ശവം എങ്ങനെ സംസ്കരിക്കണമെന്നു് ഒരാൾ ശ്രീനാരായണഗുരു വിനോടു ചോദിച്ചപ്പോൾ ‘ചക്കിലിട്ടാട്ടിയാൽ വളമായിട്ടുപയോഗിക്കാമല്ലോ’ എന്നു് അദ്ദേഹം മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ടു്. ധ്വന്യാത്മകമായ ഒരു മറുപടിയാണിതു്. കേട്ടുനിന്ന ആളുടെ മുഖം ചൂളുന്നതുകണ്ടു് ‘എന്താ നോവുമോ?’ എന്നുകൂടി അദ്ദേഹം ചോദിച്ചുവത്രെ. ശവത്തിന്റെ പേരിൽ മനുഷ്യൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുടെ നേരെ രൂക്ഷമായ പരിഹാസം പൊഴിക്കാനായിരിക്കണം സ്വാമി ഇങ്ങനെ കളിയാക്കിപ്പറഞ്ഞതു്.
എന്തായാലും ഇക്കാര്യത്തിൽ മനുഷ്യർ പാരമ്പര്യമായി അനുവർത്തിച്ചുപോരുന്ന അന്ധാചാരങ്ങൾക്കു് ഒരു വിരാമമിടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചരിത്രാതീതകാലം മുതൽ ഇന്നേവരെ ശവസംസ്കാരച്ചടങ്ങുകൾ നിർവഹിക്കാൻ എത്ര കോടി ചെലവായിട്ടുണ്ടെന്നു ഒന്നു കണക്കാക്കാൻ പോലും സാദ്ധ്യമോ? കഞ്ഞികുടിക്കാൻ വയകില്ലാത്തവനും കഷ്ടപ്പെട്ടു് ഈ മൂഢാചാരത്തിനുവേണ്ടി പണമുണ്ടാക്കുന്നു! ഈജിപ്തിലെ പ്രാചീന ചക്രവർത്തിമാരുടെ ശവകുടീരങ്ങളായ പിരമിഡുകൾ (Pyramid) ക്കുവേണ്ടി എന്തുമാത്രം ധനം ദുർവ്യയം ചെയ്തു! ശവസംബന്ധിയായ അന്ധവിശ്വാസങ്ങളുടെ ഹിമാലയവിലാസമാണു് അവിടത്തെ ഓരോ പിരമിഡും. എത്രയോ ലക്ഷം തൊഴിലാളികൾ ഇരുപതിൽപ്പരം കൊല്ലം തുടർച്ചയായി ജോലി ചെയ്തിട്ടാണത്രെ ഈ അന്ധവിശ്വാസപ്പെരുംപാറകൾ പണിതുയർത്തിയതു്! ഇവയ്ക്കു ഇന്നു വലിയ ചരിത്രപ്രാധാന്യം ഉണ്ടെന്നു ചിലർവാദിക്കുമായിരിക്കാം. പക്ഷേ, ഇങ്ങനെ അളവറ്റ മനുഷ്യപ്രയത്നവും സമ്പത്തും നശിപ്പിച്ചിട്ടുവേണോ ചരിത്രം സൃഷ്ടിക്കാൻ? ഇനി നമ്മുടെ ലോകപ്രസിദ്ധമായ ടാജ്മഹാൾ നോക്കുക! അതിനു കലാപരമായ മൂല്യം എന്തുമാത്രമുണ്ടെങ്കിലും അതിന്റെയും അടിയിൽ കിടക്കുന്നതു് ചീഞ്ഞുനാറുന്ന ഒരു ശവമാണെന്ന വസ്തുത വിസ്മരിക്കവയ്യ.
ചന്ദ്രികാചർച്ചിതമായ രാത്രിയിൽ ടാജിന്റെ സൗന്ദര്യം കണ്ടു് ആനന്ദഭരിതനായ മഹാകവി ടാഗൂറി നോടു് മഹാത്മാഗാന്ധി പറഞ്ഞതു് നട്ടെല്ലു് മുറിഞ്ഞു പണിയെടുത്ത എത്രയോ ലക്ഷം വേലക്കാരുടെ വിയർപ്പിലും ചോരയിലുമാണല്ലോ അതു കെട്ടിപ്പടുത്തതെന്നോർത്തുള്ള ശോകമാണു് ആ കലാസൗധം കാണുമ്പോൾ തനിക്കുണ്ടാകുന്നതെന്നത്രെ. മഹാത്മജി കവിയായിരുന്നില്ലല്ലോ.
മതത്തിന്റെ മയക്കുമരുന്നു് ധാരാളം വിറ്റഴിയുന്ന നമ്മുടെ രാജ്യത്തു ജീവിച്ചിരുന്ന മനുഷ്യനേക്കാൾ കൂടുതൽ വില അവന്റെ ശവത്തിനാണെന്നു തോന്നുന്നു. ഒരിക്കൽ പനമ്പിള്ളി ഒരു പ്രസംഗത്തിൽ തനിക്കു നേരിട്ടനുഭവപ്പെട്ട ഒരു സംഭവം വിവരിക്കയുണ്ടായി. ഒരു നായർതറവാട്ടിലെ കാരണവർ രോഗശയ്യയിൽ വീണു. അനന്തരവന്മാർ നോക്കിക്കൊള്ളുമെന്നു കരുതി മക്കളും, മക്കൾ കടമ നിർവഹിക്കുമെന്നു വിശ്വസിച്ചു അനന്തരവന്മാരും കാരണവരുടെ ചികിത്സാവിഷയത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. അങ്ങനെ ഇരുകൂട്ടരുടെയും ശുശ്രൂഷ ലഭിക്കാതെ പാവം കഷ്ടപ്പെട്ടു മരിച്ചു.
കാരണവർ ശവമായിക്കഴിഞ്ഞപ്പോൾ അതുവരെ ഒഴിഞ്ഞു മാറിനിന്നവരെല്ലാം ഒത്തുകൂടി തറവാട്ടുമഹിമയ്ക്കു ചേർന്നവിധം ശവദാഹവും അടിയന്തരവും നടത്തേണ്ടതിനെപ്പറ്റി ആലോചനയായി. രണ്ടു കൂട്ടരും ഒത്തൊരുമിച്ചു പണം ചെലവാക്കി ‘പതിനാറു’ ഘോഷിച്ചു. ആ പണത്തിന്റെ നാലിലൊന്നെങ്കിലും ചെലവാക്കി നല്ലൊരു ഡോക്ടരെക്കാണ്ടു ചികിത്സിപ്പിച്ചിരുന്നെങ്കിൽ കാരണവർക്കു് ഇത്രവേഗം യാത്രപറയേണ്ടിവരികയില്ലായിരുന്നു.
ഇതൊരൊറ്റ സംഭവം മാത്രമാണോ? ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ നമ്മുടെ നാട്ടിൽ കണ്ടെത്താൻ കഴിയും! ഈവക പെരുമാറ്റങ്ങളിൽ യാതൊരു പന്തികേടും കാണാൻ കണ്ണില്ലാത്തവിധം അവയോടു് നമ്മുടെ സമൂഹമനസ്സു് ഇണങ്ങിച്ചേർന്നിരിക്കുന്നു.
