അന്യോന്യഭിന്നങ്ങളായ അനേകം സിദ്ധാന്തങ്ങളുൾക്കൊള്ളുന്ന ഒന്നാണു് ഭാരതീയതത്ത്വചിന്ത. രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കു മുമ്പുതന്നെ തത്ത്വചിന്ത ഇവിടെ ഉദയംചെയ്തു. അന്നുമുതൽ ഇന്നുവരെ വിചിത്രങ്ങളായ പല വികാസപരിണാമങ്ങളും അതിനുണ്ടായിട്ടുണ്ടു്. തത്ത്വജ്ഞാനത്തെ ദർശനം എന്ന വാക്കുകൊണ്ടു കുറിക്കുന്ന ഏർപ്പാടു നൂറ്റാണ്ടുകൾക്കു മുമ്പേ ഭാരതത്തിൽ നടപ്പായി. തത്ത്വദൃഷ്ടാക്കളായ മഹർഷിമാരുടെ അന്തർദർശനത്തിൽ വെളിപ്പെട്ട രഹസ്യങ്ങൾ എന്നാകാം ഇതിനർത്ഥം.
ചരിത്രപരമായി നോക്കിയാൽ നവദർശനങ്ങളുടെ ഒരു സമാഹാരമാണു് ഭാരതീയതത്ത്വചിന്തയെന്നു കാണാം. എന്നാൽ ഇവയിൽ സാംഖ്യയോഗാദിഷഡ്ദർശനങ്ങൾക്കു മാത്രമേ ബ്രാഹ്മണപൗരോഹിത്യം വിലകല്പിച്ചിട്ടുള്ളു. കാരണം, ഈ ദർശനങ്ങൾ വേദപ്രാമാണ്യത്തെ സ്വീകരിച്ചിരിക്കുന്നുവെന്നതാണു്. ജൈനബൗദ്ധദർശനങ്ങളും ചാർവാകദർശനവും വേദപ്രാമാണ്യത്തെ നിഷേധിച്ചതിൽ അവ നാസ്തികമതങ്ങളെന്ന നിലയിൽ ബഹിഷ്കൃതങ്ങളായി. വിശേഷിച്ചു ചാർവാകദർശനം തികച്ചും ഭൗതികമായതിനാൽ വൈദികബ്രാഹ്മണരുടെ ദൃഷ്ടിയിൽ അത്യന്തം നിഷിദ്ധമായിത്തീർന്നു. കപിലന്റെ സാംഖ്യം, പതഞ്ജലി യുടെ യോഗം, ജൈമിനി യുടെ പൂർവമീമാംസ, ബാദരായണന്റെ ഉത്തരമീമാംസ, ഗൗതമന്റെ ന്യായം, കണാദന്റെ വൈശേഷികം എന്നിവയാണു് ബ്രാഹ്മണസമ്മതി നേടിയ ഷഡ്ദർശനങ്ങൾ.
ഭാരതീയതത്ത്വചിന്തയെന്നു പറഞ്ഞാൽ ഈ ആറെണ്ണം മാത്രമാണെന്നൊരു തെറ്റിദ്ധാരണപോലും ജനമധ്യത്തിൽ പ്രചരിച്ചിട്ടുണ്ടു്. ഇവയിൽ താരതമ്യേന കൂടുതൽ പ്രസിദ്ധവും പരിഗണനാർഹവുമായിത്തീർന്നതു് ഉപനിഷത്സൂക്തികളെ ആസ്പദമാക്കിയുള്ള ഉത്തരമീമാംസ അഥവാ വേദാന്തമാകുന്നു. ബാദരായണന്റെ ബ്രഹ്മസൂത്രങ്ങളാണു് വേദാന്തത്തിന്റെ മൂലഗ്രന്ഥം. ഈ സൂത്രങ്ങൾക്കു കാലാന്തരത്തിൽ ഭിന്നഭാഷ്യങ്ങൾ ഉണ്ടാകുകയും അവയെ അടിസ്ഥാനമാക്കി ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം എന്നു് ഇന്ത്യൻ വേദാന്തം മൂന്നായി തിരിയുകയും ചെയ്തു.
