
മലയാളഭാഷാസാഹിത്യം ഇപ്പോഴത്തെ സുശോഭനമായ വികാസദശയിലെത്തുന്നതിനുള്ള കാരണങ്ങളിലൊന്നു വിപുലവും, വിഖ്യാതവും ആയ വംഗസാഹിത്യത്തിന്റെ സമ്പർക്കമാണെന്നുള്ളതിൽ രണ്ടുപക്ഷമുണ്ടാകുമെന്നു തോന്നുന്നില്ല. ബങ്കിമചന്ദ്രനും, രവീന്ദ്രനാഥനും മലയാളികളുമായി സാഹിതീസല്ലാപം നടത്തിത്തുടങ്ങിയതോടുകൂടിയാണു് കൈരളീമഹിളയ്ക്കു് അദൃഷ്ടപൂർവ്വമായ ഒരു സുഷമാവിശേഷം സംജാതമായതു്. തർജ്ജമഗ്രന്ഥങ്ങളെക്കൊണ്ടു നമ്മുടെ സാഹിത്യസമ്പത്തു ക്രമപ്രവൃദ്ധമായി വരുന്നുണ്ടെന്നു നവീനകൃതികൾ പരിശോധിച്ചാലറിയാം. വസ്തുരീതി രസാദികളിൽ നൂതനത്വം, വൈചിത്ര്യം ഉൽക്കർഷം എന്നിവകൊണ്ടു മുന്നിട്ടുനില്ക്കുന്നതു വംഗസാഹിത്യകൃതികളുടെ പരിഭാഷകളാകുന്നു. വംഗകവിപുംഗവന്മാരെപ്പറ്റി സ്മരിക്കുമ്പോൾ, ഒന്നാമതായി സ്മൃതിപഥത്തിൽ വിളങ്ങിക്കാണുന്നതു് രവീന്ദ്രനാഥടാഗോർ ആണു്. ലോകത്തിനൊട്ടാകെ കാണത്തക്കവിധം ഉത്തുംഗ യശസ്തംഭം നാട്ടിയിരിക്കുന്ന ആ കവികുലചക്രവർത്തിയുടെ വിശ്വോത്തരങ്ങളായ സൽകൃതിതല്ലജങ്ങളിൽ പലതിനും മലയാളത്തിൽ പ്രചാരം സിദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ടാഗോർകൃതികൾ തർജ്ജമചെയ്യുന്നതിൽ പ്രത്യേകപാടവം നേടിയിട്ടുള്ള പല സാഹിത്യകുശലന്മാരും ഇന്നു കേരളത്തിലുണ്ടു്. മലയാളിടാഗോർ എന്ന മഹനീയ നാമധേയത്തെ ഒരു കേരളീയമഹാകവിക്കു സഹൃദയലോകം സമ്മാനിച്ചിരിക്കുന്നു. ആധുനിക യുവകവികളിൽ പലരും ടാഗോർകവിതയുടെ ഛായ പിടിക്കുവാൻ അത്യുത്സാഹം ചെയ്തുവരുന്നുണ്ടു്. ഇന്നത്തെ നിരൂപണങ്ങളിലും പ്രസ്തുത കവിതയെപ്പറ്റിയുള്ള പ്രസ്താവനകൾ സുലഭങ്ങളായിക്കാണുന്നു. ടാഗോർഭാഷ സാഹിത്യത്തിന്റെ പുതുമോടിക്കു പറ്റിയതാണെന്നു കരുതി ആ ഇനത്തിൽ കുറെ പദങ്ങൾ തേടിപ്പിടിച്ചു് ഒരു രൂപവുമില്ലാത്ത ചില സൃഷ്ടികൾ നടത്തുന്ന കലികാലകമലാസനന്മാരും ഇപ്പോൾ ദുർലഭമല്ല. ഇങ്ങനെ സ്ഥാനത്തിലും അസ്ഥാനത്തിലും ടാഗോർഭ്രമം മൂത്തുതുടങ്ങിയിരിക്കുന്ന സ്ഥിതിക്കു്, തത്സാഹിത്യത്തെപ്പറ്റി പരിചിന്തനം ചെയ്യുന്നതു് അസംഗതമാകുകയില്ലെന്നു വിശ്വസിക്കുന്നു.
സാഹിത്യത്തെ വ്യാപ്യമായ അർത്ഥത്തിൽ വാക്കുകൊണ്ടു വിവരിക്കയെന്നതു തുലോം ദുഷ്ക്കരമാണെന്നു് അതിന്റെ അനുഭവൈകവേദ്യത്വം തെളിയിക്കുന്നു. ഈ നിലയ്ക്കു കുറേക്കൂടി കേവലത്വവും ഗഹനതയും ആവഹിക്കുന്ന ടാഗോർസാഹിത്യത്തിന്റെ വിശദീകരണം വിഷമതരംതന്നെയെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. മനുഷ്യലോകത്തെ നിർവൃതിസമുദ്രത്തിൽ മുക്കിമയക്കുന്ന ഏതോ ഒരു ദൈവികാകർഷണവിശേഷം അതിൽ ലയിച്ചിരിക്കുന്നു എന്നു മൊത്തത്തിൽ പറയാമെന്നല്ലാതെ അതു് എന്താണെന്നു വിസ്തരിക്കുവാൻ സാദ്ധ്യമല്ലതന്നെ.

സാഹിത്യത്തെ വിനോദപ്രധാനമായോ, വിജ്ഞാനപ്രധാനമായോ മാത്രം വ്യവഹരിച്ചുകൂടെന്നു വിമർശകന്മാർ സമ്മതിക്കുന്നുണ്ടു്. രണ്ടിന്റേയും ധർമ്മം അതിൽ ഏകോപിച്ചു നിർവ്വഹിക്കപ്പെടുന്നതുകൊണ്ടു് ഒന്നിനുമാത്രം പ്രാധാന്യം കൊടുക്കുന്നതു യുക്തമല്ല. പക്ഷേ, സാഹിത്യത്തിന്റെ ലൗകികനിലയിലാണു് ഈ ധർമ്മങ്ങളെപ്പറ്റി നാം സാധാരണ ചിന്തിക്കാറുള്ളതു്. മനുഷ്യജീവിതത്തിനെന്നപോലെ സാഹിത്യത്തിനും അലൗകികമായ ഒരു നിലകൂടിയുണ്ടു്. അതിൽക്കൂടി നോക്കുമ്പോൾ സാഹിത്യാസ്വാദനത്തിന്റെ ഫലം ഏതദ്ധർമ്മങ്ങൾക്കും ഉപരിയായി നില്ക്കുന്ന കേവലമായ ആനന്ദമാണെന്നു കാണാം. ഉപ്പുവെള്ളത്തിനും ശുദ്ധജലത്തിനും തമ്മിലുള്ള വ്യത്യാസം, വിനോദത്തിനും ആനന്ദത്തിനും തമ്മിലുണ്ടു്. ചിന്തകനായ അരിസ്റ്റോട്ടിൽ (Aristotle) ശുദ്ധമായ രസം (Refined Pleasure) എന്ന പേരിൽ വേർതിരിച്ചു കാണിക്കുവാൻ ക്ലേശിച്ചിട്ടുള്ളതും ഈ ആനന്ദാവസ്ഥയെയാണു്. ഐശ്വരമായ പ്രേമവും ജ്ഞാനവുംകൊണ്ടു്, വികസ്വരമായ ജീവിതം അനശ്വരമായ ചൈതന്യത്തോടു സമീപിക്കുന്ന ഒരവസ്ഥയാണിതു്. ‘ബ്രഹ്മൈവ രസഃ രസോ വൈസുഃ’ എന്ന ശ്രുതിയുടെ രഹസ്യം സഹൃദയനു് അനുഭവപ്പെടുന്നതും ഈ ഘട്ടത്തിലാണു്. സാഹിത്യത്തിന്റെ പരമമായ ലക്ഷ്യം ഇതാകുന്നു. ഇതരകവികൾക്കു സാധിക്കാത്തവിധം ഈ ലക്ഷ്യത്തെ മുൻനിർത്തി സാഹിത്യവ്യാപാരം ചെയ്യുന്ന അനുഗൃഹീതകവീശ്വരനാകുന്നു രവീന്ദ്രനാഥടാഗോർ.
