ഒരൊറ്റ പുസ്തകംകൊണ്ടു് ഏറ്റവും കൂടുതൽ പ്രശസ്തി നേടുക എന്നതു് അധികം ഗ്രന്ഥകാരന്മാർക്കും സാധ്യമാകാത്ത ഒരു കാര്യമാണു്. അമേരിക്കയിലെ രാജ്യതന്ത്രപ്രവീണനായ വെൻഡൽ വിൽക്കി അതു് സാധിച്ചു. അദ്ദേഹത്തിന്റെ ‘ഏകലോകം’ (One World) എന്ന ഗ്രന്ഥത്തിനു് സിദ്ധിച്ച പ്രചാരവും പ്രശംസയും വിസ്മയാവഹമെന്നേ പറയേണ്ടു. മറ്റൊരു പുസ്തകത്തിനും ഇത്ര വളരെ പ്രചാരം സിദ്ധിച്ചിട്ടില്ലത്രേ. ഒരു കൊല്ലം തികഞ്ഞിട്ടില്ല അതെഴുതി അച്ചടിപ്പിച്ചിട്ടു്. അപ്പോഴേക്കും അതിന്റെ പത്തു് ലക്ഷത്തിലധികം പ്രതികൾ ചെലവായിക്കഴിഞ്ഞിരിക്കുന്നു; ഗ്രന്ഥകാരൻ ദിഗന്തവിശ്രാന്ത കീർത്തിമാനുമായി.
വെൻഡൽ വിൽക്കി അടുത്ത കാലത്തു് നടത്തിയ ഒരു ലോകപര്യടനമാണു് ഇങ്ങനെയൊരു ഗ്രന്ഥമെഴുതുന്നതിനു് അദ്ദേഹത്തെ പ്രേരിപ്പിച്ചതു്. വിമാനസഞ്ചാരത്തിൽ ആകാശസ്ഥിതനായി ലോകം നോക്കിക്കണ്ടപ്പോൾ അതു് ഏകമായി അദ്ദേഹത്തിനു് തോന്നി. ഗ്രന്ഥകാരന്റെ മനസ്സിനുതന്നെ ഒരു ആകാശവിശാലതയുണ്ടായി. രാഷ്ട്രം, വർഗ്ഗം, മതം മുതലായ അതിർത്തികളെ ഭേദിച്ചു് ലോകത്തെ ഒന്നായി ആശ്ലേഷിക്കുന്നതിനുള്ള ഒരു പ്രചോദനം അതിലങ്കുരിച്ചു. അതിന്റെ ഫലമായിട്ടാണു് പ്രസ്തുത പുസ്തകം പുറത്തുവന്നതു്. ഏക ലോകദർശനത്താൽ പ്രചോദിതവും പ്രബുദ്ധവും ആയ ഒരു മനസ്സിൽനിന്നും സ്വഭാവേന പുറപ്പെട്ട നവീനാശയങ്ങളുടെ സ്വതന്ത്രവും സുന്ദരവുമായ ആവിഷ്കരണം—അതാണു് ഈ ഗ്രന്ഥത്തിനുള്ളൊരു മേന്മ. എന്നാലും അതിനു് ചില കുറവുകളുണ്ടു്. അവ യഥാസന്ദർഭം വെളിപ്പെടുത്താം.
