
ആധുനികവിദ്യാഭ്യാസം ആവശ്യത്തിലധികം സാഹിത്യപരമായിപ്പോയി എന്നൊരു പരാതി അടുത്തകാലംവരെ കേട്ടിരുന്നു. എന്നാൽ ഇന്നു സ്ഥിതി നേരെ മറിച്ചാണു്. സാങ്കേതികവിദ്യാഭ്യാസത്തിന്റെ നാനാമുഖമായ മുന്നേറ്റത്തിൽ സാഹിത്യ പരിശീലനം അഗണ്യകോടിയിലേക്കു നീങ്ങിത്തുടങ്ങിയിരിക്കുന്നു. ആദർശദൃഷ്ട്യാ നോക്കുമ്പോൾ, വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം ജീവിതത്തിന്റെ സംസ്കാരവും വികാസവുമാണെന്നു കാണാം. മനുഷ്യനിൽ പ്രകൃത്യാ വിലീനമായിരിക്കുന്ന ജീവിതശക്തികളുടെ പൂർണ്ണമായ വികാസമാണു വിദ്യാഭ്യാസം എന്നു സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ടു്. പക്ഷേ, പ്രായോഗികലോകത്തിൽ ഈ ലക്ഷ്യത്തിനു വേണ്ടുന്നത്ര പ്രാധാന്യം കല്പിക്കാൻ നിവൃത്തിയില്ലാത്തതായിത്തീർന്നിരിക്കുന്നു. ഏതു തരം വിദ്യാഭ്യാസമാണു ജീവിതസന്ധാരണത്തിനു കൂടുതൽ പ്രയോജനകരം എന്നാണു് ഇന്നു നാം നോക്കുന്നത്. ഇതിലേക്കു് സാഹിത്യപരിശീലനത്തെക്കാൾ ശാസ്ത്രപഠനം കൂടുതലായി ഉപകരിക്കുന്നുണ്ടെന്നു് അനുഭവം വിളിച്ചുപറയുന്നു. അതുകൊണ്ടാണു കോളേജ് ക്ലാസ്സുകളിലെത്തുമ്പോൾ വിദ്യാർത്ഥികൾ സാഹിത്യത്തെ അവഗണിച്ചു ശാസ്ത്രത്തിന്റെ പിറകെ തിരക്കുകൂട്ടിച്ചെല്ലുന്നതു്. പ്രകൃതിവിജ്ഞാനീയം, രസതന്ത്രം, ഗണിതം, ശരീരശാസ്ത്രം മുതലായ വിഷയങ്ങളിൽ ഉപരിപഠനത്തിനായി ഉത്സുകരാകുന്ന വിദ്യാർത്ഥികളുടെ സംഖ്യ ഇപ്പോൾ പ്രതിവർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണു്. സാർവ്വത്രികമായിക്കാണുന്ന ഈ ശാസ്ത്രജ്ഞാനതൃഷ്ണ അത്യാവശ്യം തന്നെയെങ്കിലും അതോടൊപ്പം രൂഢമൂലമായി വരുന്ന സാഹിത്യവൈമുഖ്യം അനാശാസ്യമെന്നുമാത്രമല്ല, ആപല്ക്കരംകൂടിയാകുന്നു.

