ഷേക്സ്പിയർ, കാളിദാസൻ തുടങ്ങിയ മഹാകവികളുടെ വിശിഷ്ടകൃതികൾ അവയുടെ ജന്മഭൂമികളിലെന്നപോലെ അന്യഭൂഭാഗങ്ങളിലും, അവയുണ്ടായ കാലത്തെന്നപോലെ ആധുനികകാലത്തും, കൊണ്ടാടപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ദേശകാലപരിധികളെ അതിക്രമിച്ചു മർത്ത്യസമുദായമധ്യത്തിൽ ശാശ്വതപ്രതിഷ്ഠ ലഭിക്കുന്ന കൃതികൾ അധികമുണ്ടാകാൻ വഴിയില്ല. ഉള്ളവയ്ക്കു് ആ നിലയിൽ ആരാധ്യമാകത്തക്കവണ്ണം സർവ്വത്ര പ്രചാരം സിദ്ധിച്ചതെങ്ങനെയെന്നു നോക്കുമ്പോളാണു് ഭാഷാന്തരീകരണമാർഗ്ഗത്തിന്റെ പ്രയോജനവും മഹിമയും മനസ്സിലാകുന്നതു്. ഒരു ഭാഷയിലെ ഉത്തമകൃതികൾ വിവർത്തനംവഴി അന്യഭാഷകളിലേക്കു പകർന്നെങ്കിൽ മാത്രമേ അവ എല്ലാവരുടെയും സ്വത്തായിത്തീരുകയുള്ളു. ഇങ്ങനെ പൊതുസ്വത്തായിത്തീരുന്നതിനു് അർഹതയുള്ള കൃതികൾ ഘടദീപങ്ങളെന്ന മട്ടിൽ ഓരോ സാഹിത്യത്തിലും ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. നമ്മുടെ സാഹിത്യത്തിൽ ഇത്തരം ഉത്തമകൃതികൾ എത്രയുണ്ടെന്നു പരിശോധിച്ചുനോക്കേണ്ടതാണു്. മറ്റുള്ളവരുടെ മുമ്പിൽ വിലപ്പോകുന്നവയായിട്ടൊന്നും മലയാളത്തിലില്ലെന്നു വിചാരിക്കുന്നതു മൗഢ്യമത്രേ. ഏതു ദേശത്തും ഏതു കാലത്തും പ്രശോഭിക്കുന്നതിനു പര്യാപ്തങ്ങളായ ചുരുക്കം ചില കൃതികൾ നമുക്കും സ്വന്തമായിട്ടുണ്ടെന്നു ചുഴിഞ്ഞു നോക്കിയാൽ കാണാം. അപ്രകാരമുള്ള കൃതികൾ തിരഞ്ഞെടുത്തു തർജ്ജമചെയ്തു വിശ്വസാഹിത്യവേദിയിൽ പ്രതിഷ്ഠിക്കുവാൻ യത്നിക്കേണ്ടതു മാതൃഭാഷാഭിമാനികളായ പണ്ഡിതന്മാരുടെ കടമയാകുന്നു. ഇങ്ങനെയൊരു ബോധത്താൽ പ്രേരിതനായിട്ടാണു്, തിരുവനന്തപുരം സംസ്കൃതകോളേജ് പ്രിൻസിപ്പാൾ ശ്രീമാൻ എൻ. ഗോപാലപിള്ളഎം. ഏ. ആശാന്റെ ചിന്താവിഷ്ടയായ സീത സംസ്കൃതഭാഷയിലേക്കു വിവർത്തനംചെയ്തിട്ടുള്ളതു്. മലയാളഭാഷയുടെ മാനം പുലർത്തുന്ന ഒരു സത്കർമ്മമായിട്ടു മലയാളികളേവരും ഇതിനെ മുക്തകണ്ഠം പ്രശംസിക്കുകതന്നെ ചെയ്യും.
ആശാന്റെ കൃതികളിൽ കാണുന്ന കാവ്യമഹിമ കേരളക്കരയ്ക്കുള്ളിൽ ഒതുങ്ങിക്കൂടി കിടന്നാൽപ്പോരാ. സഹൃദയലോകം മുഴുവൻ വ്യാപിക്കത്തക്ക വികാസ ശക്തി അതിനുണ്ടു്. മനുഷ്യർ എവിടേയും മനുഷ്യർതന്നെയാണു്. അവരുടെ ജീവിത കഥയാണല്ലോ ആശാന്റെ കൃതികളിൽ നിഴലിക്കുന്നതു്. ‘പ്രതിജനഭിന്നവിചിത്ര മാർഗ്ഗ’മായ മനുഷ്യജീവിതം ജാതിമതവർഗ്ഗഭേദങ്ങളെ കടന്നു കേവലം മനുഷ്യത്വത്തിന്റെ മഹനീയതയിൽ വിലയംകൊള്ളുന്ന ഒരു ചിത്രം—അതാണു് ആശാന്റെ തൂലിക വരച്ചുകാണിച്ചിട്ടുള്ളതു്. ലോകത്തിലെ ഏതൊരു സാഹിത്യത്തിനും ഭൂഷണമാകത്തക്ക കാന്തിയും മൂല്യവും ആ ചിത്രത്തിനുണ്ടെന്നു നിർമ്മത്സരന്മാർ സമ്മതിക്കും, ഈയൊരഭിപ്രായം പരിഭാഷകനിലും പ്രബലമായിട്ടുണ്ടെന്നു് അദ്ദേഹം ആശാന്റെ കൃതികളിലൊന്നു തർജ്ജമയ്ക്കു തെരഞ്ഞെടുത്തതിൽനിന്നുതന്നെ തെളിയുന്നുണ്ടു്. പ്രശംസനീയമായ ഔചിത്യബോധവും സാഹിത്യമർമ്മജ്ഞതയും ഇക്കാര്യത്തിൽ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നു. പ്രസ്തുത തർജ്ജമവഴിയായി പൗരസ്ത്യർക്കു മാത്രമല്ല, സംസ്കൃതഭാഷാജ്ഞാനമുള്ള പാശ്ചാത്യപണ്ഡിതന്മാർക്കും ആശാന്റെ കവിത ആസ്വദിക്കുവാൻ സാധിക്കും. മഹാകവികളും മഹത്തായ ഒരു സാഹിത്യവും കേരളത്തിനും ഉണ്ടെന്നു ലോകം അറിയണം എന്നു മി. പിള്ള മുഖവുരയിൽ പറയുന്നു. ദേശാഭിമാനോജ്ജ്വലവും മാതൃഭാഷാപ്രണയമസൃണവും ആയ ഉൽക്കൃഷ്ടവിചാരമാണിതു്. ഏതൊരു കേരളീയനെയാണു് അതു് അഭിമാനപുളകിതനാക്കാത്തതു് ! ഇത്ര വിശിഷ്ടമായ ഒരു ചോദനയാൽ ഉന്മിഷിതനായി ചെയ്ത ഈയൊരു സാഹിതീവ്യവസായംകൊണ്ടുതന്നെ പരിഭാഷകൻ കൈരളിയെ കടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. സംസ്കൃതത്തിൽനിന്നും കൈരളി ഇത്രനാളും ഇങ്ങോട്ടു കടം വാങ്ങുകയാണു ചെയ്തിട്ടുള്ളതു്. ഇപ്പോൾ ചിലതു് അങ്ങോട്ടും കൊടുക്കാനുണ്ടെന്നു വിളിച്ചുപറഞ്ഞതു മി. പിള്ളയുടെ ഈ പരിഭാഷയാണു്. ഇതിനുമുൻപു ചില മലയാളകൃതികളുടെ ഇംഗ്ലീഷുതർജ്ജമകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ‘ഗ്യാസു’പോയ ‘സോഡ’യ്ക്കുള്ള തുല്യം വിരസങ്ങളും വിഫലങ്ങളുമായിത്തീർന്നതേയുള്ളൂ. ‘സീത’യുടെ ഈ സംസ്കൃത തർജ്ജമയ്ക്കു് അത്തരത്തിലുള്ള ഒരു ഭാവിയല്ല ഉള്ളതെന്നു് ഇതു വായിച്ചുനോക്കുമ്പോൾത്തന്നെ സഹൃദയന്മാർക്കു മനസ്സിലാകുന്നതാണു്.
സംസ്കൃതഭാഷയിലേക്കു തർജ്ജമചെയ്യുന്നതിനു് ഏറ്റവും പറ്റിയ ഒരു കൃതിയാണു് ‘ചിന്താവിഷ്ടയായ സീത.’ വൃത്തം, ഇതിവൃത്തം, രീതി മുതലായവകൊണ്ടു സംസ്കൃതസാഹിത്യമാർഗ്ഗത്തോടു് അതു് ഏറ്റവും അടുത്തുനില്ക്കുന്നു. അതുകൊണ്ടു ദ്രാവിഡഗാനരീതിയിലുള്ള ഇതരകൃതികളെ അപേക്ഷിച്ചു് ഇതിന്റെ തർജ്ജമയ്ക്കു് അല്പം എളുപ്പമുണ്ടെന്നു പറയാം. എന്നാലും ഭാവഗംഭീരവും ചിന്താദന്തുരിതവും ആയ ഈ കാവ്യത്തിൽ കൈവെയ്ക്കണമെങ്കിൽ അതിന്നനുസരണമായ ശക്തിയും നിപുണതയും അഭ്യാസവും പരിഭാഷകനുണ്ടായിരിക്കണം. കവിക്കുവേണ്ട ഈ ഗുണങ്ങളെല്ലാം മി. പിള്ളയിൽ ഒത്തിണങ്ങി പ്രവർത്തിച്ചിട്ടുണ്ടെന്നുള്ളതിനു് ഇതിലെ ഓരോ ശ്ലോകവും ഉദാഹരണമാകുന്നു. പരിഭാഷ തികച്ചും വിജയശ്രീലാളിതമായിട്ടുണ്ടെന്നു പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാകുന്നതല്ല. ആശാന്റെ പദപ്രയോഗങ്ങൾ കഴിയുന്നിടത്തോളം വിട്ടുകളയാതെ പരിഭാഷയിലും അദ്ദേഹം ഇണക്കിച്ചേർത്തിരിക്കുന്നു. അതിലാണു് അദ്ദേഹത്തിന്റെ അസാധാരണപാടവം! ചില ശ്ലോകങ്ങൾ വായിക്കുമ്പോൾ തർജ്ജമയല്ല, മൂലംതന്നെയാണോ എന്നുകൂടി സംശയിച്ചേക്കാം. അത്രത്തോളം ഒരു പദപ്രയോഗംകൊണ്ടുള്ള ഇണക്കവും അടുപ്പവും രണ്ടിനും തമ്മിൽ കാണുന്നു. ഇപ്രകാരം തർജ്ജമ ചെയ്തൊപ്പിക്കുക എന്നതു് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങൾ നോക്കുക:
തരുപക്ഷിമൃഗങ്ങളോടുമി-
ന്നരരോടും സുരരോടുമെന്നുമേ
ഒരുമട്ടിവരുള്ളിലേന്തുമേ-
സ്സരളസ്നേഹരസം നിനപ്പു ഞാൻ.
(64)
എന്ന മൂലം,
തരുപക്ഷിമൃഗേഷു മാനുഷേ-
ഷ്വപി ദേവേഷു സമം സദൈവതാഃ
ഹൃദയേ കലയന്തി യം തു തം
സരളസ്നേഹസം സ്മരാമ്യഹം
എന്ന തർജ്ജമയോടു് എത്ര അടുത്തുവന്നിരിക്കുന്നു! അതുപോലെ,
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിയാൽ ജീവിതഭൂ നനച്ചിവർ
ചിതമായരുളുന്നു ചേതനാ-
ലതയിൽ പുഷ്പഫലങ്ങളാർക്കുമേ
എന്ന മൂലം വായിച്ച ഉടനെ,
ഇതിഹാസപുരാണസൽക്കഥാ-
സ്രുതിമാസിച്യ സുജീവിതാവനൗ
വിതരന്തി ചിതം തു ചേതനാ-
ലതികായാം കുസുമം ഫലം ച താഃ
എന്ന തർജ്ജമ വായിക്കുമ്പോൾ മലയാളവും സംസ്കൃതവും തമ്മിൽ ഇത്രത്തോളം അടുക്കുമോ എന്നു വായനക്കാർ അത്ഭുതപ്പെട്ടേക്കാം. ഇങ്ങനെ മൂലകവിയുടെ പദപ്രയോഗങ്ങളെ അതേപടി കഴിയുന്നിടത്തോളം സ്വീകരിക്കുകയെന്ന നയംകൊണ്ടാണു് ഈ തർജ്ജമ ഇത്രയധികം നന്നായതു്.
കവിതാസ്വാരസ്യത്തിൽ തർജ്ജമ മൂലത്തെക്കാൾ ഒരുപടി താഴെ നില്ക്കുകയേയുള്ളു. സാധാരണമായി അങ്ങനെയാണല്ലോ കാണുന്നതു്. എന്നാൽ ഇക്കാര്യത്തിലും പ്രസ്തുത കൃതി വ്യത്യസ്തമായിരിക്കുന്നു. മൂലകൃതിയിലെ കാവ്യഗുണങ്ങളെല്ലാം തന്നെ തർജ്ജമയിലും സമൃദ്ധമായി കളിയാടുന്നുണ്ടു്. ചുരുക്കത്തിൽ ആശാന്റെ ‘സീത’ വായിക്കുമ്പോൾ ഒരു സഹൃദയനുണ്ടാകുന്ന സുഖം മുഴുവനും തർജ്ജമ വായിക്കുമ്പോഴും ലഭിക്കുന്നതാണു്. അതുമാത്രമോ? ചില ഘട്ടങ്ങളിൽ തർജ്ജമ മൂലത്തെ അതിശയിക്കുന്നു എന്നു വന്നാലോ! ഇതിൽ കൂടുതലായൊരു വിജയം ഒരു പരിഭാഷകനു ലഭിക്കേണ്ടതുണ്ടോ? ഭാഷാവിഷയകമായ ചില ചില്ലറ ‘പന്തികേടുകൾ’ ആശാന്റെ കൃതികളിൽ അങ്ങിങ്ങായി കാണുന്നുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. ‘ഭാഷയതപൂർണ്ണം’, വന്നുപോം പിഴയുമർത്ഥശങ്കയാൽ’ എന്നൊക്കെ ആശാൻതന്നെ സൂചിപ്പിച്ചിട്ടുമുണ്ടു്. ചിന്താവിഷ്ടയായ സീതയിലും ഇതിലേക്കു ചില ഉദാഹരണങ്ങൾ കണ്ടേക്കാം. എന്നാൽ ഈവക ദോഷങ്ങൾ തർജ്ജമയെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ലെന്നുള്ളതു് ഒരു പ്രത്യേക മേന്മയാകുന്നു. ഭാഷ മാറിയതുകൊണ്ടും ആ ഭാഷയിൽ പരിഭാഷകനുള്ള അസാമാന്യവൈഭവംകൊണ്ടും ഉണ്ടായിട്ടുള്ള ഒരു മെച്ചമാണിതു്.
ഒഴിയാതെയതല്ലി ജീവി പോം
വഴിയെല്ലാം വിഷമങ്ങളാവതും
അഴലും സുഖവും സ്ഫുരിപ്പതും
നിഴലും ദീപവുമെന്നപോലവേ
എന്ന പദ്യത്തിൽ അഴലും സുഖവും നിഴലും ദീപവും എന്ന ദ്വന്ദപ്രതിപാദനക്രമമനുസരിച്ചു ജീവി പോംവഴി വിഷമവും സമവും ആകേണ്ടതാണു്. കവിയുടെ ആശയവും അതാണല്ലോ. എന്നാൽ സമപദം ആശാൻ വിട്ടുകളഞ്ഞിരിക്കുന്നു. വഴിയെല്ലാം വിഷമം മാത്രമായിപ്പോയി. തർജ്ജമയിൽ ഈ കുറവു പരിഹരിച്ചിരിക്കുന്നതു നോക്കുക:
തത ഏവ നിരന്തരം സമാ
സരണിഃ സ്യാദ് വിഷമവേ ജീവിനഃ
സ്ഫുരതഃ സുഖദുഃഖകേ ഉഭേ
ഖലു തേജസ്തമസീ യഥാ മുഹുഃ
ഇതിലെ സരണി വിഷമമെന്നപോലെ സമവുംകൂടി ആയതു പരിഭാഷകന്റെ സ്തുത്യയർഹമായ നിഷ്കർഷകൊണ്ടാണല്ലോ. ഇരുപത്തൊൻപതാമത്തെ പദ്യത്തിന്റെ ഉത്തരാർദ്ധമായ,
അതുതാനിളകാത്തതാം മഹാ-
മതിമത്തുക്കളിവറ്റ രണ്ടിലും
എന്നതിലെ ‘അതുതാൻ’ എന്നതിനു് അതുകൊണ്ടു് എന്നർത്ഥം കിട്ടുമോ?
‘അത ഏവ ന വിഭ്രമന്തി തേ’
എന്ന തർജ്ജമയിൽ ഈ ക്ലിഷ്ടത തീർത്തു കൂടുതൽ അർത്ഥവ്യക്തി വരുത്തിയിട്ടുണ്ടു്. അതുപോലെ,
ഋതുവിൽ സ്വയമുല്ലസിച്ചുടൻ
പുതുവർഷം കലരുന്ന വല്ലിപോൽ
(44)
എന്ന ഭാഗം,
ശിശിരോപഗതേ നവോദിതാ
ലതികായാമിവ സുനമഞ്ജരീ
എന്ന തർജ്ജമകൊണ്ടു കുറേക്കൂടി ഭംഗിയാക്കിയിരിക്കുന്നു.
തർജ്ജമയുടെ നന്മ കാണിപ്പാൻ ഇനിയും ധാരാളം ഉദാഹരണങ്ങളുണ്ടെങ്കിലും വിസ്തരഭയത്താൽ അതിലേക്കു തുനിയുന്നില്ല. ഇത്രത്തോളം പ്രശംസാർഹമായ ഈ കൃതിയിൽ ന്യൂനതകളൊന്നുമില്ലയോ എന്നു ദോഷദർശനകുതുകികൾ ചോദിച്ചേക്കാം. അവർക്കുവേണ്ടി ചിലതു ചൂണ്ടിക്കാണിക്കാമെന്നേ ഉള്ളു.
കടുവാക്കുകൾ കേട്ടു കാനനം
നടുവേയെന്നെ വെടിഞ്ഞു മുമ്പു നീ
വെടിവാൻ തരമായ് മറിച്ചുമേ
കുടിലം കർമ്മവിപാകമോർക്കുകിൽ.
(48)
വിവക്ഷിതം വ്യക്തമാകാത്തതുകൊണ്ടു് ആശയം മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു പദ്യമാണിതു്. ‘പണ്ടു പഞ്ചവടിയിൽവെച്ചു ലക്ഷ്മണൻ സീതയെ വിട്ടുപിരിഞ്ഞുപോയതു് അവൾ അദ്ദേഹത്തിൽ ചുമത്തിയ അപവാദം കേട്ടുംകൊണ്ടാണു്. ഇപ്പോൾ മറിച്ചു സീതയിൽ നാട്ടുകാർ ചുമത്തിയ അപവാദം കേട്ടു് അവളെ ഉപേക്ഷിക്കേണ്ടി വന്നു. നിർദ്ദോഷിയിൽ അപരാധം ആരോപിച്ചാൽ അതു തിരിച്ചടിക്കുമെന്നു സാരം.’ ടിപ്പണിപ്രകാരവും ഇതാണു പ്രസ്തുത ശ്ലോകത്തിന്റെ ആശയം. ഇതു വേണ്ടിടത്തോളം വ്യക്തമായിട്ടില്ലെന്നേ ഉള്ളു. രണ്ടു ഘട്ടത്തിലും പരിത്യക്തയായതു സീതയാണു്. ‘മറിച്ചു്’ എന്ന പ്രയോഗം അപവാദത്തിന്റെ മറിച്ചിലിനെയാണു കാണിക്കുന്നതു്. പക്ഷേ, പരിഭാഷകൻ ഈ ആശയം കുറെ തെറ്റിദ്ധരിച്ചതായി തോന്നുന്നു.
അജഹാന്തു് ഗഹനാന്തരേ പുരാ
കടുവാചോ നിശമയ്യ്യ മാം ഭവാൻ
അജഹാം തു ഭവന്തമപ്യഹം
കുടിലാ കർമ്മവിപാകപദ്ധതിഃ
എന്ന തർജ്ജമയിൽ ലക്ഷ്മണൻ ആദ്യം സീതയെ ഉപേക്ഷിച്ചു. ഇപ്പോൾ മറിച്ചു സീത ലക്ഷ്മണനെ ഉപേക്ഷിച്ചിരിക്കുന്നു എന്നാണല്ലോ വരുന്നതു്. രണ്ടാമത്തെ ഉപേക്ഷിക്കൽ ഒരുവിധത്തിൽ യോജിക്കുകയുമില്ല. സീത ആരേയും ത്യജിച്ചില്ലല്ലോ. ‘മറിച്ചു്’ എന്ന മൂലപദത്തിൽ അടക്കംചെയ്തിരിക്കുന്ന ആശയം മിക്കവാറും തിരോഭൂതമാ കയും ചെയ്തു.
പുരികം പുഴുപോൽ പിടഞ്ഞകം
ഞെരിയും തൻതല താങ്ങി കൈകളാൽ
(45)
ഇതിലെ ‘അകം ഞെരിയും’ എന്ന അർത്ഥശക്തിയുള്ള ഭാഗത്തിനു സമാനമായി തർജ്ജമയിൽ ‘സവ്യഥം’ എന്നൊരു ദുർബ്ബലപ്രയോഗം മാത്രമേ കാണുന്നുള്ളു. ഇങ്ങനെ അവിടവിടെ കാണുന്ന ചില പോരായ്മകൾ തർജ്ജമയുടെ ഗുണപൗഷ്കല്യത്തിൽ താണുപോകത്തക്കവണ്ണം നിസ്സാരങ്ങളായി ഗണിക്കേണ്ടവയത്രേ. സംസ്കൃതഭാഷയിൽ ഇത്രത്തോളം കവനവൈദഗ്ദ്ധ്യം സമ്പാദിച്ചിരിക്കുന്ന മി. പിള്ളയിൽനിന്നു് ഇനിയും ഇതുപോലുള്ള കൃതികൾ പുറപ്പെട്ടു കേരളീയ കാവ്യകലയുടെ വിജയക്കൊടികളായി പരിലസിക്കട്ടെയെന്നാശംസിച്ചുകൊള്ളുന്നു.
(നിരീക്ഷണം)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971