ചിന്താശീലനായ മനുഷ്യൻ ഈ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുവാൻ പലവിധത്തിൽ ശ്രമിച്ചുനോക്കിയിട്ടുണ്ടു്. രണ്ടായിരത്തിൽപ്പരം വർഷങ്ങൾക്കുമുമ്പുള്ള ഈ വ്യഖ്യാനോദ്യമത്തിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാൽ രസാവഹങ്ങളായ പലതും അതിൽ കാണാൻ കഴിയും. മതം, തത്ത്വജ്ഞാനം, ശാസ്ത്രം എന്നിങ്ങനെ ഇന്നു കാണുന്നവിധം വേർതിരിക്കുവാൻ വയ്യാതെ എല്ലാം കൂടിച്ചേർന്നു വ്യാമിശ്രമായ ഒരു വിചാരലോകത്തിലാണു് അന്നു മനുഷ്യൻ സഞ്ചരിച്ചിരുന്നതു്. പ്രകൃതി ശക്തികളുടെ പ്രവർത്തനത്തിൽ അന്ധാളിച്ചുപോയ മനുഷ്യൻ ആദ്യം അത്ഭുതോൽഭൂതങ്ങളായ കല്പിതകഥകളെക്കൊണ്ടു് (Mythology) അവയെ വ്യാഖ്യാനിക്കുവാൻ ശ്രമിച്ചു. ക്രമേണ കഥാമാർഗത്തിൽനിന്നും അവന്റെ ചിന്ത സങ്കീർണവും സർവവ്യാപകവുമായ ഒരു പദ്ധതിയിലേക്കു കടന്നു. അപ്പോഴാണു് തത്ത്വജ്ഞാനവിചാരം (Philosophy) ഉദയം ചെയ്തതു്. പാശ്ചാത്യരും പൗരസ്ത്യരുമായ അനേകം ദാർശനികർ ഈ ഘട്ടത്തിൽ പല സിദ്ധാന്തങ്ങളും അവതരിപ്പിച്ചു. ഭാരതീയരുടെ സുപ്രസിദ്ധങ്ങളായ ഷഡ്ദർശനങ്ങൾ ഇക്കൂട്ടത്തിൽ പെട്ടവയാണല്ലോ. ഇവയ്ക്കു സമാനമായി പാശ്ചാത്യലോകത്തിൽ പ്രത്യക്ഷപ്പെട്ടതാണു് യവനതത്ത്വജ്ഞാനം. യവനദാർശനികർ എന്നു കേൾക്കുമ്പോൾ സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടൽ എന്നീ പ്രമുഖന്മാരുടെ പേരുകളാണു് നമ്മുടെ ഓർമയിൽ ആദ്യം വരുന്നതു്. എന്നാൽ, അക്കാലത്തും അവർക്കു മുമ്പും ജീവിച്ചിരുന്ന തത്തുല്യരായ ചില പണ്ഡിതന്മാരുണ്ടു്. അവരെപ്പറ്റി മാത്രമേ ഈ ലേഖനത്തിൽ വിചാരണചെയ്യുന്നുള്ളു.
ബി. സി. ആറാം നൂറ്റാണ്ടു മനുഷ്യന്റെ നാനാമുഖമായ സ്വതന്ത്രചിന്തയുടെ പ്രാരംഭഘട്ടമായിട്ടു കണക്കാക്കാം. പ്രാചീനഗ്രീസിലെ അന്നത്തെ പണ്ഡിതന്മാർ സംശയാത്മാക്കളും അന്വേഷണബുദ്ധികളും ആയിത്തീർന്നു. അക്കാലത്തുണ്ടായ സാമൂഹ്യവും രാഷ്ട്രീയവുമായ പരിണാമഭേദങ്ങളും മറ്റു പരിതഃസ്ഥിതികളും ആണു് അവരെ അടിയുറച്ച യാഥാസ്ഥിതികത്വത്തിൽനിന്നും ഉണർത്തിയതു്. പ്രാപഞ്ചികജീവിതത്തെപ്പറ്റിയും പ്രകൃതിശക്തികളെപ്പറ്റിയും അതുവരെ നിലവിലിരുന്ന വിശ്വാസങ്ങൾ തെറ്റാണെന്നബോധം അവരെ ചോദ്യം ചെയ്വാനും അന്വേഷിപ്പാനും പ്രേരിപ്പിച്ചു. പ്രകൃതിതത്ത്വവിചാരത്തിലാണു് അവരുടെ ശ്രദ്ധ പ്രധാനമായി പതിഞ്ഞതു്. അതുകൊണ്ടു് അവരെ ഒരുതരം പ്രകൃതിശാസ്ത്രകാരന്മാരായിട്ടും (Physicists) പരിഗണിക്കാവുന്നതാണു്.
