ഏതാണീ സ്വർഗരാജ്യം എന്ന ചോദ്യത്തിനു് സോവിയറ്റ് റഷ്യയെ ചൂണ്ടിക്കാണിച്ചാൽ ഇപ്പോഴും ചിലർ നെറ്റി ചുളിച്ചേക്കാം. ആ രാജ്യത്തെ ഒരു നരകമായി പരിഗണിച്ചിരുന്നവരും അതിനു് സമുദായഭ്രഷ്ടു് കല്പിച്ചിരുന്നവരും ഈ അടുത്തകാലംവരെ ധാരാളമുണ്ടായിരുന്നു. ലോകത്തിന്റെ ധനാഗമമാർഗങ്ങളെല്ലാം യഥേഷ്ടം തിരിച്ചുകൊണ്ടിരിക്കുന്ന മുതലാളിമാരാണു് ഇവരിൽ അധികംപേരും. ഭൂരിപക്ഷചൂഷണംകൊണ്ടു് അല്പപക്ഷം സുഖത്തോടെ വാഴണമെന്നുള്ള തസ്കരസിദ്ധാന്തത്തെ സന്മാർഗകോടിയിൽപ്പെടുത്തി ജീവിതപ്രമാണമായി സ്വീകരിച്ചിരിക്കുന്ന ഈ പാപപ്രഭുക്കൾ, അവരുടെ സാമ്പത്തിക താല്പര്യങ്ങൾക്കു് വിപരീതമായി സമത്വവും സാഹോദര്യവും സർവജനക്ഷേമവും പുലരത്തക്കവണ്ണം ഒരു പുതിയ ഭരണക്രമം നടപ്പിൽവരുത്തിയ റഷ്യയുടെ ശത്രുക്കളായി ഭവിച്ചതിൽ അത്ഭുതപ്പെടാനില്ല. ജനതതിയെ കൊള്ള ചെയ്തുകൊണ്ടിരുന്ന പള്ളിമതത്തെ പുറംതള്ളിയ ആ രാജ്യം പുരോഹിതന്മാരുടെ വിദ്വേഷത്തിനു് പാത്രമായതും സ്വാഭാവികംതന്നെ. യാതൊരതിരും അളവുമില്ലാതെ വ്യാജപ്രസ്താവനകൾകൊണ്ടു് ആ രാജ്യത്തിലെ സ്ഥിതിഗതികളെ ഭയാനകമാക്കികാണിക്കുവാൻ ഇത്രനാളും ഇക്കൂട്ടർ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ, ഇപ്പോഴത്തെ മഹായുദ്ധം ഈ കപടതന്ത്രങ്ങളുടെ ചെമ്പു് തെളിയിച്ചുകഴിഞ്ഞു. ജുഗുപ്സാവഹങ്ങളായ അസത്യവാദങ്ങൾകൊണ്ടു് ലോകത്തിന്റെ കണ്ണു് മൂടിക്കെട്ടി റഷ്യയുടെനേരെ ചെളിവാരി എറിയുവാൻ ഇനി ആർക്കും ധൈര്യമുണ്ടാകുമെന്നു് തോന്നുന്നില്ല. കൃത്രിമമായ മതവ്യവസ്ഥയിലും ഭരണക്രമത്തിലും കാലൂന്നിയിരിക്കുന്ന രാജ്യങ്ങൾ പലതും ജർമൻപെരുമ്പടയുടെ മുമ്പിൽ നാഡി തളർന്നു് നിലംപതിച്ചപ്പോൾ മറ്റൊരിടത്തും കാണാത്തതായ ഓജസ്സോടും ഒരുമയോടും ഒറ്റയ്ക്കുനിന്നു് പടപൊരുതി വിജയം നേടിയതു് മതവും സന്മാർഗവുമില്ലെന്നു് അധിക്ഷിപ്തമായ ഈയൊരു രാജ്യം മാത്രമാണല്ലോ. ഇങ്ങനെ അനുഭവം സാക്ഷിയായി വന്നപ്പോൾ പണ്ടത്തെപ്പോലെ സത്യസ്ഥിതി മറച്ചു് വ്യാജപ്രചരണവേല തുടർന്നുകൊണ്ടുപോകുവാൻ നിവൃത്തിയില്ലെന്നു് വന്നിരിക്കുന്നു. മറ്റൊരു