സാംസാരികനായ മനുഷ്യന്റെ ജീവിതദുഃഖങ്ങൾക്കു് അടിസ്ഥാനം അജ്ഞാനമാകുന്നു. മറവിൽ കിടന്നതിനെ നേരിട്ടറിയുന്നതിനുള്ള ഒരു വാസന എല്ലാ ജീവികളിലും ജന്മസിദ്ധമായിക്കാണുന്നുണ്ടു്. സുഖവും സന്തോഷവും തരുന്ന വസ്തു അജ്ഞാതമായിരിക്കുമ്പോൾ ജ്ഞാനതൃഷ്ണ ഉൽക്കടമായിത്തീരുന്നു. അതിന്റെ തിളപ്പിൽ മനസ്സിനു് അസ്വസ്ഥത വർദ്ധിക്കുമ്പോഴാണു വിശ്രമസ്ഥാനം വിദൂരമായിപ്പോകുന്നതു്. ദാഹിച്ചുവലയുന്ന ഒരുവനു വെള്ളം കുടിക്കുന്നതുവരെ സുഖവും തൃപ്തിയും ഉണ്ടാകുന്നതല്ലല്ലോ. മനുഷ്യനു് അറിവാനും ആസ്വദിക്കുവാനും തോന്നുന്നവയിൽവച്ചു് ഏറ്റവും പ്രധാനമായി ലൗകികജീവിതത്തിൽ കാണുന്ന ഒന്നാണു് സൗന്ദര്യം. അറിയേണ്ടതെല്ലാം അറിഞ്ഞുകഴിയുമ്പോൾ മാത്രമേ അറിയാനുള്ള ആശയ്ക്കു് ആത്യന്തികനാശം ഉണ്ടാകയുള്ളൂ. അതുവരെ ദാഹവും മോഹവും പെരുകിക്കൊണ്ടിരിക്കും. ഒരു പശു അതിന്റെ കിടാവിനെ കാണാഞ്ഞു വെമ്പിപ്പാഞ്ഞു നോക്കുന്നതും, ഒരു കുട്ടി അമ്പിളിയമ്മാവനെ പിടിപ്പാൻ കൈനീട്ടുന്നതും പൂർവ്വോക്തവാസനയുടെ ഒരു സ്ഥൂലവിജൃംഭണം മാത്രമാണു്. സൂക്ഷ്മം അതിസ്ഥൂലമാകുമ്പോൾ രണ്ടും അന്തഭിന്നമാണെന്നു തോന്നത്തക്കവിധം വേഷം മാറിയേക്കാം. മണ്ണിനുള്ളിൽ മറഞ്ഞുകിടക്കുന്ന ബീജം വളർച്ചയ്ക്കാവശ്യമായ വെളിച്ചത്തിനും വായുവിനുംവേണ്ടി മേലോട്ടു മുളച്ചു പൊങ്ങുന്നതുപോലെ പ്രകൃതിയുടെ ആവരണത്താൽ ആച്ഛാദിതനായിരിക്കുന്ന മനുഷ്യൻ അറിയാത്തതു് അറിവാനും അതുവഴി ആനന്ദമടയാനുംവേണ്ടി മൂടുപടം മാറ്റി മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുന്നു. എവിടെ എന്തിനുവേണ്ടി അന്വേഷണം നടത്തുന്നു എന്നു ജീവിതാരംഭത്തിൽ നാം അറിയുന്നില്ലെന്നേയുള്ളു. ജ്ഞേയവസ്തു ബോധതലത്തിൽ പ്രകാശിക്കണമെന്നുള്ള ആന്തരമായ ഒരു ആശയോടു ബന്ധിച്ചു് ഏതോ ഒരു വാസനാബലം ജീവിതയന്ത്രത്തെ ചലിപ്പിക്കുകയാണു ചെയ്യുന്നതു്.

