images/Reading_the_letter.jpg
Reading the Letter, a painting by Thomas Benjamin Kennington (1856–1916).
സന്ദേശകാവ്യങ്ങൾ
കുറ്റിപ്പുഴ കൃഷ്ണപിള്ള

പദ്യസാഹിത്യത്തിൽ സുപ്രതിഷ്ഠ ലഭിച്ചിട്ടുള്ള വിവിധ പ്രസ്ഥാനങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനത്തു് പ്രശോഭിക്കുന്നവയാണു് സന്ദേശകാവ്യങ്ങൾ. ‘മധുമയഭണിതി’കളുടെ മാർഗ്ഗദർശിയായി ആരാധിക്കപ്പെടുന്ന ആദികവിയായ ആ മഹർഷിപുംഗവൻതന്നെയത്രേ സന്ദേശകാവ്യത്തിനും ബീജാവാപം ചെയ്തിട്ടുള്ളതു്. സന്ദേശഹാരികളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്ന കാളിദാസന്റെ മേഘത്തിനു യാത്ര ചെയ്യുവാനുള്ള മാർഗ്ഗം വെട്ടിത്തുറന്നതു കവികുലഗുരുവായ വാല്മീകി യുടെ ഹനുമാനാകുന്നു. രാമായണത്തിലെ ഹനുമദ്ദൂതിനു് ‘വാനരസന്ദേശ’മെന്നു നാമധേയം കല്പിക്കുവാൻ വിരോധമില്ലെന്നുകൂടി ചില സാഹിത്യകുശലന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഗണ്യമായ ചില വ്യത്യാസങ്ങളോടുകൂടിയാണെങ്കിലും മാർഗ്ഗനിർദ്ദേശം, നായികാദർശനം, നഗരവർണ്ണനം, ദൂതകൃത്യം, അടയാളവാക്യം തുടങ്ങിയ സന്ദേശകാവ്യാംഗങ്ങളെ കിഷ്കിന്ധാ-സുന്ദരകാണ്ഡങ്ങളിൽ രാമായണകവി പ്രകാശിപ്പിച്ചിട്ടുള്ളതു മേൽപ്പറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുന്നതിനു് സഹായിക്കുന്നുമുണ്ടു്. ഇപ്രകാരം വാല്മീകിമഹർഷി സാഹിത്യലോകത്തിൽ അപൂർണ്ണമായി അവതരിപ്പിച്ച ഈ നൂതനസരണിയെ, അനന്തരഗാമികളായ കവികൾക്കു സഞ്ചാരയോഗ്യമാകത്തക്കവിധം പരിപൂർത്തി വരുത്തി പരിഷ്ക്കരിച്ചു് സുഗമവും സുന്ദരവും ആക്കിത്തീർത്തതു് കവികുലശിഖാമണിയായ കാളദാസനാകുന്നു. രസപുഷ്ടി, പ്രതിപാദനരീതി, വർണ്ണനാസ്വഭാവം, രസാനുഗുണമായ വൃത്തം മുതലായ സംഗതികളിൽ കാളിദാസന്റെ മേഘസന്ദേശമാണു് പിന്നീടുണ്ടായിട്ടുള്ള സകല സന്ദേശകാവ്യങ്ങൾക്കും മാർഗ്ഗദർശകമായിത്തീർന്നതു്.

