ജന്മനാ വിശ്വാസിയാണു് മനുഷ്യൻ. എന്തും എളുപ്പം വിശ്വസിച്ചുപോകുക എന്നതു് അവന്റെ സ്വഭാവത്തിൽ മുന്നിട്ടു നിൽക്കുന്നു. ഈ വിശ്വാസശീലം ഒരു മാനസിക ദൗർബല്യമാകുന്നു. എന്തബദ്ധമായാലും വേണ്ടില്ല ഒരമ്പതു പ്രാവശ്യം ഉച്ചത്തിൽ വിളിച്ചുപറഞ്ഞാൽ നാം അതു വിശ്വസിച്ചുപോകുമെന്നു് ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുള്ളതു് ഈ ദൗർബല്യത്തിന്റെ ആധിക്യത്തെ കാണിക്കുന്നുണ്ടു്. പത്രങ്ങളിൽ കാണുന്ന പരസ്യങ്ങൾക്കും മറ്റു പ്രചാരണോപകരണങ്ങൾക്കും മനുഷ്യനെ പെട്ടെന്നു വിശ്വസിപ്പിക്കുവാനുള്ള ശക്തി നോക്കുക! ഒന്നിനും കൊള്ളാത്ത ഒരു മരുന്നിന്റെ പേരു് ഒരു പത്തു പ്രാവശ്യം കണ്ടാൽ നാം അതിൽ വിശ്വസിക്കുവാൻ തുടങ്ങും. കച്ചവടക്കാര്യങ്ങളിൽ മാത്രമോ? മതം, രാജ്യതന്ത്രം തുടങ്ങിയ പ്രവർത്തനരംഗങ്ങളിൽ എത്രയെത്ര പ്രചരണകൗശലങ്ങൾ പ്രയോഗിക്കപ്പെടുന്നു! അവയെല്ലാം മനസ്സിന്റെ ഈ ദൗർബല്യത്തിനു് ഉദാഹരണങ്ങളല്ലേ? മനുഷ്യവർഗത്തിൽ കുന്നുകൂടി കാണുന്ന അന്ധവിശ്വസങ്ങൾക്കെല്ലാം കാരണം പ്രസ്തുത മനോഭാവമാകുന്നു. ശരിയോ തെറ്റോ എന്നു തെളിവുസഹിതം വിചാരണചെയ്യാതെ ഒരു സംഗതിയെപ്പറ്റി ‘കണ്ണടച്ചു’ വിശ്വസിക്കുവാൻ തുടങ്ങുമ്പോളാണല്ലോ വിശ്വാസം അന്ധമായിത്തിരുന്നതു്. വിചാരശീലത്തിനേക്കാൾ വിശ്വാസശീലത്തിനാണു പ്രാബല്യം. രണ്ടാമത്തേതിനു മനുഷ്യവർഗത്തോളം തന്നെ പഴക്കമുണ്ടെന്നു പറയാം. വിദ്യാഭ്യാസപുരോഗമനത്തിൽ ഇടക്കാലത്തു മനുഷ്യനിൽ തെളിഞ്ഞുവന്നതാണു് ചിന്താശീലം. അതിനു് ഇനിയും വേണ്ടത്ര പരിശീലനം സിദ്ധിച്ചിട്ടില്ല. അതുകൊണ്ടു് ഇപ്പോഴും നാം വിചാരണ കൂടാതെയുള്ള വിശ്വാസങ്ങൾക്കു വിധേയരായിപ്പോകുന്നു.
