എന്താണു് ഈ ശബ്ദജാലം? ആ അപകടം പിടിച്ച വാക്കു തന്നെ—മതം മതം! എവിടെയും നാം ആ പദം പ്രയോഗിക്കുന്നു. എന്തർഥവും നാം അതിനു കൊടുക്കുന്നു. ഇതുപോലെ അർത്ഥവിചാരമില്ലാതെയും വാദക്കുഴപ്പം വരുത്തിയും പ്രയോഗിക്കുന്ന യാതൊരു വാക്കും ഇല്ലെന്നു പറയാം. വാഗർത്ഥസംബന്ധമായ യാതൊരു വ്യവസ്ഥയും ഈ വാക്കു് ഉപയോഗിക്കുന്നവർ ആദരിക്കാറില്ല. എത്രയെത്ര വാദകോലാഹലങ്ങളാണു് തന്മൂലം ലോകരംഗത്തു പ്രത്യക്ഷപ്പെടാറുള്ളതു്! മനുഷ്യന്റെ വിചാരത്തിലും വിശ്വാസത്തിലും ഇത്രയും കലുഷത കലർത്തിയിട്ടുള്ള വേറൊരു പദം പ്രചാരത്തിലില്ലെന്നു തോന്നുന്നു മതം എന്ന വാക്കിന്റെ അർത്ഥവലയത്തിൽ എന്തെല്ലാം കടന്നുകൂടുന്നുണ്ടെന്നു നോക്കുക! പരബ്രഹ്മധ്യാനം മുതൽ ഹിന്ദു-മുസ്ലിം ലഹളവരെ അതിനകത്തു കാണാം. ജനനനിയന്ത്രണത്തിനും സ്പെയിനിലെ കലാപത്തിനും കൂടി അതിൽ സ്ഥാനമുണ്ടു്. ഇങ്ങനെ ഒരു വ്യവസ്ഥയും ഇല്ലാതെ ചുറ്റിക്കളിക്കുന്ന ഈ വാക്കിനു് ഒരു അർത്ഥപരിമിതി നിശ്ചിയിക്കേണ്ടതു് അത്യാവശ്യമായിരിക്കുന്നു.
ആരാണു് മതം സൃഷ്ടിച്ചതു് എന്നു വാൾട്ടയറോടു് ഒരിക്കൽ ഒരാൾ ചോദിക്കുകയുണ്ടായി ഒന്നാമത്തെ മണ്ടനെ കണ്ടെത്തിയ ഒന്നാമത്തെ കള്ളൻ (The first rogue that met the first fool) എന്നദ്ദേഹം മറുപടി പറഞ്ഞു. ഇതിൽനിന്നു മതം എന്ന വാക്കുകൊണ്ടു് വാൾട്ടയർ ഉദ്ദേശിച്ചിട്ടുള്ള അർത്ഥം എന്താണെന്നു നമുക്കു് ഊഹിക്കാം. അജ്ഞതയിൽ ആണ്ടുകിടക്കുന്ന മനുഷ്യവർഗത്തെ അന്ധവിശ്വാസത്താൽ ബന്ധിച്ചു ചൂഷണം ചെയ്യുന്ന പൗരോഹിത്യവും തത്സംബന്ധമായ ഏർപ്പാടുകളും മറ്റുമാണു് ആ വാക്യത്തിൽ വ്യഞ്ജിക്കുന്നതു്. എന്നാൽ മഹാത്മാഗാന്ധി യോടു് ഒന്നു ചോദിക്കുക, മതം എന്താണെന്നു് ആർക്കും പിടികിട്ടാത്തതും കേട്ടാൽ അത്യുത്തമമെന്നു തോന്നുന്നതുമായ ഒരു വേദാന്തപ്പൊരുളായിരിക്കും അദ്ദേഹത്തിന്റെ വ്യാഖ്യാനം. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ദിവ്യതയുടെ പ്രകാശനമാണു് മതമെന്നത്രെ വിവേകാനന്ദന്റെ അഭിപ്രായം. ‘കമ്യൂണിസം’ പ്രസംഗിക്കുന്നവർ അതു മനുഷ്യരെ മയക്കുന്ന ഒരുതരം കറുപ്പാണെന്നു പറയും. മനുഷ്യരുടെ ലോകവ്യവഹാരങ്ങളിൽ മതപരമായ എന്തെങ്കിലും ഒരു ബന്ധം ഇല്ലാത്തവ കാണാൻ പ്രയാസം. നമ്മുടെ ജനനം, വളർച്ച, വിദ്യാഭ്യാസം, വിവാഹം, ആഹാരം, വിഹാരം, മരണം ഇത്യാദി സർവ്വത്തിലും മതം ഒരു തരം ഭരണം നടത്തുന്നു. ഇവയില്ലെല്ലാം അതു വിവിധരൂപത്തിലും ഭിന്നസ്ഥാനങ്ങളിലുമാണു് തല പൊന്തിക്കുന്നതു്. എഡ്വേർഡ് ചക്രവർത്തി സിംസൺ മദാമ്മയെ സ്നേഹിക്കുന്നതിൽപ്പോലും മതത്തിന്റെ ശബ്ദജാലം കടന്നുകൂടി ബഹളമുണ്ടാക്കുന്നു. ഈ ശബ്ദത്തെപ്പറ്റി മേൽ ഉദ്ധരിച്ച അഭിപ്രായങ്ങളിൽ ഓരോന്നിന്റെയും പിന്നിൽ നിൽക്കുന്നതു ഭിന്നഭിന്നമായ ഓരോ അർത്ഥമാണെന്നു കുട്ടികൾക്കു കൂടി എളുപ്പം മനസ്സിലാക്കാവുന്നതാണു്.
മതം എന്ന വാക്കിനു് ഇങ്ങനെ പ്രയോക്താവിന്റെ ഇഷ്ടംപോലെ ഓരോ അർത്ഥം കൊടുക്കാവുന്നതാണോ? അതിനുള്ള സ്വാതന്ത്ര്യം ശബ്ദശാസ്ത്രപരമായ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ലെന്നു് ഉച്ചത്തിൽ പറയേണ്ടിയിരിക്കുന്നു. ഭാഷാപരമായ വിവേകവും മര്യാദയും ഉള്ളവർ ദുസ്സ്വാതന്ത്ര്യം സമ്മതിക്കുന്നതല്ല. മതം എന്ന വാക്കിന്റെ ആഗമം എങ്ങനെയിരുന്നാലും അതു് പ്രത്യേകാർത്ഥത്തിൽ രൂഢമായിത്തീർന്നിട്ടുണ്ടെന്നു ഓർമിക്കേണ്ടിയിരിക്കുന്നു. ആ അർത്ഥമാണു് നിലവിലിരിക്കുന്നതും സാമാന്യജനങ്ങളുടെ മനസ്സിൽ അങ്കുരിക്കുന്നതും. അതു് ഹിന്ദുമതം, ക്രിസ്തുമതം, ബുദ്ധമതം, മുഹമ്മദുമതം മുതലായവയെ സാമാന്യമായിക്കുറിക്കുന്ന ഒന്നത്രെ. ഇവയുടെയെല്ലാം സാമാന്യലക്ഷണങ്ങൾ എന്തെല്ലാമാണോ അവയെല്ലാമാണു് മതത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നതു്. ഈ മതങ്ങളുടെ സാമാന്യഘടകങ്ങൾ എന്തെല്ലാമാണു് ? വിശ്വാസം, ആചാരം, അനുഷ്ഠാനം, ആരാധന, സംഘടന, ഈശ്വരതത്ത്വം ഇങ്ങനെ ചില പ്രധാന ഘടകങ്ങളാണു് മതത്തെ വിശകലനം ചെയ്തു നോക്കുമ്പോൾ നാം കണ്ടെത്തുന്നതു്. മനുഷ്യരുടെ പ്രവൃത്തി രംഗത്തിൽ മിക്കവാറും ഇവയ്ക്കു സമപ്രാധാന്യം നൽകിയിട്ടുമുണ്ടു്. ഇവയുടെയെല്ലാം ആകെത്തുകയാണു് മതം. ഇവയിൽ ആദ്യഘടകങ്ങളെയെല്ലാം വിസ്മരിച്ചു് ഒടുവിൽ പറഞ്ഞ ഈശ്വരതത്ത്വത്തിന്റെ സാരാംശംമാത്രം എടുത്തുകൊണ്ടാണു് മഹാത്മാഗാന്ധിയെപ്പോലുള്ളവർ മതത്തെ വ്യാഖ്യാനിക്കുന്നതു്. ഇതു് മുഖത്തിനു പകരം മൂക്കു് എന്നോ മാവിനുപകരം മാമ്പഴം എന്നോ പറയുന്നതുപോലെ അബദ്ധമാകുന്നു. ഈശ്വരതത്ത്വം എല്ലാ മതങ്ങളുടെയും ആഭ്യന്തരാംശം ആണെങ്കിലും അതിന്നു മാത്രം മതം എന്ന പേരു് ഒരിക്കലും ലഭിക്കുന്നതല്ല. എന്തെന്നാൽ ഈ ആഭ്യന്തരാംശത്തെ ആധാരമാക്കി ബാഹ്യമായി വളർന്നുവന്നിട്ടുള്ള