മനുഷ്യജീവിതത്തെ ഒരു രഥത്തോടുപമിക്കാമെങ്കിൽ നമ്മുടെ ഹൃദയവും ബുദ്ധിയും അതിന്റെ രണ്ടു ചക്രങ്ങളായിട്ടു കണക്കാക്കാം. ജീവിതവ്യാപാരങ്ങൾക്കു് ബുദ്ധിനിയാമകമായും ഹൃദയം പ്രേരകമായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു വിധത്തിൽ നോക്കിയാൽ ജീവിതമെന്നതു ഹൃദയവും ബുദ്ധിയും തമ്മിലുള്ള ഒരു വടംവലിയാണെന്നു കാണാം. ഇതിൽ മനുഷ്യൻ പലപ്പോഴും ബുദ്ധിയുടെ നിയന്ത്രണത്തിൽനിന്നു തെറ്റി ഹൃദയത്തിനു വിധേയനായിപ്പോകാറുണ്ടു്. ഹൃദയമാണല്ലോ വികാരങ്ങളുടെ ഉല്പത്തിസ്ഥാനം. വികാരങ്ങൾക്കു് അപ്രതിരോധ്യമായ വശീകരണ ശക്തിയുണ്ടു്. എപ്പോഴെങ്കിലും വികാരാവേശംമൂലം അപഥത്തിൽ ചാടാതിരുന്നിട്ടുള്ള മനുഷ്യർ ഉണ്ടെന്നു തോന്നുന്നില്ല. ജീവിതസമുദ്രത്തിൽ കോളിളക്കമുണ്ടാക്കുന്ന കല്ലോലമാലകളാണു വികാരങ്ങൾ. അവയുടെ ആകത്തുകയാണു ജീവിതമെന്നുപോലും ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഇതിൽനിന്നു തെളിയുന്നതു് ജീവിതത്തിന്റെ ഉൽക്കർഷാപകർഷങ്ങൾ, വികാരങ്ങളുടെ അഥവാ ഹൃദയത്തിന്റെ ഉച്ചനീചത്വത്തെ ആശ്രയിച്ചിരിക്കുന്നു എന്നാണു്. ശാസ്ത്രജ്ഞാനം ബുദ്ധിയെ മാത്രം വികസിപ്പിക്കുന്ന ഒന്നത്രെ. അതു ഹൃദയത്തെ സ്പർശിക്കുകയോ അതിനെ സംസ്കരിക്കുകയോ ചെയ്യുന്നില്ല. സാഹിത്യമാണു് ആ കൃത്യം നിർവ്വഹിക്കുന്നതു്. തലച്ചോറു തടിക്കുന്നതുകൊണ്ടുമാത്രം മനുഷ്യത്വത്തിന്റെ മഹിമ വെളിപ്പെടുന്നതല്ലല്ലോ. അതിലേക്കു് ഒന്നാമതായി വേണ്ടതു ഹൃദയസംസ്കാരമാകുന്നു. സാഹിത്യസപര്യകൊണ്ടു സാധിക്കുന്നതും ഇതുതന്നെയത്രെ. ഹൃദയദ്രവീകരണവും സദ്വികാരസംക്രമണവും സാധിക്കുകയെന്നതാണു സാഹിത്യത്തിന്റെ പ്രധാന ധർമ്മമെന്നു ടോൾസ്റ്റോയി പറയുന്നുണ്ടു്. മനുഷ്യനെ നന്നാക്കുന്ന മുഖ്യമാർഗ്ഗമാണിതു്. സദ്വികാരങ്ങളുടെ വശീകരണംവഴി മനുഷ്യൻ പെട്ടെന്നു നന്നായിപ്പോകുന്നതിനെ ഉദാഹരിക്കുന്ന ഒരു കഥയുണ്ടു്; ഒരു പാതിരി, കുടി മുഴുത്തു മുടിയാറായ ഒരുത്തനോടു് കുടി നിറുത്തണമെന്നു പലപ്രകാരത്തിലും ഉപദേശിച്ചുനോക്കി; യാതൊരു ഫലവുമുണ്ടായില്ല. അവന്റെ ബുദ്ധിക്കു വെളിവുണ്ടാകത്തക്കവണ്ണം പാതിരി ബൈബിളിൽനിന്നു പല പ്രമാണങ്ങളും ചൊല്ലിക്കേൾപ്പിച്ചു. എന്നിട്ടും