സോക്രട്ടീസിനുമുമ്പുള്ള യവനതത്ത്വജ്ഞാനികളിൽ പ്രഥമഗണനീയനാണു് തെയിൽസ്. ഇദ്ദേഹം ബി. സി. 624-നും 548-നും മദ്ധ്യേ ജീവിച്ചിരുന്നതായി പറയപ്പെടുന്നു. അന്നത്തെ നിലയ്ക്കു് ഒരു പണ്ഡിതൻ എന്നു പറഞ്ഞാൽ സർവ്വവിഷയങ്ങളിലും പാണ്ഡിത്യമുള്ളവൻ എന്നാണു് സങ്കല്പം. തെയിൽസ് രാജ്യതന്ത്രം, ഗണിതം, ജ്യോതിശ്ശാസ്ത്രം ഇവയിലും പണ്ഡിതനായി ഗണിക്കപ്പെട്ടിരുന്നു. ഗ്രീസിലെ സപ്തധീമാന്മാർ (Seven wise men of Greece) എന്നു പുകൾപെറ്റവരിൽ ഒരാൾ ഇദ്ദേഹമായിരുന്നുവെത്രെ. തെയിൽസ് കാലേക്കൂട്ടി പ്രവച്ചിരുന്നതുപോലെ ബി. സി. 585 മെയ് മാസം 28-ആം തീയതി ഒരു ഗ്രഹണം നടന്നതായും പറയപ്പെടുന്നു. പ്രപഞ്ചോല്പത്തി ജലത്തിൽനിന്നാണെന്നുള്ള സിദ്ധാന്തമാണു് ഇദ്ദേഹം സ്ഥാപിച്ചതു്. മനുഷ്യർക്കു് ആവശ്യമുള്ളവയെല്ലാം ജലത്തിൽ അടങ്ങിരിക്കുന്നു എന്നും ജലത്തിന്റെ പരിണാമഭേദങ്ങളാണു് മറ്റുള്ള സകല വസ്തുക്കളെന്നും തെയിൽസ് വാദിച്ചിരുന്നു. ‘ആപ ഏവ സസർജ്ജാദൗഃ’ എന്ന ഭാരതീയ വാക്യത്തിനും ഇതിനും തമ്മിലുള്ള സാദൃശ്യം നോക്കുക! ചുരുക്കത്തിൽ എല്ലാം ജലത്തിൽനിന്നുണ്ടായി ജലത്തിലേക്കു തന്നെ തിരിച്ചു പോകുന്നു എന്നുസാരം. ജലം മഞ്ഞുകട്ടയായും ആവിയായും രൂപാന്തരപ്പെടുന്ന കാഴ്ച ഇങ്ങനെയൊരനുമാനത്തിനു വഴികൊടുത്തിരിക്കാം.
