എപ്പിക്യൂറിയൻ സിദ്ധാന്തത്തിനു സമാന്തരമായി ബി. സി. നാലാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യവനദേശത്തു സ്ഥാപിതമായ മറ്റൊരു തത്ത്വജ്ഞാനപദ്ധതിയാണു് സ്റ്റോയിസിസം. നിസ്സംഗത്വവാദമെന്നോ തിതിക്ഷാ വാദമെന്നോ ഇതിനു കഷ്ടിച്ചൊരു പരിഭാഷ പറയാം. മനുഷ്യജീവിതത്തിനും പ്രപഞ്ചഘടനയ്ക്കും പരമമായ ഒരർത്ഥവും ലക്ഷ്യവും കല്പിക്കാനുള്ള ശേമുഷീവ്യാപാരമാണല്ലോ തത്ത്വജ്ഞാനികളിൽ മുന്നിട്ടുനിൽക്കുന്നതു്. അവരുടെ മസ്തിഷ്കമഥനത്തിൽനിന്നു പല വിചിത്രസിദ്ധാന്തങ്ങളും പൊന്തിവന്നിട്ടുണ്ടു്. അവയിൽ പ്രാചീനങ്ങളായ പലതും ഇന്നു കാലഹരണപ്പെട്ടമട്ടിലായിരിക്കുന്നു. ഇക്കൂട്ടത്തിൽപ്പെടുത്താവുന്ന ഒന്നാണു് സ്റ്റോയിസിസം. പ്ലേറ്റോ തൊട്ടുള്ള ആശയവാദികൾ (Idealists) ഭൗതികലോകത്തിനു വസ്തുനിഷ്ഠമായ സത്ത കല്പിക്കാത്തവരാണു്. അവർക്കു് അന്തർലോകമേ ഗണ്യമായിട്ടുള്ളു. പഴയ ഭൗതികവാദികളുടെ വീക്ഷണമാകട്ടെ നേരെ മറിച്ചും. ഈ രണ്ടു വാദരീതിയും കൂടിക്കലർന്നിട്ടുണ്ടു് സ്റ്റോയിസിസത്തിൽ അതു ബഹിർലോകത്തിൽ തുടങ്ങി അന്തർലോകത്തിൽ അവസാനിക്കുന്നു. എന്നു വച്ചാൽ പ്ലേറ്റോണിസത്തിന്റെ കൂട്ടുപിടിച്ചു ഒടുവിൽ അതൊരു സമ്മിശ്രസിദ്ധാന്തമായിത്തീർന്നുവെന്നു ചുരുക്കം.
എപ്പിക്യൂറസ്സി ന്റെ സമകാലികനായിരുന്നു സീനോ (Zeno) എന്നൊരാചാര്യനാണു് സ്റ്റോയിസിസ ത്തിന്റെ സ്ഥാപകൻ. ആതൻസ് നഗരത്തിലെ ചന്തസ്ഥലത്തു സ്റ്റോവ (Stoa) എന്നു വിളിക്കപ്പെട്ടിരുന്ന ഒരു ഭാഗത്തുനിന്നാണത്രെ ഈ പേരിന്റെ ഉല്പത്തി. ഒരുപക്ഷേ, അവിടെവച്ചായിരിക്കാം സീനോ ആദ്യമായി സ്വസിദ്ധാന്തം പ്രഖ്യാപിച്ചതു്. സ്ഥാപകനാമത്തെ ആസ്പദമാക്കിയാണെങ്കിൽ സീനോവിസം എന്ന പേരാണല്ലോ വേണ്ടതു്. അതു് എങ്ങനെയോ പ്രചാരത്തിൽ വന്നില്ലെന്നു തോന്നുന്നു. സൈപ്രസ്സിലാണു് സീനോ ജനിച്ചുവളർന്നതു്. അദ്ദേഹത്തിന്റെ കുടുംബം കച്ചവടത്തിലേർപ്പെട്ടിരുന്നതായി ഊഹിക്കപ്പെടുന്നു. വാണിജ്യബന്ധം വഴിക്കാകണം സീനോ ആതൻസ് നഗരത്തിലെത്തിയതു്. അവിടെ ചെന്നതിനുശേഷം ഈ യുവാവു് തത്ത്വശാസ്ത്രപഠനത്തിൽ ഉത്സുകനായി. അക്കാലത്തു പ്രചരിച്ചിരുന്ന സിനിസിസം (ദോഷാനുദർശനവാദം) അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചുവെന്നു തോന്നുന്നു. ഒരഭിമുഖസംഭാഷണത്തിൽ അലക്സാണ്ടർ ചക്രവർത്തി യെ മുട്ടുകുത്തിച്ച ഡയോജീനസ് ആയിരുന്നു സിനിസിസത്തിന്റെ ആചാര്യൻ. സോക്രട്ടീസും ഡയോജിനസ്സും സീനോവിന്റെ ആരാദ്ധ്യപുരുഷരായിരുന്നു.
