന അശ്ലീലാർത്ഥം നേരെ പൊന്തിവരുന്നില്ല.
ആശയങ്ങൾക്കു ശക്തിയും, സ്ഫുടതയും ഉണ്ടാകുന്നുവെന്നതാണു പ്രസ്തുതാലങ്കാരപ്രയോഗംകൊണ്ടുള്ള മറ്റൊരു ഗുണം. ഉദാഹരണമായി, ‘മനുഷ്യൻ തന്റെ തലച്ചോറിനുള്ളിൽ ഒരു തീച്ചൂളയുംകൊണ്ടു നടക്കുന്ന ചില സന്ദർഭങ്ങളുണ്ടു്,’ എന്ന വാചകം നോക്കുക! ഇവിടെ മനുഷ്യന്റെ മനഃശല്യങ്ങളെ ഒരു തീച്ചൂളയാക്കിയതു കൊണ്ട് അതിന്റെ ഉഗ്രതയും, ദുസ്സഹത്വവും എത്ര ശക്തിയായി നമ്മുടെ മനസ്സിൽ പതിയുന്നു.
രൂപകാതിശയോക്തി കവിതയ്ക്കു് എത്രമാത്രം ഓജസ്സും കാന്തിയും ഉണ്ടാക്കുമെന്നു പൂർവ്വോക്തോദാഹരണങ്ങളിൽനിന്നു സ്പഷ്ടമായല്ലോ. ഇതിന്റെ ദുരുപയോഗംമൂലം നേരിടുന്ന ദോഷങ്ങൾ ഉദ്ധരിക്കാമെങ്കിലും, വിസ്തരഭയത്താൽ അതിനു തല്ക്കാലം തുനിയുന്നില്ല. ഏതായാലും പുതുമോടിക്കുവേണ്ടിയുള്ള പ്രയോഗവിശേഷങ്ങൾകൊണ്ടു് ഇന്നത്തെ കവിത വെറും ഒരു കടങ്കഥയായിപ്പോകാതിരിപ്പാൻ സൂക്ഷിക്കേണ്ടതു് ഏറ്റവും ആവശ്യമത്രെ.
(സാഹിതീയം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971