ഏതാനും പേർ ചിന്തിക്കുന്നു. ബാക്കിയുള്ളവർ അവരുടെ പിറകെ പോകുന്നു. ഇതാണു മനുഷ്യചരിത്രത്തിൽ നാം കാണുന്ന കാഴ്ച. ഒരു സംഗതിയെപ്പറ്റി ശരിയായി ചിന്തിക്കുന്നവർ ചുരുക്കമാകുന്നു. അവരിൽത്തന്നെ ആ ചിന്ത സ്വതന്ത്രമായി നടത്തുന്നവർ എത്രയോ ദുർല്ലഭം. മതം, ശാസ്ത്രം, രാജ്യന്തരം തുടങ്ങിയ ഏതു വിഷയത്തിലും ഇതുതന്നെയാണു് സാമാന്യസമ്പ്രദായം. ഓരോ കാലഘട്ടത്തിലും രണ്ടോനാലോ യഥാർത്ഥചിന്തകന്മാരുണ്ടാകുന്നു. അവരുടെ ആശയങ്ങൾ ലോകത്തെ ഭരിക്കുന്നു. അനുകരിക്കുന്നവരും അനുസരിക്കുന്നവരും ആണു് മനുഷ്യരിൽ ഭൂരിപക്ഷവും. അറിയുന്നവരും അറിയിക്കുന്നവരും ഏറ്റവും ദുർല്ലഭമത്രെ. ‘ഗതാനുഗതികോ ലോക’ എന്ന വചനം ആശയങ്ങളെ സംബന്ധിച്ചും എത്രയോ അർത്ഥവത്തായിരിക്കുന്നു. ചിന്തിക്കുവാനുള്ള ശക്തി എല്ലാ മനുഷ്യരിലും പ്രകൃത്യാ വിലീനമായിരിക്കുന്നുണ്ടു്. എന്നാൽ അതു് എല്ലാവരിലും പൂർണമായി നിർബാധം വ്യാപരിക്കുന്നില്ല. അഭ്യസ്തവിദ്യരിൽത്തന്നെ ചിന്താവ്യപാരമില്ലാത്തവർ ധാരാളമുള്ളതുകൊണ്ടു് വിദ്യാഭ്യാസത്തിന്റെ കുറവു് ഇതിനൊരു പ്രധാന കാരണമായി ഗണിക്കുവാൻ നിവൃത്തിയില്ല. സാധാരണരീതിയിലല്ല ഇവിടെ ചിന്താശബ്ദം പ്രയോഗിച്ചിരിക്കുന്നതു്. ഒരു സംഗതിയെപ്പറ്റി യുക്തിപൂർവം വിചാരണ ചെയ്തു ഒരഭിപ്രായം രൂപപ്പെടുത്തുകയും ആ അഭിപ്രായത്തിന്റെ സാധുത്വം സ്വാനുഭവങ്ങളിൽക്കൂടി പരിശോധിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയെന്നുള്ളതാണു് പ്രസ്തുത ലേഖനത്തിലെ വിവക്ഷ. ഈ രീതിയിലുള്ള ചിന്ത സ്വതന്ത്രവുംകൂടി ആയിരിക്കണം. ചിന്തയുടെ പ്രസ്തുത വിശേഷണത്തിനാണു് ഇവിടെ പ്രാധാന്യം കൊടുത്തിരിക്കുന്നതു്.
ചിന്ത സ്വതന്ത്രമാവുകയെന്നാൽ എന്താണു്? ഒരു തത്ത്വത്തെയും അംഗീകരിക്കതെ നിരങ്കുശമായി സകല വ്യവസ്ഥകളെയും അനാദരിച്ചു് വിചാരരശ്മികളെ നാലുപാടും പ്രസരിപ്പിക്കുകയെന്നു് അതിനർത്ഥമില്ല. നിഷ്പക്ഷത നിർബാധത എന്ന രണ്ടു ലക്ഷണങ്ങൾ തികഞ്ഞതാണു് സ്വതന്ത്രചിന്ത. ചിന്താലോകത്തിൽ ഇപ്പോൾ അസ്തമിതപ്രായമായിരിക്കുന്നതും ഈ രണ്ടു ഗുണങ്ങൾതന്നെയാണു്. നിഷ്പക്ഷതയെന്നാൽ എന്താണെന്നു വിവരിക്കേണ്ട ആവശ്യമില്ല. എന്നാൽ നിർബാധതയ്ക്കു ഒരു വിശദീകരണം ആവശ്യമാണു് നമ്മുടെ ചിന്താഗതി സാധാരണമായി പല വിധത്തിലും ബാധിതമാകാറുണ്ടു്. മനുഷ്യപ്രകൃതിയിൽ കാണുന്ന ഭാവാധിക്യം, വീരാരാധന, സാമുദായികാചാരങ്ങൾ, മാമൂലുകൾ, മതവിശ്വാസങ്ങൾ, കക്ഷിവ്യവസ്ഥകൾ, രാഷ്ട്രീയനിയമങ്ങൾ എന്നിങ്ങനെ പലതും ഒരുവന്റെ സ്വതന്ത്രമായ ചിന്താഗതിയെ ബാധിക്കുന്നു. ഇവകൊണ്ടു് ചിന്തയുടെ സ്വച്ഛന്ദവ്യാപാരം തടയപ്പെടുകയോ അതിനു് ഒരു നിറപ്പകർച്ച വരുകയോ ചെയ്യാതിരിക്കുന്ന അവസ്ഥയാണു് നിർബാധിതയിൽ സൂചിതമായിരിക്കുന്നതു്. മേല്പറഞ്ഞവയെ ഒരു വിധത്തിലും ആദരിക്കരുതെന്നു് ഇവിടെ അഭിപ്രായപ്പെടുന്നില്ല. എന്നാൽ അവയ്ക്കു അടിമപ്പെട്ടു വിഷയനിരൂപണത്തിനുള്ള സ്വശക്തിയെ നശിപ്പിക്കുന്നതു ആപൽക്കരമാകുന്നു. ചില പ്രത്യേകാശയങ്ങൾക്കും സിദ്ധാന്തങ്ങൾക്കും അടിമകളായി തീർന്നിട്ടുള്ള അനേകം പേരെ പണ്ഡിതലോകത്തിൽത്തന്നെ നമുക്കു കാണ്മാൻ കഴിയും അവരുടെ പ്രതിഭാപ്രസരം ഒരു ക്ലിപ്തവൃത്തത്തിനുള്ളിൽ ഞെരുങ്ങി നിൽക്കുകയാണെന്നു സൂക്ഷിച്ചാലറിയാം. അതിനപുറം കടന്നു ഗുണദോഷവിചിന്തനം ചെയ്യുവാൻ അവർ ധൈര്യപ്പെടുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്നില്ല. ഒരു വിഷയത്തെപ്പറ്റി സ്വന്തമായ ഒരഭിപ്രായം രൂപവല്ക്കരിക്കുവാൻ അധികംപേർക്കും സാധിക്കാതെ വരുന്നതും ഇത്തരം ആശയപാരതന്ത്ര്യം കൊണ്ടാണു്. ഇതിൽനിന്നു വിട്ടുനിൽക്കുകയെന്നതു് തുലോം പ്രയാസമേറിയ ഒന്നാകുന്നു. ഇതുകൊണ്ടുതന്നെയായിരിക്കാം സാധാരണ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ആശയങ്ങളുടെ ആവർത്തനം ക്രമാതീതമായി കാണപ്പെടുന്നതു്.
ചിന്താവിഷയമായി മേൽക്കാണിച്ച വൈഷമ്യങ്ങളുടെ കാരണങ്ങളെ ആഭ്യന്തരമെന്നും ബാഹ്യമെന്നും രണ്ടായി തിരിക്കാം. ആദ്യത്തേതു മനുഷ്യസ്വഭാവത്തിൽത്തന്നെ ഒളിഞ്ഞുകിടക്കുന്നു. അതിനാണു് ഭാവാധിക്യം എന്നു പേരു കൊടുത്തതു്. സ്വതന്ത്രചിന്തയുടെ ഒന്നാമത്തെ ശത്രു ഇതാണെന്നു് സൂക്ഷിച്ചാലറിയാം. ഇതു നമ്മിൽത്തന്നെ ലയിച്ചിരിക്കുകയും പലപ്പോഴും നാം അറിയാതെതന്നെ തല പൊന്തിക്കുകയും ചെയ്യുന്നതുകൊണ്ടു് കുറെക്കൂടി ആപൽക്കരമായിത്തീരുന്നു. മനുഷ്യൻ എപ്പോഴും വികാരത്തിനു് അല്ലെങ്കിൽ ഭാവത്തിനു് (Emotion) അധീനനാകുന്നു എന്നു മാത്രമല്ല, അതിന്റെ ആധിക്യത്തിൽ അവന്റെ മറ്റു ശക്തികളെല്ലാം മന്ദീഭവിക്കുകയും ചെയ്യുന്നു. ഇതിൽ കൂടുതൽ വാട്ടം തട്ടുന്നതു ബുദ്ധിശക്തിക്കാണു്. ചിന്തബുദ്ധിയുടെ വ്യാപാരമാണല്ലോ ഏതെങ്കിലും കാരണത്താൽ ചിന്തകൻ ഭാവഭരിതനാകുമ്പോൾ അവന്റെ ചിന്ത ഹൃദയം പിടിച്ചു് വലിക്കുന്ന വശത്തേക്കു തിരിയുകയും തദനുസൃതമായ ഒരു തീരുമാനം അവനിൽ ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ മാനസികമായി ചിന്താഗതിക്കു വരുന്ന ഈ വ്യതിയാനം അതിസൂക്ഷ്മമത്രെ. ഇതിൽ ശ്രദ്ധിക്കാത്തതുകൊണ്ടു പലരുടെയും യുക്തിവാദങ്ങൾക്കും സിദ്ധാന്തസ്ഥാപനത്തിനും വൈകല്യം നേരിടാറുണ്ടു്. ഝടിതിയിൽ സ്വയം നടക്കുന്ന ഒന്നാണു് ഭാവസ്ഫുരണം. അതു് ഉണ്ടാകുന്നതും നമ്മെ അടിമപ്പെടുത്തുന്നതും നാം അറിയുന്നില്ല. എന്നാൽ ചിന്ത അത്രത്തോളം ത്വരിതവും നിർബാധവും ആയി പ്രവർത്തിക്കുന്നില്ല. പ്രവർത്തിച്ചാൽത്തന്നെയും അതു ഭാവോത്തേജനം കൊണ്ടു പ്രതിബദ്ധമാവുകയോ ഏകപക്ഷമായി കാണുന്നതു പൂർവ്വോക്തരീതിയിലുള്ള ഭാവപ്രവർത്തനമായതുകൊണ്ടു് അതും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണു്.
ഒരു ഉദാഹരണം കൊണ്ടു് ഈ സംഗതി സുസ്പഷ്ടമാക്കാം. മഹാത്മാഗാന്ധി യെപ്പറ്റി സ്മരിക്കുമ്പോൾ അദ്ദേഹത്തോടുള്ള ഭക്ത്യാധിക്യം കൊണ്ടു് വികാരാവിഷ്ടനാകുന്ന ഒരാൾക്കു് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റി സ്വതന്ത്രമായി ഗുണദോഷവിചിന്തനം ചെയ്വാൻ സാധിക്കുന്നതല്ല. ഏതു വിഷയത്തിലും ഗാന്ധിജിയുടെ അഭിപ്രായം സർവോപരി സാധുവാണെന്നൊരു തോന്നൽ ആ ഭക്തന്റെ ചിന്തയെ പിടികൂടി വളയ്ക്കുവാൻ ശ്രമിക്കുന്നു. തൽഫലമായി ദോഷമുള്ളിടത്തും അതു കാണുവാൻ അയാൾക്കു സാധിക്കുന്നില്ല. ഇതുപോലെതന്നെ ഏതെങ്കിലും കാരണത്താൽ മനസ്സിൽ അടിയുറച്ചുപോയിരിക്കുന്ന പ്രതികൂലഭാവത്തിന്റെ ഉത്തേജനത്തിൽ ഗുണമുള്ളിടത്തും ദോഷദർശനംതന്നെ നടക്കുന്നതായിരിക്കും. മഹാദേവദേശായി തുടങ്ങിയ അന്തേവാസികളുടെയും ‘ഒഡയർ കമ്പനി’യിൽപ്പെട്ട പ്രതികൂലരുടെയും വീക്ഷണരീതി പരിശോധിച്ചാൽ ഗാന്ധിയെപ്പറ്റി ഇരുകൂട്ടർക്കും തീരെ നിർബന്ധമായ നിഷ്പക്ഷനിരൂപണം നിർവഹിക്കുവാൻ സാധിക്കുമോ എന്നു സംശയം തോന്നുന്നതാണു്. ബുദ്ധൻ, ക്രിസ്തു തുടങ്ങിയ മതാചാര്യന്മാരുടെ വചനങ്ങളും ഈ രീതിയിൽ തദനുയായികളെ അസ്വതന്ത്രന്മാരാക്കുന്നുണ്ടു്. ഇനി ഇന്നത്തെ യുവലോകത്തിൽ കാണുന്ന ഉണർവു് പരിശോധിച്ചുനോക്കുക! അതിനകത്തു് ഈ ദോഷം കടന്നുകൂടിയിരിക്കുന്നതായി കാണാം. ആധുനിക യുവലോകം പ്രക്ഷുബ്ധമായിരിക്കുന്നു എന്ന സംഗതിതന്നെ ഇപ്പോഴത്തെ ഉണർച്ച കേവലം വികാരപരമായിട്ടുള്ള (Emotional awakening) ഒന്നാണെന്നു തെളിയിക്കുന്നുണ്ടു്. ചിന്തകൊണ്ടുള്ള നിയന്ത്രണം അതിൽ പ്രതിഫലിക്കുന്നില്ല. അനിയന്ത്രിതമായ ചില ആശയപ്രവാഹങ്ങളിൽ ജനതതി ഇളക്കിമറിഞ്ഞു മുന്നോട്ടു പായുന്നു. ജീർണജടിലമായ യാഥാസ്ഥിതികത്വത്തിന്റെ ധ്വംസനത്തിനു് ഇതു നല്ലതുതന്നെ പക്ഷേ, വികാരത്തിന്റെ ഈ തിരതല്ലൽ നമുക്കു ആവശ്യമായിരിക്കുന്ന ഉൽപതിഷ്ണുത്വത്തിൽ ഉപരിപ്ലവത്വം കൂടിക്കലർത്തി അതിനെ നിഷ്ഫലവും വിപല്ക്കരവുമാക്കിത്തീർക്കുന്നു. ഉൽകൃഷ്ടവിദ്യാഭ്യാസം സിദ്ധിച്ച യുവതീയുവാക്കന്മാർ ‘സ്വരാജ്യ’ സമ്പാദനത്തിനായി നിഷ്ഠുരമായ നരഹത്യയ്ക്കു പുറപ്പെടുന്നതു് അവർ ഭാവപ്രേരണയിൽ നഷ്ടപ്രജ്ഞരാകുന്നതിന്റെ ഫലമത്രെ.
സാമുദായികചാരങ്ങൾ, മാമൂലുകൾ, മതവിശ്വാസങ്ങൾ ഇവ സ്വതന്ത്രചിന്തയെ തടയുന്ന കാഴ്ച സർവസാധാരണവും നമുക്കു നിത്യപരിചയമുള്ളതുമാകയാൽ വിസ്തരിക്കേണ്ട ആവശ്യമില്ല. ചിന്തയാകുന്ന ദീപത്തിന്റെ ഒരുതരം ആവരണങ്ങളായി ഇവയെ കണക്കാക്കാം. ആവരണങ്ങളുടെ വർണഭേദമനുസരിച്ചു് അവയിൽ പ്രതിഫലിക്കുന്ന പ്രകാശത്തിനും നിറപ്പകർച്ച വന്നു പോകുന്നു. സുപ്രസിദ്ധ സമുദായ പരിഷ്കാരകനായ സർ ഹരിസിംഗ്ഗോർ അസംബ്ളിയിൽ കൊണ്ടുവന്ന ഹിന്ദു വിവാഹമോചനബില്ലിനെ പല മെമ്പർമാരും എതിർക്കുകയുണ്ടായി. മതപരമായും സാമുദായികമായുമുള്ള അടിമത്തം ഇക്കൂട്ടരുടെ അഭിപ്രായങ്ങളിൽ ആദ്യന്തം തെളിഞ്ഞുകാണുന്നുണ്ടു്. സീതയേയും സാവിത്രിയേയും ഓർത്തിട്ടെങ്കിലും ഈ ബില്ലിനെ എതിർക്കുയെന്നായിരുന്നു ഒരു മെമ്പർ ഉദ്ഘോഷിച്ചതു്. ഹിന്ദുസമുദായം അധഃപതിച്ചുപോകുമെന്നു അദ്ദേഹം ഭയപ്പെട്ടു. കാലസ്ഥിതിയനുസരിച്ചു വിവാഹവ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനു ചരിത്രലക്ഷ്യങ്ങൾക്കു പോലും വിഷയമാകാത്ത വണ്ണം അതിവിദൂരമായ ഒരു പ്രാചീനകാലഘട്ടത്തിൽ പക്ഷേ, കല്പിതകകഥാപാത്രങ്ങളായി ജീവിച്ചിരുന്ന സീതയേയും സാവിത്രിയേയും വലിച്ചിഴച്ചുകൊണ്ടുവരേണ്ട ആവശ്യമുണ്ടോ എന്നു ചിന്തിക്കുവാനുള്ള സ്വാതന്ത്ര്യം ആ മെമ്പർക്കു നഷ്ടമായിരിക്കുന്ന ദയനീയ ചിത്രമാണു് നാം ഇവിടെ കാണുന്നതു്. ഇത്തരം ബാലിശങ്ങളായ വാദങ്ങളും അവപുറപ്പെടുവിക്കുന്നവരുടെ വളർച്ചയറ്റു മുരടിച്ചുപോയ പ്രതിഭയും ഇതുപോലെ പല നിയമസഭകളിലും പ്രത്യക്ഷപ്പെടാറുണ്ടു്. മതം എങ്ങനെ തകർന്നുപോകുമെന്നും സമുദായം എങ്ങനെ അധഃപതിക്കുമെന്നും യുക്തിവാദം ചെയ്വാൻ ഇവർ സന്നദ്ധന്മാരല്ല. അതിനു് അവർക്കു സാധിക്കുകയുമില്ല. ആചാരങ്ങളും മാമൂലുകളും പോലെതന്നെ മതത്തോടും സമുദായത്തോടും രാജ്യത്തോടും ഉള്ള അതിരറ്റ സ്നേഹവും അഭിമാനവും സ്വതന്ത്രചിന്തയെ ഹനിക്കാറുണ്ടു്. ചിലരുടെ വീക്ഷണകോണം ഏതു സംഗതിയിലും സമുദായികമായിരിക്കും. ചിലരുടേതു മതപരമായിരിക്കും. മറ്റു ചിലരുടേതു രാജ്യത്തോടു സംബന്ധിപ്പിച്ചതായിരിക്കും. മതത്തോടും സമുദായത്തോടും ഒരു ബന്ധവുമില്ലാത്ത വിഷയങ്ങൾക്കുകൂടി അവയോടു ഘടിപ്പിച്ചു അഭിപ്രായം പ്രകടിപ്പിക്കുന്ന പലരും ഉണ്ടു്. ഇക്കൂട്ടർ ഹിമവൽ പർവതത്തിന്റെ പൊക്കം കണക്കാക്കുന്നതുപോലും മതസമുദായക്കണ്ണാടികളിൽക്കൂടിയായിട്ടായിരിക്കും. വർഗീയതയെ പുലർത്തുന്ന ചില പത്രങ്ങളും ഇത്തരത്തിൽപ്പെട്ടവയാണു്. അവയുടെ പത്രാധിപന്മാർക്കു തങ്ങളുടെ സമുദായപരിധിയെ അതിക്രമിച്ചു ന്യായാന്യായവിവേചനം ചെയ്യുവാൻ സാധിക്കുന്നില്ല. ഗാന്ധിജി മനുഷ്യവർഗത്തിനു പൊതുവേ എന്തുചെയ്തു എന്നല്ല തങ്ങളുടെ സമുദായത്തിനു് അദ്ദേഹത്തിൽനിന്നു് എന്തു കിട്ടിയെന്നാണു് ഇവരുടെ നോട്ടം. ഇതുപോലെ രാജ്യത്തെപ്പറ്റിയുള്ള സ്നേഹാഭിമാനങ്ങൾ അഭിപ്രായപ്രകടനത്തിൽ പരിപാലിക്കേണ്ട നിഷ്പക്ഷതയ്ക്കു പ്രതിബന്ധമാകുന്നതിനും ഉദാഹരണങ്ങൾ സുലഭങ്ങളാണു്. ആംഗ്ലേയർക്കു ആഗ്ലേയർ എന്ന നിലയിലല്ലാതെ മനുഷ്യർ എന്ന നിലയിൽ ഇന്ത്യൻ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുവാൻ സാധിക്കുന്നില്ല. ലോകത്തെ ഒട്ടാകെ ബാധിക്കുന്ന പ്രമേയങ്ങളെപ്പറ്റി സർവരാജ്യസഭ (League of Nations) യിൽ വിചാരണ ചെയ്യുമ്പോൾ ഇംഗ്ലീഷുകാർ ഇംഗ്ലീഷുകാരായിട്ടും ഫ്രഞ്ചുകാർ ഫ്രഞ്ചുകാരായിട്ടും ചിന്തിക്കുന്നു. അല്ലാതെ മഹത്തായ മനുഷ്യസമുദായത്തിന്റെ വിവേകികളും വിജ്ഞാനികളുമായ അംഗങ്ങളെന്ന നിലയിൽ സാർവലൗകികമായ സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി കാര്യവിചാരം ചെയ്യുവാൻ അവർക്കു കഴിയുന്നില്ല.
സ്വതന്ത്രചിന്തയെ പ്രതിരോധിക്കുന്ന രാഷ്ട്രീയനിയമങ്ങളും കക്ഷിയേർപ്പാടും മുൻപറഞ്ഞവയേക്കാൾ ആലോചനയ്ക്കു രസാവഹങ്ങളായിരിക്കുന്നു. രാഷ്ട്രീയനിയമങ്ങൾ എന്നു പറഞ്ഞതു പ്രധാനമായി ഗവണ്മെന്റ് നിയമങ്ങളെ ഉദ്ദേശിച്ചാണു്. എല്ലാ രാജ്യങ്ങളിലെ ഗവണ്മെന്റും മനുഷ്യരുടെ ചിന്താപരമായ വളർച്ചയെ തടയുന്നുണ്ടു്. അഭിപ്രായസ്വാതന്ത്ര്യം അനുവദനീയമാണെന്ന തത്ത്വം പരിഷ്കൃതഗവണ്മെന്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും പ്രയോഗത്തിൽ പലപ്രകാരത്തിലും അതിനു ചട്ടങ്ങൾ പ്രതിബന്ധങ്ങളായിരിക്കുന്നു. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്ന മൂന്നിനം നൃത്തരംഗമായി ഇപ്പോൾ കണക്കാക്കപ്പെട്ടിരിക്കുന്ന രാജ്യമാണു് റഷ്യ. അവിടത്തെ സോവിയറ്റ് ഗവണ്മെന്റ് ആധുനികാദർശങ്ങൾക്കു മാതൃകയാണെന്നും കേൾക്കുന്നു. പക്ഷേ, അവിടെ ചിന്താസ്വാതന്ത്ര്യം ഉണ്ടോ? സോവിയറ്റ് ഗവണ്മെന്റിന്റെ തത്ത്വങ്ങളിൽനിന്നു ഭിന്നമായ ഒരു രീതിയിൽ ചിന്തിക്കുവാനോ അഭിപ്രായം സ്ഥാപിക്കുവാനോ ആരെങ്കിലും പുറപ്പെട്ടാൽ അവനു് അവിടെ വധശിക്ഷവരെ ലഭിക്കുന്നതാണു്! ലെനിന്റെ വലത്തുകൈ ആയി നിന്നു പ്രവർത്തിച്ച സുപ്രസിദ്ധ രാജ്യതന്ത്രജ്ഞനായ ട്രോട്സ്കി ക്കു് ഇന്നു് റഷ്യയിൽ കടക്കുവാൻ പാടില്ലാത്തതു് അദ്ദേഹത്തിന്റെ ചിന്താഖനിയിൽ ചില സ്വതന്ത്രാശയങ്ങൾ വിളഞ്ഞുപോയി എന്ന കുറ്റംകൊണ്ടാണു്! ഇറ്റലിയിൽ ‘ഫാസിസ്റ്റ്’ ഭരണരീതിക്കു് എതിരായി ചിന്തിക്കുകയോ അഭിപ്രായം പുറപ്പെടുവിക്കുകയോ ചെയ്കയില്ലെന്നൊരു പ്രതിജ്ഞാപത്രം എഴുതി ഒപ്പിടുവാൻ കോളേജുകളിലെ പ്രൊഫസറന്മാരെക്കൂടി നിർബന്ധിച്ചിരിക്കുന്നു. ഈ അപരിഷ്കൃത നയത്തെ അനവധി വിദ്യാലയകേന്ദ്രങ്ങളിൽനിന്നും പ്രതിഷേധിക്കുകയുണ്ടായി. പരിശുദ്ധങ്ങളായ വിദ്യാലയങ്ങളിൽപ്പോലും വിജ്ഞാനോന്മുഖമായ സ്വതന്ത്രചിന്തയെ ഇങ്ങനെ തടയുന്നതു ജ്ഞാനാഭിവൃദ്ധിക്കു് എത്രമാത്രം ഹാനികരമാണെന്നു നോക്കുക! മനുഷ്യന്റെ വിവേചനശക്തിയെ ഇങ്ങനെ ഇടിച്ചമർത്തുന്ന മാനസികമായ മർദനം ശാരീരികമായ മർദനത്തേക്കാൾ പതിന്മടങ്ങു നീചവും നാശകരവുമാണെന്നു പറയേണ്ടിയിരിക്കുന്നു.
കക്ഷിയേർപ്പാടുകൊണ്ടു് (party system) ചിന്താലോകത്തിൽ നേരിടുന്ന കുഴപ്പങ്ങൾക്കു് ഇംഗ്ലണ്ടിലെ പാർലമെന്റു തന്നെ ഒന്നാംതരം ഉദാഹരണമാണു്. അവിടെ ഒരു തൊഴിലാളി കക്ഷിക്കു് (Labour) ഒരു ഉൽപതിഷ്ണു (liberal) വിനെപ്പോലെയോ യാഥാസ്ഥിതികനേ (Conservative) പ്പോലെയോ ചിന്തിക്കുവാൻ നിവൃത്തിയില്ല. അതുപോലെ ഒരു യഥാസ്ഥിതികനു കാര്യാലോചനയിൽ തൊഴിലാളിയുടെ ഛായ വന്നുപോയാൽ ‘പാർട്ടി’യിൽനിന്നു പുറത്തു പോകേണ്ടി വരും. വെഡ്ജ്വുഡ് ബെൻ തൊഴിലാളിലോകത്തെ സംബന്ധിച്ചു പുസ്തകങ്ങൾ എഴുതിയിട്ടുള്ള പണ്ഡിതനാണു്. അദ്ദേഹം ആ ഗ്രന്ഥങ്ങളിൽ അംഗീകരിച്ചിട്ടുള്ള തത്ത്വങ്ങളെ ഇന്ത്യാ സെക്രട്ടറി സ്ഥാനത്തുനിന്നുംകൊണ്ടു് അനാദരിക്കുവാൻ അദ്ദേഹംതന്നെ പ്രേരിതനായിപ്പോയി. പ്രധാനമന്ത്രിയാകുമ്പോൾ മാക്ഡോനാൾഡി നു തൊഴിലാളിനായകനെന്ന നിലയിൽ കാര്യങ്ങളെപ്പറ്റി വിചിന്തനം ചെയ്യുവാൻ സാധിക്കുന്നില്ല. ഈ വിഷമതകൾ കണ്ടിട്ടായിരിക്കാം ഒരു പണ്ഡിതൻ ആത്മവഞ്ചകന്മാർക്കു മാത്രമേ പാർലമെന്റ് മെമ്പറന്മാരായിരിക്കുവാൻ സാധിക്കുകയുള്ളുവെന്നു് അഭിപ്രായപ്പെട്ടിട്ടുള്ളതു്.
ഇങ്ങനെ പര്യാലോചന ചെയ്തുനോക്കുമ്പോൾ നമ്മുടെ ചിന്താസരണിയിൽ നിഷ്പക്ഷത, നിർബാധത എന്ന രണ്ടു ഗുണങ്ങൾ തികഞ്ഞുകാണുകയെന്നതു് എത്രയെത്ര വിഷമമാണെന്നു കാണാവുന്നതാണു്. ഇതിലേക്കു ഒരു ചിന്തകൻ അവന്റെ കുറവുകളെ ആത്മപരിശോധനമൂലം പരിഹരിക്കേണ്ടിയിരിക്കുന്നു. അത്യന്തം ദുഷ്കരമായ ഇസ്സംഗതിയിൽ വിജയം നേടുന്ന പണ്ഡിതന്മാരായ ചിന്തകന്മാരാണു് ലോകത്തിലെ യഥാർത്ഥ ജ്ഞാനദാതാക്കൾ. അവർ എന്നും എവിടെയും ആരാധനീയന്മാരാകുന്നു. അറിവിന്റെ ശുദ്ധസ്വരൂപം അവരുടെ ഗ്രന്ഥങ്ങളിലെ കാണുകയുള്ളു. വിശ്രുതതത്ത്വചിന്തകനായ ബർട്രാൻഡ് റസ്സൽ (Bertrand Russel) ഇത്തരത്തിൽപ്പെട്ട ഒരു സൂക്ഷ്മദർശിയത്രെ സ്വതന്ത്രമായ ചിന്ത ഏതുവിധത്തിലുള്ളതാണെന്നു് അറിയണമെങ്കിൽ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വായിച്ചാൽ മതിയാകും. വസ്തുസ്ഥിതികളെയും ജീവിതഗതികളെയും നിരൂപണം ചെയ്യുമ്പോൾ യാതൊരുവിധമായ ഗണനയും അദ്ദേഹത്തെ ബന്ധിക്കുന്നില്ല ചുരുക്കത്തിൽ ആ ഗ്രന്ഥങ്ങളിൽ പ്രതിഫലിക്കുന്ന ചിന്ത, വ്യക്തി, സമുദായം, മതം, രാജ്യം ഇവയുടെ നിഴൽപ്പാടുകൾ കൊണ്ടു കളങ്കിതമാകാതെ പ്രശാന്തഭാവം പൂണ്ടു സർവ്വോപരി സംശുദ്ധമായി അത്യന്ത സ്വതന്ത്രമായി ഉജ്ജ്വലമായ യുക്തിപ്രകാശത്തിൽ വിലസി വിളയാടുന്നു. അതുതന്നെയാണു് അനുകരണീയമായ മാതൃകാരീതി.
നവദർശനം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971