തെയിൽസിനേക്കാൾ പ്രസിദ്ധനും പ്രമുഖനുമാണു് പൈത്തഗോറസ്. ഒരു ഗണിതജ്ഞനെന്ന നിലയിൽ ഇദ്ദേഹത്തിന്റെ നാമധേയം ഇന്നും വിദ്യാലയങ്ങളിൽ മാറ്റൊലി കൊള്ളുന്നുണ്ടല്ലോ. ഗ്രീക്ക് ജ്യോമട്രിയുടെ സ്ഥാപകൻതന്നെ ഇദ്ദേഹമാണു്. പൈത്തഗോറസ്സിന്റെ ജീവിതകാലം ബി. സി. 580-നും 507-നും മദ്ധ്യേയെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ഇദ്ദേഹം നാനാദേശങ്ങളിലും സഞ്ചരിച്ചു ഗണിതശാസ്ത്രസംബന്ധമായ പ്രസംഗങ്ങൾ ചെയ്തുകൊണ്ടിരുന്നു. തന്റെ വിദ്യാർത്ഥിനികളിൽ ഒരുവളായ തിയോണോവിനെയാണു് ഇദ്ദേഹം വിവാഹം ചെയ്തതു്. ഗണിതശാസ്ത്രത്തിൽക്കൂടെ പ്രപഞ്ചരഹസ്യം വെളിപ്പെടുത്തുവാൻ ശ്രമിച്ച ഒന്നാമത്തെ പണ്ഡിതൻ പൈത്തഗോറസാണു്. ഈ പ്രപഞ്ചത്തിനടിസ്ഥാനം സംഖ്യകളാണെന്നു വാദിക്കുന്ന സംഖ്യസിദ്ധാന്തമാണു് ഇദ്ദേഹം സ്ഥാപിച്ചതു്. വസ്തുക്കളുടെ രൂപം, പരസ്പരബന്ധം, പരിണാമം, ക്രമം ഒരേ രീതിയിലുള്ള ആവർത്തനം മുതലായവയല്ലാം ആവിഷ്കരിക്കുന്നതു് നമ്മുടെ സംഖ്യാബോധമാണു്. സംഖ്യകളെക്കൂടാതെ ഇവയൊന്നും പ്രകാശിപ്പിക്കുവാൻ സാദ്ധ്യമല്ല. അതുകൊണ്ടു് സർവത്തിന്റെയും അടിസ്ഥാനം സംഖ്യകളാകുന്നു. എന്നു മാത്രമല്ല പ്രപഞ്ചസത്തയും അവയിലാണു്. എല്ലാം സാംഖ്യമായ ഒരു ബന്ധത്തിൽ (Numerical relation) സ്ഥിതിചെയ്യുന്നു. ഒരു സംഗീതോപകരണത്തിലെ ചരടിന്റെ നീളവും സ്വരത്തിന്റെ ഉച്ചനീചത്വവും തമ്മിലുള്ള ബന്ധം നോക്കുക. അതു കുറിക്കുന്നതു സംഖ്യയാണു്. അതുപോലെ ഈ മൂർത്തലോകം മുഴുവൻ സംഖ്യാബദ്ധമത്രേ. ഇങ്ങനെ വസ്തുതത്ത്വം സംഖ്യയാണെങ്കിൽ സംഖ്യകളെ സംബന്ധിച്ചു സത്യമായിട്ടുള്ളതെല്ലാം വസ്തുക്കളെ സംബന്ധിച്ചും ശരിയായിരിക്കണം. സംഖ്യകളുടെ പ്രത്യേകതകളെന്തൊക്കെയാണു്? അവ ഒന്നു്, രണ്ടു്, മൂന്നു്, നാലു് എന്നിങ്ങനെ ഒറ്റയായിട്ടും ഇരട്ടയായിട്ടും തിരിഞ്ഞുപോകുന്നു. ഒറ്റ പരിച്ഛിന്നവും ഇരട്ട അപരിച്ഛിന്നവും അത്രേ. ഈ പരിച്ഛിന്നാപരിച്ഛിന്നങ്ങളുടെ അഥവാ വിരുദ്ധസ്വഭാവങ്ങളായ ഒറ്റ ഇരട്ടകളുടെ ഒരു സംയോജനമാണു പ്രപഞ്ചസത്തയെന്നു പറയുന്നതു്. ഏകം-അനേകം, സ്ഥിതി-ഗതി, വലത്തു്-ഇടത്തു്, ആൺ-പെൺ, നന്മ-തിന്മ ഇങ്ങനെയുള്ള ദ്വന്ദ്വങ്ങളെല്ലാം ഇതിൽനിന്നുണ്ടാകുന്നു. മൂർത്തവസ്തുക്കളെ മാത്രമല്ല, അമൂർത്തവസ്തുക്കളെപ്പോലും