മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവത്രെ. ഇങ്ങനെ ഒരു മുറവിളി ഇടയ്ക്കിടയ്ക്കു് കേൾക്കാറുണ്ടല്ലോ. എന്തൊരു ഭ്രാന്തജല്പനമാണിതെന്നു് ചിന്തകന്മാർ ചോദിച്ചേക്കാം. പക്ഷേ, ചിന്തകന്മാരുടെ ലോകമല്ലല്ലോ ഇതു്. മുക്കാലും മൂഢരായിട്ടുള്ള ജനസമൂഹത്തിന്റെ വികാരച്ചൂടിൽ പെട്ടെന്നു് വെന്തു് പൊന്തുന്ന പരിപ്പാണു് ഈ മുറവിളി. മതത്തിന്റെ പേരിൽ വികാരപരവശരാകുന്നവരെ എളുപ്പം ഇളക്കിവിടാൻ ഇത്രയും പറ്റിയ വിദ്യ വേറെയില്ല. കഷ്ടകാലത്തിനു് നമ്മുടെ നാട്ടിൽ അത്തരക്കാർ ഒട്ടുവളരെ ഉണ്ടുതാനും. അവരെക്കൊണ്ടു് മുതലെടുക്കാനുള്ള കുറുക്കുവഴിയാണിതു്. ഈ കുളംകലക്കലിൽ പരവഞ്ചന മാത്രമല്ല, ആത്മവഞ്ചനയും പ്രത്യക്ഷപ്പെടുന്നുണ്ടു്. മതത്തിന്റെ പേരിൽ ഈ ‘ഹാലിളക്കം’ സൃഷ്ടിക്കുന്നവർക്കു് വാസ്തവത്തിൽ ഒരു മതവുമില്ല വികാരവുമില്ല. ഉണ്ടെങ്കിൽ അതു് ദുഷ്ടമായ മതവും ദുഷ്ടമായ വികാരവുമായിരിക്കും. ശുദ്ധമായതു് വ്രണപ്പെടുകയില്ലല്ലൊ. മതപരമായ ദുർവികാരം മനസ്സിന്റെ ഒരു വ്രണംതന്നെയാണു്. അതു് വീണ്ടും വ്രണപ്പെടാനുമില്ല. എന്നാൽ, പിന്നെ എന്തിനാണു് ഇക്കൂട്ടർ ഈ ചൂളംവിളി നടത്തുന്നതു്? അതു് മുമ്പു് പറഞ്ഞതുപോലെ അന്ധമായ ജനസമൂഹത്തെ പ്രക്ഷുബ്ധമാക്കി, മതത്തോടു് ബന്ധമില്ലാത്ത മറ്റു് ചില കാര്യങ്ങൾ നേടാൻ. ഉത്സവസ്ഥലത്തു് ജനക്കൂട്ടത്തിനിടയിൽനിന്നുകൊണ്ടു് ആന വിരണ്ടുവെന്നു് വിളിച്ചുപറയുന്ന തസ്കരന്മാരില്ലേ? ഭയാക്രാന്തരായ ജനങ്ങൾ നാലുപാടും ഓടുമ്പോൾ പോക്കറ്റടി നടത്താനും ആഭരണങ്ങൾ അപഹരിക്കാനും നല്ല തക്കമാണു്. ഏതാണ്ടു് ഇതിന്റെയൊരാത്മീയപതിപ്പാണു് ‘മതം അപകടത്തിൽ’, ‘മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു’ എന്നും മറ്റുമുള്ള മുറവിളികൂട്ടലിലും പ്രതിഫലിക്കുന്നതു്. തസ്കരവൃത്തിയേക്കാൾ നികൃഷ്ടവും ബഹുധാ ആപല്കരവുമാണു് ഈ ആത്മീയവഞ്ചന. ആദ്യത്തേതു് ഏതാനും വ്യക്തികൾക്കു് ധനനഷ്ടമുണ്ടാക്കുന്നതേയുള്ളു. നീണ്ടുനിൽക്കുന്നുമില്ല അതിന്റെ ദോഷം. രണ്ടാമത്തേതു് മാനസികമായ സാംക്രമികരോഗമായിത്തീർന്നു് നാടാകെ ബാധിച്ചു് ജനസമൂഹത്തെ പരിഭ്രാന്തിയിലേക്കു് തളിവിടുന്നു. തജ്ജന്യമായ ദോഷം ചിരകാലം പ്രവർത്തിക്കുകയും ചെയ്യും.