നന്മതിന്മകൾ നോക്കാതെ മുമ്പിൽ പോകുന്നവന്റെ പിമ്പേ പോകുന്ന സമ്പ്രദായം മറ്റുള്ളവരെ അപേക്ഷിച്ചു മലയാളികളിൽ കൂടുതലായി കാണുന്നുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. സ്ഥാനത്തിലും അസ്ഥാനത്തിലും ഉള്ള അവരുടെ ഗതാനുഗതികത്വം ഇതരകാര്യങ്ങളിലെന്നപോലെ സാഹിത്യവ്യാപാരത്തിലും സുവ്യക്തമായി പ്രകാശിക്കാറുണ്ടു്. പേരും പെരുമയും നേടിയ ഒരു സാഹിത്യകാരൻ നൂതനരീതിയിൽ ഏതെങ്കിലും ഒരു കൃതി നിർമ്മിക്കുകയാണെങ്കിൽ ഉടനെ അതേ തോതുപിടിച്ചു ലേശവും ഗുണദോഷചിന്തകൂടാതെ നിരവധി ‘പൊട്ടപ്പുസ്തകങ്ങൾ’ എഴുതിവിടുന്ന പതിവു മലയാളത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നാടകം, ആട്ടക്കഥ, നോവൽ മുതലായവയിൽ ഓരോ കാലത്തു ഗ്രന്ഥകാരന്മാർക്കുണ്ടായിരുന്ന ഭ്രമം മൂത്തു ക്രമേണ ഭ്രാന്തായി പരിണമിക്കയും അതു് അധികം താമസിയാതെ നിരൂപകന്മാരുടെ താഡനമേറ്റു് നിശ്ശേഷം ഭേദപ്പെടുകയും ചെയ്തിട്ടുള്ള സഹൃദയസുവിദിതമായ ഒരു സംഗതിയാണല്ലോ. ഇതുപോലെതന്നെ സന്ദേശകാവ്യരചനയിലും അനാശാസ്യമായ ഒരു അനുകരണഭ്രാന്തു കേരളത്തിൽ ഒരിക്കൽ പടർന്നുപിടിച്ചിരുന്നു. ഭാഷാഭഗവതിയുടെ ഭാഗ്യവിശേഷത്താൽ അതും അധികനാൾ നീണ്ടുനില്ക്കാതെ നശിച്ചുപോയതിൽ മാമൂൽവേദക്കാരായ ചില സാഹിത്യക്കൊതിയന്മാർ നിർവ്യാജം വ്യസനിച്ചേക്കാമെങ്കിലും യഥാർത്ഥമായ കവിത്വമഹത്വം അറിയുന്ന സഹൃദയന്മാർക്കു് അതിൽ സന്തോഷമാണുണ്ടാകുന്നതു്! ആട്ടക്കഥകളിലുള്ള അഭിരുചി ഇപ്പോൾ സാഹിത്യലോകത്തിൽ അസ്തമിതപ്രായമായി കാണുന്നതുപോലെ സന്ദേശകാവ്യങ്ങളും വായനക്കാരുടെ അനാദരത്തിനു പാത്രീഭവിച്ചിട്ടുണ്ടെന്നുവേണം പറയുവാൻ. ഒരേ അച്ചിലിട്ടു വാർത്തെടുക്കുന്ന പുസ്തകങ്ങൾ ക്രമാതീതമായി വർദ്ധിച്ചാൽ അവയെല്ലാം ഒരാവൃത്തി വായിച്ചുനോക്കുന്നതിനുപോലും ഉള്ള ക്ഷമ ചുരുക്കം ചില ശുഷ്കഹൃദയന്മാർക്കല്ലാതെ മറ്റാർക്കും ഉണ്ടാകുന്നതല്ല. പൂർവ്വകൃതികളെ ഉത്തരകൃതികൾ ആപാദചൂഡം അനുകരിക്കുകയെന്നുള്ള സമ്പ്രദായം ഇതരസാഹിത്യപ്രസ്ഥാനങ്ങളെ അപേക്ഷിച്ചു സന്ദേശകാവ്യങ്ങളിൽ ദുസ്സഹമായി പ്രബലപ്പെട്ടുകാണുന്നുണ്ടു്. ചുരുക്കത്തിൽ, കാളിദാസന്റെ മേഘസന്ദേശം സശ്രദ്ധം വായിച്ചുനോക്കുന്ന ഒരു സഹൃദയനു് അനന്തരജാതങ്ങളായ കൃതികളിൽ നൂതനമായൊരു ആസ്വാദ്യതയ്ക്കു് ഒരു വഴിയുമില്ലെന്നുതന്നെയല്ല; അവയുടെ അനവീകൃതപ്രകൃതി പ്രായേണ നീരസപ്രദമായും പരിണമിക്കുമെന്നു നിസ്തർക്കം അഭിപ്രായപ്പെടാം. ഈ സംഗതി എത്രത്തോളം പരമാർത്ഥമാണെന്നാണു്, അടുത്തതായി നോക്കേണ്ടതു്.

