‘ജ്ഞാനാന്വേഷണ ബോധോദയത്തിലുള്ള
ആനന്ദവും മാത്രമാണു് സ്ഥിരമായ സൗഖ്യം’
ലോകവിജ്ഞാനമേഖലയിലെ ചിരംജ്യോതിസ്സുകളായിത്തീർന്ന പല മഹാന്മാരും യഹൂദസമുദായത്തിൽപ്പെട്ടവരാണെന്ന വസ്തുത ആർക്കും അത്ഭുതമുളവാക്കുന്ന ഒന്നാണു്. ഈ നവയുഗത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ഫ്രോയ്ഡ്, തൊഴിലാളിവർഗത്തിനു മോക്ഷമാർഗം ഉപദേശിച്ച വിപ്ലവാചാര്യനായ കാറൽമാർക്സ്, തൂലികകൊണ്ടു ലോകത്തെ കിടിലം കൊള്ളിച്ച ട്രോട്സ്കി മുതലായവരെല്ലാം യഹൂദരായിരുന്നുവല്ലോ. ഇവരെപ്പോലെതന്നെ വിശ്വവ്യാപകമായ പ്രശസ്തിയും പ്രതിഷ്ഠയും നേടിയ ഒരു യഹൂദതത്ത്വജ്ഞാനിയാണു് സ്പിനോസ. പ്രസിദ്ധ ഗ്രന്ഥകാരനായ വിൽഡ്യുറന്റ് ഒരു ഗ്രന്ഥത്തിൽ ഈ തത്ത്വചിന്തകന്റെ ജീവിതകഥ രസകരമായി വിവരിച്ചിട്ടുണ്ടു്. ആധുനിക തത്ത്വജ്ഞാനികളിൽ ഏറ്റവും വലിയവൻ, അർവാചീനകാലത്തിലെ ഏറ്റവും വലിയ യഹൂദൻ എന്നും മറ്റും ഈ ഗ്രന്ഥകാരൻ സ്പിനോസയെ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നു. ഇത്രയും വലിയൊരു ചിന്തകനെ അദ്ദേഹത്തിന്റെ തത്ത്വസംഹിതയിൽ ദൈവദൂഷണം കടന്നുകൂടിയെന്ന കാരണത്താൽ ജൂതസമുദായം ഭ്രഷ്ടു കല്പിച്ചു പുറതള്ളുകയുണ്ടായി. എന്നാൽ സമുദായഭ്രഷ്ടു ധീരാത്മാവായ സ്പിനോസയുടെ ജീവിതമഹത്ത്വത്തിനു മാറ്റുകൂട്ടുകയാണുണ്ടായതു്.
1632-ലാണു് സ്പിനോസയുടെ ജനനം. പതിനഞ്ചാം നൂറ്റാണ്ടിൽ കുറെ യഹൂദകുടുംബങ്ങൾ ഹോളൻഡിൽ കൂടിയേറിപ്പാർക്കുകയുണ്ടായി. എസ്പിനോസ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കുടുംബവും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിലെ ഒരു ശാഖയിലാണു് സ്പിനോസ ജനിച്ചതു്. ബാല്യത്തിൽത്തന്നെ അസാധാരണമായ ബുദ്ധിശക്തിയും വിജ്ഞാനതൃഷ്ണയുമായിട്ടാണു് അദ്ദേഹം വളർന്നുവന്നതു്. പക്ഷേ, സമുദായത്തിന്റെ ആശാസൗധം തകർന്നുവീഴുന്ന മട്ടിലായിരുന്ന സ്പിനോസയുടെ ചിന്താഗതി. അച്ഛന്റെ തൊഴിൽ കച്ചവടമായിരുന്നെങ്കിലും പുത്രന്റെ മനസ്സു് ആ വഴിക്കു തിരിഞ്ഞില്ല. പഠിക്കാനും ചിന്തിക്കാനും അന്വേഷിക്കാനും തന്നെ സ്പിനോസ സമയം മുഴുവൻ ചെലവഴിച്ചു സ്വമതത്തിലെ സിദ്ധാന്തങ്ങളും വിശ്വാസാചാരങ്ങളും മറ്റുമായിരുന്നു ഈ വിദ്യാർത്ഥിയുടെ ഒന്നാമത്തെ ഗവേഷണവിഷയം, ലത്തീൻ ഭാഷയിൽ വ്യുത്പത്തി നേടാനായിരുന്നു അനന്തരപരിശ്രമം ക്രിസ്തുമതസിദ്ധാന്തങ്ങളും പ്രാചീനവിജ്ഞാശാഖകളും പരിശോധിച്ചു പഠിക്കുന്നതിന്നു് അതു വളരെ സഹായകമായി.