സിദ്ധാന്തപരമായി അത്യന്തം വിരുദ്ധമായ നിലയാണു്, ദ്വൈതത്തിനും അദ്വൈതത്തിനുമുള്ളതെന്നു പേരുകൊണ്ടുതന്നെ തെളിയുന്നുണ്ടല്ലോ. ഭൗതികതത്വവിരുദ്ധമായ ആശയവാദമാകുന്നു അദ്വൈതം. പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠമായ സത്തയെ അതു പാടേ നിഷേധിക്കുന്നു. നേരേമറിച്ചു് ദ്വൈതം പ്രപഞ്ചസത്തയെ യുക്തിപൂർവം സ്ഥാപിക്കുന്നു. എന്നാലും രണ്ടിനും പ്രമാണഗ്രന്ഥം ഒന്നുതന്നെ—ബ്രഹ്മസൂത്രം! ഇങ്ങനെ ഒരേ പ്രമാണഗ്രന്ഥത്തെ അവലംബിച്ചു ഭാഷ്യഭേദങ്ങൾ വഴിയായി വിരുദ്ധസിദ്ധാന്തങ്ങൾ സ്ഥാപിക്കുകയെന്നതു്, ഈ രാജ്യത്തെ തത്ത്വചിന്തയുടെ ഒരു പ്രത്യേകതയാകുന്നു. സംസ്കൃതഭാഷയ്ക്കു സ്വതസ്സിദ്ധമായിട്ടുള്ള ശബ്ദജാലവൈഭവം കൊണ്ടാണു് ഇതൊക്കെ സാധിക്കുന്നതു്.
സ്വതന്ത്രമായ സത്യാന്വേഷണമല്ല, ഈദൃശനിരൂപണങ്ങളിൽ മുന്നിട്ടുനിൽക്കുന്നതു്, ഒരുതരം ബുദ്ധിക്കസർത്താണു്. ഇതിൽ അദ്വൈതം മറ്റു രണ്ടുശാഖകളെയും എങ്ങനെയോ പുറംതള്ളി വിജയിച്ചിരിക്കുന്നു. ശങ്കരാചാര്യരു ടെ ബ്രഹ്മസൂത്രഭാഷ്യമാണു് ഇതിനു പ്രധാന പിൻബലം. ഇതര സിദ്ധാന്തങ്ങളെയെല്ലാം ആചാര്യൻ അതിൽ സമർത്ഥമായി ഖണ്ഡിച്ചിരിക്കുന്നു. പക്ഷേ, ദ്വൈതികളും പൂർവമീമാംസാവാദികളും അത്രയും സമർത്ഥമായിത്തന്നെ അദ്വൈതസിദ്ധാന്തത്തെയും ഖണ്ഡിച്ചിട്ടുണ്ടു്. എങ്കിലും പണ്ഡിതന്മാർ ഇക്കാര്യം ഓർമ്മിക്കാറില്ല. അവർ അദ്വൈതത്തെയാണു് ഭാരതീയതത്ത്വചിന്തയുടെ അത്യുന്നതശിഖരമായി കാണുന്നതു്. സ്വാമി വിവേകാനന്ദൻ, ഡോക്ടർ രാധാകൃഷ്ണൻ തുടങ്ങിയ ആധുനികചിന്തകരും ഇക്കൂട്ടത്തിൽപ്പെടുന്നു. പ്രസ്തുത സിദ്ധാന്തത്തിനു സിദ്ധിച്ച അനർഹമായ ഈ അംഗീകാരം ഇൻഡ്യയ്ക്കു ഗുണത്തെക്കാൾ കൂടുതൽ ദോഷമാണു ചെയ്തിട്ടുള്ളതെന്നു പറയേണ്ടിയിരിക്കുന്നു.
അദ്വൈതത്തിന്റെ ഒരു പ്രധാന ഘടകമാണു് മായാവാദം. ജഗന്മിഥ്യാവാദമെന്നും ഇതിനു പേരുണ്ടു്. സങ്കേതികമായി മായയ്ക്കു അവിദ്യ അല്ലെങ്കിൽ അജ്ഞാനം എന്നാണർത്ഥം. ഇക്കാണുന്ന പ്രപഞ്ചമെല്ലാം വാസ്തവത്തിൽ ഇല്ലാത്തതാണെന്നും ബ്രഹ്മം മാത്രമേ സത്യമായിട്ടുള്ളുവെന്നും അദ്വൈതി വാദിക്കുന്നു. ഇല്ലാത്ത പ്രപഞ്ചം ഇന്ദ്രിയപ്രത്യക്ഷം (Sense perception) വഴി ഉള്ളതായിട്ടു നമുക്കു അനുഭവപ്പെടുന്നുണ്ടല്ലോ, അതെങ്ങനെയെന്നു ചോദിച്ചാൽ മായകൊണ്ടു് എന്നത്രെ മറുപടി. അതായതു് നമ്മുടെ അജ്ഞാനം മൂലമുണ്ടാകുന്ന മനോവിഭ്രാന്തിയാണതു്.
ഇതിനെ വിശദീകരിക്കാൻ സുപ്രസിദ്ധമായൊരു ഉദാഹരണവുമുണ്ടു്. ഇരുട്ടിൽ കയറ് പാമ്പാണെന്നു നാം തെറ്റിദ്ധരിക്കാറുണ്ടല്ലോ. വെളിച്ചം കൊണ്ടു വന്നു നോക്കുമ്പോൾ സത്യസ്ഥിതി വെളിപ്പെടുന്നു. ഇവിടെ വാസ്തവത്തിലുള്ളതു കയറാണു് ഇരുട്ടുകൊണ്ടു് അല്ലെങ്കിൽ അജ്ഞാനം മൂലം നാം അതിൽ സർപ്പബുദ്ധി ആരോപിക്കുന്നു. അതുപോലെ അധിഷ്ഠാനമായ ബ്രഹ്മസത്യത്തിൽ മായകൊണ്ടു പ്രപഞ്ചബുദ്ധി ആരോപിതമായിരിക്കയാണു്. യഥാർത്ഥ ജ്ഞാനം ഉദിക്കുമ്പോൾ പ്രപഞ്ചം മിഥ്യയാണെന്നുള്ള ബോധം തെളിയും.
‘ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സർവമൂഹ ഹിനം
ജളനു വിലേശയമെന്നു തോന്നിയാലും
നലമിയലും മലർമാല നാഗമാമോ?’
എന്നു് ശ്രീനാരായണഗുരു പ്രസ്തുതവാദം ഒരു ശ്ലോകത്തിൽ അടക്കം ചെയ്തിരിക്കുന്നു. ബ്രഹ്മസത്താഭിന്നമായി ലോകത്തിനു വേറൊരു സത്തയില്ലെന്നു കാണിപ്പാൻ ഇവിടെ മലർമാലയുടെയും സർപ്പത്തിന്റെയും ഉദാഹരണമാണു് അദ്ദേഹം കൊണ്ടുവരുന്നതു്.
ഇങ്ങനെ വാഗ്വിലാസം കൊണ്ടു വാദിച്ചുപോകാൻ എളുപ്പമത്രെ. പക്ഷേ, നമ്മുടെ പ്രത്യക്ഷാനുഭവത്തിനു കടകവിരുദ്ധമായ ഒരു സിദ്ധാന്തം അപ്പടിസ്വീകരിക്കാൻ ഈ ശാസ്ത്രയുഗത്തിൽ ലൗകികമായ സുബോധമുള്ളവർ സന്നദ്ധരാകുമോ എന്നേ സംശയമുള്ളു. പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താൻവേണ്ടി പ്രപഞ്ചത്തിനു് ഒരു വ്യാവഹാരികസത്തയുണ്ടെന്നു് അദ്വൈതികൾ കഷ്ടിച്ചു സമ്മതിക്കുന്നുണ്ടു്. അതിനു യുക്തികല്പിക്കാൻ മിഥ്യാശബ്ദത്തിനു് അനിർവചനീയത്വം—അതായതു് ഉണ്ടെന്നും ഇല്ലെന്നും പറയാൻ പാടില്ലാത്ത അവസ്ഥ—എന്നൊരു അർത്ഥം നിശ്ചയിച്ചു് ഒരു പോം വഴി കണ്ടുപിടിച്ചിരിക്കുന്നു.
ഈ ദുർഘടവ്യാഖ്യാനം തന്നെ അദ്വൈതവാദത്തിന്റെ ദൗർബല്യത്തെ തെളിയിക്കുന്നുണ്ടു്. ഇനി, പരമാത്മാവു് പരബ്രഹ്മം എന്നൊക്കെപ്പറയുന്ന ഈ ‘ആ എന്തോ ഒന്നി’നെപ്പറ്റി ആർക്കെങ്കിലും വല്ല വിവരവുമുണ്ടോ? അതിനു മാത്രമാണല്ലോ ആത്യന്തികസത്ത (ultimate reality) ഉള്ളതെന്നു പറയുന്നതു്. അതെന്താണെന്നു പറയാൻ അദ്വൈതാചാര്യന്മാർപോലും വിഷമിക്കുന്നു. നേതി നേതി എന്ന നിഷേധമാർഗത്തിലൂടെ യാത്ര. അവരുടെ ബ്രഹ്മാന്വേഷണം ഒടുവിൽ ചെന്നെത്തുന്നതു് ഒരു ശുന്യാവസ്ഥയിലാണു്.