അമേരിക്കൻ പ്രസിഡണ്ടിന്റെ പ്രതിനിധിയെന്ന നിലയിൽ യുദ്ധരംഗങ്ങൾ സന്ദർശിക്കുകയെന്നതായിരുന്നു വിൽക്കിയുടെ പ്രധാന യാത്രോദ്ദേശ്യം. തന്റെ സ്ഥാനത്തിനു് ചേർന്ന സജ്ജീകരണങ്ങളോടുകൂടി 1942 ആഗസ്റ്റ് മാസത്തിൽ അദ്ദേഹം ന്യൂയോർക്കിൽനിന്നും വിമാനമാർഗം യാത്ര തിരിച്ചു. നാല്പത്തൊമ്പതു് ദിവസംകൊണ്ടു് ഈജിപ്ത്, ഇറാക്ക്, ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചശേഷം അലാസ്കാവഴി അദ്ദേഹം മടങ്ങിയെത്തി. ഇതൊരു ഭൂലോകപര്യടനമായിട്ടാണു് ഗ്രന്ഥകാരൻ പരിഗണിച്ചിരിക്കുന്നതെങ്കിലും അതിൽ അതിവിസ്തൃതമായ ഇന്ത്യാമഹാരാജ്യം ഉൾപ്പെട്ടിട്ടില്ലെന്നുള്ളതു് പ്രത്യേകം ഓർമിക്കേണ്ടതാകുന്നു. താൻ ഇന്ത്യ സന്ദർശിക്കരുതെന്നു് പ്രസിഡണ്ട് പ്രത്യേകം ആജ്ഞാപിച്ചിരുന്നു എന്ന രഹസ്യം ഗ്രന്ഥകാരൻ ഒരിടത്തു് വെളിപ്പെടുത്തിയിട്ടുണ്ടു്. സർവലോകരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി സമർത്ഥമായി വാദം നടത്തുകയാണു് അദ്ദേഹം പ്രസ്തുത ഗ്രന്ഥത്തിൽ ചെയ്യുന്നതു്. എന്നാൽ, അതേസമയം ദേശസഞ്ചാരത്തിൽപ്പോലും തനിക്കു് നേരിട്ട ഈ അസ്വാതന്ത്ര്യത്തെപ്പറ്റി അദ്ദേഹം മൗനം ദീക്ഷിക്കുന്നതേയുള്ളു! രസകരങ്ങളായ യാത്രാനുഭവങ്ങൾ, യുദ്ധരംഗങ്ങളിലെ സ്ഥിതിഗതികൾ, പൗരസ്ത്യരുടെ പരാധീനത, അവരുടെ ഹൃദയാന്തർഭാഗത്തു് തിരതല്ലിക്കൊണ്ടിരിക്കുന്ന വിപ്ലവോന്മുഖമായ വികാരവിശേഷങ്ങൾ, കപടകുടിലമായ പാശ്ചാത്യരാജ്യതന്ത്രത്തോടുള്ള അവജ്ഞ, അനുദിനം പ്രബുദ്ധമായിക്കൊണ്ടിരിക്കുന്ന ദേശീയചൈതന്യം എന്നിങ്ങനെ പല വിഷയങ്ങളും ഈ ഗ്രന്ഥത്തിൽ സരസ ലളിതമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ടു്. യുദ്ധാനന്തര പുനസ്സംഘടയെപ്പറ്റിയാണല്ലൊ ഇന്നു് സകല നേതാക്കന്മാരും ആലോചിച്ചുകൊണ്ടിരിക്കുന്നതു്. ഒരു പുതിയ ലോകം—രാഷ്ട്രീയവും സാമുദായികവും സാമ്പത്തികവുമായ ഒരു നവവ്യവസ്ഥിതി—യുദ്ധം കഴിഞ്ഞാൽ പ്രത്യക്ഷപ്പെടുമെന്നു് എല്ലാവരും വിശ്വസിച്ചുകൊണ്ടിരിക്കയാണു്. സർവപ്രധാനമായ ഈ സംഗതിയെപ്പറ്റിത്തന്നെയാണു് വെൻഡൽ വിൽക്കിയും കാഹളം മുഴക്കിയിട്ടുള്ളതു്. പക്ഷേ, പുസ്തകം മുഴുവൻ വായിച്ചുകഴിയുമ്പോൾ പല സംശയങ്ങളും വായനക്കാരിൽ ഉണ്ടാകാം. ഇന്നു് പരസ്പരം വെടിവെച്ചു് നശിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളെല്ലാം സംഘടിച്ചു് ലോകം മുഴുവൻ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ സകാരത്രയത്തിൽ ഒന്നായിത്തീരണമെന്നു് ഗ്രന്ഥകാരനെപ്പോലെ വാദിക്കുന്നവർ ധാരാളമുണ്ടു്. പക്ഷേ, ഇത്തരം പണ്ഡിതന്മാരല്ല പ്രസ്തുത രാഷ്ട്രങ്ങളുടെ ഭരണയന്ത്രം തിരിച്ചുകൊണ്ടിരിക്കുന്നവർ. വൈഷമ്യം അതിലാണു് കിടക്കുന്നതു്. ആദർശവാദികളെ തൃപ്തിപ്പെടുത്താൻവേണ്ടി പഴയ വൈൻ പുതിയ കുപ്പിയിലാക്കുവാൻ ഉദ്യമിക്കുന്ന യാഥാസ്ഥിതികാരാണല്ലോ ഭരണകർത്താക്കൾ. നൂറ്റാണ്ടുകളായി പഴകി മുരടിച്ചു് പരചൂഷണംകൊണ്ടു് പങ്കിലമായിപ്പോയിട്ടുള്ള ഒരു മനസ്സാണു് അവരുടേതു്. അതിനൊരു മാറ്റം വരികയെന്നതു് അസാദ്ധ്യമത്രെ. അന്ധതയുടെയും മാമൂലിന്റെയും ചെങ്കോൽ പിടിച്ചിരിക്കുന്ന ഈ ജാംബവാന്മാരെ അധികാരസ്ഥാനങ്ങളിൽനിന്നു് നീക്കം ചെയ്തെങ്കിൽ മാത്രമേ ലോകത്തിനു് രക്ഷയുള്ളു എന്നതു് കുട്ടികൾക്കുപോലും അറിയാവുന്ന ഒരു സംഗതിയാണു്. എന്നാൽ, അതിനെപ്പറ്റി തുറന്നു് പറയുവാൻ ഏകലോകപ്രണേതാവു് ധൈര്യപ്പെട്ടിട്ടില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തെ പഴയമട്ടിൽ സൂക്ഷിക്കുവാൻ പാടുപെടുന്ന ചർച്ചിലിനെപ്പറ്റി മിസ്സിസ് റൂസ്വെൽട്ട് ഈയിടെ പ്രസ്താവിച്ചതാണു് സത്യം. ചർച്ചിൽ വൃദ്ധനായിപ്പോയെന്നും അതുകൊണ്ടു് അദ്ദേഹത്തിന്റെ മനോഭാവത്തിന്നൊരു പരിവർത്തനം വരിക സാദ്ധ്യമല്ലെന്നും ആ മദാമ്മ തുറന്നു് പറയുകയുണ്ടായി. ആയോധനപടുവാണെങ്കിലും സമാധാനസ്ഥാപനത്തിനു് അപ്രാപ്തൻ എന്നു് ഇദ്ദേഹത്തെപ്പറ്റി പ്രൊഫസർ ലസ്കി അഭിപ്രായപ്പെട്ടതും ഇവിടെ സ്മരണീയമാണു്. ഇതുപോലെ എത്രയെത്ര പണ്ഡിതന്മാർ ചർച്ചിലിന്റെ യാഥാസ്ഥിതികത്വത്തെ നിരൂപണംചെയ്തിട്ടുണ്ടു്! എന്നിട്ടും ഭാവിലോകകാര്യാലോചനകളിൽ പ്രാമുഖ്യം വഹിക്കുന്നതു് ഇദ്ദേഹമല്ലേ? ഒരു നവലോകദർശനത്തിനു് മതിയായ ഉൽപതിഷ്ണുത്വവും ഹൃദയവിശാലതയും അമേരിക്കൻ പ്രസിഡണ്ടിനുപോലും