വാൻഡെൻ എൻഡെ എന്നൊരു ഡച്ച് പണ്ഡിതനായിരുന്നു സ്പിനോസയുടെ പ്രധാനാചാര്യൻ. അദ്ദേഹമാണു് ശിഷ്യന്റെ അന്വേഷണബുദ്ധിയെ ആദ്യമായി സ്വതന്ത്രചിന്താമാർഗത്തിലേക്കു തിരിച്ചതു്. ഒരു യുക്തിവാദിയും മതനിരൂപകനും വിപ്ലവകാരിയുമായിരുന്നു ഈ ഡച്ച് പണ്ഡിതൻ. ഇക്കാലത്തു ഗുരുനാഥന്റെ സുന്ദരിയായ പുത്രിയുമായി സ്പിനോസ കുറെനാൾ ഒരു പ്രണയബന്ധം പുലർത്തിയിരുന്നു. പക്ഷേ, അവൾ ഒടുവിൽ ധനവാനായ ഒരുവനെ സ്വീകരിച്ചു അതോടെ സ്പിനോസ വിഷയസുഖങ്ങളിൽ വിരക്തനും തത്ത്വചിന്തയിൽ ഏകതാനനുമായിത്തീർന്നു. പിന്നീടു മരണം വരെ അദ്ദേഹം അവിവാഹിതനായിട്ടാണു് ജീവിച്ചതു്.
പ്രാചീനയവനദാർശനികരിൽ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടൽ എന്നിവരെപ്പറ്റി സ്പിനോസ സനിഷ്കർഷം പഠിച്ചുവെങ്കിലും ഡെമോക്രിറ്റസ്, എപ്പിക്യുറസ്, ലുക്രിഷ്യസ് തുടങ്ങിയ ഭൗതികവാദികളോടായിരുന്നു അദ്ദേഹത്തിനു കൂടുതൽ ആഭിമുഖ്യം. ഈശ്വരാസ്തിക്യത്തെപ്പറ്റി സ്പിനോസ സ്വതന്ത്രമായി ചിന്തിക്കയും ചില നവീനാശയങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അവ യഹൂദമതവിശ്വാസങ്ങളുമായി നിരക്കാത്തവയാണെന്നു കണ്ടപ്പോൾ പുരോഹിതന്മാരും മറ്റു യഥാസ്ഥിതികരും ക്ഷോഭിച്ചു. ഒരു നാസ്തികന്റെ മട്ടിലുള്ള ഈ പോക്കിൽനിന്നു വിരമിക്കണമെന്നു പലതവണ അവർ അദ്ദേഹത്തിനു താക്കീതു നൽകി. എന്നിട്ടും തത്ത്വപരമായി തനിക്കു ശരിയെന്നു തോന്നിയ വിശ്വാസപ്രമാണങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നതേയുള്ളു. അചഞ്ചലമായ ഈ അഭിപ്രായധീരത പല ആപത്തുകളും വരുത്തിവച്ചു. മതപുരോഹിതന്മാർ സ്പിനോസയെ വിചാരണ ചെയ്തും സമുദായ ഭ്രഷ്ടനാക്കി. സ്വസമുദായത്തിൽനിന്നു മാത്രമല്ല സ്വന്തം കുടുബത്തിൽനിന്നും അദ്ദേഹം ബഹിഷ്കൃതനായി. മാതാപിതാക്കളും സുഹൃത്തുക്കളും അദ്ദേഹത്തെ ഉപേക്ഷിച്ചു. ഒരു സഹോദരി അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന അല്പം സ്വത്തു് വഞ്ചന ചെയ്തപഹരിച്ചു. അങ്ങനെ ഈ തത്ത്വാന്വേഷി ഏകനും നിർദ്ധനനും നിരാശ്രയനുമായിത്തീർന്നു.