മഹായാന ബുദ്ധമതത്തിലെ ശൂന്യവാദത്തിനും അദ്വൈത സിദ്ധാന്തത്തിനും തമ്മിൽ ഗണ്യമായ സാദൃശ്യം കാണുന്നുണ്ടു്. അതുകൊണ്ടാണു് പ്രതിയോഗികൾ ശങ്കരാചാര്യരെ പ്രച്ഛന്ന ബുദ്ധൻ എന്നാക്ഷേപിച്ചിട്ടുള്ളതു്. ‘യതോ വാചോ നിവർത്തന്തേ അപ്രാപ്യമനസാ സഹ’ ഇത്യാദ്യുപനിഷദ്വാക്യങ്ങളനുസരിച്ചു വാക്കിനും മനസ്സിനും വിഷയമല്ലാത്ത ഒന്നാണു് ബ്രഹ്മം. അചിന്ത്യവും അവ്യക്തവുമായ ആ ഒന്നിനെ എങ്ങനെ സാക്ഷാത്ക്കരിക്കും? ഇന്ദ്രിയാതീതമായ നിർവികല്പസമാധിയിൽ അതു സാദ്ധ്യമാകുമെന്നു വാദിക്കുകയാണെങ്കിൽ ഇതിൽപ്പരം ഒരു ജീവിതനിഷേധം വേറെയില്ലെന്നു പറയേണ്ടിവരും.
ചുരുക്കത്തിൽ മനുഷ്യനെ സാമൂഹ്യജീവിയല്ലാതാക്കിത്തീർക്കുന്ന അപകടം പിടിച്ചൊരു സിദ്ധാന്തമാണു് അദ്വൈതം. വ്യക്തിയുടെ ഏകാന്തസുഖത്തിനായി കണ്ടുപിടിച്ച സ്വാർത്ഥപ്രേരിതമായ വിചാരപദ്ധതിയെന്നും ഇതിനെ വിശേഷിപ്പിക്കേണ്ടതുണ്ടു്. അദ്വൈതാനുഭൂതി സുഷുപ്ത്യാനന്ദത്തിനു തുല്യമാണെന്നു പറയപ്പെടുന്നു. അങ്ങനെയാണെങ്കിൽ നമ്മളെല്ലാവരും രാത്രിയിൽ കുറെ നേരമെങ്കിലും അദ്വൈതികളും പകലൊക്കെ ദ്വൈതികളുമാണെന്നു പറയാം. ശാശ്വതമായ സുഷുപ്ത്യവസ്ഥയിലേക്കു മനുഷ്യരെ നയിക്കാനാണു് ഈ ‘ഫിലോസഫി’ കെട്ടിപ്പടുത്തതെങ്കിൽ ഇതു് കുംഭകർണന്മാർക്കേ പ്രയോജനപ്പെടുകയുള്ളു.
സാധാരണജനങ്ങൾക്കു ദുർഗ്രഹവും ജീവിതവുമായി ബന്ധപ്പെടാത്തതുമാകയാൽ അദ്വൈതം ഇൻഡ്യയിൽ അദ്വൈതാഭാസമായി അധഃപതിക്കുകയാണുണ്ടായതു്. ഇഹലോകജീവിതത്തിനു് ഒരു വിലയും കല്പിക്കാത്ത അതിലെ മായാവാദം നാട്ടിലൊട്ടേറെ ദുഷ്ടഫലങ്ങളുളവാക്കിയിട്ടുണ്ടു്. അതു ജനങ്ങളെ കർമവിമുഖരും അലസരും സമൂഹവിരുദ്ധരുമാക്കിത്തീർക്കുന്നുവെന്നതാണു് ഏറ്റവും വലിയ ദോഷം. പ്രവൃത്തിയിൽനിന്നു നിവൃത്തിയിലേക്കുള്ള ഒരു പോക്കാണല്ലോ അദ്വൈതം. യഥാർത്ഥ ജ്ഞാനോദയത്തിനു കർമസന്ന്യാസം അത്യാവശ്യമാണെന്നുപോലും ശങ്കരാചാര്യർ വാദിക്കുന്നു.