മനുഷ്യൻ കേവലം വനചരജീവിതം നയിച്ചിരുന്ന കാലം മുതൽ ഇന്നേ വരെ അനേകം വിശ്വാസപരമ്പരകൾ മനസ്സിൽ സംഭരിച്ചിട്ടുണ്ടു്. ഇവയെല്ലാം യാതൊരു അടിസ്ഥാനവും തെളിവും യുക്തിവിചാരവും കൂടാതെ സ്വാഭാവികമായി മനസ്സിൽ വേരൂന്നിയിട്ടുള്ളവയാണു്. ഇങ്ങനെ പരമ്പരാഗതമായി തുടർന്നുപോരുന്ന വിശ്വാസവലയങ്ങളെക്കൊണ്ടാണു് നമ്മുടെ മനസ്സു് രൂപവൽകൃതമായിരിക്കുന്നതു്. ഈ വിശ്വാസങ്ങളിൽ പലതിനും ഇപ്പോൾ പ്രാബല്യവും പ്രാമാണ്യവും സിദ്ധിച്ചിട്ടുണ്ടാകാം. അവയെല്ലാം ശരിയെന്നു കാണിപ്പാൻ നാം പല യുക്തികളും കണ്ടുപിടിച്ചിട്ടുണ്ടാകാം. എന്നാലും വെറും അന്ധതമാത്രമാണു് അവയുടെ അടിത്തട്ടെന്നു പരിശോധനയിൽ കാണാവുന്നതാണു്. ഉദാഹരണത്തിനു് ആത്മാവിനെപ്പറ്റിയുള്ള വിശ്വാസം തന്നെ നോക്കുക! ശരീരത്തിൽനിന്നു ഭിന്നമായി ആത്മാവു് എന്നൊന്നുണ്ടെന്നും മരണാന്തരവും അതു് അനശ്വരമായി സ്ഥിതിചെയ്യുന്നുണ്ടെന്നും മറ്റും നാം വിശ്വസിക്കുന്നു. ഈ വിശ്വാസത്തിന്റെ ചരിത്രം പുറകോട്ടു പരിശോധിച്ചു നോക്കിയാൽ അതു ആദിമമനുഷ്യരുടെ കിരാതജീവിതഘട്ടം വരെ നീണ്ടു കിടക്കുന്നതായി കാണാം. യുക്തിവിചാരത്തിനുള്ള ബോധം തെളിഞ്ഞിട്ടില്ലാതിരുന്ന ഒരു കാലഘട്ടമാണതു്. സ്വപ്നമാണു് മനുഷ്യനെ ആദ്യമായി ആത്മാവിനെപ്പറ്റിയുള്ള വിശ്വാസത്തിലേക്കു തിരിച്ചുവിട്ടതു് എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മരിച്ചുപോയവരെ ഉറക്കത്തിൽ കണ്ടപ്പോൾ ശരീരത്തിൽനിന്നും വേർപെട്ട എന്തോ ഒന്നു വ്യാപരിക്കുന്നുണ്ടെന്നു് അന്നത്തെ വനചരൻ വിശ്വസിച്ചു. വെള്ളത്തിൽ പ്രതിഫലിച്ചു കണ്ട സ്വന്തം രൂപവും ഇങ്ങനെയൊരു ഭ്രമത്തിനു വഴികൊടുത്തിരിക്കാമെന്നും ചില ശാസ്ത്രകാരന്മാർ പറയുന്നുണ്ടു്. ഏതായാലും ഇപ്രകാരം കിരാതമനസ്സിൽ അന്ധമായി അങ്കുരിച്ച വിശ്വാസബീജമാണു് അനേക കാലഘട്ടങ്ങൾ കടന്നു വിവിധ മതമണ്ഡലങ്ങളിൽ വ്യാപിച്ചു തത്ത്വചിന്തയ്ക്കു ആധാരമായി ഇപ്പോൾ വികസിച്ചു കാണുന്നതു്. ഈജിപ്തിലെ ഒരു പ്രാചീന ദേവാലയം സന്ദർശിച്ചു ഭഗ്നാശനായി മടങ്ങിയ ഒരു സായ്പിന്റെ അനുഭവമാണു് ഈ ആത്മാവിന്റെ ചരിത്രം പരിശോധിക്കുന്നവർക്കുണ്ടാകുക. ദേവാലയത്തിലെ പുറംമോടികൾ കണ്ടു ഭ്രമിച്ച സായ്പ് അകത്തിരിക്കുന്ന ആരാധ്യരൂപം ഇവയേക്കാൾ എത്രയോ മനോമോഹനമായിരിക്കുമെന്നു