കുചേലവൃത്തം പഠിക്കുന്നവർ കുചേലബ്രാഹ്മണന്റെ ഭക്തിയെപ്പറ്റി പുകഴ്ത്തിപ്പറയുക പതിവാണു്. എന്നാൽ, ഈ ഭക്തൻ ഒരു ഗൃഹസ്ഥാശ്രമിയായിരുന്നുവെന്നും കുടുംബത്തോടു് അയാൾക്കു് ചില കടമകളുണ്ടായിരുന്നുവെന്നും ഉള്ള വസ്തുത ആരും ഓർക്കാറില്ല. കുടുംബദ്രോഹത്തിൽ കലാശിച്ച ഭക്തിയാണു് കുചേലന്റേതു്. അനിയന്ത്രിതമായ സന്തത്യുൽപാദനത്തിൽ അയാൾക്കു് ഭക്തി ഒരു പ്രതിബന്ധമായിരുന്നില്ല! യാതൊരു ഉത്തരവാദിത്തബോധവുമില്ലാതെ അഞ്ചാറു് കുട്ടികളെ ജനിപ്പിച്ചുവിട്ടതിനുശേഷം അവരുടെ ആഹാരകാര്യത്തിൽപ്പോലും അശ്രദ്ധനായി ‘ഹരേകൃഷ്ണ’ പാടിനടക്കുകയാണു് കുചേലൻ ചെയ്തതു്. സ്വന്തം കുഞ്ഞുങ്ങളെ വേണ്ടവിധം വളർത്തിക്കൊണ്ടുവരാൻ ധനപരമായ കഴിവുള്ളവർ മാത്രമേ സന്തത്യുൽപാദനത്തിനു് തുനിയാവൂ. ഈ കഴിവില്ലാത്തവൻ അച്ഛനാകാൻ പുറപ്പെടുന്നതു് കുടുംബത്തോടും സമുദായത്തോടും ചെയ്യുന്ന അക്ഷന്തവ്യമായ തെറ്റും ശിക്ഷാർഹമായ കുറ്റവുമാകുന്നു. കവി പാടിയതുപോലെ കുചേലൻ ‘സുചേഷ്ടിതംകൊണ്ടു ജഗൽപ്രസിദ്ധന’ല്ല. പിന്നെയോ, ‘കുചേഷ്ടിതംകൊണ്ടു് കുപ്രസിദ്ധനാ’ണു്
‘ഉഴക്കുചോർകൊണ്ടൊരു വാസരാന്തം
കഴിക്കുമഞ്ചാറു ജനങ്ങളിപ്പോൾ
കിഴക്കുദിക്കുംപൊഴുതാത്മജന്മാർ
കഴൽക്കുകെട്ടിക്കരയുന്നു കാന്താ’
എന്നു് വിലപിച്ച കുചേലപത്നിയാണു് ഭർത്താവിൽ കർത്തവ്യബോധമുളവാക്കിയതു്. എന്നിട്ടും ദാരിദ്ര്യത്തെ ശ്ലാഘിക്കുന്ന വേദാന്താഭാസം ഉദ്ഘോഷിച്ചുകൊണ്ടു് തെണ്ടിനടക്കാനേ അയാൾക്കു് തോന്നിയുള്ളു. ഭാര്യയെയും കുട്ടികളെയും പെരുവഴിയിൽ തള്ളിക്കൊണ്ടു് സ്വന്തം ആത്മാവിന്റെ സുഖംനോക്കി നടക്കുന്നവർ ഇന്നും നമ്മുടെ നാട്ടിൽ ധാരാളമുണ്ടു്. അവഹേളനാർഹമായ ഒരുതരം ആദ്ധ്യാത്മികസ്വാർത്ഥയാണിതു്. ഈ സ്വാർത്ഥതയുടെ മൂർത്തിമദ്ഭാവമായിരുന്നു കുചേലനും. കുടുംബദ്രോഹം പവിത്രീകരിച്ചു് കാണിക്കുന്ന ഇത്തരം കഥകൾ ഇക്കാലത്തിനു് ചേർന്നതല്ല.