പ്രപഞ്ചഘടനയെപ്പറ്റിത്തന്നെ ആദ്യമായി ചിന്തിക്കാം. ഏതദ്വിഷയത്തിൽ സീനോ തന്റെ പ്രാക്കാലികനും അയോണിയൻ തത്ത്വജ്ഞാനിയുമായ ഹെറാക്ലിറ്റസി ന്റെ അഗ്നിതത്ത്വത്തെയാണു് അംഗീകരിച്ചിരിക്കുന്നതു്. ആദിയിൽ ആവിർഭവിച്ചതു് അഗ്നിയാണു്. പിന്നെ ക്രമത്തിനു വായു, ജലം, ഭൂമി, എന്നിവയുണ്ടായി. സമസ്ത പ്രപഞ്ചവും പ്രകൃതിനിയമത്താൽ ദൃഢബദ്ധവും ഒരു ചാക്രികപരിവർത്തനത്തിനു വിധേയവുമായിരിക്കുന്നു. ഈ പരിവർത്തനത്തിൽ വീണ്ടും ഒരഗ്നിപ്രളയമുണ്ടായി. സർവവും അതിൽ വിലയം പ്രാപിക്കും. പ്രസ്തുത പ്രക്രിയ പിന്നെയും തുടങ്ങും ഭാരതീയമതപ്രകാരം ആദ്യമുണ്ടായതു ജലവും (ആപ ഏവ സസർജാദൗ) വിനാശം ജലപ്രളയത്തിലുമാണല്ലോ. ഇവിടെ ജലത്തിനു പകരം അഗ്നിയെന്നുമാത്രം വ്യത്യാസം ഒരു നിശ്ചിതത്വം (Determinism) ഉൾക്കൊള്ളുന്നതാണു് സീനോവിന്റെ പ്രപഞ്ചം. അതായതു്, പ്രപഞ്ചപ്രവർത്തനം ഒരു ശക്തിയാൽ കാലേക്കൂട്ടി നിർണീതമായിരിക്കുന്നു. പ്രകൃതിയിലെ ഒരു ചലനവും യാദൃച്ഛികമോ അവ്യക്തമോ അല്ല, എല്ലാത്തിനും ഒരു കാരണമുണ്ടു്. എല്ലാം വിശദീകരണസഹവുമാണു്. ഒരു പ്രത്യേക ലക്ഷ്യത്തോടുകൂടിയാണു് പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതു്. ഈ ലക്ഷ്യത്തോടുകൂടിയാണു് പ്രപഞ്ചം സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതു്. ഈ ലക്ഷ്യം മനുഷ്യനിൽ പര്യവസാനിക്കുന്നു. സർവത്തിന്റെയും ജീവസ്ഥാനീയമായ മേൽപ്പറഞ്ഞ ശക്തി അഗ്നിമയമാണു്. അതുതന്നെയാണു് ദൈവം. അതു പ്രപഞ്ചത്തിൽനിന്നു ഭിന്നമല്ല. ചുരുക്കത്തിൽ സീനോവിന്റെ ദൈവം മൂർത്തമാണു്. പ്രപഞ്ചം ശരീരവും ദൈവം അതിന്റെ ആത്മാവും എന്നതാണു് അദ്ദേഹത്തിന്റെ സങ്കല്പം, ‘ഈശാവാസ്യമിദം സർവം യതു് കിഞ്ച ജഗത്യം ജഗത്’ എന്ന ഔപനിഷദാശയത്തിന്റെ ഒരേകദേശപ്രതിഫലനം ഇതിൽ കാണാം ദേവാലയം നിർമിച്ചു് ദൈവത്തെ കുടിയിരുത്തുന്ന സമ്പ്രദായത്തോടു് സീനോ എതിരായിരുന്നു. ഈ ചിന്തകനെ ഒരു ഭൗതികവാദിയായിട്ടുപോലും ബർട്രാൻഡ് റസ്സൽ പരിഗണിക്കുന്നുണ്ടു്. എന്തെന്നാൽ സൂക്ഷ്മാവലോകനത്തിൽ പരിണാമിയായ പ്രപഞ്ചത്തെയും അതിൽ പ്രവർത്തിക്കുന്ന ജീവശക്തിയേയും മാത്രമേ സീനോ അംഗീകരിച്ചിട്ടുള്ളുവെന്നു പറയാം. ശക്തിയുടെ ആഗ്നേയത്വം ഒരു ഭാവനയെന്നേ ഗണിക്കേണ്ടതുള്ളു.