ഒരു സെമിന്ദാർ മരിക്കാൻ കിടക്കുന്ന കിടപ്പു് ടാഗൂർ ഒരു ചെറുകഥയിൽ സരസമായി വിവരിക്കുന്നുണ്ടു്. ധനമത്തരായ മക്കളെല്ലാം ചുറ്റും കൂടി നോക്കിയിരിക്കയാണു് തന്തയൊന്നു മരിച്ചു കിട്ടാൻ വേണ്ടി. അതിനു മുമ്പുതന്നെ അവർ വിലപിടിച്ച കാർഡിൽ മാരണവാർത്ത അച്ചടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതു വിതരണം ചെയ്യാനും വിലാപയാത്ര കഴിയുന്നത്ര മോടിപിടിപ്പിക്കാനും അവർ കാത്തിരിക്കുകയാണു്. ചുരുക്കത്തിൽ ശ്രദ്ധ മുഴുവൻ മരണാനന്തരകാര്യങ്ങളിലാണു്. പക്ഷേ, സെമിന്ദാർ അത്ര വേഗത്തിലൊന്നും മരിക്കുന്ന ലക്ഷണമില്ല. എന്തുചെയ്യും? ദിവസം കഴിയുന്തോറും മക്കൾ അതിലധികം അക്ഷമരാകുന്നു ഇതാണു കഥ.
മനുഷ്യ സ്വഭാവത്തിന്റെ ഒരു വിചിത്രവശമാണു് ഇതിൽ നിഴലിക്കുന്നതു്. ഒരുവൻ പട്ടിണി കിടന്നു് എരിപൊരികൊള്ളുമ്പോൾ ആരും തിരിഞ്ഞുനോക്കാനുണ്ടായില്ലെന്നുവരും. അവൻ വഴിയിൽ വീണു മരിച്ചുവെന്നു വരട്ടെ, അപ്പോൾ കാണാം ആളുകൾ കൂട്ടംകൂടുന്നതും പോലീസും ഡോക്ടരും മറ്റും വന്നെത്തുന്നതും. അതുവരെ ആ ശരീരത്തിൽ ജീവനുണ്ടായിരുന്നതു കൊണ്ടു ആരും ഗൗനിച്ചില്ല. ശവമായപ്പോൾ അതു് സർക്കാരിന്റെയും ബഹുജനങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി. ബന്ധപ്പെട്ടവർ അവന്റെ മതാചാരപ്രകാരം ശവസംസ്കാരം നടത്താനും നിഷ്കർഷിക്കും. അതിനുവേണ്ടി ഒരു പണപ്പിരിവുതന്നെ നടന്നേക്കും.
മതപരമായ യാതൊരു ചടങ്ങും കൂടാതെ തന്റെ ദേഹം ദഹിപ്പിക്കണമെന്നു് ജവഹർലാൽ നെഹ്രു മരണപത്രത്തിൽ ഏറ്റവും സ്പഷ്ടമായ ഭാഷയിൽ എഴുതിവച്ചിരുന്നില്ലോ? എന്നിട്ടെന്തുണ്ടായി? അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിനു നേരെ വിപരീതമായിട്ടാണു് അധികാരികൾ പ്രവർത്തിച്ചതു്. ആയുഷ്കാലം മുഴുവൻ ജാതിമതവർഗ്ഗഭേദത്തിനതീതനായി കേവലം മനുഷ്യനായി ജീവിച്ച ആ മഹാത്മാവിന്റെ ജഡത്തെ കുളിപ്പിച്ചു പൂണുനൂലിട്ടു് തനി ബ്രാഹ്മണന്റേതാക്കി. മന്ത്രം ചൊല്ലി പുരോഹിത വിക്രിയകളെല്ലാം നടത്തി. ചിതാഭസ്മം രാംധുൻ പാടി ഘോഷയാത്രയായി കൊണ്ടു ചെന്നു് കണ്ട പുണ്യനദികളിലൊക്കെ വിതറി. എല്ലാം മതത്തിന്റെ മുദ്രയടിച്ചു തന്നെ ചെയ്തു. ആ മരണപത്രവാക്യങ്ങൾക്കു് അവയെഴുതിയ കടലാസിന്റെ വിലപോലും കല്പിച്ചില്ല. ഇതിൽപ്പരമൊരു ധിക്കാരം, കൃതഘ്നത, അവമതി സങ്കല്പിക്കാൻ കഴിയുമോ? മനുഷ്യൻ മതാന്ധനായാൽ എന്തു ചെയ്യുമെന്നതിനു് ഇതും ഒരു ഉദാഹരണമാണു്.
