ഹിന്ദുമതത്തിന്റെ നട്ടെല്ലാണു് ജാതിവ്യവസ്ഥ. ആ നട്ടെല്ലു പൊട്ടിയാൽ മതം തന്നെ തകർന്നു താഴെ വീഴും. ബുദ്ധിമാന്മാരായ ബ്രാഹ്മണപണ്ഡിതന്മാർ അതു മനസ്സിലാക്കിക്കൊണ്ടാണു് ഏതു കാലാവസ്ഥയിലും ജാതി നശിക്കാതിരിക്കാനുള്ള സകല വിദ്യകളും പ്രയോഗിച്ചിരിക്കുന്നതു്. ‘വേദോപനിഷത്തുകളിൽ ജാതിചിന്തയില്ല പുരാണേതിഹാസങ്ങളിലേ ഉള്ളു’ എന്നു സാധാരണ പറഞ്ഞു കേൾക്കാറുണ്ടു്. ഇതു വെറും അബദ്ധമാണു്. ഹിന്ദുമതമെന്നു പറഞ്ഞാൽത്തന്നെ ബ്രാഹ്മണമതമാണല്ലോ. അതിലെ സകല ഗ്രന്ഥങ്ങളുടെയും പശ്ചാത്തലം ചാതുർവർണ്യമാണു്. മന്ത്രങ്ങൾ, സൂത്രവാക്യങ്ങൾ, തത്ത്വചിന്ത, ശാസ്ത്രം, സാഹിത്യം എന്നീ വഴികളിൽക്കൂടിയെല്ലാം തന്നെ ബ്രാഹ്മണൻ ജാതിചിന്ത കുത്തിച്ചെലുത്തിയിട്ടുണ്ടു്. ‘ഗുഡജിഹ്വികാന്യായേന’യാണു് അവർ ഈ കൗശലം പ്രയോഗിച്ചിരിക്കുന്നതു്. കുട്ടികൾക്കു കയ്പുള്ള മരുന്നു കഴിക്കാൻ ആദ്യം നാക്കിൽ കുറെ ശർക്കര വച്ചു കൊടുക്കുന്നതുപോലെ ഒന്നാംതരം സാഹിത്യത്തിലും തത്ത്വചിന്തയിലും ശാസ്ത്രവിചാരത്തിലും മറ്റും ഈ വിഷം കലർത്തി തൽക്കർത്താക്കൾ പ്രാചീനകാലം മുതൽക്കേ ഹൈന്ദവജനതയുടെ മതമൂഢമായ മനസ്സിനെ തളർത്തിയിട്ടിരിക്കയാണു്. ജാതിചിന്തയുടെ അന്തരീക്ഷത്തിലാണു് ഹിന്ദുക്കൾ ജനിക്കുന്നതും വളരുന്നതും മരിക്കുന്നതും അവരുടെ സുബോധമനസ്സിൽ മാത്രമല്ല, അബോധമനസ്സിൽപോലും ജാതിമനോഭാവം നൂറ്റാണ്ടുകളായി വിലയിച്ചുകിടക്കുന്നുണ്ടു്. വേദോപനിഷത്തുകളിലെ വാക്യങ്ങൾ പരമപ്രമാണങ്ങളാണെന്നത്രെ ഇന്നു ഗണിക്കപ്പെടുന്നതു്. ഈ അന്ധവിശ്വാസം നിലനിൽക്കുന്ന കാലത്തോളം ചാതുർവർണ്യവ്യസ്ഥയ്ക്കു ഉടവുതട്ടുകയില്ല. മഹാത്മാഗാന്ധി പോലും ഈ വിശ്വാസത്തിൽ നിന്നു തീരെ മുക്തനായിരുന്നോ? ഡോക്ടർ അംബദ്കറു മായുള്ള വാദപ്രതിവാദത്തിൽ അദ്ദേഹം പറയുകയാണു്:
“എന്റെ ആശയപ്രകാരമുള്ള ഹിന്ദുമതത്തിൽ ഉച്ചഭാവനയോ നീചഭാവനയോ ഇല്ല. എന്നാൽ ഡോക്ടർ അംബദ്കർ വർണാശ്രമവ്യവസ്ഥയെത്തന്നെ എതിർക്കുമ്പോൾ എനിക്കു് അദ്ദേഹത്തിന്റെ ക്യാമ്പിൽ നിൽക്കാൻ സാദ്ധ്യമല്ല. എന്തെന്നാൽ വർണാശ്രമം ഹിന്ദുമതത്തിന്റെ അവിഭാജ്യഭാഗമാണെന്നു ഞാൻ വിശ്വസിക്കുന്നു.” (There is no superiority or in the Hinduism of my conception. But when Dr. Ambedkar wants to fight “Varnasrama” itself I cannot be in his camp, because I believe Varnasrama to be an integral part of Hinduism.)
