നോവൽ എന്ന വാക്കിൽത്തന്നെ ഒരു പുതുമ സൂചിതമായിട്ടുണ്ടല്ലോ. അതു് അർത്ഥവത്താണു്. എന്തെന്നാൽ കഥാകഥനരീതിയുടെ ഒരു നവീന പരിണാമമാണു് നോവൽ. കഥ പറയുന്ന സമ്പ്രദായം ഭാരതത്തിൽ പണ്ടേ നിലവിലുണ്ടായിരുന്നു. അതു് ഗദ്യപദ്യരൂപങ്ങളിൽ പരിപുഷ്ടമാകയും ചെയ്തു. എന്നിട്ടും ഇങ്ങനെയൊരു നൂതനപരിണാമം ഉണ്ടാകത്തക്കവിധം ഇവിടെ കഥാസാഹിത്യം വികസിച്ചില്ല. പാശ്ചാത്യസാഹിത്യത്തിലാണു നോവൽപ്രസ്ഥാനം ആദ്യമായി ആവിർഭവിച്ചതു്. തത്സാഹിത്യസമ്പർക്കംകൊണ്ടു മലയാളത്തിലും ഈ പ്രസ്ഥാനം മുളച്ചുവളരാൻതുടങ്ങി. എഴുപതുകൊല്ലത്തെ ചരിത്രമേയുള്ളു നമ്മുടെ നോവൽസാഹിത്യത്തിനു്. 1887-ലോ, 88-ലോ ആണു്, മലയാളത്തിലെ ആദ്യത്തെ നോവലായി ഗണിക്കപ്പെടുന്ന കുന്ദലത പ്രസിദ്ധീകൃതമായതു്. ആദ്യകൃതിയെന്ന നിലയ്ക്കുള്ള ചരിത്രപ്രധാനമായ പ്രാധാന്യമേ കുന്ദലതയ്ക്കുള്ളൂ. സാഹിത്യദൃഷ്ട്യാ നോക്കിയാൽ അതൊരു കെട്ടുകഥ മാത്രമാകുന്നു. കേരളീയമായ ജീവിതപാശ്ചാത്തലത്തിലല്ല അതിലെ കഥ നടക്കുന്നതു്. അതുകൊണ്ടു മലയാളത്തിലെ ഒന്നാമത്തെ സാമൂഹ്യനോവൽ എന്ന പദവി പ്രസ്തുത കൃതി അർഹിക്കുന്നില്ല. ഇന്ദുലേഖ യ്ക്കുള്ളതാണു് ആ സ്ഥാനം. ഇന്ദുലേഖയേയും ശാരദയേയും സൃഷ്ടിച്ച സഹൃദയാഗ്രേസരനായ ചന്തുമേനോൻ തന്നെയാണു് സാമൂഹ്യനോവലുകളുടെ ആരാധ്യനായ പ്രഥമാവതാരകൻ. അനന്യദൃഷ്ടമായ കാവ്യസൗന്ദര്യം കളിയാടുന്ന ഈ വിശിഷ്ടകൃതികൾ ഇന്നും മലയാളനോവലുകളുടെ മുൻപന്തിയിൽ പ്രശോഭിക്കുന്നു. ഗതാനുഗതികന്യായേന ഈ കൃതികളെ അനുകരിച്ചു നിരവധി പ്രേമകഥകൾ പുറപ്പെട്ടുവെങ്കിലും അവയിലധികവും അല്പായുസ്സുകളായിപ്പോയി. എന്നാലും ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളത്തിലെ നോവൽപ്രസ്ഥാനം ശാഖോപശാഖമായി വളർന്നിട്ടുണ്ടെന്നു പറയാം. ചരിത്രാഖ്യായികകൾ, സാമൂഹ്യനോവലുകൾ, കുറ്റാന്വേഷണകഥകൾ ഇങ്ങനെ പല വകുപ്പുകളിലായി ധാരാളം നല്ല സ്വതന്ത്രകൃതികളും പരിഭാഷകളും കൈരളിക്കു ലഭിച്ചിട്ടുണ്ടു്. ഇവിടെ സാമൂഹ്യനോവലുകളെ മാത്രമേ ഉപരിനിരൂപണത്തിനു വിഷയമാക്കുന്നുള്ളൂ.