ആദിമകാലം മുതൽ ഭാരതീയരുടെ ജീവിതോദ്ദേശം ഈശ്വരസാക്ഷാൽക്കാരം അഥവാ ആത്മൈക്യം ആകുന്നു. അവരുടെ ജന്മഭൂമി, മതം, ശാസ്ത്രം, കല ഇവയിൽക്കൂടി പ്രബോധനംചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണു്. പ്രശാന്ത രമണീയവും, വിലോചനാസേചനകവും ആയ പ്രകൃതിസൗന്ദര്യത്തിന്റെ ആവാസഭൂമിയാണു് ഭാരതം. ഈ സൗന്ദര്യതേജസ്സിനേ, സത്യസ്വരൂപമായ നിത്യചൈതന്യത്തിന്റെ ബഹിഃസ്ഫുരണമായി ദർശിക്കുന്നതിനുള്ള ജന്മസിദ്ധമായ ഒരു വാസന ഭാരതീയർക്കുണ്ടു്. ഇൻഡ്യയിലെ മഹാകവികൾ മഹർഷിതുല്യന്മാരുംകൂടി ആയിരിക്കുന്നതിനുള്ള കാരണം ഇതാണു്. അവർ പ്രകൃതിസൗന്ദര്യത്തെ ‘ഈശാവാസ്യമിദം സർവ്വം’ എന്ന ഉപനിഷദ്വാക്യമനുസരിച്ചു സാക്ഷാൽ ബ്രഹ്മതേജസ്സായി കണ്ടു് ആരാധിച്ചിരുന്നവരാണു്. രവീന്ദ്രനാഥടാഗോറും ഈ സാമാന്യനിയമത്തിൽനിന്നു വ്യത്യസ്തനല്ല, വാല്മീകിയും, വേദവ്യാസനും കൊളുത്തിക്കാണിച്ച അതേ ആദർശദീപം തന്നെയാണു് ഇന്നു ടാഗോറും കൈയിലെടുത്തിരിക്കുന്നതു്. അദ്ദേഹത്തിന്റെ വീക്ഷണചാതുര്യം ഭാരതമാതാവിന്റെ പാദപാംസുക്കളെക്കൂടി ദിവ്യവും ദീപ്തിമത്തും ആക്കിത്തീർത്തിരിക്കുന്നു. വിരക്തതയുടെ കാഠിന്യത്തിൽ കരളുറച്ചു് ഈ പ്രപഞ്ചം ശൂന്യവും ശുഷ്കവുമാണെന്നു പറഞ്ഞു് ടാഗോർ ലോക രംഗത്തുനിന്നും പിന്മാറുന്നില്ല. നേരെ മറിച്ചു് അവിടം പ്രേമസൗന്ദര്യങ്ങൾ നിറഞ്ഞൊഴുകുന്ന മനോഹരോദ്യാനമായിട്ടാണു് അദ്ദേഹം കാണുന്നതു്. ടാഗോർ ഒരിടത്തു് ഇങ്ങനെ പറയുന്നു: ‘ഈ ലോകം സത്തോ, അസത്തോ അഥവാ വെറും മായയോ ആണെന്നു് ആരെങ്കിലും കണ്ണടച്ചു വിചാരിച്ചു കൊണ്ടിരിക്കട്ടെ, ഞാൻ ആ സമയം അലംഭാവമില്ലാതെ നേത്രങ്ങളെക്കൊണ്ടു സച്ചിൽ പ്രകാശത്തിൽ പ്രശോഭിക്കുന്ന സുന്ദരമായ ഈ പ്രപഞ്ചത്തെ നോക്കി ആനന്ദിക്കും.’ ടാഗോർ സാഹിത്യം സാമാന്യമായി ഉൽബോധിപ്പിക്കുന്നതെന്താണെന്നു മേലുദ്ധരിച്ചതിൽനിന്നു തെളിയുന്നുണ്ടു്. ഏതൊരു വസ്തുവിലും ദിവ്യമായ സൗന്ദര്യം കണ്ടു നിർവൃതിയടയുന്നതിലുള്ള വാസന അദ്ദേഹത്തിന്റെ ബാല്യംമുതല്ക്കേ പ്രബലമായിരുന്നു. ഒരുദിവസം. പ്രഭാതത്തിൽ ചുറ്റുപാടുമുള്ള പ്രകൃതിയിൽ പ്രകാശിച്ചുകണ്ട ദിവ്യപ്രഭയുടെ ഒരു അന്തർദർശനം (Inner Vision) തനിക്കു സിദ്ധിച്ചു എന്നും, അതിൽനിന്നാണു് തന്റെ കവിതയുടെ ആരംഭമെന്നും അദ്ദേഹം ഒരിക്കൽ പ്രസ്താവിച്ചിട്ടുണ്ടു്. ആ ദർശനരഹസ്യത്തെയാണു് അനന്തരകവിതകളിലെല്ലാം വ്യാഖാനിക്കുവാൻ യത്നിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. (I have tried to explain it in all my poems) ഉത്തരയിൻഡ്യയിൽ പ്രചാരത്തിലിരിക്കുന്ന വൈഷ്ണവസാഹിത്യത്തിൽനിന്നാണു് ടാഗോർക്കവിതയുടെ അങ്കുരങ്ങൾ പുറപ്പെട്ടിട്ടുള്ളതെന്നു ചില നിരൂപകന്മാർ അഭിപ്രായപ്പെടുന്നുണ്ടു്. ‘ഭക്തിസ്ഫുരൻമാധുരി’യോടുകൂടിയ അദ്ദേഹത്തിന്റെ ഗാനപരമ്പരകൾ പരിശോധിച്ചുനോക്കിയാൽ ഇതു് ഏറെക്കുറെ ശരിയാണെന്നു കാണാം. വിദ്യാപതി, ചണ്ഡിദാസ്, ജയദേവൻ, ചൈതന്യൻ, കബീർ മുതലായ ഭക്തകവികൾ കവനസരണിയിൽ ടാഗോറിനു മാർഗ്ഗദർശികളാണു്. അവരുടെ കൃതികളിൽ അദ്ദേഹത്തിനുള്ള പ്രതിപത്തിയും അനൽപമത്രേ. കബീറിന്റെ ഭക്തിസംവർദ്ധകങ്ങളും തത്വപ്രകാശകങ്ങളുമായ 100 പദ്യങ്ങൾ ടാഗോർ തർജ്ജമചെയ്തിട്ടുണ്ടു്. ഈ കവിശ്രേഷ്ഠന്മാരുടെ കൃതികളുമായുള്ള അസാമാന്യ പരിചയം കവിതാനിർമ്മാണത്തിലദ്ദേഹത്തിനു സഹായമായിത്തീർന്നു. ടാഗോർക്കവിത സാദൃശ്യം വഹിക്കുന്ന മറ്റൊരു പ്രസ്ഥാനമാണു് സൂഫിസം (Sufism). സൂഫിസം എന്നു പറയുന്നതു ഹൈന്ദവവേദാന്തവേഷമണിഞ്ഞിട്ടുള്ള അദ്ധ്യാത്മവിദ്യാപരമായ ഒരു മഹമ്മദീയസാഹിത്യശാഖയാകുന്നു. അഖണ്ഡവും