ധാർമികതയെന്നോ നൈതികതയെന്നോ പറയാവുന്ന ജീവിതമൂല്യത്തിനാണു് സ്റ്റോയിസിസത്തിൽ സർവ്വോപരി പ്രാധാന്യം. പ്രകൃതിയുമായി ഇണങ്ങിയ നമ്മുടെ ഇച്ഛാശക്തി(Will)യിലാകുന്നു ധാർമ്മികതയുടെ അടിസ്ഥാനം അതുകൊണ്ടു് മനുഷ്യന്റെ നന്മതിന്മകൾ അവനവനെത്തന്നെ ആശ്രയിച്ചിരിക്കുന്നു. ധാർമ്മികതയാകുന്നു പരമമായ നന്മ. ആരോഗ്യം, സമ്പത്തു്, സൗഖ്യം എന്നിവയൊന്നും അത്രകാര്യമാക്കേണ്ടതില്ല. ജയാപജയം, സുഖദുഃഖം, ലാഭാലാഭം ഇത്യാദി ദ്വന്ദ്വങ്ങളിൽ തികച്ചും നിസ്സംഗത്വം പാലിക്കണം. ജീവിതത്തിൽ ദുഃഖം അനിവാര്യമാണു്. സുഖിയാവുക മനുഷ്യനു സാദ്ധ്യമല്ല. പഞ്ചേന്ദ്രിയങ്ങളെ ദമനം ചെയ്തു് അന്തർമുഖനായി ഏതു ദുഃഖവും ആത്മശക്തിയോടെ സഹിക്കാനുള്ള ശീലം വളർത്തിക്കൊണ്ടുവരണം. പ്രകൃതിയുമായി രഞ്ജിതാവസ്ഥയിലിരിക്കുമ്പോൾ വ്യക്തിജീവിതം ശോഭനമാകും—ഇതൊക്കെയാണു്, എങ്ങനെ ജീവിക്കണമെന്ന പ്രശ്നത്തെപ്പറ്റി സ്റ്റോയിസിസം അനുശാസിക്കുന്നതു്. ഇവിടെയും ഭാരതീയ തത്ത്വചിന്തയുടെ അതിപ്രസരമുള്ളതു നോക്കുക.
സീനോവിന്റെ കാലത്തിനുശേഷം സ്റ്റോയിക് തത്ത്വചിന്തയിൽ പല പരിണാമങ്ങളും വന്നുചേർന്നു. ക്രൈസിപ്പസ് എന്നൊരു ചിന്തകനായിരുന്നു സീനോശിഷ്യന്മാരിൽ അഗ്രേസരൻ. സ്റ്റോയിസിസത്തിനൊരു വ്യവസ്ഥാപിതരൂപം കൊടുത്തുറപ്പിച്ചതു് ക്രൈസിപ്പസ്സാണു്. ഈ പണ്ഡിതൻ എഴുന്നൂറ്റിയഞ്ചു ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ടു്. ഇക്കാലമായപ്പോഴും ഏതാണ്ടൊരു മതത്തിന്റെ രൂപവും ഭാവവും സ്റ്റോയിസിസത്തിനുണ്ടായിക്കഴിഞ്ഞു. അന്നത്തെ യവനദേവന്മാരിൽ മുഖ്യനായ സീയസ് (Zeus) തന്നെയാണു് സ്റ്റോയിസിസത്തിലെ അഗ്നിതത്ത്വമെന്നും അതുമാത്രമാണു് അന്വശ്വരമായിട്ടുള്ളതെന്നും ക്രൈസിപ്പസ് വാദിച്ചു. സീനോ കേവലം സിദ്ധാന്തപരമായ വൈജ്ഞാനികപഠനത്തിൽ അത്ര കുതുകിയായിരുന്നില്ല. എന്നാൽ ശിഷ്യൻ അതിലും ശ്രദ്ധാലുവായിരുന്നു. പക്ഷേ, ശാസ്ത്രജ്ഞാനം ധാർമ്മികമായ കർമത്തെ ഫലവത്താക്കാൻ ഉപകരിക്കുന്നതാകണമെന്നും ഏതു സിദ്ധാന്തവും പ്രയോഗക്ഷമമായിരിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തർക്കശാസ്ത്രം, നീതിശാസ്ത്രം (Ethics), പ്രകൃതിവിജ്ഞാനീയം എന്നീ മൂന്നിനേയും ക്രൈസിപ്പസ് വ്യാഖ്യാനിച്ചതു് പരമപ്രധാനമായ സൗശീല്യ(Virtue)ത്തിന്റെ ഉപകാരകഘടകങ്ങളെന്ന നിലയ്ക്കാണു് ഈ മൂന്നിലും മദ്ധ്യമണിയായി പ്രശോഭിക്കുന്നതു നീതിശാസ്ത്രമാകുന്നു.