കരുതി ഉള്ളിൽക്കടന്നു നോക്കിയപ്പോൾ കണ്ടതു് ചീങ്കണ്ണിയുടെ വികൃതരൂപമായിരുന്നു. ഇതുപോലെ മതാചാര്യന്മാർ ആത്മചിന്തയിൽ കെട്ടിപ്പടുത്തിരിക്കുന്ന തത്ത്വജ്ഞാനഭിത്തികൾ പൊളിച്ചു മാറ്റിയാൽ അകത്തു പണ്ടത്തെ കിരാതമനസ്സു് ഒളിച്ചിരിക്കുന്നതായി കാണാം. ഇന്നു പരിഷ്കൃതരൂപം കൈക്കൊണ്ടിട്ടുള്ള പല വിശ്വാസങ്ങളും ഇതുപോലെ കിരാതപാരമ്പര്യം നേടിയിട്ടുള്ളവയാണു്. വിശ്വാസത്തെ സംബന്ധിച്ചിടത്തോളം ഈ കിരാതമനോഭാവം ഇപ്പോഴും നമ്മിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടു്. ദൈവം, പുനർജന്മം, വേദപ്രാമാണ്യം, വീരാരാധന തുടങ്ങിയ അനേകവിഷയങ്ങളെ സംബന്ധിച്ചു ബഹുവിധ വിശ്വാസങ്ങൾ മനുഷ്യസമുദായത്തിൽ അടിയുറച്ചുപോയിട്ടുണ്ടല്ലോ. ഇവയുടെയെല്ലാം ഉല്പത്തി കിരാതമനസ്സിൽനിന്നാണു്. മനുഷ്യനിൽ യുക്തിവിചാരം തെളിഞ്ഞതോടുകൂടി ഇത്തരം വിശ്വാസങ്ങൾക്കും യുക്തിക്കും തമ്മിൽ പൊരുത്തമില്ലെന്നു് അനുഭവപ്പെട്ടു. പക്ഷേ, ശീലിച്ചു പഴകിയ വിശ്വാസങ്ങൾ യുക്തിവിരുദ്ധങ്ങളാണെന്നറിഞ്ഞാലും അവയിൽനിന്നു വിട്ടുമാറുക എളുപ്പമല്ല. അതുകൊണ്ടു ചിന്താശീലരായ മനുഷ്യർ ഈവക വിശ്വാസങ്ങളെ ന്യായീകരിക്കുവാനുള്ള ശ്രമം തുടങ്ങി. വിശ്വാസം യുക്തിക്കു ചേർന്നതല്ലെങ്കിൽ വിശ്വാസത്തിനു ചേരത്തക്കവണ്ണം യുക്തിവിചാരത്തെ വളയ്ക്കുക—ഇതാണു് പണ്ഡിതന്മാരുടെയിടയിൽ സാധാരണ കണ്ടുവരുന്നതു്. ഇതൊരു തരം യുക്തിവാദാഭാസമാണെന്നു പറയാം. മനഃശ്ശാസ്ത്രകാരന്മാർ ഇതിനു ന്യായീകരണം (Rationalization) എന്നു പ്രത്യേകം പേരു കൊടുത്തിട്ടുണ്ടു്. ശരിയായ യുക്തിവാദത്തെ അഥവാ ന്യായവാദ(Reasoning)ത്തെ മതിഭ്രാമകമായ ‘ന്യായീകരണ’ത്തിൽനിന്നും വേർതിരിച്ചറിയുവാൻ വളരെ വിഷമമാണു് മതപരമായും രാഷ്ട്രീയമായും മറ്റു നടക്കുന്ന വാദകോലഹലങ്ങളിൽ ഇത്തരം ന്യായീകരണം ധാരാളം കാണാം. ചിന്താലോകത്തിൽ നടക്കുന്ന വലിയൊരു മാനസികവഞ്ചനയാണിതു്. ജനതതിയെ അന്ധവിശ്വാസത്തിൽ ബന്ധിക്കുന്നതിനു് ഇതു് അത്യന്തം സഹായിക്കുന്നുണ്ടു്. മനസ്സിന്റെ ഈ വക്രവ്യാപാരം ചിലപ്പോൾ നാം അറിയാതെതന്നെ നടക്കുന്നുണ്ടായിരിക്കും. ഏതു വിഡ്ഢിത്തത്തിനും ഒരു യുക്തി കണ്ടുപിടിക്കുവാൻ വാദപടുവായ ഒരുവനു സാധിച്ചേക്കാം. ജനതതി ഈ മിഥ്യായുക്തികൊണ്ടു സംതൃപ്തമാകുകയും ചെയ്യും.