ഇല്ലെന്നുള്ളതു് സൂക്ഷിച്ചുനോക്കിയാൽ അറിയാം. അഥവാ ഉണ്ടായാൽത്തന്നെ അതിനൊരു മൂടുപടം ഇടുന്നതിനു് തയ്യാറായിനിൽക്കുന്ന ‘പഴഞ്ചന്മാ’രാണു് അദ്ദേഹത്തിന്റെ അനുയായികളിൽ പലരും. പ്രത്യേകിച്ചൊരു സ്നേഹവും ബഹുമതിയും അമേരിക്കക്കാരെപ്പെറ്റി പൗരസ്ത്യർക്കു് തോന്നിയിട്ടുണ്ടെന്നാണു് വെൻഡൽ വിൽക്കി പറയുന്നതു്. തങ്ങളുടെ ഭാവി അവർ അമേരിക്കക്കാരിലാണു് സമർപ്പിച്ചിരിക്കുന്നതു്. ആ നവഭൂഖണ്ഡത്തിൽനിന്നെങ്കിലും നീതിയും ന്യായവും പുറപ്പെടുമെന്നു് അവർ ആശിച്ചുകൊണ്ടിരുന്നുപോൽ. പൗരസ്ത്യരുമായി സമഭാവനയോടെ മൈത്രി പുലർത്തിക്കൊണ്ടു പോകണമെങ്കിൽ പുതിയ നേതാക്കന്മാരും പുതിയ ആശയങ്ങളും ആവശ്യമാണെന്നു് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ടു്. യുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന പല സേനാധിപന്മാരോടും വിൽക്കി നേരിട്ടു് സംഭാഷണം ചെയ്യുകയുണ്ടായി. അവർക്കാർക്കുംതന്നെ ലോകസ്ഥിതി മാറിക്കൊണ്ടിരിക്കുന്നു എന്ന ബോധം ഉണ്ടായിട്ടില്ലത്രേ. എന്നാൽ, അതിദൂരവ്യാപകമായ ഒരു പരിവർത്തനത്തിന്റെ ലക്ഷണങ്ങളാണു് പൗരസ്ത്യദേശങ്ങളിൽ ഗ്രന്ഥകാരനു് കാണ്മാനിടവന്നതു്. കഴിഞ്ഞ പത്തുനൂറ്റാണ്ടുകൾകൊണ്ടുണ്ടായതിനേക്കാൾ കൂടുതലായ ഒരു മാറ്റം വരുന്ന പത്തുകൊല്ലം കൊണ്ടു് സംഭവിക്കും (Their lives will change more in the next ten years than they have in the last ten centuries) എന്നു് അദ്ദേഹം വിളിച്ചുപറയുന്നു. പക്ഷേ, ഇതു് ആരു് കേൾക്കാനാണു്?
വെൻഡൽ വിൽക്കിയുടെ പുസ്തകത്തിൽ സോവിയറ്റ് റഷ്യയെപ്പറ്റിയുള്ള പ്രസ്താവമാണു് പ്രത്യേകം ശ്രദ്ധേയമായിട്ടുള്ളതു്. അദൃഷ്ടപൂർവവും അത്യന്തം നവ്യവുമായ ഒരു മാനവസംസ്കാരം ആ രാജ്യത്തു് ഉദയംചെയ്തിട്ടുണ്ടെന്നും മനുഷ്യവർഗത്തിന്റെ ഭാവിജീവിതത്തെ അതു് സാരമായി സ്പർശിക്കുമെന്നും ഗ്രന്ഥകാരൻ സമ്മതിക്കുന്നു. അവിടത്തെ ഭരണസമ്പ്രദായത്തെപ്പറ്റി നിഷ്പക്ഷമായി പഠിച്ചു് നിരൂപണം ചെയ്യുന്നവർ ഇന്നു് എത്രപേരുണ്ടു്. ഒരു ആയുഷ്കാലപഠനംതന്നെ ഇതിലേക്കു് വേണ്ടിവരുമെന്നാണു് ഗ്രന്ഥകാരൻ പറയുന്നതു്.