കുടിയൻ പഴയമട്ടിൽ കഴിഞ്ഞുകൂടി. ഒടുവിൽ പാതിരി വേറൊരു വിദ്യ പ്രയോഗിച്ചു. അതു കുറിക്കുകൊള്ളുകയും ചെയ്തു. കുടിയനു് ഏറ്റവും വാത്സല്യമുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൻ ഷാപ്പിൽനിന്നു മടങ്ങിവന്നപ്പോൾ പാതിരി ആ കുഞ്ഞിനെ കൈയിലെടുത്തു് അവന്റെ മുമ്പിൽച്ചെന്നു് ആ കുഞ്ഞിനെ ഓർത്തിട്ടെങ്കിലും ഇനി കുടിക്കരുതെന്നു കരഞ്ഞുകൊണ്ടപേക്ഷിച്ചു. ദയനീയമായ ആ അപേക്ഷ അവന്റെ ഉള്ളിൽത്തട്ടി. പാതിരിയുടെ ആർദ്രസ്വരം അവന്റെ പരുപരുത്ത ഹൃദയം ദ്രവിപ്പിച്ചു. അന്നുമുതൽ അവൻ കുടിനിറുത്തി സദ്വൃത്തനായിത്തീരുകയുംചെയ്തു. നമ്മുടെ ജീവിതത്തിൽ ഹൃദയത്തിനുള്ള സ്ഥാനമേതെന്നു് ഈ കഥ തെളിയിക്കുന്നു. അതുവഴി ഭാവോദ്ദീപകമായ സാഹിത്യത്തിനുള്ള വിലയും വെളിപ്പെടുന്നു. ആധുനികലോകം ഹൃദയത്തെ അനാദരിച്ചു്, ബുദ്ധിയെ കൂടുതലായി മാനിച്ചു്, ശാസ്ത്രംകൊണ്ടുതന്നെ കൈകാര്യം ചെയ്യാൻ പുറപ്പെട്ടതിന്റെ ഭയങ്കര ഫലമാണു് കഴിഞ്ഞ മഹായുദ്ധം. ഒരു നല്ല ജീവിതം എന്നുവെച്ചാൽ എന്താണെന്നുള്ളതിനു് പ്രസിദ്ധ തത്വചിന്തകനായ ബർട്രാൻഡ് റസ്സൽ ഒരു ഒന്നാംതരം നിർവ്വചനം കൊടുത്തിട്ടുണ്ടു്. ജീവിതത്തെപ്പറ്റി ഇത്രയും അർത്ഥവത്തായ ഒരു വിവരണം വേറെങ്ങും കണ്ടിട്ടില്ല. ‘സ്നേഹംകൊണ്ടു പ്രചോദിതവും, വിജ്ഞാനംകൊണ്ടു നിയമിതവും ആയ ഒന്നാണു നല്ല ജീവിതം.’ (A good life is one inspired by love and guided by knowledge) എന്നു് അദ്ദേഹം പറയുന്നു. സ്നേഹംകൊണ്ടു മസൃണമാകാത്ത ശുഷ്കമായ ശാസ്ത്രജ്ഞാനം ധ്വംസനപരമായിപ്പോകുമെന്നു് അദ്ദേഹം സോദാഹരണം വിശദീകരിക്കുന്നുമുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടു ശാസ്ത്രമാർഗ്ഗത്തിലുള്ള ബുദ്ധിപരമായ പുരോഗതി അപ്രധാനമാണെന്നോ അഗണ്യമാണെന്നോ ഇവിടെ വിവക്ഷയില്ല. സ്നേഹത്തിലും സൗന്ദര്യത്തിലും അധിഷ്ഠിതമായ സാഹിത്യം അവഗണിക്കപ്പെടരുതെന്നേയുള്ളൂ. ജീവിതരഥത്തിന്റെ രണ്ടു ചക്രങ്ങളും സമനിലയിൽ പ്രവർത്തിക്കണമെങ്കിൽ നമ്മുടെ വിദ്യാഭ്യാസപദ്ധതിയിൽ ശാസ്ത്രത്തിനും സാഹിത്യത്തിനും തുല്യപ്രാധാന്യം തന്നെ ലഭിക്കേണ്ടിയിരിക്കുന്നു.
—1959.

ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971