മനുഷ്യജീവിതത്തിന്റെ വികാരസമ്മർദ്ദം കലർന്ന ഒരാഖ്യാനം (A narrative of human life under stress of emotion) എന്നാണു നോവലിനെപ്പറ്റിയുള്ള ഒരു സാമാന്യ നിർവ്വചനം. കഥാപാത്രങ്ങളുടെ പ്രവർത്തനരംഗത്തിൽ ഒരുതരം വൈകാരികമായ ജാഗരണം എല്ലാത്തരം നോവലുകളിലും കാണാം. എന്നാൽ ഇതരരൂപങ്ങൾക്കില്ലാത്തതായ ചില സവിശേഷതകൾ സാമൂഹ്യനോവലുകൾക്കുണ്ടു്. സാധാരണ ജീവിതത്തിന്റെ യഥാർത്ഥമായ ചിത്രീകരണത്തിനാണു് അവയിൽ പ്രാമുഖ്യം. തന്മൂലം അത്തരം നോവലുകൾ ജീവിതയാഥാർത്ഥ്യങ്ങളോടു് ഏറ്റവും അടുത്തുനില്ക്കുന്നു. ചരിത്രനോവലുകളെ നാം കേൾക്കുകയും സാമൂഹ്യനോവലുകളെ നാം കാണുകയും ചെയ്യുന്നുവെന്നു് ഒരു സഹൃദയൻ അഭിപ്രായപ്പെട്ടിട്ടുള്ളതു് ഇവിടെ സ്മർത്തവ്യമാണു്. സംഭവപ്രധാനങ്ങളാണല്ലോ, ചരിത്രനോവലുകൾ. അവിടെ പ്ലോട്ടിന്റെ, അതായതു് കഥാ ഗുംഫനത്തിന്റെ പിരിമുറക്കത്തിൽ ഗ്രന്ഥകാരന്റെ ശ്രദ്ധ കേന്ദ്രീകൃതമാകുന്നു. അത്ഭുതങ്ങളും അതിശയോക്തികളും അവയിൽ സ്ഥലംപിടിച്ചിരിക്കും. ഈ സമ്പ്രദായം സാമൂഹ്യനോവലുകളിൽ ശോഭിക്കുകയില്ല. മാർത്താണ്ഡവർമ്മ യിലെ അനന്തപത്മനാഭനെപ്പോലെ അത്ഭുതപ്രവർത്തനങ്ങളിലേർപ്പെടുന്ന ഒരു കഥാപാത്രം ഇന്ദുലേഖയിലോ ശാരദയിലോ പ്രത്യക്ഷപ്പെട്ടാൽ വായനക്കാർക്കു രസിക്കുമോ? സ്വാഭാവികതയുടെ സീമയെ അതിലംഘിക്കാത്തവിധത്തിലുള്ള, തന്മയത്വത്തോടുകൂടിയ പാത്ര സൃഷ്ടി, സംഭവങ്ങളേക്കാൾ അവ പാത്രങ്ങളിലുണ്ടാക്കുന്ന മാനസികപ്രതികരണങ്ങൾ, അനുഭവപ്രതീതിയുളവാക്കുന്ന സ്വഭാവോന്മീലനം എന്നിവയാണു് സാമൂഹ്യ നോവലുകളിലെ പ്രധാന ഘടകങ്ങൾ. ഒരുവിധത്തിൽ നോക്കിയാൽ ചരിത്രനോവലുകൾ ബഹിർമുഖങ്ങളും സാമൂഹ്യനോവലുകൾ അന്തർമുഖങ്ങളാണെന്നു കാണാം.
