കഴിഞ്ഞ കാൽനൂറ്റാണ്ടു് കൊണ്ടു് റഷ്യയിൽ ഉദിച്ചുയർന്നു് വികസിച്ച നവീനജീവിതത്തിലേക്കു് നോക്കിയാൽ ലോകത്തെ വിസ്മയിപ്പിക്കുന്ന പലതും അവിടെ കാണാൻ കഴിയും. മറ്റൊരു രാജ്യത്തും പ്രത്യക്ഷപ്പെടാത്തതായ ഒരു പ്രത്യേക ജീവിതശക്തി—ഒരു നവചൈതന്യപ്രവാഹം അവിടത്തെ രണരംഗത്തിൽ ഇപ്പോൾ നാം കാണുന്നില്ലേ? അതെവിടെനിന്നുണ്ടായി! യൂറോപ്പ് മുഴുവൻ കീഴടക്കി തള്ളിക്കയറിയ ജർമൻ പെരുമ്പടയെ തടുത്തുനിർത്തി തച്ചുടച്ചു് പിന്നാക്കം ഓടിച്ചുകൊണ്ടിരുന്ന ഈ മഹാശക്തിവിശേഷം എങ്ങുനിന്നാവിർഭവിച്ചു? ഇത്തരം ചോദ്യങ്ങൾക്കു് ഉത്തരം പറവാൻ ശ്രമിക്കുമ്പോൾ ഒന്നാമതു് ചൂണ്ടിക്കാണിക്കേണ്ടതു് അവിടത്തെ സ്ത്രീസമുദായത്തെയാണു്. ‘ജനസമുദായത്തിൽ പകുതിഭാഗവും അടുക്കളയിലെ അടിമച്ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുമ്പോൾ ഒരു രാഷ്ട്രത്തിനും സ്വതന്ത്രമാകാൻ സാദ്ധ്യമല്ല,’ എന്നു് ലെനിൻ ഭരണാധികാരത്തിലെത്തിയ മാത്രയിൽ വിളംബരംചെയ്യുകയുണ്ടായി. ഇതര രാജ്യങ്ങളിലും ഇത്തരം അഭിപ്രായങ്ങൾ മുഴങ്ങിക്കേൾക്കുന്നുണ്ടെങ്കിലും അവ പ്രവൃത്തിരൂപത്തിൽ പ്രകടമാകുന്നതു് പല നിയന്ത്രണങ്ങളോടുകൂടിയും മന്ദഗതിയിലും ആണെന്നു് നിസ്സംശയം പറയാം. എന്നാൽ, ലെനിൻ വാക്കുകൊണ്ടു് തൃപ്തിപ്പെടാതെ നിയമാധികാരം പ്രയോഗിച്ചുള്ള പ്രവൃത്തികൊണ്ടു് സ്ത്രീകളുടെ അടിമച്ചങ്ങല ഇനിയൊരിക്കലും കണ്ണിചേരാത്തവിധം വെട്ടിമുറിക്കുകതന്നെ ചെയ്തു. സ്ത്രീ സ്വതന്ത്രയാകണമെങ്കിൽ അവളുടെ സാമ്പത്തികമായ പാരതന്ത്ര്യം ആദ്യമായി നീക്കണമെന്നു് അദ്ദേഹം കണ്ടു. മറ്റെല്ലാത്തരം സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം സാമ്പത്തികസ്വാതന്ത്ര്യമാകുന്നു. ഈ തത്ത്വത്തിനു് അതു് അർഹിക്കുന്നിടത്തോളം പ്രാധാന്യം ആദ്യമായി കൊടുത്തതു് റഷ്യയിൽമാത്രമാണു്. സകല കാര്യങ്ങളിലും പുരുഷനോടൊപ്പം പൂർണ്ണമായ പൗരാവകാശം, ഏതു് ഉദ്യോഗവകുപ്പിലും പ്രവേശിക്കുവാനുള്ള സർവസ്വാതന്ത്ര്യം, വേലയ്ക്കു് ഇരുകൂട്ടർക്കും തുല്യമായ പ്രതിഫലം വിശേഷിച്ചു് സ്ത്രീക്കു് മാതൃത്വത്തെ പരിഗണിച്ചുള്ള