പൈത്തഗോറിയൻസിദ്ധാന്തം സംഖ്യകളെക്കൊണ്ടു കുറിക്കുന്നുണ്ടു് സ്നേഹം, നീതി, ആരോഗ്യം മുതലായവയ്ക്കും അടിസ്ഥാനം സംഖ്യകളാണു പോൽ. എട്ടു് എന്ന സംഖ്യ ചേർച്ചയെ കുറിക്കുന്നു എന്ന അടിസ്ഥാനത്തിൽ എട്ടിനെ അനുരാഗത്തിന്റെ സിംബളായി കല്പിച്ചിരിക്കുന്നു. ഈ മാതിരി വാദവൈചിത്ര്യങ്ങൾ പലതും ഇതിലുണ്ടു്. കപില ന്റെ സാംഖ്യ ദർശനത്തിനും ഇതിനും തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്നു ഗവേഷകന്മാർ ആലോചിച്ചുനോക്കേണ്ടതാണു്. പൈത്തഗോറസ് ഇന്ത്യയിൽ സഞ്ചരിച്ചു കപിലസിദ്ധാന്തം പഠിച്ചിരുന്നു എന്നു പറയപ്പെടുന്നു. രണ്ടുപേരും സമകാലീനന്മാരായിരുന്നോ അല്ലെങ്കിൽ മുൻഗാമി ആരായിരുന്നു. ഏതു സിദ്ധാന്തമാണു് ആദ്യം ആവിർഭവിച്ചതു് എന്നും മറ്റുമുള്ള കാര്യങ്ങൾ ഇപ്പോഴും വാദവിഷയങ്ങളായിരിക്കുന്നേയുള്ളു. ഏതായാലും പൈത്തഗോറസ് നാനാദേശങ്ങളിൽ സഞ്ചരിച്ചു വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം നേടുകയും സ്വമതം പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നതു നിസ്തർക്കമാണു്. ഗണിതത്തിൽ മാത്രമല്ല ജ്യോതിശാസ്ത്രം, രാജ്യതന്ത്രം, നീതിശാസ്ത്രം മുതലായവയിലും അദ്ദേഹം അന്നത്തെ ഒരാചാര്യനായിരുന്നു. പൗരത്വപരിശീലനത്തിനായി ഒരു സഹോദരസംഘം (Pythagorian Brotherhood) സ്ഥാപിച്ചു് അതിൽ അംഗങ്ങളെ ചേർത്തു് അദ്ദേഹം പഠിച്ചിരുന്നു. പ്രസ്തുതസംഘം വികസിച്ചു പ്രസിദ്ധമാകുകയും അതിൽനിന്നും ഒരു പൈത്തഗോറിയൻ ശിഷ്യപരമ്പര സംജാതമാകുകയും ചെയ്തു. ജീവിതത്തിനു കഴിയുന്നിടത്തോളം ശുദ്ധിയും ഉല്ക്കർഷവും ഉണ്ടാകണമെന്നതായിരുന്നു. പ്രസ്തുത സംഘത്തിന്റെ പ്രധാന ലക്ഷ്യം. അതിനുവേണ്ടി ധാർമ്മികവും മതപരവുമായ പല നിയമങ്ങളും നിഷ്ഠകളും സംഘാംഗങ്ങൾ സ്വീകരിച്ചിരുന്നു. അവർ ഒരേതരത്തിലുള്ള ഉടുപ്പു ധരിച്ചുകൊള്ളണമെന്നും ഒരുമിച്ചു താമസിച്ചു് ഒരേ അടുക്കളയിൽ (Communal kitchen) നിന്നു ആഹാരം കഴിച്ചുകൊള്ളണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും മിതത്വം പരിപാലിക്കുക. നിയമങ്ങൾ അനുസരിക്കുക, ആത്മപരിശോധന ചെയ്തു സ്വയം കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നീ നിഷ്ഠകളിൽ അവർ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരിന്നു.