ചരിത്രനോവലുകളുടെ കാലം മിക്കവാറും കഴിഞ്ഞുവെന്നു തോന്നുന്നു. ഭാവി സാമൂഹ്യനോവലുകൾക്കുള്ളതാണു്. ഇന്നത്തെ ബഹുവിധ സാമൂഹ്യപ്രശ്നങ്ങളും രാഷ്ട്രീയസംഘർഷങ്ങളും മറ്റും കഥാരസം കലർന്നു പൊന്തിവരുന്നതു് അവയിലാണല്ലോ. സ്തോഭഭാവതരംഗിതമായ ജീവിതാനുഭവങ്ങളുടെ ചമല്ക്കാരികയായ കഥയാണു് അവയിൽ പൊതുവേ നിഴലിക്കുന്നതു്. ഒരു നല്ല നോവലിൽ പ്രതിഫലിതമാകുമ്പോൾ മനുഷ്യജീവിതം രസാത്മകമായ കവിതയായി പരിണമിക്കുന്നു. കവിത ജീവിതനിരൂപണമാണെന്നു മാത്യു ആർനോൾഡ് പറഞ്ഞിട്ടുണ്ടു്. ഈ നിർവ്വചനം സാമൂഹ്യനോവലുകളെസ്സംബന്ധിച്ചാണു കൂടുതൽ ശരിയാവുക. മാനുഷികബന്ധങ്ങളുടെ സൂക്ഷ്മപ്രവർത്തനങ്ങൾവഴി അജ്ഞാതങ്ങളായ ഹൃദയാന്തർഭാഗങ്ങളിലേക്കു വെളിച്ചംവീശാൻ അവയ്ക്കു കൂടുതൽ കഴിവുണ്ടു്. അനുകൂലമോ പ്രതികൂലമോ ആയ സാമൂഹ്യപശ്ചാത്തലത്തിൽ വ്യക്തിജീവിതങ്ങൾക്കുണ്ടാകുന്ന പരസ്പരോപമർദ്ദങ്ങളും സംശ്ലേഷവിശ്ലേഷങ്ങളും സമ്മിശ്രഗതിവിഗതികളും ഇത്രത്തോളം ഭാവശബളിതമായി മറ്റൊരു സാഹിത്യരംഗത്തും പ്രത്യക്ഷപ്പെടുന്നില്ല.
സാമൂഹ്യനോവലുകളെപ്പറ്റിയുള്ള ഈ സാമാന്യചിന്തയെ ആസ്പദമാക്കി വേണം മലയാളകൃതികളെ നിരൂപണംചെയ്യാൻ. പ്രസിദ്ധ നോവൽകാരനായ സോമർസെറ്റ് മോം പറയുന്നതു് ഒരു നോവലിന്റെ ഒന്നാമത്തെ നിരൂപകൻ വായനക്കാരനാണെന്നത്രെ. സഹൃദയനായ വായനക്കാരനെന്നു് പറഞ്ഞാലേ ഇതു് തികച്ചും ശരിയാകൂ. ഒന്നു തീർച്ച; വായനക്കാരുടെ അനുഭവംതന്നെയാണു് ഒന്നാമത്തെ മാനദണ്ഡം. മറ്റെന്തെല്ലാം യോഗ്യതകളുണ്ടായാലും വായിച്ചു രസിക്കാൻകൊള്ളാത്ത ഒരു നോവൽ അധികകാലം ജീവിച്ചിരിക്കയില്ല. കലാഭംഗിനിറഞ്ഞ ഒരു കഥാ ശില്പം-അതാണു് ഏതു നോവലിന്റെയും ജീവനാഡി. വിനോദവും വിജ്ഞാനവും എന്നു രണ്ടു സാഹിത്യധർമ്മങ്ങളിൽ രണ്ടാമത്തേതു മാത്രം ശ്രദ്ധാകേന്ദ്രമാക്കിയ നോവൽകാരന്മാർ പരാജയപ്പെട്ടിട്ടേയുള്ളു. ബർണാഡ് ഷാ അക്കൂട്ടത്തിൽപ്പെട്ട ആളാണു്. വിജ്ഞാനപരമായ പ്രചാരണത്തിനു നോവലുകളിൽ സ്ഥാനമില്ലേ എന്ന ചോദ്യം ഇവിടെ സംഗതമാകുന്നു. ഉണ്ടെന്നുതന്നെ പറയാം. പക്ഷേ, അതു കലാപരമായ മൂല്യങ്ങളെ അവഗണിച്ചുകൊണ്ടു വാച്യമായിപ്പോകരുതു്. സാമൂഹ്യമായ പരിഷ്കരണത്തിനും പുരോഗതിക്കും വേണ്ട പ്രചോദനം വ്യംഗ്യഭംഗ്യാ നിർവ്വഹിക്കപ്പെടണം. ചന്തുമേനോന്റെ വിദഗ്ദ്ധതൂലിക വിജയിച്ചതു് ആ വഴിക്കാണു്. ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായത്തിൽ ഈ സാഹിത്യതത്വം അദ്ദേഹം വിസ്മരിച്ചതുകൊണ്ടു് അതു ദുസ്സഹമായിത്തീരുകയും ചെയ്തു. കഥാപാത്രങ്ങളിൽക്കൂടി ഗ്രന്ഥകാരൻതന്നെ വായനക്കാരെ അഭിമുഖീകരിച്ചു് സാമൂഹ്യപ്രശ്നങ്ങളെപ്പറ്റി ചർച്ചചെയ്യാൻ തുടങ്ങിയാൽ ആ നോവൽ വായിക്കാൻ അധികമാരും ഉണ്ടാകയില്ല. ഷാ നോവലെഴുതി തോറ്റതു് ഇങ്ങനെയാണു്.