എച്ച്. ജി. വെൽസ് ഒരു ലോകചരിത്രമെഴുതി, അതു് പുറത്തുവന്നപ്പോൾ മുസ്ലീംലോകത്തിന്റെ മതവികാരങ്ങൾ ഒന്നു് വ്രണപ്പെട്ടുനോക്കി; ചില കോളിളക്കങ്ങളുമുണ്ടായി. ഒന്നും ഫലിക്കുന്നില്ലെന്നുകണ്ടപ്പോൾ എല്ലാം താനെ കെട്ടടങ്ങി. ആ വിശിഷ്ടഗ്രന്ഥം അഖിലലോകപ്രശസ്തിയോടെ ഇന്നും പ്രചരിക്കുന്നു. ഇതൊരു പഴയ കഥയാണു്. അടുത്തകാലത്തു് ബോംബെയിലെ വിദ്യാഭവൻ പ്രസിദ്ധീകരിച്ച ഒരു പരിഭാഷാഗ്രന്ഥം ഇന്ത്യയിൽ ഇസ്ലാമികമതവികാരങ്ങളെ കുറെനാളത്തേക്കു് വ്രണപ്പെടുത്തിക്കൊണ്ടിരുന്നു. ആ പരിഭാഷയുടെ മൂലകൃതി പാക്കിസ്ഥാനിൽ സ്വാഗതം ചെയ്യപ്പെട്ടതാണെന്ന വസ്തുതപോലും ഇവിടത്തെ വ്രണിതവികാരന്മാർ വിസ്മരിച്ചുകളഞ്ഞു! ഈയിടെ കേരളത്തിലും കുറെപ്പേർക്കു് മതവികാരങ്ങൾ വ്രണപ്പെട്ടു. അവരിൽ എല്ലാ മതക്കാരുമുണ്ടു്. പാഠ്യപുസ്തകങ്ങളെപ്പറ്റി കത്തോലിക്കാകോൺഗ്രസ് പ്രസിദ്ധീകരിച്ച ഒരു നിരൂപണഗ്രന്ഥത്തിലാണു് ഈ കണ്ടുപിടിത്തമുണ്ടായതു്. അതിൽ നിരൂപകൻ സ്വമതത്തിന്റെ മാത്രമല്ല, ഹിന്ദുമതത്തിന്റെയും വക്താവായി വ്രണപരിശോധന നടത്തുന്നതിലാണു് ബഹുരസം! ഇത്രയും വിചിത്രമായൊരു നക്രബാഷ്പബഹിർഗമനം മറ്റെങ്ങും കാണുമെന്നു് തോന്നുന്നില്ല. ചിരിക്കാൻ വകയുള്ള ഒരു ഉദാഹരണം പറയാം. കേരളപാഠാവലി ആറാം പുസ്തകത്തിൽ കൃഷ്ണപ്പരുന്തിനെപ്പറ്റി രസാത്മകവും ശാസ്ത്രീയവുമായ രീതിയിൽ എഴുതപ്പെട്ട ഒന്നാന്തരമൊരു പാഠം ചേർത്തിട്ടുണ്ടു്. പക്ഷിവർഗപഠനത്തിൽ വിദഗ്ദ്ധനെന്നു് പേരുകേട്ട സഹൃദയനും നിരീക്ഷണപടുവുമായ ഒരു പ്രബന്ധകാരൻ ശാസ്ത്രബുദ്ധിയോടെ എഴുതിയ ഒരു ലേഖനമാണിതു്. ‘നമ്മുടെ കോഴിക്കുഞ്ഞുങ്ങളെ മോഷ്ടിക്കുവാൻ തരംനോക്കി നടക്കുന്ന ഈ കള്ളനെയാണു് വിഷ്ണുവിന്റെ വാഹനമായി കല്പിച്ചിട്ടുള്ളതു്’ എന്നൊരു വാക്യം അതിലുണ്ടു്, വകതിരിവും രസികതയും ഉള്ളവരാരും അതിനു് കുറ്റം പറകയില്ല. എന്നാൽ, നമ്മുടെ പാഠ്യപുസ്തകനിരൂപകൻ വിഷയം, സന്ദർഭം ഇത്യാദിയൊന്നും നോക്കാതെ കൂട്ടത്തിൽനിന്നു് ആ വാക്യം മാത്രം ഊരിയെടുത്തു് പൊക്കിപ്പിടിച്ചുകൊണ്ടു്, അതു് ഗരുഡനെ ആരാധിക്കുന്ന ഹിന്ദുക്കളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രയോഗമാണെന്നു് ആക്ഷേപിച്ചിരിക്കുന്നു! പക്ഷേ, വികാരങ്ങൾ മുറിപ്പെട്ടതായിട്ടുപോലും കേരളത്തിലെ ഒരു ഹിന്ദുവും പറഞ്ഞുകേട്ടില്ല. പരാതി മുഴുവൻ കത്തോലിക്കാപ്രതിനിധിയായ ക്രൈസ്തവനിരൂപകനാണു്. വികാരങ്ങൾ ഇത്ര പെട്ടെന്നു് വ്രണപ്പെടത്തക്കവിധം ദുഷ്ടമോ സങ്കുചിതമോ അല്ല ഹിന്ദുക്കളുടെ മതമെന്നു് ഇപ്പോഴെങ്കിലും ഈ നിരൂപകൻ മനസ്സിലാക്കിയിട്ടുണ്ടാകും. ശ്രീകൃഷ്ണനെ വെണ്ണ കട്ടുതിന്നവനെന്നു് വിശേഷിപ്പിച്ചു് സ്തോത്രം ചൊല്ലി ശീലിച്ചിട്ടുള്ള സഹൃദയരാണു് ഹിന്ദുക്കൾ. കാര്യലാഭത്തിനായി മതവികാരം വിജൃംഭണം അഭിനയിക്കുന്ന മാരീചന്മാരെ അവരുടെയിടയിലും കണ്ടേക്കാം. എന്നാലും പൊതുവേ അവർ മതത്തിന്റെ പേരിൽ ചാടിത്തുള്ളി അട്ടഹസിക്കുന്നവരല്ല. പക്ഷിമൃഗാദിപരാമർശംകൊണ്ടു് ഹിന്ദുക്കളുടെ മതവികാരങ്ങൾ ഇളകാൻ തുടങ്ങിയാൽ അതിനു് അവസാനമുണ്ടാകുമോ? ആമ, എലി, മത്സ്യം, പാമ്പു് തുടങ്ങിയ എത്രയെത്ര ക്ഷുദ്രജന്തുക്കളാണു് അവരുടെ മതകഥകളുമായി ബന്ധപ്പെട്ടുകിടക്കുന്നതു്! ഇവയുടെ ചേഷ്ടാവിശേഷങ്ങളെപ്പറ്റിയും തത്സംബന്ധമായ പൗരാണികസങ്കല്പങ്ങളെപ്പറ്റിയും ഒന്നും മിണ്ടിപ്പോകരുതെന്നു മണ്ടശ്ശിരോമണിപോലും പറയും? വൃക്ഷലതാദികളിലും പക്ഷിമൃഗാദികളിലും ദിവ്യത്വം കല്പിക്കുന്ന പ്രാകൃതമതവിശ്വാസങ്ങളുടെ അവശിഷ്ടങ്ങൾക്കു് പൂർവകാലാനുസൃതമായ പ്രാബല്യംതന്നെ ഈ ഇരുപതാം നൂറ്റാണ്ടിലും കൊടുക്കണമെന്നോ? കാലത്തെപ്പിടിച്ചു് പുറകോട്ടു് തള്ളാനുള്ള മതിഭ്രമവും മനുഷ്യരെ ബാധിക്കാറുണ്ടല്ലോ. ആർക്കെങ്കിലും മതവിരോധം ഉളവാകണമെന്നു് മനസാ വാചാ കർമണാ ഉദ്ദേശിച്ചുകൊണ്ടല്ല