വൈരുദ്ധ്യങ്ങളുടെ ഒരു കൂട്ടിക്കെട്ടാണു മനുഷ്യജീവിതം; മറ്റൊരുവിധത്തിൽ പറഞ്ഞാൽ പൊരുത്തക്കേടുകളുടെ കൂത്തമ്പലം. കവികൾ അഥവാ സാഹിത്യകാരന്മാർ—അവരും മനുഷ്യരാണല്ലോ. അവരുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്ന വിരുദ്ധഭാവങ്ങൾ നമ്മെ തെല്ലൊന്നു് അമ്പരപ്പിക്കുന്നു. കാരണം, നമ്മിൽ കുടിക്കൊള്ളുന്ന ഒരു മിഥ്യാബോധമാണു്. കവികളുടെ സ്വകാര്യജീവിതം തൽകൃതികളിൽകൂടി പ്രതിഫലിക്കുന്ന ആദർശജീവിതത്തോടു് പൊരുത്തപ്പെട്ടതാണെന്നു നാം വിശ്വസിച്ചുപോകുന്നു. സാഹിത്യകൃതികൾ ഉത്തമമാണെങ്കിൽ തൽക്കർത്താക്കളുടെ ജീവിതവും ഉത്തമമായിരിക്കുമെന്നൊരു ധാരണയുണ്ടല്ലോ. തപസ്സ്വാധ്യായനിരതന്മാരായ മഹർഷിമാരേയും അവരുടെ കൃതികളേയും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരഭിപ്രായമാണിതു്. ഇതു സാമാന്യേന ശരിയെന്നു പറയാമോ? ഭാരതരാമായണഗ്രന്ഥങ്ങളെ മാത്രം ആസ്പദമാക്കി വ്യാസവാല്മീകിമാരുടെ സ്വകാര്യജീവിതത്തെപ്പറ്റി എത്രത്തോളം എങ്ങനെ അനുമാനിക്കാം? ചരിത്രപരമായ തെളിവുകളില്ലാതെ കാവ്യങ്ങളെ മാത്രം അവലംബിച്ചു കവിജീവിതം അനുമാനിക്കപ്പെടുന്നതു് എത്രത്തോളം ശരിയാകും? അരങ്ങത്തു രാമനും അണിയറയിൽ രാവണനും ആയി അഭിനയിക്കപ്പെടുന്ന മനുഷ്യസ്വഭാവം അല്പമെങ്കിലും ഋഷികല്പന്മാരായ കവികളിലും കാണുകയില്ലേ? ഏറ്റവും ഉൽകൃഷ്ടമായതു് ഏറ്റവും നികൃഷ്ടമായതുമായി കൈകോർത്തുപിടിച്ചുപോകുന്നു എന്നു മനുഷ്യസ്വഭാവത്തെപ്പറ്റി ടാഗോർ ഒരിടത്തു പറഞ്ഞിട്ടുണ്ടു്. ഏതാർഷകവിയുടെ ഉള്ളറകളിലും ഇതിനുള്ള തെളിവു കണ്ടെത്തിയേക്കാം. ഉത്തമകവിതയുടെ ഉറവിടമായി പറയപ്പെടുന്നതു നിസ്തമസ്കവും ശുദ്ധസത്വമയവും ആയ കവിഹൃദയമാണല്ലോ. എന്നാൽ ആ കവിഹൃദയത്തിന്റെ പരിശുദ്ധിയും സാത്വികതയും കവിയിലെ മനുഷ്യനിൽ സദാപി പ്രതിഫലിച്ചുകൊണ്ടിരിക്കുമെന്നു വിചാരിക്കുന്നതു തെറ്റാണു്. ചരിത്രാനുഭവം അതു തെളിയിക്കുകയും ചെയ്യുന്നുണ്ടു്. ഏതായാലും ആലോചിച്ചു രസിക്കാൻ വകയുള്ള ഒരു വിഷയമാണിതു്.