‘The country is so vast and the change it has gone through so complicated that only a life-time of study and shelf-ful of books could begin to tell the whole truth about the Soviet Union’ എന്നു് അദ്ദേഹം അഭിപ്രായപ്പെടുന്നതു് നോക്കുക. ചില കേട്ടുകേൾവികളെയും പത്രപ്രസ്താവനകളെയും മാത്രം അടിസ്ഥാനപ്പെടുത്തി ആ രാജ്യത്തിലെ കുറ്റങ്ങളും കുറവുകളും പെരുമ്പറയടിച്ചു് പരസ്യപ്പെടുത്തുന്ന ഉപരിപ്ലവബുദ്ധികൾ ഈ അഭിപ്രായം പ്രത്യേകിച്ചും ഓർമ്മിക്കേണ്ടതാകുന്നു. ഗ്രന്ഥകാരൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തെ അനുകൂലിക്കുന്നയാളല്ല. തന്റെ നാട്ടിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ‘റിപ്പബ്ലിക്കൻ’ സമ്പ്രദായമാണു് അദ്ദേഹത്തിനു് കൂടുതൽ ഇഷ്ടം. റഷ്യയിലെ ജീവിതമഹത്ത്വം അദ്ദേഹത്തിന്റെ ശ്രദ്ധയെ ബലാദാകർഷിക്കുന്നുണ്ടെങ്കിലും അതു് ലോകം മുഴുവൻ വ്യാപരിച്ചാലേ മനുഷ്യവർഗത്തിനു് രക്ഷയുള്ളു എന്നു് സമ്മതിക്കുവാൻ അദ്ദേഹം തയ്യാറാകുന്നില്ല. മനുഷ്യരാശിയുടെ വിശേഷിച്ചും അടിമത്തത്തിൽ കിടക്കുന്ന പൗരസ്ത്യലോകത്തിന്റെ മോചനത്തിനുള്ള ഒരു യുദ്ധമാണു് ഇതു് (A war of liberation) എന്നു് വിൽക്കി ഉദ്ഘോഷിക്കുന്നു. മഹത്തായ ഈ കർമം നിർവഹിക്കുന്നതിൽ സർവശക്തമായ അമേരിക്കയ്ക്കുള്ള കടമയെപ്പറ്റിയും അദ്ദേഹം ഗംഭീരമായി പ്രസംഗിക്കുന്നുണ്ടു്. പക്ഷേ, അവിടത്തെ ഭരണയവനികയുടെ ഉള്ളിൽ ഒളിച്ചിരുന്നുകൊണ്ടു് ചരടുപിടിക്കുന്നവർ മുതലാളിത്തം മൂർത്തീകരിച്ച ഏതാനും ബാങ്കർമാരും കമ്പനിയുടമസ്ഥന്മാരും ആണെന്നുള്ള സത്യസ്ഥിതി ഗ്രന്ഥകാരൻ വിസ്മരിച്ചിരിക്കുന്നു. ഈ മനുഷ്യച്ചെന്നായ്ക്കളുടെ സഹോദരന്മാർതന്നെയാണു് റഷ്യയൊഴിച്ചുള്ള ഇതര രാജ്യങ്ങളെയും ഭരിച്ചുകൊണ്ടിരിക്കുന്നതു്. ഇംഗ്ലണ്ടിലെ ‘ഡിമോക്രാസി’യും അമേരിക്കയിലെ റിപ്പബ്ലിക്കൻരീതിയും സത്യത്തിന്റെയും ധർമത്തിന്റെയും പേരിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഒരു വഞ്ചന മാത്രമാകുന്നു. അതിന്റെ വേരറ്റുപോകണമെങ്കിൽ ‘ക്യാപ്പിറ്റലിസ’ത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യജീവിതവ്യവസ്ഥ നിശ്ശേഷം നശിക്കുകതന്നെ വേണം. അതെന്നു് സാദ്ധ്യമാകുന്നുവോ അന്നു് മാത്രമേ ഏകലോകം യാതൊരു തടവുമില്ലാതെ പ്രായോഗികമായിത്തീരുകയുള്ളു.
[1] യുദ്ധകാലത്തെഴുതിയതാണീ ലേഖനം.
(വിമർശരശ്മി 1946)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971