മേഘസന്ദേശം, ശുകസന്ദേശം, കോകിലസന്ദേശം എന്നു മൂന്നു ഭാഷാന്തരകൃതികളും ഉണ്ണുനീലിസന്ദേശം, മയൂരസന്ദേശം, വിപ്രസന്ദേശം തുടങ്ങിയ സ്വതന്ത്രകൃതികളും ആണു മലയാളത്തിലെ പ്രധാനപ്പെട്ട സന്ദേശകാവ്യങ്ങൾ. പൂർവ്വഭാഗം, ഉത്തരഭാഗം എന്നു രണ്ടായിത്തിരിച്ചു് ആദ്യത്തേതിൽ നായകവിശ്ലേഷവും, മാർഗ്ഗനിർദ്ദേശവും, രണ്ടാമത്തേതിൽ നായികയുടേയും അവളുടെ വാസസ്ഥലത്തിന്റേയും വർണ്ണനയും സന്ദേശവാക്യവിവരണവും ഉൾപ്പെടുത്തി വിപ്രലംഭശൃംഗാരത്തിനു പ്രാധാന്യം കൊടുത്തു സന്ദേശവൃത്തമെന്നു പ്രസിദ്ധമായിരിക്കുന്ന ‘മന്ദാക്രാന്ത’യിൽ കവനം ചെയ്യുകയെന്നുള്ളതാണു് ഇവയുടെ സാമാന്യസ്വഭാവം. ഇവയിലെ ഓരോ വിഷയവും പ്രത്യേകമെടുത്തു് ഒത്തുനോക്കിയെങ്കിൽ മാത്രമേ ആദ്യമാദ്യം ഉണ്ടായിട്ടുള്ള കൃതികൾക്കു പിന്നീടുപിന്നീടുണ്ടായിട്ടുള്ളവ എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്നു വെളിവായി തെളിയുകയുള്ളൂ. ഒന്നാമതായി സന്ദേശമെന്ന പദത്തിനു് ഈ കാവ്യങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ കിട്ടുന്ന അർത്ഥമെന്താണെന്നു ചിന്തിക്കാം. എന്തോ കാരണവശാൽ നായികയിൽനിന്നും അവിചാരിതമായി വേർപിരിയുന്ന നായകൻ തന്റെ തല്ക്കാല വാസസ്ഥലത്തു കണ്ടെത്തുന്ന ഒരു ദൂതൻവശം വിരഹവിധുരയായ നായികയെ ആശ്വസിപ്പിക്കുവാനായി അയയ്ക്കുന്ന വർത്തമാനമാണു് ഇവയിലോരോന്നിലും കാണുന്ന സന്ദേശം. കാളിദാസനെ അനുകരിക്കുവാൻ പുറപ്പെട്ട കവികൾക്കു ഭർത്താവു ഭാര്യയ്ക്കയക്കുന്ന വർത്തമാനം മാത്രമേ സന്ദേശമാവുകയുള്ളൂ എന്നൊരു മിഥ്യാബോധവുംകൂടിയുണ്ടായിരുന്നോയെന്നു് അവരുടെ കാവ്യങ്ങൾ വായിക്കുമ്പോൾ സംശയം തോന്നിപ്പോകുന്നു. എന്തെന്നാൽ മറ്റേതെങ്കിലുംതരത്തിൽ സ്നേഹബദ്ധരായിട്ടുള്ള രണ്ടുപേരെ കഥാരംഗത്തു പ്രവേശിപ്പിച്ചു രസവൈവിദ്ധ്യം വരുത്തി പുതിയൊരു രീതിയിൽ സന്ദേശമയക്കുവാൻതക്ക സ്വതന്ത്രമായ മനോധർമ്മം ഇവരിലൊരാൾക്കെങ്കിലും ഉണ്ടായിട്ടില്ല. സന്ദേശകാവ്യങ്ങളിൽ ആദ്യമായി പ്രതിപാദിക്കപ്പെടുന്ന നായികാനായകവിയോഗമാണു് ഇതിലുമധികം നേരമ്പോക്കായി കാണുന്നതു്. കാളിദാസന്റെ യക്ഷൻ, ‘എന്തോ താൻ പിഴ ചെയ്കയാൽ ദയിതയും ശ്രീയും പിരിഞ്ഞൊറ്റയായോരാണ്ടോളമരണ്യവാസം’ യക്ഷരാജനായ കുബേരൻ കല്പിക്കുകയാൽ, കാന്താവിരഹവിവശനായി രാമഗിരിയിൽ വന്നു താമസിക്കുന്നു. എന്നാൽ ശുകസന്ദേശകർത്താവായ ലക്ഷ്മീദാസൻ നമ്പൂതിരിക്കും കോകിലസന്ദേശകാരനായ ഉദ്ദണ്ഡപണ്ഡിതനും ഉണ്ണിനീലിസന്ദേശകർത്താവിനും അവരുടെ നായികാനായകന്മാരെ തമ്മിൽ വേർപെടുത്തുന്നതിനു് ഇത്രയും ബുദ്ധിമുട്ടുണ്ടായില്ല. ‘ദ്വാരാസേധഃക്വനുഹതവിധേദ്ദൂരനീതഃ’ എന്നു നമ്പൂതിരിപ്പാടു തന്റെ ഭാരം മുഴുവൻ വിധിയുടെ തലയിൽ കെട്ടിവെച്ചപ്പോൾ ശാസ്ത്രികളും ആ നിഴലിൽനിന്നുകൊണ്ടു് അതേ ശബ്ദത്തിൽത്തന്നെ ‘ചിത്രാ ദൈവീ ഗതിരിയം’ എന്നു് ഏറ്റുപാടിയതിനുശേഷം ചില നീല കേശികളെക്കൊണ്ടു വായുമാർഗ്ഗമായി സ്വനായകനെ ദൂരനീതനാക്കുക മാത്രമാണു ചെയ്യുന്നതു്. ഉണ്ണിനീലിസന്ദേശത്തിൽ നീലകേശിയുടെ സ്ഥാനത്തു് ഒരു യക്ഷിയാണെന്നു മാത്രമേ വ്യത്യാസമുള്ളു. ‘യക്ഷീ കാചിൽ പുനരമുമുറങ്ങിന്റെ നേരം നിനായ’ എന്നു് ഒരു വാക്യംകൊണ്ടു് എത്രയും എളുപ്പത്തിൽ അതിലും കാര്യം നിർവ്വഹിച്ചിരിക്കുന്നു. ഇങ്ങനെ നായകാപഹരണത്തിൽ ഒരേ ചരടുപിടിക്കുന്ന ഈ മൂന്നു കവികളും അതിലേക്കുള്ള സമയത്തിലും യാതൊരു ഭേദഗതിയും ചെയ്തിട്ടില്ല. എല്ലാവരും പ്രണയികളുമൊരുമിച്ചു നിദ്രചെയ്യുമ്പോളാണു് അപഹൃതന്മാരാകുന്നതു്. ഈ ഇന്ദ്രജാലവിദ്യ നമ്മുടെ കവികൾക്കു് ഇത്രമാത്രം ഇഷ്ടമായിപ്പോയതിൽ അത്ഭുതപ്പെടേണ്ടിയിരിക്കുന്നു. മയൂരസന്ദേശത്തിലെ കഥാവസ്തു ഇത്തരം കൃത്രിമകല്പന കൊണ്ടു ദൂഷിതമാകാതെ ഒരു വാസ്തവസംഭവത്തെ ആശ്രയിച്ചിരിക്കുന്നതു തുലോം ആശ്വാസപ്രദമായിട്ടുണ്ടു്. വാസ്തവ-കൃത്രിമങ്ങൾക്കുള്ള ഈ അന്തരമാണു പ്രസ്തുത കൃതിയെ അധികം അനുകരണദുഷ്ടമാക്കാതെ ഗുണവിശിഷ്ടമാക്കിയിരിക്കുന്നതു്. അനുഭവത്തെ ആധാരമാക്കി എഴുതപ്പെടുന്ന കവിതയ്ക്കുള്ള പ്രത്യേക സ്വാരസ്യം ഈ കൃതിയിലും സവിശേഷം കളിയാടുന്നുണ്ടു്.