അക്ഷയവും ആയ ദൈവികതേജസ്സാണു് ഇക്കാണുന്ന വിശ്വമെന്നത്രേ അതിലെ സിദ്ധാന്തം. ഭൗതികമായ കാന്തി ഈശ്വരസ്മരണതയ്ക്കുവേണ്ടിയുള്ളതാണെന്നും അതു വാദിക്കുന്നു. ഈദൃശാശയങ്ങളുടെ ഛായയാണു് ടാഗോർക്കവിതകളിലും നിഴലിക്കുന്നതു്. ഗാനങ്ങൾ, നാടികകൾ, ചെറുകഥകൾ, നോവലുകൾ, പ്രബന്ധങ്ങൾ ഇങ്ങനെ അഞ്ചു വകുപ്പായിട്ടു ടാഗോർസാഹിത്യത്തെ വിഭജനംചെയ്യാം. ഇവയിൽ ഗാനങ്ങൾക്കും ചെറുകഥകൾക്കും ആണു് മലയാളത്തിൽ അധികം പ്രചാരം സിദ്ധിച്ചിരിക്കുന്നതു്. അദ്ദേഹത്തിന്റെ കൃതികളിൽ പ്രാധാന്യം നേടിയിട്ടുള്ളതും അവയാണു്, ഗാനകൃതികളിൽ ഗീതാഞ്ജലിയും ഗാർഡനറും ചന്ദ്രക്കലയും നാടികകളിൽ ചിത്ര, പോസ്റ്റാഫീസ്, സന്യാസി ഇവയും പ്രത്യേകം പ്രസ്താവയോഗ്യങ്ങളത്രെ. ചെറുകഥകളെല്ലാംതന്നെ കവിയുടെ അനിതരസാധാരണമായ ജീവിതനിരൂപണനൈപുണ്യത്തിനും, മനോധർമ്മമഹിമയ്ക്കും നൃത്തരംഗമായ ഉത്തമസാഹിത്യഫലങ്ങളാകുന്നു. ഇവ ഓരോന്നിനെയുംപറ്റി പ്രത്യേകം വിമർശിക്കുന്നതിനുള്ള ശക്തിയും സൗകര്യവും ഇല്ലാത്തതിനാൽ, സാമാന്യമായി ചിലതു പ്രസ്താവിക്കുവാനേ തല്ക്കാലം ഉദ്ദേശിക്കുന്നുള്ളു.
സുപ്രസിദ്ധമായ നോബൽപ്രൈസ് നേടിയ ഗീതാഞ്ജലിയുടെ പ്രചാരത്തോടു കൂടിയാണു് ടാഗോറിന്റെ കവിയശസ്സു് ബങ്കാളത്തിന്റെ അതിർത്തിപ്രദേശങ്ങളേയും അതിക്രമിച്ചു ഭാരതമെങ്ങും നിറഞ്ഞുകവിഞ്ഞു് ലോകമാസകലം വ്യാപിച്ചതു്. ‘പുളകോൽഗമകാരിവചഃപ്രസര’ത്തിൽ അവ്യാജരമണീയമായ ആത്മീയഗീതം പുറപ്പെടുവിക്കുന്ന ആ ഉൽകൃഷ്ട്രഗ്രന്ഥം ഭാരതീയസാഹിത്യത്തിന്റെ ഉജ്ജ്വലമായ നവീനതേജസ്സിനെ പാശ്ചാത്യർക്കു കാണിച്ചുകൊടുത്തു് അവരെ അത്ഭുതപരതന്ത്രരാക്കി. ഇംഗ്ലീഷിലേക്കു പകർന്നപ്പോൾ അതിന്റെ വൈശിഷ്ട്യം പകുതിയും പൊയ്പോയെന്നു പരിഭാഷകനായ കവി തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിക്കു മൂലഭാഷയിൽ അതു് എത്രത്തോളം ആലോചനാമൃതവും ആപാദമധുരവും ആയിരിക്കുമെന്നു് ഊഹിക്കാം. ‘The flower of English Prose’ എന്നത്രെ പാശ്ചാത്യപണ്ഡിതനായ ഒരു വിമർശകവീരൻ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് തർജ്ജമയെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതു്. ഗീതാഞ്ജലി ഹൃദയത്തിനു് ആനന്ദത്തേയും, പരിശുദ്ധിയേയും, കർണ്ണങ്ങൾക്കു് സംഗീതത്തേയും, നേത്രങ്ങൾക്കു് സൗന്ദര്യപ്രതിമകളേയും, ആത്മാവിനു് ഈശ്വരസ്മരണയേയും പ്രദാനം ചെയ്യുന്നു എന്നു് പാശ്ചാത്യസഹൃദയലോകം മഹാകവിക്കു കൊടുത്ത ഒരു മംഗളപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതും, അവർ ഈ വിശിഷ്ടഗാനമാലയിൽ എത്രത്തോളം ആകൃഷ്ടചിത്തരും, ആസ്വാദനകശക്തരും ആണെന്നു തെളിയിക്കുന്നു. ബാഹ്യപ്രകൃതിയും, മനുഷ്യാത്മാവും തമ്മിൽ ഏകത്വഭാവനയിൽ സന്ധിക്കുന്നിടമാണു് നമ്മുടെ ആരാധനാക്ഷേത്രം (Our temple of worship is there where outward nature, human soul meet in union) എന്നു് കവി പറയുന്നു. ഗീതാഞ്ജലിയിൽ പ്രതിഫലിച്ചുകാണുന്നതു് ഏതാദൃശമായ ഒരു മാനസികാരാധനയത്രെ. സൗന്ദര്യസ്നേഹസ്വരൂപനായ ഈശ്വരന്റെ അപൂർണ്ണമായ ഒരു അഭിവ്യക്തിയാണു് ഈ പ്രപഞ്ചമെന്നും, വ്യാമോഹജനകമായ നാനാത്വം നശിച്ചെങ്കിൽ മാത്രമേ പ്രസ്തുത മനോഭാവം തെളിഞ്ഞു് നാം പരമമായ ഐക്യം പ്രാപിക്കയുള്ളു എന്നും ബ്രഹ്മാണ്ഡഭാണ്ഡപരിശോധകനായ കവി സ്വഗാനങ്ങളിൽക്കൂടി ഉപദേശിക്കുന്നു. ഉന്നതമായ ശാന്തിപീഠത്തിലിരുന്നു് ബ്രഹ്മപദത്തെ ശരവ്യമാക്കി ചെയ്യുന്ന ആത്മാർപ്പണത്തിൽ കവി മനസ്സു കൊണ്ടു വർഷിക്കുന്ന വിചാരകുസുമങ്ങളാണു് ഗീതാഞ്ജലിയിലെ ഗാനങ്ങൾ എന്നു ചുരുക്കിപ്പറയാം. ഈമാതിരിയുള്ള