യഹൂദമതത്തോടും പള്ളിയോടും അല്പമൊരു ഭക്തി കാണിക്കാമെങ്കിൽ പ്രതിവർഷം 500 ഡോളർ കൊടുക്കാമെന്നു ബന്ധപ്പെട്ട അധികാരികൾ പറഞ്ഞുനോക്കി. കടുത്ത ദാരിദ്ര്യത്തിൽപ്പെട്ടിട്ടും സ്പിനോസ അതിനു വഴിപ്പെട്ടില്ല. മതഭ്രാന്തരായ ചിലർ അദ്ദേഹത്തെ അപായപ്പെടുത്താനും ശ്രമം ചെയ്തു. ഒരു രാത്രി സ്പിനോസ ആംസ്റ്റാർഡാം നഗരത്തിലെ തെരുവിലൂടെ നടക്കുമ്പോൾ മതഭക്തനായ ഒരു മുട്ടാളൻ അദ്ദേഹത്തിന്റെ കഥ കഴിക്കാൻ നോക്കി. പെട്ടെന്നു തിരിഞ്ഞുകളഞ്ഞതിനാൽ കഴുത്തിൽ ലഘുവായ ഒരു മുറിവു മാത്രമേറ്റു അദ്ദേഹം രക്ഷപ്പെട്ടു. അതിനുശേഷം നഗരം വിട്ടു പ്രാന്തപ്രദേശത്തുള്ള ഒരു ജീർണ്ണിച്ച ഗൃഹത്തിലേക്കു് അദ്ദേഹം മാറിത്താമസിച്ചു. ഇപ്രകാരം ജീവിതക്ലേശങ്ങളുടെ നടുവിലിരുന്നുകൊണ്ടാണു് സ്പിനോസ ജ്ഞാനത്തിന്റെ കൊടുമുടിയിലേക്കു കയറാൻ തുടങ്ങിയതു്. ആ സ്ഥിരപരിശ്രമം പരിപൂർണ്ണവിജയത്തിലെത്തുകയും ചെയ്തു. ഗഹനവും സ്വതന്ത്രവുമായ ഒരു തത്ത്വസംഹിത അദ്ദേഹം കെട്ടിപ്പടുത്തു. അതിന്റെ പുതുമയും മഹിമയും ലോകപ്രസിദ്ധി നേടി. അക്കാലത്തെ തത്ത്വജ്ഞാനികളിൽ അഗ്രേസരൻ എന്ന പദവി അദ്ദേഹത്തിനു ലഭിച്ചു. സ്പിനോസയുടെ ഗ്രന്ഥങ്ങളിലൊന്നു തനിക്കു സമർപ്പിക്കാമെങ്കിൽ വലിയൊരു സംഖ്യ പെൻഷനായി അനുവദിക്കാമെന്നു ലൂയി പതിന്നാലാമൻ അദ്ദേഹത്തെ അറിയിച്ചുവത്രെ. ദരിദ്ര്യമർദ്ദിതനായിരുന്നിട്ടും ഈ രാജകീയ ദാനത്തെ നിരസിക്കാൻ അദ്ദേഹം സംശയിച്ചില്ല. ഇത്തരം അനേകം സംഭവങ്ങൾ സ്പിനോസയുടെ ജീവിത മഹത്വത്തെ വിളംബരം ചെയ്യുന്നുണ്ടു്. ക്ലേശഭൂയിഷ്ഠമായിരുന്ന ആ വിശിഷ്ടജീവിതം 1677-ൽ 45-മത്തെ വയസ്സിൽ അവസാനിച്ചു. സ്പിനോസയുടെ മാതാപിതാക്കൾ ക്ഷയരോഗികളായിരുന്നു. ആ രോഗം തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെയും ഗ്രസിച്ചുകളഞ്ഞു.
സ്പിനോസയുടെ തത്ത്വശാസ്ത്രം ചിന്തോദ്ദീപകവും അനുസന്ധാനയോഗ്യവും പഴക്കംകൊണ്ടു കാലഹരണപ്പെടാത്തതുമായ ഉത്കൃഷ്ടാശയങ്ങൾ ഉൾക്കൊള്ളുന്ന ഒന്നാണു്. തത്ത്വജ്ഞാന മണ്ഡലത്തിൽ അതിനു സമുന്നതമായ ഒരു സ്ഥാനമുണ്ടു്. ഡെമോക്രറ്റസി നെപ്പോലെ സ്പിനോസ യും ഒരു ഭൗതികവാദിയാണെന്നു പറയാം. ഈശ്വരപദവാച്യമായ ആശയത്തെ അദ്ദേഹം തികച്ചും നിഷേധിക്കുന്നില്ലെങ്കിലും മതസാധാരണമായ അർത്ഥത്തിൽ അതിനെ അംഗീകരിക്കുന്നുമില്ല. ആകാശത്തിലിരുന്ന പുണ്യപാപങ്ങൾ പങ്കുവച്ചു ലോകം ഭരിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിബാഹ്യമായ ഒരു ശക്തിയോ പുരുഷനോ അല്ല ഈശ്വരൻ. പ്രകൃതിയും ഈശ്വരനും വേർതിരിക്കാൻ വയ്യാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. സൂക്ഷ്മദൃഷ്ട്യാ രണ്ടും ഒന്നാണു്. ആ ഒന്നു നിയതങ്ങളായ ചില നിയമങ്ങൾക്കു് അധീനമായി പ്രവർത്തിക്കുന്നു. ഈശ്വരേച്ഛ എന്നു പറയുന്നതു് പ്രകൃതിനിയമം തന്നെയാണു്. ഇതാണു് സ്പിനോസയുടെ ഈശ്വരസംബന്ധിയായ ദർശനം.
