‘ഇന്നത്തെ അറിവു് നാളത്തെ അജ്ഞാനമാകുന്നു’ എന്നു് വെത്സ് അഭിപ്രായപ്പെട്ടിട്ടുണ്ടു്. ‘ഇന്നലെ ചെയ്തോരബദ്ധം’ ഇന്നത്തെ ആചാരമാകുമെന്നും അതുതന്നെ നാളത്തെ ശാസ്ത്രമായിപ്പോകാമെന്നും ആശാൻ പ്രവചിച്ചിരിക്കുന്നു. മനുഷ്യസമുദായത്തിന്റെ പുരോഗമനത്തിനു് സ്വതന്ത്രമായ യുക്തി വിചാരവും നവീനവിജ്ഞാനബോധവും എത്രമാത്രം ആവശ്യമാണെന്നാണു് പ്രസ്തുതവാക്യങ്ങൾ തെളിയിക്കുന്നതു്. എന്നാൽ, വിജ്ഞാനമാർഗത്തിലുള്ള സ്വതന്ത്രചിന്തയും പുരോഗമനവും തടയപ്പെട്ടു് ജനസമുദായം ഓരോ കാലഘട്ടത്തിലും ബുദ്ധിപരമായ സ്തംഭിതാവസ്ഥയിൽ ആയിപ്പോയിട്ടുണ്ടു്. മതപരമായ അന്ധത, വീരാരാധന, ഗതാനുഗതികത്വം ഇങ്ങനെ പലതും ഈ ബുദ്ധിസ്തംഭനത്തിനു് കാരണങ്ങളായിത്തീരുന്നു. അമിതമായ ഗാന്ധിഭക്തികൊണ്ടു് ഇൻഡ്യയിലും ഈ ദോഷം കടന്നുകൂടിയിട്ടുണ്ടെന്നു് ജവഹർലാൽ ഒരിക്കൽ പറയുകയുണ്ടായി. കെട്ടിക്കിടക്കുന്ന ജലം ദുഷിക്കുമ്പോൾ അതു് വെട്ടിത്തുറന്നുവിട്ടു് സ്വച്ഛജലത്തിനു് പ്രവേശനമാർഗം ഉണ്ടാക്കുന്നതുപോലെ ലോകത്തെ ബുദ്ധിസ്തംഭനത്തിൽനിന്നും ഉണർത്തി സ്വതന്ത്രചിന്തയിൽക്കൂടി മുന്നോട്ടു് തള്ളിവിടുവാൻ ഓരോ കാലഘട്ടത്തിലും യുക്തിവാദികളായ പണ്ഡിതന്മാർ അവതരിച്ചിട്ടുണ്ടെന്നു് ചരിത്രം പരിശോധിച്ചാൽ കാണാം. സോക്രട്ടീസിന്റെ ആവിർഭാവം ഇങ്ങനെയൊരു കാലഘട്ടത്തിലായിരുന്നു. എന്നാൽ, അദ്ദേഹത്തിൽനിന്നും ലോകത്തിനു് ലഭിച്ച നവീനബോധം അന്നത്തെ അന്ധതയെ ഒട്ടൊക്കെ നീക്കംചെയ്യുന്നതിനു് സഹായിച്ചെങ്കിലും പിന്നീടു് വളരെക്കാലത്തേക്കു് അതുതന്നെ സർവപ്രമാണമായി പരിണമിച്ചു് ജനസമുദായത്തിന്റെ സ്വതന്ത്രചിന്താവ്യാപാരത്തിനു് വിഘാതമായിത്തീർന്നു. വിജ്ഞാനവീഥിയിൽ മുന്നോട്ടുനീങ്ങാൻ സമ്മതിക്കാതെ സോക്രട്ടീസിന്റെ ശിഷ്യവർഗം എത്രയോ കാലം ലോകത്തെ ഭരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ വന്നുചേർന്ന ചിന്താജാഡ്യത്തിൽനിന്നും ലോകം വീണ്ടും ഉണർന്നതു് ക്രിസ്തുവിന്റെ രംഗപ്രവേശത്തോടുകൂടിയാണു്. പക്ഷേ, അന്നുണ്ടായ ഉണർച്ച അതിനുശേഷം വന്നു ചേർന്ന ദീർഘനിദ്രയ്ക്കുള്ള ഒരു ഒരുക്കം മാത്രമായിരുന്നു. സ്വതന്ത്രചിന്തകനായിരുന്ന ക്രിസ്തുവിന്റെ നാമധേയത്തിൽ അസ്വാതന്ത്ര്യത്തിന്റെ കൊടിമരത്തറയും അന്ധവിശ്വാസത്തിന്റെ കൊടിക്കൂറയും ആയ പള്ളിമതം സ്ഥാപിതമായി. വിജ്ഞാനപുരോഗമനത്തിൽ ലോകത്തിനു് നേരിട്ട ഏറ്റവും വലിയ ആപത്തായിരുന്നു അതു്. പള്ളിമതം യുക്തിവാദത്തിന്റെ ഒരു ശവപ്പെട്ടിയായിത്തീർന്നു. ചിന്തിക്കാൻ ആർക്കും അധികാരമില്ലെന്നായി. ഇത്രയും ശക്തിയേറിയ ഒരു അടിമച്ചങ്ങല അതിനു് മുമ്പോ പിമ്പോ മനുഷ്യന്റെ മനസ്സിനെ ബന്ധിച്ചിട്ടില്ല. അതു് വെട്ടിമുറിക്കാതെ പരിപാലിക്കുന്നതിനു് അന്നത്തെ രാജശക്തിയും നിയുക്തമായി. പള്ളിമതത്തിനു് രാജശക്തികൂടി കരഗതമായപ്പോൾ അതിനു് എതിർനിൽക്കാൻ ആരും ധൈര്യപ്പെട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഈ അന്ധകാരാവസ്ഥ നീണ്ടുനിന്നു. മർത്ത്യസമുദായം മാനസികമായി ഏറ്റവും അധഃപതിച്ച ഒരു കാലഘട്ടമാണിതു്. ഇങ്ങനെ ഭയങ്കരമായ ഇരുട്ടിൽ ആണ്ടുപോയ ലോകത്തിനു് പ്രകാശംകൊടുക്കുവാൻ ഒന്നാമതായി പശ്ചിമചക്രവാളത്തിൽ ഉദിച്ച നക്ഷത്രമാണു് വാൾട്ടയർ.
ഏതൊരു കാലഘട്ടത്തിലാണു് വാൾട്ടയർ ജീവിച്ചിരുന്നതെന്നോർക്കുമ്പോളാണു് അദ്ദേഹത്തിന്റെ ജീവിതമഹത്ത്വം തികച്ചും വെളിപ്പെടുന്നതു്. 1694 നവംബർ 21-ാം തിയതി ഉദിച്ച ആ നക്ഷത്രം 1778 മെയ്മാസം 30-ാം തിയതിവരെ പ്രകാശിച്ചു് അസ്തമിച്ചു. ആ 84 നീണ്ട വർഷങ്ങളിൽ അറുപതും പള്ളിമതത്തോടു് പടവെട്ടാൻവേണ്ടിത്തന്നെ വിനിയോഗിക്കപ്പെട്ടു! ഇത്രയും നീണ്ടകാലം നിരന്തരമായി മതശക്തിയോടും അതിന്റെ താങ്ങായി നിന്ന രാജശക്തിയോടും സുധീരം പടപൊരുതിയ മറ്റൊരു യുക്തിവാദിയുണ്ടെന്നു് തോന്നുന്നില്ല. ഫ്രാൻസിലായിരുന്നു അദ്ദേഹം ജനിച്ചതു്. രാജാവും പുരോഹിതനും ഒന്നായി നിന്നു് അടിമത്തം പുലർത്തിയിരുന്ന അക്കാലത്തു് ആർക്കും ഒരക്ഷരംപോലും പള്ളിമതത്തിനെതിരായി പറയുന്നതിനോ എഴുതുന്നതിനോ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. രാജ്യം മുഴുവനും പളിയുടെ സ്വത്തും പുരോഹിതൻ ഭരണാധികാരിയും എന്നമട്ടിലായപ്പോൾ അവിടത്തെ ജനങ്ങൾക്കു് നേരിടാവുന്ന കഷ്ടത ഏകദേശം ഊഹ്യമാണല്ലോ. എത്രയോ ഗ്രന്ഥകാരന്മാരെ അന്നു് തടവിലിടുകയും തൂക്കിക്കൊല്ലുകയും ചെയ്തു! ഇങ്ങനെ മർദ്ദനവും നരവേട്ടയും നടമാടിയിരുന്ന കാലത്തു് ഫ്രാൻസുരാജ്യം മാത്രമല്ല, യൂറോപ്പുമുഴുവൻ പ്രതിദ്ധ്വനിക്കത്തക്കവണ്ണം സ്വാതന്ത്ര്യകാഹളം മുഴക്കുവാൻ വാൾട്ടയർ ധൈര്യപ്പെട്ടു. അല്പകാലംകൊണ്ടു് പശ്ചിമദേശത്തിലെ ഒരു വിജ്ഞാനകേന്ദ്രമായിത്തീർന്നു അദ്ദേഹം. ഒരു സേനാനിയുടെ കരവാളിനേക്കാൾ ശക്തി വാൾട്ടയറുടെ പേനയ്ക്കുണ്ടായിരുന്നു. അതിൽനിന്നും നാനാമുഖമായി പ്രവഹിച്ചുകൊണ്ടിരുന്ന നിശിതനിരൂപണശരങ്ങൾ അന്ധവിശ്വാസപരമ്പരയുടെ മാറിടം പിളർന്നു. പള്ളിമതത്തിന്റെ ബീഭത്സത ഇത്ര നഗ്നമായി വെളിപ്പെടുത്തുവാൻ മറ്റാർക്കും കഴിഞ്ഞില്ല. ഒരു കൂസലുംകൂടാതെ ആ അന്ധവിശ്വാസക്കൂമ്പാരത്തെ തട്ടിത്തകർക്കുവാൻ അദ്ദേഹത്തിന്റെ കരങ്ങൾക്കേ ശക്തിയുണ്ടായുള്ളു. യൂറോപ്പിലെ അന്നത്തെ ഒരു ജീവനുള്ള ഗ്രന്ഥശാലയെന്ന മട്ടിലായിരുന്നു ജനങ്ങൾ അദ്ദേഹത്തെ ആരാധിച്ചതു്. ഉപന്യാസങ്ങൾ, കവിതകൾ, നോവലുകൾ, നാടകങ്ങൾ, ചരിത്രം ഇങ്ങനെ വിവിധ വകുപ്പുകളായി അദ്ദേഹം എഴുതിക്കൂട്ടിയ ഗ്രന്ഥങ്ങൾക്കു് കണക്കില്ല. യൂറോപ്പു മുഴുവനും വാൾട്ടയരുടെ തലച്ചോറുകൊണ്ടു് നിറഞ്ഞു എന്നാണു് ഒരു നിരൂപകൻ അദ്ദേഹത്തെപ്പറ്റി അഭിപ്രായപ്പെട്ടിട്ടുള്ളതു്. അനന്തരകാലത്തു് പാശ്ചാത്യദേശങ്ങളിൽ പടർന്നുപിടിച്ചു് ഒടുവിൽ റഷ്യയിൽ അടിയുറച്ച നിരീശ്വരപ്രസ്ഥാനത്തിനു് ആദ്യമായി മാർഗം തുറന്നതു് വാൾട്ടയരുടെ ഗ്രന്ഥങ്ങളാകുന്നു. ഫ്രഞ്ച് വിപ്ലവകാരികൾക്കു് പ്രചോദനം നൽകുന്നതിനും അവ പര്യാപ്തങ്ങളായിത്തീർന്നു. യൂറോപ്പിന്റെ നാനാഭാഗങ്ങളിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്കു് പ്രചുരപ്രചാരം ലഭിച്ചു.