ആത്മപൂജയുടെ രൂപഭേദങ്ങൾ ടാഗോറിന്റെ എല്ലാ കൃതികളിലും സാമാന്യമായി പ്രതിബിംബിക്കുന്നുണ്ടു്. ‘ഗീതാഞ്ജലി ജീവിതത്തിന്റെ സുവർണ്ണസായാഹ്നത്തേയും ‘ഗാർഡനർ’ സ്നേഹപ്രഭാപൂരിതമായ പ്രഭാതത്തേയും ചിത്രീകരിക്കുന്നു’, എന്നു് ഒരു സാഹിത്യമർമ്മജ്ഞൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ‘ഗാർഡനർ’ കവിയുടെ യൗവ്വനകാലത്തിൽ എഴുതപ്പെട്ടിട്ടുള്ള ഒരു കൃതിയാണു്. ഇതിൽ പ്രേമ സാഗരത്തിന്റെ അടിത്തട്ടിലേക്കു് യുവസഹജമായ ഔത്സുക്യത്തോടെ കവിഹൃദയം ചുഴിഞ്ഞുചെല്ലുന്നു. അതിസൂക്ഷ്മങ്ങളായ സ്നേഹപ്രവാഹങ്ങളെക്കൊണ്ടു ജീവിതാഹവത്തിലെ താപവും ഭീതിയും മാച്ചുകളഞ്ഞു് അനുവാചകഹൃദയത്തെ ആശ്വസിപ്പിച്ചാനന്ദിപ്പിക്കുന്നതിനുള്ള ഒരു ശക്തിവിശേഷം കവി ‘ഗാർഡനറി’ൽ അടക്കംചെയ്തിട്ടുണ്ടു്. നിസർഗ്ഗകോമളമായ ബാല്യകാലത്തിന്റെ മാധുര്യമഹിമയും സൌന്ദര്യസമുൽക്കൃഷ്ടതയും സംശുദ്ധിസമ്പൂർണ്ണതയും ആണു് ‘ചന്ദ്രക്കല’യിൽ കളിയാടുന്നതു്. ജീവിതച്ചെടിയുടെ ഇളംതളിരുകൾ സംസാരമരുഭൂമിയിലെ ഉഷ്ണവായു ഏറ്റു് വാടിക്കരിയാതെ ആനന്ദമന്ദമാരുതനിൽ ആടിയിളകുന്ന ഒരു ചിത്രം ഇതിലെ ഓരോ പദ്യത്തിലും വായനക്കാർക്കു കാണ്മാൻ കഴിയും. ചിത്ര, പോസ്റ്റാഫീസ് തുടങ്ങിയ നാടികകൾ ലോക നാടകത്തിലെ മറ്റാരും നോക്കിയാൽ കാണാത്ത ഓരോ രഹസ്യരംഗങ്ങളാകുന്നു. അവയിലെ പാത്രങ്ങളുടെ സംഭാഷണരീതിയും വിവിധ ഭാവപ്രകാശനവും മറ്റും കവിയുടെ സീമാതീതമായ മനോധർമ്മവിലാസത്തേയും നിരീക്ഷണവൈചക്ഷണ്യത്തേയും ഉച്ചത്തിൽ വിളംബരം ചെയ്യുന്നവയാണു്. സങ്കടക്കടൽ നീന്തിക്കടക്കുവാനുദ്യമിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളും അവസ്ഥാഭേദങ്ങളും അവയുടെ യഥാർത്ഥരൂപങ്ങളിൽ തെളിഞ്ഞു് ലോകവ്യവഹാരരഹസ്യങ്ങൾ പരസ്യമാകുന്നതു് ഇത്തരം കൃതികളിലാകുന്നു. ‘സന്യാസി’യെന്ന നാടികയിൽ നായകനായ സന്യാസി മായയുമായി മല്ലടിച്ചു ജയിക്കുന്ന വിധം സംഭാഷണരൂപത്തിൽ വർണ്ണിച്ചിരിക്കുന്നതു് കേൾക്കുക:
സന്യാസി പ്രകൃതിയോടായി പറയുന്നു: ‘ഞാൻ നിന്റെ അടിമയായിരുന്നപ്പോൾ ആത്മനാശകമായ ക്രൂരമത്സരം നടത്തുവാൻ നീ എന്റെ ഹൃദയത്തെ നിയോഗിച്ചു് അതിനെ അതിന്റെതന്നെ അടിമയാക്കിത്തീർത്തു. തങ്ങളേയും സ്വന്തം വക്ത്രഗഹ്വരങ്ങളിൽ പതിക്കുന്ന മറ്റുള്ള സർവ്വത്തേയും ഗ്രസിച്ചുപജീവിക്കുന്ന ആശകൾ എന്റെ നേരെ സക്ഷോഭം പാഞ്ഞലച്ചുകയറി. ഞാൻ എന്റെ നിഴലിനെത്തന്നെ അനുധാവനം ചെയ്തുകൊണ്ടു ഭ്രാന്തചിത്തനായി പാഞ്ഞുനടന്നു. സന്തോഷത്തിന്റെ മിന്നൽപ്പിണരുകളെക്കൊണ്ടു് നീ എന്നെ തൃപ്തിയുടെ ശൂന്യതയിലേക്കു് ഓടിച്ചു. നിന്റെ കവർച്ചക്കാരായ ക്ഷുദാർത്തികൾ ആഹാരം ധൂളിയും, പാനീയം ആവിയുമായി മാറിപ്പോകുന്ന അനന്തമായ ക്ഷാമത്തിലേക്കു് എന്നെ സദാ വിനയിച്ചുകൊണ്ടിരുന്നു. ഒടുവിൽ എന്റെ കണ്ണു് കണ്ണീരും ചാരവുംകൊണ്ടു് നിറഞ്ഞപ്പോൾ നിന്നോടു്, അനവധി രൂപങ്ങളും വേഷപ്പകർച്ചകളും ഉള്ള നിന്നോടു്, പ്രതികാരം ചെയ്യുമെന്നു ഞാൻ സത്യം ചെയ്തു. ഞാൻ ആ അപരിച്ഛിന്നമൂർത്തിയുടെ കൊട്ടാരമായ അന്ധകാരത്തിൽ അഭയം പ്രാപിച്ചു. ഭ്രാന്തിജനകമായ പ്രകാശം അതിന്റെ സർവ്വായുധങ്ങളും ഉപേക്ഷിച്ചു ശക്തിയറ്റു് എന്റെ കാല്ക്കൽ വീഴുന്നതുവരെ ദിനംപ്രതി ഞാൻ അതിനോടു യുദ്ധം ചെയ്തു. ഇതാ ഇപ്പോൾ ഭീത്യാശകളിൽനിന്നു് ഞാൻ മുക്തനായപ്പോൾ മാർഗ്ഗഭ്രമം വരുത്തുന്ന മൂടൽമഞ്ഞു മാഞ്ഞു് എന്റെ യുക്തി ശുദ്ധമായും ഉജ്ജ്വലമായും പ്രകാശിക്കുമ്പോൾ മിഥ്യാസാമ്രാജ്യത്തിനുള്ളിൽ പ്രവേശിച്ചു് അതിന്റെ മാറിടത്തിൽത്തന്നെ ഞാൻ അസ്പൃഷ്ടനായി, അചഞ്ചലനായി, സ്ഥിതിചെയ്യുന്നു.’