ഇന്ദുലേഖയുടെയും ശാരദയുടെയും ആവിർഭാവത്തിനുശേഷം നമ്മുടെ നോവൽപ്രസ്ഥാനം എത്രത്തോളം പുരോഗമിച്ചിട്ടുണ്ടു്? കലാപരമായ മേന്മയിൽ ഈ രണ്ടു കൃതികളേയും അതിശയിക്കുന്ന നോവലുകളുണ്ടായിട്ടുണ്ടോ? വായനക്കാരുടെ രുചിഭേദമനുസരിച്ചു വ്യത്യസ്തമാകാം ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി. സാങ്കേതികത്വത്തിലേക്കു കടക്കാതെ നോവലിന്റെ മേന്മ നിർണ്ണയിക്കാൻ ഒരെളുപ്പവഴിയുണ്ടു്. ഒരു നോവൽ ഒരു തവണ വായിച്ചിട്ടു്, കുറേനാൾ കഴിഞ്ഞു വീണ്ടും അതു വായിക്കണമെന്നു തോന്നുക; എത്രനാൾ കഴിഞ്ഞാലും അതിലെ പല പാത്രങ്ങളും രംഗങ്ങളും ഒരിക്കലും മാഞ്ഞുപോകാത്തവിധം മനസ്സിൽ പതിഞ്ഞുകിടക്കുക. ഇപ്പറഞ്ഞ രണ്ടനുഭവത്തിന്മേൽ ഉരച്ചുനോക്കിയാൽ നെല്ലും പതിരും എളുപ്പം തിരിച്ചറിയാം. ചന്തുമേനോന്റെ നോവലുകൾ പുറത്തുവന്നിട്ടു് എത്രയോ കൊല്ലങ്ങളായല്ലോ. ഇതിനകം പലരും അവ രണ്ടും മൂന്നും തവണ വായിച്ചു രസിച്ചിട്ടുണ്ടാകാം. പഞ്ചുമേനോൻ, സൂരിനമ്പൂരിപ്പാട്, വൈത്തിപ്പട്ടർ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും നമ്മുടെ ഹൃദയഫലകത്തിൽ സജീവചിത്രങ്ങളായി വിളങ്ങുന്നില്ലേ? അതുപോലെ അവയിലെ ഭാവസ്ഫുരത്തായ പല രംഗങ്ങളും ചന്തുമേനോന്റെ ഈ സൃഷ്ടിവൈഭവവും നിരീക്ഷണവിചക്ഷണതയും ഇത്രയും ഉയർന്ന നിലവാരത്തിൽ അനന്തരഗാമികളായ എത്ര നോവൽകാരന്മാർ പ്രകടിപ്പിച്ചിട്ടുണ്ടു്? വായനക്കാർ സ്വാനുഭവത്തെ ആസ്പദമാക്കി ഇതിനുത്തരം പറയുകയാണു യുക്തം.
ഒരു കാര്യം സമ്മതിക്കണം. നമ്മുടെ നോവൽസാഹിത്യം വികസിച്ചുവരുന്നുണ്ടു്. ഒന്നാംകിടയിൽപ്പെടുത്താവുന്ന അനേകം നല്ല നോവലുകൾ അടുത്തകാലത്തു് മലയാളത്തിൽ അവതരിച്ചിട്ടുണ്ടു്. ഉറൂബിന്റെ ഉമ്മാച്ചു, സുന്ദരികളും സുന്ദരൻമാരും; ബഷീറി ന്റെ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്; തകഴി യുടെ രണ്ടിടങ്ങഴി, ചെമ്മീൻ; എസ്. കെ. പൊറ്റെക്കാടിന്റെ വിഷകന്യക; കേശവദേവി ന്റെ ഓടയിൽനിന്നു് മുതലായ സുപ്രസിദ്ധ കൃതികൾ ഏതൊരു ഭാഷയ്ക്കും ഭൂഷണമാകത്തക്കവിധം മെച്ചമേറിയവയാണെന്നു് ആരും സമ്മതിക്കും. ഇവയിൽ പലതും സമ്മാനാർഹങ്ങളുമായിട്ടുണ്ടു്. മുത്തിരിങ്ങോട്ടു് ഭവത്രാതൻ നമ്പൂതിരിപ്പാടി ന്റെ അപ്ഫന്റെ മകളും, രാമൻനമ്പീശന്റെ കേരളേശ്വരനും എങ്ങനെയോ പിന്നണിയിൽപ്പെട്ടുപോയെങ്കിലും ഇന്നും സ്മരണീയങ്ങളാണു്. ജി. വിവേകാനന്ദൻ, പോഞ്ഞിക്കര റാഫി, മുട്ടത്തു വർക്കി, പാറപ്പുറത്ത് തുടങ്ങിയ നവോത്ഥാനികളും പ്രസ്തുത രംഗത്തു മുന്നേറിവരുന്നതു് ആഹ്ലാദപ്രദമാകുന്നു.