‘സൗധേ തുംഗേ സഹദയിതയാ കോപി സംക്രീഡമാനഃ’ എന്ന കോകിലസന്ദേശത്തിലെ പ്രഥമപദ്യം ‘ലക്ഷ്മ്യാരംഗേശരദി ശശിനസ്സൌധശ്യംഗേകയോശ്ചിത്’ എന്ന ശുകസന്ദേശത്തിലെ പ്രാരംഭപദ്യത്തിന്റെ ഒരു പ്രതിദ്ധ്വനിതന്നെയാണു്. നമ്പൂതിരിപ്പാടിന്റെ ‘തുംഗസൗധ’ത്തിനു നെല്ലിടയ്ക്കെങ്കിലും മാറ്റം വരുത്തുവാനുള്ള ധൈര്യം ശാസ്ത്രികൾക്കുണ്ടായില്ല. ഈ രീതിയിൽ ശുകകോകിലങ്ങൾക്കു തമ്മിൽ അനുസ്യൂതമായി കാണുന്ന സർവ്വതോമുഖമായ സാദൃശ്യം ഉദ്ദണ്ഡനെപ്പോലുള്ള സാഹിത്യ സിംഹങ്ങളുടെ ഗൗരവത്തിനു് ഒട്ടും യോജിച്ചതല്ലെന്നു പറയേണ്ടിയിരിക്കുന്നു.

നായകാപഹരണം കഴിഞ്ഞാൽ അടുത്തതായി സന്ദേശകാവ്യങ്ങളിൽ പൊതുവേ കാണുന്നതു ദൂതദർശനമാണല്ലോ. സന്ദേശഹാരിയോടു സ്വാഗതം പറയുന്ന പതിവു മിക്ക കവികളും സ്വീകരിച്ചിട്ടുണ്ടു്. അതിലുള്ള ഐക്യരൂപ്യമാണിനി കാണേണ്ടതു്.

‘സൗജന്യാബ്ധേ! ഭവതുഭവതേസ്വാഗതം’

(ശുകം)

‘അത്രായാഹി പ്രിയസഖ! നനുസ്വാഗതം’

(കോ.)

‘ധന്യാത്മാവേ! ഖഗവര ജയിച്ചാലും’ (മയൂരം)

ആശയം, രീതി എന്നിവയിൽ ഈ മൂന്നിനും തമ്മിൽ വല്ല വ്യത്യാസവുമുണ്ടോ എന്നു നോക്കുക; കോകിലും ശുകത്തോടെന്നപോലെ മേഘത്തോടും പല സംഗതികളിലും ഏറ്റവും അടുത്തുനില്ക്കുന്നുണ്ടു്. മേഘസന്ദേശത്തിലെ യക്ഷൻ കഷ്ടപ്പെട്ടു മാസങ്ങൾ കഴിച്ചുകൂട്ടുന്നതുപോലെതന്നെയാണു കോകിലനായകനും പണിപ്പെട്ടു ജീവിക്കുന്നതു്. നോക്കുക:

‘തസ്മിന്നദ്രൗ കതിചിദബലാ…

… നീത്വാ മാസാൻ’ (മേഘം)