കവിയുടെ പ്രസന്നമായ പ്രതിഭയിൽ നടക്കുന്ന ആഴമേറിയ ചിന്തയുടെ കാന്തി കൂടിയ സന്താനങ്ങളാണു് ഈ ദൃശഭാഗങ്ങൾ. അവയുടെ ലക്ഷ്യാർത്ഥം അവലംബിച്ചിട്ടുള്ള പ്രതിപാദനംമൂലം ആശയഗ്രഹണം പലപ്പോഴും ദുഷ്ക്കരമായി തോന്നിയേക്കാം.
ടാഗോറിന്റെ ചെറുകഥകൾക്കാണു് മലയാളത്തിൽ കൂടുതൽ പ്രചാരമെന്നു് മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലൊ. കഥകളുടെ ഒരു കളിത്തൊട്ടിലാണു് ഭാരതം. ചരിത്രദൃഷ്ടിക്കും അതീതമായ പുരാതനകാലത്തുകൂടി അസംഖ്യം കഥാസരിത്തുകൾ ഇൻഡ്യയിൽനിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പ്രവഹിച്ചുകൊണ്ടിരുന്നു. ഹൈന്ദവസാഹിത്യത്തിന്റെ സിംഹഭാഗവും കഥകളുടെ കൂത്തരങ്ങത്രേ. ടാഗോറിന്റെ സാഹിത്യസരസ്വതിയും ഏതൽപ്രസ്ഥാനത്തെ കൂടുതൽ വാത്സല്യത്തോടുകൂടിയാണു് കടാക്ഷിച്ചിരിക്കുന്നതു്. കഥ പറയുന്നതിൽ കവിക്കുള്ള വാസന ജന്മനാസിദ്ധവും അന്യാദൃശവുമാകുന്നു. പാത്രങ്ങളുടേയും സംഭവങ്ങളുടേയും വൈരള ്യം, അവയുടെ സ്വാഭാവികത്വം, അതിമൃദുലങ്ങളായ വികാരങ്ങളുടെ അവസരോചിതമായ ഉത്തേജനം, സാത്വികമായ പ്രേമത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തനം, പരിതഃസ്ഥിതികളുടെ സ്തോഭജനകമായ ചിത്രീകരണം, മർമ്മസ്ഥാനങ്ങളിലുള്ള രസസ്ഫുരണം മുതലായവ ടാഗോർകഥകളുടെ മാഹാത്മ്യസൂചകങ്ങളായ മഹത്തര മുദ്രകളാകുന്നു. ഒരു സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിസ്മയാവഹമായ വാസനയും വൈഭവവും അവയുടെ പരമാവധിയിലെത്തിയിരിക്കുന്നതു് ഈ ചെറുകഥകളിലാണെന്നാണു് എന്റെ എളിയ അഭിപ്രായം. ലോകത്തിലെ ഉത്തമകഥാസാഹിത്യഗ്രന്ഥങ്ങളിൽ അവയ്ക്കുള്ള സ്ഥാനം അദ്വിതീയമാണെന്നു് സഹൃദയന്മാർക്കു് സമ്മതിക്കേണ്ടിവരും. കഥകൾ വായിക്കണമെങ്കിൽ ടാഗോർകഥകൾ വായിക്കുക! സ്നേഹമഹിമ അറിയണമെങ്കിൽ അവയിലെ പാത്രങ്ങളുമായി പരിചയപ്പെടുക! ആനന്ദപ്പുഴയിലാറാടണമെങ്കിൽ ആ പുസ്തകങ്ങൾതന്നെ കൈയിലെടുക്കുക എന്നാണു് എനിക്കു പറവാനുള്ളതു്. എന്തെന്നാൽ അവ ജീവിതമാകുന്ന ഗ്രന്ഥത്തിന്റെ ചെറു വ്യാഖ്യാനങ്ങളോ, അഥവാ സ്നേഹസമുദ്രത്തിൽ സ്വച്ഛന്ദസഞ്ചാരം ചെയ്യുന്ന ചെറു കപ്പലുകളോ ആകുന്നു. ഒരു മഹാകവിയും തത്വജ്ഞാനിയും ‘കഥാകൃത്തുംകൂടി ഒരുമിച്ചിരുന്നു വായനക്കാരുടെനേരെ പുഞ്ചിരിതൂകി സരസസംഭാഷണം ചെയ്യുന്നതു് അവിടെയാണു്. സമുദായയന്ത്രത്തിന്റെ ചലനങ്ങളും, മതപ്പൊരുളിന്റെ മാറ്റൊലിയും, അന്തഃ കരണങ്ങളുടെ പരസ്പര സംഘട്ടനങ്ങളും അവിടെ കേൾക്കാൻ കഴിയും. ടാഗോർകഥകൾ ഭാഷാന്തരം ചെയ്യുന്നതിൽ പ്രത്യേകം പ്രശസ്തി നേടിയിരിക്കുന്ന ഒരു സഹൃദയകോവിദൻ പ്രസ്തുത കഥകളുടെ നിരൂപണത്തിൽ പറഞ്ഞിരിക്കുന്ന ചില അഭിപ്രായങ്ങൾകൂടി ചുവടെ ചേർത്തുകൊണ്ടു് ഈ ഭാഗം അവസാനിപ്പിക്കാം:
‘മനോഹരങ്ങളായ ബങ്കാളസമുദായ ചിത്രങ്ങൾ വഴിയായി അനശ്വരങ്ങളായ ഹൈന്ദവാദർശങ്ങളെ അനന്യസാധാരണമായ ചമൽക്കാരസ്ഫുടതയോടുകൂടി വർണ്ണിച്ചും ഉദാഹരിച്ചും വായനക്കാരെ എന്തെന്നില്ലാത്ത സന്തോഷാത്ഭുതങ്ങൾക്കടിപ്പെടുത്തി അവരിൽ വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നവയാകുന്നു രവീന്ദ്രനാഥടാഗോറിന്റെ പ്രശാന്തരമണീയങ്ങളായ ചെറുകഥകൾ. ആ കഥകളിൽ അതിസൂക്ഷ്മങ്ങളായ മനോവികാരങ്ങളെ കവി മനോധർമ്മമാകുന്ന ഭൂതക്കണ്ണാടിയുടെ സഹായത്താൽ വായനക്കാരുടെ മാംസചക്ഷുസ്സുകൾക്കുപോലും ഗോചരങ്ങളാക്കിത്തീർത്തു് അവരെ ആലോചനാനിമഗ്നരാക്കുന്നു. പറയത്തക്ക പ്ലോട്ടുകൾ ഒന്നും കൂടാതെ സാധാരണമായ ഒന്നോ രണ്ടോ കഥാപാത്രങ്ങളെക്കൊണ്ടു് മനുഷ്യലോകം മുഴുവനും മനോമുകുരത്തിൽ പ്രതിഫലിപ്പിച്ചുകാണിക്കുന്ന ഓരോ കഥയും ഓരോ വലിയ നോവലാകുന്നു.’