ഇങ്ങനെ വിശ്വസിക്കുന്ന ഒരാളിൽനിന്നു ജാതിചിന്ത തീരെ വിട്ടുപോകുമോ? ഗാന്ധിജി യിൽ ആ വിശ്വാസം ഉറപ്പിച്ചതു് ഉപനിഷത്തുക്കളും ഭഗവദ്ഗീതയുമായിരിക്കണം. ഈ വക ഗ്രന്ഥങ്ങളെ കാലോചിതവും നിരൂപണപരവുമായ സ്വതന്ത്രബുദ്ധിയോടെ അദ്ദേഹം പരിശോധിച്ചിരുന്നില്ല. പ്രപഞ്ചവിജ്ഞാനം ശൈശവദശയിലിരുന്ന കാലത്തുണ്ടായ ഈ മതഗ്രന്ഥങ്ങളിൽ കാണുന്നതൊക്കെ ശരിയെന്നു വിശ്വസിക്കുന്ന ഒരാൾക്കു് അവയുടെ പ്രാമാണ്യത്തിൽ അധിഷ്ഠിതമായിരിക്കുന്ന വർണവ്യവസ്ഥയെ പാടെ ഉപേക്ഷിക്കാൻ എങ്ങനെ കഴിയും?
ഉപനിഷത്തുകൾ ബ്രഹ്മതത്ത്വപ്രതിപാദകങ്ങളാണെന്നത്രെ പൊതുവെ പറയപ്പെടുന്നതു്. ബ്രഹ്മതത്ത്വവിചാരണയിൽ ജാതിചിന്തയ്ക്കെവിടെ സ്ഥാനം? രണ്ടിനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഇല്ലെങ്കിൽ പിന്നെ ഈ സാമൂഹ്യവ്യവസ്ഥ തത്ത്വജ്ഞാനഗ്രന്ഥങ്ങളിൽ കടന്നുകൂടിയതെങ്ങനെ? ഇവിടെയാണു് ബ്രാഹ്മണന്റെ അസാമാന്യമായ ബുദ്ധിവൈഭവം കാണേണ്ടതു്. ശുദ്ധാദ്വൈതതത്ത്വം ഉപദേശിക്കുമ്പോഴും ബ്രാഹ്മണ പ്രാമാണ്യത്തിന്റെ ഒരു ഡോസ് കൂടി അതിൽ കലർത്താൻ അന്നത്തെ ഋഷിപുംഗവന്മാർ നിഷ്കർഷിച്ചിരുന്നു. സാഹിത്യാദികലകളും അവർ ഇതിനുവേണ്ടി ഫലപ്രദമായി ഉപയോഗിച്ചു. ഛാന്ദോഗ്യോപനിഷത്തിൽ സത്യാന്വേഷിയായ ഒരു സത്യകാമന്റെ കഥയുണ്ടു്. ബാലനായ സത്യകാമൻ ഒരു ഗുരുവിന്റെ ആശ്രമത്തിൽ വിദ്യാർത്ഥിയായിപ്പോകാൻ നിശ്ചയിച്ചു. പുറപ്പെടുന്നതിനുമുമ്പു് അമ്മയോടു തന്റെ ഗോത്രമേതെന്നും പിതാവാരാണെന്നും മകൻ ചോദിച്ചുവത്രെ.