ശവത്തെ ബഹുജനചൂഷണത്തിനുള്ള ഉപകരണമാക്കുന്ന പതിവു പണ്ടേ ഉള്ളതാണല്ലോ. സെയിന്റ് ഫ്രാൻസിസ് സേവ്യറു ടെ ശവം ഗോവയിൽ കൊല്ലംതോറും പ്രദർശിപ്പിച്ചുവരുന്നു. പുരോഹിതന്മാർ ഉദ്ഘോഷിക്കുന്നതുപോലെ പ്രദർശനവസ്തു ഈ പുണ്യവാളന്റേതുതന്നെയാണോ എന്ന കാര്യത്തിൽ ആർക്കും ഒരു തീർച്ചയില്ല. പരമ്പരയാ പ്രചരിച്ചുവരുന്ന ഐതിഹ്യം മാത്രമാണു് അവലംബം. വിശ്വാസികൾക്കു് അതു മതിയല്ലോ. ശവം ഇത്ര ദീർഘകാലം അഴുകിനശിക്കാതെയിരിക്കുന്നതു് എങ്ങനെയെന്നു ശാസ്ത്രീയമായി അന്വേഷിക്കാൻ ആർക്കും സ്വാതന്ത്ര്യവുമില്ല. മിണ്ടിപ്പോയാൽ അതു മതവികാരങ്ങളെ വ്രണപ്പെടുത്തും. അതിന്മേൽ പിടിച്ചു വിശ്വാസികൾ ബഹളംകൂട്ടും. കാശ്മീരിൽ സൂക്ഷിച്ചിരുന്ന വിശുദ്ധരോമം കാണാതായപ്പോൾ അവിടത്തെ മുസ്ലീങ്ങൾ പ്രക്ഷുബ്ധരായതു് അടുത്തകാലത്തണല്ലോ. വിശുദ്ധരോമം വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ എല്ലാം ശാന്തമായി. ശവം ഏതെങ്കിലും ദിവ്യന്റേതായാൽ മതി അതിന്റെ പല്ലു്, നഖം, രോമം മുതലായ അവയവങ്ങൾക്കെല്ലാം നല്ല വിലയും വിശുദ്ധിയും ഉണ്ടാകും. കാലം ചെല്ലുന്തോറും അവ ലക്ഷക്കണക്കിനു് ആളുകളെ ആകർഷിക്കുന്ന ആരാധനാവസ്തുക്കളായിത്തീരും. ബുദ്ധന്റെ പല്ലും നഖവും മറ്റും വിലപിടിച്ച പേടകങ്ങളിലാക്കി വമ്പിച്ച ഘോഷയാത്രയായി കൊണ്ടുനടക്കുന്ന കാഴ്ച ഇക്കാലത്തും കാണാം.
രണ്ടായിരത്തഞ്ഞൂറു വർഷം മുമ്പു ജീവിച്ചിരുന്ന ബുദ്ധന്റെയാണു് ഇവയൊക്കെ എന്നാരുകണ്ടു! ഇത്തരം മതവ്യാപാരങ്ങളുടെ പിന്നിലുള്ളതു് ഒരു തരം ‘വിശുദ്ധചൂഷണ’മാണെന്ന കാര്യം ആരും ഓർമിക്കാറില്ല. കരിഞ്ചന്തയും മായംചേർക്കലും ശവപ്രദർശനത്തിലും നടന്നിട്ടുണ്ടു്, ഇപ്പോഴും നടക്കുന്നുണ്ടാകാം. റഷ്യൻപള്ളികളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്ന ശവശരീരങ്ങൾ വെറും മെഴുകുകൊണ്ടു നിർമ്മിച്ചവയായിരുന്നുവെന്ന സത്യം വിപ്ലവത്തിനു ശേഷം പുറത്തുവന്നു. ഇതുപോലെ മതത്തിന്റെ പേരിൽ എത്രയെത്ര കള്ളക്കച്ചവടം കഴിഞ്ഞ കാലങ്ങളിൽ നടന്നിരിക്കാം? മനുഷ്യനാണു സ്വവർഗത്തെ ചൂഷണം ചെയ്യുന്ന ഏക ജന്തു (The only beast that exploits his own kind is man) എന്നു് അപ്ടൺ സിങ്ക്ളയർ പറഞ്ഞിട്ടുള്ളതു വെറുതെയല്ല.