ചെറുകഥകളിലെപ്പോലെ നോവൽ നിർമ്മാണത്തിൽ ടാഗോറിനു വേണ്ടത്തക്ക പ്രാവീണ്യം പ്രദർശിപ്പിക്കുവാൻ സാധിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ‘ഗോറാ’ മുതലായ നോവലുകൾ സാഹിത്യഗുണത്തിൽ കുറെ പിന്നോക്കം നില്ക്കുന്നവയാണെന്നു പലരും അഭിപ്രായപ്പെടുന്നു.
ഒരു കവിയും കാഥികനും എന്നതുപോലെതന്നെ ടാഗോർ ഒരു ഒന്നാംതരം പ്രാസംഗികനും നിരൂപകനുംകൂടിയാകുന്നു. അദ്ദേഹം അമേരിക്കയിലും ഇംഗ്ലണ്ടിലുംവെച്ചു ചെയ്ത ഗംഭീരങ്ങളായ പ്രസംഗങ്ങളുടെ ഒരു സമാഹാരമാണു് ‘സാധന’യെന്ന സൽക്കൃതിരത്നം. പാശ്ചാത്യപൗരസ്ത്യാദർശങ്ങൾ, ജീവിതോദ്ദേശം, യഥാർത്ഥ പരിഷ്ക്കാരം മുതലായ വിവിധ വിഷയങ്ങളെ പുരസ്കരിച്ചു് വിമർശപരമായ കുശാഗ്രബുദ്ധിയോടുകൂടി അദ്ദേഹം അതിൽ പുറപ്പെടുവിച്ചിട്ടുള്ള ഗംഭീരാശയങ്ങൾ ഭാരതീയസാഹിത്യത്തിലെ ഒരു ജ്ഞാനഭണ്ഡാഗാരംതന്നെയാകുന്നു. മറ്റെങ്ങും കാണാത്തതായ ഒരു നവചൈതന്യവും വാഗ്വിലാസവും ആണു് അദ്ദേഹത്തിന്റെ പ്രസംഗപ്രബന്ധപരമ്പരകളെ ആമൂലാഗ്രം അത്യന്തഹൃദ്യമാക്കിത്തീർത്തിരിക്കുന്നതു്. ടാഗോർ, കവികളുടെ ഒരു കവിയും അവരുടെ ഒരു നിരൂപകനുംകൂടിയാണെന്നുള്ളതു് ഇതരകവികളെ അപേക്ഷിച്ചു് അദ്ദേഹത്തിനുള്ള ഒരു വിശേഷയോഗ്യതയാണു്. എത്രയെത്ര ആലോചിച്ചാലും അറുതിവരാത്ത ആശയങ്ങളുടെ ഒരു നിക്ഷേപമാകുന്നു ടാഗോറിന്റെ കവിതാനിരൂപണം. ഭാരതീയസാഹിത്യത്തിന്റെ വിജയപതാകകളായ ഭാരതരാമായണാദി ഗ്രന്ഥങ്ങളും, കാളിദാസകൃതികളും അദ്ദേഹത്തിന്റെ നിരൂപണദൃഷ്ടിക്കു വിഷയീഭവിച്ചിട്ടുണ്ടു്. നിരവധി നിരൂപകന്മാർ അനേക ശതാബ്ദങ്ങളായി ചികഞ്ഞുനോക്കി സത്തെടുത്തുകൊണ്ടിരിക്കുന്ന ഈ മഹാഗ്രന്ഥങ്ങൾ ടാഗോറിന്റെ ഗൃദ്ധ്റനേത്രനിരീക്ഷണത്തിൽ അതുവരെ ആരും കണ്ടുപിടിക്കാത്ത നവീനാശയങ്ങളുടെ പേടകങ്ങളായി കാണപ്പെടുന്നു. അവ ചമൽക്കാര പരിപൂർണ്ണതയോടെ കവിയുടെ മധുരമഞ്ജുളമായ സംഗീതഭാഷയിൽ പൊന്തിവരുന്നതു കാണേണ്ട ഒരു കാഴ്ച തന്നെയാണു്. ശാകുന്തളത്തേയും കുമാരസംഭവത്തേയും നിരൂപണം ചെയ്യുമ്പോൾ അദ്ദേഹം ഇപ്രകാരം പറയുന്നു: ‘മോഹം നാശത്തിനു കാരണമാകുമെന്നും സൗന്ദര്യം അഭംഗുരമാകണമെങ്കിൽ അതു ധർമ്മത്തെ അവലംബിക്കണമെന്നും ശ്രേഷ്ഠതമമായ പ്രേമം ശാന്തവും സംസ്കൃതവും ഉദാരവും ആയതാണെന്നും ഉച്ഛൃംഖലമായ കാമം സൗന്ദര്യത്തെ അതിവേഗത്തിൽ ഹീനമാക്കുന്നു എന്നും സൗന്ദര്യത്തിന്റെ വാസ്തവമായ അനുഭവയോഗ്യത സംയമനത്തിലാണു് അടങ്ങിയിരിക്കുന്നതെന്നും കാളിദാസൻ മേല്പറഞ്ഞ രണ്ടു കാവ്യങ്ങളിൽ പ്രത്യക്ഷമായി പ്രദർശിപ്പിക്കുന്നു. ഭാരതഖണ്ഡത്തിലെ ഈ പ്രാചീനകവി പ്രേമത്തിന്റെ മഹിമ കാമവികാരമാണെന്നു് ഒരിക്കലും സമ്മതിക്കുന്നില്ല. അതിന്റെ ഉൽക്കൃഷ്ടപരിണാമം നന്മയാണെന്നു് ഉൽഘോഷിക്കുകയും ചെയ്യുന്നു. കാളിദാസന്റെ കാവ്യങ്ങളിൽ സൗന്ദര്യഭോഗങ്ങളുടെ സ്വച്ഛന്ദവിഹാരങ്ങൾക്കിടയിൽ ഭോഗങ്ങളോടുള്ള വൈരസ്യവും തെളിഞ്ഞുകിടപ്പുണ്ടു്. മഹാഭാരതം ഒരേസമയത്തു് കർമ്മത്തേയും സർവ്വസംഗപരിത്യാഗത്തേയും ഉപദേശിക്കുന്ന ഒരു ഇതിഹാസമായിരിക്കുന്നതുപോലെ കാളിദാസനും സൗന്ദര്യവിലാസങ്ങളെപ്പോലെ വൈരാഗ്യത്തെയും കാവ്യനാടകങ്ങൾവഴിയായി ഉപദേശിക്കുന്നു. കാളിദാസരുടെ ഓരോ പദ്യവും മുത്തുമണിപോലെ ദീപ്തവും മുഴുവൻകാവ്യം മുക്തഹാരംപോലെ മനോഹരവുമാകുന്നു.’