സ്വഭാവമീശ്വരം കാലം
യദൃച്ഛാം നിയതിം തഥാ
പരിണാമം ച മന്യന്തേ
പ്രകൃതിം പൃഥുദർശിനഃ
എന്ന സുശ്രുതസിദ്ധാന്തത്തോടു് സ്പിനോസ വളരെ അടുത്തു നിൽക്കുന്നുണ്ടെന്നു തോന്നുന്നു. ഈശ്വരൻ, കാലം, യദൃച്ഛ, വിധി, പരിണാമം എന്നിങ്ങനെ പ്രകൃതിയെ ചിന്തകന്മാർ ഭിന്നരീതിയിൽ ദർശിക്കുന്നുവെന്നാണല്ലോ സുശ്രുതൻ പറയുന്നതു്.
വാസ്തവത്തിൽ പ്രകൃതിക്കാണു് പ്രാധാന്യം. പ്രധാനം എന്നുതന്നെ പ്രകൃതിക്കു പേരുണ്ടു്. ഈശ്വരഭക്തി എന്നു പറയുന്നതു് പ്രകൃതിയിൽത്തന്നെ ലീനമായിരിക്കുന്ന ഒന്നാകുന്നു. അപ്പോൾ പ്രകൃതിഭിന്നമായി പുറമെനിന്നു പ്രപഞ്ചയന്ത്രത്തെ തിരിക്കുന്ന ഒരു ദൈവത്തിനു സ്ഥാനമില്ല. മതവിശ്വാസികളുടെ അത്തരം ദൈവത്തെ സ്പിനോസ നിഷേധിക്കുന്നു. ഈ പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന വിശ്വാസവും അന്ധമാണെന്നു് അദ്ദേഹം സ്ഥാപിക്കുന്നു. അങ്ങനെ വിശ്വസിക്കുന്നതു നമ്മുടെ സാഭിലാഷമനസ്സിന്റെ ഒരു ബഹിക്ഷേപം മാത്രമാണു്. ‘തത്ത്വശാസ്ത്രത്തിലെ വമ്പിച്ച അബദ്ധങ്ങളുടെയെല്ലാം വേരു കിടക്കുന്നതു വസ്തുനിഷ്ഠമായ സത്തയുള്ള പ്രപഞ്ചത്തിന്മേൽ മാനുഷികമായ ഉദ്ദേശ്യങ്ങളേയും മാനദണ്ഡങ്ങളെയും ഇഷ്ടങ്ങളെയും ആരോപിക്കുന്നതിലാകുന്നു’ എന്നു സ്പിനോസ എടുത്തു പറയുന്നുണ്ടു്.
പ്രകൃതീശ്വരശക്തികളുടെ ഏകീഭാവം പോലെതന്നെ ശരീരവും മനസ്സും ഒരേ സത്തയുടെ രണ്ടു മുഖം മാത്രമാണെന്നും അദ്ദേഹം വാദിക്കുന്നു. അതു ബഹിർമുഖമാകുമ്പോൾ, ശരീരം അന്തർമുഖമാകുമ്പോൾ മനസ്സു് എന്നു പറയാം. സൂക്ഷ്മാംശത്തിൽ രണ്ടിനും വിഭിന്നസ്ഥിതിയില്ല. ഏതദാശയം നവീനമനഃശ്ശാസ്ത്രതത്ത്വത്തിന്റെ ഒരു മുന്നോടിയായിരിക്കുന്നുണ്ടു്. ഏതാണു് ഏറ്റവും വലിയ നന്മ? സ്ഥിരമായ സൗഖ്യമേതു്? ഇത്യാദി പ്രശ്നങ്ങൾക്കും സ്പിനോസ യുക്തിബോധത്തോടെ ഉത്തരം നൽകുന്നുണ്ടു്. ‘മനസ്സിനു സമസ്ത പ്രകൃതിയുമായിട്ടുണ്ടാകുന്ന ഏകീഭാവത്തിന്റെ ബോധമാണു് ഏറ്റവും വലിയ നന്മ’ എന്നും ‘ജ്ഞാനന്വേഷണവും ബോധോദയത്തിലുള്ള ആനന്ദവും മാത്രമാണു് സ്ഥിരമായ സൗഖ്യം’ എന്നുമുള്ള സ്പിനോസയുടെ പ്രവചനങ്ങൾക്കു് ഒരു ശാശ്വതമൂല്യം തന്നെ കല്പിക്കാവുന്നതാണു്. ചിന്താലോകത്തിലെ ഉന്നതതലത്തിൽ അവ എന്നെന്നും വിലപ്പെട്ടവയായി പരിലസിക്കും.
ദീപാവലി 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971