എല്ലാം എപ്പോഴും ചലനാവസ്ഥയിൽ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. പരിണാമമാണു് പ്രകൃതിസ്വഭാവം എന്നുള്ള ശാസ്ത്രസത്യത്തിലേക്കു് ആദ്യമായി വഴികാണിച്ച സൂക്ഷ്മദൃക്കായ പണ്ഡിതൻ ഹെറാക്ലീറ്റസാ കുന്നു. അദ്ദേഹത്തിന്റെ തത്ത്വചിന്ത ഈയൊരു സത്യത്തെ ലക്ഷീകരിച്ചുകൊണ്ടാണു് സിദ്ധാന്തരൂപത്തിലെത്തിയതു്. ഒന്നിനും ഒരിടത്തും സ്ഥിരമായ സ്ഥിതിയില്ല; ശാശ്വതത്വം മനസ്സിന്റെ ഒരു ഭ്രമം മാത്രമാണു് എന്നു് അദ്ദേഹം കണ്ടു. പ്രകൃതിയുടെ മൂലതത്ത്വമായി ഹെറാക്ലീറ്റസ് ഈ അനവരത ചലനസ്വഭാവത്തെ ചൂണ്ടിക്കാണിച്ചു. അഗ്നിജ്വലനത്തിൽ ഒരവിശ്രമ ചലനം നാം കാണുന്നില്ലേ? അതുപോലെയാണു് വാസ്തവത്തിൽ എല്ലാ വസ്തുക്കളും സൂക്ഷ്മരൂപത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നു് അദ്ദേഹം വിശ്വസിച്ചു. പ്രസ്തുത ആശയത്തിനു ഒരു മൂർത്തരൂപം കൊടുക്കുവാൻവേണ്ടി അഗ്നിയെയാണു് അദ്ദേഹം ഉദാഹരണമാക്കിയതു്. അങ്ങനെ എല്ലാ വസ്തുക്കളിലും അന്തർഭവിച്ചിരിക്കുന്നതു് ഒരു അഗ്നിതത്ത്വം (Fire Principle) ആണെന്ന സിദ്ധാന്തം സ്ഥാപിതമായി. ഈ വഴിക്കു് അഗ്നി ജലമായും ജലം പൃഥ്വിയായും പരിണമിക്കുകയും വീണ്ടും ഓരോന്നും പൂർവ്വരൂപത്തിലെത്തുകയും ചെയ്യുന്നു എന്നും മറ്റുമുള്ള വിചിത്ര വിചാരഗതിയിൽ ഈ ചിന്തകൻ ചുറ്റിക്കറങ്ങുന്നുണ്ടു്. എന്നാൽ ഇതിനൊന്നിനും ശരിയായ ഉപപത്തി കാണിക്കുവാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. സൃഷ്ടി സംഹാരത്തിനും സംഹാരം സൃഷ്ടിക്കും മാർഗ്ഗം തുറക്കുന്നു. ഭാവപ്രതിഭാവങ്ങളുടെ അല്ലെങ്കിൽ വിരുദ്ധധർമ്മങ്ങളുടെ സമ്മേളനവും സംഘട്ടനവും ഏകത്ര കാണാം. ഓരോന്നിലും നടക്കുന്ന ഈ സംഘട്ടനത്തിന്റെ ഫലമായിട്ടാണു് മാറ്റം ഉണ്ടാകുന്നതു്. പ്രപഞ്ചത്തെ ഭരിക്കുന്നതു മത്സരശക്തിയാണു് (Strife). സകലത്തിന്റെയും ജീവൻ അതുതന്നെ. എതിർപ്പു് എന്നൊന്നില്ലെങ്കിൽ ഈ ലോകം നശിച്ചുപോകും. നന്മ-തിന്മ, ജനനം-മരണം, ജാഗരണം-സുഷുപ്തി, യൗവനം-വാർദ്ധക്യം മുതലായ ദ്വന്ദ്വങ്ങളെല്ലാം സൂക്ഷ്മത്തിൽ ഒന്നുതന്നെ. എന്തെന്നാൽ പൂർവ്വങ്ങളുടെ പരിണാമങ്ങളാണു് അപരങ്ങൾ. അതുപോലെ ഭാവങ്ങൾ ഒരുമിച്ചിരിക്കുന്നു. അതായതു് ഒരു വസ്തു ഒരു വിധമാണെന്നു വ്യവഹരിക്കുന്ന സമയത്തുതന്നെ അതു് അപ്രകാരം അല്ലാതെയും ആകുന്നു. ഈ മാതിരി ഗഹനങ്ങളായ തത്ത്വവിചാരങ്ങളും ഹെറാക്ലിറ്റസിന്റെ സിദ്ധാന്തത്തിൽ വ്യാകീർണങ്ങളായിട്ടുണ്ടു്. പത്തൊമ്പതാം നൂറ്റാണ്ടിൽ കാറൽ മാർക്സ് യുക്തിപൂർവ്വം ശാസ്ത്രീയമായി സ്ഥാപിച്ച ഭുവനപ്രഥിതമായ ‘വൈരുദ്ധ്യവാദ’ത്തിന്റെ (Dialectics) ഒരവ്യക്തരൂപമാണു് ഇവിടെ കാണുന്നതു്. യുക്ത്യനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്നു ശരിയെന്നു സമ്മതിക്കപ്പെട്ടിരിക്കുന്ന ഈ പ്രകൃതി തത്ത്വത്തിന്റെ കിരണാങ്കുരങ്ങൾ ഇരുപതു നൂറ്റാണ്ടിനു മുമ്പുതന്ന കണ്ടുപിടിച്ച ഈ ചിന്തകൻ എന്നെന്നും സ്മരണീയനല്ലേ? അതു മാത്രമോ? ഡാർവിൻ സ്ഥാപിച്ച പരിണാമവാദത്തിന്റെ ആദിരൂപവും പ്രസ്തുതസിദ്ധാന്തത്തിൽ പ്രതിഫലിച്ചിരിക്കുന്നതു നോക്കുക!
ലോകത്തിൽ ആദ്യമായി അണുസിദ്ധാന്തം അവതരിപ്പിച്ച തത്ത്വചിന്തകനാണു് ഡെമോക്രീറ്റസ്. ലൂസിപ്പസ് എന്നൊരു ചിന്തകൻകൂടെ ഈ നിലയിൽ ഗണനീയനായിട്ടുണ്ടെങ്കിലും അദ്ദേഹത്തെപ്പറ്റി അധികമൊന്നും ചരിത്രകാരന്മാർക്കറിഞ്ഞുകൂടാ. ഇന്നത്തെ പദാർത്ഥവിജ്ഞാനീയത്തിൽ അണുസിദ്ധാന്തം എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ടെന്നു് ‘ആറ്റംബോബ്’ തെളിയിക്കുന്നുണ്ടല്ലോ. ആധുനികശാസ്ത്രമണ്ഡലത്തിൽ സർവപ്രാമാണ്യം നേടിയിരിക്കുന്ന ഈ അണുവിന്റെ രഹസ്യം വിജ്ഞാനത്തിന്റെ ആ ശൈശവദശയിൽ അത്രത്തോളമെങ്കിലും കണ്ടുപിടിച്ച പണ്ഡിതന്റെ ദീർഘദർശത്വം വിസ്മയാവഹമല്ലേ? ഈ നിലയിലാണു് ഡെമൊക്രീറ്റസ് ശാസ്ത്രലോകത്തിൽ ആദ്യാപി സ്മർത്തവ്യനായിരിക്കുന്നതു്. പ്രപഞ്ചം സ്ഥൂലദൃഷ്ടിക്കു് അദൃശ്യങ്ങളായ അണുക്കളെക്കൊണ്ടു സംഘടിതമാണെന്നും അവയെല്ലാം സദാപി ദ്രുതചലനത്തിലേർപ്പെട്ടിരിക്കയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഏതൻസ് നഗരത്തിലെ പണ്ഡിതന്മാരിൽ അധികം പേർക്കും ഇതു