കാവ്യചൈതന്യം മൂർത്തീകരിച്ച ഒരു കവിതയാണല്ലോ ‘വെടികൊണ്ട പക്ഷി’. അതെഴുതിയ മഹാകവിക്കു മാംസഭക്ഷണത്തിനു മനസ്സു വരുമോ എന്നൊരു ചോദ്യവുമായി ഒരിക്കൽ ചങ്ങമ്പുഴ ഇതെഴുന്ന ആളെ സമീപിക്കുകയുണ്ടായി. ഇത്തരം ചോദ്യം നമ്മുടെ ചിന്തയെ പിടിച്ചു കുലുക്കുന്നു. മനസ്സുവരാം, വന്നാൽ അതിനു അത്ഭുതപ്പെടാനില്ല എന്നേ മനുഷ്യപ്രകൃതിയെപ്പറ്റി ശാസ്ത്രീയമായി പഠിച്ചിട്ടുള്ളവർ മറുപടി പറയൂ. ഒരു നൂറ്റാണ്ടു കഴിഞ്ഞുവരുന്ന സാഹിത്യചരിത്രകാരൻ, വെടികൊണ്ട പക്ഷിയുടെ കർത്താവു തനി സസ്യഭുക്കായിരുന്നുവെന്നു രേഖപ്പെടുത്തിയേക്കാം. എന്നാൽ സത്യമെന്താണെന്നു് ഇപ്പോൾ നമുക്കു അറിയാമല്ലോ. ഇമ്മാതിരി കാര്യങ്ങൾ കവിയുടെ യോഗ്യതയ്ക്കു മാനദണ്ഡങ്ങളാക്കുന്നവരുണ്ടു്. അവരുടെ നിലപാടിലാണു കുഴപ്പം. തുഞ്ചത്തെഴുത്തച്ഛൻ മദ്യം സേവിച്ചിരുന്നു എന്നാണു് ഐതിഹ്യം പറയുന്നതു് അതു തെറ്റാണെന്നു തെളിയിക്കുന്ന ചരിത്രരേഖകളുണ്ടെങ്കിൽ നമുക്കു സസന്തോഷം സ്വീകരിക്കാം. അതൊന്നുമില്ലാതെ, നൂറ്റാണ്ടുകളായി കേരളമൊട്ടുക്കു നിലനിന്നുപോരുന്ന ഐതിഹ്യത്തെ നിസ്സംശയം നിഷേധിക്കുന്നതു യുക്തമാണോ? അഭിമാനവിജൃംഭിതനായ ഒരു ഭാഷാചരിത്രകാരൻ അതിനും മുതിർന്നിട്ടുണ്ടു്. വേദാന്തമദ്യമാണു് എഴുത്തച്ഛൻ പാനംചെയ്തിരുന്നതെന്നും മറ്റുമാണു് അദ്ദേഹത്തിന്റെ സമാധാനം. അതുപോലെ തുഞ്ചത്താചാര്യർ ഒരു നിത്യബ്രഹ്മചാരിയായിരുന്നുവെന്നും ആ ചരിത്രകാരൻ അനുമാനിക്കുന്നു. ഇതൊക്കെപ്പറയുന്നതു തൽകൃതികളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണു്. എന്നാൽ ഒരു ഡസൻ കുട്ടികളുടെ പിതാവും മദ്യപാനിയുമായ ഒരാൾക്കു്, ജന്മസിദ്ധമായ കവിതാവാസനയും പാണ്ഡിത്യവും മറ്റും ഉണ്ടെങ്കിൽ ഇത്തരം കവിതകളെഴുതിക്കൂടെന്നില്ല. എഴുത്തച്ഛനു് ഒരു മകളുണ്ടായിരുന്നുവെന്നതിനു് ഇപ്പോൾ കൂടുതൽ തെളിവു കിട്ടിയിട്ടുണ്ടെന്നു കേൾക്കുന്നു. അല്പം അകത്തു കടന്നാൽ നല്ല കവിത പുറത്തുവരുന്ന സമ്പ്രദായവും മനുഷ്യസ്വഭാവത്തിൽ കണ്ടുവരുന്നുണ്ടു്. എന്തായാലും തുഞ്ചത്തു ഗുരുപാദരുടെ കവിത്വമഹത്വത്തിനു് ഇതൊക്കെ ഹാനികരമാകുമെന്നു വിചാരിക്കുന്നതാണു് അബദ്ധം.
ഇനി സാഹിത്യകാരന്മാരെപ്പറ്റി ചരിത്രപ്രകാരം നമുക്കു ലഭിച്ചിട്ടുള്ള ജീവിത യാഥാർത്ഥ്യങ്ങൾ പരിശോധിച്ചുനോക്കാം. കൊലപാതകിയായ ഒരു സാഹിത്യകാരനെപ്പറ്റി ‘പേനയും പെൻസിലും വിഷവും’ എന്നൊരു ലേഖനം മുമ്പെങ്ങോ വായിച്ചതായിട്ടോർക്കുന്നു. വളരെനാൾ കഴിഞ്ഞിട്ടാണു പോലീസുകാർ ആ നല്ല സാഹിത്യകാരൻ ഒരു നരഹന്താവുകൂടിയാണെന്നു കണ്ടുപിടിച്ചതു്. മനുഷ്യൻ ഒരു അന്തർലീനഘാതകനാണു് (Man is a potential killer) എന്ന വെൽസി ന്റെ വാക്യം ഇവിടെ സ്മരണീയമത്രേ.