ദാമ്പത്യജീവിതത്തിലെ നട്ടെല്ലായ സാമ്പത്തികഘടകത്തെ അങ്ങേയറ്റം അവഗണിക്കുന്ന ഒരു കഥയായതുകൊണ്ടാണു് കുചേലവൃത്തം ഇവിടെ പരാമൃഷ്ടമായതു്. ധനസ്ഥിതി, ലൈംഗികവാസന, പാരമ്പര്യം എന്നിങ്ങനെ തരം തിരിക്കാവുന്ന അനേകം ഘടകങ്ങളുണ്ടു് മനുഷ്യജീവിതത്തെ ഭരിക്കയും നിയന്ത്രിക്കുയും ചെയ്യുന്നവയായിട്ടു്. അവയിൽ പ്രഥമവും ഏറ്റവും പ്രധാനവുമായി ഗണിക്കപ്പെടേണ്ടതു് സാമ്പത്തികഘടകമാകുന്നു. വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം എന്നീ രംഗങ്ങളിലെല്ലാംതന്നെ ധനശക്തിയുടെ പ്രേരണയാണു് സർവ്വോപരി പ്രബലമായി പ്രവർത്തിക്കുന്നതു്. ഇന്ത്യയിൽ ജനാധിപത്യം അടിയുറയ്ക്കാതെ ഇന്നു് കാണുന്നവിധം അലങ്കോലപ്പെടുന്നതെന്തുകൊണ്ടാണു്? ജനസമുദായത്തിനു് സാമ്പത്തികമായ സ്വാതന്ത്യവും സുരക്ഷിതത്വവും കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കും അത്യന്താപേക്ഷിതമാകുന്നു. മറ്റെന്തെല്ലാം നന്മകളുണ്ടായാലും ധനസ്ഥിതി തകരാറിലായാൽ അതു് ജീവിതത്തിന്റെ തകർച്ചയ്ക്കും വഴിതുറക്കും. ദാരിദ്ര്യം സ്വഭാവത്തെക്കൂടി കരണ്ടുതിന്നുന്ന ഒരു പിശാചാണു്. മതത്തിന്റെ പേരിൽ ദാരിദ്ര്യത്തെ കൊണ്ടാടുന്നവർ അന്ധവിശ്വാസികളും അസംപ്രേക്ഷ്യകാരികളുമാകുന്നു.
‘ധനമാർജ്ജയ കാകുൽസ്ഥ
ധനുമൂലമിദം ജഗത്
അന്തരം നാഭിജാനാതി
നിർദ്ധനസ്യ മൃതസ്യ ച’
എന്നു് വസിഷ്ഠൻ ശ്രീരാമനെ ഉപദേശിക്കുന്നതു് നോക്കുക. ദരിദ്രനും മൃതനും തമ്മിൽ വ്യത്യാസമില്ലെന്നു് പ്രപഞ്ചവിരക്തനായ മാമുനിപോലും എടുത്തുപറയുന്നു. കാലക്ഷേപത്തിനുള്ള മാർഗം ആലോചിക്കാതെ പരസ്പരപ്രണയം മാത്രം അവലംബമാക്കി ദാമ്പത്യബന്ധത്തിൽച്ചെന്നുചാടുന്ന യുവാക്കൾ അയവിറക്കേണ്ട ആശയമാണിതു്. വീണ്ടുവിചാരമില്ലാതെ ഇത്തരം എടുത്തുചാട്ടം ഭാവിജീവിതത്തിൽ പല അപകടങ്ങളും വരുത്തിവയ്ക്കും. നാലുദിവസം പട്ടിണികിടക്കുമ്പോൾ ഏതു് പരിശുദ്ധപ്രണയവും പമ്പകടക്കുമെന്ന സത്യം ഈ പ്രണയവിവാഹിതർ വിസ്മരിക്കരുതു്.