ജ്ഞാനതൃഷ്ണ ജന്മസിദ്ധമാണെന്നും, അതിന്റെ ശാന്തിക്കായി ഏതോ ഒരു ആകർഷണശക്തി മനുഷ്യനിൽ പ്രവർത്തിക്കുന്നുണ്ടെന്നും വെളിവായിക്കഴിഞ്ഞു. ജീവിതത്തിന്റെ വളർച്ചയ്ക്കു വളം കൊടുക്കുന്ന ഈ ശക്തി യാതൊന്നിൽനിന്നു് ഉത്ഭവിക്കുന്നുവോ അതാണു സൌന്ദര്യം. ചക്ഷുരാദി ജ്ഞാനേന്ദ്രിയങ്ങൾ ദർശനാദി വിഷയങ്ങൾക്കായി വ്യാപാരിക്കുന്നതു സൗന്ദര്യത്തിന്റെ ഉത്തേജനം മൂലമാകുന്നു. ജ്ഞാനേന്ദ്രിയങ്ങളുടെ സമ്മേളനകേന്ദ്രമാണല്ലോ ഹൃദയം അഥവാ മനസ്സു്. ഇന്ദ്രിയാർത്ഥ സംയോഗമുണ്ടായാലും മനസ്സു് ഉണർന്നിട്ടില്ലെങ്കിൽ പദാർത്ഥബോധം ജനിക്കുന്നതല്ല. മനസ്സിനെ വൃത്തുന്മുഖമാക്കി ഉണർത്തുന്നതു് അവിടെ പ്രവർത്തിക്കുന്ന സൗന്ദര്യശക്തിയാകുന്നു.
മേൽവിവരിച്ച തത്വങ്ങളെ അടിസ്ഥാനമാക്കി സൗന്ദര്യമെന്നാൽ എന്തെന്നു് ഒന്നുകൂടി ചുഴിഞ്ഞുനോക്കാം. ആനന്ദമാണു് സൗന്ദര്യത്തിൽനിന്നു് സമുദ്ഗളിക്കുന്നതെന്നുള്ളതിനു് അനുഭവം സാക്ഷിയായിരിക്കുന്നു. ഏതെങ്കിലും രീതിയിൽ തേജസ്ഫുരണത്തോടു് അഭിമുഖമായി വരുമ്പോൾ ഒരു നിർവൃതിവിശേഷം നമ്മെ തലോടി മനം കുളിർപ്പിക്കുന്നതു സാധാരണയാണു്. ആനന്ദം ചൈതന്യത്തിന്റെ ധർമ്മമാകുന്നു, ചൈതന്യത്തിന്റെ പ്രകാശമില്ലാത്തിടത്തു് ഒരിക്കലും ആനന്ദം സംജാതമാകുന്നതല്ല. അതുകൊണ്ടു് സൗന്ദര്യം ആനന്ദജനകമാകണമെന്നുവരണമെങ്കിൽ അതു ചൈതന്യസംബന്ധിയായിരിക്കണമെന്നു സിദ്ധിക്കുന്നു. സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ചൈതന്യസ്ഫുരണംതന്നെയാണു് സൗന്ദര്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നു മനസ്സിലാകും. ജ്ഞാനതൃഷ്ണയെ ശമിപ്പിക്കുന്നതിനു് സൗന്ദര്യശക്തി പ്രേരകമായിനില്ക്കുന്നുണ്ടെന്നു മുൻ സൂചിപ്പിച്ചതും ഈ അർത്ഥത്തിലാണു്. ചൈതന്യവിശേഷങ്ങളായ സാത്വികത്വവും പ്രകാശകത്വവും സൗന്ദര്യത്തിലും കാണുന്നുണ്ടു്. ഇങ്ങനെ ചിന്തിച്ചുനോക്കിയാൽ സൗന്ദര്യമെന്നതു് ചൈതന്യത്തിൽ നിന്നന്യമല്ലെന്നും, അതു് വിശ്വഗർഭത്തിൽ വിളങ്ങിക്കൊണ്ടിരിക്കുന്ന പരമാത്മാവിന്റെ തേജോവിശേഷംതന്നെയാണെന്നും കാണാവുന്നതാണു്. “സത്യംതന്നെ സൗന്ദര്യം, സൗന്ദര്യം തന്നെ സത്യം’ (Beauty is truth,truth is beauty) എന്ന സുപ്രസിദ്ധമായ ആംഗ്ലേയകവിവാക്യവും ഈ അർത്ഥംതന്നെ കുറിക്കുന്നുണ്ടു്. ആത്മീയവിചാരത്തിൽ അർത്ഥദേദമില്ലാതെ കാണുന്ന സത്യം, ജ്ഞാനം, ആത്മാവു് ഇവയ്ക്കു് ഭൗതികദൃഷ്ട്യാ ഉണ്ടാകുന്ന പരിണാമമാണു് സൗന്ദര്യം. അതു് നിത്യശുദ്ധവും കേവലശാന്തവും ആകുന്നു. സത്യസ്വരൂപമായ ചൈതന്യം ദേശകാലനിമിത്തങ്ങളാകുന്ന (Space, Time and Causation) ഉപാധികളിൽക്കൂടി പ്രതിഫലിക്കുമ്പോൾ നമുക്കു സൗന്ദര്യമായി തോന്നുകയാണു്.