രാജ്യത്തുമില്ലാത്തതായ ഒരു നന്മയും മേന്മയും ഇപ്പോൾ ആ രാജ്യത്തു് നാം കാണുന്നുണ്ടു്. വിസ്മയാവഹമായ ഈ ജീവിതമഹത്ത്വം എവിടെനിന്നു് എങ്ങനെ ആവിർഭവിച്ചു എന്നു് ആലോചിച്ചുനോക്കേണ്ടതാകുന്നു. ഇരുപത്തഞ്ചു് വർഷങ്ങൾക്കുമുമ്പു് റഷ്യയിൽ സംഭവിച്ച ഭരണവിപ്ലവം സാധാരണഗതിയിലുള്ള ഒന്നായിരുന്നില്ല. അവിടത്തെ പൗരജീവിതത്തെ അതു് ആമൂലാഗ്രം ഇളക്കിമറിച്ചു. രാഷ്ട്രീയരംഗത്തിൽ മാത്രമല്ല, സാമ്പത്തികവും സാമൂഹ്യവുമായ രംഗങ്ങളിൽകൂടിയും ഒരു സമൂല പരിവർത്തനം ഉണ്ടാക്കുന്നതിനു് അതു് കാരണമായിത്തീർന്നു. ചുരുക്കത്തിൽ ഒരു നവീനമാനവസംസ്കാരത്തിന്റെ ബീജാവാപമാണു് അന്നു് നടന്നതു്. മനുഷ്യജീവിതത്തിന്റെ സകലവശങ്ങളെയും നവീകരിക്കത്തക്കവിധം ഈ സംസ്കാരബീജം മുളച്ചുവളർന്നു് വികസിച്ചു്, യുദ്ധസങ്കുലമായ ഇന്നത്തെ ലോകത്തിനു് ആശയും ആശ്വാസവും നല്കിക്കൊണ്ടിരിക്കുന്നു. ശത്രുക്കൾ പറഞ്ഞുപരത്തിയ മാതിരി വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സ്വേച്ഛാധികാരമോ, സന്മാർഗവ്യവസ്ഥയില്ലാത്ത കുടുംബജീവിതമോ, മൃഗീയമായ മർദ്ദന പരിപാടികളോ നിലവിലുള്ള ഒരു രാജ്യത്തിനു് ഇത്രമാത്രം സുസംഘടിതവും സുദൃഢവുമായ ജീവിതശക്തി പ്രദർശിപ്പിക്കുവാൻ സാധ്യമാകുമോ?
തന്നെപ്പോലെതന്നെ തന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്നു് ഉപദേശിച്ച ക്രിസ്തുദേവൻ വീണ്ടും ഭൂമിയിൽ അവതരിക്കുകയാണെങ്കിൽ ഒരുപക്ഷേ, അദ്ദേഹം റഷ്യയിലേക്കു് താമസം മാറ്റിയേക്കാം. പാവങ്ങളെന്നൊരു വർഗം ഇല്ലാതായിത്തീർന്ന ആ രാജ്യത്തിന്റെ നേർക്കു് അദ്ദേഹം പുഞ്ചിരിതൂകുകയും ചെയ്തേക്കാം. എന്തുകൊണ്ടെന്നാൽ കഷ്ടപ്പെടുന്ന മനുഷ്യവർഗത്തെപ്പറ്റി അദ്ദേഹം ലോകത്തിനു് നൽകിയ ഉപദേശം ഏറ്റവും വലിയ തോതിൽ പ്രകാശം വീശിയതു് ആ രാജ്യത്തിൽ മാത്രമാകുന്നു. സോവിയറ്റ് റഷ്യയിലെ ധാർമ്മികമായ പുരോഗതിയെപ്പറ്റി ഒരു പ്രസിദ്ധഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതു് ഈ ഘട്ടത്തിൽ സ്മരണീയമത്രേ. അന്യരാജ്യങ്ങളിൽ ഞായറാഴ്ചമാത്രം