മിശ്രവിവാഹത്തിലേർപ്പെടുന്നവരാണു് മേല്പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടവർ. പരസ്പരാനുരാഗമാണല്ലോ മിശ്രവിവാഹങ്ങളിലെ പ്രധാനപ്രേരകം. അതു് നല്ലതുതന്നെ. പക്ഷേ, അതുകൊണ്ടുമാത്രം വിവാഹ യോഗ്യത തികയുന്നില്ല. പ്രണയം നിലനിൽക്കണമെങ്കിൽ തദനുഗുണമായ സാമ്പത്തികസാഹചര്യംകൂടിയാവണം. വധൂവരന്മാർ വിവാഹവേദിയിലേയ്ക്കു് കയറുന്നതിനുമുമ്പേ ആലോചിച്ചുറയ്ക്കേണ്ട മർമപ്രധാനമായ കാര്യമാണിതു്. ജാതിയുടെ ശല്യം ഇക്കാലത്തും തരംകിട്ടുമ്പോഴൊക്കെ തലപൊക്കാറുണ്ടു്. അതുകൊണ്ടു് മിശ്രവിവാഹിതർ മിക്കവാറും ഒറ്റപ്പെട്ടു് ജീവിക്കേണ്ട കുടുംബങ്ങളായിത്തീരുന്നു. വധുപക്ഷത്തുനിന്നോ വരപക്ഷത്തുനിന്നോ സമുദായത്തിന്റെ പിന്തുണ അവർക്കു് ലഭിച്ചുവെന്നു് വരുന്നതല്ല. ബന്ധുക്കളും അവരെ ഉപേക്ഷിച്ചേക്കും. ഇങ്ങനെ അനന്യശരണരായാൽപ്പോലും സ്വാശ്രയശീലരായി ജീവിക്കാൻ അവർ സന്നദ്ധരായിരിക്കണം. ധനപരമായി സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ടെങ്കിൽ ആരുപേക്ഷിച്ചാലും വേണ്ടില്ല, അവർക്കു് സ്വൈരമായി, സ്വതന്ത്രമായി ജീവിക്കാം. എന്നാൽ, ആ ശേഷിയില്ലെങ്കിലോ മറ്റെല്ലാ ശല്യങ്ങളും ഒന്നിച്ചുകൂടി മിശ്രവിവാഹിതരെ കഷ്ടത നിറഞ്ഞ ജീവിതചുഴിയിലേക്കു് തള്ളിവിടും. ജീവിക്കാനുള്ള ബുദ്ധിമുട്ടു് വർദ്ധിക്കുമ്പോൾ, കല്യാണവേളയിൽ വികസിച്ചുനിന്ന പ്രേമകുസുമം കൊഴിഞ്ഞു വീണു് കരിഞ്ഞുപോകും. ചിലപ്പോൾ പരസ്പരവിദ്വേഷംതന്നെ തൽസ്ഥാനത്തു് സ്ഥലം പിടിച്ചേക്കാം. വിവാഹം എന്ന പദത്തെ വിശേഷപ്പെട്ട വാഹം—ചുമടു്—എന്നൊരു സരസൻ നിർവചിച്ചിട്ടുണ്ടു്. മുഖ്യമായി സാമ്പത്തികക്ലേശം മൂലമാണു് അതൊരു ചുമടായിത്തീരുന്നതു്. ചുമടിനും കനം കൂടുന്നതു് മിക്കവാറും സ്ത്രീയെക്കൊണ്ടുമായിരിക്കും. ഈ ദുരവസ്ഥ നേരിടാതിരിക്കാൻ ഭാര്യയും ഭർത്താവും ഒന്നുപോലെ ജീവിതഭാരത്തെ ധനപരമായി താങ്ങാൻ കഴിവുള്ളവരാകണം. അതായതു് എന്തെങ്കിലും തൊഴിൽചെയ്തോ ജോലിയിൽ പ്രവേശിച്ചോ രണ്ടുപേരും വരുമാനമുള്ളവരാകണം. പുരുഷന്മാർമാത്രം ജോലിചെയ്തു് പണമുണ്ടാക്കുക, സ്ത്രീകൾ കേവലം പ്രസവയന്ത്രങ്ങളും അടുക്കളപ്പണി നടത്തുന്നവരുമാകുക എന്ന പഴയ സമ്പ്രദായം പാടേ മാറണം. ഭർത്താവു് തലയിലേറ്റേണ്ട ഒരു ഭാരമാണു് ഭാര്യ എന്നു് വരുന്നതു് ഇരുകൂട്ടർക്കും നന്നല്ല. ഭർത്താവു് വലിയ പണക്കാരനായാൽത്തന്നെയും ഭാര്യ ആ പണത്തെ മാത്രം ആശ്രയിക്കുന്നതു് അനഭിലഷണീയമാകുന്നു. സമത്വം, സ്വാതന്ത്ര്യം, സ്നേഹം ഈ മൂന്നിനും അതു് ഹാനികരമാകും. സ്ത്രീയുടെ പണ്ടത്തെ അടിമത്തം വീണ്ടും പ്രത്യക്ഷപ്പെടും. ‘ന സ്ത്രീ സ്വാതന്ത്ര്യമർഹതി’ എന്ന നിഷിദ്ധപ്രമാണം പരോക്ഷമായിട്ടെങ്കിലും നടപ്പിൽവരും. ഇരുപക്ഷത്തും സാമ്പത്തികമായ സ്വാതന്ത്ര്യം ഉണ്ടായാലേ അന്യോന്യമുള്ള സ്നേഹാദരങ്ങൾക്കു് കുറവു് വരാതിരിക്കൂ.
മിശ്രവിവാഹിതരെ നിരുത്സാഹരാക്കാനല്ല ഇത്രയും പറഞ്ഞതു്. ജീവിത വൈഷമ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ അവർ കൂടുതൽ കരുത്തരും കരുതലുള്ളവരും ആകണമെന്നു് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
(മനനമണ്ഡലം 1965)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971