വലിയ ചിന്തകന്മാരായ പണ്ഡിതന്മാർപോലും ചില അന്ധവിശ്വാസങ്ങളുടെ ചുമടുതാങ്ങികളായിക്കാണപ്പെടുന്നില്ലേ? ഇത്ര വലിയ ചിന്തകൻ ഇതിലെങ്ങനെ വിശ്വസിക്കുന്നു എന്നു നാം അത്ഭുതപ്പെടാറുണ്ടു്. ഇക്കൂട്ടർ മേല്പറഞ്ഞ കപട യുക്തിവാദംകൊണ്ടാണു് സമാധാനപ്പെടുന്നതു്. പണ്ടത്തെ ഈശ്വരവിശ്വാസവും ഇന്നത്തെ ശാസ്ത്രജ്ഞാനവും തമ്മിൽ ചേർച്ചയില്ലെന്നു കണ്ടപ്പോൾ ആദ്യത്തേതു ഉപേക്ഷിക്കുവാനല്ല ഇക്കൂട്ടരുടെ ഉദ്യമം. അതിനൊരു ശാസ്ത്രീയമായ നിറംകൊടുക്കുവാനാണു് പുരാണകഥകൾക്കും മറ്റും പുതിയ പുതിയ വ്യാഖ്യാനങ്ങൾ വരുന്നതും ഈ വഴിക്കത്രെ. പണ്ടൊരു കവി സൃഷ്ടിച്ചുവിട്ട ശ്രീകൃഷ്ണനും ഗോപികമാർക്കും ഇന്നത്തെ ശാസ്ത്രീയമനസ്സിൽ ഇരിപ്പിടമുറപ്പിക്കുവാൻ പ്രയാസമെന്നു കണ്ടപ്പോൾ അവരെ പരമാത്മാവും ജീവാത്മാക്കളുമാക്കി മാറ്റി പ്രതിഷ്ഠിക്കുവാൻ തുടങ്ങുന്ന ദശാവതാരങ്ങളിൽ ഭൗമദശ (Geological age) യുടെ പ്രതിഫലനം കാണുന്നതും മനസ്സിന്റെ ഇത്തരം ചെപ്പടിവിദ്യകൊണ്ടത്രെ ഇപ്രകാരം വിശ്വാസത്തിനും യുക്തിവിചാരത്തിനും കൃത്രിമമായി പൊരുത്തമുണ്ടാക്കുവാൻ സാധിക്കാതെ വരുമ്പോൾ മാത്രമാണു് ചിലർ മൂഢവിശ്വാസങ്ങളെ പരിത്യജിക്കുവാൻ യത്നിക്കുന്നതു്. എന്നാൽ ഈ മാനസിക യത്നവും ശരിയായി ഫലിച്ചു എന്നു വരുന്നതല്ല. ശാസ്ത്രജ്ഞന്മാരുടെ മനസ്സിൽപ്പോലും അനാസ്പദങ്ങളായ ചില അന്ധവിശ്വാസങ്ങൾ ചിരകാലം കുടികൊള്ളാറുണ്ടു്. ന്യൂട്ടനും ഡാർവിനും അത്യന്തമൂഢങ്ങളായ ചില വിശ്വാസങ്ങൾക്കു് അധീനരായിരുന്നുവത്രേ. പ്രകൃതിവിജ്ഞാനീയത്തിൽ ഒരു പ്രാമാണികനായി എണ്ണപ്പെട്ടിരുന്ന ആളാണു് ഈയിടെ മരിച്ചുപോയ സർ ഒലിവർ ലോഡ്ജ്. കഴിഞ്ഞ ലോകമഹായുദ്ധത്തിൽ അദ്ദേഹത്തിന്റെ പ്രിയപുത്രൻ കൊല്ലപ്പെട്ടു. അതിനുശേഷം ആ മരിച്ച പുത്രനുമായി സംഭാഷണം ചെയ്യാൻ തനിക്കു കഴിവുണ്ടായിരുന്നു എന്നു് ഈ ശാസ്ത്രജ്ഞൻ വിശ്വസിച്ചിരുന്നു! അദ്ദേഹം പ്രത്യേകം വൈദഗ്ദ്ധ്യം നേടിയ ശാസ്ത്രവിഷയത്തിൽ പ്രത്യക്ഷത്തെളിവുകളും പരീക്ഷണവും കൂടാതെ ഇതുപോലെ ഒരഭിപ്രായം സ്വീകരിക്കുമോ? ഒരിക്കലുമില്ല. എന്നാൽ ഈ മൃതപുത്രദർശനത്തിൽ മനസ്സിന്റെ ഒരു തോന്നൽമാത്രം അടിസ്ഥാനമാക്കി അദ്ദേഹം ഒരു വിശ്വാസിയുടെ നിലകൈകൊണ്ടു. ശരിയെന്നു സമർത്ഥിക്കുവാൻ ഇദ്ദേഹം കുറെനാൾ പണിപ്പെടുകയും ചെയ്തു. ഇങ്ങനെ നവീനശാസ്ത്രജ്ഞന്മാർക്കുപോലും ചിന്താവൈകല്യം നേരിടുന്ന സ്ഥിതിക്കു സാമാന്യജനത്തിന്റെ കഥ പറയേണ്ടതുണ്ടോ?