ശവം ആരുടേതായാലും അതിന്റെ അംശങ്ങൾ സൂക്ഷിച്ചു വച്ചു പൂജിക്കുന്നതു് അറപ്പും വെറുപ്പുമുണ്ടാക്കുന്ന കിരാതസമ്പ്രദായമാകുന്നു. ശവത്തിനു് ഇത്ര പ്രാധാന്യവും വിശുദ്ധിയും എങ്ങനെ വന്നുചേർന്നു? പല പരിണതരൂപങ്ങളുണ്ടു് ശവപൂജയ്ക്കു്.
സംസ്കാരകർമ്മം അതിലൊന്നു മാത്രമാണു്. ആത്മാവിനെ സംബന്ധിച്ചു പുരാതനകാലത്തു മനുഷ്യർക്കുണ്ടായിരുന്ന മൂഢവിശ്വാസങ്ങളാണു് ഇവയ്ക്കെല്ലാം ആസ്പദം. ദേഹത്തെ വിട്ടുപിരിയുന്ന ദേഹി വീണ്ടും തിരിച്ചു വരുമെന്നും കുറേക്കാലത്തേക്കെങ്കിലും അതിനെ ചുറ്റിപ്പറ്റി നിലകൊള്ളുമെന്നും ആദിമ മനുഷ്യൻ വിശ്വസിച്ചിരുന്നു. തിരിച്ചുവരുമ്പോൾ മുമ്പു് ഉപയോഗിച്ചിരുന്ന ആഹാരവും വസ്ത്രങ്ങളും മറ്റും വേണ്ടേ? ഇമ്മാതിരി വിശ്വാസത്തിന്റെ ഫലമായിട്ടാണു് പരേതന്റെ ജഡം അടക്കംചെയ്യുമ്പോൾ അതിന്റെകൂടെ അവന്റെ വസ്ത്രങ്ങൾ ആയുധങ്ങൾ ആഹാരസാധനങ്ങൾ മുതലായവ നിക്ഷേപിക്കുന്ന ചടങ്ങു നടപ്പായതു്. പരേതൻ വർഗനേതാവോ, പടത്തലവനോ, പുരോഹിതനോ മറ്റോ ആണെങ്കിൽ ആ ജഡമടക്കുന്ന സ്ഥലം ക്രമേണ ഒരു തീർത്ഥാടനകേന്ദ്രമാകും. ഇന്ത്യയിലെ പല പ്രസിദ്ധക്ഷേത്രങ്ങളുടെയും ആഗമം ഇങ്ങനെയാണെന്നു പറയപ്പെടുന്നു. അവയെല്ലാം ചില സന്ന്യാസിശ്രേഷ്ഠന്മാരുടെ സമാധിസ്ഥലങ്ങൾ രൂപാന്തരം പൂണ്ടവയാണത്രെ. ചരിത്രാതീതമനുഷ്യൻ ഇന്നും നമ്മുടെ അബോധമനസ്സിൽ ജീവിക്കുന്നുണ്ടെന്നുള്ളതിനു് ഈ ശവപൂജയുടെ രൂപഭേദങ്ങൾ ഒരു തെളിവാകുന്നു.
യുക്തിവിഹാരം 1968.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971