ഘടകങ്ങൾകൊണ്ടാണു് ലോകത്തിൽ ഭിന്നമതങ്ങളുണ്ടായിട്ടുള്ളതു്. അവയെല്ലാം നീക്കിനോക്കിയാൽ മതം എന്ന വ്യവഹാരമേ നശിച്ചുപോകുന്നതായി കാണാം. ക്രിസ്തുമതം ഹിന്ദുമതം മുതലായവ ഈ ബാഹ്യഘടകങ്ങളെമാത്രം അവലംബിച്ചാണു് പ്രത്യേകം പ്രത്യേകമായി നിലവിലിരിക്കുന്നതു്. അതുകൊണ്ടു് ആഭ്യന്തരാംശം ബീജസ്ഥാത്തുണ്ടെങ്കിലും വൃക്ഷസ്ഥാനീയമായ ബാഹ്യാംശത്തിനു തന്നെയാണു് മതം എന്ന വാക്കിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം. ഈ പ്രാധാന്യം ഗണിക്കാതെ അതിന്റെ അർത്ഥത്തിനു മാറ്റം വരുത്തി പ്രയോഗിക്കുന്ന സമ്പ്രദായം സാധാരണ കണ്ടുവരുന്നുണ്ടു്. ബുദ്ധിപരമായ സത്യസന്ധത (intellectual honesty) ഉള്ളവർ ഇത്തരം വക്രവാദങ്ങൾക്കു പുറപ്പെടുന്നതല്ല. അവർ ഏതെങ്കിലും പദം പ്രയോഗിക്കുമ്പോൾ ആ പദത്തിനു് നാട്ടിൽ നടപ്പുള്ള അർത്ഥം മാത്രമേ വിവക്ഷിക്കുകയുള്ളു. അഥവാ ഒരു പുതിയ നിർവചനം ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതു് മുഖവുരയായി വിവരിക്കുകയും ചെയ്യും. ഇന്നത്തെ ലേഖനങ്ങളിലും പ്രസംഗങ്ങളിലും എത്രപേർ ഈ സത്യസന്ധത പരിപാലിക്കാറുണ്ടു്? മതം മാത്രമല്ല ഈശ്വരൻ, ആത്മാവു് മുതലായ മറ്റനേകം വാക്കുകളെ സംബന്ധിച്ചും ഇതുപോലെ അർത്ഥപരമായ ഒരു വ്യക്തിയും വ്യവസ്ഥയും അത്യാവശ്യമായിത്തീർന്നിട്ടുണ്ടു്.
മതം മനുഷ്യനു് ആപല്ക്കരമാണെന്നു വാദിക്കുന്നവർ അതിന്റെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന ഈശ്വരാംശത്തെ അല്ല പ്രധാനമായി ലക്ഷ്യമാക്കുന്നത്. ഈശ്വരത്ത്വം മനുഷ്യനു് എത്രത്തോളം ആവശ്യമാണെന്ന പ്രശ്നം ഇവിടെ ചർച്ച ചെയ്യുന്നില്ല. അതെങ്ങനെയെങ്കിലുമിരിക്കട്ടെ. ഇതു് മതത്തെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ അംശം മാത്രമാകുന്നു. മനുഷ്യവർഗത്തിന്റെ സർവജീവിതവശങ്ങളെയും ബാധിക്കുന്ന ആപല്ക്കരമായ ബാഹ്യാംശമാണു് മതം എന്ന വാക്കുകൊണ്ടു് അവർ അർത്ഥമാക്കുന്നതു് ഈ ബാഹ്യാംശം ലോകത്തിൽ ഭിന്ന മതങ്ങളെ സൃഷ്ടിച്ചു് മനുഷ്യരെ പരസ്പരം കലഹിപ്പിച്ചു് അനീതിയും ആക്രമവും വർദ്ധിപ്പിച്ചിട്ടുണ്ടു് എന്ന സംഗതിയിൽ ഈശ്വരവിശ്വാസികൾക്കുപോലും ഭിന്നാഭിപ്രായമുണ്ടാകാൻ വഴിയില്ല. അഥവാ ഉണ്ടായാൽ അവർ ലോകചരിത്രം പഠിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടില്ലെന്നേ അതുകൊണ്ടു തെളിയുകയുള്ളു.