ശാസ്ത്രകാരനായ ആ മാന്യൻ പ്രസ്തുത പാഠമെഴുതിയതു്. പക്ഷേ, മതവികാരപാരവശ്യത്തെ മനഃപൂർവം പരചൂഷണോപകരണമാക്കുന്നവർക്കു് സത്യമേതാണെന്നു് അന്വേഷിക്കേണ്ട ചുമതലയില്ലല്ലോ. ബോംബെയിൽനിന്നു് വന്ന മലയാളം അറിഞ്ഞുകൂടാത്ത മഹായോഗ്യനായ ഒരു ഹൈന്ദവനേതാവു് ഈ ഗരുഡദുഷ്പ്രവാദം ഒരു പ്രസ്താവനയിൽ ഏറ്റുപാടുകയുണ്ടായി. അതാണു് ഏറ്റവും വലിയ അത്ഭുതം. കുലപതിയെന്ന സ്ഥാനപ്പേരിനാൽ ബഹുവിശ്രുതനായിരിക്കുന്ന ഈ ആചാര്യപാദന്മാരുടെ ഹിന്ദുമതം പക്ഷിമൃഗാദിപൂജയ്ക്കു് ഇത്ര വളരെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണെങ്കിൽ അദ്ദേഹം ഇപ്പോൾ ഏറ്റെടുത്തിട്ടുള്ള ഭാരതസംസ്കാരഗോവർദ്ധനോദ്ധാരണം എങ്ങനെ പര്യവസാനിക്കുമെന്നു് കണ്ടുതന്നെ അറിയണം. ഇതൊക്കെ കാണുമ്പോൾ മതമേ, നിന്റെ പേരു് ചാപല്യമെന്നോ കാപട്യമെന്നോ എന്നു് ചോദിപ്പാൻ തോന്നിപ്പോകുന്നു.
സോക്രട്ടീസുംക്രിസ്തുദേവനുംമഹാത്മാഗാന്ധി യും ജീർണിച്ച മതവികാരങ്ങളെപ്പിടിച്ചു് കുലുക്കിയവരാണു്. അതുകൊണ്ടു് ഗുണമല്ലേ ഉണ്ടായിട്ടുള്ളു? എന്നിട്ടും ഈ മഹാത്മക്കളെ മോഹാന്ധതാദുർദേവതയ്ക്കു് ബലികൊടുക്കാൻ ചില പിശാചായമാനന്മാരുണ്ടായി. അവരുടെ ചേരിയിൽ ചേരേണ്ടവർ ഇന്നും നമ്മുടെ നാട്ടിലുണ്ടു്. മതപരമായ പ്രക്ഷോഭണം ഇക്കൂട്ടരുടെ മൂഢവിശ്വാസഭ്രാന്തു് ഇളക്കുവാനേ ഉപകരിക്കൂ. അതുകൊണ്ടു് നാടു് നന്നാകയില്ല. പേപ്പട്ടിവിഷം വ്യാപിച്ചാൽ കുത്തിവെയ്പുകൊണ്ടു് പരിഹാരം നേടാം. മതഭ്രാന്തിളകിയാൽ ഒരു രക്ഷയുമില്ല. അനുഭവിച്ചുതന്നെ തീരണം. ഒന്നോർത്താൽ മതവികാരങ്ങൾ വ്രണപ്പെടുന്നതു് നല്ലതല്ലേ? ദുഷ്ടരക്തമുള്ളിടത്തല്ലേ വ്രണമുണ്ടാകുന്നതു്? അതു് കുറെ പൊട്ടിയൊലിച്ചു് ദുർഗന്ധവാഹിയായ ചോരയും ചലവും പുറത്തുപോയാലേ മതമണ്ഡലം ശാന്തശൂദ്ധരക്തമാകുകയുള്ളു.
(യുക്തിവിചാരം 1960)
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971