ആനിബസന്റ്, സി. എഫ്. ആൻഡ്രൂസ് എന്നിവരോടൊപ്പം ഇന്ത്യയുടെ ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ ലഭിച്ച മഹാത്മാവാണു് വെരിയർ എൽവിൻ. അടുത്ത കാലത്താണു് അദ്ദേഹം അന്തരിച്ചതു്. ഗിരിവർഗോദ്ധാരകൻ, നരവംശശാസ്ത്രജ്ഞൻ, ഗവേഷണവിദഗ്ദ്ധൻ, വിഖ്യാതഗ്രന്ഥകാരൻ എന്നീ വിവിധ നിലകളിൽ എൽവിൻ അഖിലലോകപ്രശസ്തി നേടിയിട്ടുണ്ടു്. ഇംഗ്ലണ്ടിൽ ജനിച്ചുവളർന്നു് ഓൿസ്ഫോർഡിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഈ മഹാശയൻ ഭാരതത്തിലെ ഗിരിവർഗക്കാരുടെ സമുദ്ധാരണത്തിനായി സ്വജീവിതം സമർപ്പിച്ചു. അവർക്കുവേണ്ടി നാടും വീടും ഉപേക്ഷിച്ചു. മരണംവരെ അവരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടു് അദ്ദേഹം അവരിലൊരുവനായി ജീവിച്ചു. അവരെപ്പറ്റി വിലപ്പെട്ട ഗ്രന്ഥങ്ങളെഴുതി ലോകത്തിന്റെ ശ്രദ്ധയെ ആകർഷിച്ചു. ഗിരിവർഗ്ഗസമുദ്ധാരണം—അതായിരുന്നു എൽവിന്റെ ജീവിതത്തിലെ ഏക ലക്ഷ്യവും ധർമ്മവും. ബഹുമുഖമായ തന്റെ പാണ്ഡിത്യവും കർമശക്തിയും സേവനവ്യഗ്രതയും എല്ലാംതന്നെ അദ്ദേഹം ഏതദ്ധർമനിർവഹണത്തിനായി വിനിയോഗിച്ചു. അതിനുവേണ്ടി നാഗരികതയുടെ സുഖസൗകര്യങ്ങളുപേക്ഷിക്കാൻ അദ്ദേഹം മടിച്ചില്ല. ലണ്ടനിലെയും ഓൿസ്ഫോർഡിലെയും പരിഷ്കൃതഭവനങ്ങളെക്കാളേറെ എൽവിൻ ഇഷ്ടപ്പെട്ടതു് ഇന്ത്യയിലെ മലവാസികളുടെ ചെറ്റക്കുടിലുകളായിരുന്നു. അവരുടെ ഇടയിൽ കുടിലുകെട്ടി താമസിച്ചുകൊണ്ടാണു് അദ്ദേഹം തന്റെ സാമൂഹ്യസേവനം ആരംഭിച്ചതു്. ഒന്നുരണ്ടല്ല, മുപ്പതുകൊല്ലത്തിലധികം കാലം സ്വസുഖനിരഭിലാഷനായി അദ്ദേഹം ഈ യജ്ഞം തുടർന്നുപോന്നു. മഹത്തായ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ചരിത്രമാണതു്. സാർവജനീനമായ സാഹോദര്യത്തിന്റെ ഹൃദയസ്പർശിയായ ഉദാഹരണവും.