ടാഗോറിന്റെ ഈമാതിരി നിരൂപണങ്ങൾതന്നെ ഓരോ ഉത്തമകാവ്യമാണെന്നു പറയാം. അദ്ദേഹം ഏതു വിഷയത്തെപ്പറ്റി എന്തു പറഞ്ഞാലും അതിനു് ഒരു പ്രത്യേക ജീവനും വൈചിത്ര്യവും വന്നുചേരുന്നു. ഇങ്ങനെ സാഹിത്യഗ്രന്ഥത്തിൽ ഏതുവേഷവും സ്വീകരിച്ചു വിജയം നേടുന്നതിനുള്ള സർവ്വതോന്മുഖമായ സാമർത്ഥ്യം സമ്പാദിച്ച മഹാകവികൾ ഇന്ത്യയിൽ അധികം അവതിരിച്ചിട്ടില്ല എന്നുമാത്രമല്ല, സാഹിത്യത്തിന്റെ നാനാശാഖകളിലായി ഇത്രയും പ്രശസ്ത കൃതികളും പ്രബന്ധങ്ങളും ഒരു കവിയിൽനിന്നും ലഭിച്ചിട്ടുണ്ടോ എന്നും സംശയമാണു്.
ടാഗോറിന്റെ സാഹിത്യത്തിൽ പൊതുവേ കാണുന്ന ഗാംഭീര്യം അദ്ദേഹത്തിന്റെ അഗാധമായ തത്വചിന്തയിൽനിന്നും ആത്മബോധത്തിൽനിന്നും വന്നതാകുന്നു. ഒരു യഥാർത്ഥ കവി ഒരു തത്വജ്ഞാനികൂടി ആയിരിക്കുമെന്നതിനു ടാഗോർകവിത ഉദാഹരണമാണു് വേദാന്തതത്വങ്ങളുടെ കവിതാരസം കലർന്ന സമ്മേളനം പ്രസ്തുത സാഹിത്യത്തിൽ സർവ്വത്ര പ്രത്യക്ഷപ്പെടുന്നുണ്ടു്. ടാഗോർകൃതികൾ ഉപനിഷത്തുകളുടെ ഒരു രമണീയ വ്യാഖ്യാനമാണെന്നു പറയുന്നതും ഇതുകൊണ്ടത്രെ. ജീവിത തത്വനിരൂപണത്തിൽ സൂക്ഷ്മദർശിയായ ഒരു താത്വികനാണു് ടാഗോർ. ഈശ്വരൻ, പ്രപഞ്ചം, ആത്മാവു്, മരണം തുടങ്ങിയ ഗഹനവിഷയങ്ങളെക്കുറിച്ചു് തികഞ്ഞ സാഹിത്യഭംഗിയോടുകൂടി അദ്ദേഹം പരിചിന്തനം ചെയ്തിട്ടുണ്ടു്. നാം ക്ഷണികമെന്നു ഭ്രമിച്ചു ഭയപ്പെടുന്ന ഈ ജീവിതം വാസ്തവത്തിൽ നിത്യതയുടേയും പൂർണ്ണതയുടേയും ഒരു പ്രതിഫലനമാണെന്നു് അദ്ദേഹം സമർത്ഥിക്കുന്നു. മരണമെന്നതു് മനുഷ്യജീവിതത്തെ ഗ്രസിച്ചുകളയുന്ന ശൂന്യമായ ഒരു കൊടിയ പിളർപ്പല്ലെന്നും അതിന്റെ ഭയങ്കരരൂപം അന്ധമായ മനസ്സിന്റെ ഒരു കൃത്രിമസൃഷ്ടി മാത്രമാണെന്നും ആണു് കവി ഉപദേശിക്കുന്നതു്. ‘മൃത്യുദേവത! നീ ശാശ്വതമായ പൂർണ്ണതയാകുന്നു. ഈ ലോകം ഒരു ശിശുവിനെപ്പോലെ നിന്റെ ഭുജങ്ങളിൽ എന്നെന്നേക്കുമായി വിശ്രമിക്കുന്നു,’ എന്നിങ്ങനെ ഒരു ഘട്ടത്തിൽ കവി ഗാനം ചെയ്യുന്നുണ്ടു്.
