വായനക്കാരെ ആവേശംകൊള്ളിക്കുന്ന ഒന്നാണു് വിപ്ലവാചാര്യനായ കാറൽ മാർക്സിന്റെ ജീവിതകഥ. ത്യാഗോജ്ജ്വലമായ ആ കഥയുടെ ജീവനാഡിയായി പ്രശോഭിക്കുന്നതു്. അദ്ദേഹത്തിന്റെ ധർമ്മപത്നിയായ ജന്നി മാർക്സ് ആകുന്നു. അനിതരസാധാരണമായ ഗുണവിശേഷങ്ങളുടെ വിളനിലമായിരുന്നു ആ സാധ്വീരത്നം. ക്ലേശസഹിഷ്ണുത, ത്യാഗസന്നദ്ധത, നിശ്ചയദാർഢ്യം, സുധീരത, സൗശീല്യം, സൗന്ദര്യം ഇങ്ങനെ എന്തെന്തു് ഗുണങ്ങൾ ആ ജീവിതമഹിമയ്ക്കു് മാറ്റുകൂട്ടിയില്ല! പിതൃകുടുംബത്തിലെ സർവസുഖങ്ങളും സ്വമനസ്സാ ഉപേക്ഷിച്ചു് എന്തു് ക്ലേശവും സഹിക്കാൻ സന്നദ്ധയായി, നിസ്സ്വനായ ഭർത്താവിന്റെ കാലടികളെ പിന്തുടരാൻ ഇറങ്ങിപ്പുറപ്പെട്ട ഈ വീരനായിക രാമായണത്തിലെ സീതയെ അനുസ്മരിപ്പിക്കുന്നു.
മാർക്സിന്റെ ബാല്യകാലസഖിയായിരുന്നു ജന്നി. 1843-ലാണു് അവരുടെ വിവാഹം നടന്നതു്. അതൊരു ഗാന്ധർവ്വവിവാഹമായിരുന്നു. ബന്ധുജനവിരോധം അവർ തീരെ വകവെച്ചില്ല. മാർക്സ് അക്കാലത്തു് വ്യക്തമായൊരു ലക്ഷ്യബോധമോ, സ്ഥിരമായ വരുമാനമോ ഇല്ലാതെ ദിനവൃത്തി കഴിച്ചുകൂട്ടുകയായിരുന്നു. തത്താദൃശനായ ഒരു ദരിദ്രനെ പ്രഭുകുടുംബജാതയായ ജന്നി വരനായി സ്വീകരിച്ചതു് ബന്ധുജനങ്ങൾക്കു് എങ്ങനെ സഹ്യമാകും? എങ്കിലും ഒടുവിൽ വധുവിന്റെ ദൃഢനിശ്ചയംതന്നെ വിജയിച്ചു. ഐശ്വര്യസമൃദ്ധിയുടെ മടിത്തട്ടിൽനിന്നു് ക്ലേശസഹസ്രങ്ങളുടെ പടുകുഴിയിലേക്കാണു് ആ ധീരവനിത ഇറങ്ങിച്ചെന്നതെങ്കിലും അവിടെ പരസ്പരപ്രണയത്തിന്റെ മാധുര്യവും അഭിപ്രായയൈക്യത്തിന്റെ സുഖശീതളതയും നിറഞ്ഞുതുളുമ്പിയിരുന്നു. പത്രപ്രവർത്തനംവഴി തൊഴിലാളികളുടെയിടയിൽ വിപ്ലവസാഹിത്യം പ്രചരിപ്പിക്കാൻ ശ്രമിച്ചിരുന്ന മാർക്സിനു് അന്നു് ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുവാൻ നിവൃത്തിയില്ലാതെവന്നു. ഏതൊരു സർക്കാരിനും ഭയമുളവാക്കുന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ തൂലിക ചലിച്ചിരുന്നതു്. സ്വരാജ്യമായ ജർമനിയിൽനിന്നു് ഫ്രാൻസിലേക്കു്, അവിടെനിന്നു് ബൽജിയത്തിലേക്കു്, അനന്തരം ഇംഗ്ലണ്ടിലേക്കു്—ഇങ്ങനെ മാറിമാറിത്താമസിച്ചു് ആ ദരിദ്രകുടുംബം ഒട്ടേറെ കഷ്ടതയനുഭവിച്ചു. പാരീസിലേയും ബൽജിയത്തിലെയും അനുഭവങ്ങളെപ്പറ്റി ജന്നിതന്നെ ഒരു സുഹൃത്തിനുള്ള കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു് നോക്കുക:
‘കാറൽമാർക്സ് ഇരുപത്തിനാലു് മണിക്കൂറിനുള്ളിൽ പാരീസ് വിടണം’—ഇതായിരുന്നു ഒരു ദിവസം പോലീസ്കമ്മീഷണർ കൊണ്ടുവന്ന കല്പന. എനിക്കു് കുറേ നാൾകൂടി താമസിക്കാനുള്ള അനുമതി കിട്ടി. ഈയവസരം കുറെ വീട്ടുസാമാനങ്ങളും വസ്ത്രങ്ങളും വിൽക്കാനായി ഞാൻ ഉപയോഗപ്പെടുത്തി. ഹെർവികുടുംബത്തിന്റെ ഔദാര്യവും ആതിഥേയത്വവും രണ്ടു് ദിവസത്തേക്കു് എനിക്കു് രക്ഷനൽകി. ബ്രസ്സൽസിൽച്ചെന്നുപറ്റിയിരുന്ന മാർക്സിന്റെ അടുത്തേക്കു് അനന്തരം ഞാനും യാത്രയായി. കടുത്ത ശൈത്യവും ശരീരാസ്വാസ്ഥ്യവും സഹിച്ചുകൊണ്ടായിരുന്നു എന്റെ യാത്ര. അവിടെ ഒരു ചെറിയവീടു് വാടകയ്ക്കെടുത്തു് ഞങ്ങൾ വാസം തുടർന്നു. എന്നെ സഹായിക്കാൻ അമ്മ ഒരു വേലക്കാരിയെ അയച്ചുതന്നു. പതിന്നാലു് മാസംമാത്രം പ്രായമായ എന്റെ കൊച്ചുജന്നിയേയുംകൊണ്ടു് വേലക്കാരിയുമൊത്തു് ഞാൻ അമ്മയെ കാണാൻ പോയി. ആറാഴ്ച അമ്മയുടെ കൂടെ താമസിച്ചു. ലാറ (രണ്ടാമത്തെ കുട്ടി) ജനിക്കുന്നതിനു് രണ്ടാഴ്ചമുമ്പു് അമ്മയുടെ അടുത്തുനിന്നു് ഞങ്ങളുടെ ചെറിയ കോളനിയിലേക്കു് ഞാൻ തിരിച്ചുപോന്നു. അപ്പോഴേക്കും ബൽജിയൻ അന്തരീക്ഷത്തിൽ വിപ്ലവക്കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. ഒരു ദിവസം രാത്രി പോലീസുകാർ വന്നു് അറസ്റ്റ് വാറണ്ടുണ്ടെന്നു് പറഞ്ഞു് മാർക്സിനെ പിടിച്ചുകൊണ്ടുപോയി. എന്താണു് സംഗതിയെന്നറിവാൻ ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ പരിഭ്രമിച്ചോടി. ഇരുട്ടത്തു് പല വീടുകളിലും കയറി ഞാൻ അന്വേഷിച്ചു. പെട്ടെന്നു് ഒരു ഗാർഡ് പ്രത്യക്ഷപ്പെട്ടു് എന്നെ അറസ്റ്റ്ചെയ്തു് ഇരുട്ടടഞ്ഞ ഒരു തടവുമുറിയിലാക്കി. അലഞ്ഞുനടക്കുന്നവരെയും വീടില്ലാത്ത യാചകരെയും വേശ്യകളെയും തടങ്കലിൽ പാർപ്പിച്ചിരുന്ന ഒരു സ്ഥലമായിരുന്നു അതു്. കരഞ്ഞുകൊണ്ടു് അങ്ങോട്ടു് കയറിച്ചെന്ന എനിക്കു് തുല്യദുഃഖിതയായ ഒരു കൂട്ടുകാരി അവളുടെ കിടപ്പിടം പകുത്തുതന്നു. പരുക്കൻ മരപ്പലകകൊണ്ടുള്ള ഒരു കട്ടിലു്! ഞാൻ അതിൽക്കിടന്നു് രാത്രി കഴിച്ചുകൂട്ടി. നേരം വെളുത്തു ഞാൻ ജനലിൽക്കൂടി പുറത്തേക്കു് നോക്കിക്കൊണ്ടുനിന്നപ്പോൾ മാർക്സിനെ പട്ടാളക്കാരുടെ അകമ്പടിയോടെ എങ്ങോട്ടോ കൊണ്ടുപോകുന്നതു് കണ്ടു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പോലീസുകാർ വന്നു് എന്നെ മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കി. രണ്ടു് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനുശേഷം അധികാരികൾ എന്നെ വിട്ടയച്ചു. വൈകുന്നേരമായപ്പോഴേക്കും ഞാൻ എന്റെ മൂന്നു് കൊച്ചുകുട്ടികളുടെ അടുത്തെത്തി. ഈ സംഭവം അന്നു് പത്രങ്ങളിൽ ഒട്ടധികം ഒച്ചപ്പാടുണ്ടാക്കി. കുറെക്കഴിഞ്ഞു് മാർക്സും വിടുതൽചെയ്യപ്പെട്ടു. പക്ഷേ, ഉടൻ ബ്രസ്സൽസ് വിടണമെന്നൊരു കല്പനയും ഈ വിമോചനത്തോടൊപ്പം പുറപ്പെട്ടിരുന്നു.’