സ്വീകാര്യമായിത്തോന്നിയില്ല. സോക്രട്ടിസും പ്ലേറ്റോവും ഇതിനെ എതിർക്കുകയാണു ചെയ്തതു്. ഡെമോക്രീറ്റസിന്റെ ഗ്രന്ഥങ്ങൾ ചുട്ടുകളയണമെന്നുകൂടി പ്ലേറ്റോ പറകയുണ്ടായി. പണ്ഡിതന്മാർപോലും ഇരുട്ടിൽ തപ്പിത്തടഞ്ഞു വഴിതെറ്റിപ്പോകുന്നതിനു ഇതൊരുദാഹരണമത്രെ. അരിസ്റ്റോട്ടൽ ഡെമോക്രീറ്റസിനെ ബഹുമാനിച്ചിരുന്നുവെങ്കിലും അണുകവാദം അബദ്ധമാണെന്നു തന്നെ അദ്ദേഹം തീരുമാനിച്ചു. പിന്നീടു് എപ്പിക്യുറസ് തുടങ്ങിയ ഭൗതികവാദികൾ അണുസിദ്ധാന്തം ഉദ്ധരിക്കുവാൻ ശ്രമിച്ചെങ്കിലും അതത്ര ഫലപ്പെട്ടില്ല. ഇങ്ങനെ വിഗണിക്കപ്പെട്ടു് അനർഘമായ ഈ വിജ്ഞാനപേടകം ആയിരത്തഞ്ഞൂറു വർഷങ്ങളോളം ആർക്കും വേണ്ടാതെ വിസ്മൃത കോടിയിൽ കിടന്നു! പതിനാറാം നൂറ്റാണ്ടിൽ മാത്രമേ വീണ്ടും അതു തുറന്നു നോക്കുവാൻ ശാസ്ത്രജ്ഞന്മാർ മുതിർന്നുള്ളു. മനുഷ്യന്റെ വിജ്ഞാനപുരോഗമനം എത്രമാത്രം മന്ദഗതിയിലാണെന്നും അതെങ്ങനെയെല്ലാം തടയപ്പെട്ടുപോകുന്നെന്നും ഇതിൽ നിന്നു മനസ്സിലാക്കാം. സ്വതന്ത്രചിന്തകനായ ഒരു ഭൗതിക വാദിയെന്ന നിലയിലും ഡെമോക്രീറ്റസിനു് ഉന്നതമായ ഒരു സ്ഥാനമുണ്ടു്. സോക്രട്ടിസി ന്റെ സമകാലികനായിരുന്നെങ്കിലും മറ്റു പണ്ഡിതന്മാരെപ്പോലെ തന്റെ മനസ്സു് തന്മതാനുബദ്ധമാകാൻ അദ്ദേഹം അനുവദിച്ചില്ല. സ്വതന്ത്രനായി ചിന്തിച്ചു് എല്ലാ വിഷയങ്ങളിലും സ്വമതം സ്ഥാപിക്കുവാൻ അദ്ദേഹത്തിനു ധൈര്യമുണ്ടായി. ഡെമോക്രീറ്റസിന്റെ ജീവിതചിന്തയെ ആസ്പദമാക്കിയാണു് അനന്തരഗാമിയായ എപ്പിക്യുറസ് തന്റെ സുപ്രസിദ്ധമായ ഭൗതികവാദം കെട്ടിപ്പടുത്തതു്. സന്തുഷ്ടിയാണു് പരമമായ നന്മ (Delight or good cheer is the ultimate good) എന്നു് ഡെമോക്രീറ്റസ് വാദിച്ചു. അഭിലാഷങ്ങളെ നിയന്ത്രിക്കുക, മനസ്സിനെ കഴിയുന്നടത്തോളം ശാന്താവസ്ഥയിൽ വച്ചുകൊണ്ടിരിക്കുക ഇത്യാദ്യുപായങ്ങൾകൊണ്ടു് ജീവിതസന്തോഷം സമ്പാദിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം സന്തുഷ്ടിക്കുവേണ്ടി വിഷയസുഖങ്ങളുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കണമെന്നു് ഡെമോക്രീറ്റസ് ഒരിക്കലും