വിചാരണ ചെയ്തുനോക്കിയിട്ടല്ല നാം വിശ്വസിക്കുന്നതു്. നേരെമറിച്ചാണു് നമ്മുടെ മാനസികവ്യാപാരം. മതവിശ്വാസങ്ങളിലാണു് ഇതു് ഏറ്റവും സ്പഷ്ടമായിക്കാണുന്നതു്. നാം ആദ്യമായി യാതൊരാലോചനയും കൂടാതെയല്ലേ ഒരു മതത്തിൽ വിശ്വസിക്കുവാൻ തുടങ്ങുന്നതു്? കാരണം നമ്മുടെ മാതാപിതാക്കന്മാരും ആ മതം വിശ്വസിച്ചിരുന്നു എന്നുള്ളതുമാത്രമാണു്. മാതാപിതാക്കന്മാർക്കും പറയാനുള്ള കാരണം ഇതുതന്നെയത്രേ. അവരുടെ പൂർവികന്മാരും ഈ മതം വിശ്വസിച്ചിരുന്നു എന്നു തന്നെ. അല്ലാതെ അതു യുക്തി വിചാരത്തിനു വിഷയമാക്കി ശരിയാണെന്നു കണ്ടതുകൊണ്ടല്ല. ഒരുവൻ ഇൻഡ്യയിൽ ജനിച്ചാൽ ഹിന്ദുവായേക്കാം. ഇംഗ്ലണ്ടിലാണെങ്കിൽ ക്രിസ്താനിയാകും. അറേബ്യയിലായാൽ മുസ്ലീമും. ഇങ്ങനെ നോക്കുമ്പോൾ ഓരോരുത്തരുടെയും മതം ഒരു യാദൃച്ഛികസംഭവമായി വന്നുചേർന്നതാണെന്നും കാണാം. ഒരു രാജ്യത്തിലോ സമുദായത്തിലോ നിലവിലിരിക്കുന്ന വിശ്വാസങ്ങൾ അതിലെ സന്താനങ്ങളിൽ അവരറിയാതങ്ങനെ പകരുന്നുണ്ടാകും. സാമൂഹ്യചുറ്റുപാടുകളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും ഒരൊപ്പുകടലാസിന്റെ മട്ടിൽ ഒപ്പിയെടുക്കുന്നതിനുള്ള വാസന മനസ്സിനുണ്ടു്. ഇങ്ങനെ ആലോചന കൂടാതെ മനസ്സിനകത്തു കടന്നുകൂടുന്ന വിശ്വാസങ്ങളാണു് മനുഷ്യനെ ഭരിക്കുന്നതു്. ഇന്നത്തെ ശാസ്ത്രീയബോധത്തിനനുസരിച്ചു നമ്മുടെ ജീവിതം ക്രമപ്പെടുത്തുന്നതിനു് ഒന്നാമതായി വേണ്ടതു് ഈ വിശ്വാസഭരണത്തിൽനിന്നുള്ള മോചനമാകുന്നു. ശാസ്ത്രീയമനോഭാവത്തോടു കൂടിയ യുക്തിവിചാരംകൊണ്ടു മാത്രമേ അതു സാദ്ധ്യമാവുകയുള്ളു.
1940.
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971