മതം ആവശ്യമാണെന്നു കാണിപ്പാനും തത്സംബന്ധമായ കലഹം ശമിപ്പിക്കുവാനും ഇപ്പോൾ ഒരു പുതിയ വാദം പ്രചരിച്ചു തുടങ്ങിയിട്ടുണ്ടല്ലോ; അതായതു് എല്ലാ മതങ്ങളും ഒന്നാണെന്നുള്ളതു്. ഇതും പരമാബദ്ധമായ ഒരു അഭിപ്രായമാകുന്നു. മതത്തിനു കല്പിക്കുന്ന അർത്ഥത്തിനു് ഇവിടെയും കുഴപ്പം വരുത്തുന്നുണ്ടു്. അതിന്റെ രൂഢിയായ അർത്ഥം സ്വീകരിക്കുകയാണെങ്കിൽ എല്ലാ മതങ്ങളും ഒന്നാകാൻ നിവൃത്തിയില്ല. അപ്രകാരം ഒന്നാകുമ്പോൾ മതം എന്നുള്ളതു് ഇല്ലാതായിപ്പോകുന്നതാണു്. ക്രിസ്തുവും കൃഷ്ണനും ഒന്നാണോ? അതുപോലെ പള്ളിയും അമ്പലവും ഒന്നാകുമോ? ഇതുപോലെ ആചാരാനുഷ്ഠാനങ്ങളിലും ഭിന്ന മതങ്ങൾക്കു തമ്മിൽ വ്യത്യാസങ്ങളില്ലേ? സർവ്വത്തിന്റെയും ആന്തരതത്ത്വം ഒന്നായതുകൊണ്ടു് എല്ലാം ഒന്നാണെന്നുള്ള വാദം ഒരിക്കലും സാധുവല്ല. ഇങ്ങനെ വാദിക്കുന്നവർ മനുഷ്യനും മൃഗവും മരവും ഒന്നാണെന്നു പറയുമോ? ഈ മൂന്നും സൂക്ഷ്മരൂപത്തിൽ വിദ്യുന്മയകണങ്ങളായി മാറി ഒന്നായിത്തീരാമെന്നു സയൻസ് പഠിപ്പിക്കുന്നതുകൊണ്ടു് വ്യാവഹാരികലോകത്തിൽ വ്യത്യാസം നശിച്ചുപോകുന്നുണ്ടോ? ഇതുപോലെതന്നെയാണു് മതങ്ങളുടെ നിലയും. ആചാരം, അനുഷ്ഠാനം വിശ്വാസം, സംഘടന, ഈശ്വരാവതാരങ്ങൾ മുതലായവയിൽ വ്യത്യാസങ്ങൾ ഉള്ളിടത്തോളം കാലം മതങ്ങളും ഭിന്നമായിരിക്കും. എന്തെന്നാൽ മേല്പറഞ്ഞവയുടെ ആകെത്തുകയാണു് മതം. അതുതന്നെയാണു് അതിന്റെ സാധാരണ അർത്ഥം. മതം എന്നു കേൾക്കുമ്പോൾ നാം എല്ലാവരും മനസ്സിലാക്കുന്നതും ഇതൊക്കെതന്നെയാണു്. അവയെല്ലാം മറച്ചുവെച്ചുകൊണ്ടു മതമാഹാത്മ്യം കാണിപ്പാൻ അവയുടെ ഉള്ളിൽ കിടക്കുന്ന സൂക്ഷ്മബീജമായ ഈശ്വരാംശംമാത്രം എടുത്തു് ഉദ്ഘോഷിക്കുന്നതു സാമാന്യജനതയെ വഞ്ചിക്കാനുള്ള ഒരു ശബ്ദജാലം തന്നെയാകുന്നു.
1937.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971