സർവരും സമ്മതിക്കുന്ന സ്വതഃപ്രമാണങ്ങളായ ചില തത്ത്വങ്ങളെ സ്റ്റോയിക്കുകളും അംഗീകരിക്കുന്നുണ്ടു്. ആ പ്രമാണങ്ങളെ ആസ്പദമാക്കി സാമാന്യത്തിൽനിന്നു വിശേഷത്തെ അനുഗമിക്കുന്ന വാദരീതിയാണു് (Deductive logic) അവരുടേതു്. പ്രത്യക്ഷജ്ഞാനം അവർക്കും പ്രമാണമായിരുന്നു.
യവനദേശത്തുനിന്നു റോമിലേക്കു വ്യാപിച്ചപ്പോഴാണു് സ്റ്റോയിസിസത്തിനു പൂർവാധികം പ്രശസ്തിയും വികാസവും സിദ്ധിച്ചതു്. സെനക്ക (B. C. 3–A. C. 65), എപ്പിക്ടെറ്റസ് (A. C. 60–100), മാർക്കസ് അറീലിയസ് (A. C. 161–180) എന്നീ മൂന്നു വ്യഖ്യാതചിന്തകന്മാർ റോമൻ സ്റ്റോയിസിസത്തിന്റെ നെടുംതൂണുകളായിരുന്നു. മൂവരുടെയും ചിന്താസമ്പത്തു് ഈ തത്ത്വശാസ്ത്രത്തിനു് ഒട്ടേറെ പരിപോഷണം നൽകിയിട്ടുണ്ടു്. കുപ്രസിദ്ധനായ നീറോചക്രവർത്തി യുടെ ട്യൂട്ടറായിരുന്നു സെനക്ക. താൻ വിശ്വസിച്ചും ഉപദേശിച്ചും വന്ന സ്റ്റോയിക് തത്ത്വങ്ങളെ സ്വജീവിതത്തിൽ അനുവർത്തിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. അനാഡംബരജീവിതവും വിഷയസുഖപരിവർജ്ജനവും മറ്റും ഉദ്ബോധിപ്പിക്കുന്ന ഒരു ഫിലോസഫിയുടെ വക്താവായിരുന്നു കൊണ്ടുതന്നെ ഈ ദർശനികൻ പത്തു ലക്ഷം പവനോളം വിലവരുന്ന സ്വത്തു പലവഴിക്കും സമ്പാദിച്ചു കൂട്ടിയത്രെ! പ്രഭാഷണവും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം ഇതുപോലെ പല ആചാര്യന്മാരുടെയും ജീവിതത്തിൽ കാണാറുണ്ടല്ലോ. എന്തെല്ലാം ന്യൂനതകളുണ്ടായാലും ഗ്രന്ഥങ്ങളിലൂടെ നോക്കുമ്പോൾ റോമൻ തത്ത്വജ്ഞാനികളിൽ അഗ്രഗണ്യനാണു് സെനക്ക എന്നു് വിൽഡുറന്റ് പറയുന്നു. ഈ തത്ത്വജ്ഞാനി ഒടുവിൽ ക്രിസ്തുമതം സ്വീകരിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും അതിനു വിശ്വാസയോഗ്യമായ തെളിവുകളില്ല. സെയിന്റ് പോളുമായി ഇദ്ദേഹം കത്തിടപാടു നടത്തിയിരുന്നുവെന്നതു് വാസ്തവമാണു്. സെനക്കയുടെ കൃതികളിൽ ഏറ്റവും വിശിഷ്ടമെന്നു പ്രശംസിക്കപ്പെടുന്നതു് അദ്ദേഹം ഒരാത്മസുഹൃത്തിനയച്ച കത്തുകളുടെ സമാഹാരമാകുന്നു. ദയനീയമായിരുന്നു സെനക്കയുടെ ജീവിതാവസാനം. തനിക്കെതിരായി ഗൂഢാലോചനയിലേർപ്പെട്ടുവെന്ന കുറ്റം ആരോപിച്ചു് നീറോചക്രവർത്തി സ്വഗുരുവിനെ ആത്മഹത്യ ചെയ്തുകൊള്ളാൻ ദയവായി അനുവദിക്കയാണുണ്ടായതു്. സ്വന്തം മാതാവിന്റെയും ഭാര്യയുടെയും കഥ കഴിച്ച ആ ക്രൗര്യമൂർത്തിക്കുണ്ടോ ഗുരുഭക്തി! സോക്രട്ടീസി നെപ്പോലെതന്നെ ധീരപ്രശാന്തനായി സെനക്ക മരണത്തെ വരണം ചെയ്തു.