തത്രദ്വിത്രാൻ… ശിവശിവ

സമുല്ലാംഘ്യമാസാൻ കഥഞ്ചിൽ’ (കോകിലം)

മേഘം പ്രത്യക്ഷപ്പെടുന്നതു് ആഷാഢമാസാരംഭത്തിലാണെങ്കിൽ കോകിലദർശനം ചൈത്രാരംഭത്തിലാണെന്നേ ഭേദമുള്ളൂ. മേഘത്തിനു കുടകപ്പാലപ്പുതുപൂക്കൾകൊണ്ടുള്ള അർഗ്ഘ്യം ലഭിക്കുമ്പോൾ കോകിലത്തെ അശ്രുവാക്കുന്ന അർഗ്ഘ്യംകൊണ്ടാണു കവി പൂജിക്കുന്നതു്. നായകൻ സന്ദേശഹാരിയോടു സംസാരിക്കുന്ന ഘട്ടത്തിൽ പലയിടത്തും കോകിലകവി കാളിദാസന്റെ പുറകെ പോകുന്നുണ്ടു്.

‘ജാനാമിത്വാം പ്രകൃതിപുരുഷം

കാമരൂപം മഘോനഃ’ (മേഘം)

‘സ്കന്ധാവാരപ്രഥമസുഭടം

പഞ്ചബാണസ്യരാജ്ഞഃ’ (കോ.)

‘കാന്തോദന്തസ്സുഹൃദുപനതഃ

സംഗമാത്കിഞ്ചിദൂനഃ’ (മേഘം)

‘കാന്തോദന്തസ്സുഹൃദുപനതോവി

പ്രയോഗാർദ്ദിതാനാം’ (കോ.)

ഇത്യാദി ഭാഗങ്ങൾ മേല്പറഞ്ഞതിനുദാഹരണങ്ങളത്രെ ‘കാന്തോദന്തസ്സുഹൃദുപനതഃ’ എന്ന പ്രയോഗത്തിൽ ‘പദമേകം പാദമേക,മർദ്ധംവാ’ എന്ന സമാധാനമായിരിക്കാം ശാസ്ത്രികൾക്കുള്ളതു്. സന്ദേശഹാരിയുടെ യാത്രാവേളയിൽ കാളിദാസൻ സൂചിപ്പിക്കുന്ന പവനാനുകൂല്യം കോകിലത്തിനും ലഭിക്കുന്നുണ്ടു്.

‘മന്ദംമന്ദംനുദതി പവന

ശ്ചാനുകുലോയഥാത്വാം’

(മേഘം)

‘കമ്പാകുലോപവനപവനാ

ബന്ധവസ്തേനുകൂലാഃ’

(കോ.)

അനുകരണവിഷയത്തിൽ മയൂരസന്ദേശവും മറ്റു കാവ്യങ്ങളെപ്പോലെ ഒട്ടധികം പണിപ്പെട്ടിട്ടുണ്ടു്. അതിലെ പല ഭാഗങ്ങളും മേഘസന്ദേശപദ്യങ്ങളെ അനുസ്മരിക്കുന്നവയാണു്. ‘കുളിർകാറണിപ്പുതുമ’ കണ്ടു ‘ഭാവം പകർന്ന’ യക്ഷൻ അല്പനേരം ‘ഉള്ളിൽ തള്ളിവരുന്ന മാലൊടു മനോരാജ്യത്തിൽ നില്ക്കുന്നതുപോലെതന്നെ’ ‘കൊണ്ടൽക്കോളാൽ കലിതകുതുകം പീലിയെല്ലാം പരത്തി’ സലീലം വിലസുന്ന മയൂരത്തെ കാണുമ്പോൾ പ്രസ്തുത നായകനും ‘ഇണ്ടൽക്കേറ്റം വശഗ’നായി അവിടത്തന്നെ മിണ്ടാതെ നിന്നുപോയി. ദൂതനോടു് അർത്ഥന ചെയ്യുന്ന ഘട്ടത്തിൽ കാണുന്ന,

‘ദൂനം ദൂരസ്ഥിതിദയിത

നായേതുമാശ്വാസമില്ലാ-

തേനംദീനം ജനമനുകനി

ഞ്ഞൊന്നു ചെയ്താലുമിപ്പോൾ’

എന്ന മയൂരസന്ദേശത്തിലെ പദ്യാർത്ഥം.