പ്രപഞ്ചത്തിന്റെ ഉല്പത്തിസ്ഥിതിലയങ്ങൾ ആനന്ദത്തിലാണെന്നു് ഉപനിഷത്തുകൾ ഉദ്ഘോഷിക്കുന്നുണ്ടു്. സൗന്ദര്യശക്തി ഹൃദയതലത്തിൽ പ്രവർത്തിക്കുമ്പോളാണല്ലോ ആനന്ദമുണ്ടാകുന്നതു്. അപ്പോൾ ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ അഖണ്ഡമായ ഒരു സൗന്ദര്യസമുച്ചയത്തിന്റെ സന്താനമാണെന്നു സിദ്ധിക്കുന്നു. പ്രകൃതിയെന്നു പറയുന്നതു് സൗന്ദര്യദേവതയുടെ ഒരു ‘പുഞ്ചിരിപ്പൂനിലാവു’ മാത്രമാണു്. സൂക്ഷ്മദൃക്കുകൾക്കു് സുന്ദരമായി തോന്നാത്ത ഒരംശവും പ്രകൃതിയിൽ കാണുന്നില്ല. പർവ്വതം മുതൽ പരമാണുവരെയുള്ള സമസ്തവസ്തുക്കളും അനന്തശാന്തവും മനോഭിരാമവും ആയ ഒരു ദിവ്യസൗന്ദര്യത്തിന്റെ മാഹാത്മ്യത്തെ മൗനഭാഷയിൽ ഉദീരണം ചെയ്യുന്നവയാണു്. ജീവജാലങ്ങൾക്കു് ജീവൻകൊടുക്കുന്ന ഭർഗ്ഗോനിധിയായ ഭാസ്ക്കരഭഗവാനും, നിശാനാരിയുടെ കൈത്തിരിയായി പാറിപ്പറക്കുന്ന മിന്നാമിനുങ്ങും ആ മനോഹരകാന്തികന്ദളത്തിന്റെ മോഹനവാഹനങ്ങളെന്ന നിലയിൽ സമത്വം നേടിയവരത്രെ. ഇവിടെ ഒരു ചോദ്യത്തിനു് അവകാശം കാണുന്നു. സർവ്വവും സുന്ദരമാണെങ്കിൽ ചില വസ്തുക്കൾ അസുന്ദരങ്ങളായിത്തോന്നുന്നതെന്തുകൊണ്ടു് അതു നോട്ടത്തിന്റെ നിലഭേദംകൊണ്ടാണെന്നു സമാധാനിക്കാം. നിരീക്ഷണസ്ഥാന (Point of View) ത്തെ ആശ്രയിച്ചാണല്ലോ സൗന്ദര്യത്തിന്റെ അഭിവ്യക്തി സ്ഥിതിചെയ്യുന്നതു്. ഒരാൾക്കു് കമനീയമായതു് മറ്റൊരാൾക്കു് വിരൂപമായി വെളിപ്പെടാം. ഇവിടെ മനഃസ്ഥിതി മാറുന്നതല്ലാതെ വസ്തുവിനു വ്യത്യാസം വരുന്നില്ല. വാസ്തവത്തിൽ വൈരൂപ്യം എന്നൊന്നു് ഈ ലോകത്തിൽ ഇല്ലെന്നുതന്നെ വാദിക്കാം. അതു് അഗാധമായ സൗന്ദര്യബോധത്തിന്റെ അഭാവത്തിൽ മനസ്സിനുണ്ടാകുന്ന ആപേക്ഷികമായ ഭാവഭേദം (Relative change of View) മാത്രമാണു്. അതിന്റെ ആപേക്ഷികത്വം (Relativity) തന്നെ അതിനു സ്ഥിരമായി ഒരു സത്തയില്ലെന്നു തെളിയിക്കുന്നു. മയിലിന്റെ സാമീപ്യത്തിൽ കോഴിക്കു കോമളത കുറഞ്ഞും കാക്കയോടടുക്കുമ്പോൾ കൂടിയും