അമ്മ പറയുകയാണു് ‘കുട്ടി ഞാൻ ചെറുപ്പത്തിൽ വീട്ടുവേലക്കാരിയായി പലയിടത്തും നടന്നപ്പോഴാണു നീ ജനിച്ചതു്. നിന്റെ അച്ഛനാരെന്നോ ഗോത്രമേതെന്നോ എനിക്കറിഞ്ഞുകൂടാ. ഒരു കാര്യത്തിൽ തീർച്ചയുണ്ടു്. എന്റെ പേരു് ജാബാല എന്നാണു് നിന്റെ പേരു സത്യകാമനെന്നും അതു കൊണ്ടു ഗുരു ചോദിക്കുമ്പോൾ നീ സത്യകാമജാബാലൻ എന്നുമാത്രം പറഞ്ഞു കൊള്ളു.’
കുട്ടി ഗുരുവിന്റെ അടുത്തു ചെന്നപ്പോൾ ആദ്യം പുറപ്പെട്ട ചോദ്യം ജാതിയെപ്പറ്റിയായിരുന്നു ബ്രാഹ്മണകുമാരനാണോ എന്നറിഞ്ഞിട്ടു വേണമല്ലോ ബ്രഹ്മവിദ്യ ഉപദേശിക്കാൻ ‘നിന്റെ ഗോത്രമേതു്?’എന്നു ഗുരുവിന്റെ ചോദ്യം. കുട്ടി ഒന്നും മറച്ചുവെയ്ക്കാതെ അമ്മ പറഞ്ഞതു മുഴുവൻ അദ്ദേഹത്തെ ധരിപ്പിച്ചു.
ഗുരു അത്ഭുതാനന്ദത്തോടെ പറകയാണു്: ‘ഓ ധീരനും സത്യവാനുമായ കുട്ടി ഒരു ബ്രഹ്മണകുമാരനല്ലാതെ ഇത്രയും അസുഖകരമായ സത്യം വെളിപ്പെടുത്തുകയില്ല അതുകൊണ്ടു നീ ബ്രാഹ്മണൻതന്നെ. പഠിക്കാൻ തയ്യാറായിക്കൊൾക.’
ബ്രാഹ്മണനല്ലാത്ത ഒരുവനു് ഇത്രത്തോളം ഹരിശ്ചന്ദ്രനാകാൻ കഴികയില്ലെന്നാണല്ലോ ഇതിലെ ധ്വനി—മഹാഭാരതത്തിലെ കർണൻ, താൻ ബ്രാഹ്മണനാണെന്നു കള്ളം പറഞ്ഞാണു വിദ്യ അഭ്യസിച്ചതു്. സത്യം പുറത്തായപ്പോൾ അതിനു തക്ക ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇങ്ങനെ തരം കിട്ടുമ്പോഴൊക്കെ ബ്രാഹ്മണമാഹാത്മ്യം തമ്പേറടിച്ചു കാണിക്കുന്ന സമ്പ്രദായം പുരാതനമഹർഷിമാരുടെ ഒരു തൊഴിലായിരുന്നു. ബൃഹദാരണ്യകോപനിഷത്തിൽ കാണാം മറ്റൊരു കഥ. ബാലാകിയെന്നൊരു ബ്രാഹ്മണൻ സർവജ്ഞഭാവം നടിച്ചു ക്ഷത്രിയരാജാവായ അജാതശത്രുവിന്റെ അടുത്തു ചെന്നു തർക്കിച്ചു തുടങ്ങി. തർക്കത്തിൽ തോറ്റപ്പോഴാണു് രാജാവിനു് തന്നേക്കാൾ എത്രയോ കൂടുതൽ ബ്രഹ്മജ്ഞാനം ഉണ്ടെന്നു മനസ്സിലായതു്. ജിജ്ഞാസുവായ ആ ബ്രാഹ്മണൻ ആത്മോപദേശം നൽകണമെന്നു രാജാവിനോടു് അഭ്യർത്ഥിച്ചു. അപ്പോൾ രാജാവിനൊരു ശങ്ക! നാട്ടുനടപ്പിനു വിരുദ്ധമായി ഒരു ക്ഷത്രിയൻ ബ്രാഹ്മണനെ പഠിപ്പിക്കുകയോ? നേരെമറിച്ചാണല്ലോ വേണ്ടതു്. എങ്കിലും ക്ഷത്രിയൻ ശങ്കിച്ചു ശങ്കിച്ചു കുറെയൊക്കെ പറഞ്ഞു കൊടുത്തുവത്രെ! ഇവിടെയും അപ്രസക്തമായി ബ്രാഹ്മണമാഹാത്മ്യം തല പൊക്കിയിരിക്കുന്നതു നോക്കുക. പഠിക്കാത്തവനായാലും ജാതിസോപാനത്തിൽ അത്യുന്നതസ്ഥാനം ബ്രാഹ്മണനുതന്നെ. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ ഉണ്ടു്! മറ്റു ചില തത്ത്വങ്ങൾ പഠിപ്പിക്കാനാണു് ഈവക കഥകൾ കൊണ്ടുവരുന്നതെന്നു ചിലർ വാദിച്ചേക്കാം. പക്ഷേ, അക്കൂട്ടത്തിൽ ഈ ജാതിവൈകൃതം കൂടി ഇങ്ങനെ തുന്നിപ്പിടിപ്പിക്കുന്നതെന്തിനാണെന്നു് അവർ ആലോചിക്കുന്നില്ല. പരമാത്മാവിന്റെയും പരബ്രഹ്മത്തിന്റെയും കാര്യം പറയുന്നിടത്തു ജാതിക്കെന്തു സ്ഥാനം? കേവലം ഒരു തത്ത്വശാസ്ത്രഗ്രന്ഥമായി ഉദ്ഘോഷിക്കപ്പെടുന്ന ഭഗവദ്ഗീതയിൽ ഇത്രയേറെ വിസ്തരിച്ചു ചാതുർവർണ്യവിചാരണ ചെയ്തിരിക്കുന്നതെന്തിനു്? ഉപനിഷത്തുകൾക്കും ഗീതയ്ക്കും മറ്റും ഇതരഗ്രന്ഥങ്ങൾക്കില്ലാത്ത എന്തോ ഒരു മാഹാത്മ്യവും ദിവ്യത്വവും ഉണ്ടെന്ന മൂഢവിശ്വാസം ഇൻഡ്യയ്ക്കു കുറെയേറെ ദോഷം വരുത്തിവച്ചിട്ടുണ്ടു്. ഈ ഗ്രന്ഥങ്ങൾ ഭക്തിപൂർവ്വം പാരായണം ചെയ്യുമ്പോൾ ആ ഭക്തിയിൽക്കൂടി ജാതിക്കറ അകത്തു കടന്നു ചിന്താശക്തി ക്ഷയിപ്പിക്കുന്നതു പാരായണക്കാർ അറിയുന്നില്ല. ഭൂരിപക്ഷത്തെക്കൊണ്ടു പണിയെടുപ്പിച്ചു് അല്പപക്ഷത്തിനു് ദേഹാദ്ധ്വാനം കൂടാതെ സുഖമായി ജീവിക്കാനുള്ള ഒരു ഉപായമാണു് ചാതുർവർണ്യസിദ്ധാന്തം. ‘ദന്താഃദശന്തി കഷ്ടേന ജിഹ്വാ ജാനാതിരുദ്രസം’—മുപ്പത്തിരണ്ടു പല്ലും ക്ലേശിച്ചു ചവയ്ക്കുന്നു, അതിന്റെ രസമോ ഒരു നാക്കുമാത്രം അനുഭവിക്കുന്നു. ഇതുതന്നെ ചാതുർവർണ്യ വ്യവസ്ഥകൊണ്ടുണ്ടായ ദുഷ്ഫലം. അതിന്റെ കരിനിഴൽ വീശിയിട്ടുള്ള ഗ്രന്ഥം ഏതു മഹർഷിയുടെ ദിവ്യദൃഷ്ടിയിൽനിന്നു പുറപ്പെട്ടതായാലും വേണ്ടില്ല. അതിനിശിതമായ നിരൂപണംകൊണ്ടു് അതു പരിശോധിക്കാനുള്ള സ്വതന്ത്രബുദ്ധി നവീനഭാരതത്തിൽ ഇനിയും വികസിച്ചുവരേണ്ടതുണ്ടു്.
യുക്തിവിഹാരം 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971