ഇന്ദുലേഖയുടെ കാലത്തിനുശേഷം നമ്മുടെ സാമൂഹ്യജീവിതത്തിൽ പല പരിവർത്തനങ്ങളും സംഭവിച്ചല്ലോ. രൂപഭാവങ്ങളിൽ ഇവയ്ക്കനുസൃതമായ പരിണാമവും പുരോഗതിയും ഇന്നത്തെ നോവലുകളിലും കാണാം. ശൃംഗാരത്തിനു മുമ്പുണ്ടായിരുന്ന പ്രാധാന്യം ഇപ്പോൾ കുറഞ്ഞിരിക്കുകയാണു്. സിദ്ധാന്തപരവും സംഘടനാപരവുമായ പ്രതികരണങ്ങളിൽനിന്നു പൊട്ടിപ്പുറപ്പെടുന്ന സമ്മിശ്രഭാവങ്ങൾ ശക്തിപ്പെട്ട അനുരാഗവ്യാപാരത്തെ അധികരിച്ചുതുടങ്ങിയിരിക്കുന്നു. ഈ വ്യതിയാനം നേരിയ രീതിയിൽ ചന്തുമേനോൻതന്നെ ശാരദയിൽ തുടങ്ങിവെച്ചതാണു്. കുലമഹിമ പുലർത്താനുള്ള മിഥ്യാഭിജാത്യപ്രകടനങ്ങളും വ്യവഹാരകാര്യമാത്സര്യങ്ങളും മറ്റുമാണല്ലോ ആ കഥയിൽ മുന്നിട്ടുനില്ക്കുന്നതു്. മാനസികസംഘട്ടനങ്ങളുടെ ഫലമായുണ്ടാകുന്ന ഭാവസമ്മർദ്ദം ഇന്നത്തെ നോവലുകളിൽ കൂടുതലുണ്ടു്. സാമൂഹ്യജീവിതത്തിലെ അധസ്തലങ്ങളെ ചിത്രീകരിക്കുന്നുവെന്ന നിലയ്ക്കു് ഇവ കൂടുതൽ ജനകീയങ്ങളുമാണു്. ഇതിവൃത്തം, പാത്രസൃഷ്ടി, പ്രതിപാദനരീതി, ഭാവോദ്ദീപനം എന്നിവയിൽ ഒരു നവീനസമ്പ്രദായം ആവിഷ്ക്കരിച്ചിട്ടുള്ള രണ്ടു കൃതികളാണു് ഉറൂബിന്റെ ഉമ്മാച്ചുവും, സുന്ദരികളും സുന്ദരന്മാരും. ഒരു പ്രത്യേക കാലഘട്ടത്തിന്റെ ചരിത്രം പ്രതിഫലിപ്പിച്ചു കൊണ്ടു തലമുറകളായിത്തിരിയുന്ന കഥാപാത്രങ്ങളെ ഘടിപ്പിച്ചു്, സംഭവങ്ങൾ തുടർന്നുവരുന്ന മട്ടിൽ മെടഞ്ഞു കോർത്തിണക്കി നിർമ്മിച്ചിട്ടുള്ള സുദീർഘസുന്ദരമായ കഥാഗാത്രം രണ്ടിലുമുണ്ടു്. അന്യാദൃശവും അനവദ്യവുമായ ഈ രീതി മലയാളനോവൽപ്രസ്ഥാനത്തിലെ ഒരു പുതിയ വഴിത്തിരിവാകുന്നു.
കാലമാണല്ലോ ഏതൊരു കൃതിയുടേയും പ്രഥമപരിശോധകൻ. അതുകൊണ്ടു നമ്മുടെ പുതിയ നോവലുകളെപ്പറ്റി കാലം കുറേക്കഴിഞ്ഞിട്ടേ നിർണ്ണായകമായ ഒരഭിപ്രായം പറയാനാകൂ.
(ചിന്താതരംഗം—1958.)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971