ഇംഗ്ലീഷിൽ മിസ്റ്റിസിസം എന്നു പറയുന്ന മേൽക്കാണിച്ച രീതിയിലുള്ള അതിസൂക്ഷ്മമായ ആത്മീയവിചാരവും അതിനെ ഭംഗ്യന്തരേണ പ്രകാശനം ചെയ്യുന്ന സിംബോളിസം എന്നു പറയുന്ന ഒരുതരം അർത്ഥാലങ്കാരധ്വനിരൂപങ്ങളും ആണു് ടാഗോർകവിതയുടെ ജീവനാഡിയായി നിലകൊള്ളുന്നതു് എല്ലാ കൃതികളിലും സാർവ്വത്രികമായി കാണുന്ന ഈ സ്വഭാവവിശേഷം ടാഗോർകവിതയുടെ ആസ്വാദനത്തിനു് പ്രതിബന്ധമായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിനു് അവരെത്തന്നെ കുറ്റപ്പെടുത്തിയാൽ മതി. കവിതാകാമിനിയുടെ ബാഹ്യാഡംബരങ്ങളിൽ മാത്രം ദത്തദൃഷ്ടികളായിട്ടുള്ളവർക്കു് അദ്ദേഹത്തിന്റെ അനർഘസൂക്തികൾ അർത്ഥമില്ലാത്ത ഭ്രാന്ത ജല്പനകളായി തോന്നിയേക്കാം. ഗീതാഞ്ജലി തുടങ്ങിയ ഗ്രന്ഥങ്ങളിൽനിന്നും വെറും പാണ്ഡിത്യബലംകൊണ്ടു് കവിതാരസം പിഴിഞ്ഞെടുക്കാമെന്നു വിചാരിക്കുന്നതു് മൗഢ്യമാണ്. നല്ല ഹൃദയശുദ്ധിയും ചിന്താവാസനയും ഈശ്വരഭക്തിയുംകൂടിയുള്ള സഹൃദയന്മാർക്കേ അതു ക്ഷിപ്രസാദ്ധ്യമാകൂ. ടാഗോർകവിതയെന്നു പറയുന്നതു് വെറും വാഗർത്ഥങ്ങളുടെ ഒരു യോജനയല്ല. ചിന്താഭാസുരമായ ഭാവനാലോകത്തിലിരുന്നു് അദൃശ്യനായ ഈശ്വരന്റെ പാദപത്മങ്ങളിൽ കവി ചെയ്യുന്ന ആത്മാരാധനയുടെ ഒരു വാഗ്രൂപമാകുന്നു അതു്. മനസ്സിന്റെ രാജസ-താമസവൃത്തികൾ പ്രബലപ്പെട്ടിരിക്കുമ്പോൾ ആ പരിശുദ്ധ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതു് നിരാശയോടെ പിന്തിരിയുവാൻവേണ്ടി മാത്രമായിരിക്കും. യാതൊരു അർത്ഥവിചാരവും കൂടാതെ പ്രകൃതിദേവിയും, പുഞ്ചിരിപ്പൂനിലാവും, മഴക്കാറും, മഴവില്ലും, മിന്നലും, മിന്നാമിനുങ്ങുമൊക്കെ കൂട്ടിയിണക്കിയാൽ ടാഗോർകവിതയെന്നു കരുതി ആ മട്ടുപിടിച്ചു് സൂത്രപ്പണിചെയുന്ന സമ്പ്രദായം മലയാളത്തിൽ അടിയുറപ്പിച്ചു വരുന്നതുകണ്ടു് പലരും നെറ്റി ചുളിക്കുന്നുണ്ടെന്ന സംഗതി ഈയവസരത്തിൽ മറച്ചുവയ്ക്കത്തക്കതല്ല. എത്ര നല്ല കാര്യത്തിലായാലും നിരങ്കുശമായ അതിരറ്റ അനുകരണം പരിഹാസപരമായി കലാശിച്ചേക്കും.
ഇതരദേശീയർ ഇന്നു് ഇൻഡ്യയെ അതിന്റെ ശരിയായ രൂപത്തിൽ കാണുന്നതു്, ടാഗോർകൃതികളിൽക്കൂടിയാകുന്നു. അവയിൽ സർവ്വപ്രധാനമായി പ്രതിഫലിക്കുന്ന ദേശീയത്വം മാതൃഭൂമിയോടുള്ള ടാഗോറിന്റെ നിഷ്കളങ്കമായ ഭക്തിയിൽനിന്നു് ഉത്ഭവിച്ചതും അതിന്റെ നിരുപമായ മാഹാത്മ്യത്തെ തുറന്നുകാണിക്കുന്നതും ആകുന്നു. ‘ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാതപി ഗരീയസി’ എന്ന തത്വം അദ്ദേഹം അക്ഷരംപ്രതി അനുവർത്തിച്ചുകൊണ്ടാണു് ജീവിച്ചുപോരുന്നതു്. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി നിമിഷംപ്രതി പ്രാർത്ഥിച്ചും ലോകത്തിനു വെളിച്ചംകൊടുത്തിരുന്ന അവിടത്തെ പ്രാചീനാദർശങ്ങളെ നിരന്തരം കീർത്തിച്ചും അങ്ങോട്ടു് അന്യദേശീയരെ ആകർഷിച്ചും അദ്ദേഹം ഉൽക്കണ്ഠാകുലനായി സ്ഥിതിചെയ്യുന്നു. ഇൻഡ്യയുടെ ഹൃദയം തുടിക്കുന്നതു് ഈ ഗായകകവിയുടെ കവനവീണയിൽനിന്നും കേൾക്കുന്ന നാദത്തിൽക്കൂടിയാണു്. അദ്ദേഹത്തിന്റെ ദേശീയഗാനങ്ങൾ ബദരീനാഥംമുതൽ കുമാരീക്ഷേത്രംവരെ പ്രതിദ്ധ്വനിച്ചു് നാട്ടുകാരെ തട്ടിയുണർത്തി മുന്നോട്ടു പായിക്കുന്നു. ‘എവിടെ മനസ്സു നിർഭയമാകുന്നുവോ,’ എന്നു തുടങ്ങുന്ന പ്രോജ്ജ്വലമായ പ്രാർത്ഥന ഏതൊരിന്ത്യാക്കാരനെയാണു് രോമാഞ്ചകഞ്ചുകിതനാക്കാത്തതു്? ഭാരതീയാദർശങ്ങൾ മനസ്സിലാക്കുക, അവയിൽനിന്നും വ്യതിചലിക്കാതെ കാലോചിതമായ പരിഷ്ക്കാരം സ്വീകരിച്ചു് ആത്മബോധത്തോടുകൂടി ജീവിക്കുക, പുരാതനയതീശ്വരന്മാരുടെ വംശപരമ്പരയിൽപ്പെട്ടവനാണെന്നഭിമാനിച്ചു് മാതൃഭൂമിയുടെ മാനം പുലർത്തുക; ഇതാണു് ശാന്തിനികേതനത്തിലെ മഹർഷിയും മഹാകവിയുമായ ആ പുണ്യപുരുഷന്റെ സന്ദേശം. ഇതിന്റെ അർത്ഥവിചാരമാണു് അദ്ദേഹത്തിന്റെ സാഹിത്യം. ഭാരതീയരായി ജീവിക്കണമെന്നുള്ളവർ അതു വായിക്കയും പഠിക്കയും ചെയ്യണമെന്നു പ്രാർത്ഥിച്ചുകൊണ്ടു് കേവലം ഒരു ദിങ്മാത്രപ്രദർശനമായ ഈ സാഹിത്യവിചാരത്തിൽനിന്നും വിരമിക്കുന്നു.
(സാഹിതീയം)

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971