ദൈവവിചാരത്തിനും മറ്റു ദിവസങ്ങളെല്ലാം പരദ്രോഹചിന്തയ്ക്കുമായി വിനിയോഗിക്കുമ്പോൾ റഷ്യയിൽ മനുഷ്യത്വത്തെ മാനിക്കാനുള്ള ധർമചിന്തകൊണ്ടു് എല്ലാ ദിവസവും ഞായറാഴ്ചയായിത്തീർന്നിരിക്കുന്നു എന്നാണു് അതിൽ പറയുന്നതു്. കഴിഞ്ഞ കാൽനൂറ്റാണ്ടിലെ ചരിത്രം നിഷ്പക്ഷബുദ്ധ്യാ പരിശോധിക്കുന്നവർക്കു് ഇതേറ്റവും ശരിയെന്നു് കാണാവുന്നതാണു്. ജാതി, മതം, വർഗം, പ്രഭുത്വം മുതലായ കൃത്രിമഭേദകല്പനകളിൽക്കൂടി സ്ഥാപിതതാല്പര്യങ്ങളെ (Vested interest) പരിരക്ഷിക്കാനായി മനുഷ്യത്വത്തെ ചവിട്ടിമെതിക്കുന്ന കാഴ്ചയല്ലേ അന്യരാജ്യങ്ങളിൽ ഇപ്പോഴും നിലവിലിരിക്കുന്നതു്? ആവക അതിർത്തിക്കോട്ടകളെ തച്ചുടച്ചു് അവയുടെ അടിയിൽ കിടക്കുന്ന മനുഷ്യത്വത്തിന്റെ മഹനീയത വെളിപ്പെടുത്തുവാനും എല്ലാ മനുഷ്യരേയും ഒന്നുപോലെ വീക്ഷിക്കുവാനും ഉദ്ബോധിപ്പിക്കുന്ന ഒരു നവീന നീതിശാസ്ത്രത്തെ ജീവിതപ്രമാണമായി സ്വീകരിക്കുവാൻ റഷ്യയ്ക്കു് മാത്രമേ കഴിഞ്ഞിട്ടുള്ളു.
മനുഷ്യജീവിതത്തെ ഭരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രേരകശക്തികൾ പലതുമുണ്ടെങ്കിലും അവയിലേറ്റവും പ്രധാനമായതു് സാമ്പത്തികതാല്പര്യങ്ങളാണെന്നുള്ളതു് ആർക്കും നിഷേധിക്കാൻ വയ്യാത്ത ഒരു പരമാർത്ഥമാകുന്നു. ഏതൊരു സാമ്പത്തികഘടനയിൽ നാം ജീവിക്കുന്നുവോ അതായിരിക്കും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ നിയാമകമായ അടിസ്ഥാനം. പരചൂഷണവും വഞ്ചനയും ഉൾക്കൊള്ളുന്ന ഒരു സാമ്പത്തികവ്യവസ്ഥിതി മനുഷ്യന്റെ സാമൂഹ്യജീവിതസ്വഭാവത്തിലും ആവക ദോഷങ്ങൾ വളർത്തിക്കൊണ്ടുവരുന്നു. ‘ക്യാപ്പിറ്റലിസം’ എന്ന പേരിലറിയപ്പെടുന്ന ധനവ്യവസ്ഥിതി ഇത്തരം ദോഷങ്ങളുടെ വിളനിലമാണെന്നുള്ളതിനു് രണ്ടുപക്ഷമില്ല. ജീവിതമത്സരത്തെ കൊടുംപിരികൊള്ളിച്ചു് മനുഷ്യരെ കേവലം മൃഗസ്വഭാവികളാക്കി പരസ്പരം വേട്ടയാടിക്കുന്ന അതിക്രൂരമായ ഒരേർപ്പാടാണിതു്. അതിന്റെ നന്മകളെടുത്തു് പൊന്തിച്ചുകാണിക്കുന്നവർ ഏതെങ്കിലും തരത്തിൽ അതുകൊണ്ടു് സ്വകാര്യലാഭം നേടുന്നവരാണെന്നും