‘തേനാർത്ഥിത്വം ത്വയിവിധിവ

ശാദ്ദൂരബന്ധുർഗ്ഗതോഹം’

എന്ന മേഘസന്ദേശപദ്യപാദത്തിന്റെ ഒരു വിസ്തരിച്ച തർജ്ജമ മാത്രമാണു്. ഇനിയും കാണുക:

‘ഓർക്കുന്നേൻ കുളുർമേനി പൂങ്കൊടി-

കളാലാസ്യം മുഴുത്തിങ്കളാ-

ലോമൽക്കണ്ണിനെ മാൻകിടാങ്ങൾ

മിഴിയാൽ കാർകൂന്തളം പീലിയാൽ.’ (മേഘം)

‘ഓർത്തീടുന്നേനുടലിനെയുമ-

ക്കേശപശത്തിനേയും

പാർത്തീടുമ്പോൾ പടുതടിത-

മിക്കാളമേഘാളിയേയും.’ (മയൂരം)

രീതിയെ അല്പംപോലും വ്യതിചലിക്കാതെ അനുധാവനംചെയ്തും ആശയത്തിൽ ഈഷദ്ഭേദം വരുത്തിയുംകൊണ്ടുള്ള ഇത്തരം പ്രയോഗങ്ങൾ മയൂരസന്ദേശത്തിൽ സുലഭങ്ങളാകുന്നു. കേരള കാളിദാസന്റെ ഈ കാവ്യം ഛായാനുസാരിതകൊണ്ടു മേഘസന്ദേശത്തെ മാത്രമല്ലാ ശുകകോകിലസന്ദേശങ്ങളേയും ഉപജീവിക്കുന്നുണ്ടെന്നു സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം.

‘കഷ്ടപ്പാടും ജഗത്തിൽ സുഖവു

മിടകലർന്നൊക്കുമേവർക്കുമല്ലോ.’ (ശുകം)

‘ഈ ലോകത്തിൽ സുഖവു

മസുഖവും മിശ്രമായ് താനിരിക്കും.’ (മയൂരം)

‘തത്സൗന്ദര്യാപഹൃതഹൃദ-

യോമാവിളംബസ്വഗന്തും.’ (കോ.)

‘ഉല്ലീഢാത്മാ ചിതതരമിരു

ന്നങ്ങമാന്തിച്ചിടൊല്ല.’ (മയൂരം)

‘കൂജാം കിഞ്ചിൽകുരു…’ (കോകിലം)

‘പൊട്ടനാകും പടി രട…’ (മയൂരം)

ഇത്യാദി ഭാഗങ്ങൾ പ്രകൃതത്തിൽ പ്രത്യേകം ദ്രഷ്ടവ്യങ്ങളത്രേ.

മാർഗ്ഗനിർദ്ദേശം ചെയ്യുന്നതിന്റെ പ്രാരംഭം മിക്ക കാവ്യങ്ങളിലും കാളിദാസസൂക്തിയുടെ ഒരു രൂപാന്തരമാണെന്നു പറയാതെ നിവൃത്തിയില്ല. ‘കൊമ്പൻ പോയതു മോഴയ്ക്കുംവഴി’യെന്ന മട്ടു് ഇവിടെയാണു നല്ലപോലെ തെളിഞ്ഞുകാണുന്നതു്. നോക്കുക:

‘മാർഗ്ഗം താവച്ഛൃണുകഥയത-

സ്ത്വൽ പ്രയാണാനുരൂപ.’ (മേഘം‌)

‘ഇന്നാദ്യം ചൊല്ലിടാം കേൾക്കുക

ഗുണമിയലും മാർഗ്ഗബോധത്തിനും’ (ശുകം)

‘അദ്ധ്വാനം തേ ഹിതമുപദി

ശാമ്യ ശ്രമേണൈവഗന്തും.’ (കോകിലം)

‘തന്ദേശം ചെന്നണവതിനു തേ

ചൊല്ലുവൻ മാർഗ്ഗമാദൗ.’ (മയൂരം)

ഗതാനുഗതികത്വത്തിൽ നമ്മുടെ കവികൾ എത്രത്തോളം സമർത്ഥന്മാരാണെന്നുള്ളതിനു് ഈദൃശഭാഗങ്ങൾ ഒന്നാന്തരം ലക്ഷ്യങ്ങളാണല്ലോ. ഇതുപോലെതന്നെ ഏതു ദേശമാണു ഗന്തവ്യമെന്നു് അറിയിക്കുന്നിടത്തും കാളിദാസനെ മറ്റുള്ളവർ അനുപദം അനുഗമിക്കുന്നുണ്ടു്.

‘ഗന്തവ്യാ തേ വസതിരള

കാനാമയക്ഷേശ്വരാണാം’ (മേഘം)

‘പ്രാപ്തവ്യം തേ പ്രകൃതിസുഭഗം…

… ഗുണപുരമിതിഖ്യാതമാശാമുഖേഷു’ (ശുകം)

‘ഗന്തവ്യസ്തേത്രിദിവവിജ

യീമംഗളാഗ്രേണ ദേശഃ’ (കോകിലം)

അനുകരണത്തിൽ അതിരുകടന്ന പ്രവർത്തിച്ചിട്ടുള്ളതു് ഉദ്ദണ്ഡശാസ്ത്രികളാണെന്നുള്ളതിനു മറ്റൊരു ഉദാഹരണമത്രേ ‘ഗന്തവ്യസ്തേ’ എന്നതു്. പദപാദാപഹരണങ്ങൾ കോകിലസന്ദേശത്തിലെപ്പോലെ മറ്റൊരു കൃതിയിലും അത്ര സുലഭമായി കാണുന്നില്ല. ‘സന്ദേശം മേ ഹര’ എന്ന മേഘസന്ദേശവാക്യം ‘സന്ദേശം മേ നയ’ എന്നായപ്പോൾ ശാസ്ത്രികളുടെ സ്വന്തമായിത്തീർന്നു.