ഫ്രാൻസിൽ അദ്ദേഹം രാജാവിന്റെ ശത്രുവായിത്തീർന്നെങ്കിലും അയൽരാജ്യങ്ങളിലെ രാജകൊട്ടാരങ്ങളിൽ അദ്ദേഹത്തിനു് സ്വാഗതം ലഭിക്കുകയുണ്ടായി. റഷ്യയിലെ കാതറയിൻ ചക്രവർത്തിനി ഈ പണ്ഡിതചക്രവർത്തിയുമായി കത്തിടപാടുകൾ നടത്തിക്കൊണ്ടിരുന്നു. ഈ സുഹൃൽബന്ധംവഴി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ റഷ്യയിൽ ധാരാളമായി പ്രചരിച്ചു. അതുപോലെ ജർമനിയിലും വാൾട്ടയർക്കു് രാജബഹുമതി ലഭിച്ചു. ഇങ്ങനെ സർവജന സമാരാധിതനായിത്തീർന്നതുകൊണ്ടാണു് ഫ്രാൻസിലെ രാജകരങ്ങൾക്കുപോലും അദ്ദേഹത്തെ ധ്വംസിക്കുന്നതിനു് ശക്തിയുണ്ടാകാതെപോയതു്. എങ്കിലും ഇരുപത്തേഴുവർഷം നാടുകടത്തപ്പെട്ടു് അദ്ദേഹത്തിനു് വിദേശവാസം അനുഭവിക്കേണ്ടിവന്നു. അതുകഴിഞ്ഞു് പാരീസ് നഗരത്തിലേക്കുണ്ടായ അദ്ദേഹത്തിന്റെ തിരിച്ചുവരവു് ഒരു വലിയ ജൈത്രയാത്രയായിരുന്നു. ജനങ്ങൾ ലക്ഷക്കണക്കിനു് ഒന്നിച്ചുകൂടി ആ പണ്ഡിതകേസരിയെ എതിരേറ്റു. രാജാവും പുരോഹിതവർഗവും മൂകഭാവം അവലംബിച്ചതേയുള്ളു. പ്രജാലക്ഷങ്ങളുടെ ആരാധനാമൂർത്തിയായിത്തീർന്ന ഒരു മഹാപണ്ഡിതന്റെ മുമ്പിൽ രാജശക്തി നിസ്സഹായമായി തലകുനിച്ചുപോയ ഒന്നാമത്തെ സംഭവമാണതു്. പേനയ്ക്കു വാളിനേക്കാൾ ശക്തികൂടുമെന്നു് ആ സംഭവം വെളിപ്പെടുത്തി. ആശയങ്ങളുടെ അപ്രതിഹതമായ പ്രവാഹത്തെ തടഞ്ഞുനിർത്തുവാൻ സാമ്രാജ്യം ഭരിക്കുന്ന ചക്രവർത്തിക്കുകൂടി സാദ്ധ്യമല്ല എന്നു് നാടുകടത്തപ്പെട്ട വാൾട്ടയരുടെ പ്രത്യാഗമനത്തിൽ എല്ലാവർക്കും അനുഭവപ്പെട്ടു. ഇങ്ങനെ അന്നു് അദ്ദേഹത്തിന്റെ ജീവിതംകൊണ്ടു് സ്ഥാപിതമായ ചിന്താസ്വാതന്ത്ര്യവും യുക്തിവാദവുമാണു് അനന്തരകാലത്തെ വിജ്ഞാനാഭിവൃദ്ധിക്കു് അടിസ്ഥാനമുറപ്പിച്ചതു്.
(വിചാരവിപ്ലവം 1943)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971