ഗിരിവർഗലോകം (Tribal World) എന്നാണു് എൽവിൻ തന്റെ ആത്മകഥയ്ക്കു് പേരു് കൊടുത്തിരിക്കുന്നതു്. രണ്ടിനും തമ്മിൽ വ്യത്യാസമില്ലെന്നും ഗിരിവാസിജീവിതംതന്നെയാണു് തന്റേതെന്നുമാകാം ഈ പേരുകൊണ്ടുള്ള സൂചന. ആ ലോകവുമായി അത്രയ്ക്കു് സാത്മ്യം പ്രാപിക്കാൻ അദ്ദേഹത്തിനു് കഴിഞ്ഞിരുന്നു. ‘ഏറ്റവും ഉയർന്നതു് ഏറ്റവും താണതുമായി കൈകോർത്തു പിടിച്ചുപോകുന്നു’ (The highest goes hand in hand with the lowest) എന്ന ടാഗൂർ സൂക്തി സ്വജീവിതംകൊണ്ടു് എൽവിൻ ഉദാഹരിച്ചു. സാമൂഹ്യസേവനലക്ഷ്യത്തോടെ ഇന്ത്യയിലേക്കു് വന്നിട്ടുള്ള മറ്റൊരു പാശ്ചാത്യനും ഇവിടത്തെ മലവാസികളുമായി ഇത്രത്തോളം മനസാ ഏകീഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ആത്മകഥയിൽ എൽവിന്റെ കുടുംബജീവിതത്തെപ്പറ്റി വളരെ കുറച്ചേ പറഞ്ഞിട്ടുള്ളു. അധികഭാഗവും ഗിരിവർഗജീവിതത്തെപ്പറ്റി സ്വാനുഭവത്തെ ആസ്പദമാക്കിയുള്ള പണ്ഡിതോചിതമായ വിദഗ്ദ്ധപഠനമാണു്. സാഹിത്യത്തിന്റെ രസനീയതയും ശാസ്ത്രത്തിന്റെ പ്രബോധനവും മതപരമായ സ്വതന്ത്രചിന്തയും തത്ത്വജ്ഞാനപരമായ അഭ്യൂഹങ്ങളും ഒത്തുചേർന്നു് ഈ വിശിഷ്ടഗ്രന്ഥത്തെ സമാകർഷമാക്കിയിരിക്കുന്നു.
1902-ൽ ആണു് എൽവിന്റെ ജനനം. ഒരു ആംഗ്ലിക്കൻ ബിഷപ്പായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. പുത്രൻ ശിശുവായിരിക്കുമ്പോൾത്തന്നെ പിതാവു് മഞ്ഞപ്പിത്തംപിടിച്ചു് പെട്ടെന്നു് മരിച്ചുപോയി. പ്രായമാകുമ്പോൾ പുത്രനും പിതാവിനെപ്പോലെ മിഷനറിപ്രവർത്തനത്തിലേർപ്പെടണമെന്നായിരുന്നു കുടുംബത്തിന്റെ അഭിലാഷം. എന്നാൽ, പഠിക്കുന്നകാലത്തുതന്നെ ഈ യുവാവു് ഒരു സ്വതന്ത്രചിന്തകനായിത്തീർന്നു. ‘കോളേജ്വിദ്യാഭ്യാസകാലത്തു് താൻ എന്തുമാത്രം സമയം മതത്തിന്റെ പേരിൽ പാഴാക്കിക്കളഞ്ഞു.’ (What a lot of time I wasted during my undergraduate days on religion) എന്നു് അദ്ദേഹം പരിതപിക്കുന്നു. ജീവിതവൃത്തിയിൽ എങ്ങോട്ടു് തിരിയണമെന്നു് നിശ്ചയമില്ലാതെ എൽവിൻ കുറെനാൾ കഴിച്ചുകൂട്ടി. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ എം. ആർ. എ.