കണ്ടേക്കാം. വിരൂപനായ കാക്ക മൂങ്ങയെക്കാണുമ്പോൾ സുരൂപനായും തീരുന്നുണ്ടു്. ഇങ്ങനെ പുറമെ പൊന്തിനില്ക്കുന്ന ഭംഗിയും വൈരുപ്യവും കേവലം ദർശനമാത്രവ്യഭിചാരികളാണു്. ഇവയുടെയെല്ലാം ഉള്ളിൽ അവ്യഭിചരിത യഥാർത്ഥമായ ഒരു അവ്യാജമനോഹരത്വം വിലോഭനീയവിലാസത്തോടെ വിളയാടുന്നുണ്ടു്. അതാണു് ആത്മപ്രകാശമായ സാക്ഷാൽ സൗന്ദര്യം. സൂര്യരശ്മി സ്ഫടികത്തിൽത്തട്ടി സപ്തവർണ്ണങ്ങളായി തിരിയുന്നതു പോലെ ഇതും ബാഹ്യമായ സ്ഫുടീകരണത്തിൽ ബഹുവിധ സുഷമാവിശേഷങ്ങളായി പരിണമിക്കുന്നു. അന്തർലീനമായ ആ കാന്തിപ്രവാഹത്തിൽക്കൂടെ നോക്കിയാൽ ഇരുമ്പും, തുരുമ്പും, പൊൻപുവും, പൊട്ടപ്പുല്ലും, തണ്ടാർവളയും, ചണ്ടിവയ്ക്കോലും, മദകരിയും, മക്കുണവും, നരനും, വാനരനും എല്ലാം ഓരോ രീതിയിൽ അഭംഗുരഭംഗിയുടെ അകൃത്രിമാംഗങ്ങളായി കണ്ണിനു കൗതുകം ജനിപ്പിക്കും. പക്ഷേ, മനോനൈർമ്മല്യവും പ്രതിഭാപ്രസാദവും ഇല്ലാതെ ഇരുട്ടടഞ്ഞ ജീവിതത്തിൽ ഈദൃശാവലോകനം അസാധ്യംതന്നെ. സമഷ്ടിയായ സൗന്ദര്യത്തിന്റെ വൃഷ്ടിഗതമായ പ്രകാശനത്തിൽ ആധാരഭേദമനുസരിച്ചു് ന്യൂനാധികഭേദം വരുന്നതാണു്. അസുന്ദരത്വം അഥവാ വൈരൂപ്യം ദർശനവിഷയമാകുന്നതിനു് ഈ വ്യത്യാസവും കാരണമായിത്തീരുന്നുണ്ടു്.

സൗന്ദര്യത്തെ അതിന്റെ അലൗകികഭാവത്തിൽ സർവ്വവ്യാപിയായി ദർശിക്കുന്നതിനു് ജീവിതശുദ്ധി അത്യാവശ്യമാകുന്നു. ഭൂതദയാദി ഗുണഗണങ്ങൾ നിറഞ്ഞു് ഹൃദയം വിശുദ്ധവും വിശാലവും സാത്വികവും ആയെങ്കിൽ മാത്രമേ സർവ്വാനുസ്യൂതമായ സൗന്ദര്യവിലാസത്തിൽ സ്വയമേവ സമാകൃഷ്ടമാകയുള്ളൂ. സംസാരക്കറപറ്റി രജസ്തമസ്സുകളുടെ ആക്രമണത്താൽ ക്ഷുബ്ധചിത്തനും നഷ്ടപ്രജ്ഞനും ആയ മനുഷ്യനു് എപ്പോഴും എവിടെയും സൗന്ദര്യമണ്ഡലം അതിദൂരവർത്തിയായിരിക്കും. സാധാരണന്മാർക്കു് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന നീചരൂപഭാവാദികളിൽക്കൂടി വൈദവികമായ രാമണീയകം കണ്ടാനന്ദിക്കുവാൻ സാധിക്കുന്നവർ ആത്മസാക്ഷാത്ക്കാരം സിദ്ധിച്ച പുണ്യപുരുഷന്മാരാണു്.