എപ്പിക്ടെറ്റസ് ആദ്യം ഒരടിമയായിരുന്നു. പിന്നീടാണു് കേളികേട്ട തത്ത്വചിന്തകനായതു് ഇദ്ദേഹത്തിന്റെ ആദർശലോകം പ്ലേറ്റോ വിന്റെതിനെക്കാളേറെ ശ്രേഷ്ഠമാണെന്നു റസ്സൽ പറയുന്നു. ആത്മാർത്ഥതയും ലാളിത്യവും നിറഞ്ഞ ഉപദേശങ്ങൾ അസാധാരണവും സമുന്നതവുമായ സന്മാർഗനിഷ്ഠ എന്നിവ എപ്പിക്ടെറ്റസ്സിന്റെ പ്രത്യേകതകളാണു്. ശത്രുവിനെ സ്നേഹിക്കണമെന്നു് അദ്ദേഹം ശിഷ്യരെ പഠിപ്പിച്ചിരുന്നു. മനുഷ്യർ ഒരു നാടകത്തിലെ നടന്മാരെപ്പോലെയാണു്. ദൈവം ഓരോരുത്തർക്കും നിശ്ചയിച്ചിട്ടുള്ള ഭാഗം അവരവർ അഭിനയിച്ചു തീർക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഈ ആശയം പിൽക്കാലത്തു് കവിവാക്യങ്ങളിലൂടെ എത്ര വളരെ പ്രചരിച്ചുവെന്നതിനു ഷേക്സ്പിയറു ടെ കവിത തന്നെ തെളിവാണല്ലോ.
റോമൻ ചക്രവത്തിയായിരുന്ന മാർക്കസ് അറീലീയസ്സി നെപ്പറ്റി അധികം പറയേണ്ടതില്ല. അദ്ദേഹം അത്രയ്ക്കു ലോകപ്രസിദ്ധനാണു്. പക്ഷേ, ചക്രവർത്തിപദം കൊണ്ടല്ല തത്ത്വചിന്തകൊണ്ടാണു് അദ്ദേഹം പ്രകീർത്തിതനായതു്. ഏകാഗ്രചിന്തകൾ (Meditation) എന്ന വിശ്രുതമായ ഗ്രന്ഥത്തിലൂടെ ഈ തത്ത്വദർശി ഇന്നും സാദരം സ്മരിക്കപ്പെടുന്നു. റോമൻ സ്റ്റോയിസിസത്തിൽ അധിഷ്ഠിതമായ ഈ ചിന്തകൾ ക്രിസ്തുമത പണ്ഡിതന്മാർക്കും ഉത്തേജനം നൽകിയിട്ടുണ്ടു്.
നിശ്ചിതത്ത്വവും (Determinism) സ്വേച്ഛാശക്തിയും (Free will) തമ്മിലുള്ള പൊരുത്തക്കേടു പ്രാചീനകാലം മുതൽ ഇന്നുവരെയുള്ള തത്ത്വജ്ഞാനശാഖകളിൽ കണ്ടുവരുന്ന ഒന്നാണു്. സ്റ്റോയിസിസത്തിലും ഇതു കടന്നു കൂടിയിട്ടുണ്ടെന്നുള്ളതു സ്പഷ്ടമാണല്ലോ. ഈ പൊരുത്തക്കേടു നീക്കം ചെയ്യാൻ ഒരു തത്ത്വചിന്തകനും ഇതുവരെ സാധിച്ചിട്ടില്ല. സ്റ്റോയിക് ചിന്തകൾ ഒരു വശത്തു മനുഷ്യൻ സ്വതന്ത്രനാണെന്നു വാദിക്കുമ്പോൾ മറുവശത്തു് എല്ലാം വിധിക്കധീനമെന്നു പറയുന്നു. പ്രപഞ്ചഗതിയും മനുഷ്യജീവിതവും സങ്കീർണവും വൈരുദ്ധ്യാത്മകവുമായിരിക്കുന്ന നിലയിൽ ഈ കീറാമുട്ടിക്കു തൃപ്തികരമായ ഉത്തരം കണ്ടുപിടിക്കുക സാദ്ധ്യമാണെന്നു തോന്നുന്നില്ല.
മനനമണ്ഡലം 1964.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971