ആദ്ധ്യാത്മികതലത്തിലെ ഈ കർമസന്ന്യാസത്തിന്റെ അർത്ഥമെന്തായാലും അതു ലൗകികതലത്തിലേക്കിറങ്ങിവന്നു മൂഢജനങ്ങളെ പ്രവൃത്തി വിമുഖരാകാൻ പ്രേരിപ്പിക്കുന്നുവെന്നതിനു സംശയമില്ല. മതാചാര്യന്മാരുടെ വചനങ്ങൾ കണ്ണുമടച്ചു വിശ്വസിച്ചു ശീലിച്ചിട്ടുള്ള സാധാരണജനങ്ങളെ ഇതു വഴിപിഴപ്പിച്ചു് അപകടത്തിൽ ചാടിച്ചു. ഇത്തരം വേദാന്തചിന്ത ഇൻഡ്യൻ ജനതയുടെ അദ്ധ്വാനശക്തിയെ തല്ലിക്കെടുത്തുകയാണുണ്ടായതു്.
സ്വകുടുംബത്തോടോ സമുദായത്തോടോ ഒരുത്തരവാദിത്തവുമില്ലാതെ, ദേഹാദ്ധ്വനത്തിൽനിന്നു തീരെ ഒഴിഞ്ഞുമാറി കാഷായവേഷം ധരിച്ചു്, പരാന്നഭോജനം കൊണ്ടു മേദോമാംസലംബോദരന്മാരായി ദേശാടനം നടത്തിക്കൊണ്ടിരിക്കുന്ന എത്രയോ ലക്ഷം സന്ന്യാസിമാരുണ്ടു് ഇൻഡ്യയിൽ. വേദാന്തോപദേശമാണു് ഇവരുടെ തൊഴിൽ. ‘ഉദരനിമിത്തം ബഹുകൃതവേഷഃ’ എന്നു് ആദിശങ്കരൻതന്നെ ഇക്കൂട്ടരെ ആക്ഷേപിച്ചിട്ടുണ്ടു്. ഇവരുടെ സംഖ്യവർദ്ധിച്ചു വരികയാണു്. രാഷ്ട്രത്തിന്റെ ഇത്തിക്കണ്ണികളായിത്തീർന്നിരിക്കുന്ന ഈ സന്ന്യാസി വേഷക്കാരെക്കൊണ്ടു് എന്തെങ്കിലും പണിയെടുപ്പിക്കണമെന്നു് പണ്ഡിത് നെഹ്റു പല തവണ പറഞ്ഞിട്ടുണ്ടു്. പക്ഷേ, എന്തുചെയ്യാം! ഇവരെ പൂജിക്കാനും ഇവർക്കു ഭിക്ഷ കൊടുത്തു് അനുഗ്രഹം വാങ്ങാനുമാണല്ലോ ജനതതി തിരക്കുകൂട്ടുന്നതു്. അത്രയ്ക്കു മൂഢതയിലാണ്ടുപോയ ഒരു രാജ്യം എങ്ങനെ നന്നാകാനാണു് ?
ഇന്നു് ഇൻഡ്യയിൽ സന്ന്യാസിമാർക്കും സംഘടനകൾ ഉണ്ടായിട്ടുണ്ടു്. ഇവയിൽ രാമകൃഷ്ണമിഷനൊഴിച്ചു് മറ്റേതെങ്കിലും മനുഷ്യർക്കു പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്നു സംശയമാണു്. പാശ്ചാത്യസംസ്കാരസമ്പർക്കം കൊണ്ടാണു നമ്മുടെയിടയിൽ സാമൂഹ്യസേവനബോധം വളർന്നുവന്നതു്.
ആധുനികരീതിയിലുള്ള സാമൂഹ്യസേവനത്തിനു പഴയ സന്ന്യാസിപാരമ്പര്യത്തിൽ സ്ഥാനമില്ല. വ്യക്തിയുടെ മോക്ഷമാണല്ലോ വേദാന്തത്തിൽ പരമലക്ഷ്യം. സമൂഹക്ഷേമത്തെ ലക്ഷീകരിച്ചുള്ള ചിന്തതന്നെ അതിലുണ്ടെന്നു പറഞ്ഞുകൂടാ. തന്മൂലം ആത്മാവിന്റെ രക്ഷയ്ക്കായി ജീവിതത്തിൽനിന്നു ഒളിച്ചോടിപ്പോകുന്നതും ഈ രാജ്യത്തു ബഹുമാന്യമായ ഒരു പ്രവൃത്തിയായിത്തീർന്നു. ചുരുക്കത്തിൽ അലസന്മാരെ സൃഷ്ടിച്ചും കർമവൈമുഖ്യം വളർത്തിയും മതാന്ധതയ്ക്കു മാറ്റു കൂട്ടിയും ഭൗതിക ജീവിതോത്കർഷത്തിനു വിലങ്ങുതടിയായിത്തീർന്നു ഈ മായാവാദം.
ദീപാവലി 1967.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971