-യുടെ സ്ഥാപകനായ ബുക്കുമാനെ കണ്ടുമുട്ടിയ കഥ ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ടു്. തന്റെ പുതിയ മതം പ്രചരിപ്പിക്കാനായിരുന്നു ബുക്കുമാൻ അവിടെ ചെന്നതു്. പരസ്യമായി പാപം ഏറ്റുപറയണമെന്നൊരു വ്യവസ്ഥയ്ക്കു് അക്കാലത്തു് എം. ആർ. എ.-ക്കാർ പ്രാധാന്യം നൽകിയിരുന്നു. മനുഷ്യൻ സ്വതേ പാപിയാണെന്ന അന്ധവിശ്വാസമാണു് അതിനടിസ്ഥാനം. ബുക്കുമാനുമായി പരിചയപ്പെട്ടമാത്രയിൽ നിങ്ങളുടെ ജീവിതത്തിൽ രഹസ്യമായൊരു പാപം കിടക്കുന്നു എന്നാണുപോൽ ഈ പ്രവാചകമ്മന്യന്റെ അരുളപ്പാടുണ്ടായതു്. എൽവിനു് ഇതു് കേട്ടപ്പോൾ പുച്ഛരസമാണു് തോന്നിയതു്. പാപം ഏറ്റുപറയാനായിച്ചെന്ന ഒരു വിദ്യാർത്ഥിനി തനിക്കു് സന്മാർഗവ്യതിചലനം ഉണ്ടായിട്ടുണ്ടെന്നു് അറിയിച്ചപ്പോൾ ‘കുറെക്കൂടി തുറന്നുപറയൂ സഹോദരി’ എന്നു് ബുക്കുമാൻ അലറിയത്രേ. ലൈംഗികരഹസ്യങ്ങൾ കേൾക്കാനുള്ള കൗതുകം ലോകം നന്നാക്കാൻ പുറപ്പെടുന്നവനെയും പിടികൂടുമല്ലോ! ഈ പെരുമാറ്റം കൂടി കണ്ടതോടെ തന്നിൽ അവശേഷിച്ചിരുന്ന മതിപ്പും ഇല്ലാതായി എന്നു് എൽവിൻ ആത്മകഥയിൽ സൂചിപ്പിക്കുന്നു. ചിന്തകന്മാരുടെ പരിഹാസത്തിനു് അന്നേ പാത്രമായിത്തീർന്നിട്ടുള്ള ഒരു പിന്തിരിപ്പൻസംഘടനയാണു് എം. ആർ. എ. എന്നതിനു് ഈ സംഭവവും ഒരു തെളിവാണു്.
ഗ്രന്ഥപാരായണത്തിൽ അത്യുത്സുകകായിരുന്നു എൽവിൻ. ഇന്ത്യയെപ്പറ്റി എത്രയോ ഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചുതീർത്തു. തത്ഫലമായി ഈ രാജ്യത്തെപ്പറ്റി എന്തോ ഒരു മമതാബന്ധം അന്നുതന്നെ അദ്ദേഹത്തിൽ വേരുറച്ചു—വിശേഷിച്ചു് മഹാത്മാഗാന്ധി യെപ്പറ്റിയും അദ്ദേഹത്തിന്റെ സഹനസമരപ്രസ്ഥാനത്തെപ്പറ്റിയും. ജാക്ക്വിൻസ്ലോ എന്നൊരു പാതിരി അക്കാലത്തു് പൂനയിൽ ഒരു ക്രൈസ്തവസേവാസംഘം സ്ഥാപിച്ചിരുന്നു. ഭാരതീയസംസ്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവജീവിതം നയിക്കുകയും ക്രിസ്തുമതതത്ത്വങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു പ്രസ്തുതസ്ഥാപനത്തിന്റെ ലക്ഷ്യം. 1927-ൽ ഈ സ്ഥാപനത്തിലെ ഒരംഗമായി ചേർന്നാണു് എൽവിൻ ആദ്യമായി ഇന്ത്യയിലേക്കു് പുറപ്പെടുന്നതു്. ഇവിടെ വന്നതിനുശേഷം ക്രിസ്തുമതവിശ്വാസങ്ങളെപ്പറ്റിയും മിഷനറി പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം കൂടുതൽ സംശയാലുവായിത്തീർന്നു. ബൈബിളിന്റെ സത്യസ്ഥിതി, കന്യാപ്രസവം, ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പു് (Resurrection) ഇവയിൽ വിശ്വസിക്കാൻ തനിക്കു് പ്രയാസം തോന്നുന്നുവെന്നും ബിഷപ്പ് ഗോറിനോടും പറഞ്ഞപ്പോൾ മൂപ്പർ കൊടുത്ത മറുപടി രസാവഹമായിട്ടുണ്ടു്. ‘ഇതൊന്നും സാരമില്ല, എന്റെ പ്രിയപ്പെട്ട കുട്ടി. ക്രിസ്തുമതത്തിൽ മാത്രമല്ല, ഏതു് മതത്തിലും കുഴപ്പം കിടക്കുന്നതു് ദൈവം ഉണ്ടു് എന്ന വിശ്വാസത്താലാണു്. നിങ്ങൾക്കു് ദൈവത്തെ വിഴുങ്ങാൻ കഴിയുമെങ്കിൽ പിന്നെ എന്തും വിഴുങ്ങാം’ (All this, my dear boy, is nothing. The real snag in the Christian or any religion is the belief in God. If you can swallow God, you can swallow anything). ഒരു പ്രത്യേകവിശ്വാസത്തിൽനിന്നു് മുക്തനാകാൻ ഈവക അനുഭവങ്ങൾ എൽവിനെ സഹായിച്ചു.
1927 മുതൽ 1931 വരെയുള്ള കാലഘട്ടം കഥാനായകന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാകുന്നു. അക്കാലത്താണു് മഹാത്മാഗാന്ധിയുമായി അദ്ദേഹം അടുത്ത സമ്പർക്കം പുലർത്തിയതു്. സബർമതി ആശ്രമത്തിൽ എൽവിനുണ്ടായ അനുഭവങ്ങളുടെ മധുരസ്മരണകൾ ഈ ഗ്രന്ഥത്തിൽ ധാരാളം പൊന്തി വരുന്നുണ്ടു്. പട്ടേൽ, ബജാജ് തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കന്മാരുമായിട്ടും അദ്ദേഹം വളരെ അടുത്തു. അന്നത്തെ സ്വാതന്ത്ര്യസമരപരിപാടികളിലും എൽവിൻ യഥാശക്തി പങ്കുകൊണ്ടു. ബ്രിട്ടീഷ്ഗവണ്മെന്റിന്റെ പ്രതിപക്ഷകക്ഷിയിൽ ബ്രിട്ടീഷുകാരനായ ഒരു മിഷനറി ചേർന്നുനിൽക്കുന്നതുകണ്ടപ്പോൾ സർക്കാരും മതാധ്യക്ഷന്മാരും കലിതുള്ളിത്തുടങ്ങി. ഈ ധിക്കാരിയെ അറസ്റ്റ്ചെയ്യണമെന്നും നാടുകടത്തണമെന്നും മറ്റും പലതവണ ആലോചന നടന്നു. ഇന്ത്യയിൽ മിഷനറിപ്രവർത്തനം നടത്തുന്ന മതപുരോഹിതന്മാരുടെ തനിനിറം ഈ സന്ദർഭത്തിലാണു് എൽവിൻ നേരിട്ടു് കണ്ടതു്. ഇവിടത്തെ അപരിഷ്കൃതജാതിക്കാരുടെ ഇടയിൽ അവർ അനുഷ്ഠിക്കുന്ന സേവനത്തിനു് പല നല്ല വശങ്ങളുണ്ടെന്നു് അദ്ദേഹം സമ്മതിക്കുന്നു. പക്ഷേ, അതോടൊപ്പം അതിനൊരു കറുത്ത വശമുണ്ടെന്നും ക്രിസ്തുവിന്റെ നാമത്തിൽ അതു് ഒരിക്കലും നീതീകരിക്കാവുന്നതല്ലെന്നുമുള്ള സത്യം അദ്ദേഹം ദർശിച്ചു. ജനമർദ്ദനത്തിലും സാമ്പത്തികചൂഷണത്തിലും അധിഷ്ഠിതമായിരിക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ നിലനിർത്തുന്നതിനു് ഈ മിഷനറിമാർ കൂട്ടുനിൽക്കുന്നു. ഇന്ത്യ ഒരു സ്വതന്ത്രരാഷ്ട്രമാകാതിരിക്കുന്നതിനുവേണ്ടിയുള്ള പ്രതിപ്രസ്ഥാനങ്ങൾ സംഘടിപ്പിക്കാൻ മതത്തിന്റെ മറ പിടിച്ചുകൊണ്ടു് അവർ ഗൂഢപ്രവർത്തനങ്ങളിലേർപ്പെടുന്നു. നാഗവർഗക്കാരുടെയും മിസ്സോലഹളക്കാരുടെയും പിന്നണിയിൽ ഇന്നും ഇന്ത്യക്കെതിരായി മിഷനറിമാർ പ്രവർത്തിക്കുന്നതു് നാം കാണുന്നുണ്ടല്ലോ. മതക്കുപ്പായമണിഞ്ഞുവരുന്ന ഈ വെള്ളക്കാരുടെ കറുത്ത ജീവിതം എൽവിന്റെ ഹൃദയം വേദനിപ്പിച്ചു. ഈ മനോവ്യഥ പ്രതിഫലിക്കുന്ന ആത്മകഥയിലെ ഒരു അദ്ധ്യായത്തിനു് ‘ബിഷപ്പന്മാരും ബയണറ്റുകളും’ എന്നാണു് അദ്ദേഹം പേരു് കൊടുത്തിരിക്കുന്നതു്—‘ബൈബിൾ, ബയണറ്റ്, ബ്രാൻഡി എന്നീ മൂന്നുബകാരംകൊണ്ടാണു് ആംഗ്ലേയനാഗരികത വിരചിതമായിരിക്കുന്നതു്’ (The English Civilisation is composed of three Bs, Bible, Bayonet and Brandy) എന്നു് വിവേകാനന്ദൻ ഒരിക്കൽ പറഞ്ഞ അഭിപ്രായത്തെ പ്രസ്തുതാധ്യായം അനുസ്മരിപ്പിക്കുന്നു. ക്രിസ്തുമതത്തെ ഇങ്ങനെയൊരു ചൂഷണോപകരണമാക്കുന്ന പുരോഹിതന്മാരുടെ ഉള്ളുകള്ളികൾ മനസ്സിലായതോടെ എൽവിൻ മതസംഘടനകളുമായുള്ള സകല ബന്ധങ്ങളും വേർപെടുത്തി; ബന്ധപ്പെട്ട മതാധ്യക്ഷനു് തന്റെ രാജി എഴുതി അയയ്ക്കുകയുംചെയ്തു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ദൃഷ്ടിയിൽ അദ്ദേഹം അപ്പോഴും ഒരു നോട്ടപ്പുള്ളിയായിരുന്നു. നാടു് കടത്തപ്പെട്ടാൽ താൻ അങ്ങേയറ്റം സ്നേഹിക്കുന്ന ഇന്ത്യ വിട്ടുപോകേണ്ടിവരുമല്ലോ എന്നു് ഭയപ്പെട്ടു് എൽവിൻ രാഷ്ട്രീയ പ്രക്ഷോഭണങ്ങളിൽനിന്നു് തീരെ പിൻവാങ്ങി. അനന്തരകാലം മുഴുവൻ ഗിരിവർഗോദ്ധാരണത്തിനുവേണ്ടി ചെലവാക്കാനാണു് അദ്ദേഹം നിശ്ചയിച്ചതു്. ഗാന്ധിയും മറ്റു് നേതാക്കളും ഈ നിശ്ചയത്തിനു് സന്തോഷപൂർവ്വം അനുമതി നൽകുകയും ചെയ്തു. മദ്ധ്യേന്ത്യയിലെയും ആസ്സാമിലെയും ഗിരിവർഗക്കാരുടെ നടുവിൽ പാർത്തുകൊണ്ടു് ദശാബ്ദങ്ങളായി അനുഷ്ഠിച്ചുപോന്ന സമാരാധ്യമായ സാമൂഹ്യസേവനമാണു് ഈ കർമയോഗിയുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. ഭാരതീയർക്കെല്ലാം അതു് സുവിദിതമാകയാൽ ഇവിടെ വിവരിക്കണമെന്നില്ല. അതിന്റെയൊരു സംക്ഷിപ്തചരിത്രമാണു് ഈ ആത്മകഥയിലെ പ്രധാന പ്രതിപാദ്യം.