സൂക്ഷിച്ചുനോക്കിയാലറിയാം. കഴിഞ്ഞതും ഇപ്പോൾ നടക്കുന്നതുമായ മഹായുദ്ധങ്ങൾ ഈ ദുഷിച്ച മുതലാളിത്തത്തിന്റെ സന്താനങ്ങളാണെന്നു് പറഞ്ഞാൽ അതായിരിക്കും സത്യം. സോവിയറ്റ് റഷ്യയൊഴിച്ചുള്ള മറ്റു് രാജ്യങ്ങളെല്ലാം ഭരിക്കുന്നതു് വാസ്തവത്തിൽ ഒരു തരം ബാങ്കർമാരും കമ്പനിക്കാരുമാകുന്നു. രാജാവു്, പ്രസിഡണ്ട്, മന്ത്രി മുതലായ പേരുകളിൽ ഭരണകർത്താക്കളായി പ്രത്യക്ഷപ്പെടുന്നവർ മേല്പറഞ്ഞവരുടെ ചരടുപിടിത്തത്തിലാടുന്ന പാവകളാണു്. സർവാധിപതിയായ ഹിറ്റ്ലർക്കുപോലും ഈ മുതലാളിമാരുടെ ധനശക്തിയിൽനിന്നു് വിട്ടു് സ്വതന്ത്രമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ല. ലോകത്തെ മുഴുവൻ ഒരു കശാപ്പുശാലയാക്കിയാലേ തങ്ങളുടെ കച്ചവടലാഭം വർദ്ധിക്കുകയുള്ളു എന്നു് വന്നാൽ ആ ഘോരകർമത്തിനും അവർ തയ്യാറാകുന്നു. രാഷ്ട്രീയമണ്ഡലങ്ങളിൽ നടക്കുന്ന കൂടിയാലോചനകളുടെ പിറകിൽ നിന്നുകൊണ്ടു് ഇവർ നടത്തുന്ന ദ്രോഹകർമ്മങ്ങൾക്കു് അനേകമുദാഹരണങ്ങൾ കാണിക്കാൻ കഴിയും. സ്വന്തം രാജ്യത്തിനു് നാശംവരുത്തുന്ന രഹസ്യവ്യാപാരങ്ങൾപോലും ഇവർ നടത്തുന്നുണ്ടു്. ഇന്നത്തെ യുദ്ധമാരംഭിച്ചതിനുശേഷം ജപ്പാൻകാർ അമേരിക്കൻ കമ്പനിക്കാരിൽനിന്നു് വാങ്ങിയ എണ്ണ ഉപയോഗിച്ചാണു് ‘പേൾ ഹാർബർ’ തകർത്തതു് ! ഇറ്റലി യുദ്ധത്തിൽ ചേരുന്നതിനു് അല്പം മുമ്പുവരെ ആ രാജ്യംവഴിയായി ജർമൻകാർക്കു് ബ്രിട്ടീഷ്കമ്പനിക്കാരുടെ എണ്ണയും മറ്റു് സാമഗ്രികളും രഹസ്യമായി ലഭിച്ചുകൊണ്ടിരുന്നു. ഇതുപോലെ എത്രയെത്ര നിഗൂഢവ്യാപാരങ്ങൾ—ലോകക്ഷേമത്തിന്റെ കഴുത്തിനു് കത്തിവയ്ക്കുന്ന ഘോരപാതകങ്ങൾ—അണിയറയ്ക്കുള്ളിൽ നടക്കുന്നുണ്ടെന്നു് ആർ കണ്ടു! സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം ഇവയുടെ വേരറുക്കുവാൻവേണ്ടി മുതലാളിമാർ കണ്ടുപിടിച്ചിട്ടുള്ള ഒരു വ്യാജവേദാന്തമുണ്ടു്. അതാണു് സ്വകാര്യസ്വത്തിന്റെ പവിത്രത (The sanctity of private property) എന്നതു്. യഥേഷ്ടം ദുർവ്യാഖ്യാനം ചെയ്യാവുന്ന ഈ തത്ത്വത്തിന്റെ പേരിൽ ധനപരമായ എല്ലാ ചൂഷണസമ്പ്രദായങ്ങളും