ഉപദേശിച്ചിട്ടില്ല. എന്നു മാത്രമല്ല ശാരീരികമായ സുഖത്തേക്കാൾ മനസ്സുഖത്തിനാണു് അദ്ദേഹം പ്രാധാന്യം കല്പിച്ചതു്. യുക്തി വിചാരം കൊണ്ടു് യഥാർത്ഥമായ പ്രപഞ്ചബോധം ഉണ്ടാകണമെന്നും അങ്ങനെ ജ്ഞാനപ്രകാശത്തിൽ മനസ്സു തെളിഞ്ഞാൽ അതുകൊണ്ടു തന്നെ മരണഭീതി തുടങ്ങിയ ജീവിത ബാധകളിൽനിന്നും മോചനം നേടാമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഇങ്ങനെ സയൻസിലും തത്ത്വജ്ഞാനത്തിലും അദൃഷ്ടപൂർവങ്ങളായ വിചാരപദ്ധതികൾ അവതരിപ്പിച്ച ഈ ചിന്തകനെപ്പറ്റി പ്രത്യേകം പഠിച്ചെഴുതിയുണ്ടാക്കിയ പ്രബന്ധമാണു് കാറൽ മാർക്സ് തന്റെ ‘ഡാക്ടറേറ്റ്’ ബിരുദം നേടാനായി സമർപ്പിച്ചിരുന്നതെന്നുകൂടി ഈ അവസരത്തിൽ പ്രസ്താവിച്ചുകൊള്ളട്ടെ.
വിമർശരശ്മി 1945
ജനനം: 1-8-1900
പിതാവു്: ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി
മാതാവു്: കുറുങ്ങാട്ടു് ദേവകി അമ്മ
വിദ്യാഭ്യാസം: വിദ്വാൻ പരീക്ഷ, എം. എ.
ആലുവാ അദ്വൈതാശ്രമം ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് അദ്ധ്യാപകൻ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് 1968–71, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടു് ഭരണസമിതിയംഗം, കേരള സർവ്വകലാശാലയുടെ സെനറ്റംഗം, ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, പാഠ്യ പുസ്തക കമ്മിറ്റി കൺവീനർ (1958), ബാല സാഹിത്യ ശില്പശാല ഡയറക്ടർ (1958), ‘ദാസ് ക്യാപിറ്റൽ’ മലയാളപരിഭാഷയുടെ ചീഫ് എഡിറ്റർ, കേരള സാഹിത്യ സമിതി പ്രസിഡന്റ്.
സാഹിതീയം, വിചാരവിപ്ലവം, വിമർശ രശ്മി, നിരീക്ഷണം, ഗ്രന്ഥാവലോകനം, ചിന്താതരംഗം, മാനസോല്ലാസം, മനന മണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, സ്മരണമഞ്ജരി, കുറ്റിപ്പുഴയുടെ തിരഞ്ഞെടുത്ത ഉപന്യാസങ്ങൾ, വിമർശ ദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—തത്വചിന്ത, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ—സാഹിത്യവിമർശം, കുറ്റിപ്പുഴയുടെ പ്രബന്ധങ്ങൾ— നിരീക്ഷണം.
ചരമം: 11-2-1971