പ്രത്യേകാവകാശങ്ങൾ, പരസ്പരപ്രണയവിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിവാഹം, സന്താനങ്ങളെ സംബന്ധിച്ചു് ദമ്പതിമാർക്കു് ഒരുപോലെ ഉത്തരവാദിത്തം, ബുദ്ധിശക്തി, കായബലം, കാര്യശേഷി മുതലായവയിൽ പുരുഷനേക്കാൾ ഒരുവിധത്തിലും താഴെയല്ല സ്ത്രീ എന്നുള്ള സാമാന്യതത്ത്വത്തിന്റെ അംഗീകരണം ഇങ്ങനെ സ്ത്രീകൾക്കു് റഷ്യയിലുണ്ടായിട്ടുള്ള പുരോഗമനം വിവരിക്കുവാൻ തുടങ്ങിയാൽ വളരെ വിസ്തരിക്കേണ്ടിവരും. 1917-ൽ ബോൾഷേവിക് ഭരണം നടപ്പാകുന്നതുവരെ അവിടത്തെ സ്ത്രീകൾ അനുഭവിച്ചിരുന്ന അടിമത്തം പരിശോധിക്കുമ്പോളാണു് ഇപ്പോഴത്തെ പുരോഗമനത്തിന്റെ മാഹാത്മ്യം മനസ്സിലാകുന്നതു്.
സോവിയറ്റ് റഷ്യയുടെ അഞ്ചിലൊരു ഭാഗം മാത്രമേ യൂറോപ്പ് ഖണ്ഡത്തിൽ ഉൾപ്പെടുന്നുള്ളു. ബാക്കി അഞ്ചിൽ നാലുഭാഗവും പാശ്ചാത്യപരിഷ്കാരം അടുത്ത കാലംവരെ പ്രവേശിക്കാതിരുന്ന ഏഷ്യാഭൂഖണ്ഡത്തിലാണു്. ആ ഭാഗങ്ങളിലെ സ്ത്രീകളുടെ നില ആടുമാടുകളുടേതിനേക്കാൾ കഷ്ടമായിരുന്നു. ആകെയുള്ളവരിൽ പത്തിലൊരു ഭാഗം മുസ്ലീംസ്ത്രീകളത്രേ. ഇരുപത്തിയഞ്ചുകൊല്ലം മുമ്പുവരെ ഇവർക്കു് മൂടുപടംകൂടാതെ പുറത്തിറങ്ങാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഭർത്താവു് മരിച്ചാൽ അയാളുടെ വിധവയും മറ്റു് സ്ഥാവരജംഗമവസ്തുക്കളോടൊപ്പം അടുത്ത അവകാശിക്കുള്ളതായിരുന്നു. അവയോടൊന്നിച്ചു് അവളെക്കൂടി മറ്റാർക്കെങ്കിലും വിൽക്കുന്നതിനു് ആ അവകാശിയെ നിയമം അനുവദിച്ചിരുന്നു. വിദ്യാഭ്യാസസൂര്യന്റെ ഒരു രശ്മിപോലും അവരെ എത്തിനോക്കിയിട്ടില്ലായിരുന്നു. മുസ്ലീംജനതയുടെ സ്ഥിതി ഇത്ര ഇരുട്ടടഞ്ഞിരുന്നെങ്കിൽ ക്രൈസ്തവസമുദായത്തിന്റെ നിലയോ, അതും ഒട്ടും അസൂയാവഹമായിരുന്നില്ല. വിവാഹിതയായ ഒരു സ്ത്രീക്കു് ഭർത്താവിനെക്കൂടാതെ അന്യരാജ്യങ്ങളിൽ സഞ്ചരിക്കുന്നതിനു് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. വിദേശസഞ്ചാരത്തിനുള്ള ‘പാസ്പോർട്ട്’ കൊടുത്തിരുന്നതു് ഭർത്താവിന്റെ പേരിൽമാത്രമായിരുന്നു. അടുത്തകാലംവരെ റഷ്യയിൽ പ്രചരിച്ചിരുന്ന ചില പഴഞ്ചൊല്ലുകൾ സ്ത്രീകളുടെ ഈ നികൃഷ്ടനിലയെ ചിത്രീകരിക്കുന്നവയാണു്.