സുപ്രസിദ്ധ സാഹിത്യകാരനായ ഓസ്കർ വൈൽഡി ന്റെ കഥയോ? ദുർവൃത്തനെന്ന നിലയിൽ ഇത്രയും കുപ്രസിദ്ധി നേടിയ മറ്റൊരാളുണ്ടോ? സകല സന്മാർഗ്ഗ വ്യവസ്ഥകളേയും വലിച്ചുചീന്തി കാറ്റത്തെറിഞ്ഞു് കുടിയും വിടവൃത്തിയുമായി ജീവിതം തുലച്ച ആ കലാകാരന്റെ വിശിഷ്ടകൃതികൾ ഇന്നു് ഗ്രന്ഥശാലകൾക്കു വിലയേറിയ ഭൂഷണങ്ങളായിരിക്കുന്നു!
റഷ്യയിലെ മഹർഷിയും വിശ്വസാഹിത്യത്തിലെ ആചാര്യനും ആയി ആരാധിക്കപ്പെടുന്ന ടോൾസ്റ്റോയി യുടെ ജീവിതം എങ്ങനെയായിരുന്നു, വിശേഷിച്ചും ആദ്യ ഘട്ടത്തിൽ? ജീവിതത്തിലെ അഴുക്കുചാലുകളിൽക്കൂടി എത്രദൂരം നടന്നുകഴിഞ്ഞിട്ടാണു് അദ്ദേഹം ഒരുവിധം കരയ്ക്കെത്തിയതു്? സാഹിത്യാചാര്യൻതന്നെ ഏറ്റുപറയുന്നതു കേൾക്കുക:
‘ഹൃദയഭേദകമായ ഭീതിയോടും അവജ്ഞയോടുംകൂടിയല്ലാതെ അക്കാലത്തെപ്പറ്റി സ്മരിക്കുന്നതിനു് എനിക്കു സാധിക്കുകയില്ല. ഞാൻ യുദ്ധത്തിലേർപ്പെട്ടു് ആളുകളെ കൊന്നിട്ടുണ്ടു്; പലതവണ ദ്വന്ദയുദ്ധംചെയ്തു് എതിരാളികളുടെ കഥകഴിച്ചിട്ടുണ്ടു്. പാവപ്പെട്ട കൃഷിക്കാരുടെ പണം അപഹരിച്ചു മുഴുവൻ ചൂതുകളിച്ചു നശിപ്പിക്കുകയും അവരെ അകാരണമായി മർദ്ദിക്കുകയും ചെയ്തിട്ടുണ്ടു്; വേശ്യകളുമായി കൂത്താടിയിട്ടുണ്ടു്. മദ്യപാനം, കൊലപാതകം, വ്യഭിചാരം, അസത്യവാദം, മോഷണം—ഇതെല്ലാം ഞാൻ ചെയ്തിരിക്കുന്നു. ഇനി ഞാൻ ചെയ്യാത്തതായി ഒരു പാപകർമ്മവുമില്ല. എന്നിട്ടും കൂട്ടുകാർ എന്നെ ഒരു സന്മാർഗ്ഗചാരിയായി ഗണിച്ചിരുന്നു!’
പ്രസ്തുത ദോഷങ്ങളിൽനിന്നു പൂർണ്ണമായി മോചനം ലഭിക്കാത്ത കാലത്തും അദ്ദേഹത്തിന്റെ കവിഹൃദയം തുടിക്കുകയും അതിൽനിന്നു നല്ല കൃതികൾ പുറത്തു വരികയും ചെയ്തിട്ടുണ്ടെന്നു് ഓർമ്മിക്കണം. അവിടെയാണു വൈരുദ്ധ്യം കാണേണ്ടതു്. രസാവഹമല്ലേ ഉദ്ധൃതഭാഗങ്ങളിലെ ആ ഒടുവിലത്തെ വാചകം? കൂട്ടുകാരുടെ പരിഗണനം സത്യാവസ്ഥയിൽനിന്നു് എത്ര വിദൂരം! ഏതാണ്ടിതുപോലെയാണു ചില ചരിത്രകാരന്മാരും, കൃതികൾ മാത്രം നോക്കി കവികളുടെ ജീവിതത്തെപ്പറ്റി വിധിയെഴുതുന്നതു്.
ടോൾസ്റ്റോയി ഒടുവിൽ മഹർഷിതുല്യനായില്ലേ എന്നു ചിലർ വാദിച്ചേക്കാം. അതു തികച്ചും ശരിയല്ല. ലോകത്തെ പഠിപ്പിക്കാൻ പുറപ്പെട്ട ഈ ആചാര്യവര്യനു സ്വന്തം കുടുംബത്തിൽ സൈര്വത പുലർത്താൻപോലും സാധിച്ചിരുന്നില്ല. കാമചാപല്യം വാർദ്ധക്യത്തിലും അദ്ദേഹത്തിൽ തലപൊക്കിയിരുന്നു. ഒരു വെപ്പാട്ടിയിൽ തനിക്കു ജനിച്ച കുട്ടി വളർന്നുവന്നു് ഉപജീവനമാർഗ്ഗമില്ലാതെ തന്റെ ഭാര്യാപുത്രന്റെ വണ്ടിക്കാരനായി ജീവിച്ച കാഴ്ച അദ്ദേഹത്തെ അസ്വസ്ഥനാക്കിയില്ല. ഈ മഹാപുരുഷന്റെ അന്ത്യമോ? ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ ഒരു രാത്രി കുടുംബത്തിൽനിന്നു് ഇറങ്ങി പുറപ്പെട്ടു. മാർഗ്ഗമദ്ധ്യേ ഒരു റെയിൽവേ സ്റ്റേഷൻമാസ്റ്ററുടെ വീട്ടിൽ ചെന്നുകിടന്നുള്ള മരണം! സ്ഥിതപ്രജ്ഞനെന്നുവരെ സങ്കല്പിക്കപ്പെടുന്ന ജഗദ്ഗുരുവായ ഒരു സാഹിത്യാചാര്യന്റെ കഥയാണിതു്. ഒരു ഗ്രന്ഥവുമെഴുതാത്ത സോക്രട്ടീസി ന്റെ കുടുംബജീവിതം ഇതിലും എത്രയോ മെച്ചമായിരുന്നു. ഭയങ്കരിയായ ഭാര്യയിൽനിന്നു ഭർത്സനവും താഡനവും കുംഭോദകാഭിഷേകവും ഏറ്റുകഴിഞ്ഞതിനു ശേഷം, പുഞ്ചിരിയോടെ, ഇടിവെട്ടി മഴപെയ്തു എന്നുമാത്രം പറഞ്ഞു് അക്ഷോഭ്യനായി സ്ഥിതിചെയ്യത്തക്കവിധം പ്രകാശമാനമായിരുന്നു അദ്ദേഹത്തിന്റെ തത്വജ്ഞാനം. ആ ജ്ഞാനപ്രകാശത്തിൽത്തന്നെ ജീവിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ടോൾസ്റ്റോയി തത്ത്വജ്ഞാനികൂടി ആയിരുന്നിട്ടും ആത്മനിയന്ത്രണത്തിൽ പരാജയപ്പെട്ടുപോയി. എന്തെന്താദർശങ്ങൾ, എത്രയേറെ ജീവിതതത്ത്വങ്ങൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽനിന്നു ലോകത്തിനു ലഭിച്ചിട്ടുണ്ടു്. അവയുടെ വെളിച്ചത്തിൽ സ്വജീവിതം ശൂദ്ധീകരിക്കാൻ അദ്ദേഹം തീവ്രയത്നം ചെയ്തുവെന്നു സമ്മതിക്കാം. എന്നാൽ ടോൾസ്റ്റോയി തന്റെ ഗ്രന്ഥങ്ങളിൽ പ്രദർശിപ്പിച്ച മാതൃകാമനുഷ്യനായി പൊരുത്തപ്പെടാത്ത ഒരു പ്രാകൃതമനുഷ്യൻ ആജീവന്തം അദ്ദേഹത്തിൽ വാസമുറപ്പിച്ചിരുന്നു.
ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ! യാതൊരു നാണവുംകൂടാതെ അഞ്ചാറു കാമനാടകങ്ങളാടിയ കേമനാണു മറ്റൊരു വിശ്വസാഹിത്യകാരനായ ബെൽസാക്ക്. കെട്ടിയവനിൽനിന്നു് എട്ടും കാമുകന്റെ വക ഒന്നും—ഇങ്ങനെ ഒൻപതു കുട്ടികളുള്ള ഒരു നാല്പത്തഞ്ചുകാരിയുമായി അടുത്തുകൂടിയ കാലത്തു് ബെൽസാക്കിനു് ആ തള്ളയുടെ മകനാകാൻ പ്രായമേ ഉണ്ടായിരുന്നുള്ളൂ. കണ്ടമാനം കടംമേടിച്ചു ധൂർത്തടിച്ചു കരാറുലംഘനക്കേസുകളിൽ ചെന്നു ചാടാനും ഈ സാഹിത്യകാരനു കൂസലുണ്ടായില്ല. അമ്മയുടെ സ്വത്തു മുഴുവൻ നശിപ്പിച്ചു് അവരെക്കൂടി കഷ്ടതയിലാക്കിയതാണു് അദ്ദേഹത്തിന്റെ പുത്രധർമ്മം!
വിശ്വപ്രശസ്തി നേടിയ ഡോസ്റ്റവ്സ്കി യുടെ കഥയും ഇതുപോലെതന്നെ. ചൂതു കളികൊണ്ടു് അങ്ങേയറ്റം അധഃപതിച്ചു് അദ്ദേഹവും കടക്കാരനും കാമുകനും ആയി ജീവിതം കുറേയേറെ താറുമാറാക്കി. ഭാര്യ മരിക്കാൻ കിടക്കുമ്പോൾ വെപ്പാട്ടിയുടെ കൂടെ ഓടിപ്പോകാനുള്ള ഹൃദയകാഠിന്യം എത്ര പേർക്കുണ്ടാകും? അതും ചെയ്തു ഈ സാഹിത്യാചാര്യൻ! ഒരു ചെറിയ പെൺകുട്ടിയെ മാനഭംഗംചെയ്ത നീചൻ എന്നു പോലും അദ്ദേഹത്തെപ്പറ്റി ഒരു നിരൂപകൻ പറയുന്നുണ്ടു്.
അലക്സാണ്ടർ ഡുമാസി നു് എത്ര നോവലെഴുതിയെന്നും എത്ര ഭാര്യമാരുണ്ടായിരുന്നുവെന്നും ഓർമ്മയുണ്ടായിരുന്നില്ലപോൽ! എന്തുമാത്രം അലങ്കോലപ്പെട്ടതായിരുന്നു ഷെല്ലി യുടേയും ബയറന്റേ യും മറ്റും ജീവിതം! എന്നാൽ ഈ മഹാകവികൾ കവിതകളിൽക്കൂടി വിളംബരം ചെയ്ത സന്ദേശങ്ങളോ, എത്ര മഹത്തരം! ഇങ്ങനെ നോക്കുകയാണെങ്കിൽ ചെളിയിൽനിന്നു പൊന്തിവരുന്ന താമരപ്പൂക്കൾപോലെയാണു് ഉൽക്കൃഷ്ടസാഹിത്യകൃതികളെന്നു പറയേണ്ടിവരും. അങ്ങനെ പറയുന്നതു് മുഴുവൻ ശരിയോ? എന്തൊരു ജീവിതവൈരുദ്ധ്യം! ഇത്രയേറെ തമോധൂസരമാകുന്ന സ്വകാര്യജീവിതത്തിന്റെ സൂക്ഷിപ്പുകാരിൽനിന്നു് ഇത്ര ഭാസുരങ്ങളായ സൽകൃതിരത്നങ്ങളുണ്ടാകുന്നതെങ്ങനെ? കവിഹൃദയം ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കു കടക്കുന്ന ചില സന്ദർഭങ്ങളുണ്ടു്. അത്തരം സുമുഹൂർത്തങ്ങളിലാകാം അതിൽനിന്നു സാഹിത്യാമൃതം ബഹിർഗ്ഗമിക്കുന്നതു്. മറ്റവസരങ്ങളിൽ കവിയിലെ മനുഷ്യൻ മിക്കവാറും ഇരുട്ടിലായിരിക്കാം. ‘തമസോ മാ ജ്യോതിർഗമയ’ എന്നു മഹാത്മാഗാന്ധി പോലും പ്രാർത്ഥിച്ചുകൊണ്ടിരുന്നില്ലേ?
(ചിന്താതരംഗം—1958)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971