ഇതുപോലെ എത്രയെത്ര ദുസ്സഹാനുഭവങ്ങൾ! ഒടുവിൽ ഈ ദമ്പതിമാർ വാസമുറപ്പിച്ചതു് ലണ്ടൻനഗരത്തിലാണു്. മഹത്തും മാതൃകാപരവുമായ ആ ദാമ്പത്യജീവിതം അവിടെ മുപ്പതിലധികം വർഷം നീണ്ടുനിന്നു. ഈ അന്ത്യഘട്ടത്തിലാണു് മാർക്സ് ഗ്രന്ഥനിർമിതികൊണ്ടും കമ്യൂണിസ്റ്റ് നേതൃത്വംകൊണ്ടും വിശ്വവിശ്രുതനായതു്. പക്ഷേ, ലണ്ടനിലും കഷ്ടത അവരെ വിട്ടുമാറിയിരുന്നില്ല. ദാരിദ്ര്യം, രോഗം, ബഹുവിധമനഃക്ലേശങ്ങൾ എന്നീ ബാധകളെല്ലാം അപ്പോഴും അവരെ അലട്ടിക്കൊണ്ടിരുന്നു. പിതൃഗൃഹം വിട്ടിറങ്ങിയപ്പോൾ കൂടെ കൊണ്ടുപോന്നിരുന്ന കുറെ വെള്ളിപ്പാത്രങ്ങൾപോലും ജന്നിക്കു് ഒരിക്കൽ പണയംവെക്കേണ്ടിവന്നു. ഒരു കുട്ടി മരിച്ചപ്പോൾ ശവസംസ്ക്കാരത്തിനു് പണമില്ലാതെ വിഷമിക്കുന്നതു് കണ്ടു് അയൽവാസിയായ ഒരു ദയാലു അവർക്കു് ഒരു പവൻ കടംകൊടുക്കുകയുണ്ടായി. കടക്കാരുടെ ശല്യം, വാടകക്കുടിശ്ശികമൂലം പെട്ടെന്നു് വീട്ടിൽനിന്നിറങ്ങിപ്പോകേണ്ടിവരിക. വീട്ടുസാമാനങ്ങൾ ജപ്തിചെയ്യപ്പെടുക, രോഗചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും പ്രയാസം നേരിടുക എന്നുവേണ്ട സർവ്വവിധ ജീവിതദുഃഖങ്ങളും ആ കുടുംബത്തിനു് അനുഭവിക്കേണ്ടിവന്നിട്ടുണ്ടു്. ജന്നിയുടെ ആത്മധൈര്യവും അചഞ്ചലമായ ശുഭപ്രതീക്ഷയും ഭർത്തൃശുശ്രൂഷയും ആണു് ഈ ദുർഘടഘട്ടങ്ങളിലെല്ലാം മാർക്സിനു് ആശ്വാസം നൽകിയിരുന്നതു്. ലോകത്തെ കിടിലംകൊള്ളിക്കുന്ന ഒരു വിപ്ലവതത്ത്വശാസ്ത്രമാണു് തന്റെ ഭർത്താവു് ലണ്ടൻ മ്യൂസിയത്തിലിരുന്നെഴുതിക്കൊണ്ടിരിക്കുന്നതെന്നും ആ മഹാഗ്രന്ഥം പൂർത്തിയാകുമ്പോൾ ആഗോളവ്യാപകമായ ഫലമുളവാക്കുമെന്നും അവർ ധരിച്ചിരുന്നു. മറ്റു് കാര്യങ്ങളിലെന്നപോലെ ഗ്രന്ഥരചനയിലും മാർക്സിനെ സഹായിക്കുന്നതിനുള്ള കഴിവും തന്റേടവും ബുദ്ധിശക്തിയും അവർക്കുണ്ടായിരുന്നു. തന്റെ ഭർത്തൃപരിചരണം മഹത്തായ ലോകസേവനമായി വികസിക്കുമെന്നു് അവർ കണ്ടു. ഇങ്ങനെ ജീവിതവൈഷമ്യങ്ങളോടു് പടപൊരുതിക്കൊണ്ടിരിക്കുന്ന ആ വീരപത്നി ക്രമേണ രോഗഗ്രസ്തയായി. നിരന്തരമായ പ്രസവവും അതിനൊരു കാരണമായിരുന്നുവെന്നു് പറയേണ്ടിയിരിക്കുന്നു. രോഗം മാരകമായ ക്യാൻസറാണെന്നറിഞ്ഞപ്പോഴും അവർ അസാധാരണമായ മനഃശ്ശക്തിയും സഹിഷ്ണുതയും പ്രദർശിപ്പിച്ചു. 1883 ഡിസംബർ രണ്ടാം തിയതി ജന്നി മാർക്സ് മൃതിയടഞ്ഞു. അപരിഹാര്യമായ ഈ നഷ്ടം മാർക്സിനു് താങ്ങാൻ വയ്യാത്ത ഒരാഘാതമായിരുന്നു. അദ്ദേഹം പിന്നെ അധികംനാൾ ജീവിച്ചില്ല. രണ്ടു് വർഷം കഴിഞ്ഞപ്പോൾ ആ മഹാപുരുഷന്റെ മരണവും സംഭവിച്ചു.
(വിമർശനവും വീക്ഷണവും)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971