- ‘സ്ത്രീകളുടെ തലമുടി നീണ്ടതാണു്. എന്നാൽ, അവളുടെ തലച്ചോറ് ചുരുങ്ങിയത്രേ’.
- ‘ഈവിന്റെ ഗോത്രത്തിൽപ്പെട്ടവരാണു് എല്ലാ സ്ത്രീകളും. അവരിൽ നിന്നാണു് പാപോല്പത്തി’.
- ‘സ്വാതന്ത്ര്യം ഒരു നല്ല ഭാര്യയെ ചീത്തയാക്കുന്നു’.
ഒരു കാലത്തു് ജനസമുദായം സ്ത്രീകളെ എങ്ങനെ പരിഗണിച്ചിരുന്നു എന്നുള്ളതിനു് ഇത്തരം വാക്യങ്ങൾ മതിയായ തെളിവുകളാണു്. അന്നത്തെ അവരുടെ ജീവിതം മദ്ധ്യകാലഘട്ടത്തെ അനുസ്മരിപ്പിച്ചിരുന്നു. എന്നാൽ, ഇന്നു് അവർ ഒറ്റച്ചാട്ടംകൊണ്ടു് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പടിവാതില്ക്കലെത്തിയിരിക്കുന്നതു് നോക്കുക! മനുഷ്യചരിത്രത്തിൽ ഇതിനുമുമ്പു് ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരത്ഭുതപരിവർത്തനമാണിതു്.
സ്ത്രീകൾക്കു് വേണ്ടത്ര സ്വാതന്ത്ര്യമുണ്ടെന്നു് കാണിക്കാൻവേണ്ടി പേരിനുമാത്രം ചിലതു് കാട്ടിക്കൂട്ടുന്ന ചില രാജ്യങ്ങളിലെ സമ്പ്രദായമല്ല റഷ്യയിൽ കാണുന്നതു്. അഖില സോവിയറ്റ് കോൺഗ്രസ് സംഘടനയിൽ അഞ്ചിലൊരു ഭാഗം അംഗങ്ങളും സ്ത്രീകളാണു്. പ്രാദേശിക സോവിയറ്റുകളിലേക്കു് തെരഞ്ഞെടുക്കപ്പെടുന്നവരിൽ അവരുടെ സംഖ്യ ഒന്നുരണ്ടല്ല. അയ്യായിരമാണു്. അവരിൽ പലരും പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു. അന്യരാജ്യങ്ങളിൽ അബലമാർക്കു് പറ്റിയതല്ലെന്നു് പറഞ്ഞു് അകറ്റിനിർത്തിയിരുന്ന എൻജിനീയർ ഡിപ്പാർട്ടുമെന്റിൽ അഞ്ചുലക്ഷം സ്ത്രീകൾ ഉണ്ടു്. എൻജിനീയറിംഗ് കോളേജുകളിൽ മൂന്നിലൊന്നും മെഡിക്കൽ കോളേജുകളിൽ പകുതിയിലധികവും വിദ്യാർത്ഥികളല്ല, വിദ്യാർത്ഥിനികളാണു്. ജഡ്ജിമാരിൽ നല്ലൊരുഭാഗം സ്ത്രീകളാണു്. കപ്പലുകളിലെ കപ്പിത്താൻ സ്ഥാനങ്ങളിലും അവർ പ്രവേശിച്ചിരിക്കുന്നു. രാജ്യതന്ത്രജ്ഞന്മാരായ സ്ഥാനപതികളുമായി കാര്യവിചാരം നടത്തുന്ന സ്വീഡനിലെ റഷ്യൻ അംബാസിഡർ മാഡം കൊളോൺടേ (Madame Kollontai) ആണു്. ധനകാര്യകമ്മിസ്സാർ ആയിട്ടു് യാക്കോലിവ (Yakovleva) എന്നൊരു സ്ത്രീയെ കാണാം. മറ്റേതു് രാജ്യത്തിൽ വന്നിട്ടുണ്ടു് ഇത്രയും അഭിവൃദ്ധി?