നീതികരിക്കപ്പെടുന്നു! ഭക്ഷണം ലഭിക്കാതെ ലക്ഷക്കണക്കിനു് ജനസഞ്ചയം പട്ടിണികിടന്നു് മരിക്കുമ്പോൾ അതേ ഭക്ഷണസാധനങ്ങൾ കപടക്കച്ചവടമാർഗ്ഗങ്ങളിൽക്കൂടി സംഭരിച്ചു് മറുദേശങ്ങളിലയച്ചു് വിറ്റു് ലാഭമുണ്ടാക്കുക, ഒരിടത്തു് കുന്നുകൂടിക്കിടക്കുന്ന ഗോതമ്പു് മുതലായ സാധനങ്ങൾ ലോകത്തിന്റെ മറ്റൊരു കോണിൽ അവയ്ക്കുവേണ്ടി ജനങ്ങൾ ദാഹിച്ചുകൊണ്ടിരിക്കുമ്പോൾ വിലനിയന്ത്രണത്തിനായി ചുട്ടു് നശിപ്പിക്കുക, ഏതാനും കമ്പനിക്കാരുടെ താല്പര്യങ്ങൾക്കുവേണ്ടി ബഹുലക്ഷം ജനങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുക മുതലായ പൈശാചികകർമ്മങ്ങൾ മിക്ക രാജ്യങ്ങളിലേയും നിയമദൃഷ്ടിയിൽ നീതിമത്കരിക്കപ്പെടാവുന്ന സ്വാഭാവികസംഭാവനകളായിത്തീർന്നിട്ടില്ലേ?
മേൽക്കാണിച്ചവിധം നാനാപ്രാകാരേണ മനുഷ്യവർഗത്തിനൊരാപത്തായിത്തീർന്നിരിക്കുന്ന ഹിംസാത്മകമായ ക്യാപ്പിറ്റലിസത്തെ അടിയോടെ തകർത്തു് തൽസ്ഥാനത്തു് സമത്വവും സാഹോദര്യവും പരസ്പരവിശ്വാസവും ഉൾക്കൊള്ളുന്ന ഒരു നവീനസാമ്പത്തികക്രമം നടപ്പിൽ വരുത്തിയതുകൊണ്ടു് സോവിയറ്റ് റഷ്യയ്ക്കുണ്ടായിട്ടുള്ള ഐശ്വര്യവും സംസ്കാരവും അത്ഭുതാവഹമെന്നേ പറയേണ്ടൂ. ആഹാരം, വസ്ത്രം, വാസസ്ഥലം, വിദ്യാഭ്യാസം, രോഗനിവാരണം എന്നീ പ്രാഥമികജീവിതാവശ്യങ്ങൾ നിർവഹിക്കുവാനുള്ള സൗകര്യങ്ങൾ സർവജനങ്ങൾക്കും ഒന്നുപോലെ ലഭിക്കുക എന്ന മഹനീയാദർശം തികച്ചും പ്രവൃത്തിരൂപത്തിൽ വരുത്തുവാൻ അവിടത്തെ ഗവൺമെന്റിനു് സാദ്ധ്യമായിത്തീർന്നിരിക്കുന്നു. തൊഴിലില്ലായ്മയും പട്ടിണിയും നിശ്ശേഷം നീക്കംചയ്യുവാൻ ആ രാജ്യത്തിനു് മാത്രമേ കഴിഞ്ഞിട്ടുള്ളു. മനുഷ്യൻ പരിഷ്കൃതസമുദായമായി ജീവിക്കുവാൻ തുടങ്ങിയതുമുതൽ ഇന്നുവരെ ഒരു രാജ്യത്തെ ഗവൺമെന്റിനും സാധിക്കാത്ത ഒരു മഹാകാര്യമാണിതു്. ദാരിദ്ര്യത്തിന്റെ ദീനസ്വരത്തിനു് പൂർണവിരാമം ഇട്ടു എന്നുള്ളതുകൊണ്ടുതന്നെ സോവിയറ്റ് റഷ്യ ഭൂമിയിലെ സ്വർഗരാജ്യമായിത്തീർന്നിട്ടില്ലേ?
(വിചാരവിപ്ലവം 1944)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971