ഇന്ത്യയ്ക്കു് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം എൽവിന്റെ സേവനപദ്ധതികൾ പൂർവാധികം സുകരവും ഫലവത്തുമായിത്തീർന്നു. ഗവണ്മെന്റിൽനിന്നു് അദ്ദേഹത്തിനു് വേണ്ടത്ര പ്രോത്സാഹനവും സ്ഥാനമാനങ്ങളും ലഭിച്ചു. കഥാനായകന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നെഹ്റു. ഗാന്ധിയോടു് തോന്നിയിരുന്ന ഭക്ത്യാദരങ്ങൾക്കു് ഇളക്കം തട്ടിയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ‘പ്യൂരിട്ടാനിസം’ തനിക്കിഷ്ടമായിരുന്നില്ലെന്നു് ഗ്രന്ഥകാരൻ ഒരിടത്തു് പറയുന്നുണ്ടു്. എന്നാൽ, നെഹ്റുവുമായുള്ള സമ്പർക്കത്തിൽ മാനസികമായ ഐക്യം തികച്ചും അനുഭവപ്പെട്ടിരുന്നുവെന്നും.
ഗിരിവർഗത്തിൽനിന്നുതന്നെയാണു് എൽവിൻ വിവാഹം കഴിച്ചതു്. പക്ഷേ, ആദ്യവിവാഹം അത്ര ക്ഷേമകരമായിരുന്നില്ല. സങ്കടത്തോടുകൂടിയാണെങ്കിലും അതിൽനിന്നു് അദ്ദേഹത്തിനു് മോചനം നേടേണ്ടിവന്നു. അനന്തരം മലയരുടെ വേറൊരു വിഭാഗത്തിൽനിന്നു് അദ്ദേഹം ഒരു പെൺകുട്ടിയെ ഭാര്യയായി സ്വീകരിച്ചു. അവളാണു് ഈ ആത്മകഥയിലെ നായികയായ ലീല. രണ്ടാം കല്യാണം എല്ലാംകൊണ്ടും പരിപൂർണ്ണവിജയമായിരുന്നു. ലീല തനിക്കു് പ്രാണാധികപ്രിയയാണെന്നു് ഗ്രന്ഥകാരൻ പലയിടത്തും പ്രസ്താവിച്ചിട്ടുണ്ടു്. അവരുടെ മൂന്നു് പുത്രന്മാരും ഇപ്പോൾ നല്ല നിലയിലെത്തിയിരിക്കുന്നു. ഈ കുടുംബം ഷില്ലോങ്ങിൽ സസുഖം താമസിച്ചുകൊണ്ടിരിക്കുമ്പോഴാണു് എൽവിൻ മൃതിയടഞ്ഞതു്. 1961 വരെയുള്ള ജീവിതചരിത്രം ഈ ആത്മകഥയിലുണ്ടു്. ഭാരതീയർക്കു് ഇതു് പാരായണയോഗ്യമായ ഒരു പരിശുദ്ധഗ്രന്ഥമാകുന്നു.
(ദീപാവലി)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971