സൈനികവിദ്യാലയങ്ങളിൽ സകല വകുപ്പുകളിലും സ്ത്രീകൾ പരിശീലനം നടത്തുന്നുണ്ടു്. ഇതിഹാസങ്ങളാണോ എന്നു് തോന്നത്തക്കവിധം വീരനാരീത്വം പ്രകടിപ്പിച്ചിട്ടുള്ള എത്രയെത്ര അത്ഭുതംതുളുമ്പുന്ന സംഭവങ്ങളാണു് റഷ്യയിലെ യുദ്ധരംഗത്തിൽ നടന്നുകൊണ്ടിരിക്കുന്നതു്? ബോംബ് വർഷിച്ചു് ശത്രുസംഹാരം ചെയ്വാൻ പുറപ്പെടുന്ന വിമാനസൈന്യത്തിന്റെ നേതൃസ്ഥാനം വഹിക്കുവാൻ മറ്റേതെങ്കിലും രാജ്യത്തിലെ ഒരു സ്ത്രീയ്ക്കു് കഴിവുണ്ടായിട്ടുണ്ടോ? അനന്യവനിതാലഭ്യമായ ആ സ്ഥാനത്തെത്തി പലപല വിമാനാക്രമണങ്ങളും നടത്തി ഒടുവിൽ വീരചരമം പ്രാപിച്ച ഒരു നായികയുടെ ശവസംസ്കാരകർമം ഈയിടെ മോസ്കോവിൽ സർവബഹുമതികളോടുംകൂടെ നടത്തുകയുണ്ടായി. തൊട്ടിലാട്ടുന്ന കരം വേണ്ടിവന്നാൽ തോക്കെടുക്കാനും സന്നദ്ധമായാലേ വിഷ്ടപത്തെ ഭരിക്കാൻ ശക്തമാകയുള്ളു എന്ന തത്ത്വമാണു് റഷ്യയിലെ സ്ത്രീകൾ സ്വീകരിച്ചിരിക്കുന്നതു്. മാതൃമണ്ഡലത്തിൽ മാൻപേടകളായും രണാങ്കണത്തിൽ ഹിംസ്രവ്യാഘ്രികളായും പ്രത്യക്ഷപ്പെടാൻ അവർക്കു് കഴിയും. യഥാർത്ഥമായ സ്വാതന്ത്ര്യംകൊണ്ടു് റഷ്യയിലെ വനിതാലോകത്തിനുണ്ടായിട്ടുള്ള നേട്ടമാണതു്. ആറു മാസക്കാലം നീണ്ടുനിന്ന സബാസ്റ്റപോൾ നഗരരോധത്തിൽ (Siege of Sebastapol) ഭൂഗർഭത്തിലുള്ള കൃത്രിമഗുഹാഗൃഹങ്ങളിൽ ശിശുക്കളെ മുലകൊടുത്തു് ഉറക്കിക്കിടത്തിക്കൊണ്ടു് യന്ത്രത്തോക്കുമേന്തി പുറത്തുവന്നു് ശതക്കണക്കിനു് ജർമൻഭടന്മാരെ കൊന്നൊടുക്കിയ അമ്മമാരുടെ ചരിത്രം ആരെയാണു് പുളകിതഗാത്രരാക്കാത്തതു്! അടുക്കളയിൽനിന്നു് അടർക്കളത്തിലേക്കു് ഇത്ര വേഗത്തിലും ഇത്ര ധൈര്യത്തോടും പാഞ്ഞുചെല്ലാൻ അവർക്കു് കഴിയുമെന്നു് ആർ വിചാരിച്ചു? സ്ത്രീത്വത്തിന്റെ ഈ ദ്വൈധീഭാവത്തെ ഇത്ര സമഞ്ജസമയി വികസിപ്പിക്കാമെന്നു് കാലേക്കൂട്ടി കണ്ടറിഞ്ഞു് അതിലേക്കു് മാർഗം തുറന്ന ദീർഘദർശിയായ ആ ലെനിന്റെ മുമ്പിലല്ലേ ഇന്നത്തെ ലോകം തല കുനിക്കേണ്ടതു്?
(വിചാരവിപ്ലവം 1944)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971