‘ചുംബൻബിംബാധരമത

ഇതശ്ചാലയൻ ഭൃംഗദൃഷ്ടീഃ’,

എന്നു പാടിയ ശുകത്തെ അനുസരിച്ചു്,

‘ചുംബൻബിംബാധരമിവ

നവം പല്ലവം ശീഥുഗർഭം’

എന്നു കൂജനംചെയ്യുന്നതു കോകിലമായാലും കേൾക്കാൻ രസമില്ലെന്നേ പറയാൻ തരമുള്ളൂ.

‘ആരഭ്യാസ്മാദ്വസതീമവധീകൃത്യ’ എന്ന ശുകവാക്യം ‘ആരഭ്യാസ്മാതു് ബകുളസരസാതു്’ എന്നിങ്ങനെ കോകിലത്തിൽക്കൂടി കേൾക്കുന്നവർക്കു നമ്പൂതിരിക്കും ശാസ്ത്രികൾക്കും തമ്മിൽ വലിയ അന്തരമൊന്നുമില്ലെന്നു നിഷ്പ്രയാസം ഗ്രഹിക്കാം.

ചിറകുകൾ വിടർത്തു പറന്നുപോകുന്ന ശുകത്തിന്റെ വർണ്ണപ്രകാശം ‘സ്ഥാനത്തായി കാറുതോറും മരതകനിറമാമ്മട്ടുപറ്റിക്കറുക്കു’മ്പോൾ വർഷകാലമെത്തിയെന്നു കരുതി സന്തോഷിച്ചു് ‘ധ്വാനത്തിൽപ്പീലിനീർത്തും മയിലുകൾ വഴിയിൽക്കൂടിയാട്ടം തുടങ്ങും’ എന്നു ലക്ഷ്മീദാസൻ ഊഹിച്ചപ്പോൾ ശാസ്ത്രികളും അതു ശരിവെച്ചുകൊണ്ടു്, തന്റെ കോകിലം മാമ്പൂങ്കുല ‘കൊക്കിനാൽ കൊത്തിയേന്തി’ പക്ഷനീലപ്രഭ വാനിൽ വിതറിക്കൊണ്ടു പോവുമ്പോൾ ‘മിന്നൽക്കൊടിയുടയപ്പുതുക്കാറിതെന്നോർത്തു നന്ദ്യാനൃത്തംവെക്കാൻ തുടങ്ങും മയിലുകൾ വിരിയെപ്പീലിനീർത്തിപ്പരത്തി’ എന്നു പ്രസംഗിക്കുന്നു. വിസ്തരഭയത്താൽ ഇനിയും ഉദാഹരണങ്ങൾ ഉദ്ധരിക്കുന്നില്ല.

മലയാളത്തിലെ സന്ദേശങ്ങൾ വസ്തു, രീതി, രസം മുതലായവയിൽ മേഘസന്ദേശത്തിനു് എത്രത്തോളം കടപ്പെട്ടിട്ടുണ്ടെന്നും അവയ്ക്കു തമ്മിൽത്തന്നെ എത്രമാത്രം സാമ്യം ഉണ്ടെന്നും മേൽക്കാണിച്ച ഉദാഹരണങ്ങൾകൊണ്ടു് ഒരുവിധം വെളിപ്പെട്ടുവെന്നു വിശ്വസിക്കുന്നു. ഈ ഉദ്ദേശം മുഖ്യമായി കരുതിയാണു് പ്രസ്തുതലേഖനം എഴുതുവാൻ തുനിഞ്ഞിട്ടുള്ളതു്.

അതുകൊണ്ടു് ഓരോ കൃതിയുടേയും കാവ്യഗുണത്തെപ്പറ്റിയും മറ്റും ഇവിടെ വിമർശിക്കുവാൻ ഒരുമ്പെടുന്നില്ല. മേഘസന്ദേശം വായിക്കുന്ന ഒരുവനു് അനന്തരകാവ്യങ്ങളിൽനിന്നു പുതുതായൊന്നും ലഭിക്കുന്നതല്ലെന്നു് ഞാൻ ആദ്യം പ്രസ്താവിച്ചിട്ടുള്ളതു വസ്തുരീതി രസാദികളിൽ അവയ്ക്കു പറയത്തക്ക യാതൊരു വൈചിത്ര്യവും ഇല്ലാത്തതുകൊണ്ടത്രെ. എന്നാൽ മയൂരസന്ദേശത്തെ സംബന്ധിച്ചിടത്തോളം ഈ അഭിപ്രായം അത്ര പ്രബലമാക്കണമെന്നില്ല. കേരള കാളിദാസന്റെ പ്രൗഢകോമളവാഗ്വിലാസവും, കവികർമ്മമർമ്മജ്ഞതയും ഈ കൃതിയിൽ പ്രസ്പഷ്ടമായി പ്രതിഫലിച്ചിട്ടുണ്ടു്. സർവ്വോപരി സുപ്രധാനമായി സമുല്ലസിക്കുന്ന അകൃത്രിമതയാണു് മയൂരസന്ദേശത്തെ മനോമോഹനമാക്കിയിരിക്കുന്നതു്. കോകിലസന്ദേശം സർവ്വഥാശുകസന്ദേശച്ഛായാനുസാരിയാണെങ്കിലും രചനാസൗകുമാര്യവും ലളിതതരവചോവിലാസവും അതിന്റെ പ്രത്യേക ഗുണങ്ങളാണെന്നു സമ്മതിക്കാം. അർത്ഥപുഷ്ടിയും അലങ്കാരഗൗരവവുംകൊണ്ടു് സന്ദേശരാജ്യത്തിലെ ഒരു ഉയർന്ന സ്ഥാനം ശുകസന്ദേശത്തിനു ലഭിച്ചിട്ടുണ്ടു്. കാളിദാസകൃതിക്കുള്ള നിരുപമവൈശിഷ്ട്യം സഹൃദയലോകസുപ്രസിദ്ധമാകയാൽ ഇവിടെ പ്രത്യേകം നിർദ്ദേശിക്കേണ്ടതില്ല.

‘ഭർത്തുർമ്മിത്രം പ്രിയമവിധവേ വിദ്ധിമാമംബുവാഹം’ എന്ന മേഘസന്ദേശശ്ലോകത്തിലെ ‘അവിധവേ’ എന്ന ആ ഒരൊറ്റ സംബുദ്ധിക്കുവേണ്ടിതന്നെ തന്റെ സ്വത്തുമുഴുവൻ കൊടുത്തേക്കാമെന്നു് ഒരു പാശ്ചാത്യപണ്ഡിതൻ പറഞ്ഞുപോലും.

സന്ദേശഹാരി ഭർത്തൃദുഃഖാർത്തയായ നായികയെ ആദ്യമായി ‘അവിധവേ’ എന്നു വിളിക്കുന്നതിലുള്ള ഔചിത്യാതിരേകമാണു് സായ്പിനെ അത്യധികം രസിപ്പിച്ചതു്.

മലയാളത്തിലെ സന്ദേശകാവ്യങ്ങളെപ്പറ്റി പൊതുവെ പറയുമ്പോൾ അവ സാഹിത്യത്തിന്റെ പരമോദ്ദേശ്യത്തെ ലക്ഷ്യമാക്കിയിട്ടില്ലെന്നു വേണം അഭിപ്രായപ്പെടുവാൻ. ജീവിതരഹസ്യപ്രകാശനം, പ്രകൃതിതത്വപ്രബോധനം, ധർമ്മപ്രേരകത്വം, മനഃസംസ്കരണം മുതലായി ഒരു ഉൽക്കൃഷ്ടകാവ്യത്തിനുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും ഇവയിൽ പ്രകടമായി പ്രകാശിച്ചുകാണുന്നില്ല. സ്ഥായിരസമായ വിപ്രലംഭശൃംഗാരത്തിന്റെ രാജസമായ ഒരു ഭാവമാണു് സന്ദേശകാവ്യങ്ങളിൽ പ്രധാനമായി പ്രസ്ഫുരണം ചെയ്യുന്നതു്. അതു് അനുവാചകഹൃദയത്തെ ഉന്നതചിന്താലോകത്തിലേക്കുയർത്തുന്നതിനു് ഉപകരിക്കുന്നില്ല. എങ്കിലും സന്ദേശകാവ്യങ്ങൾക്കു നമ്മുടെ സാഹിത്യത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നു സമ്മതിച്ചേ കഴിയൂ. ഉണ്ണിനീലിസന്ദേശം മുതലായ കൃതികൾ പ്രസ്തുത സ്ഥാനത്തെ ഉയർത്തിക്കാണിക്കത്തക്കവണ്ണം പ്രസിദ്ധങ്ങളും രസവിശിഷ്ടങ്ങളും ആണെന്നു നിസ്സംശയം പറയാം.

(സാഹിതീയം)

കുറ്റിപ്പുഴ കൃഷ്ണപിള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി

മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ

വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.

ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.

കൃതികൾ

സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.

ചരമം: 11-2-1971

Colophon

Title: Sandeshakavyangal (ml: സന്ദേശകാവ്യങ്ങൾ).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Sandeshakavyangal, കുറ്റിപ്പുഴ കൃഷ്ണപിള്ള, സന്ദേശകാവ്യങ്ങൾ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Reading the Letter, a painting by Thomas Benjamin Kennington (1856–1916). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.