സൗന്ദര്യബോധമുള്ളവനു ജീവിതം ആമൂലാഗ്രം ആനന്ദമയമാണെന്നു് അനുഭവിച്ചറിയാൻ കഴിയും. മനുഷ്യജീവിതം സൗന്ദര്യത്തിന്റെ ഒരു ചിത്രീകരണമാണു്. ലോകൈകശില്പി അലോകസാമാന്യമായ ലേഖനചാതുരിയോടെ അവ്യക്തമായ ഒരു സൗന്ദര്യഭിത്തിയിൽ ജീവിതചിത്രം വരച്ചിരിക്കുന്നു. ദുഃഖത്തിന്റെ നീണ്ട നിഴൽകൊണ്ടു് അതിന്റെ ശരിയായ വർണ്ണഭംഗി നാം അറിയുന്നില്ലെന്നേയുള്ളു. ഹൃദയത്തട്ടിൽ സൗന്ദര്യസ്നേഹം നിറഞ്ഞു് ബോധദീപം ജ്വലിക്കുമ്പോൾ നിഴൽ മാഞ്ഞു് നിറം തെളിഞ്ഞു് ചിത്രത്തിന്റെ കമനീയത പൂർണ്ണമായി പ്രകാശിക്കും. ജീവിതം തൊട്ടാൽ പൊള്ളുന്ന എരിതീക്കനലല്ലെന്നും അതു് കലാനാഥലീലാരംഗമായ ഒരു ആനന്ദോദ്യാനമാണെന്നും ആദ്യമായി മനുഷ്യനെ ബോധിപ്പിക്കുന്നതു് അവന്റെ ഹൃദയമാകുന്നു. ശോകമോഹങ്ങളുടെ അടിയിൽ കിടക്കുന്ന നിത്യവും നിരുപമവും ആയ ഈ സുഖസ്ഥാനത്തെ ഹൃദയം സൗന്ദര്യതേജസ്സിൽക്കൂടിയാണു് കണ്ടെത്തുന്നതു്. മനുഷ്യനിൽ ഹൃദയത്തിനോളം പ്രാധാന്യമുള്ള മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല. അതു മനുഷ്യത്വത്തിന്റെ അധഃപതനത്തിനും ഉന്നമനത്തിനും കാരണമായി നിലകൊള്ളുന്നു. ജീവിതതരുവിന്റെ മൂലവേരുകളായ വികാരങ്ങളുടെ വിളനിലമാണു് ഹൃദയം. സൗന്ദര്യം അവയുടെ അങ്കുരങ്ങൾക്കു് ജീവൻകൊടുത്തു് ജീവിതപ്രവാഹത്തെ ശക്തവും ശുദ്ധവും ആക്കുന്നു. ശിശുപ്രായത്തിൽ മനുഷ്യന്റെ സ്ഥിതി വികാരദശയിൽ മാത്രമാണു്. അതിനുശേഷമേ അവൻ വിചാരലോകത്തിലേക്കു കടക്കുന്നുള്ളൂ. ഒരു ശിശു ആദ്യഘട്ടത്തിൽ ചിരിയും കരച്ചിലുംകൊണ്ടു് കഴിഞ്ഞുകൂടുന്നതല്ലാതെ ചിന്താശീലനായി കാണപ്പെടുന്നില്ല. വിചാരങ്ങൾ പുറപ്പെടുന്നതിനു് നമ്മിൽ പ്രബലമായി പ്രവർത്തിക്കുന്നതു വികാരങ്ങളാകുന്നു. വിവിധ വികാരങ്ങളുടെ ഒരു ആകെത്തുകയാണു് ജീവിതം. അതു കൊണ്ടത്രേ തദുൽപ്പത്തിസ്ഥാനമായ ഹൃദയം മനുഷ്യന്റെ മഹത്വത്തിനു് മാനദണ്ഡമായിത്തീർന്നിരിക്കുന്നതു്. ആലോചനാകുശലമായ ധിഷണാബലംകൊണ്ടുതന്നെ ഒരാൾക്കു മഹത്ത്വം നേടാൻ കഴിയുകയില്ല. ശൂന്യഹൃദയനായ ഒരു തത്വചിന്തകൻ ചക്രങ്ങളുടെ സഹായത്താൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രം മാത്രമാണു്. ഹൃദയമില്ലാത്തവൻ സൌന്ദര്യമറിയുന്നില്ല. സന്ദര്യമറിയാത്തവൻ ദൈവത്തെ അറിയുന്നില്ല. അവൻ ഭയങ്കരമായ ശൂന്യതയും നിശ്ശബ്ദതയും നിറഞ്ഞ അന്ധകാരത്തിൽ തളർന്നുവീഴുന്നു. ശുഷ്കമായ മസ്തിഷ്കത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുന്ന രൂപ-അണ-പൈസയുടെ കിലുകിലാരവം മാത്രമേ അവൻ കേൾക്കുന്നുള്ളൂ. അവനെസ്സംബന്ധിച്ചിടത്തോളം ഈ ലോകം നീരെടുത്ത കരിമ്പിൻകോച്ച പോലെയായിത്തീരുന്നു. ഹൃദയവ്യാപാരമില്ലാത്തവനെ ‘പണ്ഡിതമൂഢൻ’ (Learned fool) എന്നാണു് മഹാത്മാവായ രാമദാസസ്വാമികൾ വിളിക്കുന്നതു്. സോളമനു് ഒരു സ്വപ്നത്തിൽ ദൈവം പ്രത്യക്ഷപ്പെട്ടതായി തോന്നിയപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചതു് ബോധവും ധാരണയും ഉള്ള ഒരു ഹൃദയത്തിനുവേണ്ടിയായിരുന്നുവത്രേ. ജീവിതത്തിൽ ഹൃദയത്തിനുള്ള വശീകരണശക്തി ഇത്രയെന്നു പരിച്ഛേദിക്കുവാൻ നിവൃത്തിയില്ല. അതിൽനിന്നും പൊട്ടിപ്പുറപ്പെടുന്ന പരിശുദ്ധ വികാരങ്ങൾക്കു കീഴ്പ്പെടാതെ കയർത്തുനില്ക്കുന്നതു് അസാധ്യവും ആപൽക്കരവുമാകുന്നു. ഐറിഷു കാരനായ ഒരു പാതിരി, കുടി മുഴുത്തു് മുടിയാറായ ഒരുത്തനോടു് കുടി നിർത്തുവാൻ പലതവണയും ദൈവത്തെ മുൻനിർത്തി ഉപദേശിച്ചിട്ടും ഫലപ്പെട്ടില്ല. വെട്ടുപോത്തിനോടു് വേദമോതുന്ന മട്ടിൽ ഉപദേശം കലാശിക്കുന്നതു കണ്ടു് ഒരുദിവസം പാതിരി അവന്റെ ഓമനക്കുഞ്ഞിനെ എടുത്ത് അവൻ കാൺകെ ചുംബിച്ചുകൊണ്ടു് അതിന്റെ പേരിൽ കുടിക്കരുതെന്നു് അവനോടു മനസ്സലിഞ്ഞു് അപേക്ഷിച്ചു. ആ കാഴ്ച കുടിയന്റെ മങ്ങിക്കിടന്നിരുന്ന സ്നേഹവികാരങ്ങളെ തട്ടിയുണർത്തുകയും, തൽഫലമായി പാതിരിയുടെ അപേക്ഷ ഹൃദയത്തിൽ പതിഞ്ഞു് അന്നുമുതൽ അവൻ കുടി നിർത്തുകയും ചെയ്തു. വികാരങ്ങൾക്കു മനുഷ്യൻ എത്രത്തോളം അധീനനാണെന്നു് ഈ കഥ തെളിയിക്കുന്നുണ്ടു്. ഇപ്രകാരം ജീവിതാധാരമായി നില്ക്കുന്ന ഹൃദയത്തെ ശുദ്ധസാത്വികമാക്കി വികസിപ്പിച്ചു് സ്നേഹരസാത്മകങ്ങളായ വികാരങ്ങൾ വളർത്തി ക്ലേശനാശത്തിനുള്ള ആനന്ദപ്പുഴയൊഴുകുന്നതു് സൗന്ദര്യമാണെന്നറിയുമ്പോൾ അതിനു ജീവിതത്തിലുള്ള സ്ഥാനം ഏതാണെന്നു് ഏകദേശം ഊഹ്യമാണല്ലൊ.

സംഗീതം, സാഹിത്യം, ചിത്രമെഴുത്തു് മുതലായ ഹൃദ്യകലകളുടെ ഉത്ഭവം സൗന്ദര്യത്തിന്റെ ആകർഷണത്തിൽനിന്നാകുന്നു. ഗായകനും, കവിയും, ചിത്രകാരനും സൗന്ദര്യാനുഭൂതിയിൽ, വിളയുന്ന മനോധർമ്മങ്ങളെ പ്രകാശനം ചെയ്യുന്നവരാണു് പ്രകൃതിയുടെ ഏതു ഭാഗവും അവിച്ഛിന്നമായ ഒരു സൗന്ദര്യധാരയുടെ പ്രതിബിംബമായി ദർശിക്കുവാൻ അവർക്കു് ഒരു പ്രത്യേക ശക്തിയുണ്ടു്. സൌന്ദര്യാരാധകന്മാരിൽ പ്രമാണിയാണു് കവി. എത്ര നിസ്സാരവസ്തുവും കവിഹൃദയത്തിൽകൂടി കടന്നുവരുമ്പോൾ അനുപമസുന്ദരരൂപംപൂണ്ടു് ആലോകനീയമായിത്തീരുന്നതു് അവിടെ തള്ളിപ്പെരുകുന്ന സൗന്ദര്യരസത്തിൽ മുങ്ങിത്തെളിഞ്ഞു് മിന്നുന്നതുകൊണ്ടാണു്. ഉള്ളൂരിന്റെ ‘മഴത്തുള്ളി’യും, ആശാന്റെ ‘മിന്നാമിനുങ്ങും’, വള്ളത്തോളി ന്റെ ‘അരിപ്പിറാവും’ ‘സൗകുമാര്യപ്പുഴതൻ കൊച്ചുതരംഗ’മായിട്ടാണല്ലോ കവിതയിൽ നിഴലിക്കുന്നതു്. പൂന്തോട്ടത്തിൽ മതിൽക്കെട്ടിനുള്ളിൽ ആരും കാണാതെ തലപൊന്തിച്ചുനിൽക്കുന്ന ഒരു പാഴ്ച്ചെടിയുടെ അകൃത്രിമസൗന്ദര്യം ടാഗോറി നെപ്പോലുള്ള അനുഗ്രഹീത കവികൾക്കേ കണ്ടുപിടിപ്പാൻ കഴിയൂ. കാളിദാസൻ, ഭവഭൂതി തുടങ്ങിയ പ്രാചീന കവി ശ്രേഷ്ഠന്മാരും പ്രകൃതിരാമണീയകത്തിന്റെ ദൈവികഭാവത്തെ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുള്ളവരാണു്. ഏതദ്വിഷയത്തിൽ ഇന്നു് അദ്വിതീയ പദവിയെ അലങ്കരിക്കുന്ന മഹർഷിപുംഗവനാണല്ലോ മഹാകവി രവീന്ദ്രനാഥടാഗോർ. ആധുനികലോകത്തിലെ സൗന്ദര്യഗായകനാണു് അദ്ദേഹം. വിസ്തൃതഗംഭീരമായ ഒരു സൗന്ദര്യസമുദ്രത്തിലെ കല്ലോലമാലയിൽനിന്നും പുറപ്പെടുന്ന സംഗീതനാദമാണു് ടാഗോർക്കവിത. സൗന്ദര്യത്തിന്റെ സാത്വികമായ അംശത്തെ എടുത്തുകാണിക്കുന്നതിലത്രേ യഥാർത്ഥമായ കവിത കാണുന്നതു് അല്ലാതെ അതിന്റെ രാജസമായ ഭാവത്തിനു പ്രാധാന്യം കൊടുത്തു വർണ്ണിച്ച വായനക്കാരുടെ ചിത്തം ഉന്മത്തമാക്കുന്ന രീതി ഉത്തമകവിക്കു പറ്റിയതല്ല. സൌന്ദര്യതേജസ്സു് സമുജ്ജലിക്കുന്ന സന്ധ്യാസമയങ്ങളും മറ്റും വർണ്ണനാവിഷയങ്ങളാകുമ്പോൾ ഈ സംഗതി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടു്. എന്നാൽ മാത്രമേ കവിതകൊണ്ടുദ്ദേശിക്കുന്ന ഫലം വായനക്കാരിൽ ഉളവാകയുള്ളൂ ഭക്ഷണം പാകംചെയ്യുന്ന അഗ്നിതന്നെ ഭവനം ദഹിപ്പിക്കുവാനും ഇടയാക്കുന്നപോലെ മനസ്സംസ്കരണത്തിനും, ആനന്ദാനുഭൂതിക്കും ഉപകരിക്കുന്ന സൗന്ദര്യം രാജസരൂപത്തിൽ സ്ഫുരിക്കുമ്പോൾ മനുഷ്യനെ മൃഗീയവികാരങ്ങൾക്കടിമപ്പെടുത്തി ദുഷിപ്പിക്കുകയും ചെയ്തേക്കും. സൗന്ദര്യമെന്നതു മനുഷ്യനെ കാമാന്ധനാക്കുന്ന ഒരു വേഷപ്പകിട്ടല്ലെന്നും, അതു് ഐശ്വര്യവും ശാന്തിവിശിഷ്ടവുമായ ഒരു ശ്രീസമൃദ്ധിയാണെന്നും പരിപക്വമായ കവിത പ്രബോധനം ചെയ്യുന്നു.

ഷോപ്പനോവർ, ഹെഗൽ തുടങ്ങിയ തത്വജ്ഞാനികൾ സൌന്ദര്യത്തിന്റെ ആത്മീയ ഭാവത്തിനു് പ്രാമാണ്യം കല്പിക്കുകയും അതിനെ ആദരിക്കുകയും ചെയ്തിട്ടുള്ളവരാണു്. എന്നാൽ ടോൾസ്റ്റോയി ഈ സൂക്ഷ്മസ്വരൂപത്തെ അംഗീകരിക്കാതെ അതിന്റെ വിഭ്രമജനകമായ ലൗകികഭാവത്തെ എതിർക്കുകയും, നിന്ദിക്കുകയും ചെയുന്നു. കീറ്റ്സ് പറയുന്നമാതിരി സത്യവും സൌന്ദര്യവും ഒന്നല്ലെന്നും, രണ്ടും അന്യോന്യ വിരുദ്ധമാണെന്നുംകൂടി അദ്ദേഹം വാദിക്കുന്നുണ്ടു്. ഭിന്നങ്ങളായ വീക്ഷണകോണുകളിൽനിന്നു നോക്കുമ്പോൾ ഇങ്ങനെ അഭിപ്രായവ്യത്യാസം വരാവുന്നതാണു്. ഇതെങ്ങനെയെന്നു് അല്പംകൂടി വിശദമാക്കാം.

ആത്മാവു്, ശരീരം എന്നീ രണ്ടുപാധികളിൽക്കൂടിയാണു സൌന്ദര്യം പ്രതിഫലിക്കുന്നതു്. ആത്മസൗന്ദര്യം സൂക്ഷ്മവും ശരീരസൗന്ദര്യം സ്ഥൂലവുമാകുന്നു. രണ്ടാമത്തെ സ്ഥൂലദശയിൽ അതു് ഉപാധിഭേദംകൊണ്ടു രാജസവും, താമസവും ആയ ഗുണങ്ങളോടുകൂടി ഹൃദയത്തിൽ പ്രവർത്തിക്കും. ഉള്ളതിനെ മറയ്ക്കുന്നതും ഇല്ലാത്തതിനെ ഉണ്ടെന്നു തോന്നിപ്പിച്ചു വ്യാമോഹിപ്പിക്കുന്നതും ആയ ഒരു ഭാവമാണു് അപ്പോൾ അതിനുള്ളതു്. ഈ നിലയിൽ ടോൾസ്റ്റോയി പറയുന്നതുപോലെ സൗന്ദര്യം സത്യത്തിനു വിരുദ്ധമായിത്തീരുന്നു. സത്യത്തെ ആവരണം ചെയ്യുന്ന ഒരു മായാപടമാണു് അപ്പോൾ സൗന്ദര്യം. ഒരു ഭാഗമെടുക്കാം. ഒരു കാമിനിയുടെ അംഗലാവണ്യം അവളുടെ ആത്മമഹത്വത്തെ കാമുകന്മാരിൽനിന്നു ഗോപനം ചെയ്യുന്നു. തൽഫലമായി അവർ അന്ധന്മാരാകുന്നു. അവരുടെ സ്ഥൂലദൃഷ്ടിയിൽനിന്നു ചൈതന്യജഡങ്ങളുടെ സദസദ്ഭാവം തിരോഭൂതമാകുന്നു. ഒരു കവി ഈ ഗാത്രമോടി മാത്രം വർണ്ണിക്കുകയാണെങ്കിൽ അതിൽക്കൂടി വായനക്കാരും വഴിതെറ്റിപ്പോയേക്കാം. പ്രപഞ്ചരംഗത്തിൽ അധികമായി പ്രത്യക്ഷപ്പെടുന്നതു് ഏതാദൃശമായ മാർഗ്ഗഭ്രംശമാണെന്നുള്ളതും സ്മരണീയമത്രേ. കുമാരസംഭവത്തിലും ശാകുന്തളത്തിലും കാളിദാസൻ സൗന്ദര്യത്തിന്റെ ഈ നിലഭേദങ്ങളെ രമണീയമായി തുലനംചെയ്തു കാണിച്ചിട്ടുണ്ടു്. പാർവ്വതിയും ശകുന്തളയും ആദ്യം ശാരീരികമായ സൗന്ദര്യത്തിന്റെ തിളപ്പിൽ മദാലസകളായി വിളയാടുകയും അനന്തരം അവമാനിതകളായി ഗാത്രാഭിമാനം അസ്തമിച്ചു സ്വബോധംവന്നു തപോവ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു ആത്മീയകാന്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമേ അവർ യഥാർത്ഥ സുന്ദരികളായി ഭർത്തൃസാമീപ്യം അർഹിക്കുന്നുള്ളൂ. സൗന്ദര്യപ്രകാശനവിഷയത്തിൽ ഈമാതിരി ഓചിത്യദീക്ഷയും സൂക്ഷ്മാവലോകനവുമാണു കവികൾക്കു